ബുധനാഴ്‌ച, സെപ്റ്റംബർ 23, 2009

ഗംഗയിലൊരു റാഫ്റ്റിംങ്.......



"ഇങ്ങിനെ കൊതിച്ചിയാവാന്‍ പാടില്ല.........കഴിഞ്ഞ തവണ പേളിന്റെ ഇയറിങ്ങായിരുന്നു... ഇത്തവണ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്ന ക്രിസ്റ്റലിന്റെ ഇയറിങ്ങ്....."എന്റെ സ്നേഹത്തോടെയുള്ള ശകാരം നീണ്ടുപോയപ്പോള്‍ ക്യാപ്റ്റന്‍ പറഞ്ഞു....
"മാഡം ആപ്പ്ക്കാ ഇയറിങ്ങ് ലിയാഹെ...ഹമാരാ പൂഛോ......ക്യാ നഹീ ലിയാഹെ ഗംഗാമാനെ.....!"
പതിമൂന്നു വയസ്സായ അപ്പുവിനെചൂണ്ടി അയാള്‍ തുടര്‍ന്നു "ഇവന്റെ പ്രായത്തില്‍ ഗൈഡായതാണു ഞാന്‍...എന്തെല്ലാം കണ്ടിരിക്കുന്നു........"
കഴിഞ്ഞ രണ്ടു തവണയും ബ്രഹ്മപുരിയില്‍ നിന്നാണ് റാഫ്റ്റിങ്ങ് തുടങ്ങിയിരുന്നത്.ഒന്‍പതു കിലോമീറ്ററില്‍ രണ്ടുമൂന്നു ചെറിയ റാപ്പിഡുകളായിരുന്നു ഇതിലടങ്ങിയത്.ആദ്യത്തെത്തവണ ആദ്യമായാണെന്ന ഭയവും രണ്ടാമത്തെ തവണ കൂടെയുണ്ടായിരുന്ന ചേച്ചി സാരിയാണുടുത്തതെന്ന കാരണവുമാണ് ബ്രഹ്മപുരി തിരഞ്ഞെടുക്കാന്‍ കാരണം. രണ്ടുതവണയും വളരെ രസകരമായി റാഫ്റ്റിങ്ങ് അവസാനിച്ചതിനാലാവണം അടുത്തത് കുറച്ചുകൂടി അഡ്വഞ്ചറസ് ആകണമെന്ന മോഹത്തിനു കാരണം.
ഗംഗയില്‍ ആറു ഗ്രേഡുകള്‍ വരെയാണത്രെ റാപ്പിഡുകള്‍ ഉള്ളത്.ഒരേനിരപ്പില്‍ ശാന്തമായിഒഴുകുന്ന പുഴ ഇടക്കു വരുന്ന പാറക്കൂട്ടങ്ങള്‍ങ്ങളില്‍ ഇടുങ്ങുന്നതു കൊണ്ടോ വെള്ളത്തിന്റെ അളവു കൂടുന്നതുകൊണ്ടോ ശക്തമായി കുത്തിയൊലിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്ഥിരമായ ഒരു അവസ്ഥാവിശേഷമാണ് റാപ്പിഡ്. ഒരു കടലിലെ കോളിളക്കത്തില്‍കൂടി യാത്ര ചെയ്യുന്ന അനുഭവമായിരിക്കും വലിയ റാപ്പിഡുകളില്‍.
ഇത്തവണ പതിനാറു കിലോമീറ്റര്‍ ദൂരെ ശിവപുരിയില്‍ നിന്നാണ് റാഫ്റ്റിങ്ങ് തുടങ്ങാനുദ്ദേശിച്ചത്.
ഈ യാത്രയില്‍ നാലിനും അഞ്ചിനും ഇടയില്‍ കിടക്കുന്ന റാപ്പിഡുകളുണ്ടത്രെ.ആറാമത്തെ ഗ്രേഡിലുള്ള റാപ്പിഡ് ഇതിലുംമുകളില്‍നിന്നുള്ള 36.k.m സ്ട്രെച്ചില്‍ കിടക്കുന്നു.അതിനെ സൂയിസൈഡല്‍ എന്നായിരുന്നു ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്.സാധാരണ പ്രൊഫഷണല്‍ റാഫ്റ്റേഴ്സ് മാത്രമെ അതിനു ധൈര്യപ്പെടാറുള്ളു.പ്രത്യേകിച്ച് നല്ല മഴയായിരുന്ന കാരണം
വെള്ളത്തിന്റെ ലെവല്‍ വല്ലാതെ കയറിയിരുന്നു.ശിവപുരിയിലേക്കുള്ള വഴിയില്‍ ഇടക്കിടക്ക് വണ്ടി നിര്‍ത്തി അവര്‍ വെള്ളത്തിന്റെ ലെവല്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.അവര്‍ തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളില്‍ കണ്ട ഭയം ആദ്യമായി റാഫ്റ്റിങ്ങിനൊരുങ്ങുന്ന ബെന്നിയുടെയും അമൃതയുടെയും അപ്പുവിന്റെയും ധൈര്യം ചോര്‍ത്തിക്കൊണ്ടിരുന്നു.
ശിവപുരിയില്‍ എത്തിയപ്പോള്‍ റാഫ്റ്റ് താഴെയിറക്കി കാറ്റു നിറക്കാന്‍ തുടങ്ങി.ഞങ്ങള്‍ ഗംഗയുടെ ഭംഗിയാസ്വദിക്കാനും.ഇത്രയും ഭീകരയായി ഗംഗയെ ആദ്യമായി കാണുകയായിരുന്നു.അതുവരെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊണ്ടിരുന്ന എന്റെ ധൈര്യം ചെറുതായി കുറയുന്നതായി എനിക്കനുഭവപ്പെട്ടു.
മറ്റൊരു റാഫ്റ്റ് പോലും എവിടെയും കാണാനുണ്ടായിരുന്നില്ല.സാധാരണ ഗംഗയുടെ കരയില്‍ ധാരാളമായി കാണാറുള്ള റ്റെന്റുകളും അപ്രത്യക്ഷമായിരിക്കുന്നു.കുറച്ചുനല്ല സ്നാപ്സ് എടുത്തുകഴിഞ്ഞപ്പോഴേക്ക് റാഫ്റ്റ് റെഡിയായി. ലൈഫ്ജാക്കറ്റ് , ക്രാഷ്ഹെല്‍മെറ്റ് തുടങ്ങിയ അലങ്കാരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓരോ തുഴയും തന്നു.
കരയിലിരുന്ന റാഫ്റ്റ് ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു ഐലസാ പാടിക്കൊണ്ട് പൊക്കി വെള്ളത്തിലിറക്കി.എല്ലാവരും കയറിയിരുന്നപ്പോള്‍ ക്യാപ്റ്റന്റെ വക പാഡ് ലിങ്ങിനെപ്പറ്റി ഒരു ക്ലാസ്സുതന്നെയെടുത്തു.യാത്ര തുടങ്ങുന്നതിന്നു മുന്‍പ് മൊബൈല്‍ ഫോണ്‍ ക്യാമറ തുടങ്ങി നനയാന്‍ പാടില്ലാത്തവയെല്ലാം വാട്ടര്‍പ്രൂഫ്കവറിലിട്ട് നദിയില്‍ വീഴാതിരിക്കാന്‍ ഭദ്രമാക്കി. ഭയം എല്ലാവരുടെയും മുഖത്തുനിന്നു തൊട്ടെടുക്കാമായിരുന്നു.ക്യാപ്റ്റനെ കൂടാതെ വേറെ രണ്ടുപേരും ഉണ്ടായിരുന്നു.അതിലൊരാള്‍ വെള്ളത്തിന്റെ ഗതി നിരീക്ഷിക്കാനും ആരെങ്കിലും വെള്ളത്തില്‍ വീണാല്‍ രക്ഷിക്കാനുമായി ഒരു കെയാക്കില്‍മുന്നില്‍ പോയിക്കൊണ്ടിരുന്നു.
ആദ്യത്തെ ഒന്നു രണ്ടു ചെറിയ റാപ്പിഡുകള്‍ കഴിഞ്ഞപ്പോള്‍ ഇത്രയെ ഉള്ളോ എന്ന ഭാവമായിരുന്നു എല്ലാവര്‍ക്കും.തുഴയാന്‍ പറയുമ്പോള്‍ മലയാളിയുടെ സ്വഭാവം തനിയെ പുറത്തുവന്നതിനാല്‍ കുട്ടാനാടന്‍പുഞ്ച പാടി ഞങ്ങള്‍ ഭയത്തെ ധൈര്യമാക്കി മാറ്റിക്കൊണ്ടിരുന്നു.പെട്ടന്നാണ് മുന്നില്‍ പുഴയുടെ ഭാവം മാറിയത്.കുത്തിയൊലിക്കുന്ന വെള്ളം ശക്തിയായി മുകളിലേക്കും താഴേക്കും
ഓളമിട്ടുകൊണ്ടിരുന്നു. എനിക്ക് പേടിയാകുന്നു എന്നുറക്കെ പറഞ്ഞുപോയപ്പോള്‍ ക്യാപ്റ്റന്റെ ചീത്ത നല്ലപോലെ കിട്ടി. നിങ്ങളിലൊരാളുടെ ഭയം മതി എല്ലാവരേയും അപകടപ്പെടുത്താന്‍ എന്ന വാണിംങില്‍ എല്ലാവരും ധൈര്യം നടിച്ചിരുന്നു. നാലിനും അഞ്ചിനുമിടക്കുള്ള റാപ്പിഡിലേക്കൊഴുകിയിറങ്ങിയ റാഫ്റ്റ് പെട്ടന്ന് ശക്തമായഓളങ്ങളില്‍ പെട്ട് മുകളിലേക്ക് പൊന്താനും താഴെവീഴാനും ആടിയുലയാനും തുടങ്ങി. ക്യാപ്റ്റന്‍ എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ തരുന്നുണ്ടായിരുന്നെങ്കിലും ഭയന്നുള്ള ഞങ്ങളുടെ കൂക്കിവിളിക്കിടയില്‍ പലതും മുങ്ങി പോയിരുന്നു. ആ ഒരു മിനുട്ടുനേരം സത്യത്തില്‍ വല്ലാത്തൊരനുഭവം ആയിരുന്നു.ഞങ്ങള്‍ റാഫ്റ്റില്‍ നിന്നും തെറിച്ചു പോകുമെന്നു തോന്നി.ഒന്നു ശാന്തമായപ്പോള്‍ ക്യാപ്റ്റനടക്കം എല്ലാവര്‍ക്കും കാര്യമായതെന്തോ സാധിച്ചെടുത്ത ഭാവമായിരുന്നു.
അടുത്തതും അതുപോലെ തന്നെയുള്ള ഒരു റാപ്പിഡായിരുന്നു.ഇത്തവണ ഗംഗയോടുകളിക്കാന്‍ ഞങ്ങളും തെയ്യാറായിരുന്നതിനാല്‍ ഭയന്നിട്ടാണെങ്കിലും ആ റാപ്പിഡ് വളരെയധികം ആസ്വദിച്ചു."ഗംഗമിയ്യാ ഹംസെ ഖേല്‍നേക്കി മൂഡ്മേം ഹേ..."ക്യാപ്റ്റനും വളരെ റിലാക്സ്ഡായിരുന്നു.


രണ്ടാമത്തെ പോയിന്റായ ബ്രഹ്മപുരി കഴിഞ്ഞപ്പോള്‍ അത്യാവശ്യം ശാന്തമായ ഒരു സ്ഥലത്ത് ബോഡിസര്‍ഫിങ്ങിനായി എല്ലാവരും വെള്ളത്തിലേക്ക് എടുത്തുചാടി.മഞ്ഞിന്റെ തണുപ്പുള്ള വെള്ളത്തില്‍ അതുവരെ തുഴഞ്ഞതിന്റെ ക്ഷീണമെല്ലാം അലിഞ്ഞുപോയി.വീണ്ടും തുടങ്ങിയ യാത്ര ക്ലിഫ് ജംമ്പിങ്ങിനായി കരക്കടുത്തു. എകദേശം 25 അടി ഉയരത്തില്‍ പാറയുടെ മുകളില്‍ നിന്നും വെള്ളത്തിലേക്ക് ചാടണം .ബെന്നിയും അപ്പുവും കയറിപോയെങ്കിലും ബെന്നിക്ക് മുകളിലെത്തിയപ്പോള്‍ ജീവിതം ഗംഗയിലൂടൊഴുകി പോകുന്നതായി തോന്നിയതിനാല്‍ ചാടാതെ തിരിച്ചു പോന്നു. അപ്പു കുട്ടികളുടെ പൊട്ട ധൈര്യത്തില്‍ ഏറ്റവും മുകളില്‍നിന്നല്ലെങ്കിലും ചാടി മാനം കാത്തു.


തുടര്‍ന്ന യാത്ര ചെറിയ രണ്ടുമൂന്ന് റാപ്പിഡുകളിലൂടെ കടന്നുപോയപ്പോള്‍ വലിയ ത്രില്ലൊന്നും തോന്നിയില്ല. ഈ റാപ്പിഡുകള്‍മാത്രമാണ് ബ്രഹ്മപുരിയില്‍ നിന്നുള്ള റാഫ്റ്റിംങില്‍ ലഭിക്കുന്നത്.അവസാനം തിരിച്ചിറങ്ങാറായപ്പോള്‍ ക്യാപ്റ്റന്‍ പറയുകയായിരുന്നു കാലാവസ്ഥയും വെള്ളത്തിന്റെ ഉയര്‍ന്ന ലെവലും കാരണം ഒരാള്‍ പോലും റാഫ്റ്റിങ്ങിന് ഇറങ്ങിയിട്ടില്ലത്രെ ആ ദിവസം. ഞങ്ങള്‍ മാത്രമായിരുന്നു ആ ദിവസം ആകെ ശിവപുരിയില്‍ നിന്ന് റാഫ്റ്റിങ്ങിന് പോയത്.

ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2009

ഗംഗ.............



സ്നേഹത്തോടെ കോരിയെടുത്തിട്ടും
നെഞ്ചോട് ചേര്‍ത്തണച്ചിട്ടും എന്റെ
കൈക്കുമ്പിളിലൂടെ ഒലിച്ചിറങ്ങിയത്
നിന്റെ പൊള്ളുന്ന കണ്ണീരാണല്ലൊ........!
യുഗാന്തരങ്ങളായുറഞ്ഞ മരവിപ്പ്
കിരണങ്ങള്‍ തട്ടിയുണര്‍ത്തവെ
വിറച്ചുവിരിഞ്ഞ മോഹച്ചിറകേറി
ഗംഗയായ് യാത്ര തുടങ്ങുമ്പോള്‍
മഞ്ഞുപാളിയുടെ പരിശുദ്ധിയുമായി
നോവിച്ച കല്ലുകളെ തഴുകിമയക്കി
ആയിരങ്ങളുടെ ആരതിയേറ്റുവാങ്ങി
താഴേക്കൊഴുകെ അറിഞ്ഞിരിക്കില്ല
ഏറ്റുവാങ്ങേണ്ടത് നോവുകളാണെന്ന്....
കനവു നഷ്ടപ്പെട്ടവരുടെ കണ്ണീരെന്ന്....
കരിഞ്ഞനിനവുകളുടെ ചാരവും
പകുതിവെന്ത ഹൃദയങ്ങളുമാണെന്ന്....
നിന്റെ നന്മക്കായി ആരതിയുഴിഞ്ഞ്
ചിരാതൊഴുക്കുമ്പോള്‍ ഞാനറിയുന്നു
ഇങ്ങിനെ സ്നേഹിച്ചുകൊല്ലാന്‍
ഞങ്ങള്‍ മനുഷ്യര്‍ക്കെ കഴിയു....

ശനിയാഴ്‌ച, സെപ്റ്റംബർ 12, 2009

വന്നിട്ട് ഒരു വര്‍ഷം തികയുന്നു



ഇന്ന് ഞാന്‍ തനിമലയാളത്തില്‍ വന്നിട്ട് ഒരു വര്‍ഷം തികയുന്നു....ഇന്നു നൂറ് പോസ്റ്റുകളുമായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ഒരിക്കല്‍ ഒരു കാരണവുമില്ലാതെ നിര്‍ത്തിയ എഴുത്ത് വീട്ടുകാരുടെയും സ്നേഹിക്കുന്നവരുടെയും നിര്‍ബ്ബന്ധത്തിനു വഴങ്ങി ബോറടി മാറ്റാന്‍ വേണ്ടി വീണ്ടും തുടങ്ങിയപ്പോള്‍ ഇതുപോലെമുന്നോട്ടു കൊണ്ടുപോകാമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.ഇതിനു കാരണം നിങ്ങളാണ്.....നിങ്ങളുടെ പ്രോത്സാഹനമാണ്. ഇവിടെ എനിക്കു കിട്ടിയ എല്ലാ കൂട്ടുകാര്‍ക്കും എന്റെ സ്നേഹവും നന്ദിയും.........അതെ സമയം എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു...........

ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

സുഡോക്കു........


അക്കങ്ങളെ നേര്‍രേഖയിലാക്കുന്ന
കളി കളിച്ചപ്പോഴാണറിഞ്ഞത്
ഓരോ അക്കത്തിനും കള്ളികള്‍ക്കും
അതിന്റേതായ സ്വകാര്യതയുണ്ട്....!
തലങ്ങനെയും വിലങ്ങനെയും
നീണ്ടുപോകുന്ന നേര്‍രേഖകളില്‍
ഒരെണ്ണം അസ്ഥാനത്തായാല്‍
ഒന്നാകെ അഴിച്ചുപണിയണം......!
ചില അക്കങ്ങള്‍ അവസ്ഥിതമായപ്പോള്‍
സ്വയം ചിലത് സമചതുരങ്ങളിലൊതുങ്ങി.
കൂട്ടാനും കിഴിക്കാനും നില്‍ക്കാതെ
സമവാക്യങ്ങളില്‍ മയങ്ങിവീഴാതെ
മറ്റുള്ളവരുടെ ഹരണഗുണനങ്ങളില്‍
ഒരു പങ്കുപറ്റാന്‍ മത്സരിക്കാതെ
തനതു ശാഠ്യത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍‍
ഭ്രാന്തമൗനം കലഹിച്ച കടല്‍ച്ചൊരുക്കില്‍
ഏകതാനമായ ക്ഷേത്രഗണിതം പോലെ....

ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

ഞാന്‍........?


ആദ്യമായി ഞാനെന്നെ
തിരിച്ചറിഞ്ഞത്
നിന്റെ കണ്ണുകളിലാണ്....!
ജന്മങ്ങളായി ഞാനവിടെ
ഉണ്ടായിരുന്നെന്ന്
നിന്റെ കണ്ണുകളിലെ തിളക്കം.....
മറ്റുള്ളവര്‍ക്കായി
മാറിമാറിയണിഞ്ഞ
നിറക്കൂട്ടുകള്‍ എന്നില്‍നിന്ന്
പിണങ്ങിപ്പിരിയുമ്പോള്‍
അവര്‍ക്കൊപ്പമെത്താന്‍
ശരീരം പെരുപ്പിച്ച്
കിതച്ചു മടുക്കുമ്പോള്‍
ഞാനോടിയെത്തുന്നു.
നിന്റെ കണ്ണുകളില്‍
നിന്റെ നെഞ്ചിലെ ചൂടില്‍
എന്റെ മുടിയിലൂടൊഴുകുന്ന
നിന്റെ വിരലുകളില്‍
ഞാനെന്നെ തിരയുന്നു....!
നിന്റെ കണ്ണുകളിലാദ്യം കണ്ട
എനിക്കെന്നോ നഷ്ടമായ
പഴയ ദാവിണിക്കാരിയെ....

ഞായറാഴ്‌ച, ഓഗസ്റ്റ് 23, 2009

അത്തം



ചാണകം മെഴുകിയ നടുമിറ്റത്ത്
തുമ്പപ്പൂക്കളമിട്ട് നനഞ്ഞൊലിച്ച്
അത്തമിരുന്നു...അരികില്‍
ഗണപതിക്കിട്ട തേങ്ങ....
മേലടുക്കളയില്‍ അയ്യപ്പന്

അമ്മ നേര്‍ന്ന നെയ്പ്പായസം.....
ഓണം വെളുക്കണമത്രെ....
അതിനത്തം കറുക്കണം...!
ആദ്യം വന്നിട്ടും
അണിഞ്ഞിരുന്നിട്ടും
അത്തം കറുക്കണമത്രെ.....!
കാലങ്ങളായുള്ള പക്ഷഭേദം...
അത്തക്കൂറെന്ന പരിഹാസം
കറുക്കാതിരിക്കുന്നതെങ്ങിനെ...?
ഗണപതിക്കിട്ട തേങ്ങ,
അയ്യപ്പന് നെയ്പ്പായസം.
ഒറ്റപ്പൂക്കളത്തിനു നടുവിലിരുന്ന്
കണ്ണീരൊലിപ്പിച്ച് അത്തം കറുത്തു.
എത്രയായാലും തന്റെ

പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെ.....

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2009

പറഞ്ഞുപോയ വാക്ക്



പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍
അറിയാതെ മുറിഞ്ഞുവീണതാണാ വാക്ക്....
ഞാനതറിഞ്ഞില്ലെങ്കിലും നീ കേട്ടു.
അതു കടല്‍ പോലെ അഗാധമാണെന്നും
അതില്‍ ശ്വാസം മുട്ടിക്കുന്ന നീരാഴികളും
ഒന്നാകെ വിഴുങ്ങുന്ന സ്രാവുകളുമുണ്ടെന്നു നീ....!
എന്നാലും വെറുമൊരു വാക്കല്ലെയെന്നു ഞാന്‍.
അറിയാതെ പിറന്ന ആര്‍ക്കും വേണ്ടാത്ത
അപ്പോള്‍ത്തന്നെ ഞെരിച്ചുകൊന്ന ജഡം......
പറഞ്ഞു തീര്‍ന്നതും പറയാനിരിക്കുന്നതും
കേള്‍ക്കാന്‍ കൊതിക്കുന്നതുമായ വാക്കുകള്‍ക്കിടയില്‍
ഈ മരിച്ചുപോയ വാക്കിനെന്തു പ്രസക്തി?
വായവിട്ട വാക്കിന് മരണമില്ലെന്ന്,
വാക്ക് വാക്കായിരിക്കുമെന്ന് നിന്റെ വാശി.....
അതാണ് പണ്ടുള്ളവര്‍ പറയുന്നത്,
വാക്കെറിയുമ്പോള്‍ അളന്നെറിയണമെന്ന്.

ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2009

ശാരദ....




ഏടുത്താല്‍ പൊന്താത്ത മല ഓടിക്കയറുമ്പോള്‍ ശ്വാസം നെഞ്ചിനെ വിഴുങ്ങും പോലെ. 'ഒന്നുപതുക്കെ'
അവള്‍ ശാരദ മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണാത്ത ഗര്‍ത്തം പോലെയുള്ള ഇരുട്ടുനിറഞ്ഞ ഇടവഴിയിലൂടെ കയ്യുപിടിച്ചുവലിച്ച് നിര്‍ത്താതെ ഓടി.

'ഇങ്ങിനെ ഓടുമ്പോഴാണ് അവള്‍ക്ക് മഞ്ഞക്കാമല പിടിച്ചത്....ആ ശാന്തിപ്പെണ്ണിനേയ്.....'ശാരദ പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ചയാണ് ശാന്തി മരിച്ചത്. ഒരു മിണ്ടാപ്രാണി....അവളുടെ അമ്മക്കും സംസാരശേഷി ഉണ്ടായിരുന്നില്ല. ആ അമ്മയുടെ പേര്‍ ആരും ചോദിച്ചില്ല. 'പൊട്ടത്തി'യെന്ന് ഉറക്കെവിളിച്ചാല്‍ അവര്‍ ചിരിച്ചുകൊണ്ടോടിവരുമായിരുന്നു. എന്തു പണിയും ചെയ്യും. ശാന്തി മരിച്ചപ്പോള്‍ പൊട്ടത്തി എങ്ങിനെ കരഞ്ഞിട്ടുണ്ടാവുമെന്നാണ് ഞാന്‍ ആലോചിച്ചത്. അച്ഛനാരെന്നറിയാത്ത ശാന്തി ശാരദയുടെ അച്ഛന്‍പെങ്ങളുടെ മകളായിരുന്നു.ഒരു മാസമാണവള്‍ പനിച്ചുകിടന്നത്.

ഇടവഴിക്കരുകിലെ ഗുഹപോലുള്ള ഇരുട്ടുചൂണ്ടി ശാരദ പറഞ്ഞു' അതുകണ്ടൊ..... അവിടെയെന്തൊ കണ്ടാണവള്‍ പേടിച്ചത്...അവളുടെ പ്രേതം ഇവിടെയൊക്കെയുണ്ടാവും......'

കണ്ണുകള്‍ ഇറുക്കിയടച്ച് കുത്തനെയുള്ള കയറ്റം ഓടിക്കയറിയപ്പോള്‍ ഹൃദയം പിടച്ച് പിടച്ച് താഴെവീഴുമെന്ന് തോന്നി. നല്ല ആള്‍സഞ്ചാരമുള്ള വഴിവിട്ടാണ് ശാരദ എന്നെ ഈവഴി കൊണ്ടുവന്നിരിക്കുന്നത്.
എന്റെ ഇരട്ടി വയസ്സുണ്ടായിട്ടും അവള്‍ എന്റെ കൂടെ രണ്ടാം ക്ലാസ്സിലായിരുന്നു. രാവിലെയും വൈകീട്ടും സ്കൂളിലേക്ക് എനിക്ക് കൂട്ടു വരുന്ന ജോലി അവള്‍ക്കായിരുന്നു.മടക്കയാത്രയില്‍ ഞങ്ങള്‍ കളിച്ചിരുന്ന ഊഹക്കളി ശാരദ എന്നും അവസാനിപ്പിച്ചിരുന്നത് എന്റെ അമ്മയുണ്ടാക്കിയിരുന്ന എതെങ്കിലും നാലുമണിപ്പലഹാരത്തിലായിരുന്നു.

'വാവേ....'രാവിലെ ജനലിലൂടെശാരദയുടെ ഉറക്കെയുള്ള വിളികേട്ടാണ് ഞാന്‍ ഉണര്‍ന്നത്....മേലുമുഴുവന്‍ വല്ലാത്ത വേദന തോന്നി.

'വാവക്ക് പനിയാണ് ...ഇന്ന് വര്ണില്യ' അമ്മ കടന്നു വന്നു.ശാരദയുടെ കണ്ണുകള്‍ മിന്നിയത് പനിത്തളര്‍ച്ചയിലും ഞാന്‍ കണ്ടു.

'വൈയ്യിട്ട് സ്ക്കൂളുവിട്ടുവരുമ്പൊ കീഴാര്‍നെല്ലി കൊണ്ടരട്ടെ ഞാന്‍ ....'ശാരദയുടെ ശബ്ദത്തില്‍ വല്ലാത്ത ഉത്സാഹം.

'എന്തിനാത്' പുറത്തേക്കിറങ്ങിയ അമ്മ പെട്ടന്ന് തിരിഞ്ഞുനിന്നു.

'വാവക്ക് കൊടുക്കാന്....‍'

'നീ പോയ്ക്കൊ ...ഇനി വേണ്ടപ്പൊ വിളിക്കാം...'വഴുതി വഴുതി മയക്കത്തിലേക്ക് വീഴുമ്പോഴും
ഞാനറിഞ്ഞു അമ്മയുടെ ശബ്ദത്തില്‍ പതിവില്ലാത്ത മുഴക്കം.

ബുധനാഴ്‌ച, ഓഗസ്റ്റ് 12, 2009

ശിരോലിഖിതം


നിന്‍ ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍ നീ
കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...

അലറിക്കരഞ്ഞുകൊണ്ടതു
പോല്‍കോപം കൊണ്ട്
കടലായ് കൊടുങ്കാറ്റായ്
ചിതറിതെറിച്ചു പിന്നി-
ടയില്‍തണുത്തുറഞ്ഞൊടുവില്‍
മനം വെന്ത മരു പോലചഞ്ചല
നിര്‍വീര്യയായ്നീയെന്നോ...

ഒന്നുരണ്ടല്ല ... നൂറ്റി
യെട്ടിലുമൊതുങ്ങാതി-
ന്നെണ്ണൂന്നു കബന്ധങ്ങള്‍
നിന്റെ മക്കളന്ന്യോന്ന്യം...
ഒരുവഴി ചെന്നെത്തുവാന്‍
കര്‍മ്മത്തിന്‍ഫലത്തേക്കാള്‍
ഒരുപിടി അവിലേ നല്ലൂ
എന്നല്ലോ നിനപ്പിവര്‍.....

കൊഞ്ചിച്ചു വഷളാക്കി
മക്കളെയെന്നോ
കാന്തന്‍ ചൊല്ലുന്നു കോപം
കൊണ്ടു തുടുത്ത നയനങ്ങളാല്‍.....
ഉയരുന്നൂഷ്മാവത്രെ
നിന്റെ നെഞ്ചിലെയഗ്നി
നിന്നുകത്തുകയാവാം
അതിഘോരമനുദിശം....

നിന്‍ ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍
നീ കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...


ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2009

കുഞ്ഞു നൊമ്പരം .......


പണ്ടു നിന്റെ നിറകണ്ണില്‍
കടല്‍ കണ്ടവരാണു ഞങ്ങള്‍.
ഒരു മാമ്പൂ പൊട്ടിച്ചതിന്ന്
അമ്മ വഴക്കു പറഞ്ഞതും
നിന്റെ കണ്ണുകള്‍ നിറഞ്ഞതും
മനസ്സിന്റെ അടരുകളില്‍
പതഞ്ഞ് പുതഞ്ഞ്
ഒരു നോവായി ഇന്നും....!
ആര്‍ദ്രമായ ഒരു തലോടലില്‍
കടല്‍ മുഴുവന്‍ വറ്റിച്ച്
കനവു പാവാന്‍ വെറും
നിമിഷത്തിന്റെ അംശ ശേഷം....
ഇന്നു നിന്റെ നെഞ്ചുരുകി
കണ്ണീര്‍ക്കടല്‍ കവിഞ്ഞ്
പ്രളയം തീര്‍ക്കുമ്പോള്‍
നിന്റെ കണ്ണിരുപ്പുകൊണ്ട്
കടല്‍ത്തിണ്ണകള്‍ തീര്‍ത്ത്
തിരിഞ്ഞിരുന്ന് ഞങ്ങള്‍
ഞങ്ങളുടെ കനവുകള്‍ പാവാന്‍
വിളനിലങ്ങള്‍ അന്വേഷിക്കുന്നു.


ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2009

രക്ഷാബന്ധന്‍


ഇന്ന് രക്ഷാബന്ധന്‍. മണികണ്ഠത്തില്‍ ബന്ധിക്കുന്ന ഒരു നിറച്ചരടില്‍ ബന്ധങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്ന ദിവസം.ഈ അനുഷ്ടാനത്തിന് ഏകദേശം 6000 വര്‍ഷത്തിന്റെ അതായത് സിന്ധുനദിതടസംസ്കാരം നിലവില്‍ വന്ന കാലത്തിന്റെയത്ര പഴക്കമുണ്ടത്രെ.
സഹോദരീസഹോദരബന്ധത്തെ അരക്കിട്ടുറപ്പിക്കുക സഹോദരിയോടുള്ള അവന്റെ ഉത്തരവാദിത്വത്തില്‍ ഒരു തിരിച്ചറിവുണ്ടാക്കുക ഇത്രയുമാണ് ഈ ആചാരംകൊണ്ടുദ്ദേശിക്കുന്നത്.
ശ്രാവണമാസത്തിലെ പൗര്‍ണ്ണമി (ശ്രാവണപൂര്‍ണ്ണിമ) ദിവസമാണ് സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈ ഉത്സവം കൊണ്ടാടുന്നത്. ചുവപ്പും മഞ്ഞയും സ്വര്‍ണ്ണവും കൂടിക്കലര്‍ന്ന ഒരു ചരടിനാല്‍ വിളക്കപ്പെടുന്ന ഈ ബന്ധത്തിന്റെ പവിത്രത ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താന്‍ ഈ ബന്ധനം നിഷ്ക്കര്‍ഷിക്കുന്നു.
രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പുരാണങ്ങളില്‍ ചില കഥകള്‍ ഉണ്ട്....
തന്റെ ഭക്തനായിരുന്ന മഹാബലിയുടെ രാജ്യം സംരക്ഷിക്കാനായി എത്തിയ മഹാവിഷ്ണു വൈകുണ്ഠത്തില്‍ തിരിച്ചെത്താഞ്ഞപ്പോള്‍ ലക്ഷ്മീദേവി ഒരു ബ്രാഹ്മണയുവതിയായി ബലിയുടെ അടുത്ത് അഭയം തേടുന്നു. ശ്രാവണപൂര്‍ണ്ണിമയുടെയന്ന് ബലിയുടെ കയ്യില്‍ രാഖികെട്ടിയ ലക്ഷ്മീദേവി തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തുകയും ബലി സസന്തോഷം വിഷ്ണുവിനെ വൈകുണ്ഠത്തിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു.അന്നുമുതല്‍ ഈ ആഘോഷം കൊല്ലം തോറും ആഘോഷിച്ചു വരുന്നുവത്രെ.
ഇതില്‍ അസുര രാജാവായ ബലി ഇന്ദ്രനുമായി നടത്തിയ യുദ്ധമായിരുന്നു അതെന്നും ഇന്ദ്രന്റെ പത്നി സചീദേവിക്ക് വിഷ്ണു കൊടുത്ത പവിത്രനൂല്‍ ബലിയുടെ കയ്യില്‍ കെട്ടിയതിനാല്‍ ബലി ഇന്ദ്രനെ കൊല്ലാതെ വിട്ടുവെന്നും ഒരു കഥയുണ്ട്. നമ്മുടെ ഓണവുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഒരു റിസര്‍ച്ചിനുള്ള വകയുണ്ട്.
ചരിത്ര യുദ്ധങ്ങളിലും രാഖി കടന്നുവരുന്നുണ്ട്. 300 ബി സിയില്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഭാരതത്തെ ആക്രമിച്ചപ്പോള്‍ അന്നത്തെ രാജാവായിരുന്ന പുരുവില്‍നിന്ന് ഒരുപാട് നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നു. രക്ഷാബന്ധനെപ്പറ്റി അറിയാമായിരുന്ന മഹാറാണി പുരുവിന്ന് രാഖികെട്ടുകയും പുരു അതു സ്വീകരിക്കുകയും ചെയ്തു. പിന്നീടുണ്ടായ യുദ്ധത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കൊല്ലാനുള്ള സാഹചര്യമുണ്ടായിട്ടും സഹോദരിഭര്‍ത്താവ് എന്ന പരിഗണനയില്‍ അദ്ദേഹം അതു ചെയ്യുന്നില്ല.
രജപുത്തരും മുഗളരും തമ്മിലുള്ള ബന്ധവും രക്ഷാബന്ധനിലൂടെ വളര്‍ന്ന ചരിത്രമുണ്ട്. ചിത്തോഡിലെ റാണിയായിരുന്ന വിധവയായ കര്‍ണാവതി ഗുജറാത്ത്സുല്‍ത്താനായിരുന്ന ബഹദൂര്‍ഷായില്‍നിന്ന് രക്ഷപ്പെടാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഹുമയൂണിന് രാഖി അയക്കുകയും
ഹുമയൂണ്‍ യുദ്ധത്തിലിടപെടുകയും ചെയ്തു.
രക്ഷാബന്ധന്റെ ഉത്ഭവമായി പറയാന്‍ പറ്റുന്ന മറ്റൊരു കഥ ഒരു പക്ഷെ കൃഷ്ണനും ദ്രൗപതിയും തമ്മിലുള്ളതാവും.ശിശുപാലനെ നിഗ്രഹിക്കുന്നതിന്നിടയില്‍ കൃഷ്ണന്റെ ഇടതുകയ്യില്‍നിന്നും രക്തം വാര്‍ന്നൊലിക്കാന്‍ തുടങ്ങി. ഇതുകണ്ട ദ്രൗപത് സ്വന്തം വസ്ത്രാഞ്ചലം കീറി കൃഷ്ണന്റെ മണികണ്ഠത്തില്‍ കെട്ടി രക്ത വാര്‍ച്ച നിര്‍ത്തുന്നു.സന്തുഷ്ടനായ കൃഷ്ണന്‍ ദ്രൗപതിയെ സഹോദരിയായിക്കണ്ട് ഭാവിയില്‍ അവളുടെ രക്ഷക്കായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. ബാക്കി നമുക്കറിയാമല്ലൊ....
ഇത്രയും പറഞ്ഞതില്‍നിന്നും രാഖിയുടെ ശക്തി മനസ്സിലായിട്ടുണ്ടാവുമല്ലൊ. പവിത്രമായ സ്ത്രീ പുരുഷ ബന്ധങ്ങളെ വികലമായ മനസ്സു കൊണ്ട് അളക്കുന്ന ഇന്നത്തെ കാലത്ത് ഇങ്ങിനെയൊരാചാരം പ്രാധാന്യമര്‍ഹിക്കുന്നു.നല്ല സൗഹൃദങ്ങളെ വിട്ടേക്കു.... രക്ത ബന്ധങ്ങളെ പോലും തിരിച്ചറിയാത്ത ഒരു മനസ്സുമായാണ് ഒരുവിഭാഗം നമ്മുടെയിടയില്‍ ജീവിക്കുന്നത്. കാലങ്ങളായുള്ള ഈ അനുഷ്ടാനം കൊണ്ട് ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കുറവൊന്നുമില്ലെങ്കിലും സ്ത്രീക്കെതിരെ നീങ്ങുമ്പോള്‍ കയ്യിലെ ചരട് ഒരു നിമിഷം ചിന്തിക്കാനുള്ള പ്രേരകമായെങ്കില്‍ എന്നു മാത്രം. ഗൂഗിള്‍

<a href = "http://marunadan-prayan.blogspot.com/2009/02/blog-post_01.html">

രക്തബന്ധം.......?<