സുമ അതു പറഞ്ഞപ്പോള്‍ നടുങ്ങിയതെന്തിനായിരുന്നു...............സുമയും ദേവനും ഒരുമിച്ചുജീവിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല.
മനസ്സുകൊണ്ട് യാതൊരു പൊരുത്തവുമില്ലാത്ത സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് അന്യ ഗ്രഹങ്ങള്‍ എന്നേ അവരുടെ കൂടെയിരിക്കുമ്പോള്‍ തോന്നിയിട്ടുള്ളു. മനസ്സുകൊണ്ടുള്ള അവളുടെ ഈ ആത്മഹത്യ എന്തിനായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പുരോഗമനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി എന്നോ വീടുവിട്ട് സ്വതന്ത്രയായ അവള് വെറും തനി നാടന്‍ചിന്താഗതികളുമായി ജിവിക്കുന്ന ഒരു സാധാരണക്കാരനുമായി ഇങ്ങിനെയൊരു ബന്ധനത്തിന് എന്തിനു സമ്മതിച്ചു എന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടാറില്ല.സമൂഹത്തെ ഭയക്കുന്ന വീട്ടുകാരുടെ നിര്‍ബ്ബന്ധമെന്ന് കാരണം പറഞ്ഞാലും ന്യായീകരിക്കാന്‍ എന്തൊ മനസ്സു തെയ്യാറാവുന്നില്ല.
" നീയെന്തിനു ടെന്‍ഷനടിക്കുന്നു........അവളായിട്ടു വരുത്തിവെച്ചതല്ലെ "എന്ന് അവന്റെ വാദം കേട്ടപ്പോള്‍ എന്തോ അവനോടും ദ്വേഷ്യം തോന്നി."സ്വന്തമായി ജോലിയുള്ള പെണ്‍കുട്ടികള്‍ക്ക് കല്യാണം കഴിച്ചാലേ ജീവിക്കാന്‍ പറ്റുള്ളുവെന്നാരാണ് പറഞ്ഞത്....." അവന് തുടക്കം മുതല്‍ ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. "ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല കുടുംബജീവിതം" . അവന്റെയും മോളുടെയും അഭിപ്രായസാദൃശ്യം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. "വെറുതെ അവന്റെ ജീവിതവും നശിപ്പിച്ചു".. പാവം....... അവന്റെ വളരെ അടുത്ത സുഹൃത്താണ് ദേവന്. വിവാഹത്തിനു ശേഷമാണ് സുമയെ ഞാന്‍ പരിചയപ്പെടുന്നതെങ്കിലും ഞങ്ങള്‍ തമ്മില്‍ ഒരുപാടുകാലത്തെ പരിചയമുള്ളപോലെയായിരുന്നു.
"അവളിങ്ങിനെയാണെന്നറിഞ്ഞുതന്നെയല്ലെ ഈ വിവാഹം നടന്നത്........വെറുതെ അവളെ മാത്രം കുറ്റം പറയണ്ട.........." എനിക്ക് അവളുടെ ഭാഗം പറയാതിരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കല്യാണം വേണ്ടെന്നുള്ള തീരുമാനത്തിലുറച്ചുനില്‍ക്കാഞ്ഞത് അവളുടെ തെറ്റാണെന്നു എന്റെ മനസ്സും പറഞ്ഞുകൊണ്ടിരുന്നു.കുറെ അനാഥക്കുട്ടികളെ ദത്തെടുത്ത് അവരുടെ അമ്മയായി ജീവിക്കാനായിരുന്നു അവളുടെ മോഹം .
ഈ സംസാരം ഞങ്ങളുടെ വഴക്കിലവസാനിക്കുമെന്ന് തോന്നിയതുകൊണ്ടാവം രണ്ടുപേരും പിന്നെയൊന്നും പറഞ്ഞില്ല.ഞങ്ങളുടേത് വളരെയധികം പൊരുത്തങ്ങളുള്ള ഒരു ദാമ്പത്യമായിരുന്നിട്ടും അവളുടെ സ്ഥാനത്തുനിന്നു ചിന്തിക്കാന്‍ എനിക്ക് ഒരു പെണ്ണിന്റെ മനസ്സു മാത്രം മതിയായിരുന്നു.അവനോട് പറയാതിരുന്ന പല കാര്യങ്ങളും എന്റെ മനസ്സില്‍ പതഞ്ഞു പൊങ്ങി. സാഹചര്യം മാറുന്നതിനനുസരിച്ച് ബന്ധങ്ങളെപ്പറ്റിയുള്ള നമ്മുടെ സങ്കല്പങ്ങള്ക്കും ഒരുപാട് മാറ്റം വന്നിരിക്കുന്നു.പക്ഷെ ഇതൊരൊറ്റപ്പെട്ട അനുഭവമാണെന്നു തോന്നിയില്ല. വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി വൈകിയ വേളയിലെ വിവാഹവും ഒരഡ്ജസ്റ്റ്മെന്റ് പോലെ ആര്‍ക്കോ വേണ്ടി മുന്നോട്ടു പോകുന്ന ജീവിതവും എത്ര മടുപ്പിക്കുന്നതായിരിക്കും. പാവം അവള്‍ക്കൊപ്പമെത്താന്‍ ദേവനും ദേവന്റെ കൂടെനില്ക്കാന് അവളും ഓടിക്കിതച്ച് എവിടെയുമെത്താതെ തളര്‍ന്നു വീഴുന്നത് പറഞ്ഞ് അവള് തന്നെ എന്റെ മുന്നില്‍ എത്ര കരഞ്ഞിട്ടുണ്ട്.
അങ്ങിനെയുള്ള യാത്രയിലെവിടെയോ തന്നെ മനസ്സിലാക്കാന്‍ പറ്റുന്ന തന്റെ മോഹങ്ങളെ ചിറകിലേറാന്‍ കെല്‍പ്പുള്ള ഒരു കൂട്ടുകാരനെ അവള് കണ്ടെത്തിയെങ്കില്‍ കുറ്റം പറയാന്‍ തോന്നുന്നില്ല.
ദൂരെ കടലിന്റെ സ്നേഹത്തിനുനേരെ കുതിക്കുമ്പോള്‍ വഴിയില്‍ അരുവികളുടെ സമര്‍പ്പണത്തില്‍ തളരുന്ന പുഴ ആ മധുരം ആസ്വദിക്കാനാവാതെ ഉള്ളം കലങ്ങി മറിയുമ്പോഴും വേഗത വീണ്ടെടുത്ത് ശാന്തയായ് കടലിന്നു സമര്‍പ്പിതയാവുമ്പോള്‍ നഷ്ടബോധം തോന്നുന്നുണ്ടാവുമോ.............. 3/2/10
(എല്ലാം സങ്കലപ്പ കഥാപാത്രങ്ങളാണെന്ന് മുങ്കൂര്‍ ജാമ്യം)
4 അഭിപ്രായങ്ങൾ:
ജീവിതത്തിന്റെ തീക്ഷണമായ ഒരു തലം ഒപ്പിയെടുക്കുന്ന വേദനപരമായ ഒരു അനുഭവം
നഷ്ടബോധം തോന്നിയിട്ടെന്തു കാര്യം?
ഒറ്റയ്ക്ക് ജീവിക്കാന്‍ ആഗ്രഹിക്കുനവരെ അവരുടെ വഴിക്ക് വിടുന്നതാവും നല്ലത്. അല്ലെങ്കില്‍ ഒരാളുടെ ജീവിതം കൂടെ തകര്‍ത്തത് പോലെ ആവും.
അനൂപ് , എഴുത്തുകാരി , കണ്ണനുണ്ണി വായിച്ച്തിന്നും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ