ബുധനാഴ്‌ച, ഫെബ്രുവരി 17, 2010

ഒരു വാക്ക്...........


ഒരു വാക്ക്.........
അതിവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ട്.

അടുക്കളയില്‍ വന്നെത്തിനോക്കി
അടച്ചിട്ട കുളിമുറിവാതിലില്‍ ചാരി
ഉറങ്ങിക്കിടക്കുമ്പോള്‍ മുടിയിഴകള്‍
മാടിയൊതുക്കി, പുതുതായ്ത്തെളിഞ്ഞ
ചിരിവരകളില്‍ വിരലോടിച്ച്
ഉണരുമ്പോള്‍ അടുത്തുവരാന്‍ മടിച്ച്
ഒരു വാക്ക്.............

ഗൃഹാതുരത്വത്തിന്റെ പടവുകള്‍
കയറിയെത്തിയ
അച്ഛന്റെയോ അമ്മയുടെയോ
താരാട്ടാവാം..........
അവരുടെ കാത്തിരിപ്പിന്റെ
നെടുവീര്‍പ്പുമാവാം..........
കരയിപ്പിക്കേണ്ടെന്നുകരുതി
ഉരിയാടാത്തതാവാം
ഒരു വാക്ക്............

വഴിയിലേതോ മുള്ളില്‍ക്കുടുങ്ങിയ
മക്കളുടെ കരച്ചിലില്‍ നിന്നാവാം,
അവരുടെ ചിരിയുടെ
ചില്ലുകിലുക്കങ്ങളില്‍ നിന്നുമാവാം
ചിതറിത്തെറിച്ച് എന്നിലെത്താന്‍ മടിച്ച്
ഒരു വാക്ക്............

കൂട്ടിലടക്കാഞ്ഞിട്ടാവണം
പിണങ്ങിപ്പോയ മൈനയുടെ

യാത്രാമൊഴിയാവാം
കേട്ടിട്ടും മതിവരാതെ കാതോര്‍ക്കുന്ന
കുയിലിന്റെ മറുകൂവലാവാം..............

സ്വപ്നങ്ങളില്‍നിന്നും
എന്നെയുണര്‍ത്താതെ
യാഥാര്‍ത്ഥ്യങ്ങളിലേക്ക്
തിരിച്ചയക്കാന്‍ മടിച്ച്
ഇവിടെയെല്ലാം ചുറ്റിത്തിരിയുന്നുണ്ട്
ഒന്നും മിണ്ടാതെ
ഒരു വാക്ക്...........

7 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

അതെതാണ് ആ വാക്ക് . വാക്കേ എന്ന വാക്കാണോ ?

പ്രയാണ്‍ പറഞ്ഞു...

കാപ്പിലാന്‍.... ആ വക്കെന്താണെന്നറിഞ്ഞാല്‍ അന്നു ഞാന്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അന്നും ഈ ബ്ലോഗെഴുത്ത് തുടരുന്നുണ്ടെങ്കില്‍ അപ്പൊ പറഞ്ഞുതരാം......:) ( പറഞ്ഞ ആളില്‍നിന്നും വേറിട്ട വാക്കുകള്‍ ‍(ശാപങ്ങളും ആശംസകളുമായി) പലപ്പോഴും ആര്‍ക്കുവേണ്ടിയാണോപറഞ്ഞത് ആ ആളെതേടി പലയിടങ്ങളില്‍ കറങ്ങിനടക്കുന്നു എന്നത് ഒരു പഴയ സങ്കല്പം.)

കണ്ണനുണ്ണി പറഞ്ഞു...

ഇനി ആ വാക്കുടെ എന്താണെന്ന് പറഞ്ഞെ....

ഗീത പറഞ്ഞു...

എന്തായാലും ആ വാക്കിന് വകതിരിവുണ്ട്.

bobycochin പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
the man to walk with പറഞ്ഞു...

ഒരു വാക്ക് ..കാത്തു തേടുന്ന ഒരു വാക്ക് ..ഇഷ്ടായി

പ്രയാണ്‍ പറഞ്ഞു...

കണ്ണനുണ്ണി പിന്നെ പറയാം ട്ടൊ.
ശരിയാണ് ഗീത.......;)
the man to walk with
അതെ കാത്തിരിക്കാം