അടുക്കളച്ചുമരിലെ ഇരുട്ടിലാണൊരു
കയില്‍ തട്ടാതെ മുട്ടാതെ
താളംപോലും പിടിക്കാതെ .
തൂങ്ങിക്കിടന്നത് .... എന്നിട്ടും
അതിനോടാണിന്ന് രാവിലെത്തന്നെ
അടുപ്പുംന്തിണ്ണയിലെ
ക്ലാവ് പിടിച്ച പാത്രങ്ങള്‍
കലപില ചൊറിഞ്ഞ് മൊഴിഞ്ഞത്........
എത്രനാളിങ്ങിനെ തലതിരിഞ്ഞ്തനിയെ?
ഈ തിളച്ചുമറിയുന്ന
ചോറ്റുചെമ്പിലിറങ്ങിയൊന്ന്
നൃത്തം വെച്ചാലെന്താ ?
ഇത്തിരി വഴുക്കും അത്
കഴുകിക്കളയാവുന്നതേയുള്ളൂ.
തിരിച്ചെടുക്കാവുന്നതേയുള്ളൂ
ആ തുടിപ്പും തിളക്കവും.
അല്ലെങ്കില്‍ പിന്നെയാ
സാമ്പാറുകലത്തിലിറങ്ങി
എരിയണം പുകയണം
ചത്താലും പോകാതെ
കൂടെയുണ്ടാവുമെപ്പോഴും
പുളിച്ചൊരു മസാലമണം.
പിന്നുള്ളതൊരു
മൂത്ത കുമ്പളങ്ങ
കുനുകുനെയരിഞ്ഞ്
പരിപ്പിടാതെ
മുളകില്ലാതെ
പുളികൂടാതെ
മഞ്ഞളുകാണാതെ
അവിച്ചെടുത്തൊരു
നിര്‍ഗുണസമ്പന്നന്‍........
ഇതെല്ലാംകൂടിയെങ്കില്‍
അതും കൊള്ളാം ..
നാലാളെ വിളിക്കണം
ഒരു ചരട് കെട്ടണം
ചരടിന്റെയറ്റമെന്‍റെ
കയ്യിലെന്നൊരുറപ്പും.........
3 അഭിപ്രായങ്ങൾ:
എരിതീയിൽ നിന്നു വറചട്ടികളേക്ക് ആട്ടിയോടിക്കപ്പെടാതെ, തലതിരിഞ്ഞാണേലും തനിച്ചാണേലും ഇമ്മിണി സമാധനമായിട്ട് കിടന്നോട്ടെ പാവം..
നല്ല കവിത
ശുഭാശംസകൾ .....
അടുക്കളരഹസ്യം അങ്ങാടിപ്പാട്ട്
ചരടിന്റെയറ്റമെന്‍റെ
കയ്യിലെന്നൊരുറപ്പും..നന്നായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ