വെള്ളിയാഴ്‌ച, ജൂലൈ 02, 2010

ഇടനാഴിയിലെ..............


സന്ദര്‍ശനസമയം കഴിഞ്ഞ്
വരാന്തകള്‍ ഒഴിഞ്ഞപ്പോഴാണ്
നൂറ്റൊന്നാം നംമ്പറിലെ തലയിണയിലെ
തുപ്പലുണക്കത്തില്‍ നിന്നും ദാസേട്ടനും
നൂറ്റെട്ടിലെ കട്ടിലില്‍ ചുറ്റിപ്പിണഞ്ഞ
മുടിച്ചുരുളായവശേഷിച്ച സുമേടത്തിയും
ദേവയാനി അമര്‍ത്തിത്തുടച്ചിട്ടും
മായാത്ത ചോരപ്പൊട്ടായി
ഇന്നും ബാക്കിയായ കരുണനും
ഉറക്കെയൊരു നിലവിളിയായി
മോന്തായത്തില്‍ കയറിപ്പറ്റിയ
കിണറ്റുവീട്ടിലെ കതീശുമ്മയും
ഇടനാഴിയിലേക്കിറങ്ങിവന്നത്.

വേദന മാറാത്ത നെഞ്ചില്‍
ദാസേട്ടന്‍ അമര്‍ത്തിത്തടവി.
സുമേടത്തിക്ക് ഇനിയും ആധി
കെട്ട്യോനും കുട്ട്യോളുമായിരുന്നു.
എന്നാലും അവരതു ചെയ്തല്ലൊ....
വെട്ടുകൊണ്ടുപിളര്‍ന്ന കരുണന്റെ
തലയില്‍നിന്നും വാര്‍ന്നൊലിച്ച
രക്തത്തിനു വെളുത്ത നിറം.........
കതീശുമ്മ ഇല്ലാത്ത കാലിന്റെ
വേദന ഊതിയൂതിക്കെടുത്തി.

കാറ്റെടുത്തു കടലില്‍ ചോര്‍ത്തിയ
മഴമേഘം പോലൊരു ജീവിതവും
എന്നേക്കുമായി അപഹരിക്കപ്പെട്ട
ജീവിതത്തിന്റെ ഇടനാഴിയും
കാലം ഒന്നിനുപുറകെ ഒന്നായി
വലിച്ചടക്കുന്ന വാതിലുകളും
നിഴല്‍ ചേക്കേറുന്ന ഇരുളില്‍
പേക്കൂത്തു തുടങ്ങുമ്പോള്‍
വരാന്തയാണവര്‍ക്കാശ്വാസം
വല്ലപ്പോഴും ആരുമില്ലാത്തപ്പോള്‍
ആരോടും പറയാനില്ലാത്ത കഥകള്‍
പരസ്പരം പറഞ്ഞിരിക്കുമ്പോള്‍.

1 അഭിപ്രായം:

പ്രയാണ്‍ പറഞ്ഞു...

കവിതയല്ല കഥയുമല്ല ചില ആശുപത്രി വിശേഷങ്ങള്‍............നിഴല്‍ ചേക്കേറുന്ന ഇരുളില്‍ നിന്നും ഇറങ്ങിവന്ന് ഓരോ പൊട്ടും പൊടിയും ഓരോ കഥകള്‍ പറയാന്‍ തുടങ്ങും...........