ചൊവ്വാഴ്ച, ജൂൺ 03, 2014

മാത്ത്മോര്‍ഫോസിസ്


പണ്ട് പണ്ട്
സന്ധ്യ മൊളയുമ്പോ
പകലൂണും കഴിഞ്ഞ്
ഏട്ടുമണിയുടെ ചലച്ചിത്രഗാനം കേട്ട് കേട്ട്
കണ്ണുകള്‍ പതുക്കെ അടഞ്ഞടഞ്ഞു പോകുമ്പോഴാണ്
അച്ഛന്‍ കണക്കുമാഷ് കളിയ്ക്കാന്‍ തുടങ്ങുന്നത്.

സ്കൂളില്‍ രാവിലെത്തൊട്ട് കളിക്കണ കണക്കിലെ കളി
വീട്ടിലെത്തുമ്പോള്‍ കാര്യമാകുന്നത്
ഒരൊഴുക്കന്‍ വീട്ടുകണക്കിന് ജീവിതമെന്ന്‍
ഇരട്ടപ്പേര്‍ വീഴുന്നത് അപ്പോഴാണ്.....

ആദ്യം കേള്‍ക്കുന്നത്
തെക്കേയകത്തെ മരക്കസേര മേശയോട് ചേര്‍ത്തിടുമ്പോള്‍
ഉറക്കപ്പിച്ചില്‍ ഇഷ്ടികനിലം പിറുപിറുക്കുന്നതാണ്.
പിന്നെ ഇരുട്ടിലേക്കൊരു ചോദ്യമുയരും.

'അതേയ് ഇന്നെന്തൊക്ക്യാ....'

ഇരുട്ടിന് ജീവന്‍ വെച്ചപോലെ
പശു മുതല്‍ പടിപ്പുര വരെ
അണക്കണക്കും മുഴുക്കണക്കും മുക്കാക്കണക്കും
വിളിച്ച്കൂവാന്തുടങ്ങും!

കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും
ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും കണക്കായിരുന്നോ എന്ന്‍
അച്ഛന്‍ സംശയിച്ചു തുടങ്ങുന്നതപ്പോഴാണ്..

എത്ര വളച്ചാലും രണ്ടറ്റോം കൂട്ടിമുട്ടി വട്ടമെത്തിക്കില്ലെന്ന്
കണക്ക് കടുംപിടുത്തം പിടിക്കുന്ന ഒരു നിമിഷം
അമ്മയുടെ ഉത്തരക്കടലാസില്‍ പൂജ്യങ്ങള്‍ പെറ്റുപെരുകും.

ഫെയില്‍ എന്നെഴുതിയൊപ്പിട്ട് അച്ഛനുറങ്ങാന്‍ പോകും.

അമ്മ മൂക്ക് ചീറ്റി ഞങ്ങളോടൊപ്പം പറ്റിച്ചേര്‍ന്ന്കിടക്കും.

പിന്നെപിന്നെ ഞങ്ങളെ കണക്ക് പഠിപ്പിച്ച് പഠിപ്പിച്ച്
അമ്മ കണക്കില്‍ ഫുള്‍ മാര്‍ക്കോടെ പാസ്സാവാന്‍ തുടങ്ങി.

വാല് ബിയെബീടിയില്‍ നിന്നും എമ്മെബീടിവരെ വളര്‍ന്നിട്ടും
ഒരു സാദാകണക്കുമാഷ്ന്ന് ഹെഡ്മാഷായി കയറ്റം കിട്ടിയിട്ടും 
അച്ഛന്‍റെ കണക്ക് തട്ടീം മുട്ടീം മരിക്കുംവരെ
കൂട്ടിമുട്ടില്ലെന്ന് വാശിപിടിച്ചുതന്നെയിരുന്നു!

പാവം!
ഇപ്പൊഴിപ്പോള്‍
വീണ്ടും എത്ര കൂട്ടീട്ടും കിഴിച്ചിട്ടും ഒരുമിപ്പിക്കാന്‍ പറ്റാതെ
അമ്മേടെ കണക്കിലെ എണ്ണങ്ങളെപ്പോഴും കുതറിയോടും...

മോളിലിരുന്ന് അച്ഛന്‍
ഓരോ കണക്ക് പേപ്പറിലും ഫെയില്‍ എന്നെഴുതി മടുക്കുന്നുണ്ടാവും...

ഉത്തരമെഴുതിമടുത്ത പരീക്ഷാഹാളില്‍
പരീക്ഷ തീര്‍ന്നാലത്തെ അവധിക്കാലം കൊതിച്ചു കൊതിച്ച്
അമ്മയ്ക്കും മടുത്തുകാണും.

ഉരുട്ടിയെഴുതി കൂട്ടിയും കുറച്ചും ശരിയിലെത്തിക്കാവുന്ന
ഒന്നല്ല ജീവിതമെന്ന്പാതിയുറക്കത്തില്‍ പഠിച്ചത്
വേണ്ടപോലെ തലയില്‍ കേറാഞ്ഞത് കൊണ്ടാവണം
ഞങ്ങള്‍ ഇപ്പൊഴും അക്കങ്ങളുടെ പുറകെ ഓടിക്കൊണ്ടേയിരിക്കുന്നത്.....

6 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

ഉരുട്ടിയെഴുതി കൂട്ടിയും കുറച്ചും ശരിയിലെത്തിക്കാവുന്ന
ഒന്നല്ല ജീവിതമെന്ന്പാതിയുറക്കത്തില്‍ പഠിച്ചത്
വേണ്ടപോലെ തലയില്‍ കേറാഞ്ഞത് കൊണ്ടാവണം
ഞങ്ങള്‍ ഇപ്പൊഴും അക്കങ്ങളുടെ പുറകെ ഓടിക്കൊണ്ടേയിരിക്കുന്നത്.....

നല്ല വരികള്‍
നല്ല കവിത

© Mubi പറഞ്ഞു...

"ഒരൊഴുക്കന്‍ വീട്ടുകണക്കിന് ജീവിതമെന്ന്‍ ഇരട്ടപ്പേര്‍..." കണക്കിനോട് ഇഷ്ടക്കേട് ഉണ്ടെങ്കിലും ഈ കണക്ക്‌ ഇഷ്ടായിട്ടോ...

AnuRaj.Ks പറഞ്ഞു...

Complex analysis.....

ajith പറഞ്ഞു...

ഭൂലോകത്തിന്റെ സ്പന്ദനം............!!!

സൗഗന്ധികം പറഞ്ഞു...

ജീവിതം....!!!


നല്ലൊരു കവിത


ശുഭാശംസകൾ......


viddiman പറഞ്ഞു...

ഏറ്റവും ഇഷ്ടപ്പെട്ടത് കവിതയുടെ പേരു തന്നെ.

അതിനൊത്ത് അർത്ഥസാന്ദ്രമായി തോന്നിയില്ല വരികൾ. കുറച്ചു കൂടി ചുരുക്കാമായിരുന്നു എന്നു തോന്നി. ജീവിതക്കണക്കുകൾ അത്ര കണ്ട് പുതുമയില്ലാത്ത വിഷയവുമാണല്ലോ.