മെയില്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ദേവൂട്ടി മുകളിലെമുറി അടിച്ചുതുടക്കാന്‍ വന്നത്. ലാപ് ടോപ്പ് കണ്ടപ്പോള്‍ ഡി വി ഡി പ്ലെയെര്‍ ആണെന്നുകരുതിയാവണം ഉടനെ ചോദ്യം വന്നു......
“ഇത് സില്‍മ വെക്കണ പെട്ടിയാണോ ...”
ഇത് കമ്പ്യൂട്ടറാണെന്നും ഇതില്‍ നിറയെ എന്റെ കൂട്ടുകാരാണെന്നും ഞാന്‍ വായിക്കുന്നത് ദൂരങ്ങളില്‍ നിന്നും എനിക്കുവന്ന എഴുത്തുകളാണെന്നും പറഞ്ഞപ്പോള്‍ ദേവൂട്ടിയുടെ മുഖം വിടര്‍ന്നു. അപ്പോഴാണ് എനിക്കൊരു കുസൃതി തോന്നിയത്.
“ഇതിന്നുള്ളില്‍ ദേവൂട്ടീംണ്ട് ട്ടോ”
“എവിടെ കാണട്ടെ”
ഈ ഞാനോ എന്ന ഭാവമായിരുന്നു പാവം ദേവൂട്ടിയുടെ മുഖത്ത്. എന്റെ മനസ്സില്നിന്നും ഞാന്‍ പകര്‍ത്തിയെഴുതിയ ദേവൂട്ടിച്ചിത്രങ്ങള്‍ കണ്ട് അവളെങ്ങിനെ പ്രതികരിക്കുമെന്ന് ചെറിയ ഭയമുണ്ടായിരുന്നെങ്കിലും ബ്ലോഗിലിട്ട അവളുടെ ചിത്രങ്ങള്‍ തപ്പിപ്പിടിച്ച് ഞാന്‍ ദേവൂട്ടിയുടെ മുന്നില്‍ നിരത്തി.
“നിക്കൊന്നും കാണണ്ല്ല്യാട്ടോ
... ഇപ്പഴിപ്പഴായിട്ട് കണ്ണ് പിടിക്ക്ണില്ല്യേയ്.”
“എന്നാ ദേവൂട്ടി ഈ കണ്ണടവെച്ചൊന്നു നോക്ക്യോക്കൂ.....” ഞാന്‍ എന്റെ കണ്ണടയെടുത്ത് ദേവൂട്ടിക്ക് കൊടുത്തു. കാണാതെ പറ്റില്ലല്ലോ. ഞാനീ കഷ്ടപ്പെട്ടു വരച്ച നമ്മുടെ പ്രിയപ്പെട്ട കഥാപാത്രത്തെ എവിടെനിന്നെനിക്ക് കിട്ടിയോ ആ ആള്‍ കണ്ടില്ലെങ്കില്‍ പിന്നെയെന്ത് കാര്യം. ഇതില്‍നിന്നും പ്രചോദനംകിട്ടി ദേവൂട്ടി എനിക്കു പുതിയ കഥകള്‍ കൊണ്ടുതന്നാലല്ലെ നിങ്ങളുടെമുന്നില്‍ എനിക്കിങ്ങനെ കഥ പറയാന്‍ പറ്റുള്ളൂ
“ഇപ്പൊ കാണാന്‍ണ്ടോ
ദേവൂട്ടി?”
“ആഹാ” കണ്ണടക്കിടയിലൂടെ കൊച്ചുകുട്ടികളുടേതുപോലെ വിടര്‍ന്നു വന്ന ദേവൂട്ടിയുടെ കണ്ണുകളിലെ ഭാവം എങ്ങിനെ വരച്ചെടുക്കുമെന്നതായിരുന്നു
അപ്പോള്‍ എന്റെ മനസ്സ് മുഴുവന്‍.
“ന്നാലുംന്റെ കുഞ്ചാത്തോലേ സമ്മതിച്ചൂട്ടോ..... ഉഷാറായിട്ട്ണ്ട്” ചില കമന്റുകളില്‍ കാണുമ്പോലെ കെട്ടിപ്പിടിച്ചുമ്മവെക്കാന്‍ തോന്നി എനിക്കപ്പോള്‍ ദേവൂട്ടിയെ.
“ഇതൊക്കെ ദേവൂട്ടീടെ കഥകളാണ് ...... “ഞാന്‍ ദേവൂട്ടിക്കഥകളിലൂടെ വെറുതെ സ്ക്രോള്‍ ചെയ്തു.
“നിക്കറിയാം കുട്ട്യാത്തല് പറഞ്ഞിട്ട് ണ്ടെയ്....... ന്റെ കഥ എഴുതാനിരുന്നാല്‍ കുഞ്ചാത്തലിന്റെ കയ്യ് കടയ്വേള്ളൂ .അത്രക്കിണ്ടേയ്.......” എനിക്കു പാവം തോന്നി. ദേവൂട്ടി കണ്ണട അഴിച്ചു എന്റെ കയ്യില്‍ തന്നു.
“ദേവൂട്ടിക്ക് ഞാനൊരു കണ്ണട വാങ്ങിത്തരട്ടെ?” ദേവൂട്ടി ചുറ്റുപാടുമുള്ള കഥകള്‍ കാണാഞ്ഞതുകൊണ്ട് എനിക്കു കഥകള്‍ കിട്ടാതെവന്നാലോയെന്ന സ്വാര്‍ത്ഥത ആ ചോദ്യത്തില്‍ നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ അത് ശരിയല്ലാട്ടോ.
“ നിക്കിനിപ്പെന്തിനാ കണ്ണട "
“അതെന്തേ?”
“അതിനിപ്പം നിക്ക് വായിക്കാനറീല്ലാലോ.....ന്നെ ആരും പഠിപ്പിച്ചില്യേയ്......ന്റെ കുട്ട്യേ പഠിപ്പിക്കാംന്ന്ച്ചപ്പോ ഓള്‍ക്ക് പഠിക്കണ്ടാന്ന് .....നാലാം ക്ളാസ്സില് എത്ത്യേപ്പളക്കും അവക്ക് മടുത്തുത്രേ . ഓള്‍നെ പറഞ്ഞിട്ടു കാര്യംല്യേയ് ...... ...ഒരോ ക്ലാസ്സിലും ഈരണ്ടുകൊല്ലം പഠിച്ചപ്പഴക്ക് ഓടെ കൂടിള്ള കുട്ട്യോളൊക്കെ വല്ല്യേ ക്ലാസ്സിലായി .. ഓള്‍ടെ കൂടെ കൊറേ പീക്കിര്യോളും പിന്നെങ്ങിന്യാ. അയ്ന്റെ കാര്യം ആലോചിക്ക്മ്പഴാ നിക്ക് വല്ലാത്ത സങ്കടം.
അതൊരു കഥന്ന്യാണേയ്........."
കാര്യം ശരിയായിരുന്നു. കഴിഞ്ഞാഴ്ച ദേവൂട്ടിയുടെ മകളുടെ പെണ്ണുകാണല്‍ വിശേഷങ്ങള്‍ക്ക് ഇടയിലാണ് ഞാന്‍ മകളുടെ മുന്‍പ് കഴിഞ്ഞ കല്യാണം ലീഗലി ഡൈവോഴ്സായോ എന്നു തിരക്കിയത്. അതിനുള്ള പേപ്പറുകളെല്ലാം ഒപ്പിട്ടുകൊടുത്തിട്ട് ഒരു വര്‍ഷമായത്രേ. ഇടക്കിടക്ക് വക്കീലിന്നു കൊടുക്കാണെന്നും പറഞ്ഞു ഭര്‍ത്താവ് നാരാണേട്ടന്‍ ചോദിക്കുമ്പോ പാവം പണം സ്വരുക്കൂട്ടാന്‍ ഓടിനടക്കുന്നത് കാണാറുണ്ട്. നാലഞ്ചു വീടുകളില്‍ നിന്നും ജോലിചെയ്ത് കിട്ടുന്ന പണമെല്ലാം ഇങ്ങിനെ തീരുമായിരുന്നു.
“അതൊക്കെ ശര്യായേക്കുണു....കഴഞ്ഞാഴ്ച്ചേണ് ചെക്കന്റെക വീട്ട്കാര് അതിന്റെ കടലാസ് കാണിക്കാന്‍ പറഞ്ഞത്. വക്കീലിന്റോടെ ചെന്നപ്പോ ആ കടലാസിന്റെ പകര്‍പ്പ് തന്നൂത്രേ. അയിനന്നെ വക്കീലിന് നാനൂറുറുപ്യ കൊടുക്കണ്ടിവന്നൂത്രേ . “
ഇതിലെന്തോ ഒരു ശരിയല്ലായ്മ തോന്നിയപ്പോഴാണ് ഏട്ടന്‍ വക്കീലിനെ വിളിച്ചൊന്നു സംസാരിക്കാന്‍ തീരുമാനിച്ചത്.അലിമണി (ഒരു ചില്ലിക്കാശുപോലും വരുമാനവുമില്ലാത്ത ഒരാളുടെ കയ്യില്‍ നിന്നും!!) ക്കല്ലാതെ ഡൈവേഴ്സിനായൊരു കേസ് കൊടുത്തിട്ടില്ല എന്നായിരുന്നു അയാളുടെ മറുപടി. പിന്നെയെന്തിനാണ് അതും പറഞ്ഞ് ഫീസ് വാങ്ങുന്നതെന്ന ചോദ്യത്തിന് വക്കില്‍ ഉറക്കെ ചിരിച്ചത്രേ. നേരിട്ടുകണ്ട് സംസാരിക്കാനായി പറഞ്ഞ സമയത്ത് ഏട്ടന്‍ ഒറ്റപ്പാലത്തെത്തിയപ്പോള്‍ അയാള്‍ സ്ഥലം വിട്ടിരിക്കുന്നു.
വക്കീലും പകിടനാരാണേട്ടന്‍ എന്ന് ഇരട്ടപ്പേരുള്ള ദേവൂട്ടിയുടെ ഭര്‍ത്താവും കൂടി ദേവൂട്യേം മകളേം പറ്റിക്കയായിരുന്നു എന്നത് ആ പാവം സ്ത്രീക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.. എഴുത്തും വായനയുമറിയാത്ത എത്ര പേര്‍ ഇങ്ങിനെ പറ്റിക്കപ്പെടുന്നുണ്ടാവും. സമ്പൂര്‍ണ്ണസാക്ഷരമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇങ്ങിനെ . അപ്പോള്‍ മറ്റിടങ്ങളില്‍ എങ്ങിനെയായിരിക്കും. ഇതുപോലുള്ള ജോലികളില്‍ ധാര്‍മ്മികമൂല്യത്തിന്നു പ്രസക്തിയില്ലെന്ന് സൈദ്ധാന്തികമായി വാദിക്കാമെങ്കിലും മാനുഷികമൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ് എന്നത് ഭീഷണമായ ഒരവസ്ഥയാണ്. രാവുപകലില്ലാതെ വല്ലവരുടേയും വീടുകളില്‍ അദ്ധ്വാനിച്ച് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം വ്യാമോഹങ്ങള്‍ കൊണ്ട് പ്രലോഭിപ്പിച്ച് തട്ടിയെടുക്കുന്നത് ഒരുനിലക്കും സമ്മതിക്കാവുന്നതല്ല.
ഇത് വായിക്കുന്നവരില്‍ വല്ല വക്കീല്‍മാരുമുണ്ടെങ്കില്‍ അവരോട് ഒരു വാക്ക് ......നിങ്ങള്‍ ചെയ്യുന്ന ജോലിയോട് നിങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ശ്രമിക്കുക. പാവപ്പെട്ട ദേവൂട്ടിയെപ്പോലുള്ളവരുടെ കാര്യങ്ങളന്വേഷിച്ച് ഇതുപോലെയാരെങ്കിലും വരുമ്പോള്‍ അവരെ അഭിമുഖീകരിക്കാനാവാതെ ഒളിച്ചോടേണ്ടി വരാതിരിക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്ക് വേണ്ടി ഉപകാരം ചെയ്തില്ലെങ്കിലും ഇതുപോലെ ഉപദ്രവിക്കാതിരിക്കുക.
ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........