ഒരു മോഹനസ്വപ്നത്തില്‍ നിന്നുണര്‍ന്നെന്ന പോലെ ഞാനിപ്പോള്‍... സ്വപ്നത്തിന്റെ തുടക്കം മാസങ്ങള്‍ക്കു മുന്പെവിടെയോ ആണ്. പ്രസന്നയുടെ കവിതകള്‍ ചേര്‍ത്തൊരു പുസ്തകമിറക്കിക്കുടെ എന്ന് സ്വപ്നത്തിന് വിത്തുപാകിയത് ഗ്രീന്‍ബുക്ക്സ് എഡിറ്റര്‍ കൃഷണദാസാണ്. സ്വപ്നത്തില്‍ പുസ്തകത്തിന് ‘ചിലനേരങ്ങളില്‍ ചിലത്’ എന്ന് പേരിട്ടു. വരച്ച ചിത്രങ്ങളിലൊന്നെടുത്ത് കവര്‍ച്ചിത്രമാക്കി. അച്ഛനെ കാലം കൊണ്ടറിഞ്ഞ കവി ദേശമംഗലം രാമകൃഷ്ണന് പുസ്തകത്തിന് മനോഹരമായൊരു അവതാരികയെഴുതി.
പുസ്തകം അച്ചടിച്ചു വരുന്നതോടെ സ്വപ്നം അവസാനിക്കുമെന്ന് കരുതിയപ്പോഴാണ് കുഴൂര്‍ വില്‍സനെന്നൊരു നന്മ വന്ന് സ്വപ്നങ്ങള്‍ ഇടയ്ക്കുവെച്ച് അവസാനിപ്പിക്കരുതെന്ന് പറഞ്ഞത്. പുസ്തകപ്രകാശനം എന്ന് വലിയൊരു പേജ്കൂടി എഴുതിച്ചേര്‍ത്തത്. വിജേഷും അയനം സാംസ്കാരികവേദിയും കൂട്ടിനെത്തിയത്. പ്രശസ്ത കഥാകൃത്ത് വൈശാഖന് പ്രകാശനം നടത്തുമെന്നും വില്‍സണ്‍ ഏറ്റുവാങ്ങുമെന്നും സ്വപ്നത്തില്‍ പേജുകള്‍ പിന്നേയും എഴുതിനിറഞ്ഞു.
ചില സ്വപ്നങ്ങള്‍ പേടിസ്വപ്നങ്ങളാകുന്നത് പൊടുന്നനെയാണല്ലോ. അങ്ങിനെയൊരു പൊടുന്നനെയില്‍ സ്വപ്നത്തില്‍ നിന്നും വഴുതിവീണ് വില്‍സണ്‍ ഹോസ്പ്പിറ്റലിലേക്ക് പോയി. എത്ര പേടിച്ചുകരഞ്ഞാലും പേടിസ്വപ്നങ്ങളില്‍ നിന്നും ഉണര്‍ത്തരുതെന്നത് സ്വപ്നങ്ങളുടെ നിയമം. സമാധാനിപ്പിക്കാനാവണം സ്വപ്നത്തില്‍ വന്ന് അവനെനിക്കൊരു നാലുവരിക്കവിത പാടിത്തന്നു. ഹോസ്പിറ്റലിലിരുന്ന് എന്റെ സ്വപ്നങ്ങളില്‍ അലുക്കുകള്‍ തുന്നിച്ചേര്‍ത്തു . നിറം ചേര്‍ത്തു .
ആ നന്മയുടെ തുടര്‍ച്ച യെന്നോണമാവണം ഡോക്ടര്‍ എം പി പരമേശ്വരന് കടന്നുവന്നത്. അമ്മയുടെ കുഞ്ഞുന്നാളിലെ സുഹൃത്തായിരുന്നു. അദ്ദേഹം. അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ കുട്ടികളായി മാറുന്നത് ഒരുപാടുവണ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ബുക് റിലീസിന്നു വരുന്നുണ്ടെന്ന് അദ്ദേഹം എന്റെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചപ്പോഴാണ് സപ്നങ്ങള്‍ക്ക് വീണ്ടും ജീവന് വെച്ചത്. വില്സന് വരാന്‍ പറ്റില്ലല്ലോ എന്ന സങ്കടമൊഴിച്ചാല്‍ പിന്നെയെല്ലാം ഭംഗിയായി മുന്നോട്ടുപോയി.
പ്രവാസത്തെപ്പറ്റി കൂടുതലെഴുതണമായിരുന്നെന്ന് കൃഷ്ണദാസ്. കേരളത്തിന് പുറത്തുള്ള ഏത് ജീവിതവും പ്രവാസമല്ലേയെന്ന് മനസ്സ്. ഓര്‍മ്മകളിലേക്ക് ഇത്രയും ചാഞ്ഞൊരാള്‍ക്ക് തണലാവാന്‍ പറ്റുമോയെന്ന്, ഇതിലും ഭംഗിയായി ഒരു പുസ്തകം പരിചയപ്പെടുത്താന്‍ കഴിയുമോ എന്ന് എന്നെ ദേശമംഗലം ഇപ്പൊഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ‘ചിലനേരങ്ങളില്‍ ചിലതില്‍’ എല്ലാ കവിതകളിലും കവിതയുണ്ടെന്ന് പറഞ്ഞ് വൈശാഖന് ഇനിയുമെഴുതാന്‍ പ്രേരിപ്പിക്കുന്നു. ജാലകക്കാഴ്ച്ചകളില്‍ നിന്നും എഴുത്തിന്റെ പുതുലോകത്തേക്കിറങ്ങിവരണമെന്ന് ബാലചന്ദ്രന് സ്നേഹത്തോടെ ഉപദേശിക്കുന്നു. പുസ്തകം തുറന്ന് ഇഷ്ടപ്പെട്ട കവിതകള്‍ തിരഞ്ഞെടുത്ത് ചൊല്ലി കെ.വി. ബേബി സ്ത്രീകളെന്താണ് വയസ്സു പറയാത്തതെന്ന് പരദൂഷണം പറയുന്നു. ആദ്യമായി കാണുമ്പോഴും കാലങ്ങളായി പരിചയമുള്ളപ്പോലെ എന്നെ ഇഴപിരിച്ചെടുത്ത് കൊണ്ട് റോസിതമ്പിയും കവിതകളുടെ ഇടയിലൂടെ നടന്ന് റോഷ്നി സ്വപ്നയും ആശംസകള്‍ നേരുന്നു. എല്ലാത്തിനും കൂടെയുണ്ടായിരുന്ന ആര്യന് പുസ്തകത്തില്‍ നിന്നും ഒരു കവിത ചൊല്ലുന്നു. എല്ലാവര്ക്കും സ്നേഹത്തോടെ സ്വാഗതം പറഞ്ഞ് വിജേഷ് തുടങ്ങിയത് എല്ലാവര്ക്കും വേണ്ടി നന്ദിപറഞ്ഞുകൊണ്ട് ജോസ് അവസാനിപ്പിച്ചു. . ഇതൊക്കെ സ്വപ്നമല്ലെങ്കില്‍ പിന്നെ എന്തായിരുന്നു എന്ന് ഇപ്പോള്‍ ഇവിടിരുന്നു വിഭ്രാന്തമാകുന്നു മനസ്സ്.
പ്രകാശനം കഴിഞ്ഞു നേരെപ്പോയത് വില്‍സന്റെ അടുത്തെക്കാണ്. അദ്യമായി കാണുന്നതിങ്ങിനെയെന്ന് മുറിവിന്റെ വേദന വകവെക്കാതെ അവന് അന്നത്തെ നാലുവരി മുഴുമിപ്പിച്ചു.
"അങ്കണത്തൈമാവില്‍നിന്നാദ്യത്തെപ്പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്
മാങ്കനിവീഴുമ്പോള്‍ ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂംകുല പൊട്ടിച്ചത് തല്ലുകൊള്ളാഞ്ഞിട്ടല്ലേ...."
..
ഞാനമ്മയും അവന് കുഞ്ഞുമായി കവിത പകര്‍ത്തിയെഴുതുമ്പോള്‍ എനിക്കു സങ്കടം വരുന്നു.
വില്‍സാ നീ പുസ്തകം വാങ്ങിക്കാന്‍ വന്നില്ലല്ലോ.........:(
മനസ്സുകൊണ്ട് കൂടെനിന്നവര്‍ക്കും വരാമെന്നുപറഞ്ഞു മോഹിപ്പിച്ചവര്‍ക്കും വന്നവര്‍ക്കും എന്റെ സ്നേഹം. ബ്ലോഗില്‍ എഴുതിവിടുന്നതിനെ കവിതയെന്ന് വിളിച്ച് സ്നേഹത്തോടെ അഭിപ്രായങ്ങള്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ തന്ന നിങ്ങളൊക്കെത്തന്നെയാണ് ഈ സാഹസത്തിനു ധൈര്യമായി കൂടെയുണ്ടായിരുന്നത്.
12 അഭിപ്രായങ്ങൾ:
വളരെ സന്തോഷം തോന്നുന്നു
ചേച്ചീ...
ആഹാ! അപ്പോള്‍ അതിത്ര കേമമായിരുന്നു... നല്ലത്. എല്ലാ അഭിനന്ദനങ്ങളും ആശംസകളും.. ഇനിയും പുസ്തകങ്ങള്‍ വരട്ടെ..
ഞാന്‍ ഇപ്പോഴും മഹാരാഷ്ട്രയില്‍ ചുറ്റിത്തിരിയുകയാണ്. അതുകൊണ്ടാണ് പുസ്തകപ്രകാശനത്തിനു വരാതിരുന്നത്... എനിക്ക് ഒന്നു കാണാന്‍ വലിയ ആശയുണ്ടായിരുന്നു..
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍, ചേച്ചീ
സന്തോഷം
എല്ലാ നന്മകളും വിജയങ്ങളും നേരുന്നു
അഭിനന്ദനങ്ങള്‍ ....
ഇതെല്ലാര്‍ക്കും കിട്ടുന്ന അത്രയ്ക്ക് സിമ്പിളായ ഒരു നേട്ടമല്ല. എല്ലാ ആശംസകളും അഭിനന്ദനങ്ങളും.
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍......
വളരെ വളരെ സന്തോഷം, പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള ഈ കുറിപ്പും ഹൃദയസ്പർശിയായി അനുഭവപ്പെട്ടു. ഒരു നിവൃത്തിയുമില്ലാതിരുന്നതിനാലാണ് വരാതിരുന്നത്. പുസ്തകം ഇന്ദുലേഖയിൽ ഓർഡർ ചെയ്തിട്ടുണ്ട്.
ഒത്തിരി സന്തോഷം ആയി ..
വിശേഷങ്ങള വായിച്ചപ്പോൾ കൂടുതൽ ആശ്വാസവും.എല്ലാം ഭംഗി ആയി നടന്നുവല്ലോ.
ആശംസകളും പ്രാർത്ഥനയും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ