- താജ് ബംഗാളിലെ ശീതീകരിച്ച മുറിയില്‍ അനുവിനു ശ്വാസം മുട്ടുന്നപോലെ തോന്നി. ഓഫീസാവശ്യത്തിനു കല്‍ക്കത്തയ്ക്കു പോകുന്ന അവന്റെ കൂടെ വാശിപിടിച്ച് ഇറങ്ങിത്തിരിച്ചത് ഇങ്ങിനെ റൂമില്‍ ചടഞ്ഞിരിക്കനായിരുന്നില്ലല്ലൊ. നിന്റെ കൂടെ കറങ്ങാനൊന്നും എനിക്കു സമയമുണ്ടാവില്ലെന്ന അവന്റെ മുന്‍കൂര്‍ ജാമ്യം അവളെ യാത്രയില്‍ നിന്നും പിന്തിരിപ്പിച്ചില്ല. കല്‍ക്കത്ത എന്നു കേട്ടതുമുതല്‍ അവളൊരു സ്വപ്നലോകത്തായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് ഋഷികേശില്‍ അവളുടെ കാലുകളിലൂടെ പടര്‍ന്നുകയറി ശരീരമാകെ കോരിത്തരിപ്പിച്ച ഗംഗയുടെ തണുപ്പു വീണ്ടും അവളുടെ ശരീരത്തില്‍ വന്നു നിറഞ്ഞു. കാലിന്മേല് ഇക്കിളിയിട്ട് ഓടിപ്പോകുന്ന വെള്ളത്തില്‍ നോക്കിയിരുന്നപ്പോഴാണ് ആനന്ദിന്റെ കവിതയിലെ "നിമിഷം തോറും മാറും പുഴകളോ?" എന്ന വരി ഓര്‍മ്മ വന്നത്. ഒരു ഉള്പ്രേരണയാലെന്ന പോലെ അനു പുഴയിലെ വെള്ളം കൈകൊണ്ട് തടുത്തുനിര്‍ത്താന്‍ കൊതിച്ചു. വിരലുകള്‍ക്കിടയിലൂടെ തെന്നിമാറിയ പുഴ കളിയാക്കിചിരിച്ച് ദൂരേക്ക് ദൂരേക്ക് ഒഴുകിമാറിക്കൊണ്ടിരുന്നു. പുഴയെക്കാള്‍ വേഗത്തിലോടി ആ ഒഴുക്കിനെ പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അനു വെറുതെ മോഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലാണ് അനുവും പുഴയും സ്വപ്നങ്ങളില്‍ സാറ്റ്കളിക്കാന് തുടങ്ങിയത്. ഹരിദ്വാറിലെ കൈവഴികളില്‍ അലഹബാദിലെ മഹാകുംഭത്തിനിടയില്‍ കാശിയിലെ പകുതികരിഞ്ഞമര്‍ന്ന ചിതകള്‍ക്കിടയില്‍ അന്യോന്യം തിരഞ്ഞുനടന്ന് അനുവും പുഴയും മാറി മാറി കള്ളനും പോലീസുമായി കല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റില്‍ കറങ്ങിനടന്ന് കണ്ടതെല്ലാം വാങ്ങി ഹോട്ടലിലെത്തിയപ്പോഴേക്കും അവനും തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. ഡിന്നര്‍ടേബിളില്‍ അനുവിന്റെ മനസ്സു ഇവിടെയൊന്നുമല്ലെന്ന് അവന്നുതോന്നി. താന്‍ പറ്യുന്നതൊന്നും അവള് ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ അയാള്‍ ചോദിച്ചു "എന്തുപറ്റി..........അമ്മ വിളിച്ചിരുന്നോ? അമ്മയുമായി സംസാരിച്ചാല്‍ അവള് പിന്നെ പഴയ മൂഡിലേക്കു തിരിച്ചുവരാന്‍ ഒരുപാട് സമയമെടുക്കും." നമുക്ക് നാളെ കാളീഘട്ടില്‍ പോകാമോ " ഭക്തി തീരെയില്ലാത്ത അനുവില്‍നിന്നും ഇങ്ങിനെയൊരാവശ്യം അയാള്‍ തീരെപ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും അവനെ വിലക്കി. "നാളെ ഓഫീസില്‍ നിന്നും വേഗമിറങ്ങാന്‍ നോക്കട്ടെ..... വൈകുന്നേരം നമുക്ക് പോകാം. "ഒരു നിമിഷം കൊണ്ട് പഴയ അനുവിനെ അയാള്‍ക്കു തിരിച്ചുകിട്ടി. ഇപ്പോള്‍ അവള് പറഞ്ഞുകൊണ്ടേയിരുന്നു. ന്യൂമാര്‍ക്കറ്റിലെ വിശേഷങ്ങള്‍, വിലപേശിയതിനെപ്പറ്റി , വാങ്ങിയസാരികളിലെ ഇതുവരെ കാണാത്ത നിറങ്ങളെപ്പറ്റി.........പക്ഷെ അവളെ കാളിഘട്ടിലേക്ക് പിടിച്ചുവലിക്കുന്നതെന്താണെന്നായിരുന്നു അവന്റെ മനസ്സുനിറയെ.അന്നു രാത്രി അനുവും പുഴയും കാളീഘട്ടിലെ പടവുകളിലിരുന്ന് തങ്ങളുടെ ഒളിച്ചുകളികളെപ്പറ്റിപറഞ്ഞ് ഒരുപാട് ചിരിച്ചു. ഋഷികേശില്‍ അവളുടെ കൈകളില്‍നിന്നും കുതറിയോടിയ പുഴ അവളുടെ കാലുകളെ തഴുകിത്തലോടി അരികത്തു തന്നെ നിന്നു.അവള്‍ക്കു കുറച്ചുക്കൂടി പക്വത വന്നപോലെ തോന്നി അനുവിന്. കഥപറച്ചിലിന്നിടയിലെപ്പോഴോ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ അവന് ഓഫീസില്‍ പോകാന്‍ റെഡിയായി നില്ക്കുന്നു.വരുമ്പോഴേക്ക് റെഡിയാവണമെന്നു പറഞ്ഞ് അവന് പോയി.അനുവും കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്കിറങ്ങി. ടോസ്റ്റും ജ്യൂസുമായി ടേബിളിന്നു മുന്നില്‍ കുറെനേരം വെറുതെയിരുന്നു. അടുത്ത ടേബിളിലിരിക്കുന്നവരെ അവരറിയാതെ ശ്രദ്ധിക്കുന്നത് അവള്‍ക്കിഷ്ടമുള്ള കാര്യമാണ്. ഇന്ന് അതും അവള്‍ക്കാസ്വദിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരുപാടുനാളായി കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ടവരെയാരെയോ കാണാന്‍ പോകുന്ന പോലെ അവളുടെ മനസ്സു തുടിച്ചുകൊണ്ടിരുന്നു.ജ്യൂസ്മാത്രം കുടിച്ച് അവള് എഴുന്നേറ്റു. റെസ്റ്റൊറന്റിനും റിസപ്ഷനും ഇടയ്ക്കുള്ള ഓപ്പണ്‍ ഏരിയയില്‍ ഒരു പെയിന്റിങ്ങ് എക്സിബിഷന് നടക്കുന്നുണ്ടായിരുന്നു. കേട്ടിട്ടില്ലാത്ത ഒരു ബംഗാളി ആര്‍ട്ടിസ്റ്റാണ്. ബുദ്ധന്റെ പലഭാവത്തിലുള്ള ചിത്രങ്ങളെപ്പറ്റി അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ലെങ്കിലും എല്ലാം ശ്രദ്ധിക്കുന്നപോലെ നടിച്ചപ്പോള്‍ ഒരു കണ്ണാടിയില്‍ സ്വയം കാണുന്നപോലെ അനുവിന്നു തോന്നി.തിരിച്ചു റൂമിലെത്തിയ അനു വീണ്ടും തന്റെ സ്വപ്നങ്ങളില്‍ ചേക്കേറി. നാട്ടിലെത്തിയിട്ടും കാണാന്‍ വൈകുന്നതിനെ ചൊല്ലി , തനിയെവരാത്തതിനെച്ചൊല്ലി പുഴ പരിഭവിച്ചു കൊണ്ടേയിരുന്നു.അവനു മുന്നില്‍ നമ്മളെങ്ങിനെ ഇതുപോലെ മനസ്സു തുറക്കും.അവനൊരു പാവമാണ് ....അനു പുഴയുടെ മടിയില്‍ തലചയ്ച്ചുറങ്ങി.അവന് വന്നു ബെല്ലടിച്ചപ്പോഴാണ് അനു ഉണര്‍ന്നത്. സെക്കന്റുകള്‍ക്കുള്ളിലവള്‍ റെഡിയായി . അവളുടെ ഈ ഉത്സാഹം അവന്നു മനസ്സിലാവുന്നുണ്ടായിരുന്നില്ല."ഏതായാലും ഇറങ്ങിയില്ലെ നമുക്ക് ഹൗറാബ്രിഡ്ജ് കൂടി കണ്ടിട്ടുപോകാം സാബ്. "ഡ്രൈവര്‍ പരിചയക്കാരനാണ്."വൈകില്ലെ?" അവള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യായിരുന്നു. "കോയി നഹി മാഡം സിര്‍ഫ് ദസ് മിനുട്ട് ജ്യാദാ ലെംഗെ.." പഴയ ഹൗറാപാലത്തിനു മുകളില്‍ കൂടെ അപ്പുറം കടന്ന് പുതിയ പാലത്തിലൂടെ തിരിച്ചുവരുമ്പോള്‍ താഴെക്കൂടെ ഒഴുകുന്ന പുഴയെ ഓര്ത്ത്അനുവിന്നു ചിരി വന്നു. വീണ്ടുമൊരൊളിച്ചുകളി...........ഓരോതവണ പുഴ മുന്നിലെത്തുമ്പോഴും അനു സാറ്റ് പറഞ്ഞുകൊണ്ടിരുന്നു.കാളിഘട്ടില്‍ നല്ല തിരക്കായിരുന്നു. വണ്ടി പാര്‍ക്കുചെയ്ത് ഡ്രൈവറും കൂടെവന്നു. ഇവിടെ പാണ്ഡകള് വലിയ ശല്യക്കാരാണത്രെ. വഴിയോരങ്ങളിലെ ടെറാക്കോട്ടകള്‍ കണ്ടപ്പോള്‍ അവന്നുതോന്നി ഇതാവാം അനുവിനെ ഇവിടെക്കു കൊണ്ടുവന്നത്. അനുവിന്റെ കൈകളില്‍ ടെറക്കോട്ടയില്‍ വസന്തങ്ങള്‍ പൂക്കുന്നത് അവന് കണ്ടിട്ടുണ്ട്.പക്ഷെ അവളതൊന്നും കണ്ടഭാവമില്ല.തിരക്കിലൂടെ അനുവിന്റെ കയ്യും പിടിച്ച് ഡ്രൈവറുടെ പിന്നാലെ നടക്കുമ്പോള്‍ ഒരു കടല്‍ നീന്തിക്കടക്കുന്നപോലെ തോന്നി അയാള്‍ക്ക്. സാധാരണ യാത്രകളില്‍ ഒഴിവാക്കാറുള്ള വൃത്തികെട്ട ഒരു തീര്ത്ഥാടങ്കേന്ദ്രമെന്നതിലുപരിയായി ഒന്നുമുണ്ടായിരുന്നില്ല അവിടെ. അമ്പലത്തിന്നു മുന്നില്‍ നിന്നുതന്നെ ക്യൂ തുടങ്ങുന്നുണ്ടായിരുന്നു." ദോ ഖണ്ഡെ ലഗേംഗെ ദര്ശന് കേലിയേ.........."ഡ്രൈവര്‍ പറഞ്ഞു " ഹം പാഞ്ച് മിനുട്ട് മേം കര്‍വായേംഗെ മാഡം "ഒരു പാണ്ഡ സഹായത്തിനെത്തി. " നഹീ ചാഹിയേ..." പകച്ചുനില്‍ക്കുന്ന പാണ്ഡെക്കു മുന്നിലൂടെ അനു പുറത്തേക്കുള്ള വഴി തേടി." മുത്സെ കാളിഘട്ട് ലേ ചലോ....." അനു കാളിഘട്ടിലേക്കുള്ള വഴിതിരയുകയഅയിരുന്നു. കാളിഘട്ട് ഇതുതന്നെയാണെന്ന ഡ്രൈവറുടെ വിശദീകരണം അനുവിനു വിശ്വാസമായില്ല. ഇത് അമ്പലമാണെന്നും തനിക്കു കാണേണ്ടത് കാളീഘട്ടാണെന്നും അവള് വാശിപിടിച്ചുകൊണ്ടേയിരുന്നു. മുന്നിലൂടൊഴുകുന്ന തിരക്കിന്റെ പുഴ ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു. "അങ്ങുദൂരെ ഈ പുഴ ഒഴുകിയെത്തുന്നിടത്താണ് ഘ്ട്ട്. ഈ തിരക്കില്‍ നിങ്ങളെക്കൊണ്ടാവില്ല അവിടം വരെ നടക്കാന്‍." അയാള്‍ തുടര്‍ന്നു "ഗംഗാജലം സ്പര്‍ശിച്ച് പുണ്യം നേടാനാണെങ്കില്‍ പത്തുരൂപ കൊടുത്താല്‍ ക്യാനുകളില്‍ വെള്ളം കിട്ടും". ശരിയായിരുന്നു കടകളില്‍ അട്ടിയായി നിറച്ചുവെച്ചിരിക്കുന്നു ഗംഗജലം. "അതല്ല"........ അനുവിന്റെ തൊണ്ടയിറുന്നത് അവരറിഞ്ഞു. "മുത്സെ.......ഗംഗാ സെ മില്നാ ഹൈ........." "ആപ്പ് ഉധര്‍ മത് ജായിയേ മാഡം........." ഡ്രൈവറുടെ മുഖം വലിഞ്ഞുമുറുകുന്നത് അനു കണ്ടു." നിങ്ങള്‍ കാണാനുദ്ദേശിക്കുന്ന ഗംഗ അവിടെയില്ല.........മരിച്ചുകിടക്കുന്ന ഗംഗയുടെ മുഖം മാത്രമെ നിങ്ങളക്കവിടെ കാണാന്‍ കഴിയുള്ളു. നിങ്ങള്‍ക്കൊരുപക്ഷെ അതു സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഞാന്‍ പറയുന്നത് വിശ്വസിക്കു. " തരിച്ചു നില്ക്കുന്ന അനുവിനെ സഹതാപത്തോടെ നോക്കി അയാള്‍ പറഞ്ഞു. " നമുക്ക് തിരിച്ചു പോകാം അനു" ഇവിടെയെത്തിച്ച തിരമാലകളില്‍ എതിര്‍ദിശയില്‍ തുഴഞ്ഞുനീങ്ങുമ്പോള്‍ അനുവിന്റെ മനസ്സു ശൂന്യമായിരുന്നു.അവന്റെ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ കാറില്‍ കയറുമ്പോള്‍ അവളറിഞ്ഞു കണ്ണുകളുടെ ഒരു ഏറ്റുമുട്ടലില്‍ തകര്‍ന്നുവീഴുന്നത് കാലങ്ങളായി അവള് അണകെട്ടിനിര്‍ത്തിയ പുഴയാവുമെന്ന്.
ചൊവ്വാഴ്ച, മാർച്ച് 09, 2010
ഗംഗ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായങ്ങൾ:
ഗംഗ ഇത്രെയേറെ അകലെയാണോ..?
കൈ എത്തി ഗംഗയെ തൊട്ടും പിന്നെ ഗംഗയില്‍ മുങ്ങിയും മതിവന്നു ഒക്കെ എഴുതിയ സജി അച്ചായന്റെ ഹിമാലയ യാത്ര വായിച്ചു തീര്‍ന്നതിനു പിന്നാലെ ആയതോണ്ടാവം സംശയം
"നിങ്ങള്‍ കാണാനുദ്ദേശിക്കുന്ന ഗംഗ അവിടെയില്ല.........മരിച്ചുകിടക്കുന്ന ഗംഗയുടെ മുഖം മാത്രമെ നിങ്ങളക്കവിടെ കാണാന്‍ കഴിയുള്ളു. നിങ്ങള്‍ക്കൊരുപക്ഷെ അതു സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല."
വളരെ ഭംഗിയായി വിവരിച്ചിരിയ്ക്കുന്നു ചേച്ചീ...
എന്തു ഭംഗിയായിട്ടാ പറഞ്ഞിരിക്കുന്നതു്!
ഓ ടോ: ഫോണ്‍ നമ്പറിന്റെ കാര്യം മറന്നിട്ടല്ലാട്ടോ. പല കാരണങ്ങള്‍ കൊണ്ട് കമ്പ്യൂട്ടറിന്റെ മുന്പിലേക്കെത്താന് പറ്റാറില്ല. ഇന്നെന്തായാലും അയയ്ക്കും. :)
കണ്ണനുണ്ണി, ശ്രീ, എഴുത്തുകാരി നന്ദിയുണ്ട് ഈ നല്ല വാക്കുകള്‍ക്ക്.
nannayi vivarichirikunnu,pinne thengayum mangayum okke oro thamasa allee,aa coment link karanam ivide ethaan pati..
welcome neha......:)
ചേച്ചി,
സത്യത്തില്‍ ഈ കഥ ഇപ്പോള്‍ ഞാനൊരു ആറു വട്ടമെങ്കിലും വായിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ തീരെ അതിശയോക്തിയില്ലെന്ന് ചേച്ചിക്ക് മനസ്സിലാവും. കാര്യം ഞാന്‍ വെളിപ്പെടുത്തുന്നില്ല. പക്ഷെ, മനോഹരമായ അവതരണം.. അത്രയേറെ എനിക്ക് ഇഷ്ടമായി.. ഈ കഥ വായിച്ച് കഴിഞ്ഞ് ഈ ബ്ലോഗ് ഫോളോ ചെയ്യാമെന്ന് കരുതിയപ്പോള്‍ ഫോളൊവര്‍ ഗാഡ്ജറ്റ് ഇല്ല.. !!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ