ചൊവ്വാഴ്ച, ജൂലൈ 27, 2010

ചില മണങ്ങള്‍ അങ്ങിനെയാണ്..........

ചില മണങ്ങള്‍ അങ്ങിനെയാണ്..........ഓര്‍മ്മച്ചിമിഴിലേക്ക് കണ്ണുകെട്ടികൂട്ടിക്കൊണ്ടുപോകും.........മുത്തുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ചിപ്പിയിലേക്ക് കയറ്റിവിട്ട് പുറത്തുനിന്നും പതുക്കെ അമര്‍ത്തിയടയ്ക്കും. നമ്മള്‍ പുറത്തുകടക്കണമെന്നതോര്‍ക്കാതെ മുത്തിനെ തടവിയും താലോലിച്ചും അങ്ങിനെയിരുന്നുപോവും. പിന്നെ ആരെങ്കിലും ചിപ്പിയില്‍നിന്നും അടര്‍ത്തിയെടുക്കാന്‍ നോക്കിയാലും തിരിച്ചുപോവാന്‍ കൂട്ടാക്കാതെ അവിടെത്തന്നെയിരുന്നുപോകും. അഥവാ വിരല്‍ത്തുമ്പിലെ പിടി വിടുവിക്കാനാവാതെ ഇറങ്ങിപ്പോന്നാലും മനസ്സ് അവിടെ മറന്നുവെച്ചു പോരും.

വൈകുന്നേരത്തെ നടത്തങ്ങള്‍ക്കിടയിലാണ് ഇത്തരം അധിനിവേശങ്ങള്‍ പലപ്പോഴും നടക്കാറ്. പ്രത്യേകിച്ചും മഴക്കാലങ്ങളിലെ ഈറന്‍കാറ്റില്‍ പറന്നെത്തുന്ന മണങ്ങളില്‍ ഒരുപാട് ഓര്‍മ്മകള്‍ പതുങ്ങിയിരിക്കുന്നുണ്ടാവും.
പാമ്പിന്‍ങ്കാവിലെ പാരിജാതവും ഇലഞ്ഞിയും തിരഞ്ഞ് നടന്ന് വഴിതെറ്റി പേരറിയാത്തയേതോ പൂവിനുമുന്നിലെത്തി പകച്ചു നിന്നിട്ടുണ്ട്.

കിരണ്‍ ദേശായിയുടെ 'സ്മെല്‍' വായിച്ചകാലത്താണ് ത്രില്ലടിച്ചുനടന്നിരുന്നത്. അതിലെ കഥാപാത്രത്തിനെപ്പോലെ ചില മണങ്ങള്‍ വിരുന്നുവന്നാല്‍ ദിവസം മുഴുവന്‍ കൂടെ നടക്കുമായിരുന്നു. പിന്നെയെപ്പൊഴോ അതൊരു ശല്യമായപ്പോഴാണ് ഡോക്ടറുടെയടുത്ത് പോയത്. നിങ്ങളുടെ സൈനസ്സിന്റെ കുഴപ്പമാണെന്ന ഡോക്ടറുടെ പറച്ചിലോടെ കിരണ്‍ ദേശായിയുടെ ഭൂതം കയ്യൊഴിഞ്ഞു. ഡോക്ടര്‍ തന്ന ഒരു സ്പ്രേ ഉപയോഗിച്ചതോടെ എല്ലാ മണങ്ങളും രുചികളും ഒപ്പം പടിയിറങ്ങിയും പോയി. പിന്നെ പുട്ടിനു വറക്കുമ്പോള്‍ വറവുമണം വന്നോയെന്ന് സിറ്റിംങ് റൂമിലേക്ക് വിളിച്ചു ചോദിക്കേണ്ട ഗതികേടായിരുന്നു.

ഇപ്പോള്‍ ഭാഗികമായി തിരിച്ചു കിട്ടിയ മണത്തിനെ വെച്ചാണ് ഞാനെന്റെ ഓര്‍മ്മകള്‍ക്ക് പിന്നാലെ പായുന്നത്.

കള്ളക്കുറുക്കന്റെ കല്യാണമെന്ന് ഞങ്ങള്‍ വിളിക്കുന്ന പൊന്‍വെയിലില്‍ കുളിച്ചുനില്‍ക്കുന്ന മഴനനയാനുള്ള മോഹവുമായാണ് ഇന്നലെ വൈകുന്നേരം നടക്കാനിറങ്ങിയത്. അരാവലിയുടെ താഴ്വാരമായതിനാല്‍ ചെറുതായിട്ടെങ്കിലും നാട്ടിലെ ഭൂപ്രകൃതിയുമായൊരു സാമ്യമുണ്ടിവിടെ. നല്ല വെയിലുള്ളയിടമായതിനാല്‍ ഓരോ മഴച്ചാറലിലും മണ്ണിന്റെ ദാഹമറിയും.
വഴിയരുകിലെ ഇസ്ത്രിക്കാരെ കടന്നുപോയപ്പോഴാണ് ഒരു മണം പൊടുന്നനെ വന്ന് പരിചയം പുതുക്കിയത്....... നാട്ടില്‍ അടുപ്പിലെ വെണ്ണീറില്‍ വെള്ളം തളിച്ച മണം ..........വളപ്പില്‍ കൂട്ടിയിട്ടു കത്തിച്ച ചപ്പിലയില്‍ മഴപെയ്തുനനഞ്ഞമണം........അതിലിട്ടു ചുട്ടെടുത്ത ചെറുകിഴങ്ങിനുമേല്‍ വേഗം തണുക്കാന്‍ വെള്ളം തളിച്ചമണം. കുട്ടിക്കാലത്തെ ഗൃഹാതുരമായ വൈകുന്നേരങ്ങള്‍ മുന്നിലെത്തിയപ്പോള്‍ സ്വപ്നാടനത്തിലെന്നപോലെയായി നടത്തം. സന്ധ്യനേരം...... കുശലം പറഞ്ഞുപോയമഴ............മുറ്റത്ത് ചാരുകസേരയില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് വായിക്കുന്ന അച്ഛന്‍ .......... കത്തിയെരിയുന്ന ചപ്പിലക്കൂട്ടത്തില്‍ കിടന്ന് വേവുന്ന ചെറുകിഴങ്ങ് .... തീക്കു ചുറ്റും വികൃതികാട്ടി നടക്കുന്ന ഞങ്ങളെ കുറിച്ച് അച്ഛനോട് പരിഭവം പറയുന്ന അമ്മ.......... വഴക്ക് ഒരു നോട്ടത്തിലൊതുക്കുന്ന അച്ഛന്‍. നാട്ടിലെത്തി മണവും മഴയുമെല്ലാം തിരിച്ചുപിടിച്ചാലും കുട്ടിക്കാലവും ആ വീടും മുറ്റവും അച്ഛനും ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം നഷ്ടമായിക്കഴിഞ്ഞല്ലൊ............

6 അഭിപ്രായങ്ങൾ:

the man to walk with പറഞ്ഞു...

enthinaa aa kazhivine padiyirakkiyath ..chayayil mukkiya biscuit kuttikalatheykkulla ticket pole...

പ്രയാണ്‍ പറഞ്ഞു...

നാട്ടിലുള്ളവര്‍ക്കൊരുപക്ഷെ മനസ്സിലാവില്ല ഇതൊന്നും.......

ശ്രീനാഥന്‍ പറഞ്ഞു...

ഓര്‍മയുടെ സുഗന്ധമുള്ള പോസ്റ്റ്, നാട്ടിലുള്ളവര്‍ക്കും ഇതു മനസ്സിലാകും , കാരണം ഈ മണങ്ങള്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു, സുഖകരമായ ഒരു ശൈലി, കാറ്റില്‍ നനുത്ത ഗന്ധം പ്രസരിക്കും പോലെ!

പ്രയാണ്‍ പറഞ്ഞു...

the man to walk with- നഷ്ടപ്പെടുത്തണമെന്നു മോഹമുണ്ടായിട്ടല്ല...........അവസാനം ഇഷ്ടമില്ലാത്ത മണങ്ങള്‍ മാത്രമായി കൂട്ടിന്............
Thommy - നന്ദി.......വന്നതിന്ന്
ശ്രീനാഥന്‍ - സന്തോഷം വന്നതിന്നും നല്ല വാക്കുകള്‍ക്കും. ശരിയാണ്.. ഞങ്ങള്‍ നാട്ടിന്‍പുറം കൊതിച്ചു ചെല്ലുമ്പോള്‍ അവിടെയുള്ളവര്‍ നഗരത്തിലേക്കു കുതിക്കാന്‍ കൊതിക്കുന്നു.

വരവൂരാൻ പറഞ്ഞു...

മനോഹരം

ആശം സകൾ

Echmukutty പറഞ്ഞു...

ഈ മണങ്ങളൊന്നും നാടിനും ഉത്തരേന്ത്യയ്ക്കുമല്ല ഓർമ്മകൾക്കാണ്, ഓർമ്മകളുടെ മണങ്ങൾ.