ഞായറാഴ്‌ച, ജൂൺ 07, 2015

ഇങ്ങിനെയൊന്നിനെ വെറുതെ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍........

 

രാവിലത്തെ ചായയുമായി അന്നത്തെ പത്രം തിരഞ്ഞു അയാള്‍ സിറ്റൌട്ടിലേക്ക് നടന്നു. ഒരുതുണ്ട് മഴക്കാറുപോലുമില്ലാതെ മീനമാസപ്പുലരിപോലെ ചിരിച്ചുലഞ്ഞു നില്ക്കുുന്ന ജൂണ്‍ ഒന്ന്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. കഴിഞ്ഞ രണ്ടുമാസമായി പത്തുമണിവരെ നിര്‍ബ്ബാധം കയറിപ്പാര്‍ത്തിരുന്ന കണ്‍കളില്‍ നിന്നും ഇറങ്ങിപ്പോകാന്‍ മടിക്കുന്ന ഉറക്കത്തെ കുടിയിറക്കാന്‍ പാടുപെടുന്ന മകന്‍റെ മടിയില്‍ നിന്നും അയാള്‍ പത്രമെടുത്ത് നിവര്‍ത്തി . പ്രവേശനോത്സവങ്ങള്‍ തന്നെ എല്ലാ പേജിലും.

പത്രമൊന്നോടിച്ചുനോക്കി ഇന്നത്തെ വിദ്യാഭ്യാസകച്ചവടതന്ത്രങ്ങളെ അന്നത്തെ ചിന്താവിഷയമായി തിരഞ്ഞെടുത്ത് അയാള്‍ കുളിമുറിയിലേക്ക് നടന്നു. അതിലും മുന്‍പേതന്നെ മകള്‍ കുളിമുറിയില്‍ കയറി വാതിലടച്ചിരിക്കുന്നു. വീടിന് പുറത്തായി വിശാലമായ ഒരു കക്കൂസും അതിലും വിശാലമായ ഒരു കുളിമുറിയും മോഹമായിരുന്നെങ്കിലും സ്ഥലപരിമിതിമൂലമാണ് രണ്ടിനേയും പിടിച്ച് ഒന്നില്‍ പ്രതിഷ്ഠിച്ചത്. ഓരോ മുറിയും ബാത്തറ്റാച്ച്ടാണെങ്കിലും  കാറ്റും വെളിച്ചവും ധാരാളമായി കടക്കുന്ന വീടിന് പുറത്തുള്ള  ഈ കുളിമുറിക്കായി എന്നും അടിപിടിയാണ്. അയാളാണങ്കില്‍ ജനലുകള്‍ കൂടി തുറന്നിട്ട്   അതിവിശാലമായിട്ടായിരുന്നു കാര്യപരിപാടികള്‍. അതിന്നുവേണ്ടി മാത്രമായിരുന്നു കേരളമാണ്, വല്ലോരും എത്തിനോക്കും,  ഒളിക്യാമറയുണ്ടാവും എന്നൊക്കെ അയാളുടെ ഭാര്യ എതിര്‍ത്തിട്ടും  പതിവുരീതികള്‍ വിട്ടു കുളിമുറിയ്ക്ക് വലിയ ജനാലകള്‍ വേണമെന്നയാള്‍ ശാഠ്യം പിടിച്ചത്. കുളമായ കുളശീലങ്ങളെന്ന്  അയാളുടെ ഭാര്യ ഇടക്കിടെ അയാളുടെ ഈ നാട്ടുശീലങ്ങളെ നീട്ടിവിളിച്ചു. അയാളാണെങ്കില്‍ അപ്പോഴൊക്കെ പൈപ്പ് തുറന്നിട്ട് അതിലൂടെ ഒഴുകിനിറയുന്ന   തോടിനോടൊപ്പം അവള്‍ക്കായി പ്രണയഗാനങ്ങള്‍ പാടി. തുറന്നിട്ട ജനാലയില്‍ക്കൂടെ വന്നു  പുണരുന്ന കാറ്റിനോട് കിന്നരിച്ചു. എത്തിനോക്കുന്ന സൂര്യനെ നോക്കി തെറിവിളിച്ചു.

പെട്ടന്നയാള്‍ക്ക്  അമ്മയെ ഓര്‍മ്മവന്നു. അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോള്‍ അടുക്കളയില്‍ കുക്കറിനേക്കാളുച്ചത്തില്‍ ഭാര്യയുടെ പ്രഷര്‍ ചീറ്റിത്തെറിക്കുന്നതുകേട്ട് അയാളൊന്നെത്തിനോക്കി. അമ്മ വാതില്‍ പാതിമറഞ്ഞ് തെറ്റുചെയ്ത കുട്ടിയെപ്പോലെ നില്‍ക്കുന്നു.

“എന്തേ?” അയാള്‍ക്കമ്മയോട് പാവം തോന്നി.

“ഒന്നുല്ല്യ....” അമ്മ മുറിക്കകത്തേക്ക് കയറിപ്പോയി.

“ഇന്നിപ്പോ എല്ലാം കൂടി നിന്നുതിരിയാന്‍ സമയംല്ല്യ .അതിനെടേലാണ് അമ്മേടെ കളി. പിന്നെ കുളിച്ചാമതീന്നു പറഞ്ഞാ കേക്കണ്ടേ... ന്നാപ്പിന്നെ അമ്മേടെ കുളിമുറീല്‍ കുളിച്ചോളൂന്ന് ചൂടുവെള്ളം കൊണ്ട്വെച്ചപ്പോ സമ്മതിക്കണ്ടേ. അതെങ്ങിന്യാ  ആ കുളിമുറ്യല്ലേ വയ്ക്കൂ എല്ലാര്ക്കും... ചെക്കനെ ഒരുവിധം മോളിലെ കുളിമുറീലെയ്ക്ക് പറഞ്ഞയച്ചു.”

“നീ അമ്മേടെ കാര്യം നോക്കിക്കോ... അടുക്കളേലിന്ന് ഞാന്‍ നോക്കാം.” അയാള്‍ക്ക്  ഭാര്യയോട് പെട്ടന്ന് വല്ലാത്ത സ്നേഹം തോന്നി. അമ്മയുടെ വാശികള്‍ക്കി ടയില്‍പ്പെട്ട് നട്ടംതിരിയുന്ന ഭാര്യയെ കാണുമ്പോള്‍ അയാള്‍ക്കങ്ങിനെയാണ്..

“കുട്ട്യോളോട് കണ്ണുരുട്ടീട്ടെങ്കിലും ജയിച്ചു നില്ക്കാം  ഇത്പ്പോ....”

ഒന്നടുപ്പിച്ചുനിര്‍ത്താന്‍ അയാളുടെ കൈകള്‍ നീണ്ടു. ഒഴിഞ്ഞുമാറുമ്പോള്‍ ഭാര്യയുടെ ദ്വേഷ്യംകൊണ്ട് ചുമന്ന മുഖത്ത് പടര്‍ന്ന ചിരിയ്ക്കു വല്ലാത്തൊരു ഭംഗിതോന്നി.

എല്ലാം കഴിഞ്ഞ് അയാള്‍ കുളിച്ചു വന്നപ്പോള്‍ കുട്ടികളും അമ്മയും പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കയായിരുന്നു. ആദ്യത്തെ ദിവസം തന്നെ വൈകിക്കരുതെന്നും ഇന്ന് ബസ്സ് മിസ്സായാല്‍ പിന്നെ എന്നും മിസ്സാവുമെന്നുമൊക്കെ അയാളുടെ ഭാര്യ ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ വീടുകളിലും തെറ്റാതെ നീന്തിയെത്തുന്ന ചില വാചകങ്ങളെ ചൂണ്ടയിട്ട് പിടിച്ച് ചൂടോടെ കുട്ടികള്‍ക്കായി വിളമ്പിക്കൊണ്ടിരുന്നു.

അയാള്‍ കുട്ടികള്‍ക്കൊപ്പം വന്നിരുന്നു. അമ്മ സാധാരണ പതിവുള്ള വീട്ടുവേഷത്തിലല്ലെന്ന് അയാള്‍ ശ്രദ്ധിച്ചു. കോടി കടുംപച്ച പുളിയിലക്കര സെറ്റുമുണ്ടില്‍ അമ്മ  പ്രൌഢയായ പോലെ. ചീകി തുമ്പുകെട്ടിയ  അമ്മയുടെ മുടിയിലിനി നരയ്ക്കാന്‍ ഒട്ടും ബാക്കിയില്ലെന്നയാള്‍ സങ്കടത്തോടെ ഓര്‍ത്തു. അയാളുടെ ഭാര്യയും ഇതൊക്കെത്തന്നെയാവും ചിന്തിക്കുന്നതെന്ന് മുഖഭാവം കൊണ്ട് തോന്നിപ്പിച്ചു.

പ്ലേറ്റില്‍ നിന്നും മുഖമുയര്‍ത്തി വളരെ സ്വാഭാവികതയോടെ   അയാളെനോക്കി “ഏട്ടാ” എന്നു വിളിച്ചപ്പോള്‍ എല്ലാവരുടെയും നോട്ടം അമ്മയില്‍ വന്നു മുട്ടിനിന്നു. കുട്ടികളുടെ മുഖത്ത് ഇപ്പോള്‍ പൊട്ടുമെന്നപോലൊരു ചിരി നിറഞ്ഞു. പന്തിയല്ലെന്ന് തിരിച്ചറിഞ്ഞാവണം തിരക്കുള്ളപോലെയവര്‍ കഴിച്ചെഴുന്നേറ്റു.

“ഏട്ടാ” കുറച്ചുനേരത്തിന് ശേഷം അമ്മ വീണ്ടും വിളിച്ചു. “ എന്നേ സ്ക്കൂളില്‍ വിടണംട്ടോ...”  എന്തോ പറയാന്‍ വന്ന അയാളുടെ ഭാര്യയെ അയാള്‍ കണ്ണുകൊണ്ടു വിലക്കി. ഒരു മലവെള്ളപ്പാച്ചില്‍പോലെ ഓടിയിറങ്ങിവന്ന കുട്ടികള്‍ അയാളുടെ ഭാര്യയെയും ഒഴുക്കിലേക്ക് വലിച്ചിട്ട് പാഞ്ഞു. സ്ക്കൂള്‍ബസ് വന്നിരിക്കണം.

“ഏട്ടന്‍ പോകുന്ന വഴിക്കെന്നെ സ്ക്കൂളില്‍ ഇറക്കിത്തന്നാമതി...” അമ്മ വീണ്ടും പറഞ്ഞു.
അയാള്‍ക്ക്  പെട്ടന്ന് അമ്മാമേ കാണാന്‍ കൊതിതോന്നി. ആ ചുമലിലിരുന്ന് ലോകം കാണാന്‍, കഥകള്‍ കേള്‍ക്കാന്‍, വേതാളവും വിക്രമാദിത്യനും കളിയ്ക്കാന്‍.

 കുട്ടിയായിരുന്നപ്പോള്‍ അയാളെ മടിയിലിരുത്തി അമ്മ സ്ഥിരം പറഞ്ഞിരുന്നത് അപ്പോളയാള്‍ക്ക്  ഓര്‍മ്മവന്നു.
“ നെനക്ക് ഏട്ടന്‍റെ. തനിച്ഛായാണ്... ഇങ്ങിനേംണ്ടാവ്വോ! ആ കൂട്ടുപുരികോം, വല്യേ മൂക്കും, വിടര്‍ന്ന കണ്ണും ഒപ്പിവെച്ചപ്പോലെ...” അവര്‍തമ്മിലുള്ള സ്നേഹം ഏറ്റവുമധികം അനുഭവിച്ചറിഞ്ഞത് അയാളാണ്. വയ്യാഞ്ഞിട്ടാണോ അതൊ അമ്മയെ ഇങ്ങിനെ കാണാനുള്ള വിഷമം കൊണ്ടാണോ അമ്മാമയിപ്പോള്‍ വരാറില്ല.

അയാള്‍ പാന്‍റും ഷര്‍ട്ടുമിട്ടു മുറ്റത്തേക്കിറങ്ങിയപ്പോള്‍ അമ്മയും കൂടെ വന്നു. ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തപ്പോള്‍ അമ്മ അയാളുടെ ചുമലില്‍ പിടിച്ചുകൊണ്ടു പുറകില്‍ കയറിയിരുന്നു.
“അമ്മ മരുന്നൊന്നും കഴിച്ചില്ല...”  “തിരിച്ചു വന്നിട്ട് കൊടുക്കാം”  ഒരു നാടകം കാണുമ്പോലെ പകച്ചുനില്‍ക്കുന്ന ഭാര്യയെ അയാള്‍ വെറുമൊരു നോട്ടം കൊണ്ട് സമാധാനിപ്പിച്ചു. മരുന്ന് കഴിച്ചു മയങ്ങിക്കിടക്കുന്ന അമ്മയെ കാണുമ്പോള്‍ അയാള്‍ക്ക്  വല്ലാതെ കുറ്റബോധം തോന്നും.

വടക്കേച്ചിറകടന്ന് പാലസ് റോഡിലൂടെ അയാള്‍ പതുക്കെ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു. അമ്മക്ക് പരിചയമുള്ള വഴികളായിരുന്നു അതെല്ലാം. ഒന്നും മിണ്ടാതെയിരിക്കുന്ന അമ്മയുടെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ നോക്കിക്കാണാന്‍ അയാള്‍ക്ക്  കൊതിതോന്നി. പണ്ട് നടന്നിരുന്ന ഈ വഴികളൊക്കെ അമ്മ തിരിച്ചറിയുന്നുണ്ടാവുമോ എന്തോ. സെന്‍റ്മേരീസിലേക്ക് തിരിയുന്ന വഴിയും കടന്ന് പാര്‍മേക്കാവിന് മുന്നിലെത്തിയപ്പോള്‍ അമ്മ അയാളുടെ പുറത്തു പതുക്കെ തട്ടി.

“ നീയെന്താലോചിച്ചാണ് കുട്ടാ വണ്ടിയോടിക്കുന്നത്... അമ്പലമെത്തീലോ.. ഇവിടെ നിര്‍ത്തു..”

അയാള്‍ക്ക്  വല്ലാത്ത ആശ്വാസം തോന്നി. മനസ്സാകെ നിറഞ്ഞു മറച്ചിരുന്ന മൂടല്‍മഞ്ഞ് ഉടലാകേ പെയ്തു തണുപ്പിച്ചപ്പോലെ...

വണ്ടിയില്‍  നിന്നിറങ്ങി നടന്നുതുടങ്ങിയ അമ്മ എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിഞ്ഞു നിന്നു.
“പേഴ്സെടുക്കാന്‍ മറന്നൂലോ കുട്ടാ... ഇന്ന് നിന്‍റെ ഇടപ്പിറന്നാളാണേയ്.. എന്തെങ്കിലും ഒരു വഴിപാടു കഴിക്കാതെങ്ങിന്യാ....”

അയാള്‍ വാലറ്റ് മുഴുവനായും അമ്മയുടെ കയ്യില്‍ കൊടുത്തു. അഞ്ചും പത്തുമായി അമ്മ അതില്‍ നിന്നും ചികഞ്ഞെടുക്കുന്നത് അയാള്‍ കൌതുകത്തോടെ നോക്കിനിന്നു.

“ഇനി നീ പൊയ്ക്കോളൂ.. ബാങ്കില് നേരം വൈകണ്ടാ.. വീട്ടിലേക്ക് ഞാന്‍ ഓട്ടോ പിടിച്ച് പൊയ്ക്കോളാം.”

“അമ്മ നടക്കൂ.. അമ്പലത്തിലേക്ക് ഞാനും കൂടെ വരാം. അതുകഴിഞ്ഞ് നമുക്ക് പോയി അമ്മാമേം കാണാം.”

ബൈക്ക് പാര്‍ക്ക്  ചെയ്തു ഷര്‍ട്ടുമഴിച്ച് പുറകെ നടക്കുമ്പോള്‍ അയാള്‍ പണ്ട് അമ്മയുടെ വിരലില്‍ തൂങ്ങി നടന്നിരുന്ന കുട്ടനായി. എന്തിനെന്നറിയാതെ കരച്ചില്‍ വരുന്നുണ്ടായിരുന്നു അയാള്‍ക്ക്  . എത്ര പെട്ടന്നാണ് മേഘമിങ്ങിനെ കറുത്തിരുണ്ട് ആകാശം മൂടിയത്.. ഒരു മുന്നറിയിപ്പുമില്ലാതെ മീനം ഇടവത്തിലേയ്ക്കിങ്ങിനെ പരിഭാഷപ്പെടുന്നത്....

ഞായറാഴ്‌ച, മേയ് 10, 2015

കീര്‍ത്തിമുഖന്‍

 

 പണിതീരാത്ത വീടുകള്‍ക്കുമുന്നിലും മറ്റും ആകെയുള്ള തുറിച്ച വലിയ കണ്ണുകള്‍ തുറന്നുപിടിച്ച്  തിന്മക്ക് കാവല്‍നില്‍ക്കുന്ന ഈ രൂപത്തെക്കാണുമ്പോള്‍ എന്തുകൊണ്ടിങ്ങിനെയൊരു രൂപം എന്ന്‍ ആലോചിച്ചിട്ടുണ്ടോ? ഇത്തവണ ഖജുരാഹോ രതിശില്‍പങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോഴും അവയെക്കാളൊക്കെ മനസ്സിനെ സ്പര്‍ശിച്ച ചില ശില്‍പങ്ങളുണ്ട്. അവയിലൊന്നാണിത്.

ചെറുതുംവലുതുമായ ഓരോ അമ്പലത്തിലും ഈ രൂപത്തിലുള്ള ശില്പങ്ങളുണ്ടായിരുന്നു.കീര്‍ത്തിമുഖ് എന്നാണത്രേ ഈ രൂപത്തിന്റെ പേര്.  എല്ലായിടങ്ങളില്‍ നിന്നും ഈ രൂപത്തെപ്പറ്റി പറഞ്ഞുകേട്ടത് ഒരേ കാര്യവും. ഒരു പാവം സന്യാസിയായിരുന്നത്രെ കീര്‍ത്തിമുഖ്. വിശപ്പടക്കാന്‍ ഒന്നുമില്ലാതായപ്പോള്‍ സ്വന്തം ശരീരം ഭക്ഷിച്ചുതുടങ്ങിയ സന്യാസിയുടെ കണ്ണുമാത്രം ബാക്കിയായത്രേ. സഹതാപം തോന്നാന്‍ വേറേ വല്ല കാരണവും വേണോ...ആ സഹതാപം മനസ്സില്‍ കിടന്നതുകൊണ്ടാവാം കൂടുതലറിയാനായി നെറ്റില്‍ തപ്പിയത്. അപ്പോഴല്ലെ മുഴുവന്‍ പുകിലും അറിയുന്നത്.

അസുരരാജാവായ ജലന്ധരന്‍ ലോകത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കിയത്രേ. വിചാരിക്കുന്നതെല്ലാം കൈക്കലാക്കാമെന്ന തോന്നലുവന്നപ്പോ മൂപ്പര്‍ക്ക് ശിവന്‍റെ സുന്ദരിയായ ഭാര്യ പാര്‍വ്വതിയെ കിട്ടിയാല്‍ക്കൊള്ളാമെന്നായി. അതിനായി 'രാഹു' വിനെ ദല്ലാളായിവിട്ടു. (രാഹുവിന്റെ കഥയും നല്ല രസമുണ്ട്. രാഹുവിന് തലമാത്രമേയുള്ളൂ. അത് ചന്ദ്രനെ കാണുമ്പോഴൊക്കെ പിടിച്ചുവിഴുങ്ങും. ഇവിടെ ചന്ദ്രന്‍ പെണ്ണായിട്ടാണ് സങ്കല്‍പ്പം. രാഹുവിന് വയറില്ലാത്തതുകൊണ്ട് വിഴുങ്ങിയ ഉടനെ അപ്പുറത്തുകൂടെ ചന്ദ്രന്‍ രക്ഷപ്പെടും. അതാണത്രേ ചന്ദ്രഗ്രഹണം.) ശ്മശാനത്തില്‍ ജീവിക്കുന്ന ശിവനെക്കാള്‍ സര്‍വ്വൈശര്യങ്ങളുമുള്ള ജലന്ധരനാണ് പാര്‍വ്വതിക്ക് ചേര്‍ച്ചയെന്ന് രാഹു പറഞ്ഞതും ശിവന്‍ തൃക്കണ്ണ് തുറന്നു. അതില്‍ നിന്നും ആളുന്ന തീപോലെ ഒരു രൂപം പുറത്തുവന്നു. ഭീകരമായ ഒടുങ്ങാത്ത വിശപ്പായിരുന്നത്രെ അത്. ആ വിശപ്പും കൊണ്ട് അത് രാഹുവിന് പുറകെ ഓടുകയും രക്ഷയില്ലെന്നുകണ്ട് രാഹു ശിവന്റെ കാല്‍ക്കല്‍ വീഴുകയും ശിവന്‍ മനസ്സ് മാറ്റുകയും വിശപ്പ് ആളിക്കത്തുകയും ചെയ്തപ്പോള്‍ ഇനിയെന്ത് എന്നായി വിശപ്പ്. പാവം തോന്നിയ ശിവന്‍ അതിനോടു അതിന്റെ തന്നെ വിരലുകള്‍ തിന്നുകൊള്ളാന്‍ പറഞ്ഞത്രേ. ശിവനല്ലേ പറഞ്ഞതല്ലെ , വിരലുകള്‍ തിന്നുതുടങ്ങിയ വിശപ്പ് തിന്നുതിന്നു രസംപിടിച്ച് കണ്ണൊഴിച്ചെല്ലാം തിന്നുതീര്‍ത്തെന്നും അതുകണ്ട് ശിവന്‍ ഉറക്കെച്ചിരിച്ചെന്നും അതിനെ കാളിദാസന്‍ ഹിമാലയഹാസമെന്ന് എഴുതിവെച്ചെന്നും 'ചരിത്രം'.  എന്തായാലും ആയാളാണ് ഇയാള്‍. തന്‍റെ ഏറ്റവും മഹത്തരമായ സൃഷ്ടിയായി ശിവന്‍ അതിനെ പ്രഖ്യാപിക്കുകയും അതിനെ കീര്‍ത്തിമുഖ എന്നു വിളിക്കുകയും തന്‍റെ വാതിലിന്നു മുകളില്‍ മരണമില്ലാത്തവനെന്ന് സ്ഥിരമായി കുടിയിരുത്തുകയും  ചെയ്തുവത്രെ. ആലയങ്ങളുടെ കാവല്‍ക്കാരന്‍, വനസ്പതി, മരങ്ങളുടെ ആത്മാവ്, വന്യതയുടെ രക്ഷകന്‍ പച്ചപ്പിന്റെ രാജാവ്, പച്ചമനുഷ്യന്‍ തുടങ്ങി പലപേരുകളില്‍ കീര്‍ത്തിമുഖ് ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു

ഞായറാഴ്‌ച, ഫെബ്രുവരി 08, 2015

ഇടയ്ക്കൊരു കവിത ഇറങ്ങി നടന്നത്


ഇനി വഴിയൊരു നേര്‍ രേഖയെന്ന്,
എഴുതിയ കാഴ്ചകളൂരിവെച്ച്
കാതും മണവും മൊഴികളും
ഇറക്കിവെച്ച്
കുളിച്ചുമടുത്ത തോടിനോട്
ഇനി കുളിക്കാനില്ലെന്ന്
കലുങ്കില്‍ മനസ്സിനെ
പരുഷമായി
ഒലുമ്പിപ്പിഴിഞ്ഞുണക്കാനിട്ട്
പച്ചയെന്ന്
നേരേക്കുത്തന്നെ നടന്നുതുടങ്ങും
പെട്ടന്നൊരു കവിത .

കാടില്ല കാട്ടാറില്ല
പുഴയില്ല പുളിനങ്ങളില്ല
വെയിലില്ല മഴയില്ല
രാവില്ല പകലില്ല
വെന്തുവെന്ത വേവുപുതച്ച്
തെറ്റെല്ലാം ചെയ്തു തിരുത്തേണ്ടതെന്ന്
പാഠമെല്ലാം കൊണ്ട് പഠിക്കേണ്ടതെന്ന്
ഉയിരെന്നോ ഉടലെന്നോയില്ലാതെ കുടഞ്ഞെറിഞ്ഞ
കണ്ണുകോര്‍ത്ത  ചൂണ്ടുകൂര്‍ത്ത
ചെവിയോര്‍ത്ത
മീന്‍പോലുള്ളം തുടിച്ചതെല്ലാം കഥയെന്ന്
താളവും മേളവുമഴിച്ചുവെച്ച്
തനിമയും പെരുമയും ഊരിവെച്ച്
നേരേക്കുതന്നെ നടന്നുതുടങ്ങും
തനിയേയെന്നൊരു കവിത.


കണ്ണുമറച്ച കുതിരയെന്ന്
കാലാളെന്ന്
ഇടം വലം
ചെരിഞ്ഞു നോക്കാതെ
തിരിഞ്ഞുനോക്കാതെ
നേരെയെന്നാല്‍ നേരേയെന്ന്..
മനസ്സിനെ
പരുഷമായി
ഒലുമ്പി പിഴിഞ്ഞുണക്കാനിട്ട്
ആയിടത്തൊരു കല്ല് നട്ട്
കരിമ്പച്ചയെന്ന്
നേരേക്കുതന്നെ നടന്നുതുടങ്ങും
കൂട്ടംതെറ്റിച്ചൊരു കവിത..

ഇടക്കെപ്പോഴോ വരമ്പുകളില്‍
ചോര വഴുതുമ്പോള്‍
ഹെയര്‍പ്പിന്‍ വളവുകള്‍
ശ്ശടേന്ന് ഒടിഞ്ഞു മടങ്ങുമ്പോള്‍
വഴി അപ്രതീക്ഷിതമായി
അവസാനിക്കുമ്പോള്‍
നേരേയെന്നില്ലാതാവുമ്പോള്‍
കണ്ണു കോര്‍ത്ത്
കാതോര്‍ത്ത്
ചുണ്ട് കൂര്‍ത്ത്
കലുങ്കിലുണങ്ങാനിട്ട
മനസ്സൊന്ന് പാളും.

പാളുന്ന കവിത
മുഖം മൂടിയില്ലാതെ എഴുതിനിറയുമ്പോള്‍
ആരും തിരിച്ചറിയില്ല...

നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത
പരിചയിച്ചിട്ടില്ലാത്ത
പരുഷമെന്ന് വിളിപ്പേരിടുന്ന
വളച്ചാല്‍ വളയാത്ത
നപുംസകമെന്ന് മുദ്രകുത്തപ്പെടുന്ന
ഒരു കവിത...
നപുംസകങ്ങളുടെ വികാരപ്രകടനങ്ങള്‍ക്ക്
മൌലികതയില്ലെന്നാവും
നപുംസകമെന്നതേ
കപടമാണെന്നാവുംപിന്നെ
ഒളിഞ്ഞും തെളിഞ്ഞും!


വെള്ളിയാഴ്‌ച, ജനുവരി 23, 2015

അടിക്കൂട്ടം.....




അഴിച്ചുവെച്ചിടത്തുനിന്ന്...

അഴിച്ചെടുത്തിടത്തുനിന്ന് 
ആരോ
എവിടെയോ നിന്ന്‍
അഴിച്ചുവെച്ചതാണ്
തിരിച്ചുവെക്കാത്തതാണ്
അഴിച്ചെടുത്തതെവിടുന്നെന്ന്
മറന്നുപോയതാണ്
അഴിച്ചെടുത്തിടത്ത്
മാറ്റാരോ കടന്നിരുന്നതാണ്
തിരിച്ചു വെക്കാനാകാത്തവിധം
ഉടല്‍ പകര്‍ന്നതാണ്.
നീയെന്ന് ഞാനെന്ന്
വെറുക്കനെയെന്ന്
തുരുമ്പെടുത്തുകൊണ്ടിരിക്കയാണ്.....

          ^^^^^^^^^^ 

ശിശിരം

കാറ്റിനോടു കലമ്പുന്ന ഇലകള്‍ക്ക് പലനിറം
ആകാശം വലിച്ചെറിയുന്ന തൂവാലകള്‍ പോലെ
ജീവിതമെന്ന് ദിനവും ചീന്തിയെടുക്കുന്ന താളുകള്‍ പോലെ
നീയും ഞാനുമെഴുതിനിറയ്ക്കുന്ന കവിതകള്‍ പോലെ....
          ^^^^^^^^^

  ഓര്‍മ്മയുണ്ട്

അതില്‍
വെയില്‍ തിളയ്ക്കുന്നുണ്ട്
മഴ കനക്കുന്നുണ്ട്
ഇലകള്‍ പൊഴിയുന്നുണ്ട്
മഞ്ഞുപുകയുന്നുണ്ട്
കാടു പൂക്കുന്നുണ്ട്...
       ^^^^^^^^^

വികര്‍ണം

മുന്നോട്ടു പായുന്ന സൂര്യനും
പിറകോട്ടു ചായുന്ന നിഴലിനുമിടയില്‍
ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍
എനിക്കും നിനക്കുമിടയില്‍
ദൂരമളക്കുന്നതെങ്ങിനെയാവും..
      ^^^^^^^^^^

പൂംപെരുക്കം

വണ്ടിനോടൊന്ന് ചോദിച്ചേ ഉള്ളൂ
എന്തിനാണിങ്ങിനെ മുരളുന്നതെന്ന്...
തീരുമ്പോള്‍ തീരുമ്പോള്‍
തേന്‍ നിറച്ചില്ലെന്ന് ....
ഉമ്മ വെക്കുമ്പോള്‍
ഇതളുകളാല്‍ ചേര്‍ത്തുപിടിച്ചില്ലെന്ന്
ഇടക്കിടെ ഉടുപ്പു മാറ്റിയില്ലെന്ന്
പറന്ന്‍ പറന്ന്‍ കൂടെ ചെന്നില്ലെന്ന്
പൂവിനെ ഇനിയൊന്നും പറയാന്‍ ബാക്കിവെച്ചില്ല
        ^^^^^^^^^^^ 


ആകാശവീക്ഷണം


ഭൂമിയെ സ്നേഹിക്കുമ്പോള്‍
ആകാശം കൊതിപ്പിക്കുമ്പോള്‍
കടലിനടിയില്‍
ഒളിച്ചിരിക്കരുത്
മീനുകള്‍ മുത്തമിടുമ്പോഴും
പായല്‍ ചുറ്റിപ്പുണരുമ്പോഴും
കടലിനടിയില്‍ ശ്വാസം മുട്ടുന്നത്
അതു നമ്മെ തള്ളിപ്പറയുന്നതുകൊണ്ടാവണം
         ^^^^^^^^^^ 

 വെള്ളാരംതൂവല്‍

പറന്നു നിറയുന്ന തൂവലുകളെ
സ്നേഹമേയെന്നൂതിപ്പറത്തുമ്പോള്‍
ചിലത് ഉയരങ്ങള്‍ തേടി
പറന്നുപോകുന്നത് കാണാന്‍ രസമാണ്..
ചിലത് എത്ര പറത്തിവിട്ടാലും
കവിളില്‍ കണ്ണില്‍ മൂക്കിന്തുമ്പില്‍ നിറുകില്‍ ചുണ്ടില്‍
വിരല്‍ത്തുമ്പിലെന്ന്
തിരികെയെത്തി ഉമ്മവെച്ചുകൊണ്ടിരിക്കും...
ചിലതിനെന്തൊരു ഭാരമാണ്..
കൈവെള്ളയില്‍ നിന്നൂര്‍ന്നിറങ്ങി
കല്ലുപോലെ
നിലത്തുപതിക്കും..
സങ്കടം വരുമപ്പോള്‍..

          ^^^^^^^^^^               

 നീലിച്ച് കറുത്ത

എത്ര പച്ചയായിരുന്നതാണീ മഞ്ഞ
ചോപ്പാവാനെത്ര കയ്ച്ചതാണീ പച്ച
നമ്മളെത്ര ചോക്കണമിതുപോല്‍ കയ്ക്കാന്‍........

          ^^^^^^^^^^ 

ഉയരത്തിലെത്തുമ്പോള്‍ പട്ടമേ
എന്‍റെകയ്യിലെ ചരട് പിടിച്ച് വാങ്ങരുത്...



അവസാനിക്കുന്നിടത്തുവെച്ച് തുടങ്ങുന്നതിനെ എന്തു വിളിക്കും ... ഒടുക്കത്തിനും തുടക്കത്തിനുമിടയില്‍ രണ്ടിനേയും ചേര്‍ത്തുപിടിക്കുന്ന ഒരു കണ്ണിയുണ്ട്.... അടരാതിരിക്കാന്‍ മുറുകി മുറുകി അവസാനം പൊട്ടിച്ചിതറുമ്പോള്‍ രണ്ടിന്റെയും അല്ലാതാവുന്ന, ഒന്നുപോലുമല്ലാതാവുന്ന ഒന്ന്.. 
നീ നീയായിക്കൊണ്ടിരിക്കുമ്പോള്‍ 
ഞാനില്ലാതായിക്കൊണ്ടിരിക്കുമ്പോലെ...
.







.

തിങ്കളാഴ്‌ച, ജനുവരി 05, 2015

'നീയുണ്ടാതിരയുണ്ട്'

'നീയുണ്ട്'
ആതിരയുണ്ട്,
ആഘോഷമുണ്ടാ-
തിര വട്ടങ്ങളുണ്ട്,
ആതിര നിലാവുണ്ട്,
ആതിരയറിഞ്ഞ്പൂത്തോ-
രാതിരപ്പൂവുമുണ്ട്.
മംഗലാതിരയുണ്ട-
ഷ്ടമംഗല്യമുണ്ടണിയാന്‍
ദശപുഷ്പമുണ്ട് , മംഗലാതിരപ്പാട്ടുണ്ട് തിരു
ആതിരക്കളിയുണ്ട്,
പാടി തുടിച്ചുകുളിക്കും
തോടുണ്ട് കുളമുണ്ട്,
ദൂരങ്ങളില്‍ ഞാനെന്നവരോര്‍ക്കുന്നുണ്ട് ..
പക്ഷേ .....
അന്ന്‍ കുളിക്കാന്‍ പോകുമ്പോള്‍
കൂടെവന്നിരുന്ന
കുസൃതിയില്‍ കോല്‍വിളക്ക് കെടുത്തിയിരുന്ന
ആതിരക്കാറ്റെവിടെ..,
കാറ്റിന്‍ ചിറകിലേറിയെത്തി
നനഞ്ഞ ശരീരം പൊതിഞ്ഞുമ്മ വെച്ചിരുന്ന
 ആതിരക്കുളിരെവിടെ....
കുളിര്‍ന്ന് വിറച്ചിരുന്ന പുലരിയെ
വെള്ള പുതപ്പിച്ചിരുന്ന മഞ്ഞെവിടെ....








വ്യാഴാഴ്‌ച, ഡിസംബർ 11, 2014

വീണ്ടുമിതുപോലെയൊന്നാവില്ല...



വികൃതികാട്ടി മതിയാകാതെ
മരിച്ച കുഞ്ഞുങ്ങളാവണം
അടുത്ത ജന്മത്തില്‍
മഴയായി പെയ്യുന്നത്.
കാറ്റായി നിറയുന്നത്.
കടലായി ഇരച്ചു തുളുമ്പുന്നത്.

നനയാനിഷ്ടപ്പെട്ടിരുന്ന
നനക്കുമ്പോള്‍
കളിയായി വെള്ളം ചീറ്റിയിരുന്ന കുട്ടി
അമ്മയില്‍ നിന്നടിമേടിച്ച്
തോരാമഴയിലേക്കിറങ്ങിനടന്നിരിക്കും
(മഴയെന്നുമൊരു മറയാണ്....
മുഖം മറയ്ക്കുന്ന കുടക്കുള്ളിലെ
കണ്ണീര്‍ മറയ്ക്കുന്ന മഴത്തുള്ളികള്‍)
മഴജന്മം ചോദിച്ചുചോദിച്ച് വാങ്ങിയിരിക്കും.

തൂവലുകളൂതിയൂതി പുറകെയോടിയിരുന്ന കുട്ടി
കാറ്റായും
അപ്പൂപ്പന്താടിക്ക് പിറകെപ്പിറകെ ഓടിയിരുന്ന കുട്ടി
മേഘമായും
വിമാനങ്ങളെനോക്കിനോക്കി കൊതിച്ചിരുന്ന കുട്ടി
പക്ഷിയായും
തീക്കായാകാന്‍ മോഹിച്ചുമോഹിച്ച് മരിച്ച കുട്ടി
തീനാളമായും
ഉമ്മകള്‍ ഇഷ്ടപ്പെട്ടിരുന്ന കുട്ടി ചുണ്ടുകളായും
പുനര്‍ജ്ജനിക്കാന്‍ കൊതിച്ചിരിക്കും.

കാലുകള്‍ തളര്‍ന്ന കുഞ്ഞ്
ഒരു കാല്‍പ്പന്താവാനും
വാക്കുകള്‍ പിണങ്ങിപ്പോയ കുഞ്ഞ്
പേനയിലൂടെ ഒഴുകി നിറയാനും
ദൈവത്തിനോട് വാശിപിടിച്ചിട്ടുണ്ടാവണം.

വിശന്ന വയറുമായി
ഭക്ഷണം സ്വപ്നംകണ്ട കുട്ടി
വെടിയുണ്ടയില്‍
നെഞ്ചുതകര്‍ന്ന കുട്ടി
പച്ചമാംസമെന്ന് പിച്ചിച്ചീന്തപ്പെട്ട കുട്ടി
ഏതുജന്മമാവും കൊതിച്ചിരിക്കുക...
ഒലീവിലകൊത്തിപ്പറക്കുന്ന വെള്ളരിപ്രാവിന്‍റെയോ
വെടിയുണ്ടയുടേയോ....

ശനിയാഴ്‌ച, നവംബർ 22, 2014

ഉടുപ്പുകള്‍ വരച്ച് വരച്ച്........


"എന്താ ചെയ്യുന്നത്”

“വരയ്ക്കുന്നു...”

“ചന്ദ്രോദയം?”

“സൂര്യാസ്തമയവുമാവാം..”

“ഇതൊരു കാടല്ലേ.”

“എങ്ങിനെ?"

“നിറയെ മരങ്ങള്‍...”

“ഇടയില്‍ പുല്ലും കുറ്റിച്ചെടികളുമുണ്ട്.”

“എവിടെ?”

“തമ്മില്‍പ്പിണഞ്ഞുപിണഞ്ഞു മുറുകുന്ന വള്ളികളുണ്ട്
അവയില്‍ പൂക്കളുണ്ട് ശലഭങ്ങളുണ്ട്.”

“കാണാനില്ലല്ലോ!”

“ഇരപിടിക്കുന്ന മൃഗങ്ങളുണ്ട് ചേക്കേറുന്ന പക്ഷികളുണ്ട്..”

“ഒന്നും വരച്ചിട്ടില്ലല്ലോ!”

“മണ്‍പുറ്റിലൂടൂര്‍ന്നിറങ്ങിയാല്‍ മഹാസംസ്കാരം തന്നെയുണ്ട്”


“ഞാനൊന്നും കാണുന്നില്ല”
 
“പിന്നെങ്ങിനെയിതു കാടാകും?”

“പെരുമരങ്ങളല്ലെ കാടാവുന്നത്....”

“ആണോ! ”


തൊലിപ്പുറം നീളത്തില്‍  വരഞ്ഞ് വരഞ്ഞ് കരിമരുതെന്ന്

തൊലിപ്പുറം മിനുക്കി മിനുക്കി വെണ്‍തേക്കെന്ന്

ചുകപ്പിച്ച് ചുകപ്പിച്ച് രക്തചന്ദനമെന്ന്

കള്ളികള്‍ കൊത്തിക്കൊത്തി വാകയെന്ന്

മുഖക്കുരുപ്രായത്തില്‍ ഏഴിലം പാലയെന്ന്

മുള്ളിലവെന്ന്

മുരുക്കെന്ന്


വേരുകളിണചേരുന്ന

ശാഖികള്‍ ഇറുകെപ്പുണര്‍ന്ന

കാട്ടിലെ മരങ്ങളെ

ഉടുപ്പുകള്‍ വരച്ച് വരച്ച്

പരിഭാഷപ്പെടുത്തികൊണ്ടിരിക്കുമ്പോള്‍..............

ശനിയാഴ്‌ച, ഒക്‌ടോബർ 11, 2014

അതനുഭവിച്ചുതന്നെ അറിയണം......

 


പാമ്പുകളോട് വല്ലാത്ത പകയായിരുന്നു വാസുണ്ണിക്ക്.
രണ്ടരവയസ്സുള്ളപ്പോള്‍ 
അച്ഛനെ വിഷംതീണ്ടിയ മൂര്‍ഖനെയെന്നോണം 
മുന്നില്‍ വന്നുപെട്ടവയെയെല്ലാം 
അണലിയെയും വെള്ളിക്കെട്ടനെയും മണ്ഡലിയെയും 
കണ്ണുകാണാത്ത കുരുടിപ്പാമ്പിനെപ്പോലും
തച്ചുകൊന്നവന്‍ പകതീര്‍ത്തു.
പാമ്പുകളാണെങ്കില്‍ 
അവന്‍റെ കൈകൊണ്ട് ചാവുന്നത് സുകൃതമെന്ന് 
അവന്‍ വരുമ്പോള്‍ നടവരമ്പില്‍
അവനിറങ്ങുമ്പോള്‍ പടിയിറമ്പില്‍ 
കുളിമുറിയില്‍ തുളസിത്തറയില്‍ 
അങ്ങിനെയങ്ങിനെ മയങ്ങി മയങ്ങി
കുറ്റബോധത്താലെന്നോണം കിടന്നുകൊടുത്തു...
തച്ച് തച്ച്, ചത്തിട്ടും പിന്നേം തച്ച്
കയ്യ് കഴക്കുമ്പോള്‍ 
തച്ച വടിയില്‍ തൂക്കിയെടുക്കും 
വൈക്കോല്‍ കൂട്ടി ചിതയൊരുക്കും.
ചാവാതെ ബാക്കികിടന്ന ഇത്തിരിജീവനും
ഞെരിഞ്ഞുപുളഞ്ഞ് 
വാലറ്റത്തൂടെ അപ്രത്യക്ഷമാവും.

അച്ചാച്ചനെ വെഷംതീണ്ടീട്ടല്ലേന്ന് 
ദാക്ഷിണ്യമില്ലാതെ മക്കളകത്തേക്ക് കേറുമ്പോള്‍
വാസുണ്ണിക്ക് ഒരു മോന്ത നിറയെ 
കിണറിന്‍റെ കുളിര്‍മയും കോരി വരുന്ന ഭാര്യയില്‍ നിന്ന്‍ 
“ഇതോണ്ടൊന്നും മരിച്ചുപോയോര് 
തിരിച്ചുവരില്ല്യാട്ടോ” ന്നൊരു നെടുവീര്‍പ്പ് 
കാറ്റില്‍ പറന്ന്‍ പറന്ന്‍ പോകുന്നുണ്ടായവും ....
ഇനി ഈപ്പാമ്പന്ന്യാവ്വോ ആപ്പാമ്പെന്ന 
മക്കളുടെ വേവലാതി 
എത്രനെറച്ചാലും നെറയാത്ത ദിവസക്കൊട്ടയിലേക്ക് 
ചുരുണ്ടുമടങ്ങിവീണ് കാണാതാവും.


അങ്ങിനെ മറന്ന്‍ മറന്ന്‍ 
അറിഞ്ഞോ അറിയാതെയോ ചവിട്ടിയിറങ്ങിയ കാലുകളേയും 
വേദനിച്ചുതീണ്ടിയ വിഷത്തേയും മറന്നു തുടങ്ങിയ ഒരുദിവസം 
ചവിട്ട്പടിയുടെ ചോട്ടിലോ 
നടവഴിയുടെ ഓരത്തോ വന്നു കിടക്കും 
തച്ച്തച്ച് വെന്തുവെന്ത് ഒരു കുറ്റബോധം... 
അവസാനജീവനും ഞെരിഞ്ഞുപുളഞ്ഞ്
വാലറ്റത്തൂടെ മോക്ഷം പ്രാപികുമ്പോഴും 
ഒരു വാക്കുപോലും പ്രതികരിക്കാതെ
അങ്ങിനെ കിടക്കുന്നുകൊടുക്കുന്നതിലുള്ള ഒരു സുഖം

അതനുഭവിച്ചുതന്നെ അറിയണം......

ബുധനാഴ്‌ച, സെപ്റ്റംബർ 24, 2014

കരിമഷിയെ കാടെന്ന് നിരൂപിക്കുമ്പോള്‍....



ചര്‍ച്ചകള്‍
സംവാദങ്ങള്‍
സമരങ്ങള്‍

ബന്ദുകള്‍
ഹര്‍ത്താലുകള്‍
കലാപങ്ങള്‍
രക്തസാക്ഷികള്‍
അനുസ്മരണങ്ങള്‍!

ചര്‍ച്ചകള്‍
സംവാദങ്ങള്‍
സമരങ്ങള്‍

ബന്ദുകള്‍....

കരിമഷിക്കാട്
വരച്ച്
പച്ചകിളിര്‍ക്കുന്നത് 
സ്വപ്നം കാണുമ്പോലെ
നടുവിലൊരു കിണറുവരച്ച്
ഉറവു കിനിയുമെന്ന്
കാത്തിരിക്കും പോലെ... !


അങ്ങിനിരിക്കെ  കാട്ടിലും കലാപം വരും.
മരങ്ങള്‍ക്കായി ഒരു കാട് 
വള്ളികള്‍ക്കായി ഒരു കാട്
കൂട്ടത്തില്‍ മുളകള്‍ക്കായി
പനകള്‍ക്കായി
പതിയെ പടരുകള്‍ക്കായി
പതിരുകള്‍ക്കായി..



പിന്നെപ്പിന്നെ

തേക്ക് 
കരിവീട്ടി
ഇരൂള്‍ 
ചന്ദനം
ഓരോന്നും
സ്വന്തം സ്വന്തം കാടുകളെന്ന്
അതിരുകള്‍ വരയ്ക്കാന്‍ മഷി തിരയും...

പാണവള്ളി
ചിറ്റമൃതുമായി പിണങ്ങിപ്പിരിയും
ചുമന്ന തിരട്ടവള്ളി
ഒന്നൂടെ ചുമന്നു തിണര്‍ത്ത് മാറിപ്പടരും.

ഇല്ലിക്കൂട്ടം ഈറക്കാട്
ഇലപ്പന ഈത്തപ്പന
തൊട്ടാവാടി നിലംപരണ്ടി

കുഞ്ഞ് കുഞ്ഞ് കാടുകളില്‍
വെള്ളമെത്തിച്ച്
തളര്‍ന്ന് പുഴകള്‍ വറ്റിവരളും. ...

കഷണ്ടി കയറുമ്പോലെ
കാടുകള്‍ ശുഷ്ക്കിച്ചു മണല്‍പൊടിയും .
ശോഷിച്ച മരങ്ങള്‍ക്ക് മുകളില്‍
തിളച്ച്കത്തുന്ന ആകാശം
വെളുവെളായെന്ന് പൂത്തുലയും..

കിണര്‍
ഒരിക്കലൊരു കഥ പറഞ്ഞു.
ദാഹിച്ചുവലഞ്ഞെന്ന്  വേരുനീട്ടിയ
ഒരു കുഞ്ഞ്മരത്തിന്‍റെ കഥ..
ചുരന്നുചുരന്ന് പാലാഴിയായ
കിണറ്റിലേക്ക് ആഴ്ന്ന വേരുകളുമായി
മരമിപ്പോള്‍ ആകാശംമുട്ടി നില്‍ക്കുന്നു.
പൊട്ടക്കിണറെന്ന്

പടുവേരുകളിറങ്ങിത്തുടങ്ങിയപ്പോള്‍ 
കിണര്‍ 
പാതാളത്തിലേക്കൂര്‍ന്നുപോയി..

കിണറിന്നുറക്കം വരുമ്പോഴാണത്രേ,
ആഴങ്ങളില്‍ ഭൂമിയുടെ മടിയിലേക്ക്  ചേര്‍ന്ന് കിടക്കും.
ആകാശത്തപ്പോള്‍  സന്ധ്യപൂത്ത മണം പരക്കും...
കാട്ടിലെ മരങ്ങളില്‍ പക്ഷികള്‍ ചേക്കേറും.
ഓരോ മരവും ഓരോ
കൊതിപ്പിക്കുന്ന സെക്കുലാര്‍ റിപ്പബ്ലിക്ക്.....
കിണറിലേക്ക് പടര്‍ന്ന് നിറയുന്ന ഇരുളിനുമേലെ
സ്വപ്നങ്ങളെന്ന് ചിറകുനീര്‍ത്തുന്ന നിറങ്ങള്‍...
ചിട്ടപ്പെടുത്താത്ത സിംഫണികള്‍ക്കൊപ്പം 
ചുവടുകള്‍ വെക്കുന്ന ജീവിതം. 

കേട്ടു കേട്ടു ഉറക്കത്തിലേക്ക് വഴുതി വഴുതി വീഴുമ്പോള്‍  
കൊതിച്ചുപോകും
കിണര്‍ 
നേരം പുലര്‍ന്നിരുന്നില്ലെങ്കിലെന്ന്....


ആഴങ്ങളിലേക്കൊതുങ്ങുന്നകിണറിന്‍റെ
ഓര്‍മ്മകളിലെവിടെയോ
മഴവിരല്‍നീട്ടി തൊട്ടുണര്‍ത്തുന്നുണ്ടാകാശം

വ്യാഴാഴ്‌ച, സെപ്റ്റംബർ 18, 2014

നില്‍പ്പ്......

 

നില്‍ക്കേ നില്‍ക്കേ
പടരുന്നു വേരുകള്‍
വളരുന്നു ശാഖികള്‍
വിടരുന്നു മുകുളങ്ങള്‍
പുള
യുന്നു പുതുനാമ്പുകള്‍...

ചൊവ്വാഴ്ച, സെപ്റ്റംബർ 16, 2014

"...................."




വെറുതെയാണോ മരണമേ നിന്നിലെന്‍

പ്രണയമിത്രയും ഭ്രാന്തമാകുന്നത്....


അരിയ കരുതലില്‍ നിന്നു നിന്‍ പ്രണയവും


രതിനിബദ്ധമായ് മാറുന്നതിന്‍ മുന്‍പ്



മുറുകെയെന്‍ കണ്‍കള്‍ ചേര്‍ത്തടച്ചേക്കുക

ഹൃദയധമനിയില്‍ മഞ്ഞുനീരോട്ടുക...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 12, 2014

വീട്....



ലിഫ്റ്റിറങ്ങും മുന്‍പേ അറിയുന്നുണ്ടായിരുന്നു
വീട്ടിനകന്തൊക്കെയോ തിക്കും തിരക്കും....
വാതില്‍ തുറന്നതും നിറയുന്നുണ്ടായിരുന്നു
പ്രാര്‍ത്ഥനക്ക് മണിയടിച്ചപോലെ നിശ്ശബ്ദത....
എട്ടുമാസം ചെറിയ കാലമല്ലല്ലോ
വീടിന് വീര്‍പ്പുമുട്ടിയിരിക്കും
കാണണമെന്ന് തോന്നിയിരിക്കും
ആ സങ്കടം മൌനമായി നിറഞ്ഞിരിക്കും .
ഉള്ളില്‍ കാലെടുത്തുവെച്ചപ്പോള്‍ പുണര്‍ന്ന വായുവില്‍നിന്നും
ഒതുക്കി വെച്ചതെല്ലാം പടര്‍ന്ന് കയറുന്നുണ്ടായിരുന്നു.
ചുമരുകള്‍ കുടഞ്ഞെണീറ്റുവന്നു
മുറുകെപ്പുണര്‍ന്ന് ഞെരിക്കുമെന്ന് തോന്നി.
ഓരോ വാതിലുകളായിതുറന്ന്
വീട് എന്നെ സ്വന്തമാക്കിക്കൊണ്ടിരുന്നു..
പരിചയമില്ലാതെന്തൊക്കെയോ എന്നിട്ടും,
ശ്വാസം ആഞ്ഞുവലിക്കുമ്പോള്‍
അപരിചിതമായ ഒരു മണം
കാതോര്‍ക്കുമ്പോള്‍
കുനുകുനായെന്ന് ചെവിയില്‍ വന്നു നിറയുന്ന മുറുമുറുപ്പുകള്‍
ഞാന്‍ വീടിനുനേരെ കണ്ണുയര്‍ത്തുന്നു.
മുഖം തരാതെ ഒഴിഞ്ഞുമാറി
ഒന്നുമില്ലാ ഒന്നുമില്ലായെന്ന് തലയിളക്കുന്നു വീട്.
ഉണ്ട് ഉണ്ട് എന്ന്‍ ഞാന്‍ തിരച്ചില്‍ നിര്‍ത്താതെ...
അവസാനം,
ഒരുള്ളുതുറക്കലിനവസാനം
ചിതലരിച്ച ഓരോ ഉള്ളറകളായി തുറന്നു കാട്ടുന്നു വീട്.

ഞായറാഴ്‌ച, സെപ്റ്റംബർ 07, 2014

പൂക്കളം....




പല നിറം പൂവുകള്‍
പൂക്കളം തീര്‍ക്കാനായി
പലതരം കുമ്പിളില്‍
ചേര്‍ത്തു വെച്ചതാണെല്ലാം.

തെച്ചിയും മന്ദാരവും
കാക്കപ്പൂ കഴുത്തറ്റ
തുമ്പയും തുടുപ്പേറും
ചെമ്പരത്തിപ്പൂക്കളും
വേരോടെപിഴുതിട്ട
മുക്കുറ്റിയോണപ്പൂവും
മഞ്ചാടിമണിയുതിര്‍
തേവിടിശ്ശിപ്പൂക്കളും.

മെഴുകിയകളം നടുവില്‍
തൂവെള്ളയരിയണി-
മാതേവര്‍  നിറുകയില്‍
മുക്കുറ്റി മലര്‍ക്കുട.

ചുറ്റിലും കഴുത്തറ്റ
നറുതുമ്പകള്‍തന്‍ ജഢം
ഇതളുകള്‍ പിച്ചിപ്പിച്ചി
അടുക്കിയ മന്ദാരപ്പൂ
ചിതറിയ രക്തം പോലെ
ചെമ്പരത്തിപ്പൂക്കളും
വരികള്‍ കൂട്ടം തെറ്റി
തെച്ചിയുമരിപ്പൂവും.

എതയോ ലോലമീ
കാക്കപ്പൂ മഷിക്കണ്ണില്‍
ഇത്രയും വിഷാദത്തെ
യങ്ങിനെയൊളിപ്പിച്ച്.

ഒരുകുനു കാറ്റിന്‍ കൂടെ
പായുന്നു കുഞ്ഞാമിതള്‍
വെറുതെ കിംഫൂക്കിന്‍റെ
ഭാവ്യഭാവങ്ങള്‍ ചാര്‍ത്തി!

തേവിടിശ്ശിപ്പുവേയെ-
ന്നാരുപേര്‍ വിളിച്ചതീ
ക്കാട്ടില്‍ നിന്‍ നിറച്ചാര്‍ത്തി
താരിത്ര ഭയക്കുന്നു!

ഇതളുകള്‍ പിച്ചിയ
പൂവില്‍ നിന്നൂറുന്നത്
മധുരം കിനിയും തേനോ
ചുടുകണ്ണുനീരുപ്പോ!

വേരുകള്‍ പിഴുതേതോ
മുടിയില്‍ മകുടമായ്
വാണാലും പ്രവാസത്തിന്‍
നോവതിലെരിഞ്ഞിടും.

പൂക്കളെക്കുഞ്ഞുങ്ങളായ്
ചേര്‍ത്തു വെയ്ക്കുമ്പോഴിന്നീ
പൂക്കളമൊരു യുദ്ധ-
ക്കളംപോല്‍ തോന്നിക്കുന്നു.

പൂക്കളം തീര്‍ത്തു  ചുറ്റും
ചിതറിയ നുള്ളും മുള്ളും
തൂത്തെടുക്കവേ വെറുതെ
ഓര്‍ക്കുന്നീവിധമെന്തിനോ...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 05, 2014

കേളപ്പന്മാഷ്...



അവന്‍റച്ഛനും എന്‍റച്ഛനും കൂട്ടായിരുന്നു.
അവനും ഞാനും ഒരു ക്ലാസ്സിലും.
രണ്ടുപേരും മാഷ്മ്മാരായിരുന്നു.
ഒരുവ്യത്യാസം
അവന്‍റച്ഛന് കാറുണ്ടായിരുന്നു .
വടകര ഡി ഇ ഓ വിനെക്കാണാന്‍ പോകുമ്പോ
കോഴിക്കോട് കൊപ്പര വിക്കാന്‍ പോകുമ്പോ
അവന്‍റച്ഛന്‍റെ കാറിലാണ്
എന്‍റച്ഛന്‍ ബസ്സ് കേറാന്‍ പോകാറ്.
അങ്ങിനെയാണൊരു ദിവസം
അവന്‍റച്ഛന്‍റെ കാറില്‍ ഞാനും കേറിയത്.
ആ വഴിയിലാണ് കേളപ്പന്‍മാഷ്
കാറിന് കൈകാട്ടിയത്.
മാഷ് എന്‍റെ ക്ലാസ്സ്മാഷായിരുന്നു
അവന്‍റെയും..
കാണുമ്പോള്‍ കഷണ്ടിത്തലക്കുകീഴെ
കണ്ണടക്കണ്ണുകളില്‍ സ്നേഹം പൂക്കുന്ന
കറുകറുത്ത മുഖത്ത്
വെളുവെളുത്ത ചിരി വിരിയുന്ന
മാഷെ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.
മാഷിന് ഞങ്ങളെയും..
അതുകൊണ്ടാവണം
കുട്ട്യോള്‍ടെ മാഷല്ലേ നീക്കണേണ്
അച്ഛന്‍ പറഞ്ഞിട്ടും
കാറ് നിര്‍ത്താതെ പോയ
അവന്‍റച്ഛനോട് ദ്വേഷ്യംവന്നത്.
അന്ന്‍ മാഷെ അങ്ങിനെ നിര്‍ത്തിയതിന്ന്
ഇന്നും സങ്കടം വരുന്നത്..
അവന്‍റെയച്ഛനെയോര്‍ക്കുന്നതിനെക്കാള്‍
കേളപ്പന്‍ മാഷെയോര്‍ക്കുന്നത്.
എപ്പഴും അവന്‍റെ കൂടെ കേളപ്പന്‍ മാഷും
മനസ്സിലേക്ക് ചിരിച്ചുകൊണ്ട് കയറി വരുന്നത്.
പാവം മാഷ്
ചിരിക്കാന്‍ മാത്രേ അറിയുമായിരുന്നുള്ളൂ.
അതുകൊണ്ടുതന്നെ
ആര്‍ക്കും വിലയുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക്
മാഷെന്നാല്‍ ജീവനായിരുന്നു.
മാഷ് മാഷായിരുന്നിട്ടും ഞങ്ങളിലൊരാളായിരുന്നല്ലോ.