ഓരൊഴിവുദിവസത്തിന്റെ ആലസ്യവും അന്തര്മ്മുഖതയും പൂര്‍ണ്ണമായി ഏറ്റെടുത്ത് ഡ്രോയിങ്ങ്റൂമിലെ സോഫയില്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തെ മാറിലുറങ്ങാന്‍ വിട്ട് കണ്ണുകളടച്ച് ഒരു ധ്യാനാവസ്ഥയില്‍ കിടക്കുകയായിരുന്നു രാധാമണി.
രാധാമണീ...
അവളുടെ പേരിലെ വള്ളിപുളളിവിസര്ഗ്ഗങ്ങളൊന്നുപോലും നഷ്ടപ്പെട്ടുപോകരുതെന്നിതിങ്ങിനെ ഫോണിലൂടെ നീട്ടി വിളിക്കുന്നത് നന്ദുവാണ്. അച്ഛന് മടിയിലിരുത്തി ചെവിയില്‍ വിളിച്ച അനന്തകൃഷ്ണന് എന്നപേര് സ്നേഹത്തില്‍ കുറുക്കിയെടുത്ത് നന്ദു എന്ന് അവള് വിളിക്കുന്ന അനന്തന്. ചിലസമയങ്ങളില്‍ നന്ദു അനന്തനിലേക്കും അനന്തന് അനന്തകൃഷണനിലെക്കും ഏകതാനതയോടെ തിരിച്ചോടുന്നത് വെളിച്ചത്തിനെക്കാള്‍ വേഗതയിലാണെന്ന് തോന്നാറുണ്ട് രാധാമണിക്ക്.
അവള് പലപ്പോഴും ആലോചിക്കാറുള്ളതാണ്... രാധാമണിയെന്ന പേരിന്റെ സാധ്യതകളെപ്പറ്റി. അവള്‍ക്കു ചുറ്റിലും സ്നേഹത്തിനുമുന്നില്‍ ചുരുങ്ങിയൊതുങ്ങിയ പേരുകളായിരുന്നു നിറയെ. ദേവു എന്ന ദേവയാനി, സിനിയെന്ന സുഹാസിനി, മാലു എന്ന മാലതി അങ്ങിനെ സ്നേഹത്തോടെ ചെത്തിയൊതുക്കിയ പേരുകള്‍ നിറയെയാണ്ചുറ്റിലും. അവളുടെ പേരിനു സാധ്യതയില്ലാഞ്ഞിട്ടല്ല. രാധു എന്നാണവളെ വീട്ടില്‍ വിളിച്ചിരുന്നത്. കൂട്ടുകാര്‍ മണിയെന്നും ടീച്ചര്മാര് രാധയെന്നും. ആ ഓര്മ്മകളെയെന്നപോലെ രാധാമണി ഫോണില്പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയെല്ലാം വിരലുകളാല്‍ മെല്ലെ തുടച്ചുമാറ്റി.
രണ്ടാമതും ‘രാധാമണീ’യെന്നു നീട്ടിയുള്ള വിളി ഫോണിന്റെ അങ്ങേത്തലയില്‍ മുഴങ്ങിയപ്പോള്‍ രാധാമണി ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഇങ്ങേപ്പുറവും ആളുണ്ടെന്നതിന്നു സമാനമായിഎന്തോ ഒരു ശബ്ദം അവളില്‍നിന്നും പുറത്തുവന്നു. രാവിലെ ടൌണിലെന്തോ അത്യാവശ്യ കാര്യമെന്ന് പറഞ്ഞ് പോയതാണ് അനന്തന്.
‘അച്ചു ഒരസൈന്മെന്റിനായി സിറ്റിയിലെത്തിയിട്ടുണ്ടത്രെ. ഉണ്ണാറാവുമ്പോഴേക്ക് ഞാന്‍ അവനേം കൂട്ടി വരാം. ‘
‘ങൂം’ഫോണ്‍ ഡിസ്ക്കണക്ടായി. അഞ്ചെട്ടുകൊല്ലമായി നന്ദുവിന്റെ ചെറിയച്ഛന്റെ മകനായ അച്ചുവിനെ രാധാമണി കണ്ടിട്ട്. തങ്ങളുടെ കല്യാണം കഴിഞ്ഞനാളുകളിലെവിടെയോ ചുറ്റിപ്പറ്റിനിന്നു അര്ജ്ജുന് എന്ന അന്നത്തെ പത്താം ക്ലാസുകാരനായിരുന്ന അച്ചുവിനെ കുറിച്ചുള്ള അവളുടെ ഓര്മ്മകകള്. പിന്നീട് ഓരോതവണ നാട്ടിലെത്തുമ്പോഴും അവന് അവന്റേതായ തിരക്കിലായിരിന്നു.
അടുപ്പിച്ചുകിട്ടിയ രണ്ടവധിദിവസങ്ങളില് ആദ്യത്തേത് മടിയുടെ ഭാണ്ഡങ്ങളഴിച്ചും മുറുക്കിയും അവധിയായിത്തന്നെ ആഘോഷിക്കാമെന്ന അവളുടെ തീരുമാനത്തെയാണ് അച്ചുവിന്റെ വരവ് പൊളിച്ച് കളഞ്ഞത്. ബാങ്കിലെ തലചൂടാക്കുന്ന തിരക്കുകള്‍ക്കിടയില്‍ ഒരു ബോണസ് പോലെ വീണുകിട്ടുന്ന ഇത്തരം ദിവസങ്ങള്‍ രാധാമണിക്ക് ഒന്നും ചെയ്യാതെ മടിച്ചിരിക്കാനുള്ളതാണ്. തലേദിവസങ്ങളുടെ ബാക്കികള്കൊണ്ട് തീന്മേശകളെ ഇടക്കൊരുദിവസം ഒപ്പിച്ചെടുക്കുന്നത് നന്ദു അവള്‍ക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള ശീലമായിരിക്കുന്നു.
എന്നാലും രണ്ടുപേര്ക്കി ടയിലെ നൈരന്തര്യത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്നതെന്തും അവളെ സന്തോഷിപ്പിച്ചിരുന്നു. പതിവുതെറ്റിച്ച് വരുന്ന മഴ, പൊടുന്നനെ ഇരുള്മൂടിപ്പുതപ്പിച്ച് ഒളിച്ചിരിക്കുന്ന വെളിച്ചം , ആരില്‍നിന്നോ രക്ഷപ്പെടാന്‍ എന്നപോലെ പൊടിപടലങ്ങളെ വാരിയെടുത്ത് ആര്‍ത്തലച്ച് ഓടിമറയുന്ന ആന്ധിയെന്ന് ഓമനപ്പേരുള്ള പൊടിക്കാറ്റ്, വഴിതെറ്റി വന്നുകയറുന്ന ഒരു തുമ്പി... ഇത്തരം ആകസ്മികതളെന്തും അവളെ വല്ലാത്തൊരു സന്തോഷത്തിന്റെ പാരമ്യതയില്‍ കൊണ്ടുചെന്നെത്തിക്കുമായിരുന്നു.
“ആ ജനലൊന്നുതുറന്നതിനെ പുറത്തുകളയ് രാധാമണി” ചിലപ്പോള്‍ തുമ്പിയുടെ ചിറകടിയൊച്ച അസഹ്യമാകുമ്പോള്‍ നന്ദു പറഞ്ഞുപോകും.
അപ്പോഴവള്‍ക്ക് കുട്ടിക്കാലം ഓര്‍മ്മവരും. മുത്തശ്ശന് ശകാരിക്കുമ്പോഴങ്ങിനെയാണ്.
"അരുതു രാധാമണീ…. വേണ്ട രാധാമണീ...... "
അതുപോലെ ഒരാകസ്മികതയായിരുന്നു ഇപ്പോള്‍ അച്ചുവിന്റെ വരവും. തിരക്കിട്ട് അടുക്കളയിലെത്തിയെങ്കിലും എവിടെതുടങ്ങണമെന്നറിയാതെ ഒരുനിമിഷം രാധാമണി പകച്ചുനിന്നു. ഒരു വാരാന്ത്യവ്യാകുലതയായി വിരുന്നുവരുന്ന ഒന്നുമില്ലായ്മയില്നിന്നും ഒരുക്കിയെടുക്കേണ്ട വിഭവങ്ങളെ അവള് എന്തൊക്കെയോ പേരിട്ടുവിളിച്ചു.
നന്ദുവിനൊപ്പം കയറിവന്ന അച്ചുവിന് ചുറ്റും അഞ്ചെട്ടുവര്‍ഷങ്ങളായി പറയാന്‍ മുട്ടിനിന്ന വിശേഷങ്ങള്‍ ഓരോന്നായി പുറത്തിറങ്ങി ആരാദ്യമെന്ന് കലപില കൂട്ടുന്നുണ്ടായിരുന്നു. വാതില്‍തുറന്നതും വീടിന്റെ ചുവരുകള്‍ അതുവരെ ഒതുക്കിവെച്ചിരുന്ന കാതുകള്‍ അവര്‍ക്കുനേരെ കൂര്‍പ്പിക്കുന്നതും ഒരുപാടുകാലങ്ങള്‍ക്ക് ശേഷം വീട്ടില്‍ ആകെയൊരു ഊര്‍ജ്ജം വന്നു നിറയുന്നതും രാധാമണി അനുഭവിച്ചു, അച്ചുവിന്റെ വാക്കുകള്‍ പെരുകിനിറഞ്ഞ് നന്ദു അതിന്റെ ഓളങ്ങളില്‍ നീന്തിനടക്കുന്നതും വീട് ആകെ തുള്ളിത്തുളുമ്പുന്നതും അവള് അത്ഭുതത്തോടെ നോക്കിനിന്നു.
അവരൊന്നൊതുങ്ങിയപ്പോള് അച്ചു രാധാമണിയുടെ നേരെ തിരിഞ്ഞു. “ഈ മണ്യോപ്പ ആകെ മാറിയിരിക്കുന്നുട്ടോ” അച്ചു ആരെപ്പറ്റിയാണ് പറയുന്നതെന്ന മട്ടില്‍ നന്ദുവും നഷ്ടപ്പെട്ടുപോയതെന്തൊ കയ്യില്‍ വെച്ചുതന്നപോലെ രാധാമണിയും അച്ചുവിനെ നോക്കി. കൂട്ടുകാര്ക്കിടയിലെവിടെയോ പൊടുന്നനേ എത്തിപ്പെട്ടപോലെ ഒരു വിഭ്രാന്തി രാധാമണിയെ ചുറ്റിവരിയാന്‍ തുടങ്ങി.
“അനന്തേട്ടനറിയ്യോ മണ്യോപ്പ കോളജില്‍ വളരെ ആക്ടീവ് ആയിരുന്നൂത്രേ....” അവരുടെ ഗ്രൂപ്പ് ലീഡറായിരുന്നൂത്രേ മണ്യോപ്പ. ങാ ഞാന്‍ പറഞ്ഞില്ലല്ലോ എന്റെ ബോസ് എപ്പഴും ചോദിക്കും മണ്യോപ്പേടെ വിശേഷം. ഓര്‍മ്മണ്ടോ നിങ്ങടൊപ്പം പഠിച്ച ......” അച്ചുപിന്നെയുമേന്തോക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. വീടിന്റെ ചുമരുകളില്‍ പിന്നെയും അച്ചുവിന്റെ
വാക്കുകള്‍ തട്ടിച്ചിതറി മഴവില്ല് തീര്‍ത്തുകൊണ്ടിരുന്നു.
അതുവരെ ശ്രദ്ധിക്കാതിരുന്ന നിറം മങ്ങിയ കുര്‍ത്തയിലും ചീകാന്‍ മറന്നുപോയ മുടിയിലും രാധാമണിക്ക് അപകര്‍ഷത അനുഭവപ്പെടാന്‍ തുടങ്ങിയതെപ്പോഴാണ്! തന്റെ ശരീരവും മനസ്സും ഒരു നഷ്ടബോധത്തോടെ യാത്രക്കിടയിലെവിടെയൊക്കെയോ കളഞ്ഞുപോയ എന്തൊക്കെയോ തിരഞ്ഞുപിടിക്കാന്‍ തിടുക്കപ്പെടുന്നത് രാധാമണിയറിഞ്ഞു.
“ഊണായില്ലെ” നന്ദുവിന്റെ ചോദ്യമാണ് അവളെ ഉണര്‍ത്തിയത്.
“ഒരു പത്തുമിനിടുകൂടി” രാധാമണി അടുക്കളയിലേക്കോടി. അവളിപ്പോള്‍ പാല്‍പ്പായസത്തിനായി പാല് കുക്കറിലേക്കൊഴിക്കുകയാണ്. ‘അച്ചൂന് പാല്‍പ്പായസം വലിയ ഇഷ്ടമാണ്....’ ഇടക്ക് ചെല്ലുംപോഴെല്ലാം വിളമ്പുന്ന പായസത്തിനൊപ്പം ഊര്ന്നുവീഴാറുള്ള ചെറിയമ്മയുടെ ആത്മഗതം രാധാമണിക്കോര്മ്മ യുണ്ടായിരുന്നല്ലോ.
അവള്, രാധാമണിയെന്ന രാധു ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. .... തനിക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ മണിയും രാധയുമെല്ലാം ഇപ്പോഴവള്ക്കടുത്തു തന്നെയുണ്ടല്ലൊ.
“ഡിസക്ഷന്‍ ടേബിളിനുമുന്നില്‍ ബോധംകെട്ടുവീണ നീയിപ്പോ ചിക്കന്കറിയുണ്ടാക്കുമോ...’’ ചിക്കന്‍ മസാലയിലുടക്കിയ രാധയുടെ കണ്ണുകളില്‍നോക്കി രാധാമണി ഊറിച്ചിരിച്ചു.
“നിന്റെ കാര്യം ശ്രദ്ധിക്കാന്‍ മാത്രം നിനക്കിപ്പൊ പഴേപോലെ സമയംല്ല്യാണ്ടായി അല്ലേ.....” അവളുടെ മുടിയിഴകളിലൂടെ ഒഴുകിനടന്ന മണിയുടെ വിരലുകള്‍ക്കൊപ്പം രാധാമണിയും ഏതോ കാലങ്ങളിലൂടെ, ദേശങ്ങളിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു.
”നീയൊരുപാട് മാറിപ്പോയിരിക്കുന്നൂലോ രാധാമണി.....” രാധുമാത്രം ദൂരെനിന്നവളെ നോക്കിക്കണ്ടുക്കൊണ്ടിരുന്നു.... രാധുവിന്റെ നെടുവീര്‍പ്പ് രാധാമണിയുടെ കണ്ണുകളെ നനയിച്ച് കുക്കറിന്റെ ശബ്ദത്തിലലിഞ്ഞ്
ഭൂതത്തിന്റെ ജനലഴികളില്‍ പിടിച്ച് എന്തിനോ പുറത്തേക്ക് നോക്കിനിന്നു.
“രാധാമണീ.....”
നന്ദുവിലൂടെയുള്ള അനന്തകൃഷ്ണന്റെ തിരനോട്ടത്തില്‍ തമ്മില്‍ തമ്മില്‍ കണ്ണിറുക്കിച്ചിരിക്കുന്ന രാധയെയും രാധുവിനെയും മണിയേയും കണ്ടില്ലെന്നു നടിച്ച് അവള്, രാധാമണിയെന്ന വീട്ടമ്മ എല്ലാവര്ക്കും വേണ്ടി തിരക്കിട്ട് ഉണ്മേശയൊരുക്കുകയാണിപ്പോള്.
12 അഭിപ്രായങ്ങൾ:
ഒരിടവേളക്കുശേഷം കഥയെഴുതാനൊരു ശ്രമം...:)
രാധു...........:(
ഇടവേളയ്ക്കു ശേഷമുള്ള ഈ ശ്രമം മറ്റൊരു സത്യം തെളിയിക്കുന്നു....പ്രയാൺ....തിരിച്ചു വരവ് അനിവാര്യമാണ്.കഥാവഴിയിൽ ഇനിയൊരിടവേള വേണ്ട....എല്ലാ വിധ ആശംസകളും.
അടുപ്പിച്ചുകിട്ടിയ രണ്ടവധിദിവസങ്ങളില് ആദ്യത്തേത് മടിയുടെ ഭാണ്ഡങ്ങളഴിച്ചും മുറുക്കിയും അവധിയായിത്തന്നെ ആഘോഷിക്കാമെന്ന അവളുടെ തീരുമാനത്തെയാണ് അച്ചുവിന്റെ വരവ് പൊളിച്ച് കളഞ്ഞത്. ബാങ്കിലെ തലചൂടാക്കുന്ന തിരക്കുകള്‍ക്കിടയില്‍ ഒരു ബോണസ് പോലെ വീണുകിട്ടുന്ന ഇത്തരം ദിവസങ്ങള്‍ രാധാമണിക്ക് ഒന്നും ചെയ്യാതെ മടിച്ചിരിക്കാനുള്ളതാണ്. തലേദിവസങ്ങളുടെ ബാക്കികള്കൊണ്ട് തീന്മേശകളെ ഇടക്കൊരുദിവസം ഒപ്പിച്ചെടുക്കുന്നത് നന്ദു അവള്‍ക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള ശീലമായിരിക്കുന്നു.
ഞാനും രാധാസ് ഫോട്ടൊ കോപ്പിയാണോ? :))
നന്ദുവിനൊപ്പം കയറിവന്ന അച്ചുവിന് ചുറ്റും അഞ്ചെട്ടുവര്‍ഷങ്ങളായി പറയാന്‍ മുട്ടിനിന്ന വിശേഷങ്ങള്‍ ഓരോന്നായി പുറത്തിറങ്ങി ആരാദ്യമെന്ന് കലപില കൂട്ടുന്നുണ്ടായിരുന്നു. വാതില്‍തുറന്നതും വീടിന്റെ ചുവരുകള്‍ അതുവരെ ഒതുക്കിവെച്ചിരുന്ന കാതുകള്‍ അവര്‍ക്കുനേരെ കൂര്‍പ്പിക്കുന്നതും ഒരുപാടുകാലങ്ങള്‍ക്ക് ശേഷം വീട്ടില്‍ ആകെയൊരു ഊര്‍ജ്ജം വന്നു നിറയുന്നതും രാധാമണി അനുഭവിച്ചു, അച്ചുവിന്റെ വാക്കുകള്‍ പെരുകിനിറഞ്ഞ് നന്ദു അതിന്റെ ഓളങ്ങളില്‍ നീന്തിനടക്കുന്നതും വീട് ആകെ തുള്ളിത്തുളുമ്പുന്നതും അവള് അത്ഭുതത്തോടെ നോക്കിനിന്നു.
കഥയിലേറ്റവും ഇഷ്ടമായ വരികള്‍ !
കഥയും ഇഷ്ടപ്പെട്ടു, വളരെ കാലത്തിനു ശേഷം വന്നു കണ്ടു :)
ആശംസകള്‍
അമ്പമ്പോ! ഇങ്ങനെ കഥയെഴുതാന്‍ അറിയണവര് എഴുതാത്തതെന്താന്ന് വായനക്കാരീടെ ചോദ്യം....
MyDreams :(
ജന്മസുകൃതം വേണ്ടാന്നു കരുതിയല്ല... വാക്കുകള്‍ പിണങ്ങിയിരിക്കയാണ് കുറച്ചുദിവസമായി........
നിശാ സുരഭി . നമ്മളൊക്കെയും..... :)
Echmukutty . എച്മു.........;)
കവിത പോലെ മനോഹരം ആയി കഥയും
വഴങ്ങുമല്ലോ....
ഇനി വാക്കുകള്‍ക്ക് അമാന്തം വേണ്ട കേട്ടോ...
നല്ല രസമായ ഭാഷ..സുഖമുള്ള വായന...ഒരു
പേരിലൂടെ ഇത്ര അനായാസമായി കാലഘട്ടങ്ങളെ
കൂട്ടി ഇണക്കാനുള്ള കഴിവ്..ഒരു നല്ല കഥാകാരി
എന്നതിന് വേറെ എന്ത് തെളിവു വേണം??
ആശംസകള്‍...
ഓടോ.ഈ നിശാ സുരഭി ഇവിടെ ഒക്കെത്തന്നെ ഉണ്ടല്ലേ.?
നന്നായിട്ടുണ്ട് കഥ. ക്യാമ്പസിൽ തിളങ്ങി നിന്ന പെൺകുട്ടി പൊടി പിടിച്ച ഒരു വീട്ടുപകരണമായി മാറിപ്പോകുന്നതും അവിചാരിതമായി ഒരു ചാറ്റൽ പോലെ മനസ്സിൽ വീണു പോകുന്ന ഒരു ഒരു പരാമർശം തന്നിലേക്കു തന്നെ ശ്രദ്ധ തിരിക്കാൻ പ്രേരിപ്പിക്കുന്നതും പിന്നേയും രാധുവിനേയും മണിയേയും മറന്നവൾ വെറും വീട്ടമ്മയായി ഒതുങ്ങുന്നതും .. ഊണ്മേശ തുടച്ചു തുടച്ച് മിനുക്കി മാത്രം ഒരു ജീവിതം...മദ്ധ്യവർഗവീട്ടമ്മയുടെ ആലസ്യമാർന്ന പകലുകളിൽ കൊഴിഞ്ഞു വീഴുന്നതെന്തെന്ന് കഥ പറഞ്ഞു തരുന്നുണ്ട്. രാധാമണിയോട് എന്തെങ്കിലും പണിക്കു പോകാൻ ഞാൻ പറഞ്ഞതായി പറയുമല്ലോ.
കഥ നന്നായിട്ടുണ്ട്..
ഇനി ഇടവേളകളില്ലാതെ എഴുത്തു തുടരുമെന്നു പ്രതീക്ഷിക്കുന്നു.
'വാരാന്ത്യ വ്യാകുലതയായി വിരുന്നുവരുന്ന ഒന്നുമില്ലായ്മയില്നിന്നും ഒരുക്കിയെടുക്കേണ്ട വിഭവം'-കഥ- നന്നായിരിക്കുന്നു...
വിന്‍സെന്റ് സന്തോഷമുണ്ട്.....
താങ്ക്സ് ശ്രീനാഥന്‍ .... കഥയുടെ ഇടയിലിത്തിരി ചാടിക്കടന്നോന്നു ഒരു സംശയം
ശ്രീജിത്ത് വാക്കുകള്‍ കൂടെനില്ക്കുകയാണെങ്കില് തീര്‍ച്ചയായും.....
വിജിഷ്.... താങ്ക്സ്.....
Nice
All the Best
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ