വ്യാഴാഴ്‌ച, മാർച്ച് 08, 2012

രാധായനം..........


കാത്തിരിപ്പുണ്ട് നിന്നെഞാന്‍ നിറം ചോര്‍ന്ന
നേര്‍ത്തചേലാഞ്ചലം പിഞ്ഞിയതൊളിപ്പിച്ച്
ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ് 
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി

അഴലില്‍ക്കണ്ണീരു വാര്‍ത്തു കഴുകിക്കളഞ്ഞൊരു 
കറുപ്പും, കനല്‍ വെന്ത ചുവപ്പും , ഹരിതാഭം
നിറക്കും നമ്മുടെമോഹം വിരിച്ച തൂനറുംപട്ടും,
കൊടുംവേനലിളംമഞ്ഞ, തണുത്തൂറുമിന്ദ്രനീലം,
കുഴല്‍ച്ചെത്തം തിരഞ്ഞെത്തും കുയില്‍ക്കൂട്ടം, കുടമണി
കുലുക്കിക്കാതോര്‍ത്തുനില്ക്കും പശുക്കളും, കളിചൊല്ലും
യമുനയും കളവാണീ കഥനങ്ങള്‍ - കഥ മാറി
ധവളാഭം മധുവനം വിധുരര്‍ വിയോഗതപ്തര്‍ 
വിരക്തവിപ്രലാപത്താല്‍ വിസൃതവൃന്ദാവനം 
വിഷലിപ്തം യമുനയും വിധിയെന്ന് വരളുന്നു.........
നിറം കാണാതമര്‍ന്നതാം നിറംചോരാക്കനവുകള്‍
നിരത്തിനാം വരച്ചിട്ട നിണംപായും നിറച്ചാര്‍ത്തിന്‍
നിറക്കൂട്ടിന്‍ നിഴല്‍മാത്ര,മിതില്‍ വീണ്ടും നിറക്കേണം
കിളിര്‍ത്ത മോഹങ്ങള്‍ പൂത്ത തുടുത്തചായങ്ങളാലെ....
തളിര്‍ക്കേണം മധുവനം നിരതം പുഷ്പ്ങ്ങള്‍ ചാര്‍ത്തി
പറക്കേണം മഴവില്ലിന്‍ കുനുകുഞ്ഞു ശലഭങ്ങള്‍ .
 
കാത്തിരിപ്പുണ്ട് നിന്നെഞാന്‍ നിറം ചോര്‍ന്ന
നേര്‍ത്തചേലാഞ്ചലം പിഞ്ഞിയതൊളിപ്പിച്ച്
ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ് 
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി


ഹോളിയുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകള്‍

18 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

കളിചൊല്ലും
യമുനയും കളവാണീ കഥനങ്ങള്‍

മുകിൽ പറഞ്ഞു...

കഥ മാറി
ധവളാഭം മധുവനം വിധുരര്‍ വിയോഗതപ്തര്‍
വിരക്തവിപ്രലാപത്താല്‍ വിസൃതവൃന്ദാവനം
വിഷലിപ്തം യമുനയും വിധിയെന്ന് വരളുന്നു.........

കാലം കടന്നു പോയ വഴികളിലൂടെ, നല്ല സഞ്ചാരം. ഉള്ളു വിയര്‍പ്പിക്കുന്നതെങ്കിലും. വരികള്‍ മനോഹരമായി.

ശ്രീ പറഞ്ഞു...

നന്നായി, ചേച്ചീ

ഹോളി ആശംസകള്‍!

ente lokam പറഞ്ഞു...

Ormakalil Niram mangiya
Yamunayude dukham bhangiyayi
Ezhuthi.....I can't get Malayalam font
On this....

Nirangalude ulsava ashamasakal...

Sabu Kottotty പറഞ്ഞു...

അൽപ്പം കടുത്ത പദങ്ങളാൽ സമൃദ്ധിപൂണ്ടതെങ്കിലും വരികളിൽ അർത്ഥ സമ്പുഷ്ടിയുടെ കൂടെ വർണ്ണങ്ങൾ കൂടി വിതറിയപ്പോൾ കവിതാസ്വാദനത്തിന് അതിന്റെ പൂർണ്ണത കൈവരുന്നതുപോലെ തോന്നി.

Anil cheleri kumaran പറഞ്ഞു...

ലോഭമില്ലാത്ത പദസമ്പത്ത്.. നന്നായിട്ടുണ്ട്.

yousufpa പറഞ്ഞു...

രാവിലെന്നെ ന്റെ കീഴുദ്യോഗസ്ഥ ഹാപ്പി ഹോളി പറഞ്ഞു. ഞാന്‍ പറഞ്ഞു "മ്മള് കേരളക്കാര്‍ക്ക് എന്ത് ഹോളി..?"
അപ്പൊ , ആ കുട്ടി പറഞ്ഞു -"ഈ മൂന്നു കൊല്ലത്തിനു മുന്‍പ് ന്റെ ജീവിതം അവിടെ ആയിരുന്നില്ല്യെ ..ആ ഗൃഹാതുരത്വം മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ,അതോണ്ട് പറഞ്ഞതാ.."
ന്റെ മനസ്സ് വല്ലാണ്ടായി .അങ്ങനെരിക്കുംപോഴാ ഈ കവിത വായിച്ചത്.ഈ ഹോളിക്ക് ഇങ്ങനെ ഒരു തലം ഉണ്ടെന്ന്‍ ഇപ്പൊ മനസ്സിലായി.
ഒപ്പയുടെ എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട് ,

Unknown പറഞ്ഞു...

ഹോളി ആശംസകള്‍ ...

ഇത് വായിച്ചു മുഴുവന്‍ മനസിലാക്കാന്‍ ഡിക്ഷ്ണറി കൂടി എടുത്തു വെക്കണം ....

പദങ്ങളെ ഇത് പോലെ ഇഴകി ചേര്‍ത്ത് എഴുതാന്നുള്ള കഴിവ് അപാരം

SUNIL . PS പറഞ്ഞു...

എന്റെ ബോധക്കുറവ് കൊണ്ട് കുറച്ചൊന്നും മനസിലായില്ലെങ്കിലും ആസ്വദിച്ചു,, നല്ല കവിത

ആശംസകള്‍

ജന്മസുകൃതം പറഞ്ഞു...

നല്ല കവിത...
ഹോളി ആശംസകള്‍!

വിജീഷ് കക്കാട്ട് പറഞ്ഞു...

സുഗതകുമാരി ടീച്ചര്‍ പറഞ്ഞപോലെ- ആവര്‍ത്തനത്താല്‍ വിരസമായ് തീരാത്ത ആ ഒന്ന്-പ്രണയം- അതും രാധാകൃഷ്ണ പ്രണയം....നന്നായിരിക്കുന്നു.....

ശ്രീനാഥന്‍ പറഞ്ഞു...

നരച്ചു, ചേല പിഞ്ഞി, യമുനയിൽ പുതുകാളിയ വിഷം ..എന്നിട്ടും രാധ കാത്തിരിക്കുന്നു, പാടുന്നു, എത്ര മധുരം,വിഷാദം, ആശാഭരിതം ... !

the man to walk with പറഞ്ഞു...

ഒരു പുരുഷനെ തേടി അലഞ്ഞ ആയിരം ഗോപികമാരും രാധയും ..?വനിതാ ദിനത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ ..?

Prabhan Krishnan പറഞ്ഞു...

"..ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ്
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി.."

ഇഷ്ട്ടായി.
മാലയിൽ മുത്തെന്ന പോലെ, ചേർന്നു സുന്ദരമായ
വരികൾ..!
ആശംസകൾ..പുലരി

achoose പറഞ്ഞു...

കാത്തിരിപ്പുണ്ട് നിന്നെഞാന്‍ നിറം ചോര്‍ന്ന
നേര്‍ത്തചേലാഞ്ചലം പിഞ്ഞിയതൊളിപ്പിച്ച്
ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ്
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി
nalla varikal

Unknown പറഞ്ഞു...

സുന്ദരം :)

പ്രയാണ്‍ പറഞ്ഞു...

താങ്ക്സ് ഫ്രെന്‍ഡ്സ്...... വാക്കുകള്‍ക്ക് കടുപ്പം കൂടിയെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്.....ഇത്രയുംകാലം വളരെ ലളിതം എന്നൊക്കെ കേട്ടു ലെവലൊന്ന് പിടിച്ച് തിരിച്ചതാണ്‍....:)
ഒരര്‍ത്ഥത്തില്‍ ഇതും വനിതാദിന പോസ്റ്റു തന്നെ... വൃന്ദാവനത്തിലെ വിധവകളും സ്ത്രീകള്‍ തന്നെയാണല്ലോ..

Aravind പറഞ്ഞു...

Malayalathil inganeyum vakukal undenne arinju. :)