തിങ്കളാഴ്‌ച, ഡിസംബർ 29, 2008
പുതുവല്‍സരാശംസകള്‍
ഞായറാഴ്‌ച, ഡിസംബർ 21, 2008
കണ്ടവരുണ്ടെങ്കില്‍ അറിയിക്കുക
കൂരാകൂരിരുട്ട് .....വിജനമായ വഴി....മഴക്കാറിനിടയിലൂടെ കാണുന്ന ചന്ദ്രനെ പോലെ വഴിവിളക്കുകള്‍ മിന്നിക്കൊണ്ടിരിക്കുന്നു...വഴിയിലൂടെ ഒരു കാര്‍ മന്ദംമന്ദം നീങ്ങിക്കൊണ്ടിരുന്നു...എതോ അപകടത്തിന്റെ സൂചനയെന്നോണം കാറിന്റെ ലൈറ്റുകള്‍ ഇടതടവില്ലാതെ മിന്നിക്കൊണ്ടിരുന്നു... ഞെരിച്ചു കൊല്ലാനെന്നോണം ഒരുതരം പ്രതികാരബുദ്ധിയോടെ പുകമഞ്ഞ് കാറിനെ പൊതിഞ്ഞു കൊണ്ടിരുന്നു...മഞ്ഞല്ലാതെ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല..ഒരു പഴയ സിനിമയിലെ പ്രേതഗാനം കാറിനുള്ളില്‍ നിറഞ്ഞുനിന്നു
മാ വാരികയിലെ പ്രേത കഥയുടെ തൊടക്കംപോലെല്ല്യേ....? പക്ഷെ ഇതൊരനുഭവകയാണ്...പാട്ട് വന്നത് എന്റെ വായില്‍ നിന്നും. വീട്ടിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത് . ഇനി കുറച്ചു കാലം ഈ പ്രേതകഥ ഇങ്ങിനെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണം പറയുന്നത്....പിന്നെ ഇവിടെ സൂര്യനെ കാണാതായിട്ട് രണ്ടു ദിവസമായി .കണ്ടവരുണ്ടെങ്കില്‍ അറിയിക്കുക. വീണ്ടും കാണും വരെ ആശംസകള്‍..........
വ്യാഴാഴ്‌ച, ഡിസംബർ 18, 2008
ഇതെന്തൊരു കഷ്ടാപ്പാ....
അവള്‍ക്ക്ണ്ടോ കൂസല്....രാവിലെ അവള് കുടുമ്പത്തിനേം കൂട്ടി റെഡി. നഗരദര്‍ശനത്തിനാത്രെ...ഇവിടുള്ളോര്‍ക്ക് വീട്ട്ന്നാരെങ്കിലും പുറത്തു പോയാല്‍പിന്നെ വരുന്നവരേക്കും ഉള്ളില് ബുള്ളറ്റോട്ണ മതിര്യാണ്...പ്ട് പട് പ്ട് പട്..അതുണ്ടോ മനസ്സിലാവണു ആര്ക്കെങ്കിലും?...
ഞാന്‍ പരസ്യ മോഡലില്‍ ഒരു ചോദ്യം ...'നിനക്ക് പേടിയില്ലേ?...അവളും വിട്ടില്ല്യ..'എന്തിന്'....ഇതെന്ത് ബോംബാണേടത്തീ?....ഞങ്ങളൊക്കെ ഇതിനേറുപടക്കംന്നാ പറയ്യാ...ഞങ്ങടെ കണ്ണൂരിലെ ബോംബാ ബോംബ്.....
എന്റെ ദൈവേ....(വെറുതെ വിളിച്ചതാ... കാര്യംല്ല്യാന്നറിയാം)എങ്ങിനിരുന്ന പീക്കിരിക്കുട്ട്യാ...ഇപ്പോ എന്താ ധൈര്യം..ഐ ആം ഇമ്പ്രസ്ഡ്...ഞാനുണ്ടോ വിട്ട് കൊടുക്കുന്നു....കുറഞ്ഞത് നമ്മുടെ തലസ്ഥാനത്തിന്റെ മാനമല്ലെ ഇവളിട്ട് തട്ടിക്കളിക്കുന്നത്.....
അയ്യോ കുട്ടി...ഇന്നലെ ഒരാളെ മരിച്ചുള്ളൂച്ച്ട്ട് കൊറയ്ക്കണ്ട.കഴിഞ്ഞാഴ്ച എത്ര സ്ഥലത്താ ബോംബ് പൊട്ട്യേത് ....എത്ര ആളുകളാ മരിച്ചത് .....
എന്റേടത്തി കണ്ണൂര് ഇപ്പം വളപ്പിന്ന് കപ്പയും ചേനൊന്ന്വല്ല ഞങ്ങള് കെളച്ചെടുക്കുന്ന്ത്...ബോംബാ.അവിടെ വളപ്പ് കെളയ്ക്കാന്‍ പാര്‍ട്ടിക്കാര് പിന്നാലെ നടക്ക്വല്ലേ...കൂലി വേണ്ട പകരം കെളയ്ക്കുമ്പ കിട്ടുന്ന ബോംബ് മതീത്രെ.പത്താണ് നെരക്ക്. ഇന്നാളൊരൂസം ഒന്നെക്സ്ട്രാ കിട്ടീന്നും പറഞ്ഞ് വന്നു .വെച്ചോളാന്‍ പറഞ്ഞു ഞാന്‍.
എന്റീശ്വരന്മാരേ....(ദേ പിന്നേം വിളിച്ചു ...ജനിച്ചപ്പം കൂടെ പോന്ന സ്വഭാവാ... മാറ്റാന്‍ വെഷമാ...)ഏതായാലും ഒന്നു തീരുമാനിച്ചു..... നാട്ടില്‍ പറമ്പ് വേണ്ടേവേണ്ടാ. ഫ്ലാറ്റ്തന്ന്യാ നല്ലത്. മനസ്സമാധാനായിട്ടൊന്നുറങ്ങാലൊ.
ചൊവ്വാഴ്ച, ഡിസംബർ 16, 2008
....കറുപ്പിനഴക്.... വീണ്ടും കറുപ്പിനഴക്.....
കാക്ക...പലതവണ കുളിച്ചിട്ടും കൊക്കായില്ല.....
മൂക്കു ചപ്പിയ കറുപ്പിനെ വെളുപ്പാക്കിയ
ഗായകനെ ഓര്‍ത്ത് വാങ്ങിയ
ഷെഹനാസിന്റെ ലേപനവും ഫലിയ്ച്ചില്ല.
മടുത്ത കാക്ക ഒന്നുകൂടി കറുത്തു മിനുത്ത
ചിറകുകള്‍ നീട്ടി പറന്നുയര്‍ന്നു.
അത്തിമരത്തിന്റെ കൊമ്പില്‍
നീര്‍കാക്കയെ പോലെ ചിറകു വിരുത്തി
ആലിന്റെഉച്ചിയിലിരിയ്ക്കുന്ന കൊക്കിനെ
ഓട്ടക്കണ്ണിട്ടു നോക്കി അവന്‍ പാടി
കറുപ്പിനഴക്....വീണ്ടും കറുപ്പിനഴക്....
ഭാവനയെപോലെ ചിറകുകള്‍ മേലോട്ടുയര്‍ത്തി
പിന്‍ഭാഗം മെല്ലെ ഇളക്കി കൊണ്ട്.
മീരാജാസ്മിന് ഭാവപ്രകടനം കൂടുതലാണ്...
കാക്കയിലെ ക്രിറ്റിക്ക് ഉണര്‍ന്നു.
പാടത്തും പറമ്പിലും തേരാപാരാ പണിതിട്ടും
കറുക്കാതെ പറന്നുയര്‍ന്ന കൊക്കിനസൂയ.....
എനിയ്ക്കും മോഹമായ് കറുക്കാന്‍ കാക്കപോല്‍..
കൂട്ടുവരുമൊ കൂട്ടുവരുമോ കാക്കക്കുറുമ്പാ നീ....
പോരേപൂരം ......കാക്കയാരാമോന്‍
പാര്‍ലറില്‍നിന്നും കിട്ടി നെരോലാക് വാട്ടര്‍പ്രൂഫ്.
നേരില്‍ കാക്കയ്ക്ക് ലാഭം നൂറു ശതമാനം.
കറുക്കാന്‍ തേച്ചത് പാണ്ടായില്ലെന്ന് കൊറ്റിയും.
കാക്കയും കൊറ്റിയും ചേര്‍ന്നു പാടി
കറുപ്പിനഴക്....വീണ്ടും കറുപ്പിനഴക്...
എനിയ്ക്കും മോഹമായ് ഉറയ്ക്കെ പാടുവാന്‍
......കറുപ്പിനഴക്.... വീണ്ടും കറുപ്പിനഴക്........
ശനിയാഴ്‌ച, ഡിസംബർ 13, 2008
കലിയുഗ ഗോപിക
കണ്ണന്റെ കുന്നായ്മയെന്നു ചിരിച്ചതും
ഉപ്പേരി കൂട്ടി ചമച്ചൊരീയുരുളകള്‍
കണ്ണന്റെ വായിലേക്കെന്നു ഞാന്‍ ചൊന്നതും
എന്തിനെന്നറിയാതെ ഒരു മയില്‍ പീലി നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാന്‍ ചൂടിച്ചു തന്നതും
എന്തിനായെന്നു ഞാനോര്‍ക്കവെയെന്നിലല
തല്ലിത്തകര്‍ക്കുന്നു മാതൃഭാവം.......
എന്നോ പിന്നിട്ടൊരെന്‍ ബാല്യകൗമാരങ്ങള്‍
രാധയായ് സ്വപ്നപ്പൂമാല്യങ്ങള്‍തീര്‍ത്തതും
ഒരു മീരയായെന്റെ മാനസ രാഗങ്ങള്‍
ഒരു വീണ തന്‍ കനിവില്‍ മീട്ടാന്‍ കൊതിച്ചതും
എങ്ങോനിന്നെത്തുമൊരു മുരളിരവമെന്നില്‍
താമരയില്‍ വണ്ടു പോല്‍ മോഹം ചൊരിഞ്ഞതും
എന്തിനായെന്നു ഞാനോര്‍ക്കവെയറിയുന്നു
എന്നില്‍ തുളുമ്പുന്ന മൂകരാഗം.........
ഒരു കാളിയന്‍തന്‍ വിഷം ചീറ്റുമോര്‍മ്മയില്‍
കംസരാജന്‍ തന്റെ ക്രൗര്യത്തിനോര്‍മ്മയില്‍
ദുശ്ശാസനന്മാര്‍ മദം പൊട്ടി നില്‍ക്കവെ
ഗാന്ധാരിമാര്‍തന്‍ വിലാപം മുഴങ്ങവെ
ശാപമോക്ഷം തേടിയെത്തുമൊരു തന്വിതന്‍
പാലീമ്പിയുണ്ണീകള്‍ വീണൊടുങ്ങീടവെ
അറിയാതെ മോഹം ഫണം വീശി നിന്നതും
ഒന്നു പുനര്‍ജ്ജനിച്ചെങ്കില്‍ നീയെന്നത്രെ.......
പാവം കുചേലന്മാര്‍ നീട്ടും അവില്‍ പൊതി
പാരം കനിഞ്ഞുവാങ്ങീടുവാനാവാതെ
ശ്രീകോവിലില്‍ വെറും കല്ലായി ദൈവമായ്
മാറിയ നിന്നെയോര്‍ത്തേറെ തപിപ്പു ഞാന്‍...
അത്മവീര്യം കെട്ടു കേഴുമൊരു പാര്‍ത്ഥനോ-
ടോതുവാനിനിയേതു സൂക്തകങ്ങള്‍?
മോഹം നിറഞ്ഞു കവിഞ്ഞൊരെന്‍ ഹൃത്തില്‍
നീ മായയായ് തീര്‍ന്നതെന്‍ മോഹഭംഗം.
തിങ്കളാഴ്‌ച, ഡിസംബർ 08, 2008
പ്രതീക്ഷയുണ്ട്....
താടി നീട്ടിയ മതപണ്ഡിതന്മാര്‍
അവരുയര്‍ത്തിയ പ്ലക്കാര്‍ഡുകള്‍
ഡോണ്ട് ബ്ലമിഷ് ജെഹാദ്......
ഈ പഴിചാരല്‍ കഥയില്‍
ഒരു നല്ല തുടക്കം.....
പ്രതീക്ഷയുണ്ട്....
ഒരു നല്ല നാളേയ്ക്കായ്.
നമ്മുടെ കുഞ്ഞുങ്ങള്‍
പേടിസ്വപ്നങ്ങളുടെ ഭൂതത്താന്‍ കുഴിയില്‍
അവര്‍ക്കു നഷ്ടമായ രാവുകള്‍
തിരിയ്ച്ചു കൊടുക്കാന്‍.....
അഴുകിയ രാഷ്ട്രീയ ചവറിനു മുകളില്‍
ജാതിമത വ്യവസ്ഥകളുടെ ചാണകം തൂകി
രക്തസാക്ഷികളുടെ ശരീരം വിരിയ്ച്ച്
മുകളില്‍ കട്ടിയില്‍ സൗഹാര്‍ദ്ദത്തിന്റെ മണ്ണിട്ടു മൂടാം.....
ഞായറാഴ്‌ച, ഡിസംബർ 07, 2008
മുത്തുകള്‍
ഉര്‍വി കര്‍ള്‍നൊന്തു കനലായ് തുടിയ്ക്കവെ
എത്തി വീണ്ടൂമീ മൃഗശാലയില്‍ ബാല്യ
മുത്തുകള്‍ മണിച്ചെപ്പിലൊതുക്കി ഞാന്‍......
ഒരു ചെറുമുത്ത് പൊടി തട്ടിയിന്നതിന്‍
പിറവിതന്‍ ചിപ്പി തേടി ഞാനലയവെ
അരികിലാ മണി മുത്തിന്‍ പൊരുള്‍ തേടി
അരിയകൗതുകാല്‍ നില്പു പുതു ബാല്യവും
നിറയെ മുത്തുകള്‍ വാരിപെറുക്കിയ
വഴിയിതത്രെ തിരയുന്നു കണ്ണുകള്‍
പുതിയതൊന്നാ ചെപ്പില്‍ നിറയ്ച്ചതിന്‍
പുതുമയൊന്നെന്റെ ഹൃത്തില്‍ നിറയ്ക്കാന്‍
പഴയ പാതകള്‍ പഴയ വൃക്ഷങ്ങള്‍
പഴയകൂടുകള്‍ പഴയ മൃഗങ്ങള്‍
പുതിയതായ് ദൃശ്യമൊന്നെനിയ്ക്കിവയുടെ
ദയവിരയ്ക്കും വിധേയത്വഭാവം......
നിദ്ര വിട്ടുണര്‍ന്നേല്‍ക്കും മൃഗത്തിന്‍
വ്യഥകള്‍ സംഹാരമോഹങ്ങളെല്ലാം
ഉഗ്ര ഗര്‍ജ്ജനമൊന്നിലൊതുങ്ങെയെന്‍
ചിത്തമെന്തെ കനം പേറി നില്പൂ......
ഇന്നുപെറ്റിട്ട പേടമാന്‍ കുഞ്ഞിന്‍
കണ്‍കളില്‍ പോലുമേറും വിഷാദം!
ബാല്യമന്നു പെറുക്കിയ മുത്തുകള്‍
നീര്‍ മണികളായ് വീണുതകര്‍ന്നുവോ
ഓടിയെത്തിയെന്‍ കുഞ്ഞുങ്ങളെന്തെ
വാടിവീഴുന്നതെന്‍ മടിത്തട്ടില്‍ !......
പഴകിനാറുന്ന കൂടുകള്‍ക്കുള്ളിലെ
അതിരു കാക്കും മൃഗങ്ങളെ കണ്ടിവര്‍
തേടിയത്രെയീ പാതയില്‍ നീളെ
നേടിയില്ലൊരു ചെറുമുത്തു പോലും......
പതിരുമാത്രം നിറഞ്ഞൊരീചെപ്പില്‍
പവിഴമെങ്ങിനെ ഞാന്‍ നിറച്ചീടും?.......
ശനിയാഴ്‌ച, ഡിസംബർ 06, 2008
വെള്ളിയാഴ്‌ച, ഡിസംബർ 05, 2008
............ആര്‍ക്കു വേണ്ടി?.........
ഇന്ന് വളരെ നേരത്തോളം ആ ഫോട്ടോ നോക്കി ഞാനിരുന്നു പോയി.അവസാനം മഞ്ഞു മൂടിയപ്പോളാണ് കണ്ണുകള്‍ തുളുമ്പി നില്‍ക്കയാണെന്നും ഈ ഉത്തരേന്ത്യന്‍ തണുപ്പിലും ഞാന്‍ വിയര്‍ക്കുകയാണെന്നും എനിയ്ക്ക് മനസ്സിലായത്.
.
കാഴ്ച്ചയും കേള്വിയും കയ്യിലെ വിരലുകളും പിന്നെ ജീവിതം തന്നെയും നഷ്ടമായ കുല്‍ദീപിന്റെ
ഫോട്ടോയായിരുന്നു അത്.ഇങ്ങിനെ എത്രയൊ പേര്‍ എന്നല്ലെ....പക്ഷെ ഇല്ല....ഇങ്ങിനെ ഒരാള്‍ മാത്രം
രണ്ടായിരത്തിയഞ്ചിലെ ബോംബ് ബ്ലാസ്റ്റ് കുല്‍ദീപിന്റെ ജീവിതം മാറ്റിമറിച്ചു. താന്‍ ഡ്രൈവറായിരുന്ന ബസ്സിലെ അന്‍പതില്‍പരം യാത്രക്കാരെ രക്ഷിയ്ക്കാന്‍ ബോംബിരിയ്ക്കുന്ന ബാഗ് പുറത്തേയ്ക്ക് വലിയ്ച്ചെറിയാനുള്ള ധൈര്യം കാണിച്ചു. പക്ഷെ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്.ആര്‍ക്കു വേണ്ടി?...........
എല്ല ചികിത്സാചിലവുകളും വാഗ്ദാനം ചെയ്ത ഗവണ്മെന്റ് കൊടുത്തത് കാല്‍ഭാഗം മാത്രം.തന്റെ കണ്ണ് കൊണ്ട് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മകനടക്കം ഒരു കുടുബം നടത്തികൊണ്ടു പോകണം.. .. ചികിത്സയുടെ ഭാരിച്ച ചിലവ് വേറെ....കുല്‍ദീപ് ഇന്ന് ദല്‍ഹി ട്രാന്‍ന്‍സ്പോര്‍ട് കോര്‍പ്പറേഷനിലും മന്ത്രാലയത്തിലും കയറിയിറങ്ങുയാണ് സഹായമഭ്യര്‍ത്തിച്ചു കൊണ്ട്....
അന്നു തന്നെ സരോജനി നഗറിലും പഹാര്‍ഗഞ്ചിലമായി അറുപതുപേര്‍ ബ്ലാസ്റ്റില്‍ മരിച്ചിരുന്നു.കുല്‍ദീപ് അന്‍പതോളം പേര്‍ക്ക് ജീവിതം ദാനം നല്‍കി....സ്വന്തം ജീവിതം ബലി നല്‍കി കൊണ്ട്.....ഇപ്പോള്‍ കുല്‍ദീപിനു തോന്നുന്നുണ്ടാവില്ലെ ...
............ആര്‍ക്കു വേണ്ടി?.........
വ്യാഴാഴ്‌ച, ഡിസംബർ 04, 2008
......ആരാണുത്തരവാദി......
ചിലര്‍ക്ക് കൈയ്യില്ല....ചിലര്‍ക്ക് കാലും
ചിലര്‍ക്ക് ചെവിയുടെ അറ്റമാണില്ലാത്തത്
ചിലര്‍ക്ക് എല്ലാം നഷ്ടമായിരിയ്ക്കുന്നു.....
എന്നിട്ടും അവര്‍ വന്നു.....
കയ്യിലൂന്നു വടികളുമായി....
ആരുടെയൊക്കെയോ തോളില്‍ തൂങ്ങി
കത്തിച്ച മെഴുകുതിരികളുമായി
വലിയൊരാള്‍ക്കൂട്ടത്തില്‍
അവര്‍ക്ക് ജീവിതം ദാനം നല്‍കി
മരിച്ചവരുടെ ഓര്‍മ്മയ്ക്കായി......
നാളെ നമുക്കും അവരുടെ കൂടെ കൂടാം
അടുത്ത പൊട്ടിത്തെറിയില്‍
കാല്‍നഷ്ടമാവുമ്പോള്‍ കൈ നഷ്ടമാവുമ്പോള്‍.
അതുവരെ നമുക്ക് തര്‍ക്കിയ്ക്കാം
......ആരാണുത്തരവാദി......
ബുധനാഴ്‌ച, ഡിസംബർ 03, 2008
അന്ത:പ്പുരവ്ര് ത്താന്തങ്ങള്‍
പെണ്ണവള്‍ ചിരിച്ചെന്നാല്‍ ചുമരുകള്‍ കേട്ടാലാക...
ചൊല്ലുകളിമ്മാതിരി ചൊല്ലിയും ചൊല്ലിക്കെട്ടും
കല്ലതു പോലായ് മനമാകവെ ശൈത്യം പേറി.....
ജിഷ്ണുവെ കാമിച്ചിട്ടും പാഞ്ചാലിയാവാന്‍വിട്ട
ക്ര് ഷ്ണതന്‍ വിധിയെത്രെ കെങ്കേമമോര്‍ത്താല്‍ പിന്നെ
പതിതന്‍ മാനം കാക്കാന്‍ അഗ്നിയെ പുല്‍കിയ
സീതതന്‍ മഹാത്യാഗമതിലെറെ മഹാകേമം!...
സീതയായ് ക്ര് ഷ്ണയായ് ഒടുങ്ങാന്‍ തപം ചെയ്യെ
ഭീതിദം കാലം തീര്‍ത്ത വാത്മീകമതില്‍ പിന്നെ
നാളുകള്‍ അറിയാതെയൊടുങ്ങി ഒടുവില്‍ നാം
കൂരിരുള്‍ മാത്രം കണ്ട് നടുങ്ങി തളര്‍ന്നു പോയ്....
ഒടുവില്‍ വരുമവര്‍ വാത്മീകം തച്ചുടയ്ക്കാനി-
രുളിന്‍ അഹങ്കാരം തീര്‍ത്തിടാമെന്നാശിയ്ക്കെ
പടരുന്നശരീരി ചിരിയ്ക്കൂ പൊട്ടിപൊട്ടി
തകരും വാത്മീകമാ പ്രളയത്തിരകളാല്‍....
തുടരാം പ്രയാണം തകര്‍ക്കാം നമുക്കിന്ന-
പമാനിതയാം ഭൂമിപുത്രിതന്‍ പ്രതിബിംബം.......
ഇല്ലിനികുരുക്ഷേത്ര ഭീതികള്‍ വ്രണിതയാം
നാരിതന്നഴിയുന്ന കാര്‍കൂന്ത-ലുതിരും വള
പ്പൊട്ടുമൊരു ബലിമ്ര് ഗത്തിന്റെ കണ്ണീരുമുണരു നീ...
ചിരിയ്ക്കെ പൊട്ടിപൊട്ടി ചിരിയ്ക്കെ മോദം പൂണ്ട്
നടക്കെ മേദിനി പൊട്ടിത്തരിച്ചോ മധുരോന്മാദം
പിറന്നിതു പെണ്ണായിനീ ഖിന്നയാം മനസ്സോതി
ഇനിയും കാലമായില്ലിതുവഴി മുന്നേറുവാന്‍...
നടവഴിയ്ക്കിരുപുറം നില്‍ക്കുന്ന കഴുകന്മാര്‍
നീളുന്നകണ്‍കളാല്‍ എന്‍ ചിരി വിഴുങ്ങവെ...
തളരും ശരീരവും മനവുമായ് നീങ്ങെ താങ്ങാന-
ണയുന്ന കൈകളില്‍ തെളിയും ചെഞ്ചോരപാടും!.....
ഇല്ലിനി മടക്കമിനിയും മുന്നിലെന്‍ ലക്ഷ്യമോര്‍ക്കെ കാണ്മൂ
വ്രണിതമാം ചിത്തങ്ങള്‍ പണ്ടെ പരിചിതമീ മുഖങ്ങള്‍.....
നമ്മള്‍ പണ്ടേതോ നാളില്‍ പൂവിട്ടു പുജിച്ചവര്‍
ഇന്നുമീ ഭൂമാതാവിന്‍ ഭാരമായ് തീരുന്നവര്‍!.....
പലജന്മങ്ങളായിവര്‍ കെട്ടിയാടുന്നു വേഷം
പതിവിന്‍ പടിയാവര്‍ത്തന വിരസമീ വേദി...
അരുതിനിയൊരുജന്മമീവേഷമാടുവാന്‍ അണയുമൊരു
പ്രളയജലമാര്‍ത്തിരമ്പുന്നതിന്‍ പൊരുളറിയ നാം.
ഞായറാഴ്‌ച, നവംബർ 30, 2008
അവസ്ഥാന്തരങ്ങള്‍
പച്ചക്കറിയ്ക്കാരനോട് കോളീഫ്ലവറില്‍ നിന്നും അപ്രത്യക്ഷമായ പുഴുക്കളെ കുറിച്ചു തിരയ്ക്കുകയായിരുന്നു അവള്‍.
മാഡം അതാണ് രാംസിംഗ്..എത്ര തിരഞ്ഞു പിടിച്ചാണെന്നൊ നിങ്ങള്‍ക്ക് വേണ്ടി ഇത്തരം സബ്ജി കൊണ്ടു വരുന്നത്.....
അവളോര്‍ത്തു... ശരിയാണ് ഇപ്പോള്‍ വരുന്ന കോളീഫ്ലവറിലൊന്നും പുഴുക്കളില്ല...!
'മാഡം ഞാന്‍ തൂക്കട്ടെ... യഹ് ലോബിയാ ദേഖോ..കിത് നാ സുന്ദ്ര്‍ ഹൈ'.നീണ്ടു മെലിഞ്ഞു വെളുത്ത പയര്‍ കാണിച്ച് അവന്‍ പറഞ്ഞു.
'പക്ഷെ....ഭയ്യാ ഇതില്‍ ഒരു പുള്ളിക്കുത്തു പോലുമില്ലല്ലൊ.......'
'മാഡം അതാണ് രാംസിംഗ്....'
'പുഴുക്കള്‍ ഉള്ള പച്ചക്കറി എവിടെ കിട്ടും ഭയ്യ...?'
രാംസിംഗ് അവളെ തുറിച്ചു നോക്കി.'വഹ് സബ് ഗാവ് മേം മിലേഗെ....ഗരീബോം കെ ഖേത്ത് മേം.'
പാവങ്ങളുടെ വിളയിടത്തില്‍.....!ശരിയാണ് അവര്‍ക്കു വിഷം സ്വയം ചാവാനുള്ളതാണ്...
അല്ലാതെ പച്ചക്കറികളില്‍ തളിക്കാനുള്ളതല്ലല്ലൊ......
ഭാഭീജീ നിങ്ങള്‍ വാങ്ങുന്നില്ലെ? സ്നേഹ കോളിഫ്ലവര്‍ തിരയുകയാണ്.ശരിയാണു ഭാഭീജീ ഞങ്ങളുടെ ഗുരു മഹാവീര്‍ ബാബയുടെ കാരുണ്യമാണ്. മുന്‍പ് ഞങ്ങള്‍ കോളിഫ്ലവര്‍ കഴിക്കാറുണ്ടായിരുന്നില്ല!ശ്വാസത്തില്‍കൂടിപോലും ഒരു ജീവന്‍ അകത്തു കടന്നു കൂടാ...
ഒന്നും പറയാതെ അവളവിടെ നിന്നും നടന്നു.പിന്നില്‍ രാംസിംഗ് സ്നേഹയോട് ചോദിയ്ക്കുന്നതു കേട്ടു"ആഗ്രാ സെ ആയാ ഹൈ ക്യാ?"സ്നേഹ അതിനു മറുപടിയായി പതുങ്ങിയ ശബ്ദത്തില്‍ ചിരിച്ചുകാണും.
നമ്മുടെ ഊളം പാറയുടെയും കുതിരവട്ടത്തിന്റെയും പര്യായമാണു ആഗ്ര.
പുഴുവുള്ള കോളിഫ്ലവറും പയറും തേടി നടന്ന് ഒന്നും വാങ്ങാതെ അവള്‍ വീട്ടിലെത്തി.രാത്രി നിശാഗന്ധി കാണുന്നതിനിടയില്‍ ഇന്നലെ വാങ്ങിയ അമരയ്ക്കമുറിയ്ക്കുകയായിരുന്ന അവള്‍ അതു അറപ്പോടെ വലിച്ചെറിയ്ഞ്ഞു.
'എന്തു പറ്റി?.'..അച് ചനും മകനും ഒരേ ശ്ബ്ദത്തില്‍ ചോദിച്ചു.
'അമരയ്ക്കയില്‍ പുഴു...'അവള്‍ പറഞ്ഞു.
'നോക്കി വാങ്ങാഞ്ഞിട്ടല്ലെ....അതും ജീവനുള്ള പുഴു.......അയാളുടെ ശബ്ദത്തില്‍ ദ്വേഷ്യം.
'പക്ഷെ' ....അവള്‍ കൈ ഉടുപ്പില്‍ തുടച്ചു കൊണ്ടിരുന്നു.....'പെസ്റ്റിസൈഡില്ലെന്നുറപ്പയല്ലൊ.....'
പകച്ചുനോക്കിയ അയാള്‍ പറഞ്ഞു'നിനക്കു വട്ടാണ്.....'
മകന്‍ രാത്രിയില്‍ ചൂടാവുകയായിരുന്നു.'ഇപ്പോള്‍ ദിവസവും എന്താ കടലക്കറി തന്നെ? അമ്മയ്ക്കു വല്ലതും മാറിയുണ്ടാക്കരുതോ?....'.
'കോളി ഫ്ലവര്‍ വാങ്ങാത്തതെന്താ....സീസണാണല്ലൊ..?' അയാളുടെ ചോദ്യത്തിനു അവള്‍ മറുപടി പറഞ്ഞില്ല.
ഓഫീസില്‍ നിന്നും വരുമ്പോള്‍ കണ്ട കോളിഫ്ലവറിന്റെ ഭംഗി വിവരിയ്ക്കുകയായിരുന്നു അയാള്‍.അടുക്കിയൊതുക്കി വണ്ടിയില്‍ വെച്ചിരിയ്ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്.നാളെയും തിരയണം . പുഴുവുള്ള ഒരു കോളിഫ്ലവറെങ്കിലും കാണാതിരിയ്ക്കില്ല.....
മകന്‍ വെള്ളം കുടിയ്ക്കാന്‍ കിച്ചണില്‍ വന്നപ്പോള്‍ അവള്‍ അന്നു വാങ്ങിയ ആപ്പിള്‍ വെള്ളം നിറച്ച പാത്രത്തിലിടുകയായിരുന്നു.'ആപ്പിളെന്തിനാണ് വെള്ളത്തിലിടുന്നത്? എട്ടു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നാല്‍ അലിഞ്ഞു പോകുന്ന ആപ്പിളിന്മേല്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള കീടനാശിനിയെ പറ്റി അവള്‍ വാചാലയായി....
ആര്‍ യൂ മാഡ്?... ആപ്പിളിലെ ന്യുട്രിയന്‍സ് മുഴുവന്‍ നശിയ്ക്കില്ലെ?...കൂടതെ വെള്ളത്തിലിട്ട ആപ്പിളിനെന്ത് സ്വാദാണുണ്ടാകുക.......
രാത്രി കിടക്കുന്നതിനു മുന്‍പ് മകളെ ഓര്‍മ്മിപ്പിയ്ക്കുകയായിരുന്നു അവള്‍ ....നാളെ കിറ്റിയുണ്ട് .ഗോയലാന്റി പ്രത്യേകം പറഞ്ഞിട്ടുണ്ട് നിന്നെ കൊണ്ട് ചെല്ലാന്‍.
അമ്മയുടെ ഒരു കിറ്റി.. ഞാനവിടെവന്നെന്തു ചെയ്യാനാണ് ?..മാസത്തിലൊരിയ്ക്കല്‍ ഞങ്ങള്‍ സ്ത്രീകള്‍ ഒത്തു കൂടും...പുതിയ സാരിയും വ്യത്യസ്തമായ ഭക്ഷണവും ...എല്ലാറ്റിലുമുപരിയായി നിറയെ ചിരിയുംനിറഞ്ഞ സദസ്സ്......
വീട്ടിലെത്തിയ മകള്‍ തുടങ്ങി...'എന്റെ വായ വേദനിയ്ക്കുന്നു'...അവളുടെ പകച്ച നോട്ടം കണ്ട് മകള്‍ പറഞ്ഞു ...'നിങ്ങളുടെ വിഡ്ഢിത്തമാശകള്‍ക്ക് ചിരി നടിച്ച് എന്റെ വായ വേദനിയ്ക്കുന്നു.'
ചിരി നല്ലതാണു കുട്ടി... നിനക്കറിയില്ലെ ലാഫിങ്ങ് ക്ലബ്ബിനെപ്പറ്റി?...ഹൈപ്പര്‍ ടെന്‍ഷന്‍ കുറയും..
അതാവും അമ്മ രണ്ടു നേരം ഹൈപ്പര്‍ റ്റെന്‍ഷനു ടാബ്ലറ്റെടുക്കുന്നത്.....
മൗനം വിദ്വാനു ഭൂഷണം.....
ചിരി അവളുടെ കൂടപ്പിറപ്പാണ് . അച്ഛനതറിഞ്ഞാണവള്‍ക്കു പേരുപോലുമിട്ടിരിയ്ക്കുന്നത്.സുനിത പറഞ്ഞതോര്‍ക്കുന്നു...ഭാഭീജി നിങ്ങള്‍ എങ്ങിനെ എപ്പോഴും ചിരിക്കുന്നു?.. ദ്വേഷ്യം വന്നാല്‍ പോലും നിങ്ങള്‍ ചിരിയ്ക്കാറാണ് പതിവ്.....!മുന്നാഭായിലെ ബൊര്‍മ്മന്‍ ഇറാനിയെ പോലെ അല്ലെ.....അവള്‍ ചിരിച്ചു.
പണ്ട് താമസിച്ചിരുന്ന ഗലിയിലെ മുഖര്‍ജി അങ്കിള്‍ പറഞ്ഞതോര്‍മ്മ വന്നു' ബേട്ടീ നിന്നെ കാണുമ്പോഴെന്റെ മനസ്സിനൊരു സുഖമാണ്...നീ മാത്രമെ എന്നോട് ചിരിച്ചു സംസാരിയ്ക്കാറുള്ളു.അങ്കിളിനെ കാണുമ്പോള്‍ നാട്ടിലുള്ള അച്ഛനെ ഓര്‍മ്മ വരും...
'അമ്മയ്ക്ക് പ്രാന്താണ്'ഇന്നിന്റെ വക്താവായ മകള്‍ ഉറഞ്ഞു തുള്ളുകയാണ്!
'അമ്മയുടെ ക്രിയേറ്റിവിറ്റി ഇങ്ങിനെയുള്ള വിഡ്ഡിത്തങ്ങള്‍ക്കിടയില്‍ പെട്ട് നശിയ്ക്കുകയാണ്...'
'യൂ ആര്‍ എ വെയിസ്റ്റ്ഡ് ടാലന്റ്......'
'ജസ്റ്റ് റിമമ്പര്‍....ഐ വോണ്ട് ബി സൊ.......'കല്ല്യാണമേ വേണ്ടെന്നു പറഞ്ഞിരിയ്ക്കുകയാണവള്‍.
പോഗോ ചാനലിലെ തക്കേഷീസ് കാസില്‍ കാണുകയായിരുന്നു അവള്‍.ഓരോ നിമിഷവും നിറഞ്ഞു നില്‍ക്കുന്ന തമാശയാണത്.
'ആ ചാനലൊന്നു മാറ്റു..' അയാള്‍കുളി കഴിഞ്ഞു വന്നത് അവള്‍ അറിഞ്ഞിരുന്നില്ല.'നിന്റെ പിരി കുറച്ചു ലൂസാണെന്നാ തോന്നുന്നത്...അല്ലാതെ ഇങ്ങനത്തെ ചാനല്‍ വെച്ച് സമയം കളയുന്നതെങ്ങിനെ?...'
'ശരിയാണ്... നാളെ ഒരപ്പോയിന്റ്മെന്റ് എടുക്കണം...'
'എന്തിന്?'
'ഒരു സൈക്ക്യാട്രിസ്റ്റിനെ കാണണം......
ബുധനാഴ്‌ച, നവംബർ 19, 2008
ഞാനിനിപാടുന്നത്
മനസ്സിന്‍ താളില്‍ നിന്നും പെറാത്ത പീലിത്തുണ്ട്
പെറുക്കി ലാഘവം പുറത്തേയ്ക്കെറിയവെ
പറയുന്നിതു നിങ്ങള്‍ക്കറിയാന്‍ മാത്രം വേണ്ടി
ഞാനിനി പാടുന്നത് ഭൂപാളിയില്‍ മാത്രം......
അറിയാമെനിയ്ക്കതിന്‍ സ്വരമഞ്ചെണ്ണം മാത്രം
അതു പോലുമെനിയ്ക്കൊരുപാടായ് തീര്‍ന്നേയ്ക്കാം
ആരഭി പാടാമതിന്‍ ഗതിവിഗതികള്‍ വേറെ
ആവതില്ലെനിയ്ക്കതിന്‍ പിറകേ അലയുവാന്‍.....
ഞാനിനി പാടുന്നത് ഭൂപാളിയില്‍ മാത്രം
ചൊവ്വാഴ്ച, നവംബർ 18, 2008
കര്‍മഫലം
തല കീഴായ് തൂങ്ങി കിടക്കുന്ന കടവാതിലുകള്‍.....
തള്ള പറഞ്ഞതു കേള്‍ക്കാഞ്ഞിട്ടാണത്രെ-
തല കീഴ്കണാംപാടായി തൂങ്ങുന്നത്.....
പണ്ട് പറഞ്ഞതു കേള്‍ക്കാഞ്ഞപ്പോള്‍ അമ്മ പറഞ്ഞു-
കണ്ടില്ലേ കടവാതിലുകള്‍ പറഞ്ഞതു കേള്‍ക്കാഞ്ഞാല്‍ നീയും.......
പാവം കടവാതിലുകള്‍ .....എന്നാലും
നമ്മുടെ അമ്മമാര്‍ക്കത്ര ക്രൂരമായ് ശപിയ്ക്കാന്‍ കഴിയില്ല്ലല്ലൊ.....
എന്റെ മനസ്സ് നിറയെ കടവാതിലുകളാണ്.....
ഏകാന്തതയില്‍ ഒരു ശബ്ദം ,ഒരു ചലനം, ഒരു ഗന്ധം
ചിറകുകളാഞ്ഞടിച്ചവ പറന്നുയരുന്നു....
ശാന്തസ്മുദ്രത്തില്‍ ആഞ്ഞടിയ്ക്കുന്ന കൊടുങ്കാറ്റ്.
ഇരുള്‍ നിറഞ്ഞ കുടുസ്സുമുറികളാണത്രെ കടവാതിലുകള്‍ക്കിഷ്ടം...
അപ്പോള്‍ ഇരുണ്ടൊരു കുടുസ്സു മുറിയാണെന്നോയെന്‍ മനം..
ആയിരം സൂര്യന്മാര്‍ക്ക് തേരോട്ടാന്‍
ഞാനതിന്‍ വാതായനം തുറന്നിടട്ടെ.....
ഇനിയും കടവാതിലുകള്‍ ചേക്കേറാതിരിയ്ക്കാനായ്.
വെള്ളിയാഴ്‌ച, സെപ്റ്റംബർ 12, 2008
കുട്ടിക്കവിത
ചിരിച്ചൊരു പച്ചപ്ലാവില
പിന്നെ കാറ്റിന്‍ കൈകളിലേറി
പാറ്റിഅകറ്റിയ പാവം പ്ലാവില
പഴുത്ത പ്ലാവില, ചെന്നൊരു
ചെറു വൃക്ഷത്തിന്‍ ചുവടെ
വളമായ് വരമായ് ജീവാത്മാവായ്
പടരും തണലായ് കണ്മത് കാണ്‍കെ
നിന്നു തപിച്ചൊരു പച്ച പ്ലാവില...
a