ശനിയാഴ്‌ച, ജൂലൈ 14, 2018

ലോകത്തിലെവിടെയും നിലവിലില്ലാത്ത നിയമങ്ങളാൽ അടിച്ചമർത്തപ്പെട്ടവരാണ് നമ്മൾ

http://www.woodpeckernews.com/news.php?news_cat_id=9&news_id=4331


ലോകം പാഞ്ഞു പോയ്ക്കൊണ്ടിരിക്കുമ്പോഴും ഇപ്പോഴും ചില (പല ) കാര്യങ്ങളിൽ നിന്നിടത്തു നിൽക്കാനാണ് ഇവിടെയുള്ളവർക്കിഷ്ടം. അതിൽ പ്രധാനമാണ് സ്ത്രീ പുരുഷ ബന്ധത്തെപ്പററിയുള്ള, സ്ത്രീയെപ്പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട്. സ്ത്രീ പുരുഷന്റെ സ്വകാര്യ സ്വത്താണ് എന്ന സമൂഹത്തിന്റെ നിലപാടിനെ ജുഡീഷ്യറി ഇന്നും നിയമങ്ങൾ കൊണ്ട് സാധുകരിക്കുന്നത് അതിനൊരുദാഹരണമാണ്. ഇന്ത്യൻ സമൂഹത്തിന്റെ സംസ്കാരവും ഘടനയും കണക്കിലെടുക്കുമ്പോൾ വിവാഹത്തിന്റെ സംശുദ്ധി സംരക്ഷിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകൾ ( 497,ക്രമിനൽ നടപടിച്ചട്ടത്തിലെ 198) മളീമഠ് കമ്മിറ്റിയുടെ നിർദ്ദേശം പരിഗണിച്ച് ഭേദഗതികളോടെ നിലനിർത്തുന്നതിനെപ്പറ്റിയാണ് ലോക്കമ്മീഷൻ ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്. 1860 ൽ മെക്കാളെ പ്രഭുവിന്റെ കാലത്ത് രൂപപ്പെടുത്തിയ ഐ പി സി 497 ഇപ്പോൾ ഉഗാണ്ടയിൽ പോലും നിലവിലില്ലാത്ത നിയമമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഭാരത സമൂഹത്തിന്റെ സംസ്കാരവും ഘടനയും എന്ന പ്രയോഗം തന്നെ എത്ര പരിഹാസ്യമാണ് എന്നതാണ് ആദ്യം ആലോചിക്കേണ്ടത്. ഇത്തരം ചട്ടക്കൂടുകളിലൊതുങ്ങാത്ത ഒരു ഭാരതത്തെപ്പറ്റി പറയാൻ ഒരു പാടു പുറകോട്ടു നടക്കേണ്ട ആവശ്യമൊന്നുമില്ല. പുറത്തെടുത്തു വെച്ച ചെല്ലവും അകത്തെടുത്തു വെച്ച കിണ്ടിയും സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്യത്തിന്റെ ചിഹ്നങ്ങളായിരുന്നത് വളരെ പണ്ടൊന്നുമല്ല.

സ്ത്രീയിന്ന് അതിലുമെത്രയോ വളർന്നിട്ടേയുള്ളു. പുരുഷനൊപ്പം അവളെത്താത്തിടങ്ങളില്ല. പക്ഷെ അവൾക്കൊപ്പം വളരാൻ അവൻ ശ്രമിക്കുന്നില്ല എന്നതാണ് ഇന്ന് ദാമ്പത്യത്തിലെ മുഖ്യ പ്രശ്നം. ഇത്തരം പ്രശ്നങ്ങളിലേക്ക് പെൺകുട്ടികൾ കടന്നു ചെല്ലാൻ അറയ്ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാൽപ്പനികമായ ചിലതിനെ ഉദാഹരിച്ച് ഇതാണ് ദാമ്പത്യം, ദാമ്പത്യത്തിൽ സ്ത്രീയുടെ പങ്ക് ഇതൊക്കെയാവണം , ഈ ലക്ഷ്മണ രേഖയ്ക്കപ്പുറം സ്ത്രീ കടന്നു പോകരുത് എന്നൊക്കെയുള്ള നിയമങ്ങൾ പുരുഷാധിഷ്ടിതമായ ‘കാഴ്ചപ്പാടോടെ സമൂഹം ചിട്ടപ്പെടുത്തിയ ചില ട്രാപ്പുകളാണ്. അത്തരം കുരുക്കുകൾ ദുരുപയോഗിച്ച് സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. ഒരു പരിചയവുമില്ലാത്ത രണ്ടു പേർക്ക് ദാമ്പത്യ ബന്ധത്തിൽ വരുമ്പോൾ പൊരുത്തപ്പെടാനായി പലപ്പോഴും സ്വന്തം അസ്തിത്വം തന്നെ ബലി കൊടുക്കേണ്ടി വരുന്നുണ്ട്. സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്രയും മാനസികമായി അടുപ്പമുള്ള ഒരാളുമായി മാത്രം സംഭവിക്കാവുന്ന ഒന്നാണ് സന്തോഷപൂർണ്ണമായ ലൈംഗീക ബന്ധം.( ഇതു പറയുമ്പോൾ ഭർത്താവുമൊത്തുള്ള ലൈംഗിക ബന്ധത്തിനിടയിൽ ഒരു പുസ്തകം കിട്ടിയിരുന്നെങ്കിൽ വായിക്കാമായിരുന്നെന്നു തോന്നാറുണ്ടെന്നു പറഞ്ഞ ഒരു പെൺ സുഹൃത്തിനെ ഓർമ്മ വരുന്നു. അത്തരം സ്ത്രീകളാണ് കൂടുതലും എന്നു് സർവ്വേ പറയുന്നു.) തനിക്ക് താൽപ്പര്യമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അത് സ്ത്രീയായാലും പുഷനായാലും, അതല്ല ഇനി ഒരേ ലിംഗത്തിൽ നിന്നായാൽ പോലും ഒരു വ്യക്തിയുടെ പൗരാവകാശമാണ്. നിയമ വിധേനയുള്ള പങ്കാളികൾ ഉണ്ടെങ്കിൽ അവർക്ക് എതിർപ്പുണ്ടെങ്കിൽ ഈയൊരു കാരണം മാത്രം ഒരു ഡിവോഴ്സിന് ധാരാളമാണ്. കൂടാതെ സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്നു പറയുമ്പോൾ നമ്മൾ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്ന മിഥോളജികളിലേക്ക് വെറുതെയൊന്നു കണ്ണാടിച്ചാൽ മതി. പുരുഷനാൽ, സമൂഹത്താൽ വലിച്ചെറിയപ്പെട്ട സ്ത്രീകളാണവിടെ ശക്തി രൂപിണികളായി വാനോളം വളർന്നു നിൽക്കുന്നവരിൽ പലരും.

മിത്തുകളെ കാട്ടി ഒരാളുടെ ജീവിതം ചിട്ടപ്പെടുത്തുന്നത് അവരുടെ സ്വകാര്യതയിൽ അതാണായാലും പെണ്ണായാലും ഒളിഞ്ഞു നോക്കുന്നത് സ്വകാര്യതകളിലിടപെട്ട് കോടതി കേറ്റുന്നത് പ്രാകൃതമാണ്. ഒരു പക്ഷെ പ്രാകൃതമെന്നത് ‘ തന്നെ തെറ്റായ പ്രയോഗമാണ്. ചുരുക്കിപ്പറഞ്ഞാൽ പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ, അവർ ഏതു ലിംഗത്തിൽ പെട്ടവരായാലും, തമ്മിൽ ബന്ധപ്പെടുന്നത് കുറ്റകരമായി കാണുന്നതു തന്നെ പൗരാവകാശലംഘനമാണ്. അപ്പോൾ വിവാഹേതരബന്ധത്തിൽ പുരുഷന്മാരെ കുറ്റക്കാരായി കാണുന്നത് തന്നെ തെറ്റാണ് എന്നിരിക്കെ സ്ത്രീകളെ കൂടി കുറ്റക്കാരാക്കാനുള്ള ശ്രമം തികച്ചും പിന്തിരിപ്പനും അധുനിക സമൂഹത്തിന് യോജിക്കാത്തതുമാണ്.

http://www.woodpeckernews.com/news.php?news_cat_id=9&news_id=4331

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

Baccarat - Five Best Baccarat - Vegas Style Gambling
If you want to play, then this site is for you. 피망 바카라 Play the best online baccarat games, and experience a rewarding gambling experience without risking your