ബുധനാഴ്‌ച, ജൂൺ 22, 2011

അങ്ങിനെയിരിക്കുമ്പോള്‍ ചിലനേരങ്ങളില്‍ ചിലത്.........


ഭാരമില്ലാതെ ഒഴുകിനടക്കാനും
പ്രതിബന്ധങ്ങളില്ലാതെ
ആഴങ്ങള്‍ തേടിപ്പോകാനുമുള്ള
മോഹം കൊണ്ട് മാത്രമാണ്
ഒരു മീനിന്റെ ജന്മം കൊതിച്ചത്.
ഇപ്പോള്‍ ചൂണ്ടകളുടെ
പ്രലോഭനങ്ങളില്‍ നിന്നും
വഴുതിമാറാന്‍ ഒരിക്കലുപേക്ഷിച്ച
ചിപ്പിതിരഞ്ഞു നടക്കുകയാണ് .......

കാറ്റിനൊപ്പം പറക്കുകയാണെന്ന്
പറഞ്ഞവരോട് ഞാനൊരു
അപ്പൂപ്പന്‍താടിയാണെന്നു
സമ്മതിച്ചതു നന്നായി.
ആകാശത്തുകൂടി പറന്നു
നടക്കുകയാണു ഞാനിപ്പോള്‍
ഭാരമെല്ലാം മറ്റുള്ളവരുടെ
ചുമലിലിറക്കിവെച്ച്........

വെള്ളം തിരിച്ചുവിടുന്ന ചാലുകളില്‍കൂടി
വെള്ളത്തിനു മുന്‍പേ പായുമ്പോള്‍
വിലങ്ങനെ വീണുകിടക്കുന്ന പട്ടകളില്‍
തട്ടിവീഴ്ത്തി ആകെ നനച്ച് വെള്ളം
ചിരിച്ചുകൊണ്ട് ദൂരേക്ക് പാഞ്ഞുപോകും.
നനവിനുപിന്നില്‍ കണ്ണീരൊളിപ്പിച്ച്
കൈവീശാന്‍ പഠിച്ചതപ്പോഴാണ്.
അതിനാലാവണം തിരിഞ്ഞുനോക്കാതെ
ഒഴുകിമറയുന്ന പുഴകളെനോക്കിയിപ്പോള്‍
നിസ്സംഗതയോടെ ചിരിക്കാന്‍ കഴിയുന്നത്.

ഋതുക്കള്‍ മാറേണ്ടവയെന്ന്
പറഞ്ഞു പഠിച്ചതുകൊണ്ടാവാം
നഷ്ടപ്പെട്ട വസന്തത്തെപ്പറ്റി
കൂടുതലോര്‍ക്കാന്‍ മടിക്കുന്നത്......
ക്രാന്തിമണ്ഡലം മാറാത്തിടത്തോളം
ദേശാടനപ്പക്ഷികളെപ്പോലെ
വേനലിനപ്പുറം വര്‍ഷം കഴിയുമ്പോള്‍
ശിശിരം വരാതിരിക്കില്ലെന്നും
വസന്തത്തിന്നു വഴിതെറ്റില്ലെന്നും
നമുക്കറിയുന്നതിനാലാവണം
മടുപ്പില്ലാത്തയീ കാത്തിരിപ്പ്...........

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

വേനലിനപ്പുറം വര്‍ഷം കഴിയുമ്പോള്‍
വസന്തത്തിന്നു വഴിതെറ്റില്ലെന്നും
ശിശിരം വരാതിരിക്കില്ലെന്നും
നമുക്കറിയുന്നതിനാലാവണം
മടുപ്പില്ലാത്തയീ കാത്തിരിപ്പ്...........

ശ്രീനാഥന്‍ പറഞ്ഞു...

നനവിനുപിന്നില്‍ കണ്ണീരൊളിപ്പിച്ച്
കൈവീശാന്‍ പഠിച്ചതപ്പോഴാണ്- ശിശിരവും വസന്തവുമെല്ലാം വന്നു പോകുമ്പോള്‍ മനസ്സില്‍ കവിത ബാക്കിയായല്ലോ , ഇഷ്ടമായി.

the man to walk with പറഞ്ഞു...

ഋതുക്കള്‍ മാറേണ്ടവയെന്ന്
പറഞ്ഞു പഠിച്ചതുകൊണ്ടാവാം
നഷ്ടപ്പെട്ട വസന്തത്തെപ്പറ്റി
കൂടുതലോര്‍ക്കാന്‍ മടിക്കുന്നത്......

Best Wishes

Bindhu Unny പറഞ്ഞു...

അനുഭവപാഠം! നന്നായിരിക്കുന്നു. :)

രമേശ്‌ അരൂര്‍ പറഞ്ഞു...

ഒന്ന് നേടുമ്പോള്‍ മറ്റൊന്നിനായുള്ള അന്വേഷണം ..അതും കയ്യില്‍ വരുമ്പോള്‍ അറിയുന്നതില്‍ പരിമിതി
എല്ലാം ചില നേരങ്ങളില്‍ തോന്നും-
തോന്നലുകള്‍ ;ഒന്നിലുമില്ല തൃപ്തി
കാത്തിരിക്കേണം അന്ത്യമാം നേട്ടം
വരും വരെ യൊരു ജന്മം

ജന്മസുകൃതം പറഞ്ഞു...

വേനലിനപ്പുറം വര്‍ഷം കഴിയുമ്പോള്‍
വസന്തത്തിന്നു വഴിതെറ്റില്ലെന്നും
ശിശിരം വരാതിരിക്കില്ലെന്നും
നമുക്കറിയുന്നതിനാലാവണം
മടുപ്പില്ലാത്തയീ കാത്തിരിപ്പ്.
നന്നായിരിക്കുന്നു.........

Unknown പറഞ്ഞു...

വറ്റി വരണ്ട പാടത്ത് akapettu പോയ പരല്‍ മീനുകള്‍ aanu nammal എന്ന് palapozhum thonittundu ...good one .....

വിജീഷ് കക്കാട്ട് പറഞ്ഞു...

കാറ്റിനൊപ്പം പറക്കുകയാണെന്ന്
പറഞ്ഞവരോട് ഞാനൊരു
അപ്പൂപ്പന്‍താടിയാണെന്നു
സമ്മതിച്ചതു നന്നായി.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

മനോഹരം.
നല്ല ആസ്വാദനം .
ആശംസകള്‍

ente lokam പറഞ്ഞു...

മനോഹരം ..ഒത്തിരി കാര്യങ്ങള്‍ ..

ഭംഗി ആയി പറഞ്ഞു..ചിന്തയിലൂടെ
പറന്നു ഓരോ ഭാവങ്ങളില്‍ .
പിന്നെ ചിപ്പിക്ക് ഉള്ളിലേക്ക് മടങ്ങാന്‍ പലപ്പോഴും മോഹം ..ആവാത്തത് എന്ന്
അറിയാമെങ്കിലും ..!!

അഭിനന്ദനങ്ങള്‍ മാഷെ . ..

പ്രയാണ്‍ പറഞ്ഞു...

എല്ലാര്‍ക്കും എന്റെ സ്നേഹം...:)

Haneefa Mohammed പറഞ്ഞു...

ആദ്യത്തെ രണ്ടു stanza കള്‍,ഒരു കവിതയും അവസാനത്തെ രണ്ടെണ്ണം മറ്റൊന്നായുമാണെനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ വിഷയങ്ങള്‍ വേര്‍പെട്ട പോലെ. കവിത(കള്‍) നന്ന്. ആശംസകള്‍.

പ്രയാണ്‍ പറഞ്ഞു...

നാലും നാലാണ് ഹനീഫ...........:)