ചൊവ്വാഴ്ച, ജൂൺ 09, 2009

അന്ന്.....ഇന്നും.


എഴുത്തിന്റെ മൂലയിലിരുന്ന്
അടുത്ത വീട്ടിലെ പൂച്ച
വീട്ടിലെ അടുക്കളയില്‍
പാല് കട്ടുകുടിച്ച് ഏമ്പക്കമിട്ടു.....
പശു പെറ്റെഴുന്നേറ്റ്,
നെറ്റിയില്‍ ചുട്ടിയുള്ള
മഷിയെഴുതിയ കണ്ണുകളുള്ള
പശുക്കുട്ടി വരികള്‍ക്കിടയിലൂടെ
നീണ്ട വാലുപൊക്കി
നിര്‍ത്താതെ ഓടിക്കളിച്ചു.....
പിന്നെ ആരുടെയോ
കല്യാണ സദ്യയുടെ
മെനുകാര്‍ഡ്...
പെണ്ണിന്റെ കഴുത്തിലെ
ആഭരണങ്ങളുടെ കനം,
സാരിയുടെ നിറം,
തോട് അഴുകിയിട്ടും
കുളിക്കാന്‍ വന്ന
പെണ്ണുങ്ങളുടെ കലപില
തെങ്ങിലെ തേങ്ങയിട്ടത്
നാലും അഞ്ചും പേജില്‍
ഒതുങ്ങാതെ ഒഴുകുന്ന
അമ്മയുടെ തിരക്കഥയില്‍
സംഭാഷണമില്ലാത്ത
ഒരു അവാര്‍ഡ് സിനിമ
കണ്ട സുഖം......
അതൊക്കെ പണ്ട്...
ഇന്ന് ഫോണിലൂടെയും
ഇതൊക്കെത്തന്നെ....പക്ഷെ
റസൂല്‍ പൂക്കുറ്റിയുടെ
ശബ്ദ സംയോജനത്തോടെ
ഒരു സെക്കന്റ് പാഴാക്കാത്ത
മുഴുനീളന്‍ സംഭാഷണം
അരമുക്കാല്‍ മണിക്കൂര്‍...
അച്ഛനുണ്ടായിരുന്നെങ്കില്‍
പറയുമായിരുന്നു...
അഞ്ചുരൂപയുടെ
ഒരെഴുത്തിനു പകരം
അന്‍പതുരൂപയുടെ
ഒരു ഫോണ്‍ വിളി.
അമ്മ പിണങ്ങി ഫോണ്‍ വിളി
പിന്നെ ഒരാഴ്ച്ചക്ക്
നീട്ടിവെക്കും.15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

അമ്മയുടെ തിരക്കഥയില്‍
സംഭാഷണമില്ലാത്ത
ഒരു അവാര്‍ഡ് സിനിമ
കണ്ട സുഖം......
റസൂല്‍ പൂക്കുറ്റിയുടെ
ശബ്ദ സംയോജനത്തോടെ
ഒരു സെക്കന്റ് പാഴാക്കാത്ത
മുഴുനീളന്‍ സംഭാഷണം
ഇതിലേതിനാണ് സുഖം കൂടുതലെന്നുള്ള റിസര്‍ച്ചിലാണ്....ഒരുപക്ഷെ ആദ്യത്തേതിനാവും.... വീണ്ടും വീണ്ടും വായിക്കാലോ...

Typist | എഴുത്തുകാരി പറഞ്ഞു...

ഫോണ്‍ വിളിക്കാനെങ്കിലും ഒരു അമ്മയുണ്ടല്ലോ.

സമാന്തരന്‍ പറഞ്ഞു...

അകലെയാകും തോറും പലപ്പോഴും ഫോൺ വെച്ച ശേഷമല്ലേ സംഭാഷണങ്ങൾ തുടങ്ങുന്നത്..?
രണ്ടിന്റേയും സുഖം രണ്ട്..

കാപ്പിലാന്‍ പറഞ്ഞു...

എത്ര മനോഹരമായിട്ടാണ് ഇത് അവതരിപ്പിച്ചത് .
അന്നും ഇന്നും .
ഈ പറഞ്ഞത് സത്യമാണ് .
ഒരു കത്ത് വായിക്കുന്ന സുഖം ഫോണില്‍ കിട്ടില്ല .

കണ്ണനുണ്ണി പറഞ്ഞു...

പക്ഷെ അമ്മയുടെ ആ ഫോണ്‍ വിളി ഒരു രണ്ടീസം മുടങ്ങിയാല്‍ അറിയാം അതിന്റെ വിഷമം. .... പെട്ടെന്ന് ഒറ്റയ്ക്കായത് പോലെ തോന്നി പോവും...

ജ്വാല പറഞ്ഞു...

വീണ്ടും വായിക്കാവുന്ന ആ“ നീലത്താളുകള്‍“ തന്നിരുന്ന സുഖം ഈ ഫോണ്‍ വിളിക്കോ ഈ മെയില്‍ നിന്നോ കിട്ടുന്നില്ല.സത്യം.

പ്രയാണ്‍ പറഞ്ഞു...

എഴുത്തുകാരി,
സമാന്തരന്‍,
കാപ്പിലാന്‍,
കണ്ണനുണ്ണി,
ജ്വാലവന്നതിന്നും അഭിപ്രായത്തിനും നന്ദി. ഇന്നലെ 'കുട്ടൂനെ'(മോന്‍)വിളിച്ചപ്പോള്‍ അവന്റെ പരിഭവം നിങ്ങളെന്നെ മറന്നൊയെന്ന്....മൂന്നു ദിവസമല്ലെ ആയുള്ളു എന്നു ഞാനും. കണ്ണനുണ്ണീടെ കമന്റ് കണ്ടപ്പോള്‍ കാര്യം മനസ്സിലായി....പിന്നെ രാത്രി അമ്മയെ വിളിച്ച് അരമണിക്കൂര്‍ സാധാരണപോലെ....

ഗീത പറഞ്ഞു...

ആദ്യത്തേതിനു തന്നെ കൂടുതല്‍ മധുരം.
കത്തുകളും കാര്‍ഡുകളും ഒരിക്കലും കളയാറില്ല. എന്നും കൊണ്ടുനടക്കുന്ന ബാഗിന്റെ ഉള്ളറകളിലൊന്നില്‍ സൂക്ഷിച്ചുവച്ച് ഒപ്പം കൊണ്ടുനടക്കും.

Bindhu Unny പറഞ്ഞു...

അമ്മയുടെ തിരക്കഥ തന്നെ നല്ലത് :-)

Shaivyam...being nostalgic പറഞ്ഞു...

കത്തെഴുതിയ കാലം മറന്നു...കിട്ടിയിട്ടും!

പാവത്താൻ പറഞ്ഞു...

എനിക്കു മനസ്സിലാകാത്ത കുറെ വാക്കുകളുള്ള കവിത(അപരിചിതമായ, സാധാരണമല്ലാത്ത വാക്കുകൾ കവിതയിലുപയോഗിക്കുമ്പോൾ അവ എന്താണെന്നു ഒരു വിശദീകരണക്കുറിപ്പു കൂടി കൊടുത്തിരുന്നെങ്കിൽ കവിത എല്ലാവർക്കും ആസ്വദിക്കാമായിരുന്നു)
വിശദീകരണം ആവശ്യമുള്ള ചില വാക്കുകൾ:എഴുത്ത്‌,പശു,തോട്‌,തെങ്ങ്‌,അമ്മ, അഛൻ. etc

പ്രയാണ്‍ പറഞ്ഞു...

ഗീത് , ബിന്ദു, ശൈവ്യം പിന്നെയും വായിക്കമെന്നതു കൊണ്ട് എഴുത്തു തന്നെയാണ് സുഖം.പക്ഷെ ആര്‍ക്കാണ് സമയം. ....പാവത്താനെ നെനക്ക് ഞാന്‍ വെച്ചിട്ടുണ്ട്....എന്നെങ്കിലും ഒരു മീറ്റില്‍ കാണുമായിരിക്കും....

ബഷീർ പറഞ്ഞു...

കത്തെഴുത്ത് മറന്ന് തുടങ്ങിയിരിക്കുന്നു. ഈ ബ്ല്ലോഗെഴുത്തില്ലായിരുന്നെങ്കിൽ കത്തെഴുത്ത് മറന്നതും അറിയാതെ പോവുമായിരുന്നു.

പാവത്താൻ പറഞ്ഞത് ഒരിക്കൽ കൂടി വായിച്ചാൽ മനസിലാക്കാം. പുതു തലമുറക്ക് അപരിചതമായ വാക്കുകൾ തന്നെയല്ലേ അതൊക്കെ

പി.ആര്‍.രഘുനാഥ് പറഞ്ഞു...

nallathu

ചാണക്യന്‍ പറഞ്ഞു...

“അച്ഛനുണ്ടായിരുന്നെങ്കില്‍
പറയുമായിരുന്നു...
അഞ്ചുരൂപയുടെ
ഒരെഴുത്തിനു പകരം
അന്‍പതുരൂപയുടെ
ഒരു ഫോണ്‍ വിളി.:- ഈ വരികള്‍ ഏറെ ഇഷ്ടമായി...