വെള്ളിയാഴ്‌ച, ജൂൺ 17, 2011

ഒരു പൊട്ട് ബാല്യം.........


ഞങ്ങളുടേതല്ലാത്ത

ഒരിക്കല്‍

ഞങ്ങളുടേതായിരുന്ന

വീട്ടിലൊരിക്കല്‍ പോണം.

ഉമ്മറത്തെത്തിയതും

ബാഗ് വലിച്ചെറിഞ്ഞ്

അമ്മതരുന്ന

ചായമോന്തിക്കുടിച്ച്

തൊടിയിലേക്കോടണം

ആളോളം വളര്‍ന്ന

പുല്ലിനിടയിലൂടെ

ആളില്ലേയെന്ന്

ഒളിച്ചുകളിക്കണം

കണ്ടേയെന്ന് തലനീട്ടിയ

മൂര്‍ഖമ്പാമ്പിനെക്കണ്ട്

പേടിച്ചോടണം

ഉടുപ്പില്‍പറ്റിപ്പിടിച്ച

എയ്യംമ്പുല്ലുതട്ടി

ചൊറിഞ്ഞുതിണര്‍ക്കണം

മരങ്ങളായമരങ്ങളുടെ

മോളിലെല്ലാം

വലിഞ്ഞുകയറി

ഒളോര്‍മാങ്ങനീരൂറ്റിക്കുടിച്ച്

തോലൂതിവീര്‍പ്പിച്ച്

ഇനിവരുന്നവര്‍ക്കായി

മാഞ്ചോട്ടിലിടണം

മേലേത്തൊടിയിലെ

പാറപ്പുറത്തിരുന്ന്

വെയിലുകായുന്ന

കുറുക്കന്മാരെ

പിന്നാലെയോടി

പേടിപ്പിക്കണം

കുറുക്കന്‍മ്പുല്ലു

പറിച്ചു തിരുമ്മി

കൂട്ടുകാരെ മണപ്പിക്കണം.

കൂരിപ്പഴംപൊളിച്ച്

നാവുകൊണ്ട് തൊട്ട്

പുളിയെന്നുതുപ്പണം

നീലകോശാമ്പൂവില്‍

കണ്ണനെത്തിരയണം

വല്ലോറ മലയില്‍നിന്നും

പാഞ്ഞു വരുന്ന

മഴത്തുള്ളികള്‍

മുറ്റത്തെ മഴവെള്ളത്തില്‍

വീണു കുമിളകളാകുന്നത്

പിന്നെ ഒഴുക്കിനൊപ്പം

യാത്ര തുടരുന്നത്

തുടരും മുന്‍പ്

തകര്‍ന്നടിയുന്നത് കണ്ട്

ഉമ്മറപ്പടിയില്‍

കമിഴ്ന്നുകിടന്നൊന്ന്

നെടുവീര്‍പ്പിടണം.

സന്ധ്യയുടെ നിശബ്ദതയിലേക്ക്

വൈലോപ്പിള്ളിയും ചങ്ങമ്പുഴയും

ഉറക്കെ നീട്ടിപ്പാടണം

ജനലരികില്‍വന്നുവിളിച്ച

മിന്നാമിന്നിയെ

നോക്കിയിരിക്കണം

ചൂളംവിളിച്ചുകൊണ്ട്

വീട്ടുകണക്ക് ചെയ്യണം

അസമയത്ത് ചൂളംവിളിച്ച

പാമ്പിന്റെ കഥ

പറഞ്ഞു വിയര്‍ക്കുന്ന

കുഞ്ഞീഷ്ണന്നായര് കാണാതെ

വായപൊത്തിച്ചിരിക്കണം

നിറഞ്ഞ ഇരുട്ടില്‍

കിണറ്റുവാതിലിലൂടേ

ദൂരെ തുരുത്തമലയില്‍

കത്തുന്ന തീകണ്ട് പേടിക്കണം

പിന്നെ വ്ടക്കേമുറീല്‍

അമ്മേടെമാറില്‍ മുഖംപൂഴ്ത്തിയൊന്നു

തളര്‍ന്നുറങ്ങണം.

ഇതിനെ നോസ്റ്റാള്‍ജിയ

എന്നിരട്ടപ്പേരിടരുത് കാരണം

ഇത് നിങ്ങള്‍ക്കു നുണയാനായി

ഞാന്‍ തരുന്ന എന്റെ പ്രിയപ്പെട്ട

ബാല്യത്തിന്‍റെ ഒരു പൊട്ടാണ്......

എന്റെകുട്ടികള്‍ക്ക് വേണ്ടി

കരുതിവെക്കാന്‍ കഴിയാതെ

പ്രവാസത്തില്‍ കൈവിട്ടുപോയ

എന്റെ പ്രിയപ്പെട്ടബാല്യം.

18 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഇതിനെ നോസ്റ്റാള്‍ജിയ

എന്നിരട്ടപ്പേരിടരുത് കാരണം

ഇത് നിങ്ങള്‍ക്കു നുണയാനായി

ഞാന്‍ തരുന്ന എന്റെ പ്രിയപ്പെട്ട

ബാല്യത്തിന്‍റെ ഒരു പൊട്ടാണ്......

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

എന്റെയും ...

നികു കേച്ചേരി പറഞ്ഞു...

എന്റെ പ്രിയപ്പെട്ട

ബാല്യത്തിന്‍റെ ഒരു പൊട്ടാണ്......

:))

ശ്രീനാഥന്‍ പറഞ്ഞു...

ഇതു ലക്ഷണയുക്തമായ ഗൃഹാതുരത്വം തന്നെ, നൂറു ശതമാനം. മനസ്സിന്റെ ബാല്യതന്തികളെ തൊട്ടുണർത്തുന്ന ഹൃദയം കവരുന്ന ഒരാവിഷ്ക്കാരം.

the man to walk with പറഞ്ഞു...

മുത്തങ്ങ പുല്ലിന്‍റെ ഗന്ധം ..
അതിനു ഓര്‍മയെന്നാണോ പറയേണ്ടത് ..
ആശംസകള്‍

- സോണി - പറഞ്ഞു...

കുറച്ചൊന്നുമല്ലല്ലോ കുറുമ്പുകള്‍... ആ കാലത്തേയ്ക്ക് ഒരു നിമിഷത്തെയ്ക്കെന്കിലും തിരികെ പോവാന്‍ കൊതിയ്ക്കാത്ത ആരെങ്കിലും ഉണ്ടോ?

ജന്മസുകൃതം പറഞ്ഞു...

കുറച്ച് ദിവസമായി എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു തിരിച്ചു പോക്കിന്റെ ഈരടികള്‍ ഉറവു പൊട്ടാന്‍ കുതിക്കുകയായിരുന്നു.
എന്നെ തോല്‍പ്പിച്ചു പ്രസന്ന ഓടി മുന്നിലെത്തി കുസൃതി കാണിച്ചു അല്ലേ?
അഭിനന്ദനങ്ങള്‍.....

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായ ഈ ബാല്യ സ്മൃതിക്കു ഒരു നൂറുമ്മ ...:)
കുട്ടിക്കാലത്തെ ആ പഴങ്ങള്‍ ,ചെടികള്‍ ,ജീവികള്‍ ,കളികള്‍ ഇതിന്റെയൊക്കെ പേരുകള്‍ പോലും പുതിയ തലമുറയ്ക്ക് അറിയില്ലല്ലോ ചേച്ചീ ...
സത്യത്തില്‍ ബാല്യം നഷ്ടപ്പെടുന്നത് നമ്മള്‍ക്കല്ല ..നമ്മുടെ കുട്ടികള്‍ ക്കാണ്..നാളെ അവരുടെ ബാല്യത്തെ ക്കുറിച്ച് എന്തോര്‍ത്തു അവര്‍ പാടും ?

ഹരീഷ് തൊടുപുഴ പറഞ്ഞു...

ബോർഡെർ കളറും ഫോണ്ട് കളറും തമ്മിലുള്ള ചേർച്ചയില്ലായ്മ വായനാസുഖം നശിപ്പിക്കുന്നു ചേച്ചീ..

ആശംസകളോടേ..

Manoraj പറഞ്ഞു...

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം
വെറുതെ മോഹിക്കുവാന്‍ മോഹം

ചേച്ചി നല്ല ഒരു ബാല്യകാല ഓര്‍മ്മകള്‍. ഇത്രയും മനോഹരമായ ബാല്യം ഇന്നത്തെ കുട്ടികള്‍ക്ക് കണികാണാന്‍ കിട്ടില്ല എന്ന സങ്കടം മാത്രം.

പ്രയാണ്‍ പറഞ്ഞു...

അനില്‍
നികു
the man to walk with
നമുക്ക് കൂട്ടായി നോസ്റ്റാള്‍ജിക്കാം..:)

ശ്രീനാഥന്‍ അങ്ങിനെ വിളിക്കാതെ വയ്യാല്ലേ..:)

സോണി -ഇതൊരു പൊട്ട് മാത്രം...:)

ലീല എം ചന്ദ്രന്‍.. ബാല്യത്തിനെപ്പറ്റി എത്ര വായിച്ചാലാ മതിയാവ്വാ ടീച്ചര്‍ .എഴുതിക്കോളൂ വായിക്കാന്‍ ഞങ്ങളൊക്കെയുണ്ട്..:)

രമേശ്‌ അരൂര്‍
മനോരാജ് പക്ഷേ അവരത് സമ്മതിച്ചുതരില്ലാട്ടോ..:) കംപ്യൂട്ടര്‍ ഇല്ലാത്ത നിങ്ങളുടെ ബാല്യം എന്തിന്നുകൊള്ളാം എന്നാണ് അവരുടെ ചോദ്യം. ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ എല്ലാവരേം ടീ വി ക്കുമുന്നില്‍ നിന്നിറക്കി പഴുത്തമാങ്ങ ഊംമ്പിക്കുടിക്കാനും മണ്ണപ്പമുണ്ടാക്കാനും പഠിപ്പിച്ച ചാരിതാര്‍ത്ഥ്യവുമായാണ് തിരുച്ചുപോന്നത്...:)

ഹരീഷ് നന്ദി . ഒന്നു മാറ്റിയിട്ടുണ്ട്. അന്നത് തിരക്കിട്ട് ചെയ്തതായിരുന്നു. പിന്നെ സുഖമില്ലെന്ന് തോന്നിയെങ്കിലും മാറ്റാന്‍ സമയം കിട്ടിയില്ല.

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

നന്നായെഴുതി....

വരികൾ ഒന്നുകൂടി ഒതുക്കാമായിരുന്നു എന്നത് എന്റെ എളിയ അഭിപ്രായം.

Echmukutty പറഞ്ഞു...

എന്തൊരു ബാല്യം.........ആഹാ!
മനോഹരമായെഴുതി. അഭിനന്ദനങ്ങൾ.

Unknown പറഞ്ഞു...

എന്റെ ബാല്യാമേ .......

ഞാന്‍ മറന്നു പോയിരിക്കുന്നു എന്റെ ബാല്യം ...
ഓര്‍മ്മിപ്പിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് അത് പോലെ ഉള്ള ബാല്യവുമില്ല ....
ഒരികല്‍ കൂടി ഓര്‍മിപ്പിച്ചതിനു ഒരായിരം നന്ദി ....ഇത് പോലെ ഉള്ള നന്നമകള്‍ ഉണ്ടാവട്ടെ ..

(ഇപ്പൊ അടുത്ത് നാട്ടില്‍ പോയപ്പോള്‍ എഴുതിയ കവിത ആണോ ?)

വിജീഷ് കക്കാട്ട് പറഞ്ഞു...

കവിത ഓര്‍മയുടെ
വിതയും കൊയ്ത്തുമാണെന്ന്
ചേച്ചി തെളിയിച്ചിരിക്കുന്നു...
ഇത്തരം ഒരു കുട്ടിക്കാലം എത്രപേര്‍ക്ക്
കിട്ടിക്കാണും എന്നറിയില്ല.
ഞാന്‍ അനുഭവിച്ചിട്ടുണ്ട്
ചേച്ചി കവിതയില്‍ക്കുറിച്ച പലതും...
വെറും ഒരു ഓര്‍മപറച്ചിലില്‍ നിന്നു
കവിത വ്യത്യസ്തമാകുന്നത്
നഷ്ടപ്പെട്ട വീടിനെകുറിച്ചുള്ള
സ്വപ്്‌നങ്ങളിലൂടെയാണ്.
ഇന്ന് ആ വീട് ഞങ്ങളുടേതല്ലെന്ന്
ഓര്‍മപ്പെടുത്തുന്നതിലൂടെ
നഷ്ടബാല്യത്തെ പോലെത്തന്നെ
വേരുകള്‍ നഷ്ടപ്പെടുന്നതിന്റെ വേദനയും
അനുഭവപ്പെടുന്നുണ്ട് കവിതയില്‍...
നാട്ടുവഴികള്‍ പോലും മാഞ്ഞുതുടങ്ങിയ
ഇക്കാലത്ത് ബാല്യത്തെക്കുറിച്ചുള്ള സ്മരണകള്‍
പെറുക്കിയെടുക്കുക വലിയ പ്രയാസമാണ്...
ചേച്ചി അതു മനോഹരമായി നിര്‍വഹിച്ചിരിക്കുന്നു..
നാട്ടുമാമ്പഴം ഊറ്റിക്കുടിച്ച സുഖം
ഈ ഒരു പൊട്ട് ബാല്യം എനിക്കു തന്നു....
നന്ദി.....

Unknown പറഞ്ഞു...

അരൂര്‍ജിയുടെ കമന്റിനടിയിലൊരൊപ്പ്!

ഈ എയ്യന്‍ പുല്ല നിങ്ങട നാട്ടിലിണ്ടല്ലേ :)
പണ്ട് കൈ നിറയെ ഇത് പറിച്ചേടുത്ത് വെയിലത്ത് വെയിലത്ത് വെക്കും, വെയിലേറ്റ് കഴിഞ്ഞാ ഒരു കുരുവിക്കൂട് പോലാവും..

എന്നാലും ഒക്കെപ്പറഞ്ഞ് കൊതിപ്പിച്ച്! :(

(കണ്ടേയെന്ന് തലനീട്ടിയ
മൂര്‍ഖമ്പാമ്പിനെക്കണ്ട്
പേടിച്ചോടണം.. ഉവ്വുവ്വേ..ഹിഹിഹി!!)

പ്രയാണ്‍ പറഞ്ഞു...

രഞ്ജിത്ത് -എത്ര ഒതുക്കിയാലും അതിങ്ങിനയെ വരുള്ളു......:)
Echmukutty - കൊതിപ്പിച്ചു അല്ലേ.. സന്തോഷായി .:)

MyDreams - അത് നിന്റെ കുഴപ്പമാണ്...... തിരഞ്ഞു നോക്കൂ കിട്ടും.

വിജീഷ് - വളരെ നല്ല ഒരവലോകനം. കവിതയെപ്പറ്റി നന്നായിപറഞ്ഞതുകൊണ്ടല്ല അത് മനസ്സിലാക്കണമെങ്കില്‍ ആ നഷ്ടബോധം അനുഭവിച്ചിരിക്കണമെന്നതാണ്.......... വിജീഷിനൊരുപക്ഷേ വരും തലമുറകളിലൂടെ അത് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കാം . അത് മുഴുവനുമായി നഷ്ടപ്പെടുത്തി എന്നതാണെന്റെ സങ്കടം.

നിശാസുരഭി- കൊതിച്ചിപ്പാറൂ ദേ പാമ്പ്....:)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

balayathinte sukhamulla ormmakal.........