ചൊവ്വാഴ്ച, ജൂൺ 12, 2012

ഇതാണ്‍...... ഇതാവണം.

നിന്റെ കണ്ണുകളില്‍
ഞാനതു കാണുന്നുണ്ട്.......
ഇതുവരെയൊരു സ്ത്രീയിലും
കാണാതെപോയ
കണ്ണിരിന്റേതല്ലാത്ത തിളക്കം!

കഥകളില്‍ പറഞ്ഞുകേട്ട
പുരാണങ്ങള്‍ പാടിയുറക്കിയ
തെയ്യങ്ങളാടിത്തിമിര്‍ത്ത
വാക്കുകളുടെ മൂര്‍ച്ച!
കാല്‍ ചുവടുകളുടെ കരുത്ത്!

ഭ്രാന്തമാണ് ജല്പനമെന്ന്
പറഞ്ഞു തള്ളുമ്പോഴും
അവര്‍ ഭയപ്പെടുന്നുണ്ട്
നിന്റെ കണ്ണുകളെ
വാക്കുകളെ
കാല്‍ വെയ്പ്പുകളെ
അതിന്നുപിന്നിലണിനിരന്ന ആയിരങ്ങളെ .........

എന്ന്
നെറ്റിയിലെ സിന്തൂരം തുടച്ചുമാറ്റപ്പെടുമെന്ന്
ഉറ്റവരുടെ ചോരയില്‍ ജീവിതം നിറംമാറുമെന്ന്
എത്ര പെണ്‍കുട്ടികളെ തുന്നിക്കൂട്ടിയെടുക്കേണ്ടിവരുമെന്ന്
കാലിനടിയിലെ മണ്ണ് ഊര്‍ന്നുപോകുമെന്ന് ഭയന്ന്
ഊഴംകാത്തിരിക്കുന്നൊരു ലോകം.

അമ്മമാര്‍ !
ഭാര്യമാര്‍ !
പെങ്ങന്‍മാര്‍ !
പെണ്മക്കള്‍ !

നിനക്കു ഞാനൊരു പൂവുതരാം
ഒന്നു ഞാനുമണിയാം
ഒരു ചുകന്ന ചെമ്പരുത്തിപ്പൂവ് ......
എന്നും മനസ്സില്‍ രാകി മൂര്‍ച്ചകൂട്ടിവെക്കുന്ന
കത്തി നമുക്ക് പുറത്തേക്കെടുക്കാം.
കരച്ചില്‍ നിര്‍ത്തി പുറത്തേക്കിറങ്ങാം
അതിരുകളില്ലാതെ ഓരോ സ്ത്രീക്കും വേണ്ടി ....
ഇനി സ്ത്രീയെന്നാല്‍ ഇതാവണം.
ഇതാണ്‍.

ഞായറാഴ്‌ച, ജൂൺ 10, 2012

അപ്രിയസത്യങ്ങള്‍ ......


 


സത്യത്തിന്റെ കാലില്‍
അണിഞ്ഞുകൊടുക്കണം
ഇനിയൊന്നഴിക്കാന്‍ പറ്റാതെ
നല്ലോടില്‍ തീര്‍ത്തൊരു ചിലമ്പ്.........

ഓരോ വെട്ടിലും ആഹൂതം
ഉയിര്‍ത്തെഴുനേല്‍ക്കാന്‍
നൂറുമഞ്ഞളായ് ചോരക്കുരുതി
രണ്ടെന്നു പിരിയാതിരിക്കാന്‍
നുരയുന്ന തുള്ളികള്‍ ഉയിരിന്‍
ശക്തിയായ് പെരുകിനിറയാന്‍
ഉതിരുന്ന അരുളപ്പാടുകള്‍ക്ക്
ഉന്നം പിഴക്കാതിരിക്കാന്‍
തെറ്റിന്‍ ഉള്ളം കടഞ്ഞുറയും
നേരിന്നമൃതം നേടാന്‍
സത്യത്തിന്റെ കാലില്‍ വൈകാതെ
അണിയണം വെറുതെ
അലങ്കാരമാകാത്തൊരു ചിലമ്പ്.........

*****************
 ഒരു തിരുത്തലിന്റെ അനിവാര്യതയെ വെട്ടുകള്‍ക്കപ്പുറം
അര്‍ദ്ധവിരാമങ്ങളായും പൂര്‍ണ്ണവിരാമങ്ങളായും ഒതുക്കുമ്പോള്‍
കാലം ചിരിക്കുന്നു..എത്രകൊണ്ടാലും പഠിക്കില്ലല്ലോയെന്ന്.....

ഒരുകൈ ചിതയിലെരിഞ്ഞടിയുമ്പോളതിന്റെ ചൂണ്ടുവിരല്‍
മറുകൈ നേര്‍ക്ക് തിരിയുമോയെന്നൊരു ഭയം പല്ലിളിച്ചു
മുഖം ചുമപ്പിക്കുന്നുണ്ട് ഇടവഴികളിലെവിടെയോ .......

ഒരു കഥാകഥനത്തിനെന്ന്   മുഖാമുഖമിരിക്കുമ്പോള്‍ 
മുഖംമൂടിക്കുള്ളിലൊളിപ്പിച്ചുവെച്ച അപ്രിയസത്യങ്ങള്‍
ആടിത്തിമിര്‍ക്കുന്നുണ്ട് വേദിയില്‍ വിദൂഷകരെപ്പോലെ....

തിങ്കളാഴ്‌ച, മേയ് 28, 2012

കാവേരി.....






ഇദ്താന്‍കാവേരി......

ഇത്!

ആമാം. കാവേരി റിവര്‍ കേട്ടിരിക്കീങ്കളാ...?

നിസര്‍ഗധാമയിലേക്ക് നീളുന്ന  തൂക്കുപാലനടിയിലൂടെയൊഴുകുന്ന കറുത്ത നിറത്തിലുള്ള അഴുക്കുവെള്ളം. ഇരുകരയിലും ടൂറിസ്റ്റുകളുടെ തിരക്ക്. പുഴയില്‍ തട്ടിയും മുട്ടിയും നിറയെ ബോട്ടുകള്‍ . ഈ ഇത്തിരി വെള്ളത്തിലുള്ള ബോട്ടിങ്ങിനു 
എന്തുരസമാണോ ആവോ! വരണ്ടുണങ്ങിയ  സ്ഥലം ... വിശന്നു വലഞ്ഞ മാനുകള്‍ . മാനുകളുടെ ദയനീയത കണ്ടിട്ടോ എന്തോ മുന്നിലെ കുരുന്നുവെള്ളരിക്ക വില്‍ക്കുന്ന കടയില്‍ നല്ല തിരക്ക്...... വേണമെങ്കില്‍ കൊമ്പൊടിഞ്ഞ ആനപ്പുറത്തൊരു സവാരിയും തരപ്പെടുത്താം. തിരക്കിട്ടു പുറത്തേക്കു നടക്കുമ്പോള്‍ കാവേരിയുടേതെന്ന് ആകെ തോന്നിച്ചത് താഴെ വെള്ളത്തില്‍ പുളച്ചുകൊണ്ടിരുന്ന വലിയ മീനുകള്‍ മാത്രം.

വരള്‍ച്ചയില്‍ നനവായ് പടരുന്ന, മുറിവുകളില്‍ തണവായ് പുരളുന്ന, നിനവുകളില്‍ കനവായ് നിറയുന്ന , വൃഷ്ടികളില്‍ വൃദ്ധിയായി പെരുകുന്ന....

" അമ്മ ... അത് നീങ്ക ശൊല്‍വത് വന്ത് അമ്മ കാവേരിയെപ്പറ്റിതാന്‍ ..... ഇത്കുട്ടിക്കാവേരി."

ദാവിണിയണിഞ്ഞ് കനകാമ്പരം ചൂടി നാണം കുണുങ്ങിയൊഴുകുന്ന കറുത്തുമെല്ലിച്ചനാടന്‍ തമിള്‍ പെണ്‍കൊടി....... ഇനിയവള്‍ പെരിശാ പുടവചുറ്റണം ... പെണ്ണാവണം.... മഞ്ഞള്‍ച്ചരടില്‍ കോര്‍ത്ത് താലികെട്ടണം.. മാതൃത്വമറിയണം... നോവുകളില്‍ ചുരത്താന്‍ പഠിക്കണം...... കാലുഷ്യത്തില്‍ കലങ്ങാതെ ഒഴുകാന്‍ പഠിക്കണം.... അങ്ങിനെ വളര്‍ന്ന് വളര്‍ന്ന് അമ്മക്കാവേരിയായി നിറയാന്‍ പഠിക്കണം.

തൃവേണിസംഗമം ......

കനൈക , കാവേരി പിന്നെയൊരു കഥകളിലുറങ്ങുന്ന നദിയായ സുജ്യോതിയും.

"ഇത് കാവേരി..."


നാട്ടില്‍ വീടിന്റെ വടക്കുപുറത്തുകൂടിയൊഴുകുന്ന തോടിനെക്കാള്‍ ചെറിയൊരു നീരൊഴുക്ക്.

"ഇതോ!"

"
ആമാംമ്മ ..... അന്ത മലയിലേ ഉത്ഭവിച്ച് ഇങ്കൈ ഇന്ത ഇരണ്ടു നദികളുമായി ചേര്‍ന്ന്‍ പെരിസായി ഒഴുകിയിട്ടേയിരിക്കും. "

"ഇങ്കേ കാവേരി ദേവിതാനെ.... സെരിപ്പ് പോട്ടുക്കൂടാത്....." 


 ആല്‍മരച്ചോട്ടില്‍ പത്മാസനത്തില്‍ ഇരുന്നൊരു വൃദ്ധന്‍ സംഗമത്തില്‍ ഇറങ്ങുന്നവരെ ഓര്‍മ്മപ്പെടുത്തി ക്കൊണ്ടേയിരിക്കുന്നു..  കയ്യിലെടുത്ത വെള്ളത്തിന്  കുഞ്ഞിക്കണ്ണുകളുടെ നൈര്‍മ്മല്യം. കുട്ടിയുടുപ്പിട്ട് കാലില്‍ നേര്‍ത്ത വെള്ളിക്കൊലുസണിഞ്ഞ് മലയോടിയിറങ്ങി ഭാഗമണ്ഡലേശ്വര ദര്‍ശനത്തിനെത്തിയ കുഞ്ഞുപെണ്‍കുട്ടി.

"കാവേരിയുടെ ഐതിഹ്യം അറിയ്വോ"
 
  
ഭാഗമണ്ഡലേശ്വര ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ട നമ്പീശന്‍ കഥ പറയാനുള്ള മൂഡിലായിരുന്നു...

"ഇംഗ്ലീഷ് താന്‍ ജാസ്തി തെരിയും. അതിലേ സൊല്ലട്ടുമാ?" ബൈഹാര്‍ട്ട് പഠിച്ചതു ചൊല്ലിക്കേള്‍പ്പിക്കുന്ന ഒരു കുട്ടിയുടെ ഉത്സാഹം പോലെ അദ്ദേഹത്തില്‍ നിന്നും സ്കന്ദപുരാണം  ഒഴുകാന്‍ തുടങ്ങി.


വടക്ക് കാര്യങ്ങളെല്ലാം ഭംഗിയായി നടന്നിരുന്ന ഒരുകാലത്ത് തെക്ക് അസുരന്‍മാര്‍ ശക്തിപ്രാപിച്ച് രാജ്യത്തിന്റെ സന്തുലനം നഷ്ടപ്പെട്ടത്രേ.അതറിഞ്ഞ ദേവേന്ദ്രന്‍ തന്റെ വിശ്വസ്തനായ അഗസ്ത്യമുനിയെ തെക്കോട്ടയക്കുന്നു.

"നല്ലൊരു പൊളിടീഷ്യനായിരുന്നല്ലേ ദേവേന്ദ്രന്‍" എന്നു പുറത്തുചാടിയ വികട സരസ്വതിയെ പുണ്യഗ്രന്ഥങ്ങളെ കളിയാക്കരുതെന്ന് ശാസിച്ച് വിലക്കുന്നു നമ്പീശന്‍.


എന്തായാലും തെക്കുദേശത്തെത്തിയ അഗസ്ത്യമുനിക്ക് കവേരമഹര്‍ഷിക്ക്  വളരെ കാലത്തെ തപസ്സിനും പ്രാര്‍ത്ഥനക്കും ശേഷം ലഭിച്ച പുത്രിയായ കാവേരിയോട് പ്രണയം ജനിക്കുന്നു.  ബ്രഹ്മാംശം ഉള്‍ക്കൊണ്ട കാവേരിക്കാണെങ്കില്‍ തന്റെ ജന്മം ലോകനന്മക്കായി സമര്‍പ്പിക്കാനായിരുന്നത്രെ ഇഷ്ടം. വളരെ പ്രലോഭനങ്ങള്‍ക്ക് ശേഷം തന്നെ ഒരിയ്ക്കലും പിരിഞ്ഞു നില്‍ക്കരുതെന്ന ഉറപ്പില്‍ കാവേരി അഗസ്ത്യമുനിയുടെ ഭാര്യയാവുന്നു. സത്യം പാലിക്കാന്‍ ഒരു കമണ്ഡലുവില്‍ അടച്ചു കാവേരിയെ കൂടെ കൊണ്ടുനടന്ന മുനി ഒരു ദിവസം ശിഷ്യഗണങ്ങളുമായുള്ള സംവാദത്തില്‍ മുഴുകി  തിരിച്ചെത്താന്‍ വൈകുന്നു. കാത്തിരുന്ന് മടുത്ത കാവേരി കമണ്ഡലുവില്‍നിന്നും രക്ഷപ്പെട്ടു ഒഴുകാന്‍ തുടങ്ങിയത്രേ. ഇതുകണ്ട് അഗസ്ത്യന്‍ പിടിക്കാന്‍ ചെന്നപ്പോള്‍ ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങി സംഗമത്തിനടുത്ത് വന്ന്‍ പൊന്തിയെന്നാണ് കഥ. ഇതല്ലാതെ വേറെയും ചില കഥകള്‍  കൂടികേട്ടു.
ഗൂഗിളില്‍ നിന്നും കട്ടത്.

ഓരോ തവണ പിടിക്കാനായി അടുത്തെത്തുമ്പോഴും ദിശമാറിയൊഴുകിയ
കാവേരിയുടെ ഓര്‍മ്മക്കാണത്രേ കുടകുസ്ത്രീകള്‍ സാരി പ്രത്യേകരീതിയില്‍ ഉടുക്കുന്നത്. ഒടുവില്‍ തന്നെ ലോകനന്മക്കായി പോകാന്‍ അനുവദിക്കണമെന്നും കൊല്ലത്തിലൊരിക്കല്‍ എല്ലാവരേയും കാണാന്‍ തിരിച്ചെത്തിക്കൊള്ളാമെന്നും  പറഞ്ഞ് കാവേരി പുഴയായൊഴുകിയെന്നാണ് നാട്ടുഭാഷ്യം. എല്ലാ വര്‍ഷവും തുലാമാസം ഒന്നിന് തുലാസംക്രമണ വേളയില്‍ കാവേരി സംഗമസ്ഥലത്ത് തിളച്ചുപൊന്തി വരുമത്രേ.


ഗൂഗിളില്‍ നിന്നും കട്ടത്..
അഞ്ഞൂറുകൊല്ലം പഴക്കം പറഞ്ഞ ക്ഷേത്രത്തിലെ അമ്പതുകൊല്ലം മാത്രം പഴക്കം തോന്നിക്കുന്ന ശില്പങ്ങളില്‍ ചിലത് അപൂര്‍വ്വസുന്ദരങ്ങള്‍ . കല്ലില്‍കൊത്തിയ താരകാസുരന്റെ ജനനവും (ഒരുകാല്‍ കുതിരപ്പുറത്തും മറ്റേക്കാല്‍ ആനപ്പുറത്തുമായി നില്‍ക്കുന്ന സുരേശയുടെ പ്രസവം) അഷ്ടഗണപതിയുടെ ദാരുശില്‍പവും മനസ്സില്‍ നിന്നും മായാതെയിപ്പോഴും...... ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫോട്ടോയെടുക്കല്‍ നിഷിദ്ധമാണ്‍.

അര്‍ഘ്യം സമര്‍പ്പയാമി.......

ഓം ദ്യൌ  ശാന്തി അന്തരീക്ഷ:
ശാന്തി: പൃഥ്വീ
ശാന്തിരാപ:
ശാന്തി: ഔഷധയ:
ശാന്തി: വനസ്പതയ:
ശാന്തി വിശ്വേദേവാ........

ഓം ശാന്തി ...ശാന്തി... ശാന്തി


ഗൂഗിളില്‍ നിന്നും കട്ടത്.

ഒരു ചതുരശ്രയടി കല്‍ത്തളത്തില്‍ നവജാത ശിശുവായി കൈകാലിട്ടടിച്ച് മലര്‍ന്നുകിടന്നു കരയുന്നു തലക്കാവേരി....

ഒഴുകിനിറയാന്‍ വനികള്‍ സ്വപ്നം കണ്ട് .......മുറിവുകളില്‍ , വരള്‍ച്ചകളില്‍ , കനവുകളില്‍ , നോവുകളില്‍, നാലുചുമരുകള്‍ ഭേദിച്ച്  സാന്ത്വനമായി  നിറയാന്‍ മോഹിച്ച് 


........അന്തരീക്ഷത്തില്‍ പടര്‍ന്ന് നിറയുന്നു ആ കരച്ചില്‍ . കൈകാലിട്ടടിച്ച് ഹൃദയം പൊട്ടുമാറ് ....

എവിടെയോ മാറിടം കനക്കുന്നു.

' DON'T TOUCH THE HOLY WATER'

നെഞ്ചിലൂറിയ പാല്‍  ചോരയായി കണ്ണില്‍ നിറയുന്നു...

"yes mam, this is the origin of Cauvery."

"How can you say that?"

"അപ്പടിത്താന്‍ ശൊല്ലിവെച്ചിരുക്ക്മ്മാ....  ഇങ്കെ ഉത്ഭവിച്ച്   ഇന്തമണ്ണിലൂടെ  ഇതേ തണ്ണീതാന്‍ കീളേ കാവേരിയില്‍ വന്ത് നിറയത്. "

"ഇന്തമാതിരി സിമന്‍റ് തൊട്ടിയിലേ ഊറ്റിവച്ചിര്ക്കറ  തണ്ണിയാ...... "

"അമ്മാ അപ്പടിയൊന്നും ശൊല്ലിക്കൂടാത്.....നീങ്ക വരണം തുളാസംക്രമദിനം കീളെ കാവേരിയില്‍ ഇന്ത തണ്ണിവന്ത് ഗുളുഗുളാന്നു പൊങ്ങിവരത് കണ്ണാലെ പാക്കണം.... അപ്പൊത്താന്‍ തെരിയും."

മലയിറങ്ങിവരുമ്പോള്‍ കണ്ടു, സന്തോഷം തരുന്ന ഒരു കാഴ്ച്ച.സീമന്‍റുതൊട്ടിയില്‍ 
നിന്നു  രക്ഷപ്പെട്ട് മലയിറമ്പുകളിലൂടെ പതുങ്ങി ഒലിച്ചിറങ്ങി പിച്ചവെക്കാന്‍ പഠിക്കുന്ന തലക്കാവേരിയിലെ കുഞ്ഞുവെള്ളക്കുഞ്ഞുങ്ങള്‍ .....ചുറ്റിലും നിറഞ്ഞുകാണുന്ന  മലകളില്‍നിന്നെല്ലാം ഇതുപോലെ കാവേരിയിലേക്ക് ഒഴുകിയിറങ്ങുന്നുണ്ടാവും ഏതൊക്കെയോ ബന്ധനങ്ങളില്‍ നിന്നും രക്ഷപ്പെട്ടിറങ്ങിയ തലക്കാവേരിക്കുഞ്ഞുങ്ങള്‍ . 




 
ഓം സര്‍വേശാം  സ്വസ്തിര്‍ ഭവതു
സര്‍വേശാം ശാന്തിര്‍ ഭവതു
സര്‍വേശാം പൂര്‍ണ്ണം  ഭവതു
സര്‍വേശാം മഗളം  ഭവതു
ഓം ശാന്തി ശാന്തി ശാന്തി....

തിങ്കളാഴ്‌ച, മേയ് 21, 2012

ഒഴുകിത്തീരാതെ പുഴ……



ഒരു പുഴ തിരക്കിട്ടൊഴുകുന്നുണ്ട് കടലിലേക്ക്.
കൂടെ ഒഴുകിത്തുടങ്ങിയ കരിയില
കടലെന്നു കേട്ടപ്പൊഴേ കരയിലടിഞ്ഞു.
മീനുകള്‍ പറഞ്ഞുനോക്കുന്നുണ്ട് വെറുതെ
കടലില്‍ കണ്ണീരു മാത്രമാണുള്ളതെന്ന്.
പറയുന്നത് കേള്‍ക്കില്ലെന്നറിയുമ്പോള്‍
ഒഴുക്കിനെതിരെ നീന്തിക്കിതയ്ക്കുന്നുണ്ട്
ചെകിള വിടര്‍ത്തി ചുണ്ടുകള്‍കൂര്‍പ്പിച്ച്.

ഈ പുഴയറിയാതെ കുറച്ചുദൂരെ മറ്റൊരുപുഴയും
ആ പുഴയറിയാതെ വേറെയും പുഴകളും
ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട് കടലിനെത്തേടി......
കരക്കണഞ്ഞ കരിയിലകള്‍ ചിറകുണക്കുന്നുണ്ട്
ഒഴുക്കിനെതിരെ നീന്തിത്തളര്‍ന്ന് മീനുകളും
കിതപ്പാറ്റുന്നുണ്ട്  വേരുകളില്‍ ചാരി  ഓരോകരയിലും .

പറഞ്ഞതു കേള്‍ക്കാത്തവളെന്ന് പുഴയെ
കണ്ണീരൊഴുക്കി ശകാരിച്ചുകൊണ്ടേയിരിക്കും മലകള്‍ ........
മലകളുടെ തോരാകണ്ണീര്‍ കുടിച്ച് കുടിച്ച്
പുഴകള്‍  വളര്‍ന്ന് സുന്ദരികളാവുമ്പോള്‍
വേരുകള്‍പിണച്ച് തടയാതെ തടയുകയും, കൊതിയോടെ
ചില്ലകള്‍  താഴ്ത്തി തഴുകുകയും ചെയ്യും മരങ്ങള്‍
അപ്പോഴും പുഴ ഒഴുകിക്കൊണ്ടേയിരിക്കും.

അവസാനം മീനുകളും കരിയിലകളുമില്ലാതെ
മലകളേയും മരങ്ങളേയും പുറകെവിട്ട്
കിഴക്കന്‍ തീരത്തെത്തി പുഴ നില്‍ക്കുമ്പോള്‍
ആവേശത്തോടെ ഓടിയെത്തി
കൈനീട്ടി വാരിപ്പുണരുന്നുണ്ട് കടല്‍ .
തെക്ക്ന്നും വടക്ക്ന്നും പടിഞ്ഞാറുനിന്നും
കടലിന്റെ ആയിരം കൈകളില്‍ ആയിരം പുഴകള്‍ .
പലരുചികളില്‍ നിറങ്ങളില്‍ സംസ്കാരങ്ങളില്‍
ഒഴുകിയെത്തി അവസാനം ഒന്നിച്ചൊരു കണ്ണീര്‍ക്കടല്‍ . 


വളര്‍ത്തിയെടുത്ത പവിഴപ്പുറ്റുകളെല്ലാം ഓരോന്നായി
കടലിന്റെ ആഴങ്ങളില്‍ അമര്‍ന്നടിയുമ്പോള്‍ 
മുറ്റിയമീനുകളുടെ തോറ്റങ്ങള്‍ക്കൊപ്പമാടിത്തളരുമ്പോള്‍
കടല്‍ ച്ചൊരുക്കുകള്‍ പുഴയെ തേടിയെത്തും ,കാറ്റില്‍
ഇലകളും മീനുകളും മരങ്ങളും മലകളും മണം ചുരത്തും...
രസനകളില്‍ സ്വയം ഉപ്പുചവര്‍ക്കാന്‍  തുടങ്ങുമ്പോള്‍
അലിഞ്ഞുപോയ ത്രിമാനതയുടെ വക്കുകള്‍ തിരഞ്ഞ്
പുഴ തികട്ടിയെത്തുന്ന ഓര്‍മ്മകളുടെ കരയിലേക്ക്
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഓടിക്കയറും....
അന്യത്വം മണക്കുന്ന പുഴയെ കര പുറന്തള്ളും .
ഇടയിളക്കങ്ങള്‍ മുറുകി ആഴിപ്പെരുക്കങ്ങളാവുമ്പോള്‍
കത്തിയാളുന്ന വേനല്‍ച്ചിതയില്‍ ലവണാതുരമായ
ശരീരമുപേക്ഷിച്ച് പുഴയുടെ ആത്മാവു തിരികെ നടക്കും.

ദൂരെ ശുഷ്കിച്ച മല ഗര്‍ഭങ്ങളുടെ ഗൃഹാതുരത്വം പേറി
പുഴയുടെ വരവ് നോക്കിയിരിക്കുന്നുണ്ടാവും.
പുഴയൊഴുകിപ്പോയ വരണ്ട മണല്‍ത്തിട്ടമേല്‍
കരിയുന്നുണ്ടാവും ചിറകുണങ്ങിയുണങ്ങി കരിയിലകള്‍.
വേരുകള്‍ തടഞ്ഞുവെച്ച ഇല്ലാത്ത വെള്ളത്തില്‍
പുളയുന്നുണ്ടാവും ചളിപുതച്ച് മീനുകളപ്പോഴും.
ഇനിയുമൊരാവര്‍ത്തനം വയ്യെന്നൊരു പുഴ ഓടിനടന്ന്
കറുത്ത ആകാശമാകെയപ്പോള്‍ മെഴുകി വെളുപ്പിക്കും....
എന്നിട്ടും ഒരു പുഴ വഴിതെറ്റിപ്പോയെന്നായിരിക്കാം
പഴുത്തുവീണ പച്ചിലകള്‍ കലപില പറന്നോതിയത്.. ......
നീലാകാശത്തിന്റെ  ഞൊറിമടക്കുകളിലൊളിച്ചിരുന്ന്
ആകാശഗംഗയ്ക്ക് പുഴയെ ഒറ്റിക്കൊടുത്തതാരാണെന്ന്
മൂക്കത്തുവിരല്‍ വെക്കുന്നുണ്ടാവും ഉണങ്ങിയമരച്ചില്ലകള്‍
ചുട്ടുവെന്ത നാവുനീട്ടിയണക്കുന്നുണ്ട്
ഇതൊന്നുമറിയാതെ ദാഹിച്ചുവരണ്ടൊരു ഭൂമി .......

ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

ദേവൂട്ടി.......


'എല്ലായ്റ്റ്യങ്ങളും അങ്ങിന്യാ..... സ്വാര്‍ത്ഥമ്മാര്..... എന്റോടെ മാത്രേ സങ്കടംള്ളൂന്ന അവറ്റോള്‍ടെ  നാട്ട്യേയ്..... അവറ്റ്യോക്കടെ വീടൊക്കെ സ്വര്‍ഗ്ഗല്ലേ സ്വര്‍ഗ്ഗം ......'

ദേവൂട്ടിയുടെ കലമ്പലിന് മത്സരിച്ച് ഉത്തരം നല്‍കുന്നുണ്ട് അവളുടെ കയ്യിലെ വളകളും കഴുകുന്ന പാത്രങ്ങളും.... അതുകേള്‍ക്കാന്‍ ഇടക്കൊന്നോട്ടക്കണ്ണിട്ടുനോക്കി തലകുലുക്കി വറ്റുപെറുക്കിത്തിന്നുന്ന കാക്കയും മാവിന്‍ന്തുഞ്ചത്തിരുന്ന് ഛിലും ഛിലും എന്നു താളം പിടിച്ചുകൊണ്ടിരുന്ന ഒരണ്ണാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. എന്നും ഇവരൊക്കെത്തന്നെ ആയിരുന്നു ദേവൂട്ടിയുടെ കൂട്ടുകാര്‍ .

കഥ മണത്തുനില്‍ക്കുന്ന എന്റെനനിഴല്‍ കണ്ടപ്പോഴേ ദേവൂട്ടിക്ക് ഉഷാറുകൂടി.
“ന്റെു കുഞ്ചാത്തലേ ങ്ങനെ നൊണ പറയാന്‍ പാട് ണ്ടോ ...

“ആരെ ദേവുട്ട്യോട് നൊണ പറഞ്ഞേ?’ കിട്ടിയ ചാന്‍സ് ഞാന്‍ വിട്ടില്ല.

അതേയ് ആ ആശാരീടോടത്തെ തങ്കില്ല്യേ..... ഓള്‍ടെ പടിഞ്ഞാറ്റേല് താമസിക്കണ സോദാമിന്യേടത്ത്യേയ്...... നാവെട്ത്താ നോണേ പറേള്ളൂന്നേയ് .

എനിക്കു ദേവൂട്ടിപറഞ്ഞ തങ്കിയേം അറിയില്ല  സൌദാമിന്യേടത്ത്യേയും അറിയില്ല്യ.... ഞാനിന്നാട്ടുകാരിയേയല്ലല്ലോ. വന്നുകയറിയവളല്ലെ. എന്നാലും കഥയല്ലേ പൊട്ടിമുളക്ക്ണത്... ഇത്തിരി വളംകൂടിട്ടുകൊടുത്താല്‍ കായ്ഫലം കൂട്വല്ലോ...

“എന്തേ അവര് പറഞ്ഞേ ദേവൂട്ട്യേ...”

“ അത്ണ്ടല്ലോ ആ തങ്കി പറഞ്ഞതാന്നേയ് ..... ആ സൌദാമിന്യേടത്തീടോടെ  പൊരിഞ്ഞ തല്ലേര്ന്നൂത്രേ ഇന്നലെരാത്രി..... അമ്മായ്യമ്മേം മര്വോളും കൂടി...അതൊന്ന്‍ ചോയ്ക്കാലോന്ന്ച്ച്ട്ട് ചെന്നതാണേയ്..  അപ്പള്ണ്ട് രണ്ടാളുംകൂടി ന്റെ മുന്നില് നാടകം കളിക്യാ“

“നാടകോ..”

“ ഞാന്‍ ആയമ്മോട് ചോയിക്ക്യേ , ഇന്നലെ ഈടൊരൂട്ടൊക്കെണ്ടായീന്ന് കേട്ടൂലോന്ന്.......  അന്നേരം ആയമ്മ ചോയ്ക്യാ.. “ഈടെപ്പന്തേ നീയറിയാമ്മാത്രം ഇത്ര വിശേഷായിട്ട്ണ്ടായേ ന്ന്”

“ങ്ങള് അമ്മായീം മാര്വോളും കൂടി കൂട്ടം കൂടീന്നു കേട്ടുലോന്ന് ചോയിച്ചപ്പോ രണ്ടാളുംകൂടി ചിറിക്യാ.....  ടിവീലെ സീരിയല്ന്റെ ബഹളായിരുന്നൂത്രേ..  ആരേ പറഞ്ഞേന്ന് ചോയിച്ചപ്പം ഞാന്‍ മിണ്ടീല്യ....നീക്കങ്ങനത്തെ സ്വഭാവല്ല്യാലോ.. എന്തിനാ വെറുതെ ആ അയല്വോക്കക്കാരെ തമ്മിലലോഗ്യാക്കണേന്ന് .... “

“അത് ശര്യാ... ദേവൂട്ടിക്കെവിട്യാ അതിനൊക്കെ സമയം... “ എന്നുഞാന്‍ പറഞ്ഞെങ്കിലും എന്റെ കഥയില്നിന്നും  വെട്ടിമാറ്റപ്പെട്ട നല്ലൊരു അടിപിടിസീന്‍ തലയും ചൊറിഞ്ഞു  നടന്നുപോകുന്നത് തെല്ലൊരു വേദനയോടെ ഞാന്‍ നോക്കിനിന്നു.

“ ഹല്ല പിന്നെ....  ന്നട്ട് ആയമ്മ മാര്വോളോട് പറയ്യാ നിയ്യ് ദേവൂട്യേടത്തിക്ക് ത്തിരി ചായണ്ടാക്കികൊട്ക്ക്ന്ന്... പാവത്തിന് കൊറേ ദൂരം നടക്കണ്ടതല്ലേന്ന്.... എന്താ ഒരുസ്നേഹം......ആ നൊണച്ചീടെ ചായകുടിച്ചാ ന്റെ വയറ് കേടുവര്വേയ്...... നിക്ക് ന്റെ നാറാണേട്ടണ്ടാക്കിത്തര്ണ ചായന്നെ ധാരാളം . ഒക്കേക്കഴിഞ്ഞപ്പോ ആയമ്മേടെ ഒരു ചോദ്യം....... നെന്റെ മോള്ക്ക്  വല്ല വിശേഷോംണ്ടോന്ന് ...... ഞാമ്പറഞ്ഞു ങ്ങള് ഒളോടന്നെ ചോയ്ച്ചോളീംന്ന് ..... ഒര്ടെവീട്ടിലെക്കാര്യം ന്നോട് പറയാന്‍ പറ്റ്ല്യേങ്കില്‍ ഞാനെന്തിനാപ്പോ എന്റെ വീട്ടിലെകാര്യം പറേന്നെ......

“ദേവൂട്ടി പറേണേല് കാര്യംണ്ട്ട്ടോ.... എന്തിനെ വെറുതെ നമ്മടെ വീട്ടിലെ കാര്യം മറ്റുള്ളോരറിയണത്...”

“അതന്നെ കുഞ്ചാത്തല്‍ക്കതു മനസ്സിലായീലോ..... ഇന്നാട്ടിലുള്ളോര്ക്കത് ഇജ്ജമ്മത്ത് മനസ്സിലാവില്ല്യെയ്...... ന്‍റെ നാവ്ങ്ങനെ ചൊറിഞ്ഞ് വര്ണ്‍ണ്ട്, ആ നൊണച്ചി ഇനിങ്ങട്ട് വരട്ടെ ഓരോ വിശേഷം ചോയ്ച്ച്...  പറഞ്ഞ് കൊട്ക്കണ് ണ്ട്  ഞാന്‍... സ്വാര്‍ത്ഥന്മാരാണ്ന്നേയ്യ്... അവനോന്റെ്ടത്തെ കഥ ചോയ്ച്ചാല്‍ കമാന്നൊരക്ഷരം മിണ്ട്ല്ല്യ.;;…ന്നാ മറ്റുള്ളോര്ടെ കഥ കേക്കാനാച്ചാ നല്ല ഉത്സാഹാണേയ്നും..


ദേവൂട്ടിയിലെ മറ്റു പോസ്റ്റുകള്‍ ദേവൂട്ടി........

തിങ്കളാഴ്‌ച, മാർച്ച് 26, 2012

അജന്താ ഗുഹകളിലൂടെ.....


പണ്ട് അതായത് ഏകദേശം ഇരുനൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ് കൃത്യമായ് പറഞ്ഞാല്‍ 1819ല്‍ കടുവയെ വേട്ടയാടാന്‍ പോയ ഒരു ഇംഗ്ലീഷുപട്ടാളക്കാരനാണ് കാലങ്ങളായി നമുക്കജ്ഞാതമായി മറഞ്ഞു കിടന്നിരുന്ന ഒരുകാലത്തെ ഭാരതസംസ്കാരത്തിന്റെ നിര്‍ഭരതയിലേക്ക് വെളിച്ചം വീശിയ  അജന്താഗുഹയിലേക്കുള്ള വഴികാട്ടിയത്. ജോണ്സ്മിത്ത് എന്ന മദ്രാസ് ആര്‍മി ക്യാപ്റ്റന്‍ തന്റെ പേര്‍ അവിടത്തെ ഒരു തൂണില്‍ കോറിവരച്ചത് ഇപ്പോഴും മായാതെ നിലനില്‍ക്കുന്നു.

ബോംബെയില്‍ നിന്നും മുന്നൂറു കിലോമീറ്ററും ഔറംഗാബാദില്‍ നിന്നും നൂറുകിലോമീറ്ററും ദൂരെയായി ഡക്കാണ്‍ പീഠഭൂമിയുടെ ഉയരങ്ങളില്‍ ദുര്‍ഘടമായിത്തന്നെയാണ് അജന്താഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ഗുഹയുടെ താഴെവരെ വാഹന സൌകര്യമുണ്ടെന്നത്  യാത്ര എളുപ്പമാക്കുന്നു. അവിടെനിന്നും കുത്തനെയുള്ള കയറ്റമാണ്. കയറാന്‍ വിഷമമുള്ളവരുണ്ടെങ്കില്‍ അതിന്നും വഴിയുണ്ട്. നിങ്ങളെ ചുമലിലേറ്റി മുകളിലെത്തിക്കാന്‍ തെയ്യാറായി പല്ലക്കുകള്‍ നിരന്നു നില്‍ക്കു ന്നുണ്ട്.
   
കയറ്റത്തിന്റെ തുടക്കത്തില്‍ എങ്ങിനെയാണെന്നോ എവിടെയാണെന്നോ ഒരുസൂചനപോലും തരാതെ ഒളിച്ചിരിക്കുന്ന ഗുഹകള്‍ പകുതി മലകയറിയെത്തുമ്പോള്‍ നമ്മെ സ്തബ്ധരാക്കി  പൊടുന്നനെ പ്രത്യക്ഷമാവുന്നു. അതുകൊണ്ടുതന്നെ പെട്ടന്നുള്ള ഈ പുറക്കാഴ്ച്ചയില്‍ നമ്മള്‍ എന്തെന്നറിയാത്ത ഒരു ആത്മഹര്‍ഷത്തില്‍ പെട്ടുപോകുന്നു. വളരെ ഉയരത്തില്‍ കുതിരലാടത്തിന്റെ ആകൃതിയില്‍ കുത്തനെ തലയുയര്‍ത്തിനില്‍ക്കുന്ന പാറകളില്‍ മുപ്പത് ഗുഹകള്‍ . അവയെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നീങ്ങുന്ന നടവഴിയില്‍ കയറ്റങ്ങളിലും

ഇറക്കങ്ങളിലും പാറക്കല്ലുകള്‍ വെട്ടിയൊരുക്കി പടികളായി രൂപപ്പെടുത്തിയിരിക്കുന്നു. അവിടെനിന്നും എത്രയോ താഴെ, നോക്കുമ്പോള്‍ കാലുകളെ ഇക്കിളിപ്പെടുത്തുന്ന ആഴങ്ങളില്‍ പി.ടി. അബ്ദുറഹ്മാന്റെ  ‘ഇവിടെയൊരു പുഴയുണ്ടായിരുന്നു’ എന്ന കവിതയെ ഓര്‍മ്മിപ്പിച്ച്  ഒരു വരള്‍ച. ഇത്രയും കോരിത്തരിപ്പിച്ച വെറും പുറംകാഴ്ച്ച. ഒന്നാമത്തെ ഗുഹയില്‍ന്നിന്നു നോക്കുമ്പോള്‍ മുപ്പതാമത്തെ ഗുഹയിലേക്ക് പലനിറങ്ങളിലുള്ള കുഞ്ഞനുറുമ്പുകള്‍ കയറിയിറങ്ങിക്കൊണ്ടേയിരിക്കുന്നു. ഞങ്ങളും ആ ഒരു പരിണാമത്തിന്റെ പാതയിലൂടെ.....

ബി.സി. രണ്ടാംശതകത്തില്‍ ഭരണത്തിലിരുന്ന സത്വാഹന രാജവംശത്തിന്റെ അവശിഷ്ടങ്ങളെന്ന് കുഴിച്ചെടുത്തിട്ടുള്ള മണ്‍പാത്രങ്ങളില്‍നിന്നാണ് ഈ താഴവാരത്തിലെ വാഘോര നദിയുടെ കരയില്‍ പരന്നുകിടന്നിരുന്ന ഈ കലാഗ്രാമത്തിന്റെ പേര്‍ ‘അജന്ത ‘ എന്നായിരുന്നെന്ന് മനസ്സിലാക്കിയത്. ‘വാഘോര’യെന്നാല്‍ മറാഠിയില്‍ കടുവയെന്നാണ് അര്‍ത്ഥം . അവിടങ്ങളില്‍ ധാരാളമായുണ്ടായിരുന്ന കടുവകളില്‍നിന്നും രക്ഷപ്പെടാനാവണം വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചു ഇത്രയും ഉയരങ്ങളില്‍ ഈ ഗുഹകള്‍ കൊത്തിയെടുത്തത്. കര്‍ണ്ണാടക ഭരിച്ചിരുന്ന ‘കൃഷ്ണദേവരായര്‍ ’ അടക്കം പല രാജാക്കന്മാരുടേയും സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ ഈ കലാഗ്രാമം നിലനിന്നിരുന്നത്.

കൊത്തിയെടുത്തത് എന്നുപറഞ്ഞതുകൊണ്ട്തന്നെ ഗുഹകള്‍ പ്രകൃതീദത്തമായിരുന്നില്ല്ലെന്നു മനസ്സിലായിരിക്കുമല്ലോ. ചെങ്കുത്തായ പാറകളുടെ മുകളില്‍ നിന്നും കയറില്‍ തൂങ്ങിയിറങ്ങി
അന്ന് ലഭ്യമായിരുന്ന തുച്ഛമായ ആയുധങ്ങളുപയോഗിച്ചാണ് പാറകളെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. മുകളില്‍നി്ന്ന്  താഴേക്കും, മുന്നില്‍നിന്ന് ഉള്ളിലേക്കും തുരന്ന്‍  വിസ്താരമേറിയ തൂണുകളും വിശാലമായ സഭാമണ്ഡപവും നടുവില്‍ ഗര്‍ഭഗൃഹവും ചുറ്റിലുമായി പ്രാര്‍ത്ഥനാമുറികളുമുള്ള മുപ്പത് ഗുഹകളും അതിലെ ബുദ്ധമത സ്വാധീനത്തിലുള്ള ചിത്രങ്ങളും  ശില്പങ്ങളും തീര്‍ത്തെടുക്കുതിനുള്ള അദ്ധ്വാനത്തെപ്പറ്റി സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറമാണ്. അതുകൊണ്ടുതന്നെയാവണം വളരെഗംഭീരമെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഡല്‍ഹിയിലെ  അക്ഷര്‍ ധാം സന്ദര്‍ശിക്കാന്‍ ഇതുവരെ തോന്നാത്തത്തിന്റെ ഒരു കാരണം. അന്നത്തെ ആ കലാകാരന്മാരുടെ അതിനിപുണതയും സൌന്ദര്യബോധവും അജന്ത ഗുഹകളിലെ  ചുമര്‍ചിത്രങ്ങളിലും ശില്പങ്ങളിലും അംഗപ്രത്യഗം തെളിയുന്നുണ്ട്.

ഇനി ഗുഹകളെപ്പറ്റി ചെറുതായൊന്ന് പറയാന്‍ ശ്രമിക്കാം.200 ബി.സി. മുതല്‍ 650 ഏ.ഡി വരെയാണ് ഇതിന്റെ നിര്‍മ്മാണ കാലം. ഇതില്‍ എല്ലാ ഗുഹകളും മുഴുവനാക്കപ്പെട്ടിട്ടില്ല. ഏറ്റവും സുന്ദരമായ ചുമര്‍ചിത്രങ്ങള്‍ 1,2,16,17,19എന്നീ ഗുഹകളില്‍ കാണാവുന്നതാണ്. അതുപോലെ 1,4,17,19,24,26 എന്നീ ഗുഹകളില്‍ മനോഹരമായ  ശില്പങ്ങളും കാണാം. ബുദ്ധമതത്തില്‍ രണ്ടു വിഭാഗങ്ങളാണുള്ളത്. ബുദ്ധന്റെ ബിംബാരാധനയില്‍ വിശ്വസിക്കുന്ന മഹായാനയും വടവൃക്ഷം, കാല്‍പ്പാദം,ഭൌതികാവശിഷ്ടങ്ങള്‍ തുടങ്ങിയവയെ  ആരാധിക്കുന്ന ഹീനായാനയും.

1-ആദ്യത്തെ ഗുഹ ബുദ്ധമതത്തിലെ ‘മഹായാന’ വിഭാഗത്തിന്റെ ‘വിഹാര’മാണ് .ആയിരത്തോളം വിദ്ധ്യാര്‍ത്ഥികള്‍ ജ്ഞാനികളായ ഗുരുക്കാന്മാ’രില്‍നിന്നും ശിക്ഷ അഭ്യസിച്ചിരുന്ന സ്ഥലമാണ് വിഹാരങ്ങള്‍ . കൊച്ചു സിദ്ധാര്‍ത്ഥന്‍ ഭൂമിയിലെ നൊമ്പരങ്ങളെ തിരിച്ചറിഞ്ഞു
വജ്രപണി
ബോധിസത്വനാവുന്നത് മനോഹരമായ ചുമര്‍ചിത്രങ്ങളിലൂടെ പറയുന്നു ഇവിടെ. കാലപ്പഴക്കവും ആദ്യകാലങ്ങളില്‍ നിര്‍ലോഭം ഉപയോഗിച്ചിരുന്ന വെളിച്ചം തട്ടി നരച്ചും അധികവും നശിച്ചുപോയിരിക്കുന്നു. ഇപ്പോള്‍ ചെറിയ ടോര്‍ച്ച്  വെളിച്ചം മാത്രമേ അകത്തു ഉപയോഗിക്കാന്‍ പാടുള്ളൂ. ക്യാമറയുടെ ഫ്ളാഷുകള്‍പോലും നിഷിദ്ധമാണ്. ഗര്‍ഭ ഗൃഹത്തില്‍ ധര്‍മ ചാരകമുദ്രയുമായി പദ്മാസനത്തിലിരുന്ന് മാനുകളെ അഭിസംബോധനചെയ്യുന്ന ബുദ്ധവിഗ്രഹമാണ് മറ്റൊരു പ്രധാനകാഴ്ച.ജാതക കഥകളിലെ ശിബിരാജാവും ചുമര്‍ച്ചിത്രങ്ങളിലെ ഒരു കഥാപാത്രമാണ്. ലോകപ്രശസ്ത ബുദ്ധചിത്രങ്ങളായ പദ്മപാണിയും വജ്രപാണിയും ഇവിടെയാണ്.



2- ഇതും മഹായാന വിഭാഗത്തിന്റേതുതന്നെ. ഇവിടെ ബുദ്ധന്റെ ജനനത്തെപ്പറ്റിയുള്ള കഥയാണ് ചിത്രീകരിച്ചിട്ടുള്ളത്. സഭാമണ്ഡപത്തിന്റെ മുകള്‍ത്തട്ട് സുന്ദരമായ ചിത്രങ്ങളാല്‍ അലംകൃതമാണ്. അകത്തേക്ക് വെളിച്ചം കടക്കാതിരുന്നനാല്‍  വെള്ളം നിറച്ചപാത്രങ്ങള്‍ വെച്ച് സൂര്യരശ്മികളെ  വ്യതിചലിപ്പിച്ചിട്ടായിരുന്നു  വെളിച്ചം എത്തിച്ചിരുന്നത്.. ഗര്‍ഭ ഗൃഹത്തിലെ ബുദ്ധപ്രതിമയും ഇരുവശങ്ങളിലുമുള്ള ഹരിതി പഞ്ചിക് ,നാഗരാജ റാണി മൂര്‍ത്തികളും വളരെ സുന്ദരമാണ്. പഴയ രീതിയിലുള്ള ആഭരണങ്ങളുടെ വൈവിധ്യങ്ങള്‍ നമുക്കിവിടെ ചുമര്‍ചിത്രങ്ങളിലൂടെ പരിചയപ്പെടാം.


ധര്‍മചക്ര പ്രവര്‍ത്തന മുദ്ര
4-ഇതാണ് ഇവിടത്തെ ഏറ്റവും വലിയ ഗുഹ. 28 തൂണുകളുള്ള ഇതിന്റെ സഭാമണ്ഡപം പണിതീരാത്ത അവസ്ഥയിലാണ്. ഗര്‍ഭഗൃഹത്തിലെ ധര്‍മചക്ര പ്രവര്‍ത്തന മുദ്രയില്‍ ബുദ്ധപ്രതിമയും വരാന്തയില്‍ വലതുവശത്തെ ലോകപ്രസിദ്ധ അവലോകിതേശ്വരപ്രതിമയും പ്രാധാന്യമര്‍ഹിക്കുന്നു.

5- മുഴുമിപ്പിക്കാത്ത ഈ ഗുഹ മിഥുനങ്ങളെയും സുന്ദരികളായ സാലഭഞ്ജികകളേയും സാലവൃക്ഷങ്ങളേയും കൊണ്ടു സുന്ദരമായിരിക്കുന്നു.

അഭയമുദ്ര

6-നാലുവരിയിലായി പതിനാറ്  ഒക്ടോഗണല്‍ തൂണുകളില്‍ രണ്ടുനിലകളുള്ള ഒരേയൊരു മഹായാന വിഹാരമാണിത്. സംഗീതം പൊഴിക്കുന്ന തൂണുകളാണിവ.
ചൈത്യഗൃഹം

9-ഈ പ്രാര്‍ത്ഥനാഗൃഹം ബുദ്ധമതത്തിലെ മറ്റൊരു വിഭാഗമായ ഹീനയാന യുടേതാണ്. ഒരുപോലെയുള്ള 23  തൂണുകളും നടുവില്‍ പ്രാര്‍ത്ഥനക്കായുള്ള സ്തൂപവുമാണ് ഈ പ്രാര്‍ത്ഥനാമുറി (ചൈത്യമന്ദിരം)യിലുള്ളത്. മുന്നിലെ കുതിരലാടത്തിന്റെ ആകൃതിയിലുള്ള ജനല്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടും. ബുദ്ധരൂപത്തിന്നു പ്രാധാന്യമില്ലാത്ത ഈ ചൈത്യമന്ദിരത്തിന്നു മുന്നിലെ ബുദ്ധപ്രതിമ കൌതുകം ജനിപ്പിക്കുന്നതാണ്.

10- 39 ഒക്ടോഗണല്‍ തൂണൂകളും നടുവില്‍ വലിയ
സ്തൂപം

നിറം ചാലിച്ചിരുന്ന പാലറ്റ്
സ്തൂപവുമുള്ള ഈ ആദ്യകാല ഹീനയാന
പ്രാര്‍ത്ഥനാഗൃഹത്തിന്റെ ഉയരം 45അടി ആണ്.
മേല്‍ത്തട്ടില്‍ മരവും ഉപയോഗിച്ചിരുന്നു..





 16-A.D 475-500 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ‘വകടക ‘ രാജാവായ ‘ഹരിസേന ‘ബുദ്ധസാന്യാസികള്‍ക്ക്  ഈ ഗുഹ സമര്‍പ്പിച്ചതായി ഗുഹയുടെ വരാന്തയിലെ ചുവരില്‍
പറക്കുന്ന രൂപങ്ങള്‍

കൊത്തിവെക്കപ്പെട്ടിരിക്കുന്നു. മുകള്‍ത്തട്ടില്‍ നിറയെ കുറിയമനുഷ്യരുടെയും ഗന്ധര്‍വ്വന്മാരുടെയും അപ്സരസുകളുടേയും ശില്പങ്ങളാല്‍ അലംകൃതമാണ്. ഈ ഗുഹയിലുള്ള ‘ഡിയിങ് പ്രിന്‍സെ‍സ്’ എന്ന ചിത്രം വിശ്വപ്രസിദ്ധമാണ്. പ്രസംഗീഭാവത്തിലുള്ള ബുദ്ധന്റെ വളരെ വലിയൊരു ശില്പവും ഈ ഗുഹയിലുണ്ട്. ഹീനജാതിയില്‍ ജനിച്ച സുജാത ബുദ്ധന് ഭക്ഷണം നല്‍കുന്നതായ കഥാചിത്രമാണ് മറ്റൊന്ന്. ബുദ്ധദേവന്റെ വിദ്യാഭ്യാസകാലവും ഇവിടത്തെ ചുമര്‍ചിത്രങ്ങളിലുണ്ട്.

സിംഹളരാജസൈന്യം

17- അജന്ത ഗുഹകളില്‍ ഏറ്റവും വലുത് എന്നത്കൊണ്ടുതന്നെ ദൂരെനിന്നും ജോണ്‍സ്മിത്തിന്റെ കണ്ണില്‍ ആദ്യം പെട്ടതും നടുവിലുള്ള ഈ ഗുഹ തന്നെ. വളരെ സുന്ദരങ്ങളായ കൂടുതല്‍ കേടുപാടുകള്‍ പാറ്റാത്ത  ധാരാളം ചുമര്‍ചിത്രങ്ങളാല്‍ വിശേഷപ്പെട്ടതാണ് ഈ ഗുഹ. കവാടത്തിന്റെ മുകളിലെ ഏഴു ബുദ്ധപ്രതിമകളും താഴെയുള്ള എട്ട് മിഥുനങ്ങളുടെ പ്രതിമകളും ഈ ഗുഹയുടെ പ്രത്യേകതയാണ്. ‘
കാവിയുടുത്ത ബുദ്ധന്‍
വീല്‍ ഓഫ് ലൈഫ്’ എന്ന ചിത്രം മനുഷ്യജീവിതത്തിന്റെ വിവിധദശകളെ സൂചിപ്പിക്കുന്നു. ബുദ്ധനെ വണങ്ങാനെത്തുന്ന ഇന്ദ്രനും അപ്സരസ്സുകളും വൈന്‍ കുടിക്കുന്ന രാജദമ്പതികള്‍ സിംഹളരാജകുമാരന്റെ ശ്രീലങ്കയാത്ര ജാതക കഥകള്‍ കണ്ണാടിനോക്കുന്ന രാജസുന്ദരി  തുടങ്ങി ബഹുവിധചിത്രങ്ങളും ഇവിടെ കാണാം. മേല്‍ത്തട്ടിലെ കാറ്റടിച്ചിളകുന്നുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്ന  ഷാമിയാനയുടെ മനോഹരമായ ചിത്രാവിഷ്ക്കാരം പറയാതിരിക്കാന്‍ പറ്റില്ല.

19- ഈ ചൈത്യമന്ദിരവും  റോമാന്‍ ശൈലിയെ അനുസ്മരിപ്പിക്കുന്ന ആര്‍ച്ച് രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറം ചുമരുകള്‍ നിറയെ വിവിധങ്ങളായ ബുദ്ധപ്രതിമകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉള്ളിലെ ചിത്രങ്ങളും ശില്പങ്ങളും അലങ്കാരങ്ങള്‍ നിറഞ്ഞ സ്തൂപവും സുന്ദരം തന്നെ.

24- അജന്താഗുഹകളില്‍ രണ്ടാമത്തെ വലിയ ഗുഹയാണ് ഇത്. മുഴുവനാക്കപ്പെട്ടിട്ടില്ല.


26-ഈ ചൈത്യ മന്ദിരത്തിലെ സ്തൂപം കാലുതാഴ്ത്തിയിരിക്കുന്ന ബുദ്ധപ്രതിമയാല്‍ അലംങ്കൃതമാണ്. ഇവിടെ നമ്മളെത്തുന്നത് മോക്ഷപ്രാപ്തനാവാന്‍ തെയ്യാറെടുക്കുന്ന ബുദ്ധന്റെ മുന്നിലാണ്. ഒരു ദിവസം മുഴുവന്‍ ബോധിസത്വന്മാരുടെ കൂടെ ചിലവഴിച്ച് അവരിലൊരാളായിമാറി അവസാനം നിര്‍വ്വാണപ്രായനായ ഈ ബുദ്ധദേവന്റെ (റിക്ലൈനിങ്ങ്ബുദ്ധ) മുന്നില്‍ എത്തിനില്‍ക്കുമ്പോള്‍ മനസ്സ് ചെറുതായൊന്ന് പിടക്കും. ഏഴു മീറ്റര്‍ നീളത്തിലുള്ള ഈ ശില്പവും നമ്മുടെ മനസ്സറിഞ്ഞു കൊത്തിയെടുത്തതുതന്നെ. ചാഞ്ഞുകിടക്കുന്ന ബുദ്ധന്റെ താഴെയായി ഭൂമിയിലെ സകാലചാരാചരങ്ങളും ദു:ഖിതരായി കാണപ്പെടുന്നു. മുകളില്‍ ഒരു മഹാപുരുഷന്റെ ദേവലോകത്തിലേക്കുള്ള വരവ്  ദേവലോകം ആഹ്ളാദചിത്തരായി ആഘോഷിക്കുന്നു.


ഇത്രയും അനുഭവിച്ചുകഴിയുമ്പോഴേക്കും നമ്മള്‍ ചെറുതായി അഹങ്കാരികളായി മാറിയിട്ടുണ്ടാവും. വിലമതിക്കാനാവാത്ത നമ്മുടെ സംസ്കാരത്തെ ഓര്‍ത്ത്.....കൂട്ടത്തില്‍  കൈവിട്ടുപോയ കാലത്തെയോര്‍ത്ത് ഇത്തിരി സങ്കടവും ബാക്കിയാവും.

മുപ്പാതാമത്തെ ഗുഹയില്‍നി്ന്നും നോക്കുമ്പോള്‍ ഒന്നാമത്തെ ഗുഹയിലേക്ക് വരിവരിയായി കയറിപ്പോകുന്നുണ്ട് പലനിറത്തിലുള്ള കുഞ്ഞനുറുമ്പുകള്‍ . ഇനിയൊരു മഴക്കാലത്ത് താഴെ വാഘോരനദിയുടെ നിറവിലേക്ക് മുകളിലെ പാറക്കൂട്ടം ഉരുകിയൊലിച്ചിറങ്ങുന്നതു കാണാന്‍ തിരിച്ചുവരണമെന്ന മോഹം മാത്രം ഇനി ബാക്കി വെക്കുന്നു.

വ്യാഴാഴ്‌ച, മാർച്ച് 08, 2012

രാധായനം..........


കാത്തിരിപ്പുണ്ട് നിന്നെഞാന്‍ നിറം ചോര്‍ന്ന
നേര്‍ത്തചേലാഞ്ചലം പിഞ്ഞിയതൊളിപ്പിച്ച്
ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ് 
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി

അഴലില്‍ക്കണ്ണീരു വാര്‍ത്തു കഴുകിക്കളഞ്ഞൊരു 
കറുപ്പും, കനല്‍ വെന്ത ചുവപ്പും , ഹരിതാഭം
നിറക്കും നമ്മുടെമോഹം വിരിച്ച തൂനറുംപട്ടും,
കൊടുംവേനലിളംമഞ്ഞ, തണുത്തൂറുമിന്ദ്രനീലം,
കുഴല്‍ച്ചെത്തം തിരഞ്ഞെത്തും കുയില്‍ക്കൂട്ടം, കുടമണി
കുലുക്കിക്കാതോര്‍ത്തുനില്ക്കും പശുക്കളും, കളിചൊല്ലും
യമുനയും കളവാണീ കഥനങ്ങള്‍ - കഥ മാറി
ധവളാഭം മധുവനം വിധുരര്‍ വിയോഗതപ്തര്‍ 
വിരക്തവിപ്രലാപത്താല്‍ വിസൃതവൃന്ദാവനം 
വിഷലിപ്തം യമുനയും വിധിയെന്ന് വരളുന്നു.........
നിറം കാണാതമര്‍ന്നതാം നിറംചോരാക്കനവുകള്‍
നിരത്തിനാം വരച്ചിട്ട നിണംപായും നിറച്ചാര്‍ത്തിന്‍
നിറക്കൂട്ടിന്‍ നിഴല്‍മാത്ര,മിതില്‍ വീണ്ടും നിറക്കേണം
കിളിര്‍ത്ത മോഹങ്ങള്‍ പൂത്ത തുടുത്തചായങ്ങളാലെ....
തളിര്‍ക്കേണം മധുവനം നിരതം പുഷ്പ്ങ്ങള്‍ ചാര്‍ത്തി
പറക്കേണം മഴവില്ലിന്‍ കുനുകുഞ്ഞു ശലഭങ്ങള്‍ .
 
കാത്തിരിപ്പുണ്ട് നിന്നെഞാന്‍ നിറം ചോര്‍ന്ന
നേര്‍ത്തചേലാഞ്ചലം പിഞ്ഞിയതൊളിപ്പിച്ച്
ഏറെയുംനരച്ചോരാതലവഴിമൂടിയതിലേറെയായ് 
പഴകിയോരോര്‍മ്മതന്‍ ചുരുള്‍ നീര്‍ത്തി


ഹോളിയുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകള്‍

വെള്ളിയാഴ്‌ച, മാർച്ച് 02, 2012

അയനം...... (ചൊല്‍ക്കാഴ്ച്ച)



http://youtu.be/FI_FSzXPAxY
വീണ്ടുമൊരിക്കല്‍ കൂടി ... ഇത്തവണ കവിത എന്‍റേതെങ്കിലും പാടിയത് ആര്യന്‍. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയാന്‍മടിക്കരുത്.......



പകുതിമുക്കാല്‍ നടന്നതാമീവഴി
യരികില്‍നീയിന്നു പതറിനിന്നീടവേ
ഇനിനടക്കാനരുതെന്നു നിന്‍മനം
ഇരവുനീര്‍ത്തീട്ടുറങ്ങാനൊരുങ്ങവേ
ചിരപരിചിതര്‍ക്കിടയിലൂടിന്നു നീ
മുഖമറിയാതുഴന്നു നീങ്ങീടവേ
ഇനിമടക്കമെന്നോതി മറവിതന്‍
മടിയിലേക്കുവീണമരും മനസ്സിലേ-
യ്ക്കോര്‍മ്മകള്‍തന്‍ വിഴുപ്പഴിച്ചിട്ടിന്നു
തടയണകള്‍ ഞാന്‍ തീര്‍ത്തു തളരവേ
ഇങ്ങിനേ നീ മറക്കാനിതെന്തെന്ന്
ചെമ്പരുത്തിക്കമ്പൊടിച്ചു കണ്‍ ചോപ്പിച്ച്
ചൊല്ലുവാനെനിക്കാവില്ല നിന്‍മിഴി-
ത്തുമ്പിലേതോ മഴക്കോളിരമ്പവേ..........

ആര്‍ദ്രമൊരു ധനുമാസരാവിന്‍ കുളിര്‍
ആര്‍ത്തമാം നെഞ്ചിലിറ്റിച്ചൊരാതിര-
പാട്ടിനീണങ്ങളോര്‍ത്തെടുത്താക്കുളിര്‍   
ക്കാറ്റില്‍ തിങ്കളൊത്താടിത്തുടിച്ചുനിന്‍
നിറുകയില്‍ ദശപുഷ്പമാല്യങ്ങള്‍തന്‍
തളിരില്‍ നിറമേറെ ചാലിച്ചുചാര്‍ത്തിയും 
ഏറെകാതം നടന്നതാം ജീവിതം 
പാതി പുറകോട്ടു വീണ്ടും നടന്നെത്തി
 
നിന്റെ നെഞ്ചറജാലകപ്പാളികള്‍
ചാരിയുള്‍വലിഞ്ഞെങ്ങോ മറഞ്ഞതാം
ഏതൊരുത്ക്കടബോധഭേദത്തിനാല്‍
പാളിനീക്കിയൊളിഞ്ഞൊന്നു നോക്കിടും
നിന്‍റെയോര്‍മ്മകള്‍ തന്‍ നിഴല്‍പ്പാടിതില്‍
തൂവെളിച്ചം നിറക്കാന്‍കൊതിയ്ക്കവേ
ഇന്നു നഞ്ഞുവീണൂഷരമൂര്‍വ്വിതന്‍
ഉള്ളുനൊന്തോരിടര്‍ച്ചയും തേങ്ങലും
ഒന്നുമില്ലാത്തിടംതേടി നിന്‍ഗതി
എന്തിനായ്ഞാന്‍ തടയേണമോര്‍ക്കുകില്‍..
ഉണ്ടൊരിക്കല്‍കൊതിച്ചിരുന്നെന്‍മനം
സന്ധ്യ ചോക്കുന്നതിന്‍മുന്‍പ് തിരിയെവ-
ന്നങ്ങു ചേക്കേറുമാക്കിളിക്കുഞ്ഞുപോല്‍
വിങ്ങിവെന്താലുമുള്ളിലെ കനിവിന്‍റെ
ഉറവവറ്റാത്തരിംമ്പുകള്‍ക്കിടയിലേ
ക്കൂര്‍ന്നിറങ്ങാന്‍ മറന്നൊന്നുറങ്ങുവാന്‍.......