ഞായറാഴ്‌ച, നവംബർ 17, 2013

നുരകള്‍...


 
ഏതോ ഒരാശുപത്രിയിലെ
ഏതോ ഒരു മുറി.....


ബെറ്റാഡൈനില്‍ കുതിര്‍ന്ന
ആശുപത്രി മണമായിരുന്നില്ലത്..

ഡ്രസ്സ് ചെയ്യുന്ന മുഖത്ത്
എന്തിനെന്നറിയാതെ ഊറിവന്ന
ചിരിയെ നോക്കിയാവണം
പറന്നിരുന്നേക്കാവുന്ന
ഒരു ഈച്ചയെ ആട്ടുമ്പോലെ
അമ്മ നിലത്തു തുപ്പി

ഹറാംസാദ...

മുറി വൃത്തിയായിരിക്കേണ്ടത്
അത്യാവശ്യമെന്ന് പറഞ്ഞ്
ഡോക്ടര്‍ തന്‍റെ തലയ്ക്കു
പാകത്തിലൊരു വെളിച്ചം
വട്ടത്തില്‍ മുറിച്ചെടുക്കാന്‍
പണിപ്പെട്ടുകൊണ്ടിരുന്നു..

അച്ഛന്‍റെ പരുപരുത്ത കൈകള്‍
അടരാനാകാത്തവിധം
തമ്മില്‍ത്തമ്മില്‍ ഞെരിഞ്ഞമര്‍ന്നു.

അനിയത്തിക്കുട്ടി
കാഴ്ചക്കാര്‍ കൊണ്ടുവന്ന
പാവകളിലൊന്നിനെ അസൂയയോടെ
പിടിച്ച് ഞെക്കിക്കൊണ്ടിരുന്നു.

എക്സ്ക്ളൂസീവ് ഫോട്ടോകള്‍ക്കായി
ഏതോ ചാനല്‍ ക്യാമറക്കണ്ണു
മുഴുവനായും മിഴിച്ചു.

ജരാസന്ധന്‍റെ പുനരവതാരമായി
ബെഡില്‍ കിടന്ന്‍
ആ നാലുവയസ്സുകാരി മാത്രം
ഇതൊന്നുമറിയാതെ
കടിച്ചു പറിക്കപ്പെട്ട
മുലക്കണ്ണുകളാല്‍
പാവക്കുഞ്ഞിന് ഇനി
പാല്‍ കൊടുക്കുന്നതെങ്ങിനെയെന്ന്
വെറുതെ വെറുതെ
വേവലാതിപ്പെട്ടുകൊണ്ടിരുന്നു.******* 
വിത്തുകാക്കേണ്ട കൈകളാല്‍
വിലപേശപ്പെടുമ്പോള്‍
നിറങ്ങള്‍ കൂട്ടം കൂട്ടമായി ആത്മഹത്യ ചെയ്യും.
ഞരമ്പുകളറ്റ് ഒലിച്ചിറങ്ങിയ
ചോരയിലൂടെ നടന്നുപോയവര്‍
'ശവങ്ങളില്‍'
വിലകൊടുത്തു വാങ്ങിയ നിറം പൂശി
വിലപേശിക്കോണ്ടേയിരിക്കും.
തേച്ചുപിടിപ്പിച്ച വിലകുറഞ്ഞ നിറങ്ങള്‍
ഉതിര്‍ന്നു വീണുകൊണ്ടിരിക്കുമ്പോള്‍
തീരെ രക്തം വാര്‍ന്നെന്ന് തോന്നിയ ഒന്നിനെ
അവര്‍ 'രക്തസാക്ഷി' എന്ന് വിളിക്കും.
ആ രക്തത്തില്‍ കുതിര്‍ന്നുണര്‍ന്ന്
സ്വയം മരിച്ചെന്നു കരുതിയ
'നിറങ്ങള്‍'
വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും


ശനിയാഴ്‌ച, നവംബർ 02, 2013

നാലാള്ക്ക്‍......

'മഴക്കാലം പോലെയാണത്...'
അമ്മ പറയും
“ആ ഇറയത്ത്ന്ന്ത്തിരി നീക്കിടണേ
കരിമ്പനടിക്കും
പിന്നെ തേച്ചൊരച്ചാലും പോകില്ല.
നാലാളെ കാട്ടാന്‍ കൊള്ളില്ല.”


'മഴക്കാലം പോലെയാണത്... '
മഴപിടിക്കും തോറും
ചുമരെല്ലാം പച്ചച്ച് പച്ചച്ച്
ഒച്ച് കയറിക്കോണ്ടേയിരിക്കും
അമ്മ പറയും
“ദിവസോം തേച്ചൊരച്ചാലും
പിറ്റെന്നയ്ക്ക് പിന്നിംണ്ടാവും അതേപോലെ “
നാലാള് കണ്ടാന്താ കര്ത്വാ....”


'മഴക്കാലം പോലെയാണത്...'
വെയിലു പായവിരിക്കാത്ത
വഴിയെല്ലാം നനഞ്ഞു നനഞ്ഞ്
അമ്മ പറയും
“എപ്പഴാ വഴുക്ക്വാന്നറിയില്ല
ആരാ വീഴ്ണേന്നറിയില്ല
തേച്ചൊരച്ചു കഴുകണേ...
നാലാള് നടക്ക്ണ വഴ്യാ.....”


'മഴക്കാലം പോലെയാണത്...'
നോക്കിനില്‍ക്കുമ്പോഴാണ്
ആകെ പൊന്തകെട്ടി
പടര്‍ന്ന് പന്തലിച്ച്
അമ്മപറയും
“പാമ്പൊളിച്ചിരിക്ക്ണ് ണ്ടാവുംട്ടോ
ഇന്നന്നെ എല്ലാം വെട്ടി വെളുപ്പിക്കണം.
നാലാള്ക്ക് കണ്ടാ പേട്യാവ്വേയ്”


'മഴക്കാലം പോലെയാണത്...'
ഇടക്ക് ചാറി, ഇടക്ക് പെയ്ത്
കെട്ടുകാഴ്ചയായി ചിലപ്പോ ഇടിയും മിന്നലും ...
ഒച്ചും വഴുക്കലും പൊന്തയും ഉണങ്ങിപ്പൊടിഞ്ഞാലും
കരിമ്പനുണ്ടാവും കറുത്ത് കറുത്ത്
എത്ര തേച്ചൊരച്ച് കഴുക്യാലും പോകാതെ...
അമ്മ പറയും.....
“ഇന്യതാ തെക്കേത്തൊടീല്‍ക്കങ്ങട്ട് വലിച്ചെറിയ്യാ
അല്ലാണ്ടെപ്പൊന്താ ചിയ്യാ.....
ഉടുത്തോണ്ട് നടക്കാന്‍ പറ്റ്വോ
നാലാള് കണ്ടാ നാണക്കേടാണെ ...”

വ്യാഴാഴ്‌ച, ഒക്‌ടോബർ 31, 2013

ഒന്നുമില്ലാ ഒന്നിന്നുമല്ലെന്ന് ......ഇലകളെല്ലാം അവധൂതരെപ്പോലെ

വേരു തേടിയിറങ്ങിയൊരുനേരം

ഒഴുകിനീങ്ങുന്ന ചിത്രപത്രങ്ങളെ

കൊതിയൊടൊരു ചില്ല ചേര്‍ത്തു പിടിച്ചതും

പറയുവാന്‍ബാക്കി വെച്ചതൊന്നാവണം

മരവിരല്‍ത്തുമ്പ് ചിക്കിച്ചികഞ്ഞതും

ഇലകളില്ലാമരത്തിനെ കൈവിട്ട്

കാറ്റുമൂളി തുഴഞ്ഞുനീങ്ങുന്നതും

ഇടയിലൂടെ തെളിയുമാകാശത്തെ

വെറുതെ നോക്കി കൊതിക്കുന്ന ഭൂമിയും

ചുമരതില്ലാതെ ചിത്രം വരയ്ക്കുവാന്‍

നിഴലു നീണ്ടുംനിവര്‍ന്നും കിടന്നതും

മഞ്ഞു ചാറിയോ മഴപെയ്തതോയെന്ന്

പുല്ലിളംനാമ്പു നീട്ടി നുണഞ്ഞതും

എന്തിതെന്നോ എന്തിനാണെന്നോ

പൊന്‍വെയില്‍ത്തിരി താഴ്ത്തുന്നു സൂര്യന്


ഒന്നുമില്ലാ ഒന്നിന്നുമല്ലെന്ന്

കണ്ണിറുക്കി ചിരിക്കുന്നു കാലം...

വ്യാഴാഴ്‌ച, ഒക്‌ടോബർ 24, 2013

അങ്ങിനെത്തന്നെയാണ് വേണ്ടത്...


അങ്ങിനെയൊക്കെത്തന്നെ വളര്‍ത്തണം
നമ്മളവളെ...
അക്ഷരങ്ങളില്‍നിന്നകറ്റി
അശ്ലീലങ്ങള്‍ ഡെലീറ്റ് ചെയ്ത്
ആശകള്‍ സെന്‍സര്‍ ചെയ്ത്
ആകാശം കത്രിച്ച്
മനസ്സില്‍ മതില് പടുത്ത്
ചുറ്റും കോട്ടകള്‍ തീര്‍ത്ത്
ലോകത്തെയവരില്‍ നിന്നും
മറച്ചുപിടിക്കണം.


സ്ത്രീ അമ്മയാണ്, ദേവിയാണ്
ദുര്‍ഗ്ഗയാണ് , ലക്ഷ്മിയാണ്
വീടിന്‍റെ വിളക്കാണ് .
ഭാവശുദ്ധിയെ
കാത്തുവെയ്ക്കേണ്ടവളാണ്
കണ്‍കള്‍താഴ്ത്തി
കാല്‍ വിരലുകളെണ്ണി
മുലകളൊളിപ്പിച്ച്
മടമ്പു മണ്ണിലമരാതെ
നടക്കേണ്ടവളാണ്.
കണ്ടാലും കൊണ്ടാലും മിണ്ടരുത്.


പറയാനും കേള്‍ക്കാനും
തൊടാനും തൊടപ്പെടാനും പാടില്ലാത്ത
ഇച്ചീച്ചികളുടെ പാപഭാരം പേറണം
ശരീരത്തിന്റെ ഓരോ മുക്കും മൂലയും.

വീടിനുള്ളില്‍പോലുമിരുളില്‍
ആരുടെയൊക്കെയോ
വല്ലാതെ വളര്‍ന്ന വിരലുകളെന്ന്
പനിച്ചുതുള്ളുമ്പോള്‍ അവളെ
വഴക്കു പറയണം
ആരൊക്കെയോ ചീത്തയാണെന്ന് പറഞ്ഞതിന്
തല്ലി വായ മൂടണം.

അവസാനം
എന്നെങ്കിലും നേരറിവിന്‍റെ
വരമ്പത്തുകൂടി നടന്ന്‍
സ്കീസോഫ്രേനിയയുടെ
നൂല്‍പ്പാലത്തില്‍ കയറിയവള്‍
നൃത്തം വെക്കുമ്പോള്‍
നാണക്കേടെന്ന് മുറിയിലടച്ചിടണം.
ജീവിതം മടുത്തെന്ന്
ഉറങ്ങിക്കിടക്കുമ്പോള്‍
തന്‍റേടമില്ലാത്തവളെന്ന് മുദ്രകുത്തണം.

അപ്പോഴും തിരിച്ചറിയരുത്
സത്യം മറച്ചുവെക്കേണ്ടയൊന്നല്ലെന്ന്.
ലോകം തുറന്നു കാട്ടേണ്ടതാണെന്ന്.
ശ്ലീലമല്ല
അശ്ലീലമാണ് പൊളിച്ചുകാട്ടേണ്ടതെന്ന്

ശനിയാഴ്‌ച, ഒക്‌ടോബർ 12, 2013

ഇപ്പോഴുണ്ടായിട്ടും നമ്മുടേതല്ലാത്ത വീടിന്.......

നീ പറഞ്ഞപ്പോഴാണ്  ഞാനോര്‍ത്തത് 
സ്വപ്നങ്ങളില്‍ വന്ന് ഇടക്കിടക്ക്
നിങ്ങളുടേതെന്ന് വിതുമ്പുന്ന
നീയെന്നെ മറന്നല്ലോയെന്ന്
ഇടക്കിടെ പായ്യാരം പറയുന്ന
ഇത്രയും കാലമായിട്ടും
ഒന്നു വന്നു കണ്ടില്ലല്ലോയെന്ന്
മൂക്ക് ചീറ്റുന്ന വീടിനു
ഒന്നു ഇവിടം വരെ വന്നാലെന്തായെന്ന്
ഒരു എസ് എം എസ് അയച്ചാലോ എന്ന്‍...............
 
സ്കൂളിലേക്കു പോകുന്ന തിരക്കില്‍
എത്രവിളിച്ചിട്ടും
മുന്നില്‍ വരാതെ വൈകിപ്പിച്ച
ഒരു കഷ്ണം പച്ചറിബ്ബണ്‍
ഒരു കുഞ്ഞു സ്ലേറ്റുപെന്‍സില്‍
ഒരു മുടിപ്പിന്‍, ഒരു ചോക്കുപൊട്ട്,
ഒരു കളര്‍ പെന്‍സില്‍

വലുതാവാന്‍ കൊതിച്ച്
വഴിയിലുപേക്ഷിച്ചു നടന്ന
എന്‍റെ കുട്ടിക്കാലം

അമ്മയുടെ താരാട്ട്
അച്ഛന്‍റെ മൂളലില്‍ നിന്നും
കേട്ടുപഠിച്ച  രണ്ടു വരി കവിത
ചേച്ചിയുടെ ഉമ്മയില്‍ നിന്നും
കട്ടെടുത്തുവെച്ച ഒരു നുള്ള് മധുരം
തല്ലുകൂടിയൊന്നിച്ചപ്പോള്‍
ചിതറിത്തെറിച്ച ഒരു തരി സ്നേഹം

ഞങ്ങളുടെ പ്രണയത്തിന്‍റെ പൊട്ടും പൊടിയും
അമ്മുവിന്‍റെ ആദ്യത്തെ കാലടിപ്പാടുകള്‍
അങ്ങിനെ കയ്യില്‍ കിട്ടിയതെല്ലാം
പെറുക്കിയെടുത്ത് ഓടിവരുമായിരിക്കും.

ഓരോന്നോരോന്നായി
മുന്നിലേക്കുവെച്ച് കൊണ്ടെന്‍റെ
മുഖത്തു വിരിയുന്ന സന്തോഷം 
നോക്കിയിരിക്കുമായിരിക്കും.
മോനെവിടെയെന്ന് മുല ചുരത്തുമായിരിക്കും.

തന്‍റെ കൂടെവരാനായി
ആഴങ്ങളിലെ വെള്ളത്തെയൊരുക്കിയൊരുക്കി
സുല്ലിട്ട കിണറിനെയോര്‍ത്ത്
വല്ലോറമലക്ക് കീഴെ സൂര്യനും ചന്ദ്രനും
ആകാശവും ഭൂമിയും കാറ്റും മഴയും മരങ്ങളും
നിന്നെ മിസ്സ് ചെയ്യുന്നുണ്ടെടായെന്ന് പറഞ്ഞ്
ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുമായിരിക്കും.

ഓരോ പടിയിറക്കത്തിലും
ഓരോ ചുവടുനീക്കത്തിലും
ഞാന്‍ ബാക്കി വെച്ചതെല്ലാം
തിരിച്ചുവാങ്ങാന്‍ ഇനിയും
തേടിയെത്തിയില്ലല്ലൊയെന്ന്
കണ്ണു ചുവപ്പിക്കുമായിരിക്കും.........
ഇനി തിരിച്ചു പോകണ്ടാട്ടോയെന്ന്
പറയുന്നതും കാത്തു
കൊതിച്ചിരിക്കുമായിരിക്കും.

പറഞ്ഞു പറഞ്ഞു വരുമ്പോള്‍
കൊതിയാകുന്നുണ്ട് ഒന്നു കാണാന്‍
ഇനി സ്വപ്നത്തില്‍ വരുമ്പോള്‍
നമ്പര്‍ ചോദിക്കണം.

ഞായറാഴ്‌ച, ഒക്‌ടോബർ 06, 2013

ഊടിരമ്പം......
വഴിക്കപ്പോള്‍
അങ്ങിനെകിടന്നാലോചിക്കാനാണ് തോന്നിയത്.
അടിയിലടിയിലടിയിലെവിടേയ്ക്കൊ
നൂണ്ടിറങ്ങി
പിറന്നപാട് നൂല്‍ബന്ധമില്ലാതെ
മലര്‍ന്ന്  കിടന്ന്‍
തോന്നുംപോലൊക്കെ
തിരിഞ്ഞും മറിഞ്ഞും
മറിഞ്ഞും തിരിഞ്ഞും
നീണ്ടു മെലിഞ്ഞും
ചിലപ്പോള്‍ മെലിഞ്ഞു നീണ്ടും
ഒടിമറയുന്ന മൃഗിമകളെ
മെരുക്കിയൊളിപ്പിച്ച്...
മൃഗപദച്ചിത്രങ്ങളുള്ള മണ്ണ് വിരിച്ച്...
കരിയിലപ്പുതപ്പ് പുതച്ച്
കാടിനൊപ്പംതാണ്ഡവമാടി    
മഴവെള്ളത്തിനൊപ്പം
തുടുത്ത് കുത്തിയൊലിച്ച്
അരികുകളിലെ
പൊത്തുകളിലും 
പൊന്തകളിലുമുള്ളവരോട്
കുശലം പറഞ്ഞു  
വിരളമായി കടന്നുപോകുന്ന
മനുഷ്യന്റെ വിയര്‍പ്പേറ്റുവാങ്ങി....
നിലാവില്‍ കുളിച്ചുതോര്‍ത്തി  
ഇരവിനോടിണചേര്‍ന്ന്  
അങ്ങിനെ അങ്ങിനെ...          

ഒറ്റയടി ഒറ്റവരിയായത് 
ഒറ്റവരി ഇരട്ടവരിയായത്
ഇരട്ടവരി എട്ടുവരിയായത്...
കാടുകള് നേര്‍ത്ത്  
പാതകള്‍ തൂര്‍ത്ത്
നഗരം കൈ കോര്‍ത്തത്  
കോണ്‍ഗ്രീറ്റ് കാടുകളായി വളര്‍ന്നത്!

പൊള്ളുന്ന വെയിലില്‍  
നീണ്ട്പരന്ന്‍
കറുത്തുരുകി
അതിവേഗ രഥ്യങ്ങളോട്
വെളിപ്പെട്ടു മടുക്കുമ്പോള്‍
വഴിക്കങ്ങിനെകിടന്നാലോചിക്കാനാണ് തോന്നിയത്   അടിയിലടിയിലടിയിലെവിടേയ്ക്കൊ നൂണ്ടിറങ്ങി
പകലുമിരുള്‍ പുതച്ചുറങ്ങുന്ന
വിജനതയുടെ
പടികടന്നകടന്നുവിരളമായെത്തുന്ന
പദവിന്യാസം കാതോര്‍ത്ത്
വെറുതെ കിടക്കാന്‍
വെറുതെയൊന്നു കൊതിച്ചതിന്ന്
കുറ്റം പറയാന്‍ പറ്റില്ല....  

ഇതുപോലേതോ
ഒരു കൊതിയുടെ പേരിലാണല്ലോ
ഒരുകാലില്‍ നിന്നുംമറ്റേ കാലിലേക്ക്
ജീവിതത്തെ തട്ടിയും
കയറ്റിവെച്ചും
നമ്മളും കാത്തിരിക്കുന്നത്......... 

വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2013

ആരോ ഒരാള്‍! (ചില നേരങ്ങളില്‍ ചിലത്)പകലുപോലെപരിചിതമെങ്കിലും
പതിവുതെറ്റാത്ത ശീലമൊന്നാകണം
വരവുവെക്കണം വരവുകളെന്നാവാം
വഴിതടയുമ്പോള്‍ വാതിലില്‍ കാവലാള്‍
അപരിചിതനൊരാള്‍ പുറകിലുണ്ടാമെന്ന്
വെറുതെമെല്ലെ തിരിഞ്ഞു നോക്കുന്നു ഞാന്‍
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

പണിമുടക്കാണ് ലിഫ്റ്റവന്‍ ചൊന്നതും
പടികള്‍ കയറിത്തുടങ്ങവേയുള്ളിലായ്
പതിയെബന്ധിച്ച ധൈര്യം മടിച്ചതോ
കുതറിമാറാന്‍ വെറുതെ ശ്രമിച്ചതോ
പകുതിയില്‍ വേച്ചുപോയോരുടല്‍താങ്ങി-
യൊരുകരതലം, ആരാണിതെന്നു ഞാന്‍
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

കൂട്ടിരിപ്പിന്‍റെ ക്ഷീണമൊരു ഭാണ്ഡമായ്
തലയിലേറ്റി നടക്കയാലാവണം
പടികള്‍ കയറി മുകളിലെത്തെയുടല്‍
അരിയതാളുപോല്‍ വാടിത്തളര്‍ന്നുതും
പൂണ്ടടക്കംപിടിച്ചൊരാ കൈകളാല്‍
ചാരുബെഞ്ചിലിരുത്തിയതാരെന്ന്…….
മുടിയിലൂടെ തഴുകിയൊതുകിയെന്‍
കവളിലൂടെ ഒഴുകിയിറങ്ങിയ
തണുതണുത്തൊരു കാറ്റിന്‍ കരങ്ങളോ
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

ഒരു കരച്ചിലിന്‍ കൂട്ടിലേക്കെന്നപോല്‍
വെള്ളരിപ്രാക്കള്‍ ചേക്കേറുമാ വാതില്‍
മുന്നിലാരെയോ തട്ടിയോ, വീഴവേ
വീഴൊലെന്ന് ചുമര്‍ചാരിനിര്‍ത്തിയോ
കണ്‍തുറന്നുഞാന്‍ മാപ്പെന്നു ചൊല്ലവേ
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

പാതിമാത്രം തുറന്ന വാതില്‍പ്പുറെ
മൂടിടുന്നു തൂവസ്ത്രത്തിനാല്‍ മു‍ഖം.
തൊട്ടുമുറിയില്‍ അച്ഛന്‍റെ കാല്‍ക്കലായ്
വിറയുമുളളം കിതപ്പാറ്റിടുമ്പോഴും
തീക്ഷ്ണമാമൊരു ശീതമുറയുന്നുവോ
ആ വിരല്‍ത്തുമ്പ് തൊട്ടിടത്തൊക്കെയും!

ആരതെന്നുഞാനോര്‍ക്കുന്നു പിന്നെയും
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 06, 2013

മണ്ടിപ്പെണ്ണേ....

.
പൂക്കളുടെ ചിത്രം മാറ്റി മാറ്റി 
പൂക്കാലം വരുമെന്ന് 
പകല്‍ക്കിനാവുകണ്ടവള്‍

മുഖം മൂടികളണിഞ്ഞ്
ചിരിയെന്ന് സങ്കടങ്ങളെ 
വരച്ചെടുക്കാന്‍ ശ്രമിച്ചവള്‍

ഞാനെഴുതിയത്
നീ വായിച്ചത് 
ഇടയിലാരോ വ്യാഖ്യാനിച്ചത് 

വെറുമൊരു 
മണ്ടന്‍ ഡയറിയെഴുത്തിനെ 
ഹൈക്കുവെന്ന് തെറ്റിദ്ധരിച്ചതും.......

ഞാനെന്ന നിമിഷത്തില്‍ നിന്നും 
കിഴിച്ചുകൊണ്ടിരിക്കുന്ന 
ആദ്യത്തെ അംശലേശം.....

ബുധനാഴ്‌ച, സെപ്റ്റംബർ 04, 2013

നമ്മള്‍ തമ്മില്‍ തമ്മില്‍നീയെന്നോട് മിണ്ടരുത്..
ഞാന്‍ നിന്നോടും...

മിണ്ടാതിരിക്കുന്ന
കാലങ്ങളിലാണല്ലോ
നമ്മള്‍ തമ്മില്‍ തമ്മില്‍
കൂടുതല്‍ മിണ്ടുന്നത്.......

അനുശാസിത
അവരോഹങ്ങളില്‍
ഉറഞ്ഞ വര്‍ഷത്തെ
വേനലില്‍ ഉരുക്കി
ശിശിരസന്ധ്യകള്‍
ചേര്‍ത്തു കുഴച്ച്
വസന്തമേയെന്ന്
ഞാന്‍ അടയിരിക്കും

അതിരില്ലാത്ത
മഞ്ഞപ്പാടങ്ങളെന്ന്
അളവില്ലാത്ത വാനമെന്ന്‍
അതില്‍ പറക്കുന്ന പക്ഷികളെന്ന്
അനന്തകോടി നക്ഷത്രങ്ങളെന്ന്
അവ നിറഞ്ഞ ആകാശമെന്ന്
എങ്ങും കടന്നു ചെല്ലാവുന്ന
നിലാപ്പുഴയെന്ന് ഞാനെന്‍റെ
മനസ്സിനെ വിരിയിച്ചെടുക്കും

നീയൊരിക്കല്‍
പെയ്തൊഴിഞ്ഞ നിറങ്ങളില്‍
കുതിര്‍ന്നൊലിച്ച്
ഓരോ പൂവില്‍ നിന്നും
പലനിറങ്ങളില്‍
ഞാന്‍ പുനര്‍ജ്ജനിക്കും.

ഇപ്പോള്‍ ഞാനൊരു സ്വര്‍ഗ്ഗം
നീ അതിലേക്കുള്ള വാതില്‍...

പറയാന്‍ ബാക്കിവെച്ചത്
കടും വര്‍ണ്ണപൂവിതളുകള്‍
വിരലുകളായി നീണ്ട്
വരച്ചുകാട്ടുമ്പോള്‍
ദൈവം ഇവിടെയുണ്ടെന്ന്‍
മഞ്ഞ വെയിലിലേക്ക്
ചാഞ്ഞിറങ്ങിയ ഉടലില്‍
ഹൃദയം വലിഞ്ഞുമുറുകും....

ഞായറാഴ്‌ച, സെപ്റ്റംബർ 01, 2013

അവസ്ഥാന്തരം...


മുഖമൊളിപ്പിച്ച ഇലച്ചാര്‍ത്താല്‍
വിരുന്നൊരുക്കിയ ശലഭപ്പുഴു
വരച്ചുകൊടുത്ത ചിറകുകള്‍ അഴിച്ചുവെച്ച് 
പ്യൂപ്പയിലേക്കുള്ള ദൂരം തിരക്കുന്നു....  

ഒടിയന്‍........
പണ്ട് പണ്ടൊരിക്കലൊരുകാക്ക
അല്ലല്ല ...
അതൊരുപൂച്ചയായിരുന്നു.....
ഇടക്കൊക്കെ ഒരു മാനിനെപ്പോലെ
പിന്നെ കാള
പോത്ത്
പന്നി...
കഥയങ്ങിനെ ചെല്ലുമ്പോള്‍
ടെന്‍ഷനായിട്ടു
ശ്വാസം മുട്ടീട്ടും വയ്യ.....എന്നാലും.
കാക്കയില്‍ നിന്നും
പൂച്ചയില്‍ നിന്നും
മാനില്‍നിന്നും ഓടിയോടി
കാള
പോത്ത്
പന്നി
കഴുതയായപ്പോള്‍
കരഞ്ഞു കരഞ്ഞു
സങ്കടപ്പെട്ട് സങ്കടപ്പെട്ട് കഥ നിര്‍ത്തി......
.
.
.

ഇപ്പോള്‍ ഒരു മുയലായി എന്റെ മടിയിലിരിക്കുന്നു...
നീയായിരുന്നോ എന്ന്‍
ഇനി ഒടിമറിഞ്ഞാല്‍ തല്ലുകിട്ടുമെന്ന്
ഞാന്‍ അതിന്‍റെ നിറുകില്‍
ഉമ്മ വെച്ചു ഉമ്മവെച്ച് തലോടികൊണ്ടിരിക്കുന്നു.


വെള്ളിയാഴ്‌ച, ഓഗസ്റ്റ് 16, 2013

വര്‍ഷ സന്ത്രാസങ്ങള്‍...1-
എന്തിനോ വീണ്ടും തണുത്തു തണുത്തൊരീ
മണ്ണിന്‍ മടിയിലായ് പെറ്റിട്ടുകാലം
മിണ്ടാതെയൊന്നു തിരിഞ്ഞുനോക്കാതെതന്‍
തണ്ടേറ്റിവീണ്ടും നടത്തം തുടര്‍ന്നിടെ
കണ്‍ തുറന്നിന്നെന്നെ നോക്കുമീ കുഞ്ഞിളം
കണ്ണില്‍ നിറയ്ക്കുവാന്‍ വേനലും വര്‍ഷവും
പിന്നെവിരളമായ്പ്പൂക്കും വസന്തര്‍ത്തു
പുന്നരകഗന്ധമുണര്‍ത്തു ന്ന ശൈത്യവും.

2-
പകലുകള്‍ വന്നതും പോയതും പിന്നിട്ട്
പകുതിവഴിയെത്തി പിന്തിരിഞ്ഞോര്‍ക്കുന്നു
പതിരെത്ര പടിയെത്ര പലനാളിലായി നാം
പതിവെച്ചു കൂട്ടിനായ് ചേര്‍ത്തു പിടിച്ചതും
പകലൊപ്പമനുദിനം മടിയാതെ വന്നതും
പകലന്തിയോളം പടിപ്പുരകാത്തതും
പതിയെവിടചൊല്ലി തിരിയെ നടന്നതും
പതറുന്ന മനവുമായ് മൊഴിമുട്ടി നിന്നതും
പടികയറി വന്നതിന്‍ പലതായിമറഞ്ഞതിന്‍
പൊരുളുകളോര്‍ത്ത് പകച്ചു നാം നിന്നതും..
3-
ഇന്നുനിന്‍ സൂര്യന്‍ പടിഞ്ഞാറ് ചോക്കവേ
ഇന്നിന്‍ നിഴല്‍ നീളെ നീണ്ടു നിറയവേ
ഇങ്ങനീ രാവും പകലുമിടംവല-
മിങ്ങു തിരിഞ്ഞും മറിഞ്ഞും കിടന്നതും
മണ്ണെന്നു മലവെട്ടി മലയിലെക്കല്‍ വെട്ടി
മണലൂറ്റി പുഴയാറ്റി കാടിന്‍റെ മുടിവെട്ടി
മണ്ണു ചുവന്നതും വെള്ളം കറുത്തതു-
മൊന്നും മതിയാതെ വിണ്ട ഞെരമ്പൂറ്റി
പിന്നെയുമേതോ വിഷഗ്രസ്തമാക്കിയും
പഞ്ചപ്രാണങ്ങള്‍ വലിച്ചിഴച്ചമ്മയെ
എണ്ണംപറഞ്ഞു വിലപേശിനില്‍ക്കവേ
എല്ലാത്തിനും സാക്ഷി വാനവുംഭൂമിയും
ഇന്നലെ വന്നു പിറന്നതുമിന്നു നീ
മിന്നല്‍പോലൊന്ന് വളര്‍ന്നതും പോകുവാ-
നുണ്ട് തിടുക്കമെന്നെന്തോ തിരക്കിടെ
നാളെതന്‍ മുന്നില്‍ത്തലകുനിപ്പു ഞങ്ങള്‍.......

ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2013

എന്‍റെ മലയാളമേ.....
എനിക്കു നിന്‍
മഴപ്പേച്ചിന്‍
കുസൃതിവേണം,
നിന്‍റെ കടല്‍ക്കാറ്റിന്‍
കനപ്പുള്ള വിയര്‍പ്പും വേണം.
കിളിക്കൂട്ടമിളവേല്ക്കും
മരച്ചില്ലയഴിഞ്ഞാടും
നിഴല്‍ തോറ്റമൊരുക്കുന്ന
തണലും വേണം. 


കരിമ്പച്ച
പുതച്ചൊരു കാടുംവേണം,
കാടിന്‍ കഥ ചൊല്ലി
വയല്‍ തേകുമരുവിവേണം.
മലങ്കാറ്റ് വഴിതെറ്റി
കിതപ്പാറ്റും പകല്‍
ക്കൊമ്പില്‍
ഇരുള്‍ക്കൂട്ടംചേക്കേറും
വിരുത്തം വേണം.


കടല്‍പാട്ടിന്‍
താരാട്ടും
തലോടല്‍ വേണം,
തലതല്ലി ചിരിക്കുന്ന
തിരയും വേണം
അലമാല ഞൊറിഞ്ഞെത്തി
കരയെ വെണ്‍പട്ടുചാര്‍ത്തി
പതഞ്ഞേന്തി
പുണരുന്ന
നുരയും വേണം.....ഇനിയും നിന്‍
തനിമതന്‍
ഇനിമവേണം.
ഒരുമേളപ്പെരുക്കത്തിന്‍
ചൊരുക്കും വേണം.
തിടമ്പേറ്റി ചെവിയാട്ടി
നടക്കും നിന്‍ പെരുംപൂര-
പ്പെരുമയില്‍
ഒരുമതന്‍ ഗരിമ വേണം.

വെള്ളിയാഴ്‌ച, ജൂലൈ 26, 2013

സ്വപ്ന ജാലകം......മഞ്ഞപ്പാടങ്ങള്‍ക്കിടയിലൂടെ
നടക്കുമ്പോഴാണ്
എന്നും കണ്ടുകൊണ്ടിരിക്കാനെന്ന്
അതിന്‍റെ കരയില്‍ നീയെനിക്കൊരു
വീട് വരച്ചുതന്നത്.... 


നീ വരച്ച ഔവേര്‍സിലെ പലനിറങ്ങളുള്ള
വീടായിരുന്നു ഞാന്‍ കൊതിച്ചത്.
വിളഞ്ഞ ഗോതമ്പ്പാടങ്ങളുടെ കരയില്‍
വീട്ടുമുറ്റത്ത് നീല ഐറിസ്തോട്ടവും
പൂത്തുലഞ്ഞ ബദാംമരവുമുള്ള
ഒരു മഞ്ഞവീടായിരുന്നു നിനക്കിഷ്ടം.


നമ്മുടെ സ്വീകരണമുറി
സൂര്യകാന്തിപ്പൂക്കളാല്‍ അലങ്കരിച്ചു.
ചുമപ്പു പുതച്ചത് എന്നോടുള്ള
നിന്നിലെ അത്യാസക്തിയായിരുന്നു.
മഞ്ഞ വിരിച്ചത് നമ്മുടെ സന്തോഷവും.


ചക്രവാളമില്ലാത്തൊരു വാനത്തിലേക്കെന്ന്
പാടത്ത് വിളഞ്ഞ ഗോതമ്പുമണികള്‍
തിന്നാന്‍ വന്ന കാക്കകളെ
ഞാന്‍ കല്ലെറിഞ്ഞു പറത്തിയപ്പോള്‍
ഗോവര്‍ദ്ധനെപ്പോലെ അവയ്ക്കു
നിന്നെ വിട്ട് പോകാനാവില്ലെന്ന്
നീ ഉറക്കെ ചിരിച്ചു.


വിഭ്രാന്തവിഷാദിയായ് മാറുമ്പോള്‍
നീയെന്‍റെമാറില്‍ മുഖം പൂഴ്ത്തി
എന്‍റെ വെറുമൊരു തലോടലില്‍
നീ പൂമ്പാറ്റയും ഞാന്‍ പോപ്പിപുഷ്പവുമായി.

നക്ഷത്രം പതിച്ച നീലാകാശത്തിനുകീഴെ
നിന്‍റെ മടിയില്‍ തലചായ്ച്ചുറങ്ങുമ്പോള്‍
ഒരുകീറ് ആകാശത്തിന്‍റെ കുളിരുകൊണ്ട്
നീയെന്നെ പുതപ്പിച്ചു....


നീ വരച്ച തടാകത്തിന് മുന്നിലിരുന്ന്
നിന്നോടുള്ള ഇഷ്ടത്തെ ഞാന്‍
വസന്തരാഗമായി പെയ്തപ്പോഴാണ്
എന്‍റെചുണ്ടുകളെ വായിച്ചുകൊണ്ടിരിക്കാനെന്ന്‍
നീ നിന്‍റെ ചെവിമുറിച്ച് മാറ്റിയത്...


അപ്പോഴാണ് വാന്‍ഗോഗ്
നിന്നെ ഞാന്‍ ശരിക്കും പ്രണയിച്ചുപോയത്....

ബുധനാഴ്‌ച, ജൂലൈ 17, 2013

ഉടലുകാഞ്ഞ മരം....


ഈ മനോഹരതീരത്ത് തരുമോ

കാറ്റാവണം മൂളിയത്. 
മനസ്സാണ് കേട്ടത്.. 
തൊട്ടതൊരു മരമാണ് 
ഉടലുകാഞ്ഞ മരം....

തല വെട്ടിയാണ്  
ആകാശമോഹങ്ങളെയൊതുക്കിയത്. 
ഒരിക്കല്‍
ചെമ്പക മരത്തിന്‍റെ ചുമലിലായിരുന്നു ഇടത്തെച്ചില്ല  
വലത്തെച്ചില്ലയില്‍ ഒരുമുല്ലവള്ളി  
പിണഞ്ഞുകിടന്നിരുന്നു.... 
കാറ്റു മടിയിലിരുത്തിയതിന്‍റെയും  
മഴ താളം കൊട്ടിയുറക്കിയതിന്‍റെയും 
തഴമ്പുകള്‍ക്കുമീതെ 
കമ്പികള്‍ വരിഞ്ഞുമുറുകിയത് 
ഗതിനിര്‍ണ്ണയനത്തിന്. 
വേരുകള്‍ ആഴ്ന്നിറങ്ങാതിരിക്കാനാവണം പറിച്ചുനട്ടത്. 
തമ്മില്‍ പിണയാതിരിക്കാനാവണം 
ചൂളയുടെ ചൂടുറങ്ങുന്ന ചട്ടിയിലേക്കിറക്കിവെച്ചത്. 

കഥ കഴിഞ്ഞെന്നു 
മരം ബുദ്ധനെപ്പോലെ   
നിഷ്ക്കളങ്കമായി ചിരിക്കുമ്പോള്‍ 
ചട്ടിയില്‍ തിങ്ങിയമര്‍ന്ന വേരുകള്‍  
അടര്‍ത്താനാവാതെ 
കനം വെക്കുന്നു....

ഒടുക്കം

ചില്ലകള്‍ വെട്ടിയൊതുക്കി  
നഗരം വെയിലുകാച്ചുന്ന 
ഇത്തിരി മണ്ണിലേക്ക്  
അതിസൂക്ഷ്മം
പടര്‍ത്തിയൊരുക്കിയ ഒരു മരം
പട പടാന്നു മിടിക്കുന്ന
അതിന്‍റെ ഹൃദയത്തിലേക്ക്
ആരും കാണാതെ
ആകാശം നോക്കി നീണ്ട
ഒരു കുഞ്ഞ് ചില്ലയെ ഒളിപ്പിച്ചുവെക്കുന്നു …….

തിങ്കളാഴ്‌ച, ജൂലൈ 15, 2013

രണ്ടു ദിവസമായി മണ്ണ് വല്ലാതെ വിളിക്കുന്നു.
രണ്ടു ദിവസമായി മണ്ണ് വല്ലാതെ വിളിക്കുന്നു.

കുങ്കുമപ്പൂക്കളെയും ബാണപുഷ്പങ്ങളെയും തനിച്ചാക്കി പൂക്കാലം പിന്നെ കാണാമെന്ന് പറഞ്ഞെങ്ങോട്ടോ പോയി. ഏതോ ഭാവനയില്ലാത്തവന്‍റെ ഭാവനയില്‍ വിടര്‍ന്ന പേരായ ശവംനാറിപ്പൂ എന്ന ബാണപുഷ്പത്തിനു ഇവിടുള്ളവര്‍ വിളിക്കുന്ന സദാബഹാര്‍ എന്ന പേര്‍ തന്നെയാണ് നല്ലത്. ഒരു വേഷംകെട്ടുമില്ലാതെ എന്നും എങ്ങിനെയും നിറയെ പൂത്തു ചിരിച്ചുനില്ക്കുന്ന ചെടിക്ക് ഇതിലും അനുയോജ്യമായ പേരെന്താവും.പിച്ചി പൂക്കാനുള്ള തെയ്യാറെടുപ്പിലാണ്. രജനീഗന്ധയില്‍ ഒരു പൂക്കുല പതുക്കെ തലപൊക്കി തുടങ്ങിയിരിക്കുന്നു. ഉണങ്ങിയെന്ന് കരുതിയ കോളാമ്പിച്ചെടി എന്നെ വിട്ടു പോകാന്‍ മനസ്സില്ലെന്ന് തളിര്‍ത്തതും അഡീനിയത്തിന്‍റെ അപ്പൂപ്പന്താടി വിത്തുകള്‍ പറന്നുവീണുമുളച്ചതും എന്‍റെ മാത്രം കുഞ്ഞ് സന്തോഷങ്ങള്‍.

രണ്ടു ദിവസം മുന്‍പാണ് ഒരു ഫ്രണ്ടിന് വേണ്ടി താമരവള്ളി പൊക്കാന്‍ അവളുടെ ഫ്രണ്ടിന്‍റെ ഫാം ഹൌസിലേക്ക് കൂട്ടുപോയത്. വാട്ടര്‍ പ്ലാന്‍റ്സെല്ലാം പൂത്തിട്ടുണ്ടെന്ന് പ്രലോഭിപ്പിച്ചാണ് അവളെന്നെ കൊണ്ടുപോയത്. (ഡ്രൈവനായിട്ട്) പക്ഷേ സൂര്യന്‍ നേരത്തെക്കൂട്ടി സ്ഥലം വിട്ടതിനാല്‍ പൂക്കളെല്ലാം ഉറക്കം പിടിച്ചിരുന്നു. എന്നാലും പലനിറത്തിലുള്ള താമരയും ആമ്പലും പിന്നെ പേരറിയാത്ത ഏതൊക്കെയോ ചെടികളും ഡ്രൈവ് വേയുടെ ഇരുപുറവുമുള്ള കുഞ്ഞുതോട്ടില്‍ നിറയെ കാണാനുണ്ടായിരുന്നു. പലതരത്തിലുള്ള കുങ്കുമപ്പൂക്കള്‍ (മുഴുവനും മഞ്ഞനിറമുള്ളതാദ്യമായി കാണുകയാണ്), ഫലവൃക്ഷങ്ങള്‍ പിന്നെ ഒരു ഭാഗം നിറയെ പലതരത്തിലും വലുപ്പത്തിലുമുള്ള ബോണ്‍സായികള്‍. അവിടെമുഴുവന്‍ ഞങ്ങള്‍ ചുറ്റിനടന്നു. അതിനിടയില്‍ ബോണ്‍സായ്മരം ഒരുകാര്യം പറഞ്ഞു. അതുപിന്നെ പറയാം. മറ്റൊരുഭാഗത്ത് ഡിസംബറില്‍ നടക്കാനുള്ള ഫ്ലവര്‍ ഷോവിനായി ക്രിസാന്തമങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ കണ്ട് കൊതി സഹിക്കാനാവാതെ ഞങ്ങള്‍ താമരവള്ളിയും പൊക്കി കാറില്‍കിയറിയപ്പോഴാണ് മുന്നിലൊരിലഞ്ഞി മരം നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഇലഞ്ഞിപ്പൂക്കളോട് രണ്ടുവാക്കു മിണ്ടാതെങ്ങിനെ....

പിന്നെദാപ്പോ ഇന്നലെ മറ്റൊരു ഫ്രണ്ടിന്‍റെ വീട്ടില്‍ ചെന്നപ്പോഴാണ് നാലു ബാല്‍ക്കണിയിലും വീടിനകത്തും നിറയെ ചെടികള്‍....പിന്നേ സഹിക്കാന്‍ പറ്റിയില്ല .. രാവിലെത്തന്ന ചെടികള്‍ക്കിടയിലേക്കിറങ്ങി. മണ്ണില്‍ കയ്യ് വെച്ചതും നടുവണ്ണൂരിലെ കുട്ടിക്കാലവും കളിച്ചുനടന്നിരുന്ന തൊടിയും ഓര്‍മ്മ വന്നു. മൂക്ക് എവിടെയൊക്കെയോ ഓടിനടന്ന് ആ മണ്ണിന്‍റെ മണവും തപ്പിയെടുത്തു കൊണ്ടുവന്നുതന്നു. കിളികള്‍ അത്യാവശ്യം ഉള്ളതുകാരണം പശ്ചാത്തലസംഗീതം ലൈവായി അവരേറ്റെടുത്തു.

അച്ഛന് കൃഷിയില്‍ ഒരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. അമ്മയ്ക്കാണെങ്കില്‍ അതൊരു ഭ്രാന്തായിരുന്നു. എപ്പോഴും തൊടിയില്‍ എന്തെങ്കിലും നടാനോ വിളവെടുക്കാനോ തടമെടുക്കാനോ വളമിടാനോ ഉണ്ടാകും. പണിയെടുക്കുന്നവര്‍ക്കെല്ലാം ഇഷ്ടംപോലെ വെച്ചു വിളമ്പലായിരുന്നു അമ്മയുടെ ജോലി.

സ്കൂള്‍ ഒഴിവാണെങ്കില്‍ കാക്കയ്ക്കും കൊറ്റിക്കുമൊപ്പം ഞങ്ങളും ഉണ്ടാവും മണ്ണിളകുന്നതും നോക്കി.. മണ്ണിനടിയില്‍ ശ്വാസംമുട്ടിക്കിടന്നിരുന്ന പൊട്ടിയ കളിപ്പാട്ടത്തിന്‍റെ ഒരു കുഞ്ഞ് കഷ്ണം, നിറം മങ്ങിയ ഒരു വളപ്പൊട്ട് അങ്ങിനെ പലതും കിലുങ്ങിച്ചിരിച്ചുകൊണ്ട് പുറത്തു വരും. പണ്ടെങ്ങോ കയ്യില്‍ കിട്ടിയതു മുതല്‍ നഷ്ടപ്പെട്ടതുവരെയുള്ള ഓര്‍മ്മകളുടെ ഒരു ചിമിഴായി അത് കുറച്ചുകാലം കൂടി കൂടെ കൊണ്ടുനടക്കും. ഒരിക്കല്‍ അങ്ങിനെ മണ്ണിളകി വന്ന ഒരു പാമ്പിന്‍ മുട്ട ഈര്‍ക്കില്‍ കൊണ്ട് കുത്തി നോക്കിയതും നൂലുപോലെ കുഞ്ഞുങ്ങള്‍ ഇറങ്ങിവന്നതും എല്ലാവരും പേടിച്ചോടിയതും മുട്ട പൊട്ടിച്ചതിന്നു വഴക്കു കിട്ടിയതും ഇന്നലെ നടന്നപ്പോലെ....

ഇതെഴുതുമ്പോള്‍ പുറത്തു മഴപെയ്തുകൊണ്ടിരിക്കുന്നു. മഴയും മണ്ണും ഓര്‍മ്മകളുടെ ഭണ്ഡാരമാണ്... എത്ര ആഴത്തില്‍ കുഴിച്ചുമൂടിയാലും എങ്ങിനെയെങ്കിലും തിരിച്ചുവന്ന് നിര്‍ത്തിയിടത്തുവെച്ച് വീണ്ടും തുടങ്ങും. ഞാനാണെങ്കില്‍ രാവിലെത്തൊട്ട് ആ കഥകള്‍ കേട്ട് മിഴിച്ചിരിക്കയാണ്.. അതില്‍ കുറച്ചു നിങ്ങളുമായി പങ്കുവെച്ചെന്നു മാത്രം.. ബോറടിപ്പിച്ചോ

 
 
 
 
  
 


 
 
 
..

ബുധനാഴ്‌ച, മേയ് 15, 2013

മനോജ് ഷെര്‍പ്പയും മഞ്ഞ ഐ-ടെനും...


വഴി വല്ലാതെ മോശമായിരുന്നു. ഒരുപക്ഷേ വണ്ടികള്‍ പോകുന്നതുകൊണ്ടുമാത്രമാണ് അതൊരു വഴിയാണെന്നു തോന്നിയിരുന്നത്. കുലുങ്ങികുലുങ്ങി ശരീരമാകെ വേദനയെടുക്കാന്‍ തുടങ്ങി. രണ്ടുദിവസമായി യാത്രകളെല്ലാം ചുകന്നുകലങ്ങി കുതിച്ചൊഴുകുന്ന തീസ്താ നദിയുടെ കരയിലൂടെ ഡാര്‍ജിലിങ്ങിലെ  ഇതുപോലുള്ള വഴികളിലൂടെതന്നെയായിരുന്നല്ലോ.  ഭരണം മാറി ഒരുവര്‍ഷമായിരുന്നില്ല. മുന്‍പ് മുപ്പതുകൊല്ലമായി  അവിടെ ഭരിച്ചവരോ അതുകഴിഞ്ഞു വന്നവരോ ഈ അവസ്ഥയില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നത് പ്രത്യക്ഷത്തില്‍ തന്നെ കാണാമായിരുന്നു. വളരെയധികം മഴപെയ്യുന്ന മലമ്പ്രദേശമായത്തിനാല്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലുകളില്‍ കുടുങ്ങി യാത്രകള്‍ പാതിവഴിയില്‍ നിര്‍ത്തേണ്ടിവരുന്നത് നിത്യസംഭവമാണത്രേ.

 “ഞങ്ങള്‍ എന്തുകൊണ്ടാണ് ഗൂര്‍ഖാലാന്‍റ് വേണമെന്ന് പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ?”  മനോജ് ഷെര്‍പ്പ ഞങ്ങളുടെ ഡ്രൈവര്‍ ആയിരുന്നു.അവിടെ വളര്‍ന്ന് വലുതായവന്‍. ആ നാടിനെ അമ്മയെക്കാളേറെ സ്നേഹിക്കുന്നവന്‍. എന്നെങ്കിലും ഗൂര്‍ഖാലാന്‍റ് എന്ന സ്വപ്നം സത്യമാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നവന്‍. “ഏത് ഭരണം വന്നാലും ഞങ്ങളെ ചൂഷണം ചെയ്യുകയല്ലാതെ അവര്‍ ഞങ്ങള്‍ക്കു വേണ്ടി നല്ലത്ഒന്നുംതന്നെ ചെയ്യുന്നില്ല. പിന്നെ ഞങ്ങളെന്തിന് ഇവര്‍ക്ക്  നികുതികൊടുക്കണം? സ്വന്തമായി ഒരു രാജ്യമുണ്ടാക്കി സുഖമായിജീവിക്കും”

കേരളവുമായി ഒരുപാട് സാമ്യമുള്ള  ഒരു ഭൂപ്രകൃതിയാണ് ഡാര്‍ജിലിങ്ങിലേത്. സസ്യങ്ങളും മണവും മറ്റും കേരളത്തെ ഓര്‍മ്മി പ്പിച്ചു. തണുപ്പ്കാലത്ത് മഞ്ഞുവീഴുമെന്നും ഭയങ്കര തണുപ്പാവുമെന്നും അവന്‍ പറഞ്ഞു. ഓരോ ചെറിയ ചെറിയ മലയിടകളും ഓരോ വെള്ളച്ചാട്ടങ്ങളായിരുന്നു. ഉയരങ്ങളില്‍ നിന്നു പഞ്ഞിക്കെട്ടുപോലെ നുരച്ചുവരുന്ന മനോഹരങ്ങളായ കുഞ്ഞരുവികള്‍. ഞങ്ങള്‍ കൊട്ടേജ് ഇരുവശത്തുമുള്ള കുഞ്ഞ് വെള്ളപ്പാച്ചിലുകളുടെ ശബ്ദത്തില്‍ മുങ്ങിക്കിടന്നിരുന്നു എപ്പോഴും. പലതരം ചെടികളും മരങ്ങളും പൂക്കളും കിളികളും നിറഞ്ഞ് മനോഹരമായിരുന്നു ആ സ്ഥലം. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസം  രാവിലെ അഞ്ചുമണിക്ക് നേരെ മുന്നില്‍ മഞ്ഞുപുതച്ച കന്‍ജന്‍ജംഗ  സുവര്‍ണ്ണ സ്വര്‍ഗ്ഗശോഭയോടെ തെളിയുമായിരുന്നു.

മനോജ് വളരെ നല്ല ഒരു മനുഷ്യനായിരുന്നു. വഴിയില്‍ കാണുന്ന മനുഷ്യരോടു മാത്രമല്ല പൂച്ചയോടും പട്ടിയോടും വരെ അയാള്‍ ഉറക്കെ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. ആദ്യം ഇവരൊക്കെ അയാളുടെ പരിചയക്കാരാവുമെന്നാണ്  കരുതിയത്.  അല്ലെന്നു മനസ്സിലായപ്പോള്‍ കൌതുകംതോന്നി. ഈ തിരക്കുകള്‍ക്കിടയിലും ഒരു കുഞ്ഞിന്‍റെ മനസ്സുമായി എങ്ങിനെ ജീവിക്കാന്‍ കഴിയുന്നു എന്ന അത്ഭുതവും. എല്ലാവരും അതുപോലെ തിരിച്ചും പ്രതികരിക്കുന്നത് കണ്ടപ്പോള്‍ അറിഞ്ഞു അവിടെ ഉള്ളവരെല്ലാം മനസ്സിലെപ്പോഴും സന്തോഷം കൊണ്ടുനടക്കുന്നവരാവുമെന്ന്.  അതുകൊണ്ടുതന്നെ ആ യാത്ര വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു.

അയാളുടെ മുഖം പോലെതന്നെയാണ് അയാളുടെ മനസ്സുമെന്ന് വഴിയില്‍ നടന്ന ഒരു സംഭവം തെളിയിച്ചു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ കാര്‍ പോയി നിന്നത് ഒരു പിക്കപ്പിനെ മുഖാമുഖം നോക്കിയാണ്. പിറകിലൊരു വളവായതിനാല്‍ പിക്കപ്പ് പുറകിലേക്കെടുക്കാന്‍ നല്ലപോലെ ബുദ്ധിമുട്ടണം. സ്വഭാവികമായും ഞങ്ങളുടെ കാര്‍ ആണ് പുറകോട്ടു പോകേണ്ടത്. അവര്‍ പുറകോട്ടെടുക്കാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. മനോജാണെങ്കില്‍ ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. കുറെനേരം പറഞ്ഞുമടുത്തപ്പോള്‍ അവര്‍ വളരെ ബുദ്ധിമുട്ടി പുറകോട്ടെടുത്തു. ഞങ്ങള്‍ കടന്നു പോരുമ്പോള്‍ അവന്‍ ചെറിയ കുട്ടികളെപ്പോലെ  ഉറക്കെച്ചിരിക്കുന്നുണ്ടായിരുന്നു. “മേം കഭീ പീച്ഛേ നഹി ഹഠ്ത്താ...” അതവന്‍റെ തീരുമാനമാണത്രേ. പിന്നേയും ഒന്നുരണ്ട് തവണ ഇതാവര്‍ത്തിച്ചു. ടെന്‍ഷന്‍ മുഴുവന്‍ ഞങ്ങളേറ്റെടുത്തു. മറ്റുവല്ല സ്ഥലങ്ങളുമായിരുന്നെങ്കില്‍ തല്ലാകുമായിരുന്നു.

അവന്‍റെ മഞ്ഞ I-10  കാര്‍ എത്രദൂരങ്ങളില്‍ നിന്നും തിരിച്ചറിയാമായിരുന്നു .   നാട്ടിലുള്ളവരെല്ലാം തമാശയാക്കാറുണ്ടെങ്കിലും ഇത് തനിക്ക് ഇഷ്ടമായിട്ടു തിരഞ്ഞെടുത്ത നിറമാണെന്നവന്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ആ സിറ്റിയില്‍ ആകെ ഒരു മഞ്ഞക്കാറെ ഉളളുവത്രെ . എവിടെയെങ്കിലും പാര്‍ക്ക് ചെയ്യുമ്പോള്‍ നിറം മഞ്ഞയായതുകൊണ്ട്  നിങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടെണ്ടി  വരില്ലെന്നവന്‍ പറയുമായിരുന്നു. കോംപ്ലക്സ് കൊണ്ടല്ലേ നീയിതു പറയുന്നതെന്ന് ചോദിച്ചപ്പോഴും അവന്‍ ഉറക്കെ ചിരിച്ചു. മഞ്ഞ ഐശര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും നിറമാണെന്ന പരസ്യവാചകം ഞാന്‍ അവന്നുമുന്നില്‍  എടുത്തുനിരത്തി. അവന് പാവം സന്തോഷമായിക്കാണും.

പഴയ മൊണാസ്ട്രികള്‍, പീസ്പഗോഡാ, വെള്ളച്ചാട്ടം, മൌണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് , ഹിമാലയന്‍ റെയില്‍വേ, നേപ്പാളീ മാര്‍ക്കറ്റ് , ചായത്തോട്ടങ്ങള്‍ ,തടാകം എന്നിങ്ങിനെ പലയിടങ്ങളും  കാണാനുണ്ടെങ്കിലും മൊണാസ്ട്രികള്‍ മാത്രമായിരുന്നു കുറച്ചെങ്കിലും കൌതുകം തോന്നിയത്. ആകാശം മുട്ടിനില്ക്കുന്ന ഭീമാകാരങ്ങളായ സെഡാര്‍ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരുറുമ്പിനെപ്പോലെ നമ്മള്‍ ചെറുതാവുന്നു.

ചായത്തോട്ടങ്ങളെല്ലാം തന്നെ ജൈവകൃഷിരീതിയിലാണ്.  കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങളെപ്പറ്റിയും ആയിടെ വായിച്ച ചില ലേഖനങ്ങളെപ്പറ്റിയും അറിയാതെ വായില്‍ നിന്നു വീണു. അതോടെ അവനും പറയാന്‍ തുടങ്ങി. നല്ല തണുപ്പുകാലത്ത് ടൂറിസ്റ്റുകള്‍ കുറയുന്ന കാലത്ത് അവന്‍ ഒരു എന്‍.ജി‌. ഓ. യില്‍ ജോലിചെയ്യുന്നുണ്ടത്രേ. ജൈവകൃഷിയെപ്പറ്റി കൃഷിക്കാരെ ബോധവത്ക്കരിക്കുകയാണ് ആ സമയമത്രയും അവന്‍റെ ജോലി.  ആ യാത്രയിലുടനീളം ഭാരതം മുഴുവന്‍ ജൈവകൃഷി നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി മാത്രമായിരുന്നു പിന്നെ അവന്‍ സംസാരിച്ചത്. വളരെ സന്തോഷവും അത്ഭുതവും തോന്നി.

തിരിച്ച് താഴ്വാരത്തില്‍  ബാഗ്ദോഗ്രയിലെ എയര്‍പോര്‍ട്ട്റോഡിന്‍റെ അവസ്ഥ അതിലും പരിതാപകാരം ആയിരുന്നു.   ട്രക്കുകളും മറ്റും ആക്സിലൊടിഞ്ഞും  ടയര്‍ പഞ്ചറായും നടുറോഡില്‍ കിടക്കുന്നു. ഒരു കുഴിയില്‍ നിന്നും അടുത്ത കുഴിയിലേക്ക് അടിതട്ടാതെ ചാടാന്‍ കാറുകള്‍ കുതിരവട്ടം പപ്പുവിനെപ്പോലെ കഷ്ടപ്പെട്ടുകൊണ്ടിരുന്നു. നമ്മുടെ തൃശ്ശൂര്‍ പാലക്കാട് ഹൈവേയൊക്കെ എത്ര ഭേദം. ബംഗാളിലെ പേരുകേട്ട ഒരു സുഖവാസസ്ഥലത്തിന്‍റെയും നഗരത്തിന്‍റെയും കാര്യമാണ് പറഞ്ഞത്. സ്ഥിതി കൂടുതല്‍ മോശമായിട്ടുണ്ടാവുമെന്നല്ലാതെ നന്നാവുമെന്ന പ്രതീക്ഷയൊന്നും അവിടെ ആര്‍ക്കുമില്ല. ആവശ്യത്തിന് യാത്രസൌകര്യങ്ങളില്ല. ബസ് സര്‍വ്വീസ്  ഇല്ലതന്നെ.  യാത്രക്കായി പാവപ്പെട്ടവര്‍ പോലും ടാക്സിയെ ശരണം പ്രാപിക്കുന്നു.  മടുത്തിട്ടാണ് മറ്റൊരുകൂട്ടരെ ഭരണമേല്‍പ്പി ച്ചതെന്നവര്‍ പറയുന്നു . എന്നിട്ടെന്തുണ്ടായി എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ....

മനോജ്

ഒരു കരടിക്കുട്ടന്‍

കന്‍ജന്‍ജംഗ

ഘൂം മൊണാസ്ട്രി.

ആതന്‍...

മരമേ....

കോട്ടേജിലേക്കുള്ള വഴി

കോട്ടേജില്‍ നിന്നുള്ള കാഴ്ച

മറ്റൊരു വഴി

പച്ചയായ പ്രകൃതി....

വെള്ളിയാഴ്‌ച, മേയ് 10, 2013

വാക്കേറ്


പിഴച്ചുവീണതോ
പിഴച്ചുകേട്ടതോ ആയ
ഒരു വാക്കുരുട്ടി
ഉറക്കത്തിന്റെ
രായിരനെല്ലൂര്‍
കേറുമ്പോഴാണ്
ഉരുണ്ടുവീണത്.
കൂടെ വാക്കും...
പൊട്ടിച്ചിതറി
തരികള്‍ വളര്‍ന്ന്
തെക്കോട്ടും വടക്കോട്ടുമെന്ന്
പാഞ്ഞുനടക്കാന്‍ തുടങ്ങിയതും
ചങ്ങലയും കൊണ്ട്
പിന്നാലെയോടാന്‍
ഒരുടലല്ലേയുള്ളൂയെന്ന്
വായിട്ടലച്ചിട്ടും
വാവിട്ട വാക്കല്ലേയെന്ന്
വായായ വാതോറും
പിഴച്ചുപെറ്റ് അതൊരു
വാക്കൂട്ടമാകുന്നുണ്ട്.

വ്യാഴാഴ്‌ച, മേയ് 02, 2013

ചിലനേരങ്ങളില്‍ ചിലത് - സ്വപ്നം പോലൊരു പ്രകാശനം.....ഒരു മോഹനസ്വപ്നത്തില്‍ നിന്നുണര്‍ന്നെന്ന പോലെ ഞാനിപ്പോള്‍... സ്വപ്നത്തിന്‍റെ തുടക്കം മാസങ്ങള്‍ക്കു മുന്‍പെവിടെയോ ആണ്. പ്രസന്നയുടെ കവിതകള്‍ ചേര്‍ത്തൊരു പുസ്തകമിറക്കിക്കുടെ എന്ന്‍ സ്വപ്നത്തിന് വിത്തുപാകിയത് ഗ്രീന്‍ബുക്ക്സ് എഡിറ്റര്‍ കൃഷണദാസാണ്. സ്വപ്നത്തില്‍ പുസ്തകത്തിന് ‘ചിലനേരങ്ങളില്‍ ചിലത്’ എന്ന് പേരിട്ടു. വരച്ച ചിത്രങ്ങളിലൊന്നെടുത്ത് കവര്‍ച്ചിത്രമാക്കി. അച്ഛനെ കാലം കൊണ്ടറിഞ്ഞ കവി ദേശമംഗലം രാമകൃഷ്ണന്‍ പുസ്തകത്തിന് മനോഹരമായൊരു അവതാരികയെഴുതി.

പുസ്തകം അച്ചടിച്ചു വരുന്നതോടെ സ്വപ്നം അവസാനിക്കുമെന്ന് കരുതിയപ്പോഴാണ് കുഴൂര്‍ വില്‍സനെന്നൊരു നന്മ വന്ന്‍ സ്വപ്നങ്ങള്‍ ഇടയ്ക്കുവെച്ച് അവസാനിപ്പിക്കരുതെന്ന് പറഞ്ഞത്. പുസ്തകപ്രകാശനം എന്ന്‍ വലിയൊരു പേജ്കൂടി എഴുതിച്ചേര്‍ത്തത്. വിജേഷും അയനം സാംസ്കാരികവേദിയും കൂട്ടിനെത്തിയത്. പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ പ്രകാശനം നടത്തുമെന്നും വില്‍സണ്‍ ഏറ്റുവാങ്ങുമെന്നും സ്വപ്നത്തില്‍ പേജുകള്‍ പിന്നേയും എഴുതിനിറഞ്ഞു.

ചില സ്വപ്നങ്ങള്‍ പേടിസ്വപ്നങ്ങളാകുന്നത് പൊടുന്നനെയാണല്ലോ. അങ്ങിനെയൊരു പൊടുന്നനെയില്‍ സ്വപ്നത്തില്‍ നിന്നും വഴുതിവീണ് വില്‍സണ്‍ ഹോസ്പ്പിറ്റലിലേക്ക് പോയി. എത്ര പേടിച്ചുകരഞ്ഞാലും പേടിസ്വപ്നങ്ങളില്‍ നിന്നും ഉണര്‍ത്തരുതെന്നത് സ്വപ്നങ്ങളുടെ നിയമം. സമാധാനിപ്പിക്കാനാവണം സ്വപ്നത്തില്‍ വന്ന്‍ അവനെനിക്കൊരു നാലുവരിക്കവിത പാടിത്തന്നു. ഹോസ്പിറ്റലിലിരുന്ന് എന്‍റെ സ്വപ്നങ്ങളില്‍ അലുക്കുകള്‍ തുന്നിച്ചേര്‍ത്തു . നിറം ചേര്‍ത്തു .

ആ നന്മയുടെ തുടര്‍ച്ച യെന്നോണമാവണം ഡോക്ടര്‍ എം പി പരമേശ്വരന്‍ കടന്നുവന്നത്. അമ്മയുടെ കുഞ്ഞുന്നാളിലെ സുഹൃത്തായിരുന്നു. അദ്ദേഹം. അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ കുട്ടികളായി മാറുന്നത് ഒരുപാടുവണ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ബുക് റിലീസിന്നു വരുന്നുണ്ടെന്ന് അദ്ദേഹം എന്‍റെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചപ്പോഴാണ് സപ്നങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്. വില്‍സന് വരാന്‍ പറ്റില്ലല്ലോ എന്ന സങ്കടമൊഴിച്ചാല്‍ പിന്നെയെല്ലാം ഭംഗിയായി മുന്നോട്ടുപോയി.

പ്രവാസത്തെപ്പറ്റി കൂടുതലെഴുതണമായിരുന്നെന്ന് കൃഷ്ണദാസ്.  കേരളത്തിന് പുറത്തുള്ള ഏത് ജീവിതവും പ്രവാസമല്ലേയെന്ന് മനസ്സ്. ഓര്‍മ്മകളിലേക്ക് ഇത്രയും ചാഞ്ഞൊരാള്‍ക്ക് തണലാവാന്‍ പറ്റുമോയെന്ന്, ഇതിലും ഭംഗിയായി ഒരു പുസ്തകം പരിചയപ്പെടുത്താന്‍ കഴിയുമോ എന്ന്‍ എന്നെ ദേശമംഗലം ഇപ്പൊഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ‘ചിലനേരങ്ങളില്‍ ചിലതില്‍’ എല്ലാ കവിതകളിലും കവിതയുണ്ടെന്ന് പറഞ്ഞ് വൈശാഖന്‍ ഇനിയുമെഴുതാന്‍ പ്രേരിപ്പിക്കുന്നു. ജാലകക്കാഴ്ച്ചകളില്‍ നിന്നും എഴുത്തിന്റെ പുതുലോകത്തേക്കിറങ്ങിവരണമെന്ന് ബാലചന്ദ്രന്‍ സ്നേഹത്തോടെ ഉപദേശിക്കുന്നു. പുസ്തകം തുറന്ന്‍ ഇഷ്ടപ്പെട്ട കവിതകള്‍ തിരഞ്ഞെടുത്ത് ചൊല്ലി കെ.വി. ബേബി സ്ത്രീകളെന്താണ് വയസ്സു പറയാത്തതെന്ന് പരദൂഷണം പറയുന്നു. ആദ്യമായി കാണുമ്പോഴും കാലങ്ങളായി പരിചയമുള്ളപ്പോലെ എന്നെ ഇഴപിരിച്ചെടുത്ത് കൊണ്ട് റോസിതമ്പിയും കവിതകളുടെ ഇടയിലൂടെ നടന്ന്‍ റോഷ്നി സ്വപ്നയും ആശംസകള്‍ നേരുന്നു. എല്ലാത്തിനും കൂടെയുണ്ടായിരുന്ന ആര്യന്‍ പുസ്തകത്തില്‍ നിന്നും ഒരു കവിത ചൊല്ലുന്നു.  എല്ലാവര്ക്കും സ്നേഹത്തോടെ സ്വാഗതം പറഞ്ഞ് വിജേഷ് തുടങ്ങിയത് എല്ലാവര്‍ക്കും വേണ്ടി നന്ദിപറഞ്ഞുകൊണ്ട് ജോസ് അവസാനിപ്പിച്ചു. . ഇതൊക്കെ സ്വപ്നമല്ലെങ്കില്‍ പിന്നെ എന്തായിരുന്നു എന്ന്‍ ഇപ്പോള്‍ ഇവിടിരുന്നു വിഭ്രാന്തമാകുന്നു മനസ്സ്.

പ്രകാശനം കഴിഞ്ഞു നേരെപ്പോയത് വില്‍സന്‍റെ അടുത്തെക്കാണ്. അദ്യമായി കാണുന്നതിങ്ങിനെയെന്ന് മുറിവിന്‍റെ വേദന വകവെക്കാതെ അവന്‍ അന്നത്തെ നാലുവരി മുഴുമിപ്പിച്ചു.

"അങ്കണത്തൈമാവില്‍നിന്നാദ്യത്തെപ്പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍
മാങ്കനിവീഴുമ്പോള്‍ ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂംകുല പൊട്ടിച്ചത് തല്ലുകൊള്ളാഞ്ഞിട്ടല്ലേ...."
..
ഞാനമ്മയും അവന്‍ കുഞ്ഞുമായി കവിത പകര്‍ത്തിയെഴുതുമ്പോള്‍ എനിക്കു സങ്കടം വരുന്നു.
വില്‍സാ നീ പുസ്തകം വാങ്ങിക്കാന്‍ വന്നില്ലല്ലോ.........:(


മനസ്സുകൊണ്ട് കൂടെനിന്നവര്‍ക്കും വരാമെന്നുപറഞ്ഞു മോഹിപ്പിച്ചവര്‍ക്കും വന്നവര്‍ക്കും എന്റെ സ്നേഹം. ബ്ലോഗില്‍ എഴുതിവിടുന്നതിനെ കവിതയെന്ന് വിളിച്ച് സ്നേഹത്തോടെ അഭിപ്രായങ്ങള്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ തന്ന നിങ്ങളൊക്കെത്തന്നെയാണ് ഈ സാഹസത്തിനു ധൈര്യമായി കൂടെയുണ്ടായിരുന്നത്.
പുസ്തകം വേണ്ടവര്‍ക്ക് http://indulekha.biz/malayalam-books/chila-nerangalil-chilathu-poetry-prasanna-aryan എന്ന ലിങ്കില്‍ നിന്നും  ലഭിക്കുന്നതാണ്.