ശനിയാഴ്‌ച, നവംബർ 17, 2012

ധീരസമീരേ യമുനാതീരെ......!




ഇത് യമുന. നിത്യേനയെന്നോണം നമ്മള്‍ ഒഴിച്ചുകൊടുക്കുന്ന വിഷം ഒരു പരാതിയുമില്ലാതെ ഏറ്റുവാങ്ങി നുരഞ്ഞു പതഞ്ഞു നമ്മുടെ രാജ്യതലസ്ഥാനത്ത് നീണ്ടു നിവര്‍ന്ന് കിടന്ന്‍ എല്ലാവരാലും അവഗണിക്കപ്പെട്ട് അന്ത്യശ്വാസം വലിക്കുന്ന, ഇന്നും ഒരുപാട് കഥകളിലൂടെ കവിതകളിലൂടെ പാട്ടുകളിലൂടെ നമ്മെ ആനന്ദിപ്പിയ്ക്കുന്ന ഒരു പാവം നദി.



പുഴകളെ അമ്മയെന്നും ദേവിയെന്നും ശക്തിയെന്നുമൊക്കെ വിളിച്ച് നമ്മള്‍ ആരാധിച്ചിരുന്നു. ബഹുമാനിച്ചിരുന്നു .    നമ്മെ ഇവിടംവരെയെത്തിച്ച നമ്മുടെ യാത്രയ്ക്കിടയില്‍ നമ്മള്‍ ഓരോതവണയും നമ്മളിലേക്കുള്ള പടവുകള്‍ കയറിയത് പല നദിക്കരകളിലായി നമ്മള്‍ ഉയിര്‍ത്തെടുത്ത നമ്മുടെ സംസ്കാരത്തിന്റെ ചുവടുപിടിച്ചാണ്. ഒരു ആത്മ വിശ്വാസത്തിലുപരിയായി നമ്മുടെ ജീവിതത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും വിധത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത നമ്മുടെതന്നെ സൃഷ്ടിയായ കല്ലോമരമോ കൊണ്ടുള്ള വിഗ്രഹങ്ങളോടുള്ള ആരാധനയേക്കാള്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ് പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയോടുള്ള , അതായത് നമ്മുടെ നിത്യമായജീവിതത്തില്‍ അത്യാവശ്യമായ നേരിട്ടനുഭവിക്കാന്‍ കഴിയുന്ന ഇത്തരം അനുഗ്രഹശക്തികളോടുള്ള ആരാധന.

പ്രാകൃതമായ രീതിയില്‍ ഇന്നു നമ്മള്‍ അമ്മയായ പ്രകൃതിയെ കയ്യേറ്റം ചെയ്യുന്നു. കാടുകള്‍ വെട്ടിത്തെളിച്ചും മണലൂറ്റിയും മണ്ണുവാരിയും ഒരു തിരിച്ചുവെയ്ക്കലിന് വകയില്ലാത്തവിധം നമ്മള്‍ ഭൂമിയെ കൊള്ളയടിക്കുന്നു. മഴയുടെ നാടായിരുന്ന കേരളത്തിലിപ്പോള്‍ മഴ എന്നെങ്കിലുമൊരിക്കല്‍ വരുന്ന വിരുന്ന്കാരിയാണ് . നമ്മുടേതെന്ന് നമ്മള്‍ അഹങ്കരിച്ചിരുന്ന തിരുവാതിര ഞാറ്റുവേല എന്നോ പടിയിറങ്ങിപ്പോയി. എന്‍റെകുട്ടിക്കാലത്ത് ഞാന്‍ കണ്ടിരുന്ന ഭാരതപ്പുഴയും ഇന്ന്‍ എന്റെ കുട്ടികള്‍ കാണുന്ന ഭാരതപ്പുഴയും തമ്മിലുള്ള അന്തരം കാണുമ്പോള്‍ അവരുടെ കുട്ടികള്‍ക്കൊ പേരക്കുട്ടികള്‍ക്കൊ സാങ്കല്പിക നദിയായ സരസ്വതിയെപ്പോലെ ഇവിടെയൊരു നദിയുണ്ടായിരുന്നു എന്നു കാട്ടിക്കൊടുക്കേണ്ടിവരും. അന്നീ ബാക്കിയായ മണല്‍ത്തരികള്‍പോലുമുണ്ടാവില്ല അടയാളം കാട്ടാന്‍.അവസാനത്തെ തരിപോലും നമ്മളെടുത്ത് വിറ്റിട്ടുണ്ടാവും. നമ്മള്‍ കുടിച്ചുവളര്‍ന്ന അമ്മയുടെ മുലകള്‍ നമ്മള്‍ തന്നെ വെട്ടിമുറിച്ച് ചന്തയില്‍ വിലപേശുന്നുണ്ടാവും.

ഇത്രയും എന്നെക്കൊണ്ടെഴുതിച്ചത് യമുനയാണ് .

നമ്മള്‍ കഥകളില്‍ കാദംബരിയായി പാട്ടുകളില്‍ കാവ്യകല്ലോലിനിയായി നമ്മെ പുളകം കൊള്ളിച്ച യമുന. രാധയോടും കൃഷ്ണനോടുമൊപ്പം യമുനാനദിക്കരയില്‍ നൃത്തം വെക്കാതെ ഒരു പെണ്‍കുഞ്ഞും വലുതായിരുന്നില്ല. ആ യമുനയാണ് ഇന്നു കാളിന്ദീകുഞ്ചില്‍ എന്‍റെമുന്നില്‍ നുരച്ചുപതഞ്ഞത് ! ശ്വാസവായുവിനായി പിടഞ്ഞത്. ഞങ്ങള്‍ ഡല്‍ഹിക്കാര്‍ക്ക് ഇത് പതിവുകാഴ്ചയാണ്‍. ഇടക്കിടക്ക് പൊടിതട്ടിയെടുക്കുന്ന 'സേവ് യമുന' കാംപെയ്നുകളും സേവനവാരങ്ങളും ശ്രമദാനങ്ങളും വെറും പ്രഹസനങ്ങളോ ആളുകള്‍ക്ക് പേരെടുക്കാനോ പണംപിടുങ്ങാനോ ഉള്ള കുറുക്കുവഴികളോ മാത്രമായി എങ്ങുമെത്താതെ അവസാനിക്കുന്നു.

മഞ്ഞുമൂടിയ യൂറോപ്യന്‍നദികളെ അനുസ്മരിപ്പിക്കുന്ന ഈ ധവളത മുഴുവന്‍ എതൊക്കെയോ ഫാക്ടറികളില്‍ നിന്നും പുറത്തുവിട്ട രാസമാലിന്യങ്ങള്‍ പതഞ്ഞുപൊന്തിയതിന്‍റെ ഫലമാണ്‍. ആര്‍ക്കോ വേണ്ടി ഏതോ കര്‍മ്മം ചെയ്യാന്‍ വന്നവര്‍ ആ നുര വകഞ്ഞുമാറ്റി അക്ഷരാര്‍ത്ഥത്തില്‍ കറുത്ത ജലത്തില്‍ മുങ്ങിക്കുളിക്കുന്നുണ്ട്. ഇറങ്ങാന്‍ മടിക്കുന്നവര്‍ കറുത്ത വെള്ളം പാത്രങ്ങളില്‍ കോരിയെടുത്ത് തലവഴി ഒഴിക്കുന്നുമുണ്ട്.

മെര്‍ക്കുറിയും അമോണിയയും അളവിലും ഒരുപാട് മടങ്ങ് കൂടിയതിനാല്‍ ഇതില്‍ നിന്നു പിടിച്ച മത്സ്യങ്ങള്‍ ആഹാരമാക്കാന്‍ എല്ലാവര്ക്കും ഭയമാണ്‍. ഇവിടെയെനിക്ക് ഗൂഗ്ള്‍ തപ്പി കണക്കുകള്‍ എടുത്തുനിരത്തി പൊടിപ്പും തൊങ്ങലും ചേര്‍ക്കാം. ഇല്ല...... ഇത് രണ്ടു കണ്ണുകള്‍ പറഞ്ഞുകേട്ട കഥ മനസ്സ് നിങ്ങളുടെ മുന്നിലെത്തിച്ചതു മാത്രമാണ്‍. ഞാന്‍ ബാല്‍ക്കണിയില്‍ എന്നും നിറച്ചുവെക്കുന്ന ഇത്തിരിവെള്ളം തീര്‍ന്നാല്‍ അക്ഷമയോടെ കാത്തിരിക്കുന്ന പ്രാവുകള്‍ , അതില്‍ തുടിച്ചുകുളിക്കുന്ന മൈനകള്‍ , മുങ്ങിനിവരുമ്പോള്‍ ഉറക്കെ പാട്ടുപാടി സന്തോഷമറിയിക്കുന്ന ബുള്‍ബുള്‍ ഇവരെല്ലാം നമുക്ക് നല്‍കുന്ന സന്ദേശം വലുതാണ്‍. പുറത്തു പരന്നു കിടക്കുന്ന വെള്ളമത്രയും ഉപയോഗ്യശൂന്യം ആണ് എന്നതുതന്നെ. വരുംതലമുറയുടെ ഭാവി ഭദ്രമാക്കാനെന്ന് നമ്മള്‍ പണമുണ്ടാകാന്‍ നെട്ടോട്ടമോടുമ്പോള്‍ അവര്‍ക്കാക്കായി കരുതിവെക്കുന്നത് ഇതൊക്കെയാണെന്ന് ഓര്‍ത്താല്‍ , അതുകൊണ്ട് നമ്മുടെ പ്രകൃതിയോടുള്ള സമീപനത്തില്‍ ഏതെങ്കിലും വിധത്തില്‍ ചെറുതായെങ്കിലുംഒരു മാറ്റം വന്നാല്‍ അത്രയെങ്കിലുമായല്ലോ.

15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഇവിടെയെനിക്ക് ഗൂഗ്ള്‍ തപ്പി കണക്കുകള്‍ എടുത്തുനിരത്തി പൊടിപ്പും തൊങ്ങലും ചേര്‍ക്കാം. ഇല്ല...... ഇത് രണ്ടു കണ്ണുകള്‍ പറഞ്ഞുകേട്ട കഥ മനസ്സ് നിങ്ങളുടെ മുന്നിലെത്തിച്ചതു മാത്രമാണ്‍.........

ജന്മസുകൃതം പറഞ്ഞു...

ആര്‍ക്കോ വേണ്ടി ഏതോ കര്‍മ്മം ചെയ്യാന്‍ വന്നവര്‍ ആ നുര വകഞ്ഞുമാറ്റി അക്ഷരാര്‍ത്ഥത്തില്‍ കറുത്ത ജലത്തില്‍ മുങ്ങിക്കുളിക്കുന്നുണ്ട്. ഇറങ്ങാന്‍ മടിക്കുന്നവര്‍ കറുത്ത വെള്ളം പാത്രങ്ങളില്‍ കോരിയെടുത്ത് തലവഴി ഒഴിക്കുന്നുമുണ്ട്.

എല്ലാ നദികളും മരിച്ചുകൊണ്ടിരിക്കുന്നു....കണ്ടും കേട്ടും നെടുവീർപ്പിടാ‍മെന്നല്ലാതെ നമുക്കെന്തു ചെയ്യാനാകും....?!!

ajith പറഞ്ഞു...

മലിനമനസ്സുകള്‍ നിറഞ്ഞ രാജ്യത്ത് എന്തും മലിനമാകും. പുഴകളും മണ്ണും വായുവും എല്ലാം

നദിയിലേയ്ക്ക് തിരിഞ്ഞിരുന്ന് വെളിയ്ക്കിറങ്ങുന്നവരെ ഈ രാജ്യത്തല്ലാതെ വേറെവിടെയെങ്കിലും കാണുമോ?

മനുഷ്യരും ഫാക്ടറികളും അവരുടേതായ പങ്കു വഹിക്കുന്നു ഈ കൊലപാതകത്തില്‍

Echmukutty പറഞ്ഞു...

നമുക്ക് നദീതട സംസ്ക്കാരങ്ങളുണ്ടായിരുന്നു....ഇപ്പോഴുള്ളത് അഴുക്കുചാല്‍ സംസ്ക്കാരമാണ്.
ആര്‍ത്തി മൂത്ത് നമ്മള്‍ എങ്ങോട്ട് പോകുന്നുവെന്ന് അറിയില്ല. ഭൂമി നമ്മള്‍ കരുതിയിരുന്നതു മാതിരി സര്‍വംസഹയൊന്നുമല്ല........

ശ്രീനാഥന്‍ പറഞ്ഞു...

നന്നായി,ഉചിതമായി ലേഖനം. കാളിന്ദിയിലെ കാളകൂടം നീക്കാനും കാളിയനെ കൊല്ലാനും ഇനി അവതാരങ്ങളില്ലാത്തതിനാൽ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം.

ശ്രീ പറഞ്ഞു...

ലേഖനം നന്നായി ചേച്ചീ.

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

ലേഖനം നന്നായി. ഒരു നെടുവീര്‍പ്പോടെ വായിക്കാനല്ലാതെ മറ്റൊന്നിനുമാവില്ലല്ലോ എന്ന നിസ്സഹായത.

the man to walk with പറഞ്ഞു...

ഒരു കാളിയ മര്‍ദനം പ്രതീക്ഷിക്കാം

ആശംസകള്‍

ഉല്ലാസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഉല്ലാസ് പറഞ്ഞു...

ചേച്ചിയുടെ അങ്കലാപ്പിനു കൂട്ട് എന്റെ നെഞ്ചിടിപ്പുകള്‍.........

Unknown പറഞ്ഞു...

പഴയ പാട്ട് വീണ്ടും പാടുന്നു ...
മാറ്റൊലികള്‍ മുഴങ്ങുന്നു
ആരും ശ്രവിക്കാതെ കടന്നു പോകുന്നു

ente lokam പറഞ്ഞു...

ആലോചിക്കുമ്പോള്‍ പേടി തോന്നുന്നു...

ഇലഞ്ഞിപ്പൂക്കളും മൈ ഡ്രീംസ്‌ ഉം പറഞ്ഞത്
ഏറ്റു പറയുന്നു.... ഒന്നും ചെയ്യാന്‍ ആവുന്നില്ല
എന്ന സത്യം വിഷമിപ്പിക്കുന്നു......

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

വായിച്ചു നെടുവീര്‍പ്പിടാനല്ലാതെ ...!!!

നിരക്ഷരൻ പറഞ്ഞു...

യമുന, ഗംഗ, ഭാരതപ്പുഴ...അങ്ങനെ എത്രയെണ്ണം. ഓർക്കാൻ പോയാൽ ചിലപ്പോൾ കരച്ചിൽ വരും :(

Bindhu Unny പറഞ്ഞു...

നാളേയ്ക്കുള്ള കരുതല്‍ പണം മാത്രമല്ലെന്ന് തിരിച്ചറിയുമ്പോഴേയ്ക്കും വൈകിപ്പോയിരിക്കും. മഴക്കാലത്തും ഭാരതപ്പുഴയില്‍ ഉരുണ്ട് മുങ്ങണ്ട അവസ്ഥയാണ്. പിന്നെ, ചൊറിച്ചില്‍ മാറ്റാന്‍ വീട്ടില്‍ പോയി ഡെറ്റോളിട്ട് കുളിക്കണം!