ഒരു പരിസ്ഥിതിദിനം കൂടി കടന്നുപോയി...മാസങ്ങളോളം നീണ്ടുനില്‍ക്കു ന്ന മലയാളിയുടെ മാറ്റേതൊരാഘോഷങ്ങളെയുംപോലെ ഇന്നും അതിന്‍റെ തീരാത്ത ആഘോഷം വൃക്ഷത്തൈ നടലിന്‍റെ പത്രവാര്‍ത്തയായി വന്നിരിക്കുന്നു. ഈ പേരില്‍ നട്ട മരങ്ങളില്‍ ഒരു ശതമാനമെങ്കിലും വളര്‍ന്ന് വലുതായാല്‍ വളരെ നല്ലത് തന്നെയാണ്. മണ്ണ് തൊട്ടാല്‍ കുട്ടികളെ വഴക്കു പറയുന്ന, വൃത്തികെട്ടതെന്തോ തൊട്ടെന്ന മട്ടില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകിക്കുന്ന ഈ കാലത്ത് വര്‍ഷത്തിലൊരുദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും പരിസ്ഥിതിദിനമെന്ന പേരില്‍ അവരെ പ്രകൃതിയിലേക്ക് ഇറക്കി വിടുന്നത്, അതിന്നായൊരു ദിവസമുള്ളത് നല്ലത് തന്നെ.
‘മരം ഒരു വരമെന്ന്’ ഭൂമിക്ക് മരങ്ങള്‍ തിരിച്ചു നല്‍കാന്‍ ശപഥമെടുത്ത നല്ല മനസ്സുകളെ അവരുടെ നല്ല പ്രവൃത്തികളെ നമിക്കുന്നു. പക്ഷേ കാട്, അല്ലെങ്കില്‍ മരം കുറഞ്ഞത് മാത്രമാണോ പരിസ്ഥിക്കേറ്റ ആഘാതം? കുറെ മരം വെച്ചുപിടിപ്പിച്ചതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതാണോ നമ്മള്‍ പ്രകൃതിക്ക് നല്‍കിയ പരിക്കുകള്‍! പ്രകൃതിയെ അമ്മയെന്നുകരുതി ആരാധിച്ചിരുന്ന ആര്‍ഷഭാരത സംസ്കാരത്തില്‍നിന്നും വ്യതിചലിച്ചതാണ് ഇതിന്നു കാരണമെന്നാണ് ചിലരുടെ കണ്ടെത്തല്‍... എന്നാല്‍ പിന്നെ എങ്ങിനെ അന്യ രാജ്യങ്ങളില്‍ അസൂയതോന്നിപ്പിക്കും വിധം വളരെ മനോഹരമായ രീതിയില്‍ പരിസ്ഥിതി പരിപാലിക്കപ്പെടുന്നത്?
മനുഷ്യന്‍റെ സ്വാര്‍ത്ഥത മാത്രമാണ് ഇതിന്നു കാരണം. ജീവന്‍റെ അടിസ്ഥാനകാരണങ്ങളായ പഞ്ചഭൂതങ്ങളെ മറന്ന്‍ വിഗ്രഹങ്ങളും ആള്‍ദൈവങ്ങളും പ്രാധാന്യം നേടിത്തുടങ്ങിയതോടെ നമ്മള്‍ പരിസ്ഥിതിയെ അവഗണിക്കാന്‍ തുടങ്ങിയെന്ന് വേണം പറയാന്‍.ആരാധനാലയങ്ങളില്‍ നിന്നുള്ള അഴുക്കുകള്‍ തന്നെ ചുറ്റുപാടുകളെ മലീമസമാക്കുന്നു. എല്ലാത്തിലും ലാഭം മാത്രം നോക്കുന്ന മനുഷ്യന്‍ ഒരിക്കല്‍ അമ്മയെപ്പോലെ, ദൈവത്തെപ്പോലെ ആരാധിച്ചിരുന്ന ഭൂമിയെ നോവിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി ആകാശവും ഭൂമിയും ജലവും വായുവും അഗ്നിയും മലിനമായി.
ഇന്ന് നാട്ടിന്‍ പുറത്തെ കിണറുകളിലെ വെള്ളം പോലും ധൈര്യത്തോടെ കുടിക്കാന്‍ പലരും മടിക്കുന്നു. അഥവാ പണ്ടത്തെ ഓര്‍മ്മയില്‍ രുചിച്ചുനോക്കിയാല്‍ സ്വാദുപോലും മാറിയിരിക്കുന്നു. ഓരോ നദിയുമെടുത്തുനോക്കിയാല്‍ കാണാവുന്നതാണ് ജലമെത്ര മാറിയിരിക്കുന്നു എന്നത്. വളര്‍ന്ന് വരുന്ന മാര്‍ക്കറ്റുകള്‍ക്കൊപ്പം ആ നാടിന്‍റെ ജലസ്രോതസ്സായ, ജീവനാഡിയായ നദി മലിനമായിക്കൊണ്ടിരിക്കുന്നതു നമുക്കറിയാവുന്ന കാര്യമാണ്. വേണ്ടതും വേണ്ടാത്തതുമായ എല്ലാഅഴുക്കുകളും നമ്മള്‍ വലിച്ചെറിയുന്നത് ഇത്തരം ഒഴുക്കുകളിലേക്കാണ്. പണ്ട് സ്കൂളില്‍ പോകുമ്പോള്‍ നമ്മള്‍ കാല് നനച്ചിരുന്ന, മാനത്തുകണ്ണികളെ കൈകളില്‍ കോരിയെടുത്തിരുന്ന, പരല്‍മീുനുകള്‍ക്കുമ്മവെക്കാന്‍ കാലുനീട്ടിക്കൊടുത്തിരുന്ന കുഞ്ഞുതോടുകള്‍ ഇന്ന് അഴുക്കുജലം നിറഞ്ഞ കാനകളായി മാറിയിരിക്കുന്നു.നഗരത്തിന്‍റെ വളര്‍ച്ചയില്‍ ഇരകളാകുന്നത് ചുറ്റുവട്ടമുള്ള ഗ്രാമങ്ങളാണെന്ന് കേരളത്തിലെ ജനങ്ങളറിഞ്ഞപോലെ മറ്റാരുമറിഞ്ഞിരിക്കില്ല. ഗ്രാമങ്ങളിലെ കുടിവെള്ളത്തില്‍ പോലും കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമാം വിധം കൂടിയിരിക്കുന്നു. കീടനാശിനികളും രാസമാലിന്യങ്ങളും ജലത്തെ വിഷമയമാക്കിയിരിക്കുന്നു. ഒരു ശുദ്ധീകലശത്തെപ്പറ്റിയുള്ള ചിന്ത എവിടെത്തുടങ്ങണമെന്നോ എന്തുചെയ്യണമെന്നോ അറിയാതെ വഴിമുട്ടിനില്‍ക്കുന്നു.
വീടിന് തൊട്ടുകൊണ്ട് പോകുന്ന തോട്ടില്‍ ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് വരെ നല്ല വെള്ളമായിരുന്നു. ഞങ്ങളുടെ കുട്ടികളും വലിയവരും ചേര്‍ന്ന് വെക്കേഷന്‍ കാലം പോത്തുകളെപ്പോലെ തോട്ടിലെ വെള്ളത്തില്‍ ആഘോഷിച്ചിരുന്നത് ഓര്‍മ്മയുണ്ട്. വേനലില്‍ എല്ലായിടത്തും വെള്ളം വറ്റുമ്പോള്‍ ഞങ്ങളുടെ കടവില്‍ മാത്രം കുറച്ചെങ്കിലും വെള്ളമുണ്ടാവും. ദൂരങ്ങളില്‍ നിന്നും ആളുകള്‍ കുളിക്കാന്‍ വരും. നമ്മുടേതായിട്ടും കുളിക്കണമെങ്കില്‍ കടവൊഴിയാന്‍ ക്ഷമയോടെ കാത്തുനില്‍ക്കണമായിരുന്നു. പതുക്കെപ്പതുക്കെ നഗരം വലുതായി കൂടെ മാര്‍ക്കറ്റുകള്‍ ഹോട്ടലുകള്‍ ഹോസ്പ്പിറ്റലുകള്‍ തുടങ്ങി പലതും വന്നു. നഗരത്തിന്‍റെ ഞരമ്പായിരുന്ന തോട് എല്ലാവര്‍ക്കും എളുപ്പത്തില്‍ അഴുക്കൊഴുക്കാനുള്ള ചാലായി. ചുരുക്കം ചിലര്‍ മാത്രം ശീലം പോലെ ഇപ്പൊഴും വന്നു കുളിക്കുമെങ്കിലും വരുമ്പോള്‍ അവരുടെ സംഭാവനയായി വീട്ടിലെ അഴുക്ക്, പ്ലാസ്റ്റിക്ക്ബാഗുകളില്‍ കൂടെകൊണ്ടുവന്ന് തോട്ടില്‍ വലിച്ചെറിയുന്നു. അവരും നഗരസംസ്കാരത്തിനു അടിമപ്പെട്ടിരിക്കുന്നു. മഴക്കാലത്ത് വെള്ളം തൊടിയിലേക്ക് കയറിവരുമ്പോള്‍ മാത്രം ഞങ്ങളിപ്പോള്‍ തോടിനെ ഓര്‍ക്കുന്നു.
കഴിഞ്ഞ
തവണ നടക്കാന്‍ പോയപ്പോള്‍ മുകളിലെ കടവു വരെ പോയി. അവിടെ തോട്ടിലെ
വെള്ളത്തില്‍ ചത്തു ചീര്‍ത്തൊരുനായ കിടക്കുന്നു. ആരെങ്കിലും
വലിച്ചെറിഞ്ഞതാവണം. ഈ വെള്ളമാണ് ഞങ്ങളുടെ കടവിലൂടെയും ഒഴുകിപ്പോകുന്നത്.
ആളുകള്‍ കുളിക്കുന്നതും കുല്‍ക്കുഴിയുന്നതും. എനിക്കു ഗംഗയെ ഓര്‍മ്മവന്നു.
നുരഞ്ഞുപതയുന്ന യമുനയെയും... അപ്പോള്‍ ഇതിലിത്ര പറയാനെന്തിരിക്കുന്നു
എന്നു മനസ്സ് പറഞ്ഞു. പുണ്യനദിയെന്നു നമ്മള്‍ പാപങ്ങള്‍ കഴുകിക്കളയുന്ന(!)
തീര്ത്ഥമെന്നുകരുതി വായിലൊഴിക്കുന്ന ഈ നദികളിലെ വെള്ളത്തെക്കാളും ഒരുപക്ഷേ
ഭേദമാവണം എന്റെ തോട്.....
4 അഭിപ്രായങ്ങൾ:
ജലം മലിനമാക്കുന്നത് (പൊതുവില്‍ പരിസ്ഥിതിയെല്ലാം) സംസ്കാരമില്ലാത്തതുകൊണ്ടാണ്. പഠിപ്പ് കൂടിയതുകൊണ്ടോ പണം കൂടിയതുകൊണ്ടോ സംസ്കാരം ഉണ്ടാവണമെന്നുമില്ല.
പുതിയ സംസ്ക്കാരത്തിലേക്ക് മനുഷ്യര്‍ മാറിത്തുങ്ങിയെങ്കിലും അത് ഉള്‍ക്കൊള്ളാനുള്ള മനുഷ്യന്റെ കഴിവില്ലായ്മയോ ആര്‍ത്തിയോ ഒക്കെയായിരിക്കാം പഴയ നന്മകളെ തിരിഞ്ഞു നോക്കാതെ മുന്നേറാന്‍ അവനെ പ്രേരിപ്പിക്കുന്നത്. തിരച്ചു കിട്ടാത്തവിധം എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന അറിവ് വല്ലാതെ നോവിക്കുന്നു.
അപ്പോള്‍ ഇതിലിത്ര പറയാനെന്തിരിക്കുന്നു എന്നു മനസ്സ് പറഞ്ഞു. പുണ്യനദിയെന്നു നമ്മള്‍ പാപങ്ങള്‍ കഴുകിക്കളയുന്ന(!) തീര്ത്ഥമെന്നുകരുതി വായിലൊഴിക്കുന്ന ഈ നദികളിലെ വെള്ളത്തെക്കാളും ഒരുപക്ഷേ ഭേദമാവണം എന്റെ തോട്.....
പക്വമതികളുടെ സ്വകാര്യദു:ഖങ്ങള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ