വ്യാഴാഴ്‌ച, മാർച്ച് 14, 2013

ചോയിച്ചി.
ഞങ്ങളുടെ വീടിന്നു മുന്നില്‍ ഒരു ഭീമാകാരത്തോടെ ഉയര്‍ന്നുളള നിന്നിരുന്ന വല്ലോറ മലയിറങ്ങിയാണ് അവള്‍ വന്നിരുന്നത്. ഒരു തോര്‍ത്തു മുണ്ടും കുഞ്ഞിബ്ലൌസും മാത്രമായിരിന്നു അവളുടെ വേഷം. ചോയിച്ചി എന്ന അസാധാരണമായ പേരും വേഷവും ഞങ്ങളുടെ പോലല്ലാതിരുന്ന അവളുടെ ചുകന്ന മുടിയും എലുമ്പിച്ച ശരീരവും ഒക്കെകൂടെ ആദ്യദിവസങ്ങളില്‍ അവളെ ഞങ്ങള്‍ തീര്‍ത്തും  അവഗണിച്ചു. കൊടും കാടുപോലെ തോന്നിച്ച ആ മലയില്‍ നിറയെ മൃഗങ്ങള്‍ മാത്രമാണെന്നും മനുഷ്യന്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ സാധാരണക്കാരാവില്ല എന്നും ശാരദയാണ് പറഞ്ഞത്.. എന്‍റെ ക്ലാസിലായിരുന്നെങ്കിലും ശാരദ വലിയ കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ശാരദ പറയുന്നതു ഞങ്ങള്‍ അക്ഷരംപ്രതി വിശ്വസിച്ചുപോന്നു.

ഒന്നിലും രണ്ടിലുമൊക്കെ പഠിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്ക്  ഭയക്കാന്‍ അത്രയൊക്കെ മതിയല്ലോ. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മ പറഞ്ഞുതന്ന മുത്തശ്ശിക്കഥയിലെപ്പോലെ ഒരു ദിവസം അവളെയും ചെന്നായ് പിടിച്ചേക്കാമെന്ന് ഞാന്‍ ശാരദയോടും സുമതിയോടും മുഹമ്മദലിയോടും ഉണ്ണിയോടുമൊത്ത് ആശങ്കപ്പെട്ടു. വൈകുന്നേരം സ്കൂള്‍ വിട്ടു മലയിലേക്കുള്ള ഇടവഴിയിലൂടെ അവള്‍ ഒറ്റയ്ക്ക് നടന്നു മറയുന്നത് ഞങ്ങള്‍ ഭയത്തോടെയെങ്കിലും തെല്ലൊരാരാധനയോടെ ആണ് നോക്കിയിരുന്നത്. ഞങ്ങളുടെയെല്ലാം യാത്രകള്‍ ആ മലയുടെ താഴവാരത്തില്‍ അവസാനിച്ചിരുന്നു.

എന്‍റെ  വൈകുന്നേരങ്ങളില്‍ ആ മല നിറഞ്ഞുനിന്നു. മലകയറി മറയുന്ന മഞ്ഞവെയില്‍ ,മലയിറങ്ങിവന്ന മഴ, മലയുടെ കുളിരും മണവുമായി വന്ന കാറ്റ് ഇതെല്ലാം എനിക്കു പ്രിയപ്പെട്ടതായിരുന്നു. മഴവില്ലുകള്‍ അവസാനിച്ചിരുന്നതോ തുടങ്ങിയിരുന്നതോ ആ മലമുകളിലായിരുന്നു. രാവിലെ  വന്നു വിളിച്ചുണര്‍ത്തിയിരുന്ന  കിളികളും ഞാന്‍ കൂകിത്തോല്‍പ്പിച്ചപ്പോള്‍  പിണങ്ങിപ്പോയ കുയിലുകളും സന്ധ്യക്ക്  ചേക്കേറിയിരുന്നതും ആ മലയിലേക്കായിരുന്നു. പത്രത്തില്‍ ഉരുള്‍പൊ ട്ടലിന്‍റെ  വാര്‍ത്ത വായിക്കുമ്പോഴൊക്കെ അങ്ങിനെ മലയില്‍നി‍ന്നും ഒരു പുഴയൊഴുകിവരുന്നതും, അതില്‍ ആലിലക്കണ്ണനെപ്പോലെ പൊന്തിക്കിടക്കുന്ന ചോയിച്ചിയെ കൈനീട്ടി വലിച്ചു പുറത്തിടുന്നതും ഞാന്‍ വെറുതെ സ്വപ്നം കണ്ടു. ആദ്യമായി നാലുവരി എഴുതിയതും ആ മലയെപ്പറ്റിയായിരുന്നു.

 സ്കൂളില്‍ നിന്നും തിരിച്ചെത്തിയാല്‍ ശാരദയ്ക്കും സുമതിയ്ക്കും അമ്മമാരെ വീട്ടുജോലികളില്‍ സഹായിക്കേണ്ടിയിരുന്നു. മുഹമ്മദലിയും ഉണ്ണിയും പെങ്കുട്ടികളുടെ കൂടെയുള്ള കളികള്‍ വേണ്ടെന്നുവെച്ച് ഫുട്ബാളിലേക്ക് കയറ്റം മേടിച്ചിരുന്നു. ഞങ്ങളുടെ വീടിനും മലക്കുമിടയിലുള്ള ഹൈസ്കൂളിന്‍റെ  മൈതാനത്തില്‍ അവരും കൂട്ടുകാരും എന്നും വൈകുന്നേരം പന്തുകളിച്ചു. ഞാനായിരുന്നു ഏക കാഴ്ചക്കാരി. ഒരുപക്ഷേ എനിക്കു വേണ്ടിമാത്രമായിരുന്നു അവര്‍ കളിച്ചിരുന്നത് എന്നു ഞാന്‍ വിശ്വസിച്ചു... ഇടയിലെ തര്‍ക്കങ്ങള്‍ അവര്‍ എന്‍റെ  മുന്നിലെത്തിച്ചു. ഞാനൊരു റഫറിയെപ്പോലെ ഞങ്ങളുടെ ഗേറ്റിന്‍റെ  മതിലിനുമുകളിലിരുന്ന് തീര്‍പ്പു പറഞ്ഞു. ഇടവേളകളില്‍ ബോറടിക്കുമ്പോള്‍ മലയിലേക്ക് വെറുതെ നോക്കിയിരിക്കും. അപ്പോള്‍ മലയില്‍ നിന്നും ഒരു പൊട്ടുപോലെ തീറ്റതേടിപ്പോയ  പശുക്കള്‍ വരിവരിയായി തിരിച്ചുവരുന്നുണ്ടാവും. മലയിലെവിടെയോ പുകയുയരാന്‍ തുടങ്ങിയിട്ടുണ്ടാവും. അത് ചോയിച്ചിയുടെ വീട്ടില്‍ നിന്നാവുമെന്നും രാത്രികളില്‍ മലയില്‍ മുനിഞ്ഞുകത്തിയിരുന്ന വെളിച്ചത്തില്‍ ചോയിച്ചി വീട്ടുകണക്ക് ചെയ്യുകയാവുമെന്നും ഞാന്‍ വെറുതെ സങ്കല്‍പ്പിച്ചു.

ഒരു തുലാമഴപ്പെരുക്കത്തില്‍ സ്കൂളിലേക്ക് പോകുന്നവഴിയിലെ ചാലുകളിലേക്ക് ഒഴുകിയെത്തിയ മാനത്തുകണ്ണികളാണ് ചോയിച്ചിയ്ക്കു ഞങ്ങള്‍ക്കിടയിലിത്തിരി ഇടം നേടിക്കൊടുത്തത്. അവയെ കയ്യില്‍ കോരിയെടുക്കാനുള്ള ധൈര്യം അവള്‍ക്ക്  മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ പിന്നെ ചോയിച്ചിയില്ലാതെ ഞങ്ങള്‍ക്ക്  കളികളില്ലെന്നായി. സാറ്റുകളിയ്ക്കുമ്പോള്‍ എവിടെനിന്നൊക്കെയോ ഒടിമറഞ്ഞെത്തി അവള്‍ ഞങ്ങളെ അമ്പരപ്പിച്ചു... തൊട്ടുകളിയില്‍ അവളുടെ വേഗം ഞങ്ങളുടെ ലക്ഷ്യമായി. വ്യത്യസ്തങ്ങളായ മലമ്പൂക്കളുടെ മണവും കായ്കളുടെ സ്വാദും ദിവസവും ഞങ്ങളെ തേടിയെത്തി. ഞങ്ങളുടെ കയ്യിലില്ലാത്ത ഒരു കാര്യം കൂടി അവളുടെ കയ്യിലുണ്ടായിരുന്നു. സ്കൂളിന് പിന്നിലെ ബാലേട്ടന്‍റെ കടയില്‍ നിന്നും മഞ്ഞയും പച്ചയും നിറങ്ങളിലുള്ള മിഠായി വാങ്ങിക്കാനുള്ള പണം. അതെവിടെ നിന്നു കിട്ടിയെന്നു ഞങ്ങള്‍ അന്വേഷിച്ചില്ല. അച്ഛന്‍ കോഴിക്കോട്ടുനിന്നു വാങ്ങിക്കൊണ്ടുവന്നിരുന്ന പാരീസ് മിഠായിയെക്കാള്‍ രസം തോന്നിയിരുന്നു ചോയിച്ചി വാങ്ങിത്തന്ന കളറ്മിഠായിക്ക്.

ദിവസങ്ങള്‍ തിരക്കിട്ട് പോയികൊണ്ടിരുന്നു. കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്കൂള്‍ പൂട്ടി. അമ്മയുടെ വീട് തൃശൂര്‍ ആയതിനാല്‍ പൂരവും എക്സിബിഷനുമൊക്കെയായി എന്‍റെ  ഒഴിവുകാലങ്ങള്‍ സംഭവബഹുലമായിരുന്നു. തിരിച്ചുവീണ്ടും സ്കൂളിലെത്തിയപ്പോള്‍  ശാരദയും ചോയിച്ചിയും മുഹമ്മദലിയും ഞങ്ങളുടെ ക്ലാസ്സുകളില്‍നിന്നും കൊഴിഞ്ഞുപോയിരിക്കുന്നു.ഞാനും ഉണ്ണിയും മാത്രം കയറ്റംകിട്ടി വേറെയായി.  എന്നാലും സ്കൂള്‍ യാത്രകള്‍ ഒന്നിച്ചുതന്നെയായിരുന്നു. പുതിയതായി മൂക്കിനുതാഴെ ചുകന്നു നനഞ്ഞ മൂക്കൊലിപ്പാടുള്ള ശ്യാമളയും ഗോപാലമ്മാഷുടെ മോള് നിലാവുപോലെ വെളുത്ത ചന്ദ്രികയും തുറിയന്‍ കണ്ണുള്ള അവ്വോക്കറുമൊക്കെ വന്നെങ്കിലും ബെല്ലടിച്ചാല്‍ ഞങ്ങള്‍ ചോയിച്ചിയുടെയും ശാരദയുടെയും അടുത്തേക്ക് ഓടിയെത്തുമായിരുന്നു. സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള വഴിയിലെ മുട്ടങ്കുന്ന് സിഗ്സാഗില്‍ കയറിയാല്‍ ക്ഷീണിക്കില്ലെന്നതു ചോയിച്ചിതന്ന അറിവായിരുന്നു. ഗോയിന്നായരുടെ കൊള്ളിന്മേല്‍ നിന്നിരുന്ന പുളിച്ചിയുടെ മാങ്ങക്ക് ഉന്നം പിടിക്കാന്‍ പഠിപ്പിച്ചതും അവളായിരുന്നു. അസമയത്ത് ഒറ്റമുലച്ചി ഉറങ്ങുന്ന മരങ്ങളില്‍ കയറിയാല്‍ അവറ്റ മരം കുലുക്കി താഴെയിടുമെന്നതും ചോയിച്ചിയുടെ പാഠത്തിലുണ്ടായിരുന്നു.

അഞ്ചാം ക്ലാസ്സില്‍ ഞാന്‍ വീടിന് മുന്നിലുള്ള  അച്ഛന്‍റെ  സ്കൂളിലേക്കും ഉണ്ണി കുറെദൂരെയുള്ള അവന്‍റെ  അച്ഛന്‍റെ  സ്കൂളിലേക്കും കൂടുവിട്ടു കൂടുമാറി. മൂന്നില്‍ വീണ്ടും  വീണുപോയ ശാരദയും ചോയിച്ചിയും പഠിത്തം നിര്‍ത്തി . മുഹമ്മദലി പാവം ഒറ്റക്കായി. ഒപ്പം ഞങ്ങളും. ശാരദ അവളുടെ അമ്മ ജോലിക്കുപോകുമ്പോള്‍ വീട്ടുപണിയും കുട്ടികളെ നോക്കലും ഏറ്റെടുത്തു. സമയമില്ലാത്ത കാരണം ഉണ്ണി കളികളൊക്കെ നിര്‍ത്തി. കുറെ കഴിഞ്ഞപ്പോള്‍ അവന്‍ അച്ഛന്‍റെ  സ്കൂളിനടുത്തേക്ക് താമസവും മാറ്റി. മുഹമ്മദലി ഉള്ളതിനെക്കാള്‍ വലുതായ നാട്യവുമായി കളിതുടര്‍ന്നു . അവരുടെ കുഞ്ഞ് കുഞ്ഞുതമാശകള്‍ കൂടെ വളരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ പുസ്തകങ്ങളെ കൂട്ടുപിടിക്കാന്‍ തുടങ്ങി. തലേം മൊലേം വളര്‍ന്ന കുട്ടികള്‍ക്കു  പറഞ്ഞിട്ടുള്ളത് അതൊക്കെയായിരുന്നു. ഇടയ്ക്കു ഗേറ്റില്‍ വന്നു വിളിച്ചിരുന്ന ചോയിച്ചിയെയും പതുക്കെ കാണാതായി. അവളെവിടെയോ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കാന്‍ പോയെന്നാരോ പറഞ്ഞറിഞ്ഞു

ഒരിക്കല്‍ കോളേജില്‍ നിന്നും ഒഴിവിന് വന്നകാലത്താണത്  ഗേറ്റില്‍ നിന്നും വാവേ എന്ന വിളികേട്ടു ചെന്നു നോക്കിയതായിരുന്നു.. കുട്ടിയായിരുന്നപ്പോള്‍ എന്നെ വിളിച്ചിരുന്ന ശീലം വെച്ചു എല്ലാരും അപ്പോഴും വിളിച്ചിരുന്നത് അങ്ങിനെത്തന്നെയായിരുന്നു. ഇട്ടിരുന്ന ബ്ലൌസിലും മുണ്ടിലും ഒതുങ്ങാത്ത ശരീരവുമായി ഒരു സ്ത്രീയായിരുന്നു അത്. അവരുടെ സമൃദ്ധിക്ക് മുന്നില്‍ ഞാനുണങ്ങിനിന്നു.  .   മനസ്സിലായില്ലെങ്കിലും ആരാണെണസംശയവുമായി ഞാന്‍ അടുത്തെത്തിയപ്പോള്‍ മുണ്ടിന്‍റെ  കോന്തലയില്‍ നിന്നും കുറെ നെല്ലിക്ക എടുത്തവര്‍ എനിക്കു നീട്ടി. പകച്ചുനിന്ന ഞാന്‍ അവരുടെ മുഖത്തെ ഭാവങ്ങളില്‍ നിന്നും കുറച്ചുനേരം കൊണ്ടു  ചോയിച്ചിയെ വേര്‍തിരിച്ചെടുത്തു.

“വാവ വന്നിട്ടുണ്ടെന്ന് കേട്ടിട്ട് വന്നതാ...”അവളുടെ മുഖം സന്തോഷം മറച്ചുവെക്കാനാവാതെ ത്രസിച്ചുകൊണ്ടിരുന്നു. അതുപോലെ നിനക്കും സന്തോഷിക്കാനാവാത്തതെന്തേ എന്നു ഞാന്‍ എന്‍റെ  മനസ്സിനെ കുറ്റപ്പെടുത്തി.. അവളുടെ കണ്ണുകള്‍ എന്നെ കോരിക്കുടിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം അവള്‍ തന്നെ പറഞ്ഞുകൊണ്ടിരുന്നു. അവള്‍ ജോലിക്കു നില്‍ക്കുന്ന എസ്റ്റേറ്റും അവിടത്തെ ആളുകളും എനിക്കു മുന്നിലൂടെ ഒരു സിനിമയിലെന്നപോലെ ബഹളം വെച്ചുകൊണ്ട് നടന്നുപോയി. മിഴിച്ചകണ്ണുകള്‍ കൊണ്ടു അവളുടെ ചൂണ്ടനക്കങ്ങള്‍ ഓരോന്നായി ഞാന്‍ എന്‍റെ  മനസ്സിലേക്ക് ഒപ്പിയെടുത്തു.
“വാവേടെ വിശേഷമൊന്നും പറഞ്ഞില്ലല്ലോ” ഒക്കെ കഴിഞ്ഞപ്പോള്‍ ചോയിച്ചി ചോദിച്ചു. കഴിഞ്ഞ ഏട്ടുപത്തു കൊല്ലങ്ങളെ “സുഖം” എന്നൊരൊറ്റ വാക്കിലൊതുക്കിയപ്പോള്‍ എനിക്കു വല്ലാത്ത കുറ്റബോധം തോന്നി. ഇത്രയും കാലങ്ങള്‍ക്കു ശേഷവും അവള്‍ ഒരു പോറല്‍പോലുമേല്‍പ്പിക്കാതെ എന്‍റെ പഴയ  കൂട്ടുകാരിയെ എടുത്തുമുന്നിലിട്ടുതന്നപ്പോള്‍ അവളുടെ പഴയകൂട്ടുകാരിയെ എന്നില്‍നിന്നെവിടെയോ കളഞ്ഞുപോയല്ലോ എന്ന വല്ലാത്തൊരു വൃത്തികെട്ട കുറ്റബോധം.

വല്യച്ഛന്‍റെ   വീട്ടില്‍ പോകുമ്പോള്‍ ബസ്സിലിരുന്ന് ഉണ്ണിയെ ഒരുനോട്ടം കാണാറുണ്ട്, അവന്‍റെ   മെഡിക്കല്‍ഷോപ്പില്‍ ഇരിക്കുന്നതായിട്ട്. ശാരദ കല്യാണം കഴിഞ്ഞു ദൂരെയേതൊ നഗരത്തിലാണ്. മുഹമ്മദലി അവന്‍റെ  ഉപ്പയുടെ കട നടത്തുന്നു. ചോയിച്ചി ഇപ്പോള്‍ എവിടെയാണാവോ. പ്രയാണത്തിനിടയില്‍ ജനിച്ച വീടും നാടും  തൊട്ട് നഷ്ടങ്ങളുടെ കണക്കുകള്‍ എഴുതിത്തള്ളുമ്പോള്‍ ഇങ്ങിനെ ചിലതും.

22 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പ്രയാണത്തിനിടയില്‍ ജനിച്ച വീടും നാടും തൊട്ട് നഷ്ടങ്ങളുടെ കണക്കുകള്‍ എഴുതിത്തള്ളുംമ്പോള്‍ ഇങ്ങിനെ ചിലതും.

ajith പറഞ്ഞു...

വാവേടെ വിശേഷം ഒന്നും പറഞ്ഞില്ലെങ്കിലും.........നല്ല കഥ

മുകിൽ പറഞ്ഞു...

choyichi... njaanoru seethadeviye kutabhodhathode orkkunnu... oru kannillaatha penkuttiyaayirunnu... ennenkilum ezhuthamlle... manassu kondu koode nadakkan saadhichu kathayiloode..

Sidheek Thozhiyoor പറഞ്ഞു...

നന്നായി പറഞ്ഞു പ്രയാണ്‍

AMBUJAKSHAN NAIR പറഞ്ഞു...

പ്രയാണ്‍: കഥ കൊള്ളാം

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

മഴ, മല..ചോയിച്ചി..മനോഹരമായ ഓര്‍മ്മകള്‍ ..നല്ല അവതരണം.

ശ്രീ പറഞ്ഞു...

നല്ല രസമായി എഴുതി വന്നിട്ട് പെട്ടെന്നങ്ങ് തിരക്കു പിടിച്ച് അവസാനിപ്പിച്ചതാണോ എന്ന് തോന്നി.

ചോയിച്ചിയെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. ആ മലയെ കുറിച്ചുള്ള വിവരണങ്ങളും വളരെ ഇഷ്ടമായി.

രവീൻ പറഞ്ഞു...

"പ്രയാണത്തിനിടയില്‍ ജനിച്ച വീടും നാടും തൊട്ട് നഷ്ടങ്ങളുടെ കണക്കുകള്‍ എഴുതിത്തള്ളുമ്പോള്‍ ഇങ്ങിനെ ചിലതും."

വാവേടെ വിശേഷം ഈ വരിയില്‍ ഉണ്ടല്ലോ അജിത്‌ ചേട്ടാ.

കുറച്ചു നേരം ബാല്യത്തിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി പ്രയാണ്‍ . ഭാവുകങ്ങള്‍

നീലക്കുറിഞ്ഞി പറഞ്ഞു...

ചോയിച്ചി..സൌഹൃദചില്ലയില്‍ ഇനിയും ഉണങ്ങാത്ത തളിര്‍ പോലെ..നല്ല സുഖമുള്ള വായന സമ്മാനിക്കുന്ന സുന്ദരന്‍ എഴുത്ത്..എന്നേയും ഞാന്‍ മറന്നു പോയ ഏതൊക്കെയോ ഇടവഴികളിലെത്തിച്ചു ഈ വായന ..!!! <3

Unknown പറഞ്ഞു...

സ്വയം ഒന്നും പറയാതെ വേറെ ആളുകളെ കുറിച്ച് എഴുതാനുള്ളവർ എഴുതി തള്ളുന്നു
ഒരുപാട് പറയാനുള്ള ചോയ്ച്ചി മാത്രം ഒന്നും പറയാതെ മറഞ്ഞിരിക്കുന്നു


ശ്രീനാഥന്‍ പറഞ്ഞു...

ഇങ്ങനെ കഥ പറയുന്നത് വായിക്കാൻ സുഖം തന്നെ.പരിസരങ്ങളും മനുഷ്യരും ലയിച്ചു ചേർന്ന ഒരു അവസ്ഥ.

പ്രയാണ്‍ പറഞ്ഞു...

@ajith നിങ്ങളീ വായിക്കുന്നതൊക്കെത്തന്നെ വാവയുടെ വിശേഷം..:)

@ മുകിൽ അങ്ങിനെ ഒരുപാടുപേരുണ്ട്.. ഓര്‍മ്മകളില്‍ വന്നു വിളിക്കുന്നവര്‍...

@sidheek Thozhiyoor
@ AMBUJAKSHAN NAIR
@ആറങ്ങോട്ടുകര മുഹമ്മദ്‌
സന്തോഷം

@ ശ്രീ അതേ ശ്രീ . നാട്ടില്‍ പോകാനുള്ള തിരക്കുകള്‍ക്കിടയില്‍ പെട്ടന്ന് എഴുതി തീര്‍ത്തതാണ്.

@രവീണ്‍ അതു തന്നെ...

@ നീലക്കുറിഞ്ഞി ഞാന്‍ ധന്യയായി...:)

@MyDreams ഇപ്പോ എനിക്കു ചോയിച്ചിയുടെ കയ്യും പിടിച്ച് കണ്ണില്‍കണ്ണില്‍നോക്കി സംസാരിച്ചിരിക്കാന്‍ കൊതിയാകുന്നു..

ശ്രീനാഥന്‍ :)

jayanEvoor പറഞ്ഞു...

പഴയകാലം, പഴയ് ഓർമ്മകൾ, വ്യക്തികൾ...

ഇടയ്ക്കിങ്ങനെ ഓർക്കുകയെങ്കിലും ചെയ്യുന്നതാണ് നമുക്കു ചെയ്യാവുന്നത്...

നന്നായി!

ente lokam പറഞ്ഞു...

തിരക്കില് ആണെങ്കില എന്ത് ??
എല്ലാ കൂട്ടുകാരെയും പരിചയപ്പെടുത്തി
മലയും നാടും കൂടെ കൊണ്ട് നടന്നു
കാട്ടിതന്നല്ലോ.

ചോയിച്ചിയോടു ഞങ്ങള്ക്ക് കൂടി സ്നേഹം
തോന്നുന്നു.അതല്ലേ ഈ എഴുത്തിന്റെ
വിജയം. ആശംസകൾ . അപ്പോൾ പോയി
വരൂ.

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

വായിക്കാനൊത്തിരി വൈകി. ഇത്രയും ഹൃദ്യമായ ഈ ഓര്‍മ്മക്കുറിപ്പ് വായിക്കാതെ പോയിരുന്നെങ്കില്‍ വലിയൊരു നഷ്ടമാവുമായിരുന്നു.

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

പ്രയാണ്‍ .....മനോഹരമായ ഓര്‍മ്മകള്‍ ..നല്ല അവതരണം.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

പലപ്പോഴും ഈ കുറ്റ ബോധം എനിക്കും തോന്നാറുണ്ട് . വളരെ നാളുകൾക്കു ശേഷം ചില സൌഹൃദങ്ങളെ തിരികെ ലഭിക്കുമ്പോൾ ഒന്നും പ്രതികരിക്കാനില്ലാതെ വരും .
പിന്നെ , പിന്നെ അതോര്ത്തു വിഷമിക്കുകയും ചെയ്യും .
സോറി , അതിനിടക്ക് എഴുത്തിനെ കുറിച്ച് പറയാൻ വിട്ടു പോയി
ചോയിച്ചിയെ വായിക്കാതെ പോയിരുന്നെങ്കിൽ നഷ്ടമായേനെ ..
കാരണം
മൊട്ടകുന്നിറങ്ങി കെട്ടു പന്തുകളുമായി വരുന്ന ചില കളി കൂട്ടുകാര് ,
നാലഞ്ചു മുതലാളിമാരുടെ വീടുകൾക്ക് ശേഷം മരം കൊണ്ട് ഉടുമ്പിന്റെ രൂപം ഉണ്ടാക്കി വെച്ച ഒരു ഒറ്റ വീട് ,അത് കഴിഞ്ഞു പിന്നെയും കുറെ വിജനമായി നടന്നാൽ ,
മുല മറക്കാൻ അഞ്ചെട്ടു കല്ല്‌ മാലകൾ മാത്രം അണിഞ്ഞ ഒരു അമ്മച്ചി , അമ്മച്ചിയുടെ ഓല കുടിൽ
സ്കൂളിലേക്കുള്ള എന്റെ യാത്രയിൽ എന്നും കടന്നു പോയിരുന്ന ഇവിടെ എവിടെയോ ആണ് ചോയിച്ചിയും എന്ന് തോന്നിപ്പോയി .. ആശംസകൾ

Echmukutty പറഞ്ഞു...

വായിക്കാന്‍ വല്ലാതെ വൈകി, അതിന്‍റെ നഷ്ടം എനിക്ക്....

മനോഹരമായി എഴുതി കേട്ടൊ. ആശംസകള്‍

വിജീഷ് കക്കാട്ട് പറഞ്ഞു...

വാവച്ചേച്ചിയുടെ ചോയിച്ചി ചേച്ചിയെയും വല്ലോറ മലയുടെ നിഗൂഢ സൗന്ദര്യത്തെയും വിടാതെ പിന്തുടരുന്ന ഓര്‍മകളെയും നനഞ്ഞ ഭൂതകാലത്തെയും നെഞ്ചോടു ചേര്‍ക്കുന്നു.

Typist | എഴുത്തുകാരി പറഞ്ഞു...

പ്രയാണത്തിനിടയില്‍ നഷ്ടപ്പെടുന്ന പലതില്‍ ഒന്നിതും...

ശിഹാബ് മദാരി പറഞ്ഞു...

പ്രതീക്ഷ നൽകുന്നത് . പാരമ്പര്യ രീതി . നല്ല കഥ

Girija chemmangatt പറഞ്ഞു...

nalla katha abinandanangalPrasanne!