തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2018

ചരിത്രത്തിലൂടെ - കൊളോസിയം - Colosseum




"Colosseum is an oval shaped amphitheatre  built of limestone, tuff  a type of rock made of volcanic ash  , and  concrete. it is the largest amphitheatre ever built.."
മൈക്ക് പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളപ്പോൾ  നിരന്തരമായ ഭൂകമ്പത്തിൽപ്പെട്ട്  ഇനിയും തകരാതെ ഉയർന്നു നിൽക്കുന്ന കൊളോസിയത്തിന്റെ ചുരുക്കം ചിലതിലൊന്നായ ഒരു ഡോമിന്റെ മുൻപിലായിരുന്നു.
 "Construction Started  under the emperor vespasian in AD 72, and  his successor Titus  completed it in AD 80 .Further modifications were made during the rule of  Domitian (81–96). These three emperors are known as the  Flavian Dynasty"
സോമൻസിനൊപ്പമുള്ള യൂറോപ്പ്യൻ ടൂറിന്റെ പതിമൂന്നാമത്തെ ദിവസമായിരുന്നു അത്. ഐററിനറി യിലെ ഒമ്പതാമത്തെ രാജ്യമായ ഇറ്റലിയുടെ തലസ്ഥാനമായ (രണ്ടാം ശതകത്തിൽ റോം ലോകത്തിന്റെ തലസ്ഥാനമെന്ന അർത്ഥം വരുന്ന 'Caput Mundi ' എന്ന നിലയിൽ വ്യാപിപ്പിക്കപ്പെട്ടിരുന്നു) റോമിലെ പ്രധാന ടൂറിസ്റ്റ് അറ്റ്രാക്ഷനാണ് കൊളോസിയം. റോമിനു തൊട്ടു കിടക്കുന്ന  വിസ്തീർണ്ണം കൊണ്ട് ചെറുതും എന്നാൽ ഏറ്റവും ധനികവുമായ വത്തിക്കാൻ ആയിരുന്നു പത്താമത്തെതും അവസാനത്തേതുമായ രാജ്യം.
   AD 70 ൽ ജെറുസലേം പിടിച്ചടക്കിയപ്പോൾ വെട്ടിപ്പിടിച്ച സമ്പത്തുപയോഗിച്ച്,  അതിൽ തടവിലാക്കിയ ലക്ഷത്തിൽപരം  ജ്യൂയിഷ് തടവുകാരെ കൊണ്ടു് കഠിനമായ അടിമപ്പണി ചെയ്യിച്ച് വെസ്പ്പാസിയാൻ തുടങ്ങി വെച്ച പണി AD 80ൽ ടൈറ്റസ് അവസാനിപ്പിക്കുകയും 96 വരെ അതിന്റെ അല്ലറ ചില്ലറ മോഡിഫിക്കേഷൻസ് തുടരുകയും ചെയ്തത്രെ.
'നിങ്ങൾ ഇതിൽ അഹങ്കരിക്കുന്നുണ്ടോ?'
'നെവർ ' മൈക്കിന്റെ കണ്ണുകൾ കുറുകി വന്നു. റോമിൽ ജനിച്ചു വളർന്നവനാണത്രെ അവൻ. എ പ്യൂർ റോമൻ. കൊളോസിയത്തിനു മുൻപിൽ കളിച്ചു നടന്നിരുന്ന ഇത്രയും ടൂറിസ്റ്റുകളില്ലാത്ത ഒരു കാലം' മൈക്കിന്റെ ഓർമ്മയിലുണ്ട്.

1762ൽ 'ജിയാൻ ലോറൻസോ ബെർനിനി' ഡിസൈൻ ചെയ്ത ട്രെവി ഫൗണ്ടനു മുന്നിൽ ഇനിയും തിരിച്ചെത്താത്ത മറ്റുള്ളവരെ കാത്തുനിൽക്കമ്പോഴാണ് മൈക്കിനോട് വെറുതെയൊരു സംസാരത്തിനു തുടക്കമിട്ടത്.  അമ്മുവിന്റെ അതേ പ്രായം.
"റോം ഇഷ്ടമാണോ? ഇവിടത്തെ ജീവിതം എങ്ങിനെയുണ്ട്' എന്ന ചോദ്യത്തിനു മുന്നിൽ ഒട്ടൊന്നു മുഖം താഴ്ത്തി അവൻ പറഞ്ഞു. 'ബുദ്ധിമുട്ടാണ് ജോലി സാദ്ധ്യതകൾ കുറവാണ്. പിന്നെ ഹെൽത്ത് & എജ്യൂക്കേഷൻ ഫ്രിയാണ് എന്നതൊരു സമാധാനം. '
'ഫാമിലി' എന്ന ചോദ്യത്തിന്
'അമ്മ കൂടെയുണ്ട്' എന്നതിനൊപ്പം ധൃതിയിൽ 'മാരീടല്ല ' എന്നുകൂടിയവൻ പറഞ്ഞുവെച്ചു.
തുടക്കം മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു മൈക്കിന്റെ നീലക്കണ്ണുകളിലെ സങ്കടഭാവം. അത് ഒന്നുകൂടി തെളിഞ്ഞ് കണ്ടപ്പോൾ വെറുതെ ചോദിച്ചു പോയി
'why you are looking so sad?'
ഒന്നു കൂടി തുടുത്ത മുഖം മറയ്ക്കാൻ ശ്രമിച്ച് അവൻ പറഞ്ഞു
'ഫാമിലിയെപ്പറ്റി നിങ്ങൾ ചോദിച്ചപ്പോൾ എനിക്കെന്റെ കാമുകിയെ ഓർമ്മ വന്നു. ഞങ്ങൾ എന്നെന്നേക്കുമായി പിരിഞ്ഞിട്ടധികമായില്ല'

1349 ലെ ഭൂമി കുലുക്കത്തിലാണ് കൊളോസിയം ഈ നിലയിൽ തകർന്നത്. അവശിഷ്ടങ്ങൾ പലതും പാലസുകളും, പള്ളികളും മറ്റു കെട്ടിടങ്ങളും പണിയാനായി കയ്യേറപ്പെട്ടു. കല്ലുകൾ ഉറപ്പിക്കാനായി ഉപയോഗിച്ചിരുന്ന ബ്രോൺസ് കമ്പികൾ കല്ലു തുരന്ന് കട്ടെടുക്കപ്പെട്ടു. ചുവരുകളിലെ കല്ലുകളിൽ നമ്മുടെ കുളക്കടവിൽ കാണാറുള്ള താളിക്കുഴി പോലെ ആഴത്തിൽ തുളകൾ കാണാനുണ്ടായിരുന്നു. മൈക്ക് ആ തുളകളെപ്പറ്റി മറ്റൊരു കഥ പറഞ്ഞു. ഇടിഞ്ഞു പൊളിഞ്ഞ കൊളോസിയം പിന്നെ പക്ഷികളുടെ താവളമാവുകയും അവ തിന്നിട്ട അത്തിക്കായകളുടെ അവശിഷ്ടങ്ങൾ മുളച്ച് പൊന്തി മരങ്ങളുടെ വേരുകൾ  കല്ലുകൾ തുളച്ച് ആണ്ടിറങ്ങി വലിയ തുളകൾ രൂപപ്പെട്ടെന്നുമുള്ള മൈക്കിന്റെ കഥയും സത്യമാവാൻ സാദ്ധ്യതയുണ്ട്. പിന്നെ കുറെക്കാലം ജനങ്ങൾ കയ്യേറി താമസം തുടങ്ങി. പിന്നെയെപ്പോഴോ ചന്തയായി. ഓരോ ഡോമും കാലിച്ചന്തയെന്ന് ധാന്യപ്പുരയെന്ന് മാറ്റിയെഴുതപ്പെട്ട ത്രെ. മുകളിലേക്കുള്ള പടികൾ പലതും അടർന്നും പൊളിഞ്ഞും. മുകളിലെത്തിയപ്പോഴോ അത് മറ്റൊരു ലോകം, മറ്റൊരു കാലം, മറ്റെന്തോ ഓർമ്മകൾ.

നീറോ ചക്രവർത്തിയുടെ കാലത്ത് ഉണ്ടായ ഒരു വലിയ തീപിടുത്തത്തിൽ റോമിലെ വലിയ ജനവാസമുളള ഒരു ഭാഗം മുഴുവൻ കത്തി നശിക്കുകയും നീറോ ആ ഭാഗം സ്വന്തമായി കൈക്കലാക്കി അവിടെ തന്റെതെന്ന് ഒരു ഡോമും വലിയ ഒരു തടാകവും പണിഞ്ഞു. പുറകെ വന്ന ഫ്ലാവിയൻ ഡൈനാസ്റ്റി തടാകം നികത്തുകയും അവിടെ ഒരു ആംഫീതിയറ്ററും അനുബന്ധ കെട്ടിടങ്ങളും പണിത്  വീണ്ടും ജനങ്ങളുടെ മുൻപിൽ വെച്ചു .189 മീറ്റർ നീളവും 156 മീറ്റർ വീതിയും 48 മീറ്റർ ഉയരവുമായി ദീർഘവൃത്താകൃതിയിൽ പണിത കൊളോസിയം ആറേക്കറിൽ പരന്നു കിടക്കുന്നു. ഇന്നത് ലോകാത്ഭുതങ്ങളിലൊന്നായ ചരിത്ര സ്മാരകത്തിന്റെ പദവിയിൽ ആദരിക്കപ്പെടുന്നു. നടുവിൽ 87 മീറ്റർ നീളവും 55 മീറ്റർ വീതിയുള്ള അരീനയും അതിനു ചുറ്റിലുമായി കാഴ്ചക്കാർക്കിരിക്കാൻ കല്ലിൽ പടുത്ത ഇരിപ്പിടങ്ങളുമുണ്ടായിരുന്നു. അരീന പൊളിഞ്ഞു വിണതിനു താഴെ മേൽത്തട്ടില്ലാത്ത കുടുസു ജയിലറകളും മൃഗങ്ങളെ സൂക്ഷിച്ചിരുന്ന മുറിയും അവക്കിടയിലെ ഇടനാഴികകളും മുകളിൽ നിന്നും തുറന്നു കിടക്കുന്നു. അരികിൽ അരീനയുടെ ചെറിയൊരു ഭാഗം പ്രതിരൂപമായി  സിമന്റ് കൊണ്ട് പണിതിട്ടുണ്ട്. കൊളോസിയത്തിൽ   നൂറ്റാണ്ടുകളെ ഒരളവുവരെ  അതിജീവിച്ചത് വടക്കുഭാഗം മാത്രമാണ്.

 ആകെ തകർന്ന രൂപത്തിലാണെങ്കിലും കൊളോസിയം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് ഭയമാണ്.  അവിടെ നടന്നിരുന്ന പോരാട്ടങ്ങളും ഗ്ലാഡിയേറ്റേഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വീരശൂര പരാക്രമികളും പട്ടിണി കിടന്ന് വിശന്നവയറുമായി പാഞ്ഞെത്തുന്ന  കൂട്ടിലടച്ച ദുഷ്ടമൃഗങ്ങളും ഒക്കെ മനസ്സിലൂടെ മിന്നിമായും. ഏതെങ്കിലും ഒരിരുമ്പു വതിൽ തുറന്ന് ഒരു മൃഗമോ പോരാളിയോ നമുക്കിടയിലേക്ക് ചാടി വീഴുമ്പോഴുള്ള ആകസ്മികതയ്ക്കായി കൊതിച്ചു പോകും. 65000 പേരെ ഒന്നിച്ചിരുത്താമായിരുന്ന  ഒരു സ്പേസിലെ അന്നത്തെ ആരവങ്ങൾ നമ്മെ ഒന്നായ് വന്നു പൊതിയുന്നതായി തോന്നും.  പത്തു മിനിട്ടിനുള്ളിൽ കാണികളായ ആളുകളെല്ലാം ഒഴിഞ്ഞു പോകാൻ പാകത്തിൽ പുറത്തേക്കുള്ള വഴികൾ സജ്ജീകരിച്ചിരുന്നതായി മൈക്ക് പറഞ്ഞു. ഇതൊക്കെ കൂടാതെ വളരെ ക്രിയാത്മകമായ ചിലതും അവിടെ നടന്നിരുന്നത്രെ.  ചരിത്രങ്ങളായ യുദ്ധങ്ങളുടെ പുനരാവിഷ്ക്കാരം, കടൽക്കൊള്ളയുടെ രംഗാവിഷ്ക്കാരം , മിഥോളജിക്കൽ കഥകളുടെ നാടകാവതരണം തുടങ്ങി കലാവാസനകൾ പരിപോഷിപ്പിക്കുന്ന ഒരു തിയറ്റർ സ്പേസായും കൊളോസിയം അന്ന് പ്രവർത്തിച്ചിരുന്നത്രെ.

പലതും ക്രൂരവും പൈശാചികവുമായിരുന്ന പലതുമായിരുന്നു അവിടെ നടന്നിരുന്നതെന്നോർക്കുമ്പോൾ തന്നെ ഇത്രയധികം ജനങ്ങളെ ഒന്നിപ്പിച്ച് അവർക്കു കൂടിയെന്നോണം നിത്യേന  സോഷ്യൽ ഇവൻറ്സ് നടത്താനുള്ള ഭരണകർത്താക്കളുടെ താൽപ്പര്യത്തെ കണ്ടില്ലെന്നു നടിക്കരുത്

അവിടെയങ്ങിനെയിരുന്നപ്പോൾ പലർക്കും പല കഥകളും ഓർമ്മ വന്നു. അതിലൊന്നായിരുന്നു  'തന്റെ മുറിവുണക്കിയവനെ ഒരു സിംഹക്കുട്ടി അരീനയിൽ വെച്ച് തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിച്ച കഥ'. യജമാനനെ കണ്ട പൂച്ചക്കുട്ടിയുടെ കുറുകലഭിനയിച്ച് മൈക്കും ആ കഥ ഓർത്തെടുത്തു. മൈക്കിന്റെ അഭിപ്രായത്തിൽ  മൃഗങ്ങളുമായുള്ള മല്ലന്മാരുടെ പോരാട്ടത്തിന് സംഭാവ്യത കുറവായിരുന്നു. മനുഷ്യമാംസം പൊതുവെ മൃഗങ്ങൾ ഭക്ഷിക്കാനിഷ്ടപ്പെടുന്നില്ലാത്തതിനാൽ  പോരാട്ടത്തിനു കുറച്ചു ദിവസം മുൻപെ മനുഷ്യമാംസം മാത്രം തീറ്റയായി കൊടുത്ത് മൃഗങ്ങളെ അതിനായി  പരുവപ്പെടുത്തിയെടുക്കണമായിരുന്നുവത്രെ. അതു കൊണ്ട് അങ്ങിനെയുള്ള പോരാട്ടകഥയിൽ എത്ര കണ്ട് സത്യമുണ്ടെന്നതിൽ. സംശയമുണ്ട് എന്നായിരുന്നു മൈക്കിന്റെ അഭിപ്രായം.


ഒരു പക്ഷെ ഇത്രയും ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു യാത്രാസന്ദർഭം ഓർത്തെടുക്കാനാവുന്നില്ല. അതു കൊണ്ടാവണം തിരിച്ചിറങ്ങുമ്പോൾ മനസ്സ് കൂടെ പോരാതെ ചരിത്രത്തിന്റെ ഏടുകളിലെവിടെയോ മടി പിടിച്ചിരുന്നത്.



ശനിയാഴ്‌ച, ജൂലൈ 14, 2018

ലോകത്തിലെവിടെയും നിലവിലില്ലാത്ത നിയമങ്ങളാൽ അടിച്ചമർത്തപ്പെട്ടവരാണ് നമ്മൾ

http://www.woodpeckernews.com/news.php?news_cat_id=9&news_id=4331


ലോകം പാഞ്ഞു പോയ്ക്കൊണ്ടിരിക്കുമ്പോഴും ഇപ്പോഴും ചില (പല ) കാര്യങ്ങളിൽ നിന്നിടത്തു നിൽക്കാനാണ് ഇവിടെയുള്ളവർക്കിഷ്ടം. അതിൽ പ്രധാനമാണ് സ്ത്രീ പുരുഷ ബന്ധത്തെപ്പററിയുള്ള, സ്ത്രീയെപ്പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട്. സ്ത്രീ പുരുഷന്റെ സ്വകാര്യ സ്വത്താണ് എന്ന സമൂഹത്തിന്റെ നിലപാടിനെ ജുഡീഷ്യറി ഇന്നും നിയമങ്ങൾ കൊണ്ട് സാധുകരിക്കുന്നത് അതിനൊരുദാഹരണമാണ്. ഇന്ത്യൻ സമൂഹത്തിന്റെ സംസ്കാരവും ഘടനയും കണക്കിലെടുക്കുമ്പോൾ വിവാഹത്തിന്റെ സംശുദ്ധി സംരക്ഷിക്കാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകൾ ( 497,ക്രമിനൽ നടപടിച്ചട്ടത്തിലെ 198) മളീമഠ് കമ്മിറ്റിയുടെ നിർദ്ദേശം പരിഗണിച്ച് ഭേദഗതികളോടെ നിലനിർത്തുന്നതിനെപ്പറ്റിയാണ് ലോക്കമ്മീഷൻ ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്. 1860 ൽ മെക്കാളെ പ്രഭുവിന്റെ കാലത്ത് രൂപപ്പെടുത്തിയ ഐ പി സി 497 ഇപ്പോൾ ഉഗാണ്ടയിൽ പോലും നിലവിലില്ലാത്ത നിയമമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഭാരത സമൂഹത്തിന്റെ സംസ്കാരവും ഘടനയും എന്ന പ്രയോഗം തന്നെ എത്ര പരിഹാസ്യമാണ് എന്നതാണ് ആദ്യം ആലോചിക്കേണ്ടത്. ഇത്തരം ചട്ടക്കൂടുകളിലൊതുങ്ങാത്ത ഒരു ഭാരതത്തെപ്പറ്റി പറയാൻ ഒരു പാടു പുറകോട്ടു നടക്കേണ്ട ആവശ്യമൊന്നുമില്ല. പുറത്തെടുത്തു വെച്ച ചെല്ലവും അകത്തെടുത്തു വെച്ച കിണ്ടിയും സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്യത്തിന്റെ ചിഹ്നങ്ങളായിരുന്നത് വളരെ പണ്ടൊന്നുമല്ല.

സ്ത്രീയിന്ന് അതിലുമെത്രയോ വളർന്നിട്ടേയുള്ളു. പുരുഷനൊപ്പം അവളെത്താത്തിടങ്ങളില്ല. പക്ഷെ അവൾക്കൊപ്പം വളരാൻ അവൻ ശ്രമിക്കുന്നില്ല എന്നതാണ് ഇന്ന് ദാമ്പത്യത്തിലെ മുഖ്യ പ്രശ്നം. ഇത്തരം പ്രശ്നങ്ങളിലേക്ക് പെൺകുട്ടികൾ കടന്നു ചെല്ലാൻ അറയ്ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാൽപ്പനികമായ ചിലതിനെ ഉദാഹരിച്ച് ഇതാണ് ദാമ്പത്യം, ദാമ്പത്യത്തിൽ സ്ത്രീയുടെ പങ്ക് ഇതൊക്കെയാവണം , ഈ ലക്ഷ്മണ രേഖയ്ക്കപ്പുറം സ്ത്രീ കടന്നു പോകരുത് എന്നൊക്കെയുള്ള നിയമങ്ങൾ പുരുഷാധിഷ്ടിതമായ ‘കാഴ്ചപ്പാടോടെ സമൂഹം ചിട്ടപ്പെടുത്തിയ ചില ട്രാപ്പുകളാണ്. അത്തരം കുരുക്കുകൾ ദുരുപയോഗിച്ച് സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. ഒരു പരിചയവുമില്ലാത്ത രണ്ടു പേർക്ക് ദാമ്പത്യ ബന്ധത്തിൽ വരുമ്പോൾ പൊരുത്തപ്പെടാനായി പലപ്പോഴും സ്വന്തം അസ്തിത്വം തന്നെ ബലി കൊടുക്കേണ്ടി വരുന്നുണ്ട്. സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്രയും മാനസികമായി അടുപ്പമുള്ള ഒരാളുമായി മാത്രം സംഭവിക്കാവുന്ന ഒന്നാണ് സന്തോഷപൂർണ്ണമായ ലൈംഗീക ബന്ധം.( ഇതു പറയുമ്പോൾ ഭർത്താവുമൊത്തുള്ള ലൈംഗിക ബന്ധത്തിനിടയിൽ ഒരു പുസ്തകം കിട്ടിയിരുന്നെങ്കിൽ വായിക്കാമായിരുന്നെന്നു തോന്നാറുണ്ടെന്നു പറഞ്ഞ ഒരു പെൺ സുഹൃത്തിനെ ഓർമ്മ വരുന്നു. അത്തരം സ്ത്രീകളാണ് കൂടുതലും എന്നു് സർവ്വേ പറയുന്നു.) തനിക്ക് താൽപ്പര്യമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അത് സ്ത്രീയായാലും പുഷനായാലും, അതല്ല ഇനി ഒരേ ലിംഗത്തിൽ നിന്നായാൽ പോലും ഒരു വ്യക്തിയുടെ പൗരാവകാശമാണ്. നിയമ വിധേനയുള്ള പങ്കാളികൾ ഉണ്ടെങ്കിൽ അവർക്ക് എതിർപ്പുണ്ടെങ്കിൽ ഈയൊരു കാരണം മാത്രം ഒരു ഡിവോഴ്സിന് ധാരാളമാണ്. കൂടാതെ സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്നു പറയുമ്പോൾ നമ്മൾ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്ന മിഥോളജികളിലേക്ക് വെറുതെയൊന്നു കണ്ണാടിച്ചാൽ മതി. പുരുഷനാൽ, സമൂഹത്താൽ വലിച്ചെറിയപ്പെട്ട സ്ത്രീകളാണവിടെ ശക്തി രൂപിണികളായി വാനോളം വളർന്നു നിൽക്കുന്നവരിൽ പലരും.

മിത്തുകളെ കാട്ടി ഒരാളുടെ ജീവിതം ചിട്ടപ്പെടുത്തുന്നത് അവരുടെ സ്വകാര്യതയിൽ അതാണായാലും പെണ്ണായാലും ഒളിഞ്ഞു നോക്കുന്നത് സ്വകാര്യതകളിലിടപെട്ട് കോടതി കേറ്റുന്നത് പ്രാകൃതമാണ്. ഒരു പക്ഷെ പ്രാകൃതമെന്നത് ‘ തന്നെ തെറ്റായ പ്രയോഗമാണ്. ചുരുക്കിപ്പറഞ്ഞാൽ പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ, അവർ ഏതു ലിംഗത്തിൽ പെട്ടവരായാലും, തമ്മിൽ ബന്ധപ്പെടുന്നത് കുറ്റകരമായി കാണുന്നതു തന്നെ പൗരാവകാശലംഘനമാണ്. അപ്പോൾ വിവാഹേതരബന്ധത്തിൽ പുരുഷന്മാരെ കുറ്റക്കാരായി കാണുന്നത് തന്നെ തെറ്റാണ് എന്നിരിക്കെ സ്ത്രീകളെ കൂടി കുറ്റക്കാരാക്കാനുള്ള ശ്രമം തികച്ചും പിന്തിരിപ്പനും അധുനിക സമൂഹത്തിന് യോജിക്കാത്തതുമാണ്.

http://www.woodpeckernews.com/news.php?news_cat_id=9&news_id=4331

ഇങ്ങിനെയൊക്കെ എഴുതിപ്പോകുന്നത്


ചുട്ട് നീറുന്ന ഒരു പകലിലേക്ക് തണുത്ത് ചീർത്ത കാറ്റു തന്റെ തൂവലുകൾ ഈരിഅടുക്കിയൊതുക്കിത്തുടങ്ങിയിരുന്നു. പിടി വിട്ടു പറന്നു നടക്കുന്ന ഇളം തൂവലുകളെ എന്തൊരു തണപ്പെന്ന് ശകാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് അയാൾ തുടർന്നു
'എൺപതുകളിൽ
ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ '
ഉള്ളിൽ 'എന്റെ കുട്ടി' എന്നൊരു
വാത്സല്യം പെട്ടന്നുറപൊട്ടിയോ!
അയാൾ, പക്ഷെ
ഒരുപാട് നടന്നു  തളർന്ന ഒരച്ഛനെപ്പോലെ
നരച്ചു മുഷിഞ്ഞിരുന്നവൻ!
'ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ
വീട്ടിലെത്താൻ ഇത്തിരി
വൈകിയിരുന്നെങ്കിൽ വീട്ടുകാർ
മരിച്ചെന്നുറപ്പിക്കുമായിരുന്നു'
ഇനിയുമിനിയുമെന്തൊക്കെയോ അക്കാലത്തെപ്പറ്റി അയാളിൽ നിന്ന് കേൾക്കുമെന്ന് കൊതിച്ചു കാതോർത്തു. പക്ഷെ
'ബഹ് നാ' വേണ്ടെന്നു വിലക്കിയിട്ടും
അയാൾ തന്റെ ഭാണ്ഡമഴിക്കുകയായി രുന്നു
'നിങ്ങളിൽ മാത്രമാണു ഞങ്ങൾക്കു പ്രതീക്ഷ
ഈ കാണുന്ന ഭൂമി വെറും നാലു മാസം മാത്രം.
മഞ്ഞിൽ പുതഞ്ഞ ബാക്കി കാലം
പകലും രാത്രിയും എന്നൊന്നില്ലാത്തത്.
വെളിച്ചം കാണാതെ അതിലടച്ചിരുന്ന് ഞങ്ങൾ വന്നെത്തിയേക്കാവുന്ന 
നിങ്ങളെപ്പോലുള്ളവർക്കായി
നെയ്തു നിറയ്ക്കുന്നു.
ഇത്തിരി വേനലിൽ വിരുന്നു വന്ന
ഈ പൂക്കളും പൂമ്പാറ്റകളും
അങ്ങിനെയാണ് ഞങ്ങൾക്കുള്ളിൽ
നിത്യമെന്നോണം നിറങ്ങളാവുന്നത് '
കറുത്ത ലോലമായ തുണിയിൽ
കുനികുനാന്നു തുന്നിപ്പിടിപ്പിച്ച ഒരു നിറകാട്.
മീനുകൾ വിരലിലുമ്മവെക്കുന്നു
മാനുകൾ കൊമ്പുകുലുക്കുന്നു
പുലികൾ, പൂമ്പാറ്റകൾ, പൂവുകൾ പൂമരങ്ങൾ!
' വെറും രണ്ടായിരം മാത്രം'
'പക്ഷെ ഭയ്യ'
ഞാനയാൾക്കു മുന്നിൽ എന്റെ സ്ത്രൈണമായ മോഹത്തെയപ്പാടെ മറയ്ക്കാൻ നമ്മുടെ നാടിനെ
വെയിലിൽ കുളിച്ച പകലുകളെ
പണ്ടത്തെ പോലെ പണിയെടുക്കാത്ത മേഘങ്ങളെ
നഷ്ടമായ മകരക്കുളിരിനെ
അയാളുടെ ഭാണ്ഡത്തിനെക്കാളൊക്കെ
മുഴുത്തതൊന്നിനെ തിരക്കിട്ടു തുറന്നു വെയ്ക്കുന്നു.
'ഓ ബഹ് നാ നിങ്ങളുടെ മൾബറിയിലകൾ തിന്നുന്ന പുഴുക്കളെപ്പോലല്ല. ഞങ്ങളുടെ ആപ്പിൾ മരത്തിന്റെ ഇലകൾ തിന്ന്
തിന്ന് ഛർദ്ദിക്കുന്ന അവയുടെ നൂലുകൾക്ക് മൃദുത്വം കൂടും. അവ ചാവുന്നുമില്ല.
ഈ കാണുന്ന പൂമ്പാറ്റയാവം അതൊരു പക്ഷെ... ഇതു പോലുള്ള പൂക്കളുടെ നിറങ്ങളും. വെറും ആയിരത്തഞ്ഞൂറ് രൂപ തന്നാൽ മതി'
പതുപതുത്ത മിനുസത്തിൽ പൂണ്ട് മദിക്കുന്ന വിരലുകളെ മനസാ ശാസിച്ച് ഞാനെന്റെ ഭാണ്ഡം അയാൾക്ക് മുന്നിലേക്കൊന്നു കൂടി നീക്കി നിരക്കുന്നു.
ചൂടുവസ്ത്രങ്ങൾ ആവശ്യമില്ലാത്തിടമെന്ന് കേരളത്തെ തുറന്നു നീട്ടുന്നു.  ഷർട്ടുപോലുമിടാതെ ഒറ്റത്തോർത്തിൽ നടക്കുന്ന പുരുഷന്മാരെ അസൂയയോടെ  വരച്ചുകാട്ടുന്നു. ഡൽഹിയിലെ തണുപ്പിൽ വാങ്ങിക്കൂട്ടിയവയൊക്കെ ആർക്കും വേണ്ടാതെ പൊടിപിടിച്ചെന്ന് വെറുതെ വേവലാതിപ്പെടുന്നു.
'എന്നാലും ബഹ് ന നിങ്ങൾ വരുമെന്ന ആശയിൽ നിങ്ങൾക്കായി തണുത്തുറഞ്ഞ  വിരലുകൾ കൊണ്ട് നെയ്തെടുത്തതാണ്. സങ്കടപ്പെടുത്തരുത് . ഈ റോസക്കിടയിലും നിങ്ങളെ തിരഞ്ഞ് ഞാനിവിടെ ... എന്റെ സഹോദരി വെറും ആയിരം മാത്രം തന്നാൽ മതി'
ഇനിയുമയാൾ വില കുറച്ചാൽ ആവശ്യമില്ലാത്ത ഒന്ന് ഞാൻ വെറുതെ വാങ്ങിപ്പോവുമോയെന്ന് എനിക്കെന്നെത്തനെ അവിശ്വാസം തോന്നി.
' ലേക്കിൻ ഭയ്യാ, ആപ്പ് ഗലത്ത് ബഹ് നാ പെ അപ് നാ ടൈം ബർബാദ് കർ രാഹാ ഹെ '
'ഗലത്ത് ബഹ് ന '
അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ചിരി കേട്ടു തിരിഞ്ഞു നിന്ന പോലീസുകാരനോട് 'ജയ് രാം ജീ കീ ' എന്നുറക്കെ ആശംസിച്ചു.
'ഹമ് സബ് ഭാരത് വാസീ ഹേ' എന്നയാൾ ഗൗരവത്തോടെ പറഞ്ഞപ്പോഴാണ്  എന്റെ മുഖത്തെ അവിശ്വസനീയത അയാൾക്ക് എത്ര കണ്ട് അരോചകമായിരിക്കുമെന്ന് മനസ്സിലായത്. ഒരു ഭാരതീയനാണ് എന്ന് അടിവരയിട്ടുറപ്പിക്കാൻ ഒരാൾക്ക്  കടന്നുപോവേണ്ടി വരുന്ന കടും കെട്ടുകളെക്കുറിച്ചായിരുന്നു ഞാനപ്പോൾ ചിന്തിച്ചു കൊണ്ടിരുന്നത്.
ഇനി കാണില്ലെന്നറിഞ്ഞിട്ടും അയാൾ പോകുമ്പോൾ പറയുന്നു
'ഫിർ മിൽത്തേ ബഹ് നാ'
കവിതയായില്ലല്ലോയെന്നാണോ? വൃത്തത്തിൽ വാക്കുകൾ ഉരുട്ടാനാവാത്തത്ര കൂർത്തതും ഉപമയും ഉൽപ്രേക്ഷയും ചേർത്ത് അലങ്കാരപ്പെടുത്താനാവാത്തതും ആയ ഒന്നിനെ കവിതയിലെഴുതാൻ ശ്രമിക്കുന്നതെ വിഡ്ഢിത്തം.
എന്നാലിത് കഥയുമല്ലെന്നോ! അവസാനിപ്പിക്കാനാവാതെ തുടർന്നുകൊണ്ടിരിക്കുന്ന ഒന്നിൽ പരിണാമഗുപ്തി എവിടെ വരുത്തും? പരിണാമഗുപ്തിയനുഭവപ്പെടാത്ത ഒന്നിനെ കഥയെന്നെങ്ങിനെ അടയാളപ്പെടുത്തുന്നു!

വെള്ളിയാഴ്‌ച, ജൂലൈ 06, 2018

ഡൽ താടകത്തിലൊരു ദിവസം.


ഇത്തവണ ഡൽഹിക്ക് പോയത് ഓപ്പൺ ടിക്കറ്റിലായിക്കുന്നതിനാൽ ഇടയിലെ വലിഞ്ഞു നീണ്ടേക്കാവുന്ന സമയം എവിടെയെങ്കിലുമൊരു യാത്രയാവാം എന്ന് നാട്ടിൽ വെച്ചു തന്നെ ഉറപ്പിച്ചിരുന്നു. എവിടെ പോകണം എന്നതിന്ന് കാഷ്മീർ എന്ന ഒരുത്തരമായിരുന്നു രണ്ടു പേർക്കും. സാധാരണ പോലെ പിന്നെ ആദ്യം ചെക്ക് ചെയ്തത് മെമ്പറായ ക്ലബ് മഹീന്ദ്രയുടെ റിസോർട്ട്സിൽ മുറികൾ ലഭ്യമാണോയെന്നാണ്. ചില ഇല്ലായ്മകൾ നല്ലതാണ് എന്ന പോലെ അടുത്ത ‘ ഓപ്ഷനായി നോക്കിയത് ‘മേക്ക് മൈ ട്രിപ്പ്’ എന്ന ടൂർ ഓപ്പറേറ്റേഴ്സിന്റെ ട്രാവൽ പ്ലാൻസാണ്. അവർ അയച്ചു തന്ന ഐററിനറികളിൽ നിന്നും മാക്സിമം സ്ഥലങ്ങൾ കവർ ചെയ്യുന്നതും എക്കണോമിക്കലുമായ ഒന്ന് സെലക്ട് ചെയ്തു.

ഡൽഹിയിലെത്തി അടുത്ത തിങ്കളാഴ്ച ഒന്നര മണിക്കൂർ നേരത്തെ പറക്കലിനു ശേഷം ശ്രീനഗറിൽ ലാന്റ് ചെയ്തപ്പോൾ പുറത്ത് 'മേക്ക് മെെ ട്രിപ്പി'ൽ നിന്നും ഗൈഡായ മഖ്ബൂലും ഡ്രൈവറായ സാജിത്തും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും മൂന്നു ഫാമിലികൾ കൂടി ഞങ്ങളുടെ കൂടെ കൂടി. ചെന്നെയിൽ നിന്നും ഒരമ്മയും മകളും, ബാഗ്ലൂരിൽ നിന്നും ഹൈദ്രബാദിൽ നിന്നുമായി രണ്ടു കുടുംബങ്ങളും. ഇനിയുള്ള ഏഴു ദിവസങ്ങൾ ഇവരുടെ കൂടെയാണോ എന്നത് അവരെ വെറുതെയൊന്ന് ശ്രദ്ധിക്കാൻ കാരണമായി. എല്ലാവരെയും കയറ്റിയ വാഹനം ഡൽലേക്ക് ലക്ഷ്യമാക്കി ശ്രീനഗർ നഗരത്തിലൂടെ യാത്ര തുടങ്ങി. അന്നത്തെ ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത് ഒരു ഹൗസ് ബോട്ടിലായിരുന്നു. വഴികളിലെല്ലാം വളരെ സ്വാഭാവികതയോടെ നീങ്ങുന്ന തദ്ദേശവാസികൾ. രണ്ടു ദിവസം മുൻപ് നടന്ന കല്ലേറും കലാപവും തമിഴ് സഞ്ചാരിയുടെ മരണവും കാരണം ഈ യാത്ര മാറ്റിവെയ്ക്കാൻ പ്രിയപ്പെട്ട പലരിൽ നിന്നും നിർദ്ദേശങ്ങൾ വന്നിരുന്നു. ഒരു പാട് ബുദ്ധിമുട്ടിയാണ് പോവുകതന്നെയെന്ന തീരുമാനത്തിൽ ഉറച്ചു നിന്നത്. അത്തരമൊരു സംഘർഷത്തിന്റെ ലാഞ്ഛന ഇവിടത്തെ നിരത്തുകളിൽ വായിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സുലഭമായി കണ്ട ചെക്ക് പോസ്റ്റുകളും പട്ടാള വാഹനങ്ങളും തോക്കേന്തിയ പട്ടാളക്കാരും തെല്ലൊന്നു ഭയപ്പെടുത്താതിരുന്നില്ല.

 1980 കളുടെ അവസാനത്തിൽ കാഷ്മീർ സ്വതന്ത്ര വാദികളുടെയും പാക്കിസ്ഥാൻ അനുകൂല തീവ്രവാദികളുടെയും ശക്തമായ പിടിയിലായി. താഴ്വരയിലുണ്ടായിരുന്ന ഹിന്ദുക്കൾക്ക് അതോടെ പാലായനം ചെയ്യേണ്ടി വന്നു. ഇതിനെ തുടർന്ന് തീവ്രവാദികളുമായി ഇടപെടാൻ കൂടുതൽ പട്ടാളം കാഷ്മീരിൽ വിന്യസിപ്പിക്കപ്പെട്ടു. ഇന്ന് അത് ജനങ്ങളുടെ സുരക്ഷക്ക് അനിവാര്യമെന്ന നിലയിലേക്ക് വളരുകയും ശതകോടി രൂപയുടെ ഭാരിച്ച ചിലവ് ഇതിനായി പൊതുമുതലിൽ നിന്നും ചിലവായിക്കൊണ്ടിരിക്കയുമാണ്. പക്ഷെ അവിടത്തുകാർ അവരുടെ ദൈനംദിന ജീവതത്തിലുള്ള പട്ടാളത്തിന്റെ ഈ ഇടപെടലിൽ ഒട്ടും സന്തുഷ്ടരല്ല.

സമ്മർ ആയതിനാൽ മറ്റേതൊരു പട്ടണം പോലെ തന്നെ സാധാരണമായി തോന്നിച്ചെങ്കിലും വഴിയിലുടനീളം കണ്ട കടുംനിറങ്ങളിലുള്ള പൂക്കൾ പ്രത്യേകിച്ചു പലനിറത്തിലുള്ള റോസാ പൂക്കൾ ഇത് കാഷ്മീരാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ റോഡിന് ഇരുവശവുമായി പടർന്നു പന്തലിച്ചു വളർന്ന ചീനാർ മരങ്ങൾ കാഷ്മീരിനു മാത്രം സ്വന്തമാണല്ലൊ. ഇടയിലെപ്പൊഴോ മുറിച്ചുകടന്ന പുഴയാണ് ഝലം എന്ന അറിവ് ഏതോ ഒരു സാമൂഹ്യപാഠക്ലാസ്സി കുഞ്ഞനൊരോർമ്മയിൽ കൊണ്ടിരുത്തി. സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ സിന്ധു നദിയുടെ പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായിട്ടാണ് ശ്രീനഗർ എന്ന കാഷ്മീരിന്റെ വേനൽ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്. കാര്യമായ വരുമാന മാർഗ്ഗം ടൂറിസം തന്നെയാണ്. അതു കൊണ്ടു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അവരിൽ നിന്നും വളരെ സ്നേഹവും കരുതലും നിറഞ്ഞ പെരുമാറ്റമാണ് അനുഭവപ്പെടാറ് .

ദൂരെ നിന്നും ഡൽ തടാകം കണ്ടു തുടങ്ങിയിരുന്നു. ശിക്കാരയെന്നു പറയുന്ന കുഞ്ഞു തോണി കളുടെ പല നിറങ്ങളിലുള്ള മേൽക്കൂരയാണ് ആദ്യം തെളിയുന്നത്. നമ്മൾ ഡാൽ എന്നു പറയുമെങ്കിലും ഡൽ എന്നതാണ് ശരിയായ ഉച്ചാരണം. ഡൽ എന്നാൽ കഷ്മീരിയിൽ തടാകം എന്നു തന്നെയാണ് അർത്ഥം. 19 - 2 2 KM ചുറ്റളവിൽ പരന്നു കിടക്കുന്ന ഡൽ മീൻ വളർത്തൽ, വെള്ളത്തിൽ വളരുന്ന പൂക്കൾ പച്ചക്കറികൾ തുടങ്ങിയവയുടെ കൃഷി, ടൂറിസം തുടങ്ങിയവയാൽ സമ്പന്നമാണ്. വഴി ചെന്നെത്തുന്നത് ശിക്കാരകൾ നിരന്നു കിടക്കുന്ന ഘാട്ടുകൾക്കു മുന്നിലാണ്. മുൻപ് പറഞ്ഞ പോലെ അന്നത്തെ ഞങ്ങളുടെ താമസം ഹൗസ് ബോട്ടിലായിരുന്നു. പോകേണ്ട ഹൌസ് ബോട്ടുകളുടെ ലൊക്കേഷനുകളനുസരിച്ച് ഇറങ്ങേണ്ട ഘാട്ടുകളും മാറുന്നു.


പതിനഞ്ചാം നമ്പർ ഘാട്ടിൽ നിന്നായിരുന്നു ഞങ്ങൾക്ക് പോവേണ്ട റോയൽ പാലസ്സ് എന്ന ഹൗസ് ബോട്ടിലേക്കുള്ള ശിക്കാരയിൽ കയറേണ്ടത്. വണ്ടിയിൽ കൂടെയുണ്ടായിരുന്നവർ അതിനു മുമ്പത്തെ ഘാട്ടിൽ ഇറങ്ങിയിരുന്നു. തടാകത്തിന്റെ ഈ കരയിൽ ശിക്കാരകളെന്ന സർവ്വീസ് ബോട്ടുകളും മറുകരയിൽ പല രൂപത്തിലും വലുപ്പത്തിലുമുള്ള ഹൗസ് ബോട്ടുകളുമായിരുന്നു. ഓരോ ഹൗസ് ബോട്ടിനും സ്വന്തമായ ശിക്കാര സർവ്വീസുകളുണ്ട്. ചെറിയ ഇടത്തടാകവഴികളിലൂടെ ഒന്നിനു പുറകെ ഒന്നെന്ന് മറുഭാഗത്ത് നിന്നുള്ള ട്രാഫിക്കിന് വഴികൊടുത്ത് റോഡിലൂടെ വാഹനങ്ങളുടെ തിരക്കുപോലെ തന്നെ ശിക്കാരകൾ തുഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. പക്ഷെ റോഡിലെ പോലെയല്ല, അതിരുലംഘിച്ചെത്തുന്ന ശിക്കാരത്തമ്പുകൾ നമ്മുടെ തോണിയിലേക്ക് എത്തിനോക്കിയെന്നിരിക്കും, മൂക്കുമുട്ടിച്ചെന്നു വരും, നമ്മുടെ തോണിയെ ഉടലാകെയുഴിഞ്ഞ് പ്രണയിച്ചെന്നു വരും, വഴിയിലൂടെ താറാക്കൂട്ടം സിഗ്നൽ നോക്കാതെ മുറിച്ചു കടന്നെന്നു വരും . അതൊക്കെ യാത്രകളിലെ അധിക സന്തോഷങ്ങളാണ്.

 പരന്നു കിടക്കുന്ന ഡലിൽ ഇരുപുറവും സഞ്ചാരികൾക്കായി തുറന്നു വെച്ച് കാത്തിരിക്കുന്ന വഞ്ചിക്കടകൾ നിറഞ്ഞ വള്ളച്ചാലുകളിലൂടെ സഞ്ചരിച്ച് ഹൗസ് ബോട്ടുകൾ മാത്രമുള്ള ഒരു ഗലിയിലേയ്ക്ക് എത്തിച്ചേർന്നു. ഒരു മുഗൾകൊട്ടാരത്തിന്റെ കെട്ടും മട്ടുമുള്ളതു തന്നെയായിരുന്നു ഞങ്ങളുടെ റോയൽ പാലസ്. മരത്തിൽ നിറയെ കൊത്തുപണികൾ നിറഞ്ഞ എക്സ്റ്റീരിയറും ഇന്റീരിയറും പഴയ ഏതോ ഹിന്ദി സിനിമയിലേക്ക് കയറിപ്പോകുന്ന പ്രതീതിയുണ്ടാക്കി. പക്ഷെ തടാകത്തിലൂടെ ഒഴുകി നടക്കുന്ന ഒരു താരാട്ടു പോലെ ഓളം തുള്ളിത്തുളുമ്പുന്ന ഹൗസ് ബോട്ടെന്ന സങ്കൽപ്പത്തെ മുൻഭാഗം തടാകത്തിലേക്ക് തള്ളി നിൽക്കുന്ന ബോട്ടിന്റെ രൂപത്തിൽ മരത്തിൽ പണിത ഒരു കെട്ടിടമെന്ന് എന്നു തിരുത്തി വരക്കേണ്ടി വന്നു. 
ഉച്ചക്ക് മൂന്നു മണിയോടടുത്തതിനാൽ വിശന്നു തുടങ്ങിയിരുന്നു. യാത്രകളിൽ ഭക്ഷണം ലിമിറ്റ് ചെയ്ത് കഴിക്കണമെന്നതും, തദ്ദേശ ഭക്ഷണങ്ങൾ പരീക്ഷിക്കണമെന്നതിനാലും ട്രാവൽ പ്ലാനിൽ ഞങ്ങൾ പ്രാതൽ മാത്രമെ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നുള്ളു. സിറ്റിയിൽ നിന്നും ദൂരെയായതിനാൽ ഹൗസ് ബോട്ടുകളിൽ മുൻകൂട്ടി പ്ലാൻ ചെയ്യാത്ത ഒന്നും പോസിബിൾ ആയിരുന്നില്ല. തൽക്കാലം കെയർടേക്കറുടെ ഉത്സാഹത്തിൽ ഒരു തട്ടിക്കൂട്ടുസാന്റ്വിച്ചിൽ ലഞ്ച് കഴിഞ്ഞപ്പോഴുണ്ട് പുറത്ത് ചിലർ കാത്തു നിൽക്കുന്നു. കാഷ്മീരി വേഷത്തിലുള്ള ഫോട്ടോ സെഷൻ ,അല്ലറ ചില്ലറ വ്യാപരികൾ എന്നിങ്ങിനെ ടൂറിസ്റ്റുകളെക്കൊണ്ട് മാത്രം ജീവിതം നടത്തിക്കൊണ്ടു പോകുന്നവർ. ഡൽഹിയിൽ ഒരു പക്ഷെ ഇതേ വിലയ്ക്ക് കിട്ടിയേക്കാമെങ്കിലും അവരെ വിഷമിപ്പിക്കാൻ വയ്യ എന്ന തോന്നലിൽ ചിലതെല്ലാം വാങ്ങി.

  വെറുതെ ഹൗസ് ബോട്ടിൽ ഇരിക്കുന്നത് ബോറടിയാണ്. അര മണിക്കൂർ വിശ്രമിച്ച ശേഷം പുറത്തൊന്നു കറങ്ങി വരാമെന്നു കരുതി. ഇങ്ങോട്ടു വന്ന പോലെ തന്നെ അങ്ങോട്ടും ശിക്കാര തന്നെ ശരണം. വളരെ പ്ലസന്റായിട്ടുള്ള ആളുകൾ. പറഞ്ഞപ്പോഴെക്കും ശിക്കാരയും തുഴയനും റെഡി. ഘാട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ എങ്ങോട്ടു പോകണം,എങ്ങിനെ പോകണം എന്ന ആശങ്കയും ചാറിക്കൊണ്ടിരുന്ന മഴയും, പറഞ്ഞും വായിച്ചുമുള്ള മുൻവിധിയും തെക്കു വടക്കോടുന്ന പട്ടാളവണ്ടികളും തെല്ലൊരു ഭയം തോന്നിക്കാതിരുന്നില്ല. മറൈൻഡ്രൈവു പോലെ തടാകത്തിനരികിൽ നീണ്ടു കിടക്കുന്ന വഴിയിലൂടെ കുറെ ദൂരം നടന്നു. തടാകം നീളെ നിറങ്ങൾ തെന്നിനീങ്ങുമ്പോലെ ശിക്കാരത്തലപ്പുകൾ. ഒരു പത്തു നൂറെണ്ണം ഘാട്ടുകളിൽ കരക്കടുപ്പിച്ചിട്ടിരിക്കുന്നു. ഇവയെല്ലാം നിറയാൻ മാത്രം സഞ്ചാരികൾ എന്നെങ്കിലും ഉണ്ടായിരുന്നിരിക്കുമോ എന്നായിരുന്നു അപ്പോൾ അത്ഭുതപ്പെട്ടത്. ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ ഒന്ന് ഓർത്തുനോക്കു. വളരെ പരിതാപകരം തന്നെ. കുറച്ചു നേരം നടന്നപ്പോൾ നഗരം ഒന്നുവെറുതെ ചുറ്റിക്കറങ്ങിയാലോ എന്നൊരു തോന്നൽ. ശ്രീനഗർ സിറ്റി ടൂർ, പ്ലാൻ പ്രകാരം അവസാനത്തെ രണ്ടു ദിവസമായിരുന്നു. ഓട്ടോക്കാർ പ്രതീക്ഷയോടെ ഹോണടിച്ച് പൊയ്ക്കൊണ്ടിരുന്നു. രാത്രിയിലേക്കുള്ള ഭക്ഷണവും സംഘടിപ്പിക്കണമായിരുന്നു. അങ്ങിനെ ഒരു ഓട്ടോയിൽ കയറി. അയാൾ നൂറു രൂപക്ക് നഗരം ചുറ്റിക്കറക്കി തിരിച്ചെത്തിക്കാമെന്നു പറഞ്ഞു. എല്ലാ നഗരവും പോലൊരു നഗരമെന്നല്ലാതൊന്നും തോന്നിയില്ല. അയാൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.. "നിങ്ങളാണ് ഞങ്ങളുടെ അന്നം. നിങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഞങ്ങളുടെ ജീവിതം. അങ്ങിനെയുള്ള നിങ്ങൾക്ക് ഒരു വിധത്തിലുമുള്ള പ്രശ്നമുണ്ടാവാൻ ഞങ്ങൾ സമ്മതിക്കില്ല” എന്നൊക്കെയെന്നൊക്കെ. ഇതൊക്കെത്തന്നെയാണ് ഹൗസ് ബോട്ടിലെ കെയർടേക്കറും ശിക്കാരയുടെ തുഴയനും കച്ചവടത്തിനു വന്നവരും പല തരത്തിൽ മാറി മാറിപ്പറഞ്ഞതും. പക്ഷെ എല്ലാവരും പറഞ്ഞതൊന്നുമാത്രം. കാഷ്മീർ സപ്പറേറ്റിസ്റ്റ് നേതാവായ ഗീലാനിയുടെ ആസ്ഥാനം ആയ ലാൽ ചൗക്ക് ഒഴിവാക്കുക. ഓട്ടോക്കാരൻ നഗരത്തിന്റെ പ്രധാന വഴികളിലൂടെയെല്ലാം ചുറ്റിക്കറങ്ങി ഞങ്ങളുടെ പ്രധാന ലക്ഷ്യമായ വൃത്തിയുള്ളതും കഴിച്ചാൽ വയറു കേടുവരാത്തതും എന്നാൽ തദ്ദേശീയമായതുമായ ഒരു ഭക്ഷണശാലയിൽ നിന്നൊരു പാക്ക്ഡ് ഡിന്നർ തിരഞ്ഞ് നിറയെ തന്തൂരാദിദാഭകളുള്ള ചെറിയ ഗലികളിലേക്ക് നീങ്ങി. പക്ഷെ വിശപ്പിന്റെ വിളി വരാത്തതു കൊണ്ടാവാം ഒന്നുമങ്ങ് മനസ്സിൽ പിടിയ്ക്കുന്നുണ്ടായിരുന്നില്ല. തിരിച്ച് ഘാട്ടിലേക്ക് പോകുന്ന വഴി ഒരു ബേക്കറിയിൽ നിന്നും ആൽമണ്ട് കേക്കും ക്രോയ്സൻറ്സും പാക്ക് ചെയ്തു വാങ്ങി. ഹൗസ് ബോട്ടിലേയ്ക്ക് വിളിച്ചതും ശിക്കാരറെഡി. 


തിരിച്ചുള്ള ശിക്കാരയാത്രയിൽ അല്പം കറങ്ങാനുള്ള മൂഡുണ്ടെങ്കിൽ ആവാമെന്ന് തുഴയൻ. ഹൗസ് ബോട്ടിൽ പെട്ടന്ന് തിരിച്ചെത്തിയിട്ടും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പരന്നു കിടക്കുന്ന ഡ’ലിലൂടെ ഇരുൾ പൂക്കും നേരം ചാരിക്കിടന്നൊരു യാത്ര. ഒരു ഡ്യുയറ്റൊക്കെ പാടിപ്പോകുന്ന അവസ്ഥ. മർസാർ തടാകത്തിൽ നിന്നും തെൽബൽ നല്ല വഴിയെത്തി നിറയുന്ന ജലം തടാകം കവിയുമ്പോൾ രണ്ടു റഗുലേറ്ററുകൾ വഴിതിരിച്ചുവിടുമാത്രെ. അതിരുകളിൽ തലയുയർത്തി നിൽക്കുന്ന കുഞ്ഞുമലകൾ. അതിനു പുറകിലായി എല്ലാം കാത്തു കൊണ്ട് തല നരച്ച മുതുക്കൻ പീർ പഞ്ചാൽ മലനിരകൾ. മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ കാലത്തു നിർമ്മിച്ച മനോഹരമായ മുഗൾ ഗാർഡനുകളായ നിശാന്ത് ബാഗ്, ഷാലിമാർ ബാഗ്, ചശ്മെ ശാഹി എന്നിവ ഡലിന്റെ ചുറ്റിപ്പോകുന്ന 15 കി.മി പാതയരുലായി ഇപ്പോഴും അതിന്റെ പ്രതാപം നിലനിർത്തിപ്പോരുന്നു. ചിലയിടങ്ങളിൽ ആറുമീറ്റർ വരെ ആഴമുള്ള തടാകത്തിലെ വെള്ളം വൃത്തിയുള്ളതായിരുന്നു. അതിന്റെ പ്രധാന കാരണം ചിലപ്പോൾ മോട്ടോർ ബോട്ടുകൾ അപൂർവ്വമായി ഒന്നാ രണ്ടോ മാത്രമെ കണ്ടുള്ളു എന്നതാവാം. ഒഴുകി നടക്കുന്ന താമര വള്ളികൾ (ഫ്ലോട്ടിംഗ് ഗാർഡൻ ) മറ്റൊരു കൗതുകമാണ്. ഇന്നൊരിടത്ത് കണ്ടെന്നു കരുതി നാളെ അവിടെത്തന്നെ ഉണ്ടായിരിക്കില്ലെന്നതാണ് അതിന്റെ രസം. ജൂലായ് ഓഗസ്റ്റ് ആണത്രെ താമരകൾ പൂക്കും കാലം. ചില തണുപ്പുകാലത്ത് - 16 വരെ താഴുന്ന ജലോഷമാവിൽ തടാകം ഉറഞ്ഞു പോകുമത്രെ. ഒന്നിനു പുറകെ ഒന്നായി ഞങ്ങളുടെ ശിക്കാരയെ വന്നു കൗണ്ടർ ചെയ്ത കച്ചവട വഞ്ചികളായിരുന്നു മറ്റൊരു കൗതുകം . വെള്ളിയും, ജർമ്മൻ സിൽവറുമൊക്കെയായി ആഭരണങ്ങളും മരത്തിൽ കൊത്തിയുണ്ടാക്കിയതും പൾപ്പ് കൊണ്ടുണ്ടാക്കിയതുമായ കാഴ്ചവസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ അങ്ങിനെ പലതും അരികിലൂടെ കടന്നുപ്പോയി. അവസാനം ഒരു തിക്കാ വാലയിൽ നിന്നും വാങ്ങിയ മട്ടൺ കബാബുമായി തിരിച്ച് ഹൗസ് ബോട്ടിലേക്ക് മടങ്ങി. 

കെയർടേക്കർ ചൂടാക്കിത്തന്ന ഭക്ഷണം കഴിച്ച് കിടക്കും മുമ്പെ ഫ്ലോട്ടിംഗ് മാർക്കറ്റിനെപ്പറ്റി കെയർടേക്കറോട് ചോദിച്ചെങ്കിലും വലിയ താൽപര്യമില്ലായ്മ കാണിച്ചതും തണുപ്പിലേക്കുറക്കം മാറ്റി വെച്ച് പോകാനുള്ള സ്വതസിദ്ധമായ മടിയും കാരണം രാവിലെ ഉണർന്നപ്പോൾ സൂര്യനുദിച്ചിരുന്നു. കണ്ണു തിരുമ്മി ചെന്നപ്പോൾ നിറയെ പക്ഷികളുടെ ബഹളം. ചാഞ്ഞവെയിൽത്തളിരുകൾ തടാകത്തെ തൊട്ടു വിളിക്കുന്നു. അകലെ മലമുത്തശ്ശന്മാർ പതുക്കെ പുതപ്പു നീക്കിയുണരുന്നു. അതോ മടിച്ച് പുതപ്പ് മേലേക്ക് വലിച്ചിടുന്നവരുമുണ്ടോ! എന്തായാലും ആകെക്കൂടെനല്ല ഭംഗി. അങ്ങിനെ നോക്കിയിരിക്കുമ്പോഴുണ്ട് ഒരു വള്ളം പൂക്കൾ തുഴഞ്ഞു വരുന്നു. ക്രിസാന്തമവും ലില്ലിയും ജെർബറയും ഡാഫോഡൈലും ആമ്പലും താമരയും പിന്നെ പേരറിയാത്ത പലതും കുഞ്ഞുവള്ളം നിറയെ ഒന്നിനു പുറകെ ഒന്നെന്ന് തേടിയെത്തുന്നു . പോരാത്തതിന് വിത്തുകളും . തടാകക്കരയിലെ വീടുകളിൽ നിന്നും കുട്ടികളെ സ്കൂളിൽ വിടാനും മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാനുമായി കളിയോടങ്ങൾ പോലുള്ള കുഞ്ഞു വള്ളങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തുഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു. വള്ളച്ചാലിൽ പുലർച്ചെ .ത്തന്നെ നല്ല ട്രാഫിക്ക്. എട്ടു മണിക്ക് മുന്നെ ഗുൽമാർഗിലേക്കുള്ള അടുത്ത യാത്രക്കായി ഒരുങ്ങണമെന്ന അലാം കാൾ വന്നപ്പോൾ തിരിച്ചു മുറിയിൽ കേറി. എട്ടു മണിക്ക് പ്രാതൽ കഴിഞ്ഞ് വീണ്ടും ഒരു ശിക്കാരയാത്ര കൂടി. ഘാട്ടിന്നു പുറത്ത് സാജിതും മഖ്ബൂലും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

വുഡ്പ്പെക്കർ ന്യൂസിനു വേണ്ടി എഴുതിയത്
http://www.woodpeckernews.com/news.php?news_cat_id=9&news_id=4300