വഴി വല്ലാതെ മോശമായിരുന്നു. ഒരുപക്ഷേ വണ്ടികള്‍ പോകുന്നതുകൊണ്ടുമാത്രമാണ് അതൊരു വഴിയാണെന്നു തോന്നിയിരുന്നത്. കുലുങ്ങികുലുങ്ങി ശരീരമാകെ വേദനയെടുക്കാന്‍ തുടങ്ങി. രണ്ടുദിവസമായി യാത്രകളെല്ലാം ചുകന്നുകലങ്ങി കുതിച്ചൊഴുകുന്ന തീസ്താ നദിയുടെ കരയിലൂടെ ഡാര്‍ജിലിങ്ങിലെ ഇതുപോലുള്ള വഴികളിലൂടെതന്നെയായിരുന്നല്ലോ. ഭരണം മാറി ഒരുവര്‍ഷമായിരുന്നില്ല. മുന്‍പ് മുപ്പതുകൊല്ലമായി അവിടെ ഭരിച്ചവരോ അതുകഴിഞ്ഞു വന്നവരോ ഈ അവസ്ഥയില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നത് പ്രത്യക്ഷത്തില്‍ തന്നെ കാണാമായിരുന്നു. വളരെയധികം മഴപെയ്യുന്ന മലമ്പ്രദേശമായത്തിനാല്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലുകളില്‍ കുടുങ്ങി യാത്രകള്‍ പാതിവഴിയില്‍ നിര്‍ത്തേണ്ടിവരുന്നത് നിത്യസംഭവമാണത്രേ.
“ഞങ്ങള്‍ എന്തുകൊണ്ടാണ് ഗൂര്‍ഖാലാന്‍റ് വേണമെന്ന് പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ?” മനോജ് ഷെര്‍പ്പ ഞങ്ങളുടെ ഡ്രൈവര്‍ ആയിരുന്നു.അവിടെ വളര്‍ന്ന് വലുതായവന്‍. ആ നാടിനെ അമ്മയെക്കാളേറെ സ്നേഹിക്കുന്നവന്‍. എന്നെങ്കിലും ഗൂര്‍ഖാലാന്‍റ് എന്ന സ്വപ്നം സത്യമാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നവന്‍. “ഏത് ഭരണം വന്നാലും ഞങ്ങളെ ചൂഷണം ചെയ്യുകയല്ലാതെ അവര്‍ ഞങ്ങള്‍ക്കു വേണ്ടി നല്ലത്ഒന്നുംതന്നെ ചെയ്യുന്നില്ല. പിന്നെ ഞങ്ങളെന്തിന് ഇവര്‍ക്ക് നികുതികൊടുക്കണം? സ്വന്തമായി ഒരു രാജ്യമുണ്ടാക്കി സുഖമായിജീവിക്കും”
കേരളവുമായി ഒരുപാട് സാമ്യമുള്ള ഒരു ഭൂപ്രകൃതിയാണ് ഡാര്‍ജിലിങ്ങിലേത്. സസ്യങ്ങളും മണവും മറ്റും കേരളത്തെ ഓര്‍മ്മി പ്പിച്ചു. തണുപ്പ്കാലത്ത് മഞ്ഞുവീഴുമെന്നും ഭയങ്കര തണുപ്പാവുമെന്നും അവന്‍ പറഞ്ഞു. ഓരോ ചെറിയ ചെറിയ മലയിടകളും ഓരോ വെള്ളച്ചാട്ടങ്ങളായിരുന്നു. ഉയരങ്ങളില്‍ നിന്നു പഞ്ഞിക്കെട്ടുപോലെ നുരച്ചുവരുന്ന മനോഹരങ്ങളായ കുഞ്ഞരുവികള്‍. ഞങ്ങള്‍ കൊട്ടേജ് ഇരുവശത്തുമുള്ള കുഞ്ഞ് വെള്ളപ്പാച്ചിലുകളുടെ ശബ്ദത്തില്‍ മുങ്ങിക്കിടന്നിരുന്നു എപ്പോഴും. പലതരം ചെടികളും മരങ്ങളും പൂക്കളും കിളികളും നിറഞ്ഞ് മനോഹരമായിരുന്നു ആ സ്ഥലം. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസം രാവിലെ അഞ്ചുമണിക്ക് നേരെ മുന്നില്‍ മഞ്ഞുപുതച്ച കന്‍ജന്‍ജംഗ സുവര്‍ണ്ണ സ്വര്‍ഗ്ഗശോഭയോടെ തെളിയുമായിരുന്നു.
മനോജ് വളരെ നല്ല ഒരു മനുഷ്യനായിരുന്നു. വഴിയില്‍ കാണുന്ന മനുഷ്യരോടു മാത്രമല്ല പൂച്ചയോടും പട്ടിയോടും വരെ അയാള്‍ ഉറക്കെ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. ആദ്യം ഇവരൊക്കെ അയാളുടെ പരിചയക്കാരാവുമെന്നാണ് കരുതിയത്. അല്ലെന്നു മനസ്സിലായപ്പോള്‍ കൌതുകംതോന്നി. ഈ തിരക്കുകള്‍ക്കിടയിലും ഒരു കുഞ്ഞിന്‍റെ മനസ്സുമായി എങ്ങിനെ ജീവിക്കാന്‍ കഴിയുന്നു എന്ന അത്ഭുതവും. എല്ലാവരും അതുപോലെ തിരിച്ചും പ്രതികരിക്കുന്നത് കണ്ടപ്പോള്‍ അറിഞ്ഞു അവിടെ ഉള്ളവരെല്ലാം മനസ്സിലെപ്പോഴും സന്തോഷം കൊണ്ടുനടക്കുന്നവരാവുമെന്ന്. അതുകൊണ്ടുതന്നെ ആ യാത്ര വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു.
അയാളുടെ മുഖം പോലെതന്നെയാണ് അയാളുടെ മനസ്സുമെന്ന് വഴിയില്‍ നടന്ന ഒരു സംഭവം തെളിയിച്ചു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ കാര്‍ പോയി നിന്നത് ഒരു പിക്കപ്പിനെ മുഖാമുഖം നോക്കിയാണ്. പിറകിലൊരു വളവായതിനാല്‍ പിക്കപ്പ് പുറകിലേക്കെടുക്കാന്‍ നല്ലപോലെ ബുദ്ധിമുട്ടണം. സ്വഭാവികമായും ഞങ്ങളുടെ കാര്‍ ആണ് പുറകോട്ടു പോകേണ്ടത്. അവര്‍ പുറകോട്ടെടുക്കാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. മനോജാണെങ്കില്‍ ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ ചിരിച്ചുകൊണ്ടിരിക്കുന്നു. കുറെനേരം പറഞ്ഞുമടുത്തപ്പോള്‍ അവര്‍ വളരെ ബുദ്ധിമുട്ടി പുറകോട്ടെടുത്തു. ഞങ്ങള്‍ കടന്നു പോരുമ്പോള്‍ അവന്‍ ചെറിയ കുട്ടികളെപ്പോലെ ഉറക്കെച്ചിരിക്കുന്നുണ്ടായിരുന്നു. “മേം കഭീ പീച്ഛേ നഹി ഹഠ്ത്താ...” അതവന്‍റെ തീരുമാനമാണത്രേ. പിന്നേയും ഒന്നുരണ്ട് തവണ ഇതാവര്‍ത്തിച്ചു. ടെന്‍ഷന്‍ മുഴുവന്‍ ഞങ്ങളേറ്റെടുത്തു. മറ്റുവല്ല സ്ഥലങ്ങളുമായിരുന്നെങ്കില്‍ തല്ലാകുമായിരുന്നു.
അവന്‍റെ മഞ്ഞ I-10 കാര്‍ എത്രദൂരങ്ങളില്‍ നിന്നും തിരിച്ചറിയാമായിരുന്നു . നാട്ടിലുള്ളവരെല്ലാം തമാശയാക്കാറുണ്ടെങ്കിലും ഇത് തനിക്ക് ഇഷ്ടമായിട്ടു തിരഞ്ഞെടുത്ത നിറമാണെന്നവന്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ആ സിറ്റിയില്‍ ആകെ ഒരു മഞ്ഞക്കാറെ ഉളളുവത്രെ . എവിടെയെങ്കിലും പാര്‍ക്ക് ചെയ്യുമ്പോള്‍ നിറം മഞ്ഞയായതുകൊണ്ട് നിങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടെണ്ടി വരില്ലെന്നവന്‍ പറയുമായിരുന്നു. കോംപ്ലക്സ് കൊണ്ടല്ലേ നീയിതു പറയുന്നതെന്ന് ചോദിച്ചപ്പോഴും അവന്‍ ഉറക്കെ ചിരിച്ചു. മഞ്ഞ ഐശര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും നിറമാണെന്ന പരസ്യവാചകം ഞാന്‍ അവന്നുമുന്നില്‍ എടുത്തുനിരത്തി. അവന് പാവം സന്തോഷമായിക്കാണും.
പഴയ മൊണാസ്ട്രികള്‍, പീസ്പഗോഡാ, വെള്ളച്ചാട്ടം, മൌണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് , ഹിമാലയന്‍ റെയില്‍വേ, നേപ്പാളീ മാര്‍ക്കറ്റ് , ചായത്തോട്ടങ്ങള്‍ ,തടാകം എന്നിങ്ങിനെ പലയിടങ്ങളും കാണാനുണ്ടെങ്കിലും മൊണാസ്ട്രികള്‍ മാത്രമായിരുന്നു കുറച്ചെങ്കിലും കൌതുകം തോന്നിയത്. ആകാശം മുട്ടിനില്ക്കുന്ന ഭീമാകാരങ്ങളായ സെഡാര്‍ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരുറുമ്പിനെപ്പോലെ നമ്മള്‍ ചെറുതാവുന്നു.
ചായത്തോട്ടങ്ങളെല്ലാം തന്നെ ജൈവകൃഷിരീതിയിലാണ്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങളെപ്പറ്റിയും ആയിടെ വായിച്ച ചില ലേഖനങ്ങളെപ്പറ്റിയും അറിയാതെ വായില്‍ നിന്നു വീണു. അതോടെ അവനും പറയാന്‍ തുടങ്ങി. നല്ല തണുപ്പുകാലത്ത് ടൂറിസ്റ്റുകള്‍ കുറയുന്ന കാലത്ത് അവന്‍ ഒരു എന്‍.ജി. ഓ. യില്‍ ജോലിചെയ്യുന്നുണ്ടത്രേ. ജൈവകൃഷിയെപ്പറ്റി കൃഷിക്കാരെ ബോധവത്ക്കരിക്കുകയാണ് ആ സമയമത്രയും അവന്‍റെ ജോലി. ആ യാത്രയിലുടനീളം ഭാരതം മുഴുവന്‍ ജൈവകൃഷി നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി മാത്രമായിരുന്നു പിന്നെ അവന്‍ സംസാരിച്ചത്. വളരെ സന്തോഷവും അത്ഭുതവും തോന്നി.
തിരിച്ച് താഴ്വാരത്തില്‍ ബാഗ്ദോഗ്രയിലെ എയര്‍പോര്‍ട്ട്റോഡിന്‍റെ അവസ്ഥ അതിലും പരിതാപകാരം ആയിരുന്നു. ട്രക്കുകളും മറ്റും ആക്സിലൊടിഞ്ഞും ടയര്‍ പഞ്ചറായും നടുറോഡില്‍ കിടക്കുന്നു. ഒരു കുഴിയില്‍ നിന്നും അടുത്ത കുഴിയിലേക്ക് അടിതട്ടാതെ ചാടാന്‍ കാറുകള്‍ കുതിരവട്ടം പപ്പുവിനെപ്പോലെ കഷ്ടപ്പെട്ടുകൊണ്ടിരുന്നു. നമ്മുടെ തൃശ്ശൂര്‍ പാലക്കാട് ഹൈവേയൊക്കെ എത്ര ഭേദം. ബംഗാളിലെ പേരുകേട്ട ഒരു സുഖവാസസ്ഥലത്തിന്‍റെയും നഗരത്തിന്‍റെയും കാര്യമാണ് പറഞ്ഞത്. സ്ഥിതി കൂടുതല്‍ മോശമായിട്ടുണ്ടാവുമെന്നല്ലാതെ നന്നാവുമെന്ന പ്രതീക്ഷയൊന്നും അവിടെ ആര്‍ക്കുമില്ല. ആവശ്യത്തിന് യാത്രസൌകര്യങ്ങളില്ല. ബസ് സര്‍വ്വീസ് ഇല്ലതന്നെ. യാത്രക്കായി പാവപ്പെട്ടവര്‍ പോലും ടാക്സിയെ ശരണം പ്രാപിക്കുന്നു. മടുത്തിട്ടാണ് മറ്റൊരുകൂട്ടരെ ഭരണമേല്‍പ്പി ച്ചതെന്നവര്‍ പറയുന്നു . എന്നിട്ടെന്തുണ്ടായി എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ....
6 അഭിപ്രായങ്ങൾ:
അവിടെ എത്തിയപോലെ
കാണാൻ ആഗ്രഹമുണ്ട്
പ്രയാൺ... നല്ല വിവരണം.. മനോഹരമായ ചിത്രങ്ങൾ...
വിവരണം മനോജിനേക്കുറിച്ചും, വാഹനത്തേക്കുറിച്ചും മാത്രമായി ഒതുങ്ങിപ്പോയല്ലോ... സ്ഥലവിവരണം അല്പം വിശദമായിത്തന്നെ ആകാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്.... യാത്ര തുടരട്ടെ... :)
@ ഷാജു അത്താണിക്കല്‍
@ Shibu Thovala
താങ്ക്സ്
ഡാര്‍ജിലിങ്ങില്‍ സൂര്യോദയത്തിന്റെ ഭംഗിയും പച്ചപ്പുമല്ലാതെ പറയാന്‍ ഇതില്‍ കൂടുതലൊന്നും തോന്നിയില്ല. ഹോളിഡെയിങ്ങിനു നല്ല സ്ഥലമാണ്. പിന്നെ ട്രെക്കിങ്ങിനൊന്നും പോയുമില്ല. എന്തോ മനോജിനെ പോലൊരാളെ പുറം ലോകമറിയണമെന്ന് തോന്നി. അതുകൊണ്ടാണ് അവനെ ഹൈലൈറ്റ് ചെയ്തെഴുതിയത്
ഡാര്‍ലിംഗ് ഡാര്‍ജിലിംഗ്
ചിത്രങ്ങള്‍ നന്നായി, ചേച്ചീ
യാത്ര തുടരൂ മച്ചാ.
വീണ്ടും വരാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ