വെള്ളിയാഴ്‌ച, ജനുവരി 16, 2009

രണ്ടു കവിതകള്‍


1-ദയാവധം

( സമര്‍ പറഞ്ഞ കഥ അല്ലെങ്കിലൊരു നടന്ന സംഭവം )
ഇവള്‍ എന്റെ അനിയത്തി 'അമര്‍'രണ്ട് വയസ്സ്
ഒരു പാവക്കുഞ്ഞിനെപ്പോലെ.......
അവള്‍ എനിക്ക് മൂത്തത് 'സൗദ്' എട്ടു വയസ്സ്
ഒരു വെള്ളരിപ്രാവിനെപ്പോലെ....
ഞാന്‍ സമ്ര്‍ ആറുവയസ്സ്
സ്നേഹമുള്ളവരെന്നെ സൊസൊ എന്നു വിളിച്ചു.
ഞങ്ങള്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.
ഞങ്ങളുടെ വീട്ടുമുറ്റത്ത്....എന്നത്തേയും പോലെ.
ടാങ്കുകളും പീരങ്കികളുമായി വന്ന് അവര്‍
ഞങ്ങളുടെ വീട് തകര്‍‍ത്തു.
ഉമ്മ അടുക്കളയിലായിരുന്നു.ഉപ്പ ടീവിക്ക് മുന്നിലും.
അവരുടെ വെടിയുണ്ടകളേറ്റ് ഞങ്ങള്‍
മരിച്ചിരുന്നു.ഞങ്ങള്‍ മൂന്നുപേരും...
അമറും സൗദും സ്വര്‍ഗ്ഗത്തിലേക്ക് പോയി.
ഉപ്പയുടെയും ഉമ്മയുടെയും അടുത്തെക്ക്.
ഞാനിവിടെ ഈ ആശുപത്രിയില്‍
വെടിയുണ്ട എന്റെ നട്ടെല്ലു തകര്‍ത്തിരിക്കുന്നു.
എനിക്കു ചുറ്റും എന്നെപ്പോലുള്ള
നൂറായിരം കുട്ടികളുടെ കരച്ചില്‍ മാത്രം.
എനിക്കിഷ്ടമല്ലിവിടം...എനിക്ക് പോകണം
വീട്ടിലേക്കല്ല...അമറിന്റെയും സൗദിന്റെയുമടുത്ത്
സ്വര്‍ഗ്ഗത്തിന്റെ സുരക്ഷിതത്വത്തിലേക്ക്...


2-ശിരോലിഖിതം

നിന്‍ ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍ നീ
കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...

അലറിക്കരഞ്ഞുകൊണ്ടതു
പോല്‍കോപം കൊണ്ട്
കടലായ് കൊടുങ്കാറ്റായ്
ചിതറിതെറിച്ചു പിന്നി-
ടയില്‍തണുത്തുറഞ്ഞൊടുവില്‍
മനം വെന്ത മരു പോലചഞ്ചല
നിര്‍വീര്യയായ്നീയെന്നോ...

ഒന്നുരണ്ടല്ല ... നൂറ്റി
യെട്ടിലുമൊതുങ്ങാതി-
ന്നെണ്ണൂന്നു കബന്ധങ്ങള്‍
നിന്റെ മക്കളന്ന്യോന്ന്യം...
ഒരുവഴി ചെന്നെത്തുവാന്‍
കര്‍മ്മത്തിന്‍ഫലത്തേക്കാള്‍
ഒരുപിടി അവിലേ നല്ലൂ
എന്നല്ലോ നിനപ്പിവര്‍.....

കൊഞ്ചിച്ചു വഷളാക്കി
മക്കളെയെന്നോ
കാന്തന്‍ ചൊല്ലുന്നു കോപം
കൊണ്ടു തുടുത്ത നയനങ്ങളാല്‍.....
ഉയരുന്നൂഷ്മാവത്രെ
നിന്റെ നെഞ്ചിലെയഗ്നി
നിന്നുകത്തുകയാവാം
അതിഘോരമനുദിശം....

നിന്‍ ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍
നീ കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...

4 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഉയരുന്നൂഷ്മാവത്രെ
നിന്റെ നെഞ്ചിലെയഗ്നി
നിന്നുകത്തുകയാവാം
അതിഘോരമനുദിശം....

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

'നിന്‍ ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍
നീ കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...'

നല്ല വരികള്‍!!
ആശംസകള്‍.....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

രണ്ടു കവിതയും നന്നായിട്ടുണ്ട്.എനികിഷ്ടപ്പെട്ടത് ആദ്യകവിതയാണ്

പ്രയാണ്‍ പറഞ്ഞു...

നന്ദിയുണ്ട് വന്നതിന്നും ഇഷ്ടപ്പെട്ടതിനും......