വെള്ളിയാഴ്‌ച, മാർച്ച് 05, 2010

ആല്‍മരം


വീട്ടുമുറ്റത്തൊരാല്‍മരം
പാടില്ലെന്നു പറഞ്ഞത്
മുതിര്‍ന്നവരാരോ.
ജീവിതത്തില്‍ താളും തകരയും
നുള്ളേണ്ടി വന്നവര്‍.
അല്ലെങ്കിലൊരു കേട്ടുകേള്‍വി.
വീട്ടുമുറ്റത്താല്‍മരം പാടില്ലത്രെ.

കൊതിച്ചുപോയതാണ്
പടരുന്ന ചില്ലകളില്‍
ചേക്കേറുന്ന കിളികളും
വീടിനും വീട്ടാര്‍ക്കും
വിയര്‍പ്പാറ്റാനൊരു തണലും.

പക്ഷെ വേരുകള്‍
അസ്തിവാരമിളക്കി
ഉമ്മറത്തെത്തുമ്പോള്‍
ചുമരില്‍ വിള്ളലുണ്ടാക്കി
വീടിനെ തളര്‍ത്തി
വീടിനെക്കാള്‍ വലുതായി
വീടു തലകുനിക്കുമ്പോള്‍
ആല്‍മരമായാലും
തണലുണ്ടായാലും
എന്തുകാര്യം............

എന്നാലും കൊതിച്ചതാണ്
വീട്ടുമുറ്റത്തൊരാല്‍മരം
തണല്‍, കിളികള്‍,
താളം പിടിക്കുന്ന ഇലകള്‍.

അവസാനമൊരുനാള്‍
സിമന്റില്‍ തീര്‍ത്ത
ആല്‍ത്തറയും
തുളയില്ലാത്ത ചട്ടിയും
അതിലൊരാല്‍മരവും
കൂട്ടിലെ കിളികളും
അലങ്കാരമായി വീട്ടുമുറ്റത്ത്.

ഇടക്ക് ഔചിത്യമില്ലാതെ
പരന്നു നിറയുന്ന ശാഖകള്‍
പടര്‍ന്നിറങ്ങുന്ന വേരുകള്‍
മുറിച്ചു നീക്കണമെന്നു മാത്രം.

6 അഭിപ്രായങ്ങൾ:

★ Shine പറഞ്ഞു...

"കൊതിച്ചുപോയതാണ്
പടരുന്ന ചില്ലകളില്‍
ചേക്കേറുന്ന കിളികളും
വീടിനും വീട്ടാര്‍ക്കും
വിയര്‍പ്പാറ്റാനൊരു തണലും."

വളരെ ഇഷ്ടമായി. ഒരു പക്ഷെ ഞാനും കവയിത്രിയെപ്പോലെ മുറ്റത്തൊരു ആൽമരം സ്വപ്നം കണ്ടിട്ടുള്ളതു കൊണ്ടാവാം. പക്ഷെ ഒരു 'ബോൺസായി' ആക്കി സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്കു മനസ്സു വരുന്നില്ല.

കവിതയുടെ സാഹിത്യഭംഗിയെക്കുറിച്ചു പറയാനുള്ള അറിവ്‌ പരിമിതമാണു. പക്ഷെ, ഇപ്പോൾ വായിക്കേണ്ടിവരുന്ന മിക്ക കവിതകളേക്കാളും വളരെ നല്ലതായി എന്നു തന്നെ തോന്നി.

കണ്ണനുണ്ണി പറഞ്ഞു...

നമ്മള് തന്നെ ഇപ്പൊ ഫ്ലാറ്റില്‍ ബോണസായി ആയിട്ടല്ലേ ജീവിക്കണേ..പിന്നെ ആള് മാത്രമായിട്ടു എന്തിനാ..

Typist | എഴുത്തുകാരി പറഞ്ഞു...

അങ്ങനെയെങ്കിലും ആ കൊതി, മോഹം സാക്ഷാല്‍ക്കരിക്കാന്‍ പറ്റിയല്ലോ!

the man to walk with പറഞ്ഞു...

cheruthaaya mohasafalyam

പ്രയാണ്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പ്രയാണ്‍ പറഞ്ഞു...

ഷൈന്‍ വളരെ സന്തോഷം..........കണ്ണനുണ്ണി ,എഴുത്തുകാരി, the man to walk with ചെറിയൊരാല്‍ മരം അതെ നമുക്ക് പറഞ്ഞിട്ടുള്ളു.........ഒരുപക്ഷെ അജിത്തിന്റെ (നിര്വിളാകന്‍) ഈ കമന്റ് പോലെ......"ഔചിത്യമില്ലാത്തതെല്ലാം മുറിച്ചു മാറ്റി മുന്നേറുന്ന ഒരു ജനതക്ക് തീര്‍ച്ചയായും തുളയില്ലാത്ത ചട്ടിയും പ്ലാസ്റ്റിക്ക് മരവും തന്നെ അഭികാമ്യം....."