ചൊവ്വാഴ്ച, ജൂലൈ 01, 2014

ഒന്നിനുമല്ലാത്ത ചില ഫുട്ബാള്‍ ഓര്‍മ്മകള്‍...



രണ്ടിലോ മൂന്നിലോ  പഠിക്കുമ്പോഴാണ് വെക്കേഷന്‍ കഴിഞ്ഞു അമ്മവീട്ടില്‍ നിന്നും തിരിച്ച് നാട്ടില്‍ വന്നിറങ്ങിയതേയുളളു. കാറില്‍ നിന്നും ഇറങ്ങുമ്പോഴേക്കും പരിചയക്കാരാരൊക്കെയോ  അച്ഛന് ചുറ്റും കൂടി.  കാര്യമായേന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായ ഞാനും ചേച്ചിയും വീട്ടിലേക്ക് കയറാതെ അച്ഛനെ ചുറ്റിപ്പറ്റി നിന്നു. മഴപെയ്ത് മണ്ണാകെ നനഞ്ഞു കിടക്കുന്നു. ഞങ്ങള്‍ തിരിച്ചെത്തിയതറിയാതെ  പെയ്തു മതിയായില്ലെന്ന് മേഘങ്ങളെ സ്വരുക്കൂട്ടുന്നതിന്റെ തിരക്കിലായിരുന്നു ആകാശം...  ഭൂമിയാണെങ്കില്‍ അര്‍ദ്ധമയക്കത്തിലും.  വീടിന് മുന്നില്‍ ഏറ്റക്കുത്തനെ നിന്നിരുന്ന വാല്ലോറമല പകുതിയും പുകമഞ്ഞു പുതച്ചുറക്കമായിരുന്നു..

ചുറ്റിലും നില്‍ക്കുന്നവരുടെ മുഖഭാവത്തില്‍ നിന്നും നടക്കാന്‍ പാടില്ലാത്തതെന്തോ ആണ് നടന്നതെന്ന്‍ മനസ്സിലാക്കാമായിരുന്നു. ഒടുക്കം ആരുടെയോ വായില്‍ നിന്നും അത് പുറത്തു വന്നു.
" മ്മടെ താന്ന്യേണ്ടീലെ ഉണ്ണ്യാര് മരിച്ചു മാഷെ..."
അന്ന് വല്ലപ്പോഴും മാത്രം കേട്ടിരുന്ന മരണം എന്ന വാക്കിന് വല്ലാത്തൊരു ഭീകരതയായിരുന്നു. മരണപ്പെട്ടയാളുടെ ശരീരത്തിലേക്ക് അതിക്രമിച്ച് പടര്‍ന്നുകയറിത്തുടങ്ങുന്ന തണുപ്പിനൊപ്പം നാടിനെ മുഴുവന്‍ ഒരുതരം മൌനം വന്നു പുതയുമായിരുന്നു. പിന്നെ കുറെക്കാലത്തേക്ക് മരണം തിരിച്ചുപോകാതെ ആരെയോ തിരഞ്ഞു ചുറ്റുവട്ടത്തെവിടെയോ ഉണ്ടെന്നും  ചെറിയ ശബ്ദം പോലും ഞങ്ങളെ ഒറ്റിക്കൊടുക്കുമെന്നും ഭയക്കും പോലെ അത്യാവശ്യകാര്യം പോലും ഞങ്ങള്‍ വെറുംമൊരു നോട്ടത്തിലോ ആംഗ്യഭാഷയിലോ ഒപ്പിച്ചെടുത്തു.

'താന്നികണ്ടി ഉണ്ണിനായര്‍'  വീടിന് മുന്നിലെ ഹൈസ്കൂളില്‍ പഠിച്ചു പുറത്തു ജോലി തേടിപ്പോയ വിരലിലെണ്ണാവുന്ന ചിലരിലൊരാള്‍ ആയിരുന്നു. എയര്‍ഫോഴ്സില്‍ ജോലിയായി വടക്കേയിന്ത്യയിലെ ഏതോ നഗരത്തില്‍ നിന്നും ഇടക്ക് ലീവില്‍ വരുമ്പോള്‍ മാത്രമായിരുന്നു ഞങ്ങളദ്ദേഹത്തെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ എനിക്കു വലിയ പരിചയം ഇല്ലാതിരുന്നിട്ടും നാടിനെ നടുക്കിയ ആ മരണത്തിന് , അതും രാജ്യത്തിന് വേണ്ടിയുള്ള ആത്മസമര്‍പ്പണം കൂടിയായപ്പോള്‍ ഒരു വീരമൃത്യുവിന്റെ പരിവേഷം വന്നു.

 മരണാനന്തരചടങ്ങുകള്‍ക്കും  അനുശോചന യോഗങ്ങള്‍ക്കുമപ്പുറം നാട്  പതുക്കെ പൂര്‍വ്വസ്ഥിതിയിലേക്ക്  തിരിച്ചെത്തി. സ്കൂള്‍ തുറന്നപ്പോള്‍ ഞങ്ങള്‍ കുട്ടികളും അതെല്ലാം മറന്നു. അങ്ങിനെ ഓണപ്പരീക്ഷയും 'കൃസ്മസ്' പരീക്ഷയുമൊക്കെ കഴിഞ്ഞ് തിരക്കുപിടിച്ച സ്കൂള്‍ വര്‍ഷം കൊല്ലപ്പരീക്ഷയിലെത്തിനിന്നു. അവസാനപരീക്ഷ കഴിഞ്ഞ ദിവസമാണ് വീടിനും വാല്ലോറമലക്കുമിടയില്‍ പരന്നുകിടന്നിരുന്ന ഹൈസ്കൂള്‍ മൈതാനത്തിന്റെ രണ്ടറ്റങ്ങളിലായി ഓരോ ബാനര്‍ ശ്രദ്ധയില്‍ പെട്ടത്. താന്നികണ്ടി ഉണ്ണിനായര്‍ സ്മാരക ഫുട്ട്ബാള്‍ ടൂര്‍ണമെന്‍റ് എന്ന്‍ അതില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവെച്ചിരുന്നു.

  മലമടിയില്‍ വലിയ അനക്കങ്ങളൊന്നും ഇല്ലാതെ  ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു ഗ്രാമമായിരുന്നു ഞങ്ങളുടേത്. അമ്പലമോ പള്ളികളോ ഇടങ്കോലിടാത്ത നാടായതിനാല്‍ ആകെയൊരു ഉത്സവച്ഛായ വരുന്നത് കൊല്ലത്തിലൊരിക്കല്‍ സ്കൂള്‍വാര്‍ഷികത്തിന്റെ അന്ന് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ  ഇതൊരു വലിയ വാര്‍ത്തയായിരുന്നു നാട്ടില്‍. ഞാന്‍ പഠിച്ചിരുന്ന യുപിസ്കൂളിലെ എന്‍റെ ക്ലാസ്മാഷായിരുന്ന ഗോപന്‍ മാഷും കൂട്ടുകാരുമടങ്ങിയ നാട്ടിലെ ചെറുപ്പക്കാരുടെ ഒരേയൊരു യൂത്ത്ക്ലബ്ബായിരുന്നു ഈ സംഭവത്തിന് പിന്നില്‍. മൈതാനത്തില്‍ വൈകീട്ട് എന്നും പന്തുതട്ടിക്കളിയുണ്ടെങ്കിലും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന  ഒരു മത്സരം നടത്താന്‍ മാത്രം എന്തെങ്കിലും അവിടെ നടന്നിരുന്നു എന്ന്‍ നാട്ടുകാര്‍ അറിയുന്നതു അപ്പോള്‍ മാത്രമാണ്...

മാച്ച് തുടങ്ങുന്നതിന്നുള്ള ഒരുക്കങ്ങള്‍ തുടങ്ങി.  സുമുഖന്‍ സത്സ്വഭാവി , മിതഭാഷി എന്നിങ്ങിനെ നാട്ടുകാര്‍ അറിഞ്ഞിരുന്നതില്‍ നിന്നും ഒരുപടി മുന്നിലെത്തി നല്ല ഒരു ഓര്‍ഗനൈസര്‍ കൂടിയായി ഗോപന്‍മാഷ് എല്ലാത്തിനും മുന്നില്‍ ഓടിനടന്നു.  ഞങ്ങള്‍ കുട്ടിപ്പട്ടാളത്തിലെ കുട്ടന്‍മാര്‍ ഗ്രൌണ്ടിലെ കല്ലുപെറുക്കലും ചോക്കുപൊടി ചുമക്കലുമൊക്കെയായി മാഷെ ചുറ്റിപ്പറ്റിനിന്ന്‍ പഠിച്ചെടുത്ത പുതിയ വാക്കുകള്‍ എടുത്തിട്ട് ഞങ്ങള്‍ കുട്ടത്തികളുടെ മുന്നില്‍ വലിയ ആളുകളായി. അങ്ങിനെ ഞങ്ങള്‍ക്കിടയിലേക്ക് ഡിയും പെനാല്‍റ്റിയും പെനാല്‍റ്റിബോക്സും ഹാന്‍റും  ഫൌളുമൊക്കെ  കടന്നു വന്നു.  ഫുട്ട്ബാളിനെപ്പറ്റിയുള്ള ഞങ്ങളുടെ സങ്കല്‍പ്പങ്ങളെ ആ അറിവുകള്‍ മാറ്റിമറിച്ചു. കാലുകൊണ്ടും കൈകൊണ്ടും എറിഞ്ഞും ഉരുട്ടിയും തട്ടിയും മുട്ടിയുമൊക്കെ കളിക്കാമായിരുന്ന ഫുട്ബാളോ വോളീബാളോ ഹാന്‍റ്ബാളോ എന്നു പറയാന്‍ പറ്റാത്ത ഒരു പന്തുകളി മാത്രമായിരുന്നു ഞങ്ങള്‍ കുട്ടിപ്പട്ടാളത്തിന്റെ  ഫുട്ട്ബാള്‍.

നാട്ടിലാകേ ഒരു ഉത്സവച്ഛായയായിരുന്നു. കളിതുടങ്ങുന്നതിന്‍റെ തലേദിവസം തന്നെ അവിടെയുമിവിടെയുമായി കൊച്ചുകൊച്ചു കടകള്‍ പൊങ്ങിവരാന്‍ തുടങ്ങി. മാല,വള,മിഠായി,സര്‍ബ്ബത്ത്,ചായ എന്നിങ്ങിനെ പലതരം സ്റ്റാളുകള്‍. ഉണ്ടായിരുന്ന ഒന്നുരണ്ട് ചായക്കടകള്‍ മാനേജരെ സോപ്പിട്ട് സ്കൂളിലെ ബഞ്ചും ഡെസ്ക്കും സംഘടിപ്പിച്ചു സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. വെറുതെ തിന്നും കളിച്ചും നഷ്ടപ്പെട്ടുപോകാമായിരുന്ന ഒരവധിക്കാലം സംഭവബഹുലമായതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. മാഞ്ചോട്ടിലെ എല്ലാ ആക്റ്റിവിറ്റികളും നിര്‍ത്തിവെച്ച് കുട്ടിപ്പട്ടാളം വീട്ടിലെ ഗേറ്റിന്റെ മതിലിന്മേല്‍ സ്ഥാനമുറപ്പിച്ചു. മൊത്തമായി മൈതാനം നിരീക്ഷിക്കാന്‍ ഇതിലും നല്ലൊരു സ്ഥാനം വേറെയില്ലായിരുന്നു.  

    അടുത്തും ദൂരെയുമായി കിട്ടാവുന്ന ടീമുകളെയൊക്കെ സംഘടിപ്പിച്ചു ഒരാഴ്ച നീണ്ടുനിന്ന ഒന്നൊന്നര മത്സരമായിരുന്നു അത്. ഒരു ഫുട്ബാള്‍ മത്സരമെന്ന് പറയുമ്പോള്‍ അതുമായിബന്ധപ്പെട്ട എന്തും ഞങ്ങള്ക്ക് പുതുമയായിരുന്നു. അതുകൊണ്ടുതന്നെ ഗ്രൌണ്ടിനുചുറ്റും കാണികളുടെ വന്‍ തിരക്കുതന്നെയായിരുന്നു. ആദ്യമായിക്കാണുന്ന ജേഴ്സിയുടെയും ഷൂസിന്‍റെയുമൊക്കെ പളപളപ്പില്‍ വിശിഷ്ടാതിഥികളും ഉത്ഘാടനവും അനുസ്മരണവുമൊന്നും ഞങ്ങളെ ബാധിക്കാതെ കടന്നുപോയി. ഗോപന്‍ മാഷുടെ ടീമും മറ്റേതോ ഒരു ടീമും തമ്മിലായിരുന്നു ആദ്യത്തെ മാച്ച്. കളിതുടങ്ങിയതും ഗോപന്‍മാഷ് നാട്ടുകാരുടെ മനസില്‍ വല്ലാതെ വളരാന്‍ തുടങ്ങി. ‘കുട്ടന്‍മാര്‍’ മാഷുടെ കൂടെ നടന്നു കിട്ടിയ അനുഭവങ്ങളില്‍ നിന്നും കഥകള്‍ മെനഞ്ഞു. കുഞ്ഞ് കുട്ടത്തികളുടെ മനസ്സില്‍ മുളച്ച ആരാധന മുഖത്ത് തഴച്ചു പന്തലിച്ചു. അങ്ങിനെ ലോകം ഗോപന്‍മാഷിന് ചുറ്റും കിടന്നു തിരിയാന്‍ തുടങ്ങിയത് വളരെ പെട്ടന്നായിരുന്നു.

  രണ്ടു കളികള്‍ മാഷിന്റെ ബലത്തില്‍ ജയിച്ച് ടീം സെമിയിലേക്ക് കടന്നു. സെമിയുടെയന്ന് എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ഇങ്ങിനെ കളിച്ചാല്‍ കപ്പ് ഉറപ്പാണെന്ന് കാണുമ്പോഴെല്ലാം എല്ലാരും തമ്മില്‍ തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു. ആ ഒരു വിശ്വാസത്തിലാണ് എല്ലാരും കളികാണാന്‍ വന്നത്. നല്ല തിരക്കായിരുന്നു. ടോസ് കഴിഞ്ഞ്കളിത്തുടങ്ങി. കുട്ടന്‍മാര്‍ ഡിഫന്‍സ് അഡ്വാന്‍സ് സ്ട്രൈക്കര്‍ തുടങ്ങിയ പുതിയവാക്കുകള്‍`കൊണ്ട് ഞങ്ങള്‍ക്കിടയില്‍ വലിയ ആളുകളായി. എതിര്‍ടീമിന്റെ ഡിഫന്‍സ് ഗംഭീരമാണെന്നും മാഷ് സ്ട്രൈക്കറാണെന്നുമൊക്കെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.  പെട്ടന്നാണ് ആകെ ബഹളമായത്. ഞങ്ങള്‍ക്കെന്തെങ്കിലും മനസ്സിലാവും മുന്പ് കുട്ടന്‍മാര്‍ ഓരോരുത്തരായി ചാടിയിറങ്ങി അപ്രത്യക്ഷരായി. കളിച്ചുകൊണ്ടിരുന്ന ഗോപന്‍ മാഷിനെ മൂന്നാലുപേര്‍ പൊക്കിയെടുത്ത് ജീപ്പില്‍കയറ്റി പോകുന്നത് കണ്ടപ്പോള്‍ മാഷിനെന്തോ പറ്റിയെന്ന് മാത്രം മനസിലായി. നാട്ടുകാരായ കാണികളില്‍ പലരും ജീപ്പിന് പിറകെ ഓടിപ്പോയി.

 ഗോപന്‍ മാഷിന്റെ കാലില്‍ എതിര്‍ ടീമിലുള്ള ഒരു കളിക്കാരന്‍ ചവിട്ടിയെന്നും ഇനിയൊരിക്കല്‍ കളിയ്ക്കാന്‍ പറ്റാത്തവിധം മാഷിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ടാവുമെന്നും ഫുട്ട്ബാള്‍മാച്ചില്‍ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണെന്നും ചവിട്ടിയ ആള്‍ക്ക് റെഡ്കാര്‍ഡ് കിട്ടിയെന്നും കുട്ടന്‍മാരുടെ വാചകമടിയില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കി. വീണ്ടും കളി തുടര്‍ന്നെങ്കിലും കളി കാണാന്‍ മൂഡില്ലാത്തതിനാല്‍ ഞങ്ങള്‍ മാഞ്ചുവട്ടില്‍ അഭയം പ്രാപിച്ചു. മാഷിന് ഇനി കളിക്കാന്‍ പറ്റ്വോ, വേദനിക്കുന്നുണ്ടാവുമോ, തുടങ്ങി ഓരോ കണ്ണുകളും ചോദ്യങ്ങളാല്‍ നിറഞ്ഞു തുളുമ്പി. മാഷിനെ ചവിട്ടിയവനെ ഞങ്ങള്‍ മനസ്സ് നൊന്ത് പ്രാകിക്കൊണ്ടിരുന്നു. സന്ധ്യക്ക് നാമം ചൊല്ലുംപോള് മാഷിനൊന്നും വരുത്തരുതെയെന്ന് എല്ലാരും പ്രാര്‍ത്ഥിക്കണമെന്ന തീരുമാനത്തില്‍ കുട്ടിപ്പട്ടാളം പിരിഞ്ഞു.

 ഗോപന്‍മാഷ് ഇല്ലാഞ്ഞിട്ടും മാഷിന്റെ ടീം ഫൈനലില്‍ എത്തി. ക്യാപ്റ്റനായിരുന്ന മാഷിന് ടീം കൊടുത്ത വാക്കായിരുന്നു അതെന്ന്‍ എല്ലാവരും പറഞ്ഞു. ഫൈനല്‍ മാച്ച് കാണാന്‍ പ്ലാസ്റ്ററിട്ട കാലും വലിച്ച് മാഷും വന്നിരുന്നു. കളിയേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ശ്രദ്ധിച്ചത് മാഷിന്റെ ചലനങ്ങളായിരുന്നു. ‘പാവം മാഷ്’ എന്ന്‍ ഇടക്കിടക്കാരെങ്കിലും ചൂടുള്ള നെടുവീര്‍പ്പ് പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു.. അവസാനം ടീം വാക്കുപാലിച്ചു. കപ്പ് വാങ്ങിക്കാനായി എല്ലാരുംകൂടി ഗോപന്‍മാഷിനെയും പൊക്കിയെടുത്ത് സ്റ്റേജില്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്കു ശരിക്കും സന്തോഷം കൊണ്ട് കരച്ചില്‍ വന്നു.

  അഞ്ചാറ് വര്ഷം തുടര്‍ച്ചയായി മാച്ച് നടന്നു. മാഷ് കളിക്കുകയും ചെയ്തു. പിന്നെപ്പോഴോ എന്തോ കാരണത്താല്‍ ടൂര്‍ണമെന്‍റ് മുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ഞങ്ങള്‍ കുട്ടത്തികള്‍ ഗേറ്റില്‍ നിന്നും വീടിന്‍റെ ടെറസ്സിലേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. പിന്നീട് കോളേജില്‍ സുഹൃത്തുക്കളായ യൂണിവേഴ്സിറ്റിടീമിലെ കളിക്കാര്ക്കൊപ്പമിരിക്കുമ്പോഴും നാട്ടിലെ ഫുട്ബാള്‍ മത്സരവും മാഷും സംസാരവിഷയമായിരുന്നു. 82ല്‍ നടന്ന FIFA ആണ് ആദ്യമായി ടെലിവിഷനില്‍ കാണുന്നത്. അങ്ങിനെ ഗോപന്‍മാശില്‍ നിന്നും പൌളോറോസി, സോക്രടിസ്, പ്ലാറ്റിനി, മരഡോണ റൊണാള്‍ഡോ എന്നിങ്ങിനെ ഇപ്പോള്‍ മെസ്സിയിലും നെയ്മറിലുമൊക്കെ എത്തിനില്‍ക്കുന്ന ഫുട്ബാള്‍ ഭ്രാന്തിന്  മാഷിനോടും അന്നത്തെ ഉണ്ണിനായര്‍ സ്മാരകടൂര്‍ണമെന്‍റിനോടും തന്നെ കടപ്പാട്.

 കുറച്ചുവര്‍ഷം മുന്‍പ് അച്ഛന്റെ ഓര്‍മ്മപുതുക്കല്‍ ദിവസം നാട്ടിലെ സ്കൂളില്‍ വെച്ചു ‘എന്നെ ഓര്‍മ്മയുണ്ടോ’ എന്ന ചോദ്യവുമായി ഗോപന്‍മാഷ് മുന്നിലെത്തിയപ്പോള്‍ വീണ്ടും സ്വയം അറിയാതെ അന്നത്തെ കുട്ടത്തികളിലൊരാളായി മാറുന്നത് അറിഞ്ഞു. കണ്ണുകളില്‍ പതഞ്ഞുനിറയുന്ന  ആരാധന ഒളിപ്പിച്ചു സ്വാഭാവികത കൊണ്ടുവരാന്‍ ഒരുപാട് പണിപ്പെട്ടുപോയി.

അഭിപ്രായങ്ങളൊന്നുമില്ല: