ഞായറാഴ്‌ച, ഒക്‌ടോബർ 04, 2009

ആര്‍ദ്രിതം.........


ഇന്നലെയും ഞാനവളെക്കണ്ടതെയുള്ളു,
കൊക്കിക്കുരച്ച് ഇതേ നടവഴിയില്‍
കീറിപ്പറിഞ്ഞ എങ്ങുമെത്താത്ത വസ്ത്രങ്ങളില്‍
ചവിട്ടുകിട്ടിയ പുഴുവിനെപ്പോലെ ചുരുണ്ടുകൂടി....

അവളുടെ മകളാണ് തൊട്ടുവിളിച്ചത്
വിശപ്പിന്റെ കടല്‍ വഴിയുന്ന കണ്ണുകള്‍കൊണ്ട്.
അവള്‍ തൊട്ടയിടം തൂവാലകൊണ്ട് തുടച്ച്
ഒരു നാണയമെടുത്ത് വലിച്ചെറിഞ്ഞ്
തിടുക്കത്തില്‍ നടന്നത് ഇന്നലെയായിരുന്നു.

ഇന്നും അവളുണ്ടിതേ നടവഴിയില്‍
ഇതുവരെ അണിഞ്ഞിട്ടില്ലാത്ത അലങ്കാരങ്ങളില്‍
കോടിവസ്ത്രങ്ങള്‍, നെറ്റിയില്‍ കുംങ്കുമം
സമൃദ്ധികവിയുന്ന പിച്ചപ്പാത്രം......
പറയാതെയെത്തിയ അതിഥികള്‍
പരന്നു നിറയുന്ന ചന്ദനസുഗന്ധം....!
അവളുടെ മുഖത്ത് നിന്നും ഈച്ചയെ മാറ്റുന്ന
മകളുടെ കണ്ണുകളിലിന്നും വിശപ്പിന്റെ ദൈന്യത.

2 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

................

പാവത്താൻ പറഞ്ഞു...

അവളെ തൊട്ട കൈ കൊണ്ടു തന്നെ “അയാള്‍“ എന്നെയും തൊടും. അപ്പോള്‍ തുറ്റച്ചു വൃത്തിയാക്കാന്‍ എന്റെ കൈകള്‍ക്കാവില്ലല്ലോ.