ശനിയാഴ്‌ച, ഒക്‌ടോബർ 11, 2014

അതനുഭവിച്ചുതന്നെ അറിയണം......

 


പാമ്പുകളോട് വല്ലാത്ത പകയായിരുന്നു വാസുണ്ണിക്ക്.
രണ്ടരവയസ്സുള്ളപ്പോള്‍ 
അച്ഛനെ വിഷംതീണ്ടിയ മൂര്‍ഖനെയെന്നോണം 
മുന്നില്‍ വന്നുപെട്ടവയെയെല്ലാം 
അണലിയെയും വെള്ളിക്കെട്ടനെയും മണ്ഡലിയെയും 
കണ്ണുകാണാത്ത കുരുടിപ്പാമ്പിനെപ്പോലും
തച്ചുകൊന്നവന്‍ പകതീര്‍ത്തു.
പാമ്പുകളാണെങ്കില്‍ 
അവന്‍റെ കൈകൊണ്ട് ചാവുന്നത് സുകൃതമെന്ന് 
അവന്‍ വരുമ്പോള്‍ നടവരമ്പില്‍
അവനിറങ്ങുമ്പോള്‍ പടിയിറമ്പില്‍ 
കുളിമുറിയില്‍ തുളസിത്തറയില്‍ 
അങ്ങിനെയങ്ങിനെ മയങ്ങി മയങ്ങി
കുറ്റബോധത്താലെന്നോണം കിടന്നുകൊടുത്തു...
തച്ച് തച്ച്, ചത്തിട്ടും പിന്നേം തച്ച്
കയ്യ് കഴക്കുമ്പോള്‍ 
തച്ച വടിയില്‍ തൂക്കിയെടുക്കും 
വൈക്കോല്‍ കൂട്ടി ചിതയൊരുക്കും.
ചാവാതെ ബാക്കികിടന്ന ഇത്തിരിജീവനും
ഞെരിഞ്ഞുപുളഞ്ഞ് 
വാലറ്റത്തൂടെ അപ്രത്യക്ഷമാവും.

അച്ചാച്ചനെ വെഷംതീണ്ടീട്ടല്ലേന്ന് 
ദാക്ഷിണ്യമില്ലാതെ മക്കളകത്തേക്ക് കേറുമ്പോള്‍
വാസുണ്ണിക്ക് ഒരു മോന്ത നിറയെ 
കിണറിന്‍റെ കുളിര്‍മയും കോരി വരുന്ന ഭാര്യയില്‍ നിന്ന്‍ 
“ഇതോണ്ടൊന്നും മരിച്ചുപോയോര് 
തിരിച്ചുവരില്ല്യാട്ടോ” ന്നൊരു നെടുവീര്‍പ്പ് 
കാറ്റില്‍ പറന്ന്‍ പറന്ന്‍ പോകുന്നുണ്ടായവും ....
ഇനി ഈപ്പാമ്പന്ന്യാവ്വോ ആപ്പാമ്പെന്ന 
മക്കളുടെ വേവലാതി 
എത്രനെറച്ചാലും നെറയാത്ത ദിവസക്കൊട്ടയിലേക്ക് 
ചുരുണ്ടുമടങ്ങിവീണ് കാണാതാവും.


അങ്ങിനെ മറന്ന്‍ മറന്ന്‍ 
അറിഞ്ഞോ അറിയാതെയോ ചവിട്ടിയിറങ്ങിയ കാലുകളേയും 
വേദനിച്ചുതീണ്ടിയ വിഷത്തേയും മറന്നു തുടങ്ങിയ ഒരുദിവസം 
ചവിട്ട്പടിയുടെ ചോട്ടിലോ 
നടവഴിയുടെ ഓരത്തോ വന്നു കിടക്കും 
തച്ച്തച്ച് വെന്തുവെന്ത് ഒരു കുറ്റബോധം... 
അവസാനജീവനും ഞെരിഞ്ഞുപുളഞ്ഞ്
വാലറ്റത്തൂടെ മോക്ഷം പ്രാപികുമ്പോഴും 
ഒരു വാക്കുപോലും പ്രതികരിക്കാതെ
അങ്ങിനെ കിടക്കുന്നുകൊടുക്കുന്നതിലുള്ള ഒരു സുഖം

അതനുഭവിച്ചുതന്നെ അറിയണം......

18 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഒരു വാക്കുപോലും പ്രതികരിക്കാതെ
അങ്ങിനെ കിടക്കുന്നുകൊടുക്കുന്നതിലുള്ള ഒരു സുഖം
അതനുഭവിച്ചുതന്നെ അറിയണം......

ചന്തു നായർ പറഞ്ഞു...

അനുഭവിച്ച് തന്നെ അറിയണം എല്ലാം... അനുഭവമാണ് ഗുരു

ചന്തു നായർ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പട്ടേപ്പാടം റാംജി പറഞ്ഞു...

എത്ര അനുഭവിച്ചാലും അവസാനിക്കാത്തത്....

ജന്മസുകൃതം പറഞ്ഞു...

അനുഭവമാണ് ഗുരു

ajith പറഞ്ഞു...

ഫണമുയര്‍ത്തിയാലെന്ത്

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

ഇനി ആ പാമ്പുകളുടെ മക്കളും പ്രതികാരത്തിനു വരുമോ...?
കാത്തിരുന്നു കാണാം ല്ലേ...

Sudheer Das പറഞ്ഞു...

കണ്ടാലറിയാത്തവര്‍ കൊണ്ടുതന്നെ പഠിയ്ക്കട്ടെ... അല്ലേ...

Unknown പറഞ്ഞു...

പ്രതികരിക്കാൻ വാക്കുകൾ
എന്തിനു ?

ഒരു നോട്ടം കൊണ്ടെലെങ്കിൽ മനസുകൊണ്ട് പ്രതികരിക്കാത്തവർ ഉണ്ടാവില്ല .


തച്ച് തച്ച് എന്ന വാക്ക് ആവർത്തിക്കുന്നു വല്ലാതെ ...

ente lokam പറഞ്ഞു...

പ്രതികരിക്കാൻ ആവാതെ
അവസാനം എല്ലാം പടിയിറങ്ങി അല്ലേ ??!!

മുകിൽ പറഞ്ഞു...

കുറ്റബോധവും ശിക്ഷ അനുഭവിക്കുന്ന സുഖവും കാലം ചെല്ലുമ്പോള്‍ വാല്‍ തലയും തല വാലുമായി തിരിഞ്ഞു കിടക്കും ജീവിതത്തിന്റെ വരമ്പില്‍..

വിജീഷ് കക്കാട്ട് പറഞ്ഞു...

തച്ച്തച്ച് വെന്തുവെന്ത് ഒരു കുറ്റബോധം...

വിജീഷ് കക്കാട്ട് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
the man to walk with പറഞ്ഞു...

പ്രതികാരം ഭൂതകാലത്തോടാണ്

All the Best

the man to walk with പറഞ്ഞു...

പ്രതികാരം ഭൂതകാലത്തോടാണ്

All the Best

the man to walk with പറഞ്ഞു...

പ്രതികാരം ഭൂതകാലത്തോടാണ്

All the Best

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

വാസുകിയുണ്ണി.....

SUJITH KAYYUR പറഞ്ഞു...

aashamsakal...