ചൊവ്വാഴ്ച, ജൂൺ 28, 2011

നമുക്ക് അഭിമാനിക്കാം............ബ്ലോഗ് എന്ന മാദ്ധ്യമം സാധാരണക്കാരായ വായനക്കാരിലേക്ക് വേണ്ടപോലെ എത്തുന്നില്ല എന്ന തിരിച്ചറിവിന്റെ ബാക്കിപത്രമായാണ് അവരിലേക്കും തങ്ങളുടെ രചന എങ്ങിനെയെത്തിക്കാമെന്ന് ഒരുകൂട്ടം ചെറുപ്പക്കാര്‍ ചിന്തിച്ചുതുടങ്ങിയത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന വിവിധ സാഹിത്യശാഖകളിലെ ഏതൊരു രചനയോടും ഒപ്പംനില്‍ക്കാവുന്നതോ അല്ലെങ്കില്‍ കിടപിടിക്കാവുന്നതോ ആണ് ബ്ലോഗിലെ രചനകള്‍ എന്നു നിസ്സംശയം പറയാം. ആ സ്ഥിതിക്ക് കൂടുതല്‍ വായനക്കാരിലേക്ക് തങ്ങളുടെ രചനകള്‍ എത്തിക്കാന്‍ വേണ്ടിയുള്ള ഈയൊരു ശ്രമം ബ്ലോഗിലെ എഴുത്തുകാരും വളരെ സന്തോഷത്തോടെ അംഗീകരിച്ചു. കൂടാതെ ബ്ലോഗിലെ അതിര്‍വരമ്പുകളില്ലാതെ നിര‍ന്തരമായ ആശയവിനിമയങ്ങളിലൂടെ വളര്‍ന്നുവന്ന സൌഹൃദങ്ങള്‍ ബ്ലോഗുമീറ്റുകളിലൂടെ പാരമ്യതയില്‍ എത്തുകയായിരുന്നു. ഈ കൂട്ടായ്മയെ വെറും സൌഹൃദസംഗമത്തിലൊതുക്കാതെ ബ്ലോഗിനെ ജനകീയമാക്കാന്‍ എന്തുചെയ്യണമെന്ന ചിന്ത ഉടലെടുത്തതോടെ ഒരു സൈബര്‍ സംഭവമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന 'ഈയെഴുത്ത്' എന്ന ബ്ലോഗ് മാഗസിന്‍റെ സ്വപ്നസാക്ഷാത്കാരത്തിനുള്ള നടപടികളുടെ പ്രാരംഭമായി.

സൈബര്‍ സാദ്ധ്യതകള്‍ വാനോളം വളര്‍ന്ന ഇന്നത്തെ ലോകത്തില്‍ അതിനെ ദുരുപയോഗം ചെയ്യാതെ ക്രിയാത്മകമായി എങ്ങിനെ ഉപയോഗിക്കാം എന്നു തിരക്കിയെത്തുന്ന കൊച്ചുകുട്ടികളുടെ ‍കാലമാണിത്. സുഹൃത്തുക്കളുടെ ബ്ലോഗുകള്‍ വായിച്ച് തനിക്കും എന്തെങ്കിലുമൊക്കെ എഴുതാന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞ് അതു തെളിയിച്ചവരും നിരവധിയുണ്ട്. കൂടാതെ മുന്‍പേ എഴുതിയിരുന്നെങ്കിലും ആനുകാലികങ്ങള്‍ അപ്രാപ്യമെന്ന തിരിച്ചറിവില്‍ ഒതുങ്ങിക്കൂടിയവര്‍, ഇവര്‍ക്കെല്ലാം പ്രചോദനമായി മലയാളത്തിലെ മുന്‍നിരയിലെ ചില എഴുത്തുകാര്‍ .ഇവരെല്ലാം ചേര്‍ന്ന ഒരു കൂട്ടായ്മയാണ് ബ്ലോഗെഴുത്തുകാരുടേത്.

എഴുത്തുകാരുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നും പൊട്ടിമുളക്കുന്നതെന്തും ആവോളം സമയംകൊടുത്ത് ഭാവനയാകുന്ന വളവും ക്രിയാത്മകതയാകുന്ന വെള്ളവുമൊഴിച്ച് വളര്‍ത്തിവലുതാക്കി മൂര്‍ച്ചയുള്ള ഭാഷകൊണ്ട് വിളവെടുത്ത് ഇടനിലക്കാരില്ലാതെ അനുവാചകന്റെ മുന്നിലെത്തുന്നു ഇവിടെ. അവന്റെ സന്തോഷം അതിലെ പോരായ്മകളെപ്പറ്റിയുള്ള അവന്റെ തുറന്ന പ്രതികരണം ഇത്രയും കയ്യോടെ കിട്ടുമ്പോള്‍ അതിലും വലിയൊരു ചാരിതാര്‍ത്ഥ്യം സാധാരണക്കാരനായ ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വേറെ ലഭിക്കാനില്ല.

ഇത്തരം മനസ്സിന്റെ ഉള്ളറകളില്‍നിന്നും ഒഴുകിയെത്തിയ രണ്ടായിരത്തില്‍പരം രചനകളില്‍നിന്നും മികച്ച മുന്നൂറെണ്ണം തിരഞ്ഞെടുക്കുക, അവയുടെ എഡിറ്റിങ്ങ്, പേജുകളുടെ ലേയൌട്ട് മറ്റു സാങ്കേതികസഹായങ്ങള്‍ എന്നിവ തമ്മില്‍ കാണാതെ നടപ്പിലാക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സാമ്പത്തികം. ചിലവിലേക്കുള്ള ഭീമമായ തുക പുസ്തകം ചിലവാകുമ്പോള്‍ തിരിച്ചെടുക്കാമെന്ന ഒരു ധൈര്യത്തില്‍മാത്രം സ്വന്തം കൈയ്യില്‍നിന്നും പതിനായിരവും ഇരുപതിനായിരവും വെച്ച് എടുത്തവരുടെ നല്ലമനസ്സ് പ്രശംസനീയമാണ്. അങ്ങിനെ ഇരുന്നൂറ്റന്‍പത് പേജുകളില്‍ ഒരു മാഗസിന്‍ ഒരുക്കാനുള്ള നൂറായിരം കടമ്പകള്‍ പലദൂരങ്ങളിലിരുന്ന് ഒരുസംഘം ബ്ലോഗര്‍മാര്‍ വളരെ ചുരുങ്ങിയ സമയത്തിന്നുള്ളില്‍ കൃതകൃത്യതയോടെ ചെയ്തുഎന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. എഡിറ്റോറിയല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു മാത്രമായി ഗൂഗിളിന്റെ അത്യന്താധുനിക സംവിധാനങ്ങളായ സൌജന്യ ഗ്രൂപ്മെയില്‍ , ഗ്രൂപ്പ് ബ്ലോഗിങ് തുടങ്ങിസൌകര്യങ്ങള്‍ ഈയൊരാവശ്യത്തിനായി ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവര്‍ക്കും അവരുടേതായ ജോലിത്തിരക്കുകള്‍ ഉണ്ടായിട്ടും അതൊന്നും ഈയൊരു സംരംഭത്തിന് തടസ്സമാവാന്‍ സമ്മതിക്കാതെ ആത്മാര്‍ത്ഥതയോടെ ഇതിന്നുവേണ്ടി പ്രവര്‍ത്തിച്ചത് മാഗസിന്റെ വിജയം ഒന്നുമാത്രം മുന്നില്‍കണ്ടുകൊണ്ടാണ്.

"ഈയെഴുത്ത് 2011" എന്ന് പേരിൽ പുറത്തിറങ്ങിയ 'ബ്ളോഗ് സ്മരണിക' തുഞ്ചൻ പറമ്പിൽ വെച്ചു നടന്ന ബ്ളോഗ് മീറ്റിന്റെ ഒരു ചരിത്രസ്മരണികയായാണ്‌ അച്ചടിയിലൂടെ പുറത്തിറങ്ങിയത്...തിരൂർ തുഞ്ചൻപറമ്പിൽ വെച്ചു നടന്ന ബ്ളോഗർമാരുടെ വിപുലമായ കൂട്ടായ്മയിൽ വെച്ച്, പ്രശസ്ത സാഹിത്യകാരൻ ശ്രീ കെ.പി. രാമനുണ്ണി, ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകമായ എസ്.എം. സാദ്ദിഖ് കായംകുളത്തിന് കൈമാറിക്കൊണ്ട് ഇത് അക്ഷരകേരളത്തിന്‌ സമ്മാനിച്ചു.

കോളെജ് മാഗസിനുകളിലെ പ്രായോഗികപരിചയം വെച്ചായിരുന്നു പലരും ധൈര്യം സംഭരിച്ച് ഈയൊരു സംരംഭത്തിന് അണിയറയൊരുക്കിയത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് ചേര്‍ന്ന് അകലങ്ങളിലിരുന്ന് ഒട്ടും കാണാതെ ഇത്തരമൊരു മഹാസംഭവമൊരുക്കുന്നത് മലയാളത്തിന്റെയല്ല ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായായിരിക്കും.

പുനലൂർ സ്വദേശിയും അദ്ധ്യാപകനുമായ എൻ.ബി, സുരേഷ് കുമാർ എന്ന ബ്ളോഗറാണ്‌ ഈ സംരംഭത്തിന്റെ മുഖ്യപത്രാധിപർ.എഡിറ്റിങ്ങിലുള്ള അദ്ദേഹത്തിന്റെ പ്രായോഗികപരിചയം ഈ മാഗസിന്റെ അണിയറയില്‍ വളരെ ഗുണം ചെയ്തിട്ടുണ്ട്. കൂടാതെ മാതൃഭൂമിയുടെ പീരിയോഡിക്കല്‍സിലും പിന്നെ സ്വന്തം നിലയിലും മാഗസിൻ പ്രവർത്തനം നടത്തിയതിന്റെ അനുഭവസമ്പത്ത് ഒരു എഡിറ്റോറിയല്‍ നയിക്കാന്‍ അദ്ദേഹത്തിനു കൂട്ടായി ഉണ്ടായിരുന്നു.
കൂടാതെ വിവിധരാജ്യങ്ങളിൽ ജോലിചെയ്യുന്ന, ബ്ളോഗെഴുത്തിലൂടെ മാത്രം പരിചിതരായ, പരസ്പരം കണ്ടിട്ടില്ലാത്ത ഇരുപത്തഞ്ചോളം വരുന്ന ഒരു എഡിറ്റോറിയൽ ഗ്രൂപ്പും ഇയൊരു സംരംഭത്തിന്റെ ആദ്യംതൊട്ടവസാനം വരെ കൂടെയുണ്ട്. അമേരിക്കയിൽ ടീച്ചറായി ജോലി ചെയ്യുന്ന ഗീതാരാജൻ, ദുബായിൽ കുടുംബത്തൊടൊപ്പം താമസിക്കുന്ന സിവിൽ എഞ്ചിനീയറായ കവിയിത്രി ചാന്ദ്നി ഗാനൻ, കേരളത്തിലെ സ്കൂൾ അദ്ധ്യാപികയായ നീന ശബരീഷ്, ഹരിയാനയിൽ താമസിക്കുന്ന കവിയിത്രി പ്രസന്ന ആര്യൻ, അബുദാബിയിലും കേരളത്തിലുമായി കഴിയുന്ന എഴുത്തുകാരി ആഗ്നേയ ഫെമിന, ദുബായിൽ താമസിക്കുന്ന എഴുത്തുകാരി ലിഡിയ രാകേഷ് , പാലക്കാട് സ്വദേശിയും കവിയിത്രിയുമായ പ്രിയദർശിനി തുടങ്ങിയവരുടെ കൂട്ടായ സഹകരണവും മറ്റ് ബ്ളോഗർമാരായ കുഴൂർ വിൽസൺ, അപ്പു ആദ്യാക്ഷരി, നിരക്ഷരൻ, വിശാലമനസ്കൻ, ഡോ. ജയൻ ഏവൂർ, കെ.ജി. സൂരജ്, അജിത് നീർവിളാകൻ, റാംജി പട്ടേപ്പാടം, ജി.മനു, നന്ദകുമാർ, ആന്റണി ബോബൻ, ബിജുകുമാർ, ഷാജി മുള്ളൂർക്കാരൻ, ശിവപ്രസാദ്, രാജു ഇരിങ്ങൽ, വിശ്വപ്രഭ തുടങ്ങിയ വിവിധ മേഘലകളിലെ വിദഗ്ധരായ ബ്ളോഗർമാരും കൂടി സമന്വയിപ്പിച്ച കൂട്ടായ ഒരു പ്രവർത്തനത്തിന്റെ വിജയമാണ്‌ ഇതെന്ന് പറയാതെ വയ്യ.മുരളീകൃഷ്ണ, മനോരാജ്, ജിക്കു വർഗ്ഗീസ്, രൺജിത് ചെമ്മാട്, ബിജു കൊട്ടില എന്നിവരാണ്‌ ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.ഇവരുടെ സാങ്കേതികമികവ് ഈ മാഗസിനില്‍ ആദ്യാവസാനം അനുഭവപ്പെടും.

പ്രൊഫഷണല്‍ സാഹിത്യത്തിന്റെ വെച്ചുകെട്ടുകളില്ലാതെ നിഷ്ക്കളങ്കമായ മനസ്സുകളില്‍ നിന്നും ഒഴുകിനിറഞ്ഞ നൂറില്പരം കവിതകളും അന്‍പതിനടുത്ത് കഥകളും യാത്രാവിവരണങ്ങളും വരകളും കാര്‍ട്ടൂണൂകളും ഫോട്ടോബ്ലോഗുകളും കല, സാഹിത്യം, ശാസ്ത്രം, സാങ്കേതികം തുടങ്ങി വളരെ വ്യത്യസ്തങ്ങളായ വിഷയങ്ങളുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ലേഖനങ്ങളും ഈ മാഗസിനെ സമ്പുഷ്ടമാക്കുന്നു.

എന്തു കാര്യവും ആദ്യമായേറ്റെടുത്ത് ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന പോരായ്മകള്‍ കഴിവതും കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്നു അഭിമാനപൂര്‍വ്വം പറയാം. പിന്നെ ബ്ലോഗിലെ രചനകള്‍ എന്നു പറയുമ്പോള്‍ ബ്ലോഗര്‍മാരില്‍ പലരും പലതും വായിച്ചിരിക്കാമെങ്കിലും വായിക്കാത്ത ഒരു ഭൂരിഭാഗം പുറത്തുണ്ടെന്നത് നമ്മളോര്‍ക്കണം. ബ്ലോഗിലെ രചനകളെ അവരിലെത്തിക്കാനായാണ് നമ്മള്‍ കഷ്ടപ്പെടുന്നത്. തിരഞ്ഞെടുത്ത മുന്നൂറില്പരം കൃതികള്‍ എന്നുവരുമ്പോള്‍ പലരുടേയും രചനകള്‍ ഉള്‍പ്പെടുത്താന്‍ പറ്റിയെന്നു വരില്ല. ഈയൊരു സംരംഭം ഇവിടെ നിര്‍ത്താന്‍ ഉദ്ദേശമില്ലാത്തസ്ഥിതിക്ക് അടുത്ത മാഗസിനില്‍ നിങ്ങളുടെ നല്ല രചനകളും ഉള്‍പ്പെടുമെന്ന് ആശിക്കാം. ഈയെഴുത്തിന്റെ പ്രിയപ്പെട്ട വായനക്കാര്‍ അതു മനസ്സിലാക്കി ഈ മാഗസിന്‍ സ്നേഹപൂര്‍വ്വം നെഞ്ചോടു ചേര്‍ക്കുമെന്നുതന്നെയാണ് ഞങ്ങളുടെ മനസ്സു പറയുന്നത്.

23 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഇത്തരം ഒരു സംരഭത്തില്‍ ചെറിയതോതിലെങ്കിലും സഹകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു.

Echmukutty പറഞ്ഞു...

ഈയെഴുത്ത് കണ്ട് സന്തോഷിച്ചു.....താല്പര്യമുള്ളവരെ കാണിച്ചും സന്തോഷിച്ചു. ശരിയാണ്, നമുക്ക് അഭിമാനിയ്ക്കാം.

Kalavallabhan പറഞ്ഞു...

ഉള്ളടക്കത്തെപ്പറ്റിയുള്ള ഒരു വിശകലനം ഇതുവരെ വായിച്ചവരിൽ നിന്നും കിട്ടിയിട്ടില്ല.

Unknown പറഞ്ഞു...

:)

വിജീഷ് കക്കാട്ട് പറഞ്ഞു...

magazine kitti santhosham........

the man to walk with പറഞ്ഞു...

നമുക്ക് അഭിമാനിയ്ക്കാം.

ഉല്ലാസ് പറഞ്ഞു...

ചേച്ചി,
ഈയെഴുത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും , അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമൊപ്പം എന്റെ സന്തോഷവും ഞാന്‍ പങ്കുവെക്കുന്നു.ആശംസകളോടെ , ഉല്ലാസ്

K@nn(())raan*خلي ولي പറഞ്ഞു...

ഈ വിഷയത്തെപ്പറ്റി ഇതിനകം പത്തിലധികം പോസ്റ്റുകള്‍ ഇറങ്ങിക്കഴിഞ്ഞു. പിന്നെയും ഇത് തന്നെ വിഷയമാക്കി ഒരു പോസ്റ്റ്‌.
ഇയാള്ക്കൊന്നും വേറെ പണിയില്ലേ? അതോ വിഷയ ദാരിധ്ര്യമാണോ? എങ്കില്‍ ചുറ്റുപാടും ഒന്ന് കണ്ണോടിക്കൂ. എന്തെങ്കിലും പുതുമ കിട്ടാതിരിക്കില്ല. ചുമ്മാ സമയം കളയാന്‍ ഇറങ്ങിക്കോളും! കഷ്ട്ടം.

പ്രയാണ്‍ പറഞ്ഞു...

Echmukutty .
Kalavallabhan
MyDreams
ബ്ലോഗര്‍ വിജീഷ് കക്കാട്ട്
the man to walk with
ഉല്ലാസ്
സന്തോഷം പങ്കുവെച്ചതില്‍ സന്തോഷം.
K@nn(())raan*കണ്ണൂരാന്‍! വന്നതില്‍ സന്തോഷം.
എന്റെ ബ്ലോഗില്‍ എന്തുവിഷയത്തെപ്പറ്റി പോസ്റ്റിടണമെന്നത് എന്‍റെയിഷ്ടന്മാണ്. ഇനിയും പ്പോസ്റ്റുകള്‍ ഇതേ വിഷയത്തില്‍ വന്നെന്നിരിക്കും. ഇഷ്ടമുണ്ടെങ്കില്‍ വായിച്ചാല്‍ മതി. കമന്‍റിനുവേണ്ടിയല്ല ഞാനിവിടെ എഴുതുന്നത്. എന്റെ സന്തോഷത്തിന് വേണ്ടിയാണ്.

Manoraj പറഞ്ഞു...

ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ente lokam പറഞ്ഞു...

aashamsakal.....

കൊമ്പന്‍ പറഞ്ഞു...

കണ്ണൂ രാന്‍ പറഞ്ഞത് ശരിയോ തെറ്റോ ആവാം പക്ഷെ ബ്ലോഗെഴുതുന്ന നമ്മള്‍ വിമര്‍ശന ങ്ങളെ നല്ല മനസോടെ സ്വീകരിക്കണം അല്ലെങ്കില്‍ ആളുകള്‍ക്ക് കാണാന്‍ പറ്റാത്ത രൂപത്തില്‍ എഴുതണം

jayanEvoor പറഞ്ഞു...

നന്നായി ചേച്ചീ....

ഞാനും അഭിമാനിക്കുന്നു, ഈ സംരഭത്തിൽ പങ്കാളിയായതിൽ.
നമുക്ക് ഒരുമിച്ചു മുന്നേറാം!

@കണ്ണൂരാൻ...
ഈ പോസ്റ്റ് എഴുതിയത് ഞങ്ങൾ എല്ലാവരും പ്രയാൺ ചേച്ചി എന്നു വിളിക്കുന്ന നമ്മുടെ സ്വന്തം ചേച്ചിയാണ്.

പയ്യന്മാർ ആരെങ്കിലും കോപ്പി പേസ്റ്റ് ചെയ്ത് ഇട്ട പോസ്റ്റാണെന്നു ധരിച്ചാണ് ഈ കമന്റുകൾ ഇട്ടതെങ്കിൽ, നിർവ്യാജം ഖേദപ്രകടനം നടത്തൂ...!

jayanEvoor പറഞ്ഞു...

‘ഈയെഴുത്ത്’ എന്ന ബ്ലോഗ് സുവനീർ പ്രചരിപ്പിക്കാൻ കഴിയുന്നത്ര ശ്രമിക്കണം എന്ന ഉദ്ദേശത്തിലാണ് പലരും പോസ്റ്റുകൾ ഇടുന്നത്. അല്ലാതെ സ്വയം ശ്രദ്ധയാകർഷിക്കാനല്ല.

പട്ടേപ്പാടം റാംജി പറഞ്ഞു...

ലേഖനത്തില്‍ സൂചിപ്പിച്ചത്‌ പോലെ ഇതൊരു ആദ്യത്തെ സംഭവവും അത്ഭുതവും ആയിരിക്കും എന്നതില്‍ നമുക്ക്‌ അഭിമാനിക്കാം.
ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു.

പ്രയാണ്‍ പറഞ്ഞു...

ജയന്‍ താങ്കസ്......

Unknown പറഞ്ഞു...

ശ്രദ്ദേയമായ വിവരണം ചേച്ചീ; ഈ സ്മരണികയെ കുറിച്ച് അറിയാത്തവർക്കും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയണം എന്നാഗ്രഹിക്കുന്നവർക്കും ഒരു ഏകദേശ ചിത്രം ലഭിക്കാൻ ഇത്തരം പോസ്റ്റുകൾ ഉപകരിക്കും....
നിസ്വാർത്ഥമായി, മാസങ്ങളോളം ഇതിന്റെ പിറകിൽ പ്രയത്നിച്ചവരുടെ ചരിത്രദൗത്യത്തിന്‌ ആശംസകൾ...

എന്‍.ബി.സുരേഷ് പറഞ്ഞു...

പ്രയാൺ, നന്നായി. മാഗസിൻ നന്നായതിൽ എല്ലാവർക്കും സ്നേഹാശംസകൾ

ശ്രീനാഥന്‍ പറഞ്ഞു...

തീർച്ചയായും അഭിമാനിക്കാവുന്ന ഒന്നാണ് ഈയെഴുത്ത്-കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും. ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഒരു ചരിത്ര സംഭവമായി ഇത്.

പ്രയാണ്‍ പറഞ്ഞു...

എല്ലാവര്ക്കും എന്റെ സ്നേഹം............

yousufpa പറഞ്ഞു...

നന്നായി ഇങ്ങനെയൊരു കുറിപ്പ്.പലരുടേയും തെറ്റിദ്ധാരണകൾ ഇത് മാറ്റിയേക്കും.തിരഞ്ഞെടുത്ത(എന്റേതടക്കം ) സൃഷ്ടികൾ തന്നെ ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല.അതിൽ തന്നെ മീഡിയാരംഗത്തെ പ്രതിഭകളും ഉണ്ട്.
എന്തായാലും ‘ഈയെഴുത്ത്’ നമുക്കൊരു മുതല്ക്കൂട്ട് തന്നെ.അത് ആരേയും നിരാശപ്പെടുത്തിയിട്ടില്ല.ഇനി ആർക്കെങ്കിലും അത് തോന്നിയിട്ടുണ്ട് എങ്കിൽ..?അത് അവരുടേതായ മാനസീക വൈകല്യം ഒന്നു കൊണ്ട് മാത്രമാണ്‌.

അജ്ഞാതന്‍ പറഞ്ഞു...

ഈയെഴുത്ത് ഉഗ്രന്‍ !!

Unknown പറഞ്ഞു...

:)