ചൊവ്വാഴ്ച, മാർച്ച് 15, 2011

വടക്കോട്ടുള്ള വണ്ടി.........




പടിപ്പുരയിലിരുന്നാല്‍
പാടത്തിനപ്പുറം
തീവണ്ടി കാണാമായിരുന്നു.
ഞങ്ങള്‍ കുട്ടികള്‍ ഒന്നായി
കൂകിത്തോല്പ്പിക്കുമ്പോള്‍
തീവണ്ടി ഓടിമറയും.

വിതക്കുന്നവര്‍ക്കായി
വിത്തു വാരിയെറിഞ്ഞും
വിതയില്ലാത്തപ്പോള്‍
വിത്തെടുത്തു തിന്നും
ഞങ്ങള്‍ വലുതായപ്പോള്‍
വിതകൊയ്തു മടുത്ത
നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ
ഗോതമ്പുപാടങ്ങള്‍ തേടി
വടക്കോട്ടുള്ള വണ്ടികയറി.

ആകരങ്ങള്‍ കൊയ്തുതീര്‍ത്ത്
അപ്പോഴും കൂകിത്തോല്പ്പിക്കുന്ന
കുട്ടികളെ സന്തോഷിപ്പിക്കാന്‍
അരിമുറുക്കും പീപ്പിയുമായി
വൈകീട്ടു തിരിച്ചെത്തിയപ്പോള്‍
ചിതലുപിടിച്ച പടിപ്പുരയും
അതിനു കാവലായിരുന്നവരും
തെക്കോട്ടു യാത്ര പോയിരിക്കുന്നു.

തീവണ്ടിപ്പാളത്തിനും
പടിപ്പുരക്കുമിടയിലെ
പാടം കിളച്ച് മറിച്ച് നിറയെ
വീടുകള്‍ നട്ടുവളര്‍ത്തിയവര്‍ക്ക്
വിളവെടുപ്പിന്റെ ആഘോഷം.

പടിപ്പുരക്ക് മുന്നിലൂടെ
പാടം നനക്കാന്‍ പോയ വെള്ളം,
നനക്കാന്‍ പാടമില്ലാതെ
ഇല്ലാത്ത പടിപ്പുരമുറ്റത്ത്
ഓച്ഛാനിച്ച് ചുറ്റിപ്പറ്റി നിന്നു.

ഗോതമ്പു പാടങ്ങളില്‍
വിതച്ചുകൊയ്ത പണം
തമിഴന്മാര്‍ക്ക് വീതിച്ചു തീര്‍ത്ത്
ഞങ്ങള്‍ വീണ്ടും പടിയിറങ്ങി.
വടക്കോട്ടുള്ള വണ്ടിയെന്നും
തെറ്റാതെ കൂകിയോടുന്നുണ്ടല്ലൊ.
വടക്കെത്തിയിട്ടു വേണം വിതക്കാന്‍
വിതക്കാതെ കൊയ്യുന്നതെങ്ങിനെ.......

ഞായറാഴ്‌ച, മാർച്ച് 06, 2011

തിരസ്കൃതര്‍.





വല്ലാതെ മടുപ്പ് തോന്നിയപ്പോള്‍ ഊണ്മേശയുടെ മുകളില്‍ വിരലുകള്‍ ചലിപ്പിച്ച് അയാള്‍ സ്വന്തം പേര്‍ ഓര്‍ത്തെടുക്കാന്‍ നോക്കി. കട്ടിപിടിച്ച പൊടിയില്‍ തെളിഞ്ഞുവന്ന അക്ഷരങ്ങളുടെ അപരിചിതത്വത്തിനു മുന്നില്‍ പകച്ചുകൊണ്ട് വിരലില്‍ പറ്റിയ പൊടി അയാള്‍ പാന്റ്സിന്റെ വശങ്ങളിലായി തുടച്ചു.

"വാട്സ് ദിസ് സണ്ണി?" ഒരു ഞെട്ടലില്‍ അയാള്‍ക്ക് ഓര്‍മ്മ വന്നു. സണ്ണി ..... സഞ്ജയ് .......
അയയുന്ന മനസ്സുമായി ഭാര്യയുടെ ശബ്ദത്തിനു മറുപടിയെന്നോണം തിരിഞ്ഞു നില്‍ക്കുമ്പോള്‍ മുറിയുടെ ഇരുട്ടില്‍ അവളുടെ മുഖം അയാള്‍ ഓര്‍മ്മകളില്‍നിന്നും തിരക്കിട്ടു ചികഞ്ഞെടുക്കുകയായിരുന്നു. തെളിഞ്ഞുവന്നത് പക്ഷെ ചുളിവുകള്‍ വീണ നരച്ച മുഖത്തെ അസഹിഷ്ണുതയായിരുന്നു.
"മമ്മാ" അയാളില്‍ നിന്നും അറിയാതെ ഉറക്കെ വിളിയുയര്‍ന്നു. പ്രിയപ്പെട്ടവരുടെമുന്‍പില്‍ വെച്ച് കുറ്റവിചാരണ ചെയ്യപ്പെടുന്ന കൊച്ചുകുട്ടിയെപ്പോലെ കൈകള്‍കൊണ്ട് പാന്റ്സിലെ പൊടി തട്ടിക്കളയാന്‍ അയാള്‍ വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു.

മുഷിഞ്ഞുനാറിയ ബെഡ്ഡിലേക്ക് ഷൂപോലുമഴിക്കാതെ ചെരിയുമ്പോള്‍ അയാളുടെ കണ്ണുകള്‍ ചുമരിലെ ഫോട്ടൊയിലുടക്കി. പപ്പായുടെ കണ്ണുകളിലെ ആജ്ഞാശക്തിക്കുമുന്നില്‍ ചൂളി ആ തീക്ഷ്ണത ഏറ്റുവാങ്ങാനാവാതെ അയാളുടെ കണ്ണുകള്‍ , മങ്ങി അടര്‍ന്നു തുടങ്ങിയ ചുമരിന്റെ നീലനിറത്തില്‍ തറഞ്ഞു നിന്നു. പഴകിയ ആകാശത്തിന്റെ ചെടിപ്പുമായി ചുമരുകള്‍ അയാള്‍ക്കു ചുറ്റും ഒരു തടവറ പോലെ തോന്നിച്ചു. അങ്ങിനെ കിടന്ന് പതുക്കെ ഉറങ്ങിപ്പോയത് അയാളറിഞ്ഞില്ല. പാതിചാരിയ മുന്‍വാതിലിലൂടെ കടന്നുവന്ന് അടുത്തു കിടന്ന ചിന്നുവിന്റെ ചൂടാണ് ഉണര്‍ത്തിയത്. ചേര്‍ന്നുകിടന്ന് പുറത്തുകൂടി വിരലോടിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ക്കു വിശക്കുന്നുണ്ടാവുമെന്നയാള്‍ക്കു തോന്നി. എഴുന്നേറ്റ് പാലു ചൂടാക്കി കൊടുക്കുമ്പോള്‍ ചിന്നുവിന്റെ സാമീപ്യം തൊട്ടടുത്ത് അറിയുന്നുണ്ടായിരുന്നു. പഴമ ഗന്ധമായി പൊഴിയുന്ന സോഫയിലേക്കമരുമ്പോള്‍ ചിന്നു ശബ്ദ്മുണ്ടാക്കാതെ പാലു കുടിച്ചുകൊണ്ടിരുന്നു. അയാളുടെ മൂഡുകള്‍‍ക്കനുസരിച്ച് പെരുമാറാന്‍ അവളും പഠിച്ചു കഴിഞ്ഞിരിക്കുന്നു..

അകത്തെ മുറിയിലെവിടെയോ പ്രാവുകള്‍ കുറുകുന്ന ശബ്ദം അയാളില്‍ കൌതുകമുണര്‍ത്തി . ഒരുപാടുനാളുകള്‍ കൊണ്ട് സന്തോഷം തരുന്ന എന്തെങ്കിലുംഒരു കാഴ്ച അയാള്‍ കൊതിക്കുന്നുണ്ടായിരുന്നു. പക്ഷെ എഴുന്നേറ്റ് ആ വലിയ വീടിന്റെ കാലങ്ങളായി അടച്ചിട്ടിരുന്ന മുറികള്‍ തുറന്നു നോക്കാന്‍ അയാള്‍ക്കു മനസ്സു വന്നില്ല. ആ വീട്ടില്‍ അയാളാകെ ഉപയോഗിച്ചിരുന്നത് ആ ഒരു വലിയ ലിവിങ്ങ് റൂം മാത്രമായിരുന്നു.

അങ്ങിനെ ചാരിക്കിടന്ന് കണ്ണുകളടച്ചപ്പോള്‍ അയാളുടെ മനസ്സിലൂടെ പലതും കടന്നുപോയി. തന്റെ മുടിയിഴകളിലൂടെ ഒഴുകി നടക്കുന്ന മമ്മയുടെ വിരലുകള്‍ ‍, നെറ്റിയിലമരുന്ന മമ്മയുടെ ചുണ്ടുകള്‍ .... അയളൊരു കൊച്ചുകുട്ടിയായി മാറിക്കൊണ്ടിരിക്കയായിരുന്നു. എവിടെനിന്നെന്നറിയാതെ പരന്നു നിറഞ്ഞ വൈറ്റ് മസ്കിന്റെ പരിമളത്തില്‍ അയാള്‍ പരിഭ്രമത്തോടെ കണ്ണുതുറന്നു.ആഞ്ഞുമിടിക്കുന്ന ഹൃദയവുമായി ആ ഇരുട്ടില്‍ അയാള്‍ തിരഞ്ഞുകൊണ്ടിരുന്നു...... വന്നുകയറിയ സ്വപ്നങ്ങളിലെ വസ്ത്രങ്ങളുടെ ഉലയല്‍ , വളകളുടെകിന്നാരം, പാദസരങ്ങളുടെ ചിണുക്കം ....... പിന്നെയെപ്പോഴൊ തിരിഞ്ഞു നടന്നപ്പോഴത്തെ ആ കരിമിഴിപിടച്ചില്‍ ‍.

പാലു കുടിച്ചു കഴിഞ്ഞ് ചിന്നുവന്നു മടിയില്‍ മുഖമമര്‍ത്തിക്കിടന്നപ്പോള്‍ അയാള്‍ക്ക് അവളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ആര്‍ക്കോ വേണ്ടി എന്നും തുറന്നുമാത്രം കിടന്ന മുന്‍വാതിലില്‍കൂടി അവള്‍ കയറിവന്ന ദിവസം അയാളുടെ ഓര്‍മ്മകളില്‍ നിറഞ്ഞു. ഫ്ലാറ്റില്‍നിന്നും താഴെയിറങ്ങുമ്പോള്‍ എന്നും വാലാട്ടി സ്നേഹം പുതുക്കിയിരുന്ന അവള്‍ തണുത്തുറഞ്ഞ ഒരുവൈകുന്നേരം വീട്ടിനകത്തേക്കു കയറിവന്നപ്പോള്‍ അനുഭവിച്ച സന്തോഷം അയാള്‍ക്ക് അപ്പോഴും ഒരുതരിമ്പുപോലും കുറവില്ലാതെ അനുഭവിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. അയാളെ തിരഞ്ഞുവരാന്‍ ആരെങ്കിലും ഉണ്ടായല്ലോയെന്ന സന്തോഷം.

ചൊവ്വാഴ്ച, മാർച്ച് 01, 2011

ദേവൂട്ടി........



"ന്നാലും
അവറ്റോള് അനുഭവിക്കാണ്ടിരിക്കില്ല........"

തണുത്ത വൃശ്ചികക്കാറ്റില്‍
മുറ്റം മുഴുവന്‍ ഓടിനടക്കുന്ന ഇലകളെയെന്നപോലെ മുറ്റമടിക്കുന്നതിന്നിടയില്‍ ദേവൂട്ടി ശകാരിച്ചു കൊണ്ടിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നതു കണ്ടിട്ടാവണം ഒരു ചോദ്യം പ്രതീക്ഷിച്ചെന്നപോലെ നിവര്‍ന്നുനിന്ന് ചൂലൊന്ന് കൊട്ടിശരിയാക്കി ഉത്തരം പറയാന്‍ തെയ്യാറായി . ഇനി ചോദിക്കാതെ വയ്യല്ലൊ.


"ആരുടെ കാര്യാ പറേണത് ദേവൂട്ടീ? "

" കൊച്ചൂട്ട്യമ്മേടേയ്........ തീരെ വയ്യാട്ടൊ ആയമ്മക്ക്. അടുത്താച്ചാ ആര്വോട്ടില്ല്യേയ്നും.."

"മക്കളൊന്നും വന്നില്ല്യേ
?"

" പെമ്മക്കളൊക്കെ കെട്ടിക്കൊണ്ടോയേടത്തല്ലെ. ആങ്കുട്യോളാണേല് ജോലിസ്ഥ ലത്തും. അവര് പറേണത് അങ്ങട്ടേക്ക് ചെല്ലാനാണേയ്........."

" അതിനെന്താ പോയ്ക്കൂടെ..... മക്കളല്ലെ വിളിക്കണത്.."

"അതെങ്ങിന്യാ ചക്കേം മാങ്ങേം തേങ്ങേംള്ള തൊടീം വിട്ട് ആയമ്മ പോവുംന്ന് കുഞ്ചാത്തല്ക്ക് തോന്ന്ണണ്ടോ?"

ആവുന്നകാലത്തെന്നല്ല ഇപ്പോഴും, ശരീരം വഴങ്ങുമെങ്കില്‍ കൊച്ചൂട്ട്യമ്മ എപ്പോഴും വളപ്പില്‍ തന്നെയായിരുന്നു. ഓരൊ മരത്തിനു ചുവട്ടിലും പോയിനിന്ന് എന്തൊക്കെയോ അവരുടെ ഭാഷയില്‍ സംസാരിച്ച് പകല്‍ മുഴുവന്‍ സമയം കഴിക്കും. കൊച്ചൂട്ട്യമ്മേടെ ഭര്‍ത്താവ് രാവുണ്ണ്യാര്ള്ളപ്പോളും അതങ്ങിനെത്തന്നെയായിരുന്നു. അറ്റം കാണാതെ പരന്നുകിടക്കുന്ന വളപ്പില്‍നിന്നും ഒരു മച്ചിങ്ങപോലും മൂപ്പരറിയാതെ പടിയിറങ്ങില്ല.
ഞങ്ങള്‍ നാട്ടിലെത്തിയാല്‍ പിറ്റെദിവസം കൊച്ചൂട്ട്യമ്മ വരും . ഒരു ചക്ക , ഇത്തിരി മാങ്ങ , ഒരു പടല ചെറുപഴം അങ്ങിനെ എന്തെങ്കിലുമൊക്കെയുണ്ടാവും കയ്യില്‍.

"ഇവിടത്തെ കുട്ടി വരുണൂന്നറിഞ്ഞപ്പൊ പഴുപ്പിക്കാന്‍ വെച്ചതാ"

ഇടക്കെപ്പോഴെങ്കിലും പുറത്തിറങ്ങുമ്പോള്‍‍ വളപ്പിന്റെ ഏതെങ്കിലും മൂലയില്‍ നിന്ന് ഉറക്കെ ശബ്ദമുയരും

" തെക്കേപ്ലാവിന്റെ ചക്ക വറക്കാന്‍ പാകായരിക്കുണൂട്ടോ..... ആളെക്കിട്ട്യാ അങ്ങ്ട്ടേക്ക് എത്തിക്കാം. പോവുമ്പോ വറത്ത് കൊണ്ട്വോവാലോ...... ഇത്തിരി കൊണ്ടാട്ടോം ഒണക്കാം..... ചക്ക വരട്ടി കൊണ്ട്പോണുണ്ടോ ഇത്തവണ "

തമ്മില്‍ കൂട്ടിമുട്ടിയാലും കണ്ടെന്നു നടിക്കാത്ത നഗരത്തിരക്കില്‍ നിന്നും വരുന്ന ഞങ്ങളുടെ കുട്ടികള്‍ക്ക് പ്രകടനമല്ലാത്ത സ്നേഹം അത്ഭുതമായിരുന്നു.

"മക്കള്ക്കാര്‍ക്കെങ്കിലും കൊറച്ച്ദെവസം വന്നു നിന്നൂടെ ഇവിടെ ...... അതെങ്ങിന്യാ വയസ്സായോര്ടെ ഭാരം ഏറ്റെടുക്ക്വാച്ചാല്‍ എളുപ്പല്ലേയ്........."

"അവരുടെ കുട്ട്യോളൊക്കെ അവിടെ പഠിക്ക്യല്ലെ ദേവൂട്ടി....... കൊച്ചൂട്ട്യമ്മ അങ്ങ്ട്ടേക്ക് പോയിനിന്നാല്‍ അതാവില്ലെ കൂടുതല്‍ നല്ലത്?"

"ആയമ്മ പോയി നിന്നതാണ് കഴിഞ്ഞ വര്‍ഷം മൂത്ത മോന്റടുത്ത്. മര്വോള് നല്ല കുട്ട്യാത്രെ.... ആയമ്മ പറയ്വേ......... കൊച്ചൂട്ട്യമ്മക്ക് ഒരു മുട്ടും വരാതിരിക്കാന്‍ രാവിലെ ഓഫീസില്‍ പോണേനു മുന്നെത്തന്നെ എല്ലാം ഒരുക്കി വെച്ചിട്ടാത്രെ ആക്കുട്ടി പോവുള്ളു".

"എന്നിട്ടേന്തേ?"

"ഫ്ലാറ്റിലേയ് ആയമ്മക്ക് ശ്വാസമ്മുട്ട്വാത്രെ............ അടുത്ത വീട്ടിലൊക്കെ ഹിന്ദിക്കാരാണേയ് .
ഇത്തിരി മലയാളം പറയണംച്ചാല്‍ അവരാരെങ്കിലും തിരിച്ചു വന്നാലെപറ്റുള്ളൂന്ന്. മകന്റെ കുട്ട്യോള് ഇഗ്ലീഷിലാത്രെ തമ്മാമ്മില് സംസാരിക്ക്യാ. പൊറത്തേക്ക് നോക്ക്യാ നമ്മടെ തെങ്ങു കാണണമാതിര്യാണ്ത്രെ ബില്‍ഡിങ്ങ്വോള്. ഒരു മാസം തെകച്ച് നിന്നില്ല്യ, ആയമ്മക്ക് മത്യായീന്ന്."

"ചെലതൊക്കെ സാരംല്ല്യാന്ന് വെക്കണ്ടേ...."

"എന്തിനാത്....... ഞാനുമ്പറഞ്ഞു ഇനി പോണ്ടാന്ന്. വെളുത്തേടത്തെ രാധമ്മേം അതന്നേ പറഞ്ഞത്. പൈസാന്നുംപറഞ്ഞ് അന്യനാട്ടില് കെടന്നു കഷ്ടപ്പെടാണ്ടെ ഇങ്ങോട്ട് വിളിക്കാന്‍ പറഞ്ഞു മക്കളെ. ഇനീപ്പോ ആരുംല്ല്യാച്ചാലും നൊമ്മ്ടെ ഉമ്മറത്തെ കാറ്റും വെളിച്ചോം തൊടീം തോടും ഒക്കെ മതീലോ.തോട്ടില് മുങ്ങികുളിക്കണ സുഖം കിട്ട്വോ കുളിമുറീല്...... അവനോന്റെ ഉമ്മറത്ത്വന്നെ ജീവിച്ച് മരിക്ക്യാന്‍ സുകൃതംചെയ്യണം."

മുറ്റമടിക്കുമ്പോള്‍ പറന്നു വീഴുന്ന പഴുക്കിലകളോടെന്നപോലെ ദേവൂട്ടി സ്വയം സമാധാനിപ്പിച്ചുകൊണ്ടിരുന്നു ..... "ന്നാലും വയസ്സായ അമ്മേ തിരിഞ്ഞു നോക്കാണ്ടിരുന്നാ അവറ്റോള് അനുഭവിക്കാണ്ടിരിക്കില്ല്യ....."

ഉറക്കെ പറയാന്‍ ഭയന്ന്‍ എന്റെ മനസ്സ് ദേവൂട്ടിയോട് പറഞ്ഞുകൊണ്ടിരുന്നു ........" അരുതു ദേവൂട്ടി...... അങ്ങിനെ ശപിക്കരുതെന്ന്‍ ........പറിച്ചുനടുമ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ട് വാടിത്തളരുന്ന തായ്മരവും ചെന്നുവീണിടത്ത് ജീവിതം തേടി പരക്കുന്ന വേരുകള്‍ പിഴുതെടുക്കാനാവാതെ മുരടിച്ചു തളരുന്ന വിത്തുകളും ഞങ്ങള്‍ കേരളത്തിന് പുറത്തുള്ളവര്‍ മനസ്സിലെന്നും ഒരു നീറ്റലായി
കൂടെ കൊണ്ടുനടക്കുന്നതാണെന്ന് .



ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍
ദേവൂട്ടി........

ഞായറാഴ്‌ച, ഫെബ്രുവരി 27, 2011

ചതുരംഗം.




നേര്‍ രേഖയിലായിരുന്നു നടത്തം
ചാടിക്കടക്കാനറിയില്ലായിരുന്നല്ലൊ.
കേട്ടതെല്ലാം കുഴിച്ചുമൂടി
കുതിരയെ ഒന്നും രണ്ടും
ചാടിക്കാനറിയാത്തവന്‍
ആനയും തേരും തിരിച്ചറിയാത്തവന്‍.
കളിയറിയാത്തവന്‍
കളത്തിലിറങ്ങരുതെന്ന്..
അവസാനം വരെ കളിച്ചത്
മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു.
അവര്‍ക്കുവേണ്ടിത്തന്നെയാണ്
രാജാവിനു നേര്‍മുന്നില്‍ കെഞ്ചിയത്.
കാലുമടക്കി കാലാളെന്നൊരു തൊഴി.
വീണത് അടുത്ത കള്ളിയില്‍.
ഏങ്കോണിച്ചൊരു ചെക്ക്മേറ്റില്‍
പൊടിതട്ടി കളിയവസാനിപ്പിച്ചു.
ഇനിയാരും പറയില്ലല്ലൊ
കളിക്കാനറിയില്ലെന്ന്.........

ശനിയാഴ്‌ച, ഫെബ്രുവരി 19, 2011

തിരഞ്ഞ് പൊടിഞ്ഞ്........



ഒന്നായ് പിരിച്ച്
അറ്റങ്ങള്‍ ചേര്‍ത്ത്
കടുംകുടുക്കിട്ടിട്ടും
നൂലിഴകള്‍ക്കിടയില്‍
വളരുന്ന വിള്ളലില്‍
വീര്‍പ്പുമുട്ടുന്നു
എന്തൊക്കെയോ.....

ഓരോ നൂലിഴയും
തമ്മിലറിഞ്ഞത്
ഓരോ പിരിയും
ഒന്നായ്ത്തീര്‍ന്നത്
എത്രയകന്നാലും
മായ്ക്കാനാവാതെ
പങ്കിടലിന്റെ
അവശേഷിപ്പുകളില്‍
കേറിയും ഇറങ്ങിയും
ചില അടയാളങ്ങള്‍ .

പങ്കുവെച്ച
ഉടലറിവുകള്‍
പകുത്തുതന്ന
ഉള്ളറിവുകള്‍
കുടഞ്ഞറിഞ്ഞ്
നീയും ഞാനുമെന്ന്
കറുത്തും വെളുത്തും
പിരികളഴിയുമ്പോള്‍
ചിതറിത്തെറിച്ച
നിറത്തൂളികള്‍
പിരിച്ചുകൂട്ടിയ
കയ്മുറുക്കത്തെ
അണിഞ്ഞറിഞ്ഞ
നിറപ്പെരുക്കത്തെ
പെരുവെയില്‍ച്ചൂടില്‍
കാക്കയെപ്പോലെ
കറുത്ത്കറുത്ത്
കൊറ്റിയെപ്പോലെ
നരച്ച് നരച്ച്
ഇടത്തും വലത്തും
ഞെളിഞ്ഞ് പിരിഞ്ഞ്
പിഞ്ഞിക്കീറിയ
പഴംപുരണങ്ങളില്‍
തിരഞ്ഞ് തിരഞ്ഞ്
പൊടിഞ്ഞ് പൊടിഞ്ഞ്
...............................
......................
.............
.........
...
..
.

ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

നിങ്ങള്‍ക്കായി ഒരു പൂക്കാലം.........



സെ ഇറ്റ് വിത്ത് ഫ്ലവേഴ്സ് എന്നല്ലെ......
ഇതാ ഒരു പൂക്കാലം തന്നെ നിങ്ങള്‍ക്കു മുന്നില്‍



ഡല്‍ഹിയില്‍ വന്നപ്പോള്‍ തൊട്ടുള്ള മോഹമായിരുന്നു കോണാട്ട് പ്ലേസിലെ ഫൂല്‍മണ്ടി(പൂച്ചന്ത) കാണണമെന്നുള്ളത്. വെളുക്കും മുന്‍പെ എഴുന്നേറ്റു ഇരുപത്തഞ്ചു കി.മീ ഡ്രൈവുചെയ്ത് പോകാനുള്ളമടികാരണം അതങ്ങിനെ മോഹമായി കിടക്കുകയായിരുന്നു. ഇപ്പോഴാണ് മുഹൂര്‍ത്തമൊത്തുവന്നത്. ഒരു ഫ്രെന്റിനു പുഷ്പാലങ്കാരത്തിന്നു പൂക്കള്‍ വേണം. പിന്നെ സംശയിച്ചില്ല. തണുപ്പാണെന്നതൊക്കെ മറന്നു രണ്ടും കല്പിച്ച് എത്തിയതാണിവിടെ...........



ഒരു പൂരത്തിനുള്ള ആളുകളുണ്ടിവിടെ. തൊട്ടടുത്തുള്ള നഗരങ്ങളിലേക്കുള്ള പൂവുകള്‍ പോലും ഇവിടെനിന്നുമാണിവര്‍ വാങ്ങുന്നത്.എവിടെ നോക്കിയാലും ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്ന പൂവുകളും അതു വാങ്ങാനെത്തിയ കച്ചവടക്കാരും.
ഉദിച്ചുയരുന്ന സൂര്യരശ്മിയില്‍ കുളിച്ച് നില്‍ക്കുന്ന പൂക്കളെ കാണാന്‍ നല്ല ഭംഗിയായിരുന്നു. പേരറിയുന്നതും അറിയത്തതുമായി നിരവധി പൂക്കള്‍


ഈ സുന്ദരിയാണ് കാര്‍നേഷന്‍ . ഇത്രയും നിറങ്ങളില്‍ കാര്‍നേഷന്‍ ഉണ്ടാവുമെന്നറിയാന്‍ ഇവിടെ വരണം. നമ്മുടെ തുമ്പിപ്പുവിന്റെ ഒരു വകഭേദം.



ഇതു ഗ്ലാഡിയോളയും ജെര്‍ബറയും ........പേരുകേട്ടു പേടിക്കണ്ട. പാവങ്ങള്‍ ഇവിടെ വീട്ടില്‍ ചട്ടിയിലും വേണമെങ്കില്‍ ഉണ്ടാവും.



ഇവളെയറിയില്ലെ .......ഹൈഡ്രാഞ്ചിയ..........നാട്ടില്‍ കാണറുണ്ട്. പക്ഷെ ഇവന്റെ വിലകെട്ടപ്പോള്‍ ഞങ്ങളുടെ കണ്ണു തള്ളി. ആയിരത്തെഴുനൂറുറു രൂപയാണത്രെ ബഞ്ചിന്. പിറ്റെ ദിവസം പുഷ്പാലങ്കാരത്തിന് ആരോ വെച്ചുകണ്ടു . വാടി കരിഞ്ഞ്. പാവം.


ഇതു നമ്മുടെ കൃസാന്തമം (ഡാലിയ) . എന്തൊക്കെ നിറങ്ങളാണെന്നോ.



ഇയാളെ കണ്ടു പരിചയമുണ്ടോ? നമ്മുടെ നാട്ടില്‍ നിന്നും എത്തിയതാണത്രെ. ഹെലിക്കോണിയ.
ഒരു സ്റ്റിക്കിന് 20-30


ഇതും നാട്ടില്‍ നിന്നുതന്നെ ..........ആന്തൂറിയം. നിറങ്ങളില്‍ ഒട്ടും പിറകിലല്ല.


ഇതു ലില്ലിപ്പൂക്കള്‍ ........



ഇതാണ് സിംബീഡിയം .ഓര്‍ക്കിഡ് ഫാമിലിയിലെ ഒരു വെറൈറ്റിയാണ്. പലനിറങ്ങളില്‍ ഓര്‍ക്കിഡുകളുണ്ട്, പ്ലാസ്റ്റിക്ക് കവറുകളില്പൊതിഞ്ഞു വെച്ചിരിക്കുന്നു. അതിന്റെ ഫോട്ടോയെടുക്കാന്‍ രസം തോന്നിയില്ല. ഇതു ഞാന്‍ കട്ടെടുത്തതാണ് (ഫോട്ടോ).....:)



ഇവരെല്ലാം വിദേശികളാണ്.......... മുകളില്‍ വയലറ്റു നിറത്തിലുള്ള സുന്ദരിപ്പൂവാണ് 'അരിസ്ട്രോവ്മെറിയ' സൗത്ത് അമേരിക്കക്കാരിയാണത്രെ. ഓറഞ്ചു നിറത്തിലുള്ളത് റ്റ്യൂലിപ്പ് , ഹോളണ്ടുകാരിയാണ്. പിന്നെയുള്ള ഈ ചുകന്ന താമരപ്പു പോലുള്ള പൂവാണത്രെ പ്രോട്ടിയ സിനാറോയിഡ്സ്. ആളിത്തിരി കേമത്തിയാണ്. സൗത്താഫ്രിക്കന്‍ നാഷണല്‍ ഫ്ലവര്‍ ആണത്രെ. രണ്ടുപൂവിന്നു എഴുനൂറുവരെ പോകും. പക്ഷെ സത്യം പറയാലോ ....... അതിന്റെ അഹങ്കാരമൊന്നുമില്ല ആര്‍ക്കും. അല്ലെങ്കിലും വിലപറഞ്ഞ് മുന്നില്‍ കിടക്കുമ്പോള്‍ എന്തഹങ്കരിക്കാന്‍ അല്ലെ........


ഇനി ഇതൊക്കെ അലങ്കരിച്ചുവെക്കാന്‍ നിങ്ങളുടെ വീട്ടില്‍ പൂപ്പാത്രങ്ങള്‍ ഇല്ലെങ്കില്‍ വിഷമിക്കണ്ട.
ഒക്കെ ഇവിടെത്തന്നെ കിട്ടും.


ഇതു ദല്‍ഹി WWF ല്‍ നടന്ന ഇക്ബാന അലങ്കാരപ്രദര്‍ശനത്തില്‍ നിന്നു ചിലത്. ഇതിലെന്റേതേതെന്നാവുമല്ലെ ചോദ്യം. ഞാനിതൊക്കെ എന്നോ നിര്‍ത്തി. പണ്ടൊരിക്കല്‍ പങ്കെടുത്ത ഓര്‍മ്മ തന്നെ ധാരാളമാണ്. കണ്ടവരൊക്കെ വന്ന് വളരെ നന്നായിട്ടുണ്ട് പ്രൈസ് നിനക്കുതന്നെയെന്നെല്ലാം പറഞ്ഞതുകേട്ട് സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യാതിരിക്കുമ്പോഴാണ് ജഡ്ജ് സ്റ്റേജിലേക്ക് വിളിച്ചത്. സമ്മാനം തരാനാണെന്നു വിചാരിച്ച് കേറിച്ചെന്നപ്പോള്‍ അവര്‍ പറയുകയാണ് ഞാന്‍ നടുവില്‍ വെച്ച ലില്ലിക്ക് രണ്ടിഞ്ചു നീളം കൂടുതലായതിനാല്‍ സമ്മാനം തരാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്ന്. രണ്ടിഞ്ചു നീളം മൂന്നിഞ്ചു നീളം അളന്നിട്ടാണ് പ്രകൃതി പൂക്കളെ ഇത്ര ഭംഗിയില്‍ ഒരുക്കി നിര്‍ത്തുന്നതെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.

എന്റെ ഫ്രെന്റ് പ്ങ്കെടുത്തിരുന്നു ഇതില്‍ . ദുബായ്ക്കാര്‍ക്ക് ആര്‍ക്കെങ്കിലും പഠിക്കണമെങ്കില്‍ അവര്‍ വരുന്നുണ്ട് മാര്‍ച്ചില്‍ . ഒരു വര്‍ക്ക് ഷോപ്പ് നടത്താനുദ്ദേശിക്കുന്നുണ്ടെന്നു പറഞ്ഞു.


എല്ലാത്തിനും നിയമങ്ങളുണ്ടെന്ന് പോകെ പോകെ പഠിച്ചു വരുന്നു. വെളുത്ത റോസ് സമാധാനത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും അടയാളമാണത്രെ.


മഞ്ഞ സൗഹൃദത്തിന്റെ


ചുകന്ന റോസാപ്പൂക്കള്‍ പ്രണയത്തിന്റെ

എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ വാലന്റൈന്‍സ് ഡേ ആശംസകള്‍


ചൊവ്വാഴ്ച, ഫെബ്രുവരി 08, 2011

നിങ്ങള്‍ ....!



അഴുകിയ സദാചാരത്തിന്റെ
ഊടു പിഞ്ഞിയചരടില്‍ കെട്ടിയിട്ട്
കാരമുള്‍വാക്കുകള്‍ കൊണ്ട്
നിങ്ങളെന്നെ പ്രഹരിച്ചപ്പോള്‍
എനിക്ക് നിങ്ങളോട്
തോന്നിയത് പുച്ഛമായിരുന്നു.
കാരണം നിങ്ങളുടെ കണ്‍കളില്‍
അപ്പോഴും ഞാന്‍ കണ്ടത്
നിങ്ങള്‍ക്ക് എന്നോടുള്ള
വെറിച്ച കാമത്തിന്റെ
കാക്ക നോട്ടമായിരുന്നു.
അവര്‍ കൊത്തിക്കീറുമ്പോള്‍
അവരോട് തോന്നിയതിനെക്കാള്‍
വെറുപ്പ് നിങ്ങളോട് തോന്നിയത്
അവരോടുള്ള മോഹം കൊണ്ടല്ല....
അവര്‍ ചെയ്തത് തെറ്റാണെന്ന
തിരിച്ചറിവ് നിഷേധിച്ചവരാണ്
ഈ നിങ്ങളോ.....
അവര്‍ക്കെതിരെ കവലകളില്‍
പ്രക്ഷോഭങ്ങള്‍ നടത്തി മടങ്ങുമ്പോള്‍
നിങ്ങള്‍ പരസ്പരം പറഞ്ഞുചിരിച്ചത്
അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു.
ഇന്ന് അവരുടെയും നിങ്ങളുടെയുമിടയില്‍
ജീവിതത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍
ഒരു വികര്‍ണ്ണനെ തിരയുകയാണ്
വെറുതെയാണെന്നറിയാമെങ്കിലും.....

തിങ്കളാഴ്‌ച, ജനുവരി 31, 2011

ആണിയടിക്കാത്ത വീടുകള്‍


ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍
കടലു പോലെയാണ്.
അലഞൊറിഞ്ഞുടുത്ത മുഖംമൂടികള്‍
നമ്മെ അകത്തേക്കാനയിക്കും
നിസ്സംഗരായ പവിഴപ്പുറ്റുകളും
മുഖംതിരിക്കുന്ന മീനുകളും നിറഞ്ഞ
താഴ്വാരങ്ങളിലൂടെ നടത്തിക്കും.
അവസാനം ഓര്‍മ്മകളില്ലാതെ
വിളിച്ചിറക്കിയ തീരത്തടിയും.

ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍
ആകാശം പോലെയാണ്.
കറുത്തപൊട്ടായി ചിറകുവിരിച്ചുയരുന്ന
ഒരു പക്ഷിക്കായി നമ്മള്‍ കണ്ണുകഴക്കുംവരെ
ചുമരുകളില്‍നിന്നും ചുമരുകളിലേക്ക്
സസൂക്ഷ്മം നോക്കികൊണ്ടേയിരിക്കും

ചുമരില്‍ ആണിയടിക്കാത്ത വീടുകള്‍
കൊമ്പുകള്‍ വെട്ടിയ മരം പോലെയാണ്.
ചേക്കേറാനൊരു ചില്ലയന്വേഷിച്ച്
കണ്ണുകള്‍ പറന്നുകൊണ്ടേയിരിക്കും.
മുഖമൊളിപ്പിക്കാന്‍ ഇലകളില്ലാത്തതിനാല്‍
വാക്കുകള്‍ വന്നുതറച്ചുകൊണ്ടേയിരിക്കും.

ചുമരില്‍ ആണിയടിക്കാത്തവീടുകള്‍
ചില സൗഹൃദങ്ങള്‍ പോലെയാണ്.
അകം മുഴുവന്‍ അലയാന്‍ വിട്ടിട്ടും
ഓര്‍ത്തുവെക്കാനൊന്നും തന്നെ
അവശേഷിപ്പിക്കാത്തതിനാല്‍ പറ്റെ
മറന്നുപോയ ചില പേരുകള്‍ പോലെ.

ചുമരില്‍ ആണിയടിക്കാത്ത വീടുകളില്‍
നമ്മളുപേക്ഷിച്ച നമ്മുടെ വിരലടയാളങ്ങള്‍
ചുഴിഞ്ഞിറങ്ങാന്‍ ഓര്‍മ്മകളില്ലാതെ
അലിഞ്ഞുചേരാന്‍ നിറങ്ങളില്ലാതെ
മറ്റൊന്ന് പതിഞ്ഞ് ഇല്ലാതാവും വരെ
നമ്മോടൊപ്പം തിരിച്ച്പോകാന്‍
വെറുതെ കൊതിച്ചുകൊണ്ടേയിരിക്കും.

ബുധനാഴ്‌ച, ജനുവരി 26, 2011

കുലുക്കുമല.


മൂന്നാറില്‍ ഏഴുദിവസം എന്നു പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുനു. ഇത്രക്കൊക്കെ എന്താണ് അവിടെ കാണാനുള്ളത് എന്ന്?
ചിന്നക്കനാലിലുള്ള സ്റ്റെര്‍ലിങ്ങ് റിസോര്‍ട്ടില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. രാവിലെ സൈറ്റ്സീയിങ്ങും വൈകുന്നേരം പ്രകൃതിഭംഗിയാസ്വദിച്ചുകൊണ്ടുള്ള നടത്തവും സന്ധ്യകളില്‍ കൂട്ടിനെത്തുന്ന നനുത്ത തണുപ്പും ഒക്കെക്കൂടെ അഞ്ചു ദിവസം പോയതറിഞ്ഞില്ല. ദൂരങ്ങളില്‍ പരന്നു നിറയാന്‍ തുടങ്ങുന്ന മഞ്ഞിലൂടെ ജലച്ചായചിത്രം പോലെ തെളിഞ്ഞിരുന്ന ആനയിറങ്കല്‍ ഡാമും തടാകവും തേയിലക്കാടുകളും ചീവീടുകളുടെ കരച്ചിലും സന്ധ്യയുടെ മണവും മൂന്നാറിന്റെ എസ്സന്‍സ് വൈകുന്നേരങ്ങളിലെ നടത്തങ്ങളില്‍ മുഴുവനായും ഞങ്ങളിലെത്തിച്ചു. ഡെല്‍ഹിയിലെ തിരക്കുനിറഞ്ഞ വൈകുന്നേരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്.

നാളെക്കഴിഞ്ഞാല്‍ തിരിച്ചുപോകണമെന്ന ചിന്ത വല്ലാതെ വിഷമിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരിക്കലും മറക്കാന്‍ കഴിയാത്ത അധികം പേര്‍ ആസ്വദിച്ചിരിക്കാനിടയില്ലാത്ത എന്തെങ്കിലുമൊന്ന് കൂടെ കൊണ്ടുപോകണമെന്ന് തോന്നാന്‍ തുടങ്ങിയത്. ഞങ്ങളുടെ സ്ഥിരം സാരഥിയായിരുന്ന ഫ്രാന്‍സിസിനോട് ചോദിച്ചപ്പോള്‍ അയാള്‍ കുറെ സജഷന്‍സ് വെച്ചെങ്കിലും അതൊന്നുമായിരുന്നില്ല ഞങ്ങളുടെ മനസ്സില്‍ .അവസാനം അയാള്‍ പറഞ്ഞു " നമുക്ക് കുലുക്കുമലയില്‍ പോകാം...... നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ നല്ലൊരു സൂര്യോദയം കാണാം. രാവിലെ നാലേമുക്കാലിന്നു ഞാന്‍ ആളെ അയക്കാം."

രാവിലത്തെ തണുപ്പില്‍ എഴുന്നേല്‍ക്കാന്‍ കുറച്ചു മടിയുണ്ടായിരുന്നെങ്കിലും പോകാന്‍തന്നെ തീരുമാനിച്ചു. അഞ്ചുമണിക്ക് ജീപ്പ് വന്നു. ഡ്രൈവര്‍ പുതിയൊരാളായിരുന്നു.

ചെറിയ തണുപ്പുണ്ട്. ഡെല്‍ഹിയിലെ കടുത്ത തണുപ്പ് ശീലമായ ഞങ്ങള്‍ക്ക് ഏപ്രിലിലെ മൂന്നാറിലെ തണുപ്പിനോട് വലിയ പേടിയൊന്നും തോന്നാതിരുന്നതിനാല്‍ വേണ്ടത്ര വൂളനൊന്നും കരുതിയിരുന്നില്ല. ജീപ്പ് ഇരുട്ടിനെ തുളച്ചുകൊണ്ട് ഓടാന്‍ തുടങ്ങി .വഴിയിലൊന്നും ആരുമുണ്ടായിരുന്നില്ല. ചിന്നക്കനാലും സൂര്യനെല്ലിയും ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമവും കഴിഞ്ഞ് ഞങ്ങള്‍ ഒരെസ്റ്റേറ്റിന്റെ ഇടുക്കുവഴികളിലൂടെ മലകയറാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ടുപേരും മാത്രമാണ് എന്നതോന്നലില്‍ ചെറുതായി ഭയം തോന്നാന്‍ തുടങ്ങി. ജീപ്പിന്റെ വെളിച്ചം മാത്രം. ചുറ്റിലും എന്താണെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. വീതികുറഞ്ഞ ഹെയര്‍പിന്‍ വളവുകളില്‍ ജീപ്പ് കടന്നുപോകാന്‍ ബുദ്ധിമുട്ടി. ചെറുതായൊന്നു തെറ്റിയാല്‍ വീഴുന്നത് കൊക്കയിലേക്കാണെന്നത് തിരിച്ചറിയാന്‍ വെളിച്ചമുണ്ടായിരുന്നില്ലല്ലൊ. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെക്ക്പോസ്റ്റ് വന്നു. ഇരുട്ടില്‍ എവിടെയൊക്കെയോ ആരോക്കെയൊ ഉണ്ടെന്ന തോന്നല്‍ ലേശം സമാധാനം തന്നു. അവിടെ നിന്നും പാസെടുത്തിട്ടു വേണം മുന്നോട്ടുപോകാന്‍. വീണ്ടും അതെ പോലെ കുറേദൂരം കൂടി മുന്നോട്ടുപോയി. ആ മലയുടെ ഒരുഭാഗം തമിഴ്നാടും മറുഭാഗം കേരളവുമാണ്‍. കാലാവസ്ഥ നന്നെങ്കില്‍ ഒരുഭാഗത്ത് ദൂരെ കൊടൈക്കനാല്‍ കാണാന്‍ പറ്റുമത്രെ. പക്ഷെ ഇരുട്ടും മഞ്ഞും കാരണം ഒന്നും കാണാനുണ്ടായിരുന്നില്ല. കുറേ ദൂരം പിന്നിട്ടപ്പോള്‍ ഒരു തുറന്ന സ്ഥലത്തെത്തിയപോലെതോന്നി. ഞങ്ങളെക്കാള്‍ മുന്നിലെത്തിയ രണ്ടു ജീപ്പുകള്‍ അവിടെ കണ്ടപ്പോഴാണ് ശരിക്കും സമാധാനമായത്. രണ്ട് ചെറിയകുട്ടികളുമായി ഒരു ഉത്തരേന്ത്യന്‍ ഫാമിലിയായിരുന്നു ഒന്നില്‍ എന്നത് അത്ഭുതം തോന്നിച്ചു . മടിപിടിച്ച ഭര്‍ത്താവിനെ ഉറങ്ങാന്‍ വിട്ട് തനിയെ വന്ന ഒരു ബോംബെക്കാരിയായിരുന്നു മറ്റേതില്‍ ‍. അവരെ തലെദിവസം മറ്റൊരു സ്ഥലത്ത് വെച്ച് ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു.
ജീപ്പില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ശരിക്കും മറ്റൊരുലോകത്തെത്തിയ അനുഭവമായിരുന്നു.
ആകാശവും പുതച്ച് ഭൂമി കൊച്ചുകുട്ടിയെപ്പോലെ എല്ലാം മറന്നുറങ്ങുന്ന കാഴ്ച്ച മറക്കാനാവില്ല. ആകാശയാത്രയിലെന്നപോലെ എങ്ങും വെളുത്ത മേഘങ്ങള്‍ മാത്രം . മണ്ണില്‍ നില്‍ക്കുകയായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ സംശയം തോന്നുമായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം എണ്ണായിരം അടി ഉയരത്തിലാണത്രെ ഞങ്ങള്‍ നില്‍ക്കുന്നത്. അതനുഭവിപ്പിച്ചുകൊണ്ട് തണുത്ത കാറ്റ് ശക്തിയായി ആഞ്ഞടിച്ചുകൊണ്ടിരുന്നു. വെളുത്ത മേഘങ്ങള്‍ക്കും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനുമിടയില്‍ ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് ആകാശം പതുക്കെ നിറം മാറാന്‍ തുടങ്ങിയത്. നോക്കിയിരിക്കെ വെളുത്ത പഞ്ഞിപ്പുതപ്പുകള്‍ക്കിടയിലെവിടെയോ ഒരു മല ഉറക്കമുണരുന്നു. പരന്നുകിടന്ന മുടി മാടിയൊതുക്കിക്കെട്ടുന്നു. വാരിയണിഞ്ഞ ചേലത്തുമ്പ് കാറ്റിന്റെ കുസൃതിയില്‍ ആകാശമാകെ പരന്നു നിറഞ്ഞ് നിറങ്ങളുടെ ഒരു മായക്കാഴ്ച്ചയൊരുക്കുന്നു. പതുക്കെ ഉയരുന്ന നെറ്റിയില്‍ ചുകപ്പു നിറത്തില്‍ വട്ടമൊത്തൊരു കുംങ്കുമപ്പൊട്ട് . അതില്‍ നിന്നുമുയരുന്ന പ്രകാശത്തില്‍ പ്രപഞ്ചമൊന്നാകെ ഉറക്കമുണരുന്നു.സ്വര്‍ഗ്ഗ തുല്യമായ കാഴ്ച്ചകള്‍ക്കുമുന്നില്‍ ഞങ്ങള്‍ സ്തബ്ധരായി നിന്നു.

മടങ്ങുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞുകൊണ്ടിരുന്നു" നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്........ മഞ്ഞുകാരണം വരുന്നവര്‍ പലപ്പോഴും ഒന്നും കാണാതെ മടങ്ങിപ്പോകാറാണ് പതിവ്. ഞങ്ങള്‍ക്കുമറിയാമായിരുന്നു. ജീവിതകാലംമുഴുവന്‍ ഓര്‍ത്തുവെക്കനൊരു സൂര്യോദയവും മനസ്സിലേറ്റിക്കൊണ്ടുപോകുമ്പോള്‍ മറ്റെന്തു പറയാനാണ്.

വ്യാഴാഴ്‌ച, ജനുവരി 20, 2011

കള.





കളയെന്നു ചൊല്ലി
പിഴുതെറിഞ്ഞത്
നെല്പ്പാടങ്ങളില്‍
പിറന്നുപോയതിനാലാവാം.

നെല്‍വിത്തുകള്‍ക്കിടയില്‍
ഉറങ്ങിക്കിടന്നപ്പോള്‍
ആരുമെന്തേ വിലക്കിയില്ല?
പെറുക്കിയെറിഞ്ഞില്ല?

വിതച്ച വയലുകളില്‍
മുളപൊട്ടി വേരിറങ്ങി
ഇലയും പൂക്കളുമായി
നിറം പിടിക്കുമ്പോള്‍

നിലനില്പ്പിന്റെ നിഴല്‍ക്കൂത്തില്‍
വെട്ടിമാറ്റപ്പെട്ട തലക്കൂമ്പുകള്‍ ‍!
നിലപാടുതറയില്‍നിന്നും
പിഴുതെറിയപ്പെട്ട ചുവടുകള്‍ ‍!

ആഴ്ന്നിറങ്ങുന്ന വേരുകള്‍
പടരും മുന്‍പേ പിഴുതെടുത്ത്
തിരിച്ചുവരില്ലെന്നുറപ്പിക്കാന്‍
ചവിട്ടിമെതിക്കുന്ന കാലുകള്‍ .!

നമ്മളുകൊയ്യും വയലെല്ലാം
നമ്മുടേതാകും സ്വപ്നങ്ങളില്‍
ചിറകു കരിഞ്ഞ് പാവം കുറെ
മാടത്തകളും പനന്തത്തകളും ...

ബുധനാഴ്‌ച, ജനുവരി 12, 2011

അനുയാനം.


പുഴയുടെ ആഴങ്ങളിലേക്കെവിടെയോ മുതലയുടെകൂടെ ഇറങ്ങിപ്പോയ ജലപിശാച് മുത്തശ്ശിയെ ഓര്‍മ്മ വന്നപ്പോള്‍ ദേവിക പൈപ്പ് നിര്‍ത്തി. ഏറെനേരം വെള്ളത്തിനു ചുവട്ടില്‍ നിന്നിട്ടാവണം ശരീരമാകെ ചുകന്നു തുടുത്തിരിക്കുന്നു. വേഗം തുവര്‍ത്തി വസ്ത്രം ധരിച്ച് അവള്‍ പുറത്തിറങ്ങി.

സമയം എട്ടുമണിയായിരിക്കുന്നു. ഒന്നൊന്നര മണിക്കൂറായിരിക്കുന്നു താന്‍ കുളിമുറിയില്‍ പൈപ്പിന്റെ ചുവട്ടിലെന്ന തിരിച്ചറിവില്‍ കുറ്റബോധം തോന്നി . ന്യൂസ്പേപ്പറിനു മുകളിലൂടെ തന്റെ നേരെ നീളുന്ന അനന്തുവിന്റെ കണ്ണുകളെ അവഗണിച്ച് ദേവിക അടുക്കളയിലേക്ക് തിരക്കിട്ടു നടന്നു. ചായപോലുമുണ്ടാക്കാതെയാണ് ഓഫീസില്‍നിന്നും വന്നപാടെ കുളിമുറിയില്‍ കയറിയത്.

" ചായ ഞാനുണ്ടാക്കി ......നീയിവിടെ വന്നിരുന്നൊന്ന് റിലാക്സ് ചെയ്യൂ"

ചായക്കപ്പു നീട്ടുമ്പോള്‍ വെള്ളപ്പാച്ചിലിനു ചുവട്ടില്‍ നിന്നു തുടുത്ത അവളുടെ കണ്ണുകള്‍ അവന്‍ ശ്രദ്ധിച്ചു. വിരലുകള്‍ വിളറി ചുളിഞ്ഞിരിക്കുന്നു.

"ഇന്നാരാണ് പ്രതി... ?" അവന്റെ ചോദ്യത്തിനു മുന്നില്‍ അവളുടെ കയ്യിലെ കപ്പു വിറച്ചു.

" എടാ ദേവൂന്റെ കാര്യമാലോചിച്ചിട്ട് എനിക്ക് പേടിയാകുന്നു.." ഇന്നുച്ചക്ക് അനന്തു സാജനെ വിളിച്ച് സംസാരിച്ചെയുള്ളു.

" നീ പോലും കണ്ടിട്ടില്ലാത്ത നിന്റെ ഏതോ ഒരു മുത്തശ്ശിയുടെ ഓ സി ഡി .........ദേവികയെ അതെങ്ങിനെ അഫെക്റ്റ് ചെയ്യും......"

സാജന്‍ തോമസ്സിലെ സൈക്കോളജിസ്റ്റിന്റെ നിഗമനം അതായിരുന്നു.

" വേഗം ഒരു കൊച്ചുണ്ടാക്കാന്‍ നോക്ക് ........വെറുതെ വേണ്ടാത്തതു ചിന്തിച്ചിരിക്കാന്‍ സമയമില്ലാതാവുമ്പോള്‍ ഒക്കെ താനേ ശരിയാവും. "

അയാള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അവനും തോന്നിയിരുന്നു.

രാവിലെ തൂതപ്പുഴയില്‍ കുളിക്കാനിറങ്ങുന്ന സന്ധ്യയായാലും കുളിച്ചുകയറാത്ത ജലപിശാച് മുത്തശ്ശി കഥകളിലൂടെ ജീവിച്ച് അനന്തുവിന്റെ കുട്ടിക്കാലങ്ങളില്‍ ഒരു പേടിസ്വപ്നമായി നിറഞ്ഞു നിന്നിരുന്നു. കുളിച്ചുകയറുമ്പോള്‍ ആരെങ്കിലും തൊട്ടൊ വെള്ളം തെറിപ്പിച്ചോ അശുദ്ധമായെന്ന ഭയത്തില്‍ കുളിച്ചുകയറും മുന്‍പ് വീണ്ടും പുഴയിലിറങ്ങി മുങ്ങിയിരുന്ന മുത്തശ്ശി. അങ്ങിനെ മുങ്ങി മുങ്ങി ഒരു ദിവസം മുതലയുടെ കൈപിടിച്ച് പുഴയിലെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട മുത്തശ്ശി.

ഒരു ദിവസം കുളിക്കാനിറങ്ങുമ്പോള്‍ മുത്തശ്ശി പുഴയുടെ ആഴങ്ങളില്‍ നിന്നും പൊങ്ങിവരുമെന്നും ശരീരത്തിലേക്ക് വെള്ളം തെറിപ്പിച്ച് അശുദ്ധമാക്കിയതിന്ന് വാതോരാതെ ശകാരിക്കുമെന്നും ഭയന്നിരുന്ന നാളുകള്‍. കോളെജില്‍ എത്തിയിട്ടും ഓരോതവണ പുഴയില്‍ മുങ്ങുമ്പോഴും വെള്ളത്തിനടിയില്‍ മുത്തശ്ശിയെ കാണാതിരിക്കാന്‍ നാമം ജപിക്കുമായിരുന്നു.

"നാളെ മുതല്‍ ഞാന്‍ പോണില്യ ഓഫീസില്‍ ........."

പെട്ടന്നുള്ള അവളുടെ തീരുമാനം കേട്ട് എന്തു പറയണമെന്നറിയാതെ അവനൊന്നു പതറി. വളരെ സെന്‍സിറ്റീവ് ആണ് അവളെന്ന് അറിയുന്നതുകൊണ്ടാണ് അവന്റെ തന്നെ ഒരു ഫ്രെന്റ് ശേഖറിന്റെ അഡ്വര്‍ടൈസിങ് ഫേമില്‍ മതി ജോലിയെന്നു തീരുമാനിച്ചത്. ഡിസൈനറുടെ ജോലി അവളും ഇഷ്ടപ്പെടുന്നതായാണ് തോന്നിയത്. രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോള്‍ ശേഖറിനും പറഞ്ഞിട്ടു തീരുന്നുണ്ടായിരുന്നില്ല തന്റെ വിഷ്വലുകളെ അതേപോലെ സാക്ഷാത്കരിച്ച് ജീവന്‍ കൊടുക്കുന്ന ദേവുവിന്റെ ടാലന്റിനെ പറ്റി. പിന്നെന്തുപറ്റി പെട്ടന്നെന്ന് അവനെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

" എന്തേ...?"

" അയാള്‍ക്കു കണ്ണുകളില്‍ നോക്കി സംസാരിക്കാനറിയില്ല"

" അതുകൊണ്ടാണോ ജോലി വേണ്ടെന്നു വെക്കുന്നത്..?"

അവന്റെ സംസാരത്തിലെ പരിഹാസം ദേവിക കേട്ടില്ലെന്നു നടിച്ചു.
നിറഞ്ഞുവന്ന കണ്ണുകള്‍ ഒളിപ്പിച്ച് അവള്‍ തന്നോടെന്നപോലെ

" നിങ്ങള്‍ക്കതൊരിക്കലും മനസ്സിലാവില്ല..."

" നിനക്ക് വെറുതെ തോന്നുന്നതാണ് ദേവൂ ..... അവനു നിന്നെപ്പറ്റി വലിയ മതിപ്പാണ്..."

പെട്ടന്ന് തുമ്പിയെപ്പോലെ തെന്നിത്തുളുമ്പുന്ന ശേഖറിന്റെ നോട്ടമോര്‍ത്ത് ദേവിക തളര്‍ന്നു. കണ്ണില്‍ കവിളില്‍ ചുണ്ടില്‍ അങ്ങിനെ തെന്നിത്തെന്നി അവളുടെ ശരീരം മുഴുവന്‍ പാറിനടക്കുന്ന അയാളുടെ കണ്ണുകളുടെയോര്‍മ്മയില്‍ അവള്‍ക്ക് സ്വന്തം ശരീരത്തോട് തന്നെ വല്ലാത്ത അറപ്പ് തോന്നി. തുളച്ചുകയറുന്ന നോട്ടങ്ങള്‍ക്ക്മുന്നില്‍ വിളറി വിയര്‍ക്കുമ്പോള്‍ സ്ത്രീയായി ജനിച്ചതില്‍ പലപ്പോഴും സ്വയം വെറുപ്പ് തോന്നിയിട്ടുണ്ട്. ശരീരത്തിലെ ഇനിയും കഴുകിക്കളയാനാവാതെ ഒട്ടിപ്പിടിച്ച നോട്ടത്തിന്റെ വഴുവഴുപ്പുമായി ദേവിക വീണ്ടും കുളിമുറിയിലേക്കു നടന്നു.

പ്രസവിച്ച് പെണ്‍കുട്ടിയാണ് എന്നറിഞ്ഞപ്പോള്‍ രണ്ടുദിവസത്തേക്ക് അച്ഛന്‍ നിന്നെ കാണാന്‍ കൂടെ വന്നില്ല എന്ന അമ്മയുടെ ഇടക്കിടക്കുള്ള ഓര്‍മ്മിപ്പിക്കലില്‍ സ്നേഹം വാരിച്ചൊരിഞ്ഞിരുന്ന അച്ഛനില്‍നിന്നും ഒരാണ്‍കുട്ടിയായിരുന്നെങ്കില്‍ ഇതിലും ഉപരിയായി കിട്ടാനുണ്ടായിരുന്നതെന്തോ നഷ്ടപ്പെട്ടിരിക്കാമെന്ന തോന്നല്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കുഞ്ഞുന്നാളിലെ കളിക്കൂട്ടുകാര്‍ ആണും പെണ്ണുമെന്ന് തനിക്കുചുറ്റും മതിലുകള്‍ പടുത്തുയര്ത്തു്ന്നത് വേദനയോടെ നോക്കിയിരുന്ന ഒരു വൈകുന്നേരമാണ് അമ്മയുടെ ഉറക്കെയുള്ള വിളികേട്ട് ദേവിക ഓടിയെത്തിയത്. അമര്‍ത്തിച്ചവിട്ടി അകത്തേക്കു കയറിപ്പോയ അമ്മയുടെ കണ്ണുകളില്‍ കത്തിയ തീ തന്നെ ദഹിപ്പിച്ചതെന്തിനെന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ മുറ്റത്തു തുണി മടക്കിക്കൊണ്ടുനിന്ന നാരാണ്യേടത്തിയാണ് പറഞ്ഞത്

" തലേം മൊലേം വളര്‍ന്ന പെങ്കുട്ട്യോള് ഇങ്ങിനെ ആങ്കുട്യോള്‍ടെ കൂടെ കളിക്കാന്‍ പാടില്യാട്ടൊ..........."

അത്രയും കാലം ആരുമറിയാതെ കൊണ്ടു നടന്നിരുന്ന തന്റെ ചില രഹസ്യങ്ങള്‍ ലോകസമക്ഷം വെളിവായ പോലെ അവളുടെ ശരിരത്തില്‍ വളര്‍ച്ചയുടേതായി വന്ന മാറ്റങ്ങള്‍ ആ നിമിഷം മുതല്‍ ദേവികക്കു ഭാരമായിതോന്നി. എല്ലവരുടേയും മുന്നില്‍ വെച്ച് താന്‍ നഗ്നയാക്കപ്പെട്ടപോലെ അവള്‍ നിന്നു വിയര്‍ത്തു. അന്നുരാത്രി ആരോടോ പ്രതികാരം തീര്‍ക്കാനെന്നപോലെ അമ്മ പൊന്നുപോലെ കാച്ചെണ്ണ തേച്ച് പരിപാലിച്ച് കൊണ്ടുനടന്നിരുന്ന ഇടതൂര്‍ന്നു വളര്‍ന്ന അവളുടെ മുടി ദേവിക കത്രികകൊണ്ട് കഷ്ണം കഷ്ണമായി മുറിച്ചെറിഞ്ഞു. പെണ്‍കുട്ടിയാണെന്നതിന്റെ അടയാളങ്ങള്‍ ഓരോന്നോരോന്നായി അഴിച്ചുവലിച്ചെറിയാന്‍ അവള്‍ കൊതിച്ചു. തന്റെ പെണ്ണുടലിനുചുറ്റും മൗനം കൊണ്ട് കനത്ത മതിലുകള്‍ കെട്ടി ദേവിക തന്നിലേക്കു തന്നെ ഒതുങ്ങുകയായിരുന്നു പിന്നെ.

എല്ലാം തന്റെ കാരണമാണ്...... അനന്തുവിന് കുറ്റബോധം തോന്നി. കല്യാണത്തിനു മുന്‍പുതന്നെ കുട്ടികള്‍ പെട്ടെന്നു വേണ്ടെന്ന തീരുമാനത്തിലെത്തിയിരുന്നു അവന്‍. അഞ്ചുകൊല്ലത്തെ പ്ലാനിങ്ങിനെപ്പറ്റി ദേവികയോടു പറഞ്ഞപ്പോള്‍ വലിയകണ്ണുകളുയര്‍ത്തി അമ്പരപ്പോടെ അവനെ നോക്കുകയല്ലാതെ അവളൊന്നും പറഞ്ഞില്ല. അനന്തൂനെ മറുത്തൊന്നും പറയാന്‍ കഴിയുമായിരുന്നില്ല അവള്‍ക്ക്. ഒരുവര്‍ഷം തികയും മുന്‍പുതന്നെ കൂട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകള്‍ക്കുമുന്നില്‍ സങ്കടം അവളൊരു പുഞ്ചിരിയില്‍ ഒതുക്കിയിരുന്നത് അവനോര്‍ത്തു. എങ്കിലും ഒരു കുഞ്ഞുജീവന്‍ അവര്‍ക്കിടയില്‍ സ്നേഹം പങ്കു വെക്കാനെത്തുന്നത് ഈ അഞ്ചാം വര്‍ഷത്തിലും അവനില്‍ അസ്വസ്ഥതയുണ്ടാക്കുന്നത് അവനറിഞ്ഞു.

അനന്തു ഉറക്കെ വിളിച്ചുകൊണ്ടിരുന്നു ദേവികയെ..... അവളും ഉറക്കെ കരയുന്നുണ്ടായിരുന്നു. വെള്ളത്തിലേക്കെടുത്തുചാടി ആഞ്ഞു തുഴഞ്ഞിട്ടും കുതറാന്‍ ശ്രമിക്കുന്ന ദേവുവിനേയും വലിച്ച് ദൂരേക്ക് ദൂരേക്ക് പൊയ്ക്കൊണ്ടിരുന്നു ജലപിശാച്മുത്തശ്ശി . ആഴങ്ങളിലേക്ക് മുങ്ങി മറഞ്ഞ ദേവുവിനെ തേടി അനന്തു തൂതയുടെ അഗാധങ്ങളില്‍ മുതലയുടെ കൊട്ടാരം തിരഞ്ഞു.


ദേവികയും അനന്തുവിനെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു.ജലപിശാച്മുത്തശ്ശിയുടെ കൈകളില്‍ കിടന്ന് അവള്‍ പിടഞ്ഞു. നീന്തിയിട്ടും നീന്തിയിട്ടും അവളുടെയടുത്തേക്ക് എത്താന്‍കഴിയാത്ത അനന്തുവിനെയോര്‍ത്തവള്‍ക്ക് സങ്കടം തോന്നി. പുഴയുടെ ആഴങ്ങളില്‍ അവള്‍ക്കു വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.


ഇരുളിന്റെ ഞൊറിമടക്കുകളിലെവിടെയോവെച്ച് അനന്തുവിന്റെ കയ്യിലേക്ക് ദേവുവിനെ കൈമാറുമ്പോള്‍ തന്നെ തേടിയെത്താന്‍ മറന്ന ഏതോകൈകളെയോര്‍ത്ത് ജലപിശാച് മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ.................... ദേവുവിനെ കൈകളിലേന്തി മുകളിലേക്കുയരാന്‍ ആ തളര്‍ച്ചയിലും അനന്തു കഴിവതും പ്രയത്നിച്ചുകൊണ്ടിരുന്നു. ജന്മാന്തരങ്ങളുടെ വിഹ്വലതകള്‍ തങ്ങളെ കെട്ടിവരിഞ്ഞ് ആഴങ്ങളിലേക്ക് പിടിച്ചു വലിയ്ക്കുന്ന പോലെ തോന്നി അവന്ന്. എല്ലാം കഴിഞ്ഞു എന്ന തോന്നലിന്നു മുന്നില്‍ ദൂരെനിന്നും കൊച്ചുനക്ഷ്ത്രം പുഞ്ചിരിയോടെ അവര്‍ക്കായി കൈകള്‍ നീട്ടി. ആ പ്രഭാവര്‍ഷത്തിനു മുന്നില്‍ മരണവെപ്രാളത്തോടെ കിതച്ചുകൊണ്ട് അനന്തു ഞെട്ടിയുണര്‍ന്നു.

കുറച്ചുനേരത്തെ സ്ഥലകാല വിഭ്രാന്തിക്കുശേഷം അവന്റെ വിരല്‍ ബെഡ് ലാംമ്പിന്റെ സ്വിച്ചിലമര്‍ന്നു. തന്നിലെ അതെ കിതപ്പും പരിഭ്രാന്തിയും ഞെട്ടിയുണര്‍ന്ന ദേവുവില്‍ കണ്ടപ്പോള്‍ അനന്തുവിന്ന് അത്ഭുതം തോന്നിയില്ല. അവനതു പ്രതിക്ഷിച്ചിരുന്നല്ലൊ. അവനിലേക്കമര്‍ന്ന ദേവുവിന്റെ കൈകള്‍ ഇനിയൊരിക്കലും അയയില്ലെന്നപോലെ അവനുചുറ്റും മുറുകുന്നത് അവനറിഞ്ഞു. അവളുടെ മുടിയിഴയിലൂടെ പതുക്കെ വിരലുകളോടിക്കുമ്പോള്‍ അനന്തുവിനു കേള്‍ക്കാമായിരുന്നു ദൂരെ ഭൗമമണ്ഡലത്തിന്റെ ഏതോകോണില്‍ നിന്നും തങ്ങളുടെയടുത്തേക്ക് പറന്നടുക്കുന്ന ഒരു കുഞ്ഞു നക്ഷത്രത്തിന്റെ ചിറകടിയൊച്ചകള്‍ .

വെള്ളിയാഴ്‌ച, ജനുവരി 07, 2011

ചിത്രഭാഷ്യം......


ഒരു കയര്‍ത്തുമ്പിലെന്നോ കുരുങ്ങേണ്ട-
തൊരു നെരിപ്പോടിലെന്നൊകരിഞ്ഞതീ
ഒരു കെടാക്കനല്‍ തോണ്ടി ഉലയൂതി
വെറുതെ കത്തിച്ചു വീണ്ടും രസിപ്പിവര്‍ .

മുഖമെനിക്കന്നു നഷ്ടമായന്നുനിന്‍
അരികിലെന്‍ മൊഴി മുങ്ങിമരിക്കവെ .
തിരികെനീ നടന്നകലുമ്പോള്‍ നിന്‍നിഴല്‍
പെരുകിയെന്നെ കടന്നു പോയീടവെ........

താണ്ടണം കടല്‍ തനിയെയെന്‍ ജീവിതം
തുളകള്‍ വിണൊരു പായയായുയരവെ
എതിര്‍ദിശയിലേക്കായുന്ന കാറ്റിന്റെ
ഗതിയറിയാ കപ്പിത്താന്‍ ചിരിപ്പിവര്‍ ‍‍‍.

തിങ്കളാഴ്‌ച, ജനുവരി 03, 2011

ചില കവിതകള്‍!!


ചില കവിതകള്‍
വായിക്കുന്നതിനിടയില്‍
താളില്‍ നിന്നുണര്‍ന്ന്
മുന്നില്‍ നിവര്‍ന്നു നില്‍ക്കും
മുഖം പിടിച്ചുയര്‍ത്തും
മുടി മാടിയൊതുക്കും
കണ്ണുകളിലേക്കുറ്റുനോക്കും.

പിന്നെ നിനച്ചിരിക്കാതെ
പിന്നിട്ട വഴികളിലൂടെ
പുറകോട്ടു നടത്തിക്കും
പൂക്കളും പുഴകളും കാട്ടി
പൂമ്പാറ്റകളെ പിടിച്ചുതരും
ഊഞ്ഞാലിലിരുത്തി
മോഹങ്ങള്‍ക്കൊപ്പം പറത്തും.

വീശുന്ന കാറ്റിനു നേരേ
ജനലുകള്‍ കൊട്ടിയടച്ച്
കനക്കുന്ന ഇരുളിനെതിരെ
നിറഞ്ഞു കത്തും
മനസ്സിന്റെ ആഴങ്ങളില്‍
ഊളിയിട്ട് മയങ്ങുന്ന
ഓര്‍മ്മകള്‍ തപ്പിയെടുത്ത്
ഉടല്‍മൂടി പുതപ്പിക്കും.
പതിഞ്ഞ താരാട്ടാവും
മെല്ലെ തട്ടിയുറക്കും പിന്നെ
വീണ്ടുമക്ഷരങ്ങളായി മാറി
പുസ്തകത്താളില്‍ കയറി
ഉറക്കം നടിക്കും.............

വ്യാഴാഴ്‌ച, ഡിസംബർ 30, 2010

ഒരു വര്‍ഷം കൂടി...........


വീണ്ടും ഒരു വര്‍ഷം കൂടി വിടപറയുന്നു. ഇനിയൊരു തിരിച്ചുവരവില്ലാത്ത നഷ്ട്ടപെടലുകളില്‍ ഒന്നുകൂടി. ഒരുപാട് സ്നേഹവും അതിലേറെ സന്തോഷവും മേമ്പൊടിയായി ഇത്തിരി സങ്കടങ്ങളും സമ്മാനിച്ച് ഞാനൊന്നും ചെയ്തിട്ടേയില്ലെന്ന മട്ടില്‍ നടന്നു മറയുന്ന ഒരു നല്ല സുഹൃത്തിനെപ്പോലെ ഈ വര്‍ഷവും ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം എനിക്ക് കൂട്ടായി.

ഒരുപാട് സൗഹൃദങ്ങളും അവ സമ്മാനിച്ച സ്നേഹവും അനുഭവിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായിരുന്നു ഇത്. ആദ്യമായി ഒരുബ്ലോഗ് മീറ്റില്‍ പങ്കെടുത്തതും ആ കൂട്ടായ്മയെ അടുത്തറിഞ്ഞതും അതു വളര്‍ന്ന് 'കൃതിപബ്ലിക്കേഷന്‍സ്' എന്ന പേരില്‍ പേരെടുത്തതും പുസ്തകമിറ്ക്കിയതും എല്ലാം ഈ വര്‍ഷമാണല്ലൊ. ഇതിനകം പലരുടേയും പ്രിയപ്പെട്ടതായി വളര്‍ന്ന 'വാക്കും' ഈ വര്‍ഷം എനിക്കു ഒരുപാട് സന്തോഷം തന്നിട്ടുണ്ട്. വാക്കില്‍ അംഗമല്ലായിരുന്നെങ്കില്‍ ഇടക്കുവെച്ച് ഞനൊരുപക്ഷെ എഴുത്തുതന്നെ നിര്‍ത്തുമായിരുന്നിരിക്കാം.

ചെറിയചെറിയ സങ്കടങ്ങള്‍ തന്നിട്ടുണ്ടെങ്കിലും ഈ വര്‍ഷത്തെ ഞാന്‍ ഒരുപാടൊരുപാടിഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ പുതിയ വര്‍ഷത്തിനെ വരവേല്‍ക്കാനായി ഒരുങ്ങുമ്പോഴും മനസ്സിലെവിടെയോ ഇത്തിരി വിഷമമുണ്ട്. അതു മാറ്റിയെടുക്കാന്‍ വരും വര്‍ഷത്തിനു കഴിയട്ടെയെന്ന
മോഹവുമായി ഈ ബ്ലോഗില്‍ വരാറുള്ളതും സ്നേഹത്തോടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തരാറുള്ളതും അല്ലാത്തതുമായ എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.

തിങ്കളാഴ്‌ച, ഡിസംബർ 20, 2010

ജാന്‍കി.


ജാന്‍കിയെ ഞാന്‍ പരിചയപ്പെടുന്നത് കുറച്ചു ദിവസം മുന്‍പാണ്. കഴിഞ്ഞ കഥയിലെ കഥാപാത്രത്തിനു ജാനകീമേനോന്‍ എന്നു പേരിടുമ്പോള്‍ ജാന്‍കി എന്ന പേരിലൊരാള്‍ തൊട്ടടുത്ത വീട്ടില്‍ ഉണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. നഗരം അങ്ങിനെയാണ്. എല്ലാവീടിനുമുന്നിലും അതിഗൂഢവും വ്യാജ്യവുമായ മൗനം കൊണ്ട് മതില്‍ തീര്‍ത്തിരിക്കും.

അല്ലെങ്കിലും ആ കഥാപാത്രത്തിന് ആദ്യം ജാനകിയെന്നായിരുന്നില്ലല്ലൊ പേരിട്ടിരുന്നത്. ആദ്യം ജയന്തിയും പിന്നീട് സൂസനും പിന്നീടെപ്പോഴോ ജാനകീമേനോനെന്ന ജാനിയും ആയി സ്വയം മാറുകയായിരുന്നു അവള്‍. കോളെജില്‍ എന്റെ വളരെ സീനിയറായിരുന്ന ഒരു കസിന്‍ ബ്ലോഗ് വായിച്ചപ്പോഴാണ് ആ പേര്‍ ശരിക്കും എന്നെ അതുഭുതപ്പെടുത്തിയത്. വായിക്കുന്നതിന്നിടയില്‍ "നിനക്കു ജാനിയെ അറിയുമായിരുന്നോ" എന്ന ചോദ്യം അപ്രതീക്ഷിതമായിരുന്നു. "ഏതു ജാനി " എന്നചോദ്യത്തിന് "എന്റെ സീനിയറായിരുന്ന ജാനി" എന്നായിരുന്നു ഉത്തരം. ഞാനെത്തും മുന്‍പ് കോളജിലുണ്ടായിരുന്ന അവരെപ്പറ്റി കേട്ടതായിപോലും ഓര്‍മ്മയില്ലായിരുന്നു. ചിലപ്പോള്‍ ഹോസ്റ്റലില്‍ റാഗിങ് കഥകളിലെ പൊടിപ്പിലും തൊങ്ങലിലും ഒരലുക്കായി ജാനിയും പെട്ടിരുന്നോയെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല.ആ കഥാപാത്രങ്ങള്‍ രണ്ടും ഹോസ്റ്റലിലെ കോറിഡോറിലൂടെ ചൂളം വിളിച്ചുനടന്നതിന്നു സിസ്റ്റര്‍മാരുടെ വഴക്കുകേട്ടിരുന്ന പെട്ടന്നു കടന്നുവന്ന മാറ്റങ്ങളില്‍ തീര്‍ത്തും മറ്റൊരാളായി മാറേണ്ടിവന്ന എന്റെ തന്നെ സ്വഭാവത്തിലെ വൈരുദ്ധ്യാത്മകതയെ ഇഴപിരിച്ചെടുത്ത് ഇത്തിരി നിറം കൊടുത്തതാണെന്നായിരുന്നു എന്റെ വിശ്വാസം. അല്‍ഭുതലോകത്തെ ആലിസിനെപ്പോലെ നിനച്ചിരിക്കാതെ റിയാലിറ്റിയിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴും കൂടെ തീരെ മാഡല്ലാത്ത ഒരു ഹാറ്ററുണ്ടായിരുന്നതിനാല്‍ പരീക്ഷണം പോലെവരുന്ന സങ്കടങ്ങള്‍ക്കിടയിലും ഒരു സ്വപ്നം പോലെ ജീവിച്ചുതീര്‍ക്കുന്നു ജീവിതം.
"ശരിക്കും ഇതിലെഴുതിയപോലെത്തന്നെയായിരുന്നു ജാനകീ മേനോന്‍, ഇപ്പോഴെവിടെയാണാവോ........" അവര്‍ പറ്ഞ്ഞുനിര്‍ത്തിയപ്പോള്‍ ഓര്‍മ്മ വന്നത് തോട്ടിലൂടെ ഒഴുകിയെത്തി എന്തെന്നറിയാതെ ചെവിയില്‍ പിറുപിറുത്ത കാറ്റിനെയായിരുന്നു. അത് ഒരുപക്ഷെ ഈ കഥ തന്നെയാവണം.

ഞാന്‍ പറഞ്ഞുവന്നത് ജാന്‍കിയെക്കുറിച്ചാണല്ലൊ. അവരെ ഞനാദ്യം പരിചയപ്പെട്ടത് കുറച്ചു നീരസത്തോടെയാണ്.രാവിലത്തെ തിരക്കിനിടയില്‍ ഗ്യാസ് തീര്‍ന്നെന്ന എന്റെ അലാം ഉയര്‍ന്നപ്പോള്‍ മാത്രമാണ് സ്പെയര്‍ സിലിണ്ടര്‍ പതിനഞ്ചു ദിവസം മുന്‍പ് ഞാനില്ലാത്തപ്പോള്‍ അയല്‍ വിട്ടുകാര്‍ കൊണ്ടുപോയ വിവരം കുട്ടു പറയുന്നത്. ആകെ പുകഞ്ഞുകൊണ്ടാണ് അയല്‍ വീട്ടില്‍ ചെന്നു ബെല്ലടിച്ചത്. പൊള്ളി വികൃതമായ മുഖമുള്ള പുതിയ വേലക്കാരി മാത്രമെ അവിടെയുണ്ടായിരുന്നുള്ളു. ആദ്യത്തെ കൂടിക്കാഴ്ചയുടെ ഷോക്കില്‍ പുതുതുതരാമെന്നു പറഞ്ഞിട്ടും പാതിതീര്‍ന്ന സിലിണ്ടര്‍ വാശിപിടിച്ച് അഴിച്ചെടുത്ത് കൊണ്ടുപോരുമ്പോള്‍ മനസ്സു വല്ലാതിരുന്നു.

പിന്നെ കുറച്ചുകാലം അവരെ കഴിയുന്നതും കാണാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എപ്പോഴാണെന്നറിയില്ല എന്റെ അറപ്പ് സഹതാപമായി മാറിയതും ഇടക്കൊക്കെ ഒന്നു ചിരിക്കാന്‍ തുടങ്ങിയതും. അപ്പോഴേക്കും ജാനകീമേനോനും ഒരു കഥാപാത്രമായി മാറിയിരുന്നു.

പതുക്കെ അടുത്തുതുടങ്ങിയ ദിവസങ്ങളിലെപ്പോഴോ ആണ് അവര്‍ സ്വന്തം കഥ പറഞ്ഞത്. സ്ത്രീയുടേതായി ബാഹ്യമായ ഒരു ശരീരം മാത്രമുള്ള പ്രസവിക്കാത്തതിനാല്‍ ഭര്‍ത്താവ് തിരിഞ്ഞുനോക്കാത്ത അവളുടെ പേരും ജാന്‍ കിയെന്നാണെന്ന അറിവ് എനിക്ക് അവരോടുള്ള സഹതാപം ഇരട്ടിപ്പിച്ചു. ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും കുറ്റപ്പെടുത്തലുകളില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ ഫലമാണത്രെ ഈ പൊള്ളലുകള്‍. ചെയ്തതുതെറ്റായിരുന്നെന്ന് അവര്‍ക്കിപ്പോള്‍ തോന്നുന്നുണ്ട്. പക്ഷെ ഇനിയൊന്നു മാറ്റിയെഴുതാന്‍ പറ്റാത്ത വിധം അവരുടെ ജീവിതം മാറിപ്പോയിരിക്കുന്നു.മദ്ധ്യപ്രദേശിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അവര്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടിവന്നതിനെക്കുറിച്ച് പറഞ്ഞ് ഒരുപാട് കരഞ്ഞു. വീടിനടുത്തുള്ള ഒരാശ്രമത്തില്‍ ചേരാനാണ് മോഹം. അതിനുമുന്‍പ് സ്വന്തം ആവശ്യങ്ങള്‍ക്കായി കുറച്ചു പണം സ്വരൂപിച്ചുവെക്കാനാണ് വീട്ടുജോലിചെയ്യുന്നതത്രെ. ആശ്രമത്തിലായാലും പണവുമായിചെന്നില്ലെങ്കില്‍ വേലക്കാരിയായിത്തന്നെ ജീവിക്കേണ്ടിവരും.കൂടാതെ ആശ്രമത്തില്‍ ചേരാന്‍ ഇനിയും ഭര്‍ത്താവ് സമ്മതം മൂളിയിട്ടില്ലത്രെ ! നിന്റെ കാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കാത്ത ഭര്‍ത്താവിന്റെ സമ്മതമെന്തിനാണ് നിനക്ക് എന്ന എന്റെ ചോദ്യത്തിന്നു

"അദ്ദേഹം പറയുന്നതു അനുസരിക്കാതിരിക്കുന്നതെങ്ങിനെ... പാപം കിട്ടില്ലെ മേം സാബ്"

എന്ന മറുചോദ്യമാണ് ഉത്തരമായി കിട്ടിയത്. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും അവര്‍ക്കെങ്ങിനെ അങ്ങിനെ ചിന്തിക്കാന്‍ കഴിഞ്ഞു . നിങ്ങള്‍ക്കെന്തു തോന്നുന്നു? ചെറിയ അനിഷ്ടങ്ങളില്‍പോലും മുഖം വീര്‍പ്പിച്ച് മിണ്ടാതിരിക്കുന്ന എനിക്കു മനസ്സിലാവാത്ത കാര്യമാണിത്. ഒരു സ്ത്രീയായിരുന്നിട്ടുപോലും ചില സമയങ്ങളില്‍ അവരുടെ ചിന്താഗതികളെ ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിയാറില്ല.

വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

ഗൂഗിളില്‍ ..................


ഗൂഗിളില്‍കയറി ആകാശത്തേക്കുനോക്കിയപ്പോള്‍
ഒരു കറുത്തമേഘം കനത്തു പതുങ്ങി..................
പുറംവാതിലിന്നടുത്ത് ഒളിച്ചിരുന്ന്
നടുവിലേക്കൊരൊറ്റച്ചാട്ടത്തിനാണവനെ പിടിച്ചത്.
തൃശൂരിലേക്കാണത്രെ !!!!!
അടുത്താഴ്ച്ച പെയ്യണം പോലും.
"നിനക്കു വരുമ്പോള്‍ കൊണ്ടുപോവാനാണ്........."
ഇന്നലെ വിളിച്ചപ്പോഴാണ് അമ്മ അടുത്താഴ്ച്ച
ഉണക്കാനുള്ള കൊണ്ടാട്ടത്തിന്റെ കാര്യം പറഞ്ഞത്.
അമ്മയോടുപറയണം
ഇനി ഗൂഗിളില്‍ കയറി ആകാശത്തേക്കുനോക്കി
രണ്ടാഴ്ച്ചദൂരത്തില്‍ അവനില്ലാത്തപ്പോള്‍
മുളകു വാങ്ങിയാല്‍ മതിയെന്ന്.
കാലം മാറിയതറിയാത്തവന്‍.

ചൊവ്വാഴ്ച, ഡിസംബർ 14, 2010

ദേവൂട്ടി


വടക്കുപുറത്ത് പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് ദേവൂട്ടി വന്നതറിഞ്ഞത്. പതിവു കുശലങ്ങളൊന്നുമില്ലാതെ പണി തുടങ്ങിയതു കണ്ടപ്പോഴെ തോന്നി എന്തോ കുഴപ്പമുണ്ടെന്ന്. തോട്ടിന്‍ കരയിലെ കുളക്കോഴിയും എന്നും ഇതേസമയത്ത് തോട്ടുവക്കത്തെ മാച്ചില്ലകള്‍ക്കിടയില്‍ പറന്നുനടക്കുന്ന മഞ്ഞക്കിളിയുംവാഴക്കുടപ്പനിലെ തേന്‍ കുടിക്കാനെത്തുന്ന അണ്ണാനും ഓലേഞ്ഞാലിയും ഒക്കെ ഇന്നും പതിവുതെറ്റാതെയെത്തി കലപില കൂട്ടുന്നുണ്ട്. വറ്റു കൊത്തിപ്പെറുക്കാന്‍ വരുന്ന കാക്കയുടെ മുന്നിലും തന്റെ ആവലാതി കെട്ടഴിക്കുന്ന ദേവൂട്ടി ഞാന്‍ അടുത്തു ചെന്നു നിന്നതുപോലും അറിയുന്നില്ലെന്നു തോന്നിയപ്പോള്‍ ചോദിച്ചുപോയി

"എന്തേ പറ്റ്യേ ദേവൂട്ടീ......."

"അതേയ്........ ആയമ്മ ചത്തൂട്ടോ........"വളരെ നിസ്സംഗമായ മറുപടി എന്നെയൊന്നു ഞെട്ടിച്ചു. ചത്തു എന്ന പ്രയോഗത്തില്‍ നിന്നും അവള്‍ക്കിഷ്ടമില്ലാത്ത ആരോ ആണ് മരിച്ചതെന്നു മനസ്സിലായെങ്കിലും ഈ ഗ്രാമത്തിലുള്ള എല്ലാരും ഞങ്ങള്‍ക്ക് അമ്മമാരാണെന്നത് ഇത്തിരി ടെന്‍ഷനുണ്ടാക്കി. . കുഞ്ഞ്വാളമ്മ , കുഞ്ചൂട്ട്യമ്മ, ജാന്വോമ്മ അങ്ങിനെ ഒരുപാടമ്മമാര്‍. ഇതിലേതമ്മയാണോ ആവോ...........

"ആരേ ദേവൂട്ട്യേ.........?"

"അവന്റെ തള്ളേയ്... ആ പട്ടാമ്പീലെ.........."

" അയ്യോ ദേവൂട്ടീ ...ന്ന്ട്ട് നീയ് അവിടെ പോകാതെ ഇങ്ങട്ട് പോര്വേ?" ദേവൂട്ടീടെ മകളുടെ അമ്മായിയമ്മയാണ് മരിച്ചത്.

"അതേപ്പൊ നന്നായത്........ ന്റെ പട്ടി പോവും....... " ആയമ്മ കാരണമാണ് മകള്‍ വീട്ടില്‍ വന്നു നില്‍ക്കുന്നതെന്നാണ് ദേവൂട്ടി വിശ്വസിക്കുന്നത്.

"ന്നാലും ദേവൂട്ടി ഒന്നു പോയ്ക്കോളൂ ട്ടോ....ഇനിപ്പൊ അവന്‍ മനസ്സുമാറി മോളെ വിളിച്ചുകൊണ്ടുപോയാലോ.........."

"അതൊന്നും നടക്കില്ല്യ കുഞ്ചാത്തലെ.."

" അതെന്തേ...?"

"ഓള്‍ക്ക് ജാതകത്തില് രണ്ടാം കെട്ടിന് യോഗംണ്ട്ത്രേ ..........."

"രണ്ടാംകെട്ടോ........!"
ഒരു കെട്ടു കഴഞ്ഞതിന്റെ ഭാരംകൊണ്ട് തളര്‍ന്ന ദേവൂട്ടി ഇനിയും നിവര്‍ന്നു നിന്നിട്ടില്ല. അപ്പോഴാണ് അടുത്ത കെട്ടിന്റെ കാര്യം.

" അതേന്നേയ് ആ പണിക്കര് ഗണിച്ച് പറഞ്ഞതാണേയ്......."

" അതൊക്കെ പണം തട്ടാന്‍ വേണ്ടീട്ട് അയ്യാള് വെറുതെ പറയ്യാവും ദേവൂട്ടീ ........... കുറച്ചു ദെവസായില്ല്യേ അവളിവിടെ വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട്.......... ചിലപ്പൊ അവന്റെ കൂടെ വീണ്ടും പോകാനാവും അവളുടെ യോഗം.."

"അതല്ലാന്നെ ........ഇവനല്ലാതെ വേറൊരാളെ മംഗലം കഴിക്കാന്‍ യോഗണ്ട്ത്രെ ന്റെ കുട്ടീടെ ജാതകത്തില്....... പിന്നെന്തിനാ വെറ്തേ ഓന്റെ പിന്നാലെ നടക്ക്ണത്.... മാലാറമ്പിലെ പണിക്കര് പറഞ്ഞാ അച്ചട്ടാ...."

ഇതെല്ലാം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുമ്പോള്‍ ഒന്നുറപ്പായിരുന്നു.........ആ പണിക്കര്ക്കിട്ട് ഒന്നു കൊടുക്കാന്‍ വൈകിയിരിക്കുന്നു.

ബുധനാഴ്‌ച, ഡിസംബർ 08, 2010

ഒരു നിഴല്‍ ..........






ഒരു നിഴല്‍
നെഞ്ചിന്റെയാഴങ്ങളില്‍
കിടന്നുഴലുന്നു പിടയുന്നു
ചില്ലുചുമരോരത്ത്
വന്നെത്തിനോക്കുന്നു
നാമം ജപിക്കുന്നു
പിന്നെയും തിരിയെപോയ്
വീണ്ടും തിരിച്ചെത്തി
ഒരു നിഴല്‍ ..........

ഒരു തിരി നീണ്ടതോ
ഒരു തിരി താണതോ
ഒരുകനല്‍ വെന്തതോ
ഒരുകരിപടര്‍ന്നതോ
ഒരുനാളമോര്‍ത്തോര്‍ത്ത്
നെടുവീര്‍പ്പിടുന്നതോ
ഒരു നിഴല്‍ ..........

ഒരുപക്ഷെയൊരുവെയില്‍
ചിമ്മിച്ചിരിച്ചതാം
ഒരുമഴക്കാറിങ്ങു
വഴിതെറ്റി വന്നതാം
ഒരു കടല്‍ക്കാറ്റിന്റെ
മണവുമായൊരുതുമ്പി
തെന്നിപ്പറന്നതാം
ഒരു നിഴല്‍ ............


ഒരുവേളനീയിന്നു
പടിയിറങ്ങുമ്പോള്‍
ഒരുവട്ടമൊന്നു
തിരിഞ്ഞുനോക്കാതെ
പുകയുന്നനെഞ്ചിലെ
ആളലും തീയും
നിറയുന്ന കണ്ണിലെ
ഓളത്തിളക്കവും
ഒരുകുടനീര്‍ത്തി
മറച്ചുപിടിക്കെ
അതുകൊണ്ടനിഴലാവാം
ഒരു നിഴല്‍ ...........