വ്യാഴാഴ്‌ച, ഏപ്രിൽ 23, 2009

പറയാതെയറിഞ്ഞത്....!


വിഷുവില്ലാത്ത നാട്ടില്‍ വന്ന്
ഫ്ലാറ്റിന് താഴെ മര‍ത്തിലിരുന്ന്
കൊഞ്ചിയ കുയിലെങ്ങിനെയറിഞ്ഞു
നാട്ടില്‍ വിഷുവെത്തിയെന്ന് .....
അവളുടെ പാട്ടിലൂടെ ഞാന്‍
നാട്ടിലേക്ക് പാലംപണിയുമെന്ന്.....

ഒരുപാടുകൊന്നകള്‍ക്കിടയില്‍
ഒറ്റക്കു പൂത്തുനിന്ന കൊച്ചു
കൊന്നമരമെങ്ങിനെയറിഞ്ഞു
ഞാന്‍ പൂത്തേടിയെത്തുമെന്ന്.....
അവളുടെ പൂവില്ലാതെ എന്റെ
വിഷുക്കണി പൂര്‍ണ്ണമാവില്ലെന്ന്.....

വിഷുപ്പുലരിയുടെ തിരക്കിലും
തിരക്കിട്ടു വിളിച്ചാശംസിച്ച
അമ്മയെങ്ങിനെയറിഞ്ഞു
ഈ വിളി വന്നില്ലെങ്കില്‍
എന്റെ വിശേഷങ്ങളുടെ
നിറവും മണവും സ്വാദും
പുനര്‍ജ്ജനിക്കുകയില്ലെന്ന്.......

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നിനച്ചിരിക്കാതെ കിട്ടുന്ന സൗഭാഗ്യങ്ങളെന്നും വല്ലാത്തൊരു സന്തോഷം തരുന്നു......

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കുയിലിനും കൊന്നമരത്തിനും അമ്മക്കുമൊക്കെ ഒരു ദിവ്യദൃഷ്ടിയുണ്ട് പ്രയാൻ.അവരെല്ലാം നേരത്തെ അറിയും.വരികൾ നന്നായി എന്നു പറയാതെ വയ്യ.

വല്യമ്മായി പറഞ്ഞു...

:)

Typist | എഴുത്തുകാരി പറഞ്ഞു...

‘അമ്മയെങ്ങനെ അറിഞ്ഞു‘ ഒറ്റ ഉത്തര‍മേയുള്ളൂ, അമ്മ ആയതുകൊണ്ടുതന്നെ. നല്ല കൊച്ചു വരികള്‍. ഇഷ്ടായി.

കാപ്പിലാന്‍ പറഞ്ഞു...

" എല്ലാത്തിനും ഒരു സമയവും കാലവും ഉണ്ട് ദാസാ "

പ്രയാണ്‍ പറഞ്ഞു...

എനിക്കും അതുതന്നെ തോന്നി കാന്തരിക്കുട്ടി....അല്ലെങ്കിലെങ്ങിനെ...എന്തായാലും വരികളിഷ്ടപ്പെട്ടതില്‍ സന്തോഷം.
വല്യമ്മായി വന്നതില്‍ സന്തോഷം.
അതു ശരിയാണ് എഴുത്തുകാരി.അമ്മമാരെന്നും ഇങ്ങിനെയാണ്.
ഓ ...സ്വാമി ആശ്രമത്തീന്നെറങ്ങി ഭക്തന്മാരെ കണ്ടു തുടങ്ങിയോ?

Typist | എഴുത്തുകാരി പറഞ്ഞു...

മുപ്പതാം വാര്‍ഷികം -കണ്ടില്ലായിരുന്നൂട്ടോ. ആശംസകള്‍.

(ഇനി അവിടെ ഇട്ടാല്‍ കണ്ടില്ലെങ്കിലോന്നു വച്ചാ, ഇവിടെ)

Rani പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് ..

ചിതല്‍ പറഞ്ഞു...

നാട്ടില്‍ വിഷു ആഘോഷിക്കാന്‍ പറ്റാത്തതിന്റെ നല്ല വിഷമം ഉണ്ട് അല്ലേ....

പ്രയാണ്‍ പറഞ്ഞു...

ചിതല്‍ ഈ തവണ മോനും മോളും ചേച്ചിയും കൂടെയുണ്ടായിരുന്നതിനാല്‍ അത്ര തോന്നിയില്ല.എന്നാലും കുട്ടിക്കാലത്തെ വിഷു ഇനി തിരിച്ചുകിട്ടാത്തതഅണല്ലൊ.....

പ്രയാണ്‍ പറഞ്ഞു...

നന്ദി റാണി അജയ്...

ചങ്കരന്‍ പറഞ്ഞു...

വിഷുവിനു വായിച്ചിരുന്നെങ്കില്‍ ഒന്നു നൊസ്റ്റാള്‍ജിക്കാകാമായിരുന്നു. കഷ്ടമായിപ്പോയി.

കണ്ണനുണ്ണി പറഞ്ഞു...

ഈ മറുനാട്ടില്‍ വിഷു നൊമ്പരപെടുത്തുന്ന ഒരു ഓര്‍മയാണ്. നന്നായിട്ടോ ...അഭിനന്ദനങ്ങള്‍