ചൊവ്വാഴ്ച, ഫെബ്രുവരി 23, 2010

ഒരു പാവം അമ്മക്കഥ.........."തുന്നക്കാരന്റെ ഭാര്യക്കെന്തു സുഖാണ്.........അവളു പറേണേലപ്പുറം പോവില്ല തുന്നക്കാരന്‍. അവളു തലേക്കൂടി വെള്ളൊഴിച്ചുകൊടുത്താല്‍ ചെറിയ കുട്ട്യോളെ പോലെ ഇരുന്നുകൊടുത്തോളും അയാള്........"

അമ്മയുടെ ആവലാതിക്കുടം പിന്നേം നെറഞ്ഞു തുളുമ്പുകയാണ്.രണ്ടാമത്തെ അറ്റാക്കു കഴിഞ്ഞു അച്ഛനെ ഹോസ്പ്പിറ്റലില്‍ നിന്ന് നാലഞ്ചുദിവസം മുന്‍പാണ് കൊണ്ടുവന്നത്.കഠിനമായ ജോലികളൊന്നും ഒന്നും തന്നെ ചെയ്യരുതെന്ന ഡോക്ടറുടെ വിലക്ക് ഏതൊക്കെ വിധത്തില്‍ തെറ്റിക്കാമെന്ന് അച്ഛന്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കയാണ്. വീട്ടിലെത്തിയതും എല്ലാം പഴയപോലെ. ഇപ്പോള്‍ കുളിപ്പിക്കാന്‍ സമ്മതിക്കാത്തതിന്റെ സങ്കടമാണ് അമ്മക്ക്.

"ഒരാങ്കുട്ടില്യാത്തതിന്റെ കുഴപ്പാണ്............എല്ലാം കര്‍ശനായിട്ട് പറഞ്ഞ് ചെയ്യിക്കാനൊരാളില്ല്യാലൊ........."

അമ്മയോട് വല്ലാത്ത ദ്വേഷ്യം തോന്നി. പാവം അവനെയും മക്കളെയും ഒറ്റക്കുവിട്ട് ഒരുമാസമായി ഹോസ്പ്പിറ്റലും വീടുമായി ഇവിടെ. ബില്ലുകള്‍ സെറ്റില്‍ ചെയ്തു പുറത്തിറങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞതുമാണ് "ആങ്കുട്ട്യോളില്ലാത്ത സങ്കടം എനിക്കിപ്പം ഇല്ല്യാട്ടൊ...അത്ര നന്നായി നീ കാര്യങ്ങളൊക്കെ ചെയ്തു" എന്ന്. അതുകേട്ടപ്പോഴുണ്ടായ സന്തോഷം മുഴുവന്‍ അമ്മയുടെ ആവലാതിയില്‍ ഒഴുകിപ്പോയി.

ഉച്ചക്കൊന്നു മയങ്ങാന്‍ കിടന്നപ്പോഴാണ് അടുത്തവീട്ടിലെ ലളിതേച്ചിയുടെ ഉറക്കെയുള്ള വിളി മതിലിന്നപ്പുറത്തുനിന്നും ഉയര്‍ന്നത്.

"ദേവ്യേടത്ത്യേ ...ദേ നിങ്ങടെ മാഷെന്താ ടെറസ്മ്മല് ചെയ്യണേന്നൊന്നു നോക്കു.........."

ആര്‍ത്രൈറ്റിസ്സിന്റെ വേദനകളൊക്കെ മറന്ന് അമ്മ കാലങ്ങളായി കയറാത്ത കോണിഓടിക്കയറി.

" കുട്ടിയായിരുന്നൂച്ചാ രണ്ടടീം കൊടുത്ത് അവിടെ പിടിച്ചിരുത്താമായിരുന്നു............ഇതിപ്പം" കിതച്ച് കിതച്ച് അമ്മയുടെ ആവലാതിയും കൂടെ ഓടുന്നു.........
എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ എനിക്കും തോന്നി അമ്മയുടെ മോഹം പോലെ ഞാനൊരാങ്കുട്ടിയായിരുന്നെങ്കില്‍ ചിലപ്പോള്‍...........

6 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

കുട്ടിയായിരുന്നൂച്ചാ രണ്ടടീം കൊടുത്ത് അവിടെ പിടിച്ചിരുത്താമായിരുന്നു...........

sm sadique പറഞ്ഞു...

അമ്മമാര്‍ക്ക് എന്നും സങ്കടമാണ് .എന്റെ ഉമ്മക്കും .

Typist | എഴുത്തുകാരി പറഞ്ഞു...

“എനിക്കും തോന്നി അമ്മയുടെ മോഹം പോലെ ഞാനൊരാങ്കുട്ടിയായിരുന്നെങ്കില്‍ ..”

വേണ്ടാ, ഇപ്പഴത്തേപ്പോലെ തന്നെ മതി, അതല്ലേ നല്ലതു്!

Shaivyam...being nostalgic പറഞ്ഞു...

simply good

the man to walk with പറഞ്ഞു...

nannayi ishtaayi

സായം സന്ധ്യ പറഞ്ഞു...

വായിക്കാൻ െൈവ കിയോ?