ഞായറാഴ്‌ച, ജൂൺ 07, 2015

ഇങ്ങിനെയൊന്നിനെ വെറുതെ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍........

 

രാവിലത്തെ ചായയുമായി അന്നത്തെ പത്രം തിരഞ്ഞു അയാള്‍ സിറ്റൌട്ടിലേക്ക് നടന്നു. ഒരുതുണ്ട് മഴക്കാറുപോലുമില്ലാതെ മീനമാസപ്പുലരിപോലെ ചിരിച്ചുലഞ്ഞു നില്ക്കുുന്ന ജൂണ്‍ ഒന്ന്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. കഴിഞ്ഞ രണ്ടുമാസമായി പത്തുമണിവരെ നിര്‍ബ്ബാധം കയറിപ്പാര്‍ത്തിരുന്ന കണ്‍കളില്‍ നിന്നും ഇറങ്ങിപ്പോകാന്‍ മടിക്കുന്ന ഉറക്കത്തെ കുടിയിറക്കാന്‍ പാടുപെടുന്ന മകന്‍റെ മടിയില്‍ നിന്നും അയാള്‍ പത്രമെടുത്ത് നിവര്‍ത്തി . പ്രവേശനോത്സവങ്ങള്‍ തന്നെ എല്ലാ പേജിലും.

പത്രമൊന്നോടിച്ചുനോക്കി ഇന്നത്തെ വിദ്യാഭ്യാസകച്ചവടതന്ത്രങ്ങളെ അന്നത്തെ ചിന്താവിഷയമായി തിരഞ്ഞെടുത്ത് അയാള്‍ കുളിമുറിയിലേക്ക് നടന്നു. അതിലും മുന്‍പേതന്നെ മകള്‍ കുളിമുറിയില്‍ കയറി വാതിലടച്ചിരിക്കുന്നു. വീടിന് പുറത്തായി വിശാലമായ ഒരു കക്കൂസും അതിലും വിശാലമായ ഒരു കുളിമുറിയും മോഹമായിരുന്നെങ്കിലും സ്ഥലപരിമിതിമൂലമാണ് രണ്ടിനേയും പിടിച്ച് ഒന്നില്‍ പ്രതിഷ്ഠിച്ചത്. ഓരോ മുറിയും ബാത്തറ്റാച്ച്ടാണെങ്കിലും  കാറ്റും വെളിച്ചവും ധാരാളമായി കടക്കുന്ന വീടിന് പുറത്തുള്ള  ഈ കുളിമുറിക്കായി എന്നും അടിപിടിയാണ്. അയാളാണങ്കില്‍ ജനലുകള്‍ കൂടി തുറന്നിട്ട്   അതിവിശാലമായിട്ടായിരുന്നു കാര്യപരിപാടികള്‍. അതിന്നുവേണ്ടി മാത്രമായിരുന്നു കേരളമാണ്, വല്ലോരും എത്തിനോക്കും,  ഒളിക്യാമറയുണ്ടാവും എന്നൊക്കെ അയാളുടെ ഭാര്യ എതിര്‍ത്തിട്ടും  പതിവുരീതികള്‍ വിട്ടു കുളിമുറിയ്ക്ക് വലിയ ജനാലകള്‍ വേണമെന്നയാള്‍ ശാഠ്യം പിടിച്ചത്. കുളമായ കുളശീലങ്ങളെന്ന്  അയാളുടെ ഭാര്യ ഇടക്കിടെ അയാളുടെ ഈ നാട്ടുശീലങ്ങളെ നീട്ടിവിളിച്ചു. അയാളാണെങ്കില്‍ അപ്പോഴൊക്കെ പൈപ്പ് തുറന്നിട്ട് അതിലൂടെ ഒഴുകിനിറയുന്ന   തോടിനോടൊപ്പം അവള്‍ക്കായി പ്രണയഗാനങ്ങള്‍ പാടി. തുറന്നിട്ട ജനാലയില്‍ക്കൂടെ വന്നു  പുണരുന്ന കാറ്റിനോട് കിന്നരിച്ചു. എത്തിനോക്കുന്ന സൂര്യനെ നോക്കി തെറിവിളിച്ചു.

പെട്ടന്നയാള്‍ക്ക്  അമ്മയെ ഓര്‍മ്മവന്നു. അമ്മയുടെ മുറിയിലേക്ക് നടക്കുമ്പോള്‍ അടുക്കളയില്‍ കുക്കറിനേക്കാളുച്ചത്തില്‍ ഭാര്യയുടെ പ്രഷര്‍ ചീറ്റിത്തെറിക്കുന്നതുകേട്ട് അയാളൊന്നെത്തിനോക്കി. അമ്മ വാതില്‍ പാതിമറഞ്ഞ് തെറ്റുചെയ്ത കുട്ടിയെപ്പോലെ നില്‍ക്കുന്നു.

“എന്തേ?” അയാള്‍ക്കമ്മയോട് പാവം തോന്നി.

“ഒന്നുല്ല്യ....” അമ്മ മുറിക്കകത്തേക്ക് കയറിപ്പോയി.

“ഇന്നിപ്പോ എല്ലാം കൂടി നിന്നുതിരിയാന്‍ സമയംല്ല്യ .അതിനെടേലാണ് അമ്മേടെ കളി. പിന്നെ കുളിച്ചാമതീന്നു പറഞ്ഞാ കേക്കണ്ടേ... ന്നാപ്പിന്നെ അമ്മേടെ കുളിമുറീല്‍ കുളിച്ചോളൂന്ന് ചൂടുവെള്ളം കൊണ്ട്വെച്ചപ്പോ സമ്മതിക്കണ്ടേ. അതെങ്ങിന്യാ  ആ കുളിമുറ്യല്ലേ വയ്ക്കൂ എല്ലാര്ക്കും... ചെക്കനെ ഒരുവിധം മോളിലെ കുളിമുറീലെയ്ക്ക് പറഞ്ഞയച്ചു.”

“നീ അമ്മേടെ കാര്യം നോക്കിക്കോ... അടുക്കളേലിന്ന് ഞാന്‍ നോക്കാം.” അയാള്‍ക്ക്  ഭാര്യയോട് പെട്ടന്ന് വല്ലാത്ത സ്നേഹം തോന്നി. അമ്മയുടെ വാശികള്‍ക്കി ടയില്‍പ്പെട്ട് നട്ടംതിരിയുന്ന ഭാര്യയെ കാണുമ്പോള്‍ അയാള്‍ക്കങ്ങിനെയാണ്..

“കുട്ട്യോളോട് കണ്ണുരുട്ടീട്ടെങ്കിലും ജയിച്ചു നില്ക്കാം  ഇത്പ്പോ....”

ഒന്നടുപ്പിച്ചുനിര്‍ത്താന്‍ അയാളുടെ കൈകള്‍ നീണ്ടു. ഒഴിഞ്ഞുമാറുമ്പോള്‍ ഭാര്യയുടെ ദ്വേഷ്യംകൊണ്ട് ചുമന്ന മുഖത്ത് പടര്‍ന്ന ചിരിയ്ക്കു വല്ലാത്തൊരു ഭംഗിതോന്നി.

എല്ലാം കഴിഞ്ഞ് അയാള്‍ കുളിച്ചു വന്നപ്പോള്‍ കുട്ടികളും അമ്മയും പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കയായിരുന്നു. ആദ്യത്തെ ദിവസം തന്നെ വൈകിക്കരുതെന്നും ഇന്ന് ബസ്സ് മിസ്സായാല്‍ പിന്നെ എന്നും മിസ്സാവുമെന്നുമൊക്കെ അയാളുടെ ഭാര്യ ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ വീടുകളിലും തെറ്റാതെ നീന്തിയെത്തുന്ന ചില വാചകങ്ങളെ ചൂണ്ടയിട്ട് പിടിച്ച് ചൂടോടെ കുട്ടികള്‍ക്കായി വിളമ്പിക്കൊണ്ടിരുന്നു.

അയാള്‍ കുട്ടികള്‍ക്കൊപ്പം വന്നിരുന്നു. അമ്മ സാധാരണ പതിവുള്ള വീട്ടുവേഷത്തിലല്ലെന്ന് അയാള്‍ ശ്രദ്ധിച്ചു. കോടി കടുംപച്ച പുളിയിലക്കര സെറ്റുമുണ്ടില്‍ അമ്മ  പ്രൌഢയായ പോലെ. ചീകി തുമ്പുകെട്ടിയ  അമ്മയുടെ മുടിയിലിനി നരയ്ക്കാന്‍ ഒട്ടും ബാക്കിയില്ലെന്നയാള്‍ സങ്കടത്തോടെ ഓര്‍ത്തു. അയാളുടെ ഭാര്യയും ഇതൊക്കെത്തന്നെയാവും ചിന്തിക്കുന്നതെന്ന് മുഖഭാവം കൊണ്ട് തോന്നിപ്പിച്ചു.

പ്ലേറ്റില്‍ നിന്നും മുഖമുയര്‍ത്തി വളരെ സ്വാഭാവികതയോടെ   അയാളെനോക്കി “ഏട്ടാ” എന്നു വിളിച്ചപ്പോള്‍ എല്ലാവരുടെയും നോട്ടം അമ്മയില്‍ വന്നു മുട്ടിനിന്നു. കുട്ടികളുടെ മുഖത്ത് ഇപ്പോള്‍ പൊട്ടുമെന്നപോലൊരു ചിരി നിറഞ്ഞു. പന്തിയല്ലെന്ന് തിരിച്ചറിഞ്ഞാവണം തിരക്കുള്ളപോലെയവര്‍ കഴിച്ചെഴുന്നേറ്റു.

“ഏട്ടാ” കുറച്ചുനേരത്തിന് ശേഷം അമ്മ വീണ്ടും വിളിച്ചു. “ എന്നേ സ്ക്കൂളില്‍ വിടണംട്ടോ...”  എന്തോ പറയാന്‍ വന്ന അയാളുടെ ഭാര്യയെ അയാള്‍ കണ്ണുകൊണ്ടു വിലക്കി. ഒരു മലവെള്ളപ്പാച്ചില്‍പോലെ ഓടിയിറങ്ങിവന്ന കുട്ടികള്‍ അയാളുടെ ഭാര്യയെയും ഒഴുക്കിലേക്ക് വലിച്ചിട്ട് പാഞ്ഞു. സ്ക്കൂള്‍ബസ് വന്നിരിക്കണം.

“ഏട്ടന്‍ പോകുന്ന വഴിക്കെന്നെ സ്ക്കൂളില്‍ ഇറക്കിത്തന്നാമതി...” അമ്മ വീണ്ടും പറഞ്ഞു.
അയാള്‍ക്ക്  പെട്ടന്ന് അമ്മാമേ കാണാന്‍ കൊതിതോന്നി. ആ ചുമലിലിരുന്ന് ലോകം കാണാന്‍, കഥകള്‍ കേള്‍ക്കാന്‍, വേതാളവും വിക്രമാദിത്യനും കളിയ്ക്കാന്‍.

 കുട്ടിയായിരുന്നപ്പോള്‍ അയാളെ മടിയിലിരുത്തി അമ്മ സ്ഥിരം പറഞ്ഞിരുന്നത് അപ്പോളയാള്‍ക്ക്  ഓര്‍മ്മവന്നു.
“ നെനക്ക് ഏട്ടന്‍റെ. തനിച്ഛായാണ്... ഇങ്ങിനേംണ്ടാവ്വോ! ആ കൂട്ടുപുരികോം, വല്യേ മൂക്കും, വിടര്‍ന്ന കണ്ണും ഒപ്പിവെച്ചപ്പോലെ...” അവര്‍തമ്മിലുള്ള സ്നേഹം ഏറ്റവുമധികം അനുഭവിച്ചറിഞ്ഞത് അയാളാണ്. വയ്യാഞ്ഞിട്ടാണോ അതൊ അമ്മയെ ഇങ്ങിനെ കാണാനുള്ള വിഷമം കൊണ്ടാണോ അമ്മാമയിപ്പോള്‍ വരാറില്ല.

അയാള്‍ പാന്‍റും ഷര്‍ട്ടുമിട്ടു മുറ്റത്തേക്കിറങ്ങിയപ്പോള്‍ അമ്മയും കൂടെ വന്നു. ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തപ്പോള്‍ അമ്മ അയാളുടെ ചുമലില്‍ പിടിച്ചുകൊണ്ടു പുറകില്‍ കയറിയിരുന്നു.
“അമ്മ മരുന്നൊന്നും കഴിച്ചില്ല...”  “തിരിച്ചു വന്നിട്ട് കൊടുക്കാം”  ഒരു നാടകം കാണുമ്പോലെ പകച്ചുനില്‍ക്കുന്ന ഭാര്യയെ അയാള്‍ വെറുമൊരു നോട്ടം കൊണ്ട് സമാധാനിപ്പിച്ചു. മരുന്ന് കഴിച്ചു മയങ്ങിക്കിടക്കുന്ന അമ്മയെ കാണുമ്പോള്‍ അയാള്‍ക്ക്  വല്ലാതെ കുറ്റബോധം തോന്നും.

വടക്കേച്ചിറകടന്ന് പാലസ് റോഡിലൂടെ അയാള്‍ പതുക്കെ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു. അമ്മക്ക് പരിചയമുള്ള വഴികളായിരുന്നു അതെല്ലാം. ഒന്നും മിണ്ടാതെയിരിക്കുന്ന അമ്മയുടെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ നോക്കിക്കാണാന്‍ അയാള്‍ക്ക്  കൊതിതോന്നി. പണ്ട് നടന്നിരുന്ന ഈ വഴികളൊക്കെ അമ്മ തിരിച്ചറിയുന്നുണ്ടാവുമോ എന്തോ. സെന്‍റ്മേരീസിലേക്ക് തിരിയുന്ന വഴിയും കടന്ന് പാര്‍മേക്കാവിന് മുന്നിലെത്തിയപ്പോള്‍ അമ്മ അയാളുടെ പുറത്തു പതുക്കെ തട്ടി.

“ നീയെന്താലോചിച്ചാണ് കുട്ടാ വണ്ടിയോടിക്കുന്നത്... അമ്പലമെത്തീലോ.. ഇവിടെ നിര്‍ത്തു..”

അയാള്‍ക്ക്  വല്ലാത്ത ആശ്വാസം തോന്നി. മനസ്സാകെ നിറഞ്ഞു മറച്ചിരുന്ന മൂടല്‍മഞ്ഞ് ഉടലാകേ പെയ്തു തണുപ്പിച്ചപ്പോലെ...

വണ്ടിയില്‍  നിന്നിറങ്ങി നടന്നുതുടങ്ങിയ അമ്മ എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിഞ്ഞു നിന്നു.
“പേഴ്സെടുക്കാന്‍ മറന്നൂലോ കുട്ടാ... ഇന്ന് നിന്‍റെ ഇടപ്പിറന്നാളാണേയ്.. എന്തെങ്കിലും ഒരു വഴിപാടു കഴിക്കാതെങ്ങിന്യാ....”

അയാള്‍ വാലറ്റ് മുഴുവനായും അമ്മയുടെ കയ്യില്‍ കൊടുത്തു. അഞ്ചും പത്തുമായി അമ്മ അതില്‍ നിന്നും ചികഞ്ഞെടുക്കുന്നത് അയാള്‍ കൌതുകത്തോടെ നോക്കിനിന്നു.

“ഇനി നീ പൊയ്ക്കോളൂ.. ബാങ്കില് നേരം വൈകണ്ടാ.. വീട്ടിലേക്ക് ഞാന്‍ ഓട്ടോ പിടിച്ച് പൊയ്ക്കോളാം.”

“അമ്മ നടക്കൂ.. അമ്പലത്തിലേക്ക് ഞാനും കൂടെ വരാം. അതുകഴിഞ്ഞ് നമുക്ക് പോയി അമ്മാമേം കാണാം.”

ബൈക്ക് പാര്‍ക്ക്  ചെയ്തു ഷര്‍ട്ടുമഴിച്ച് പുറകെ നടക്കുമ്പോള്‍ അയാള്‍ പണ്ട് അമ്മയുടെ വിരലില്‍ തൂങ്ങി നടന്നിരുന്ന കുട്ടനായി. എന്തിനെന്നറിയാതെ കരച്ചില്‍ വരുന്നുണ്ടായിരുന്നു അയാള്‍ക്ക്  . എത്ര പെട്ടന്നാണ് മേഘമിങ്ങിനെ കറുത്തിരുണ്ട് ആകാശം മൂടിയത്.. ഒരു മുന്നറിയിപ്പുമില്ലാതെ മീനം ഇടവത്തിലേയ്ക്കിങ്ങിനെ പരിഭാഷപ്പെടുന്നത്....

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

സ്നേഹക്കഥ
നല്ല കഥ

https://kaiyyop.blogspot.com/ പറഞ്ഞു...

നല്ല കഥ...ഇഷ്ട്ടപെട്ടു...ആശംസകള്‍

നളിനകുമാരി പറഞ്ഞു...

ഷര്‍ട്ടുമഴിച്ച് പുറകെ നടക്കുമ്പോള്‍ അയാള്‍ പണ്ട് അമ്മയുടെ വിരലില്‍ തൂങ്ങി നടന്നിരുന്ന കുട്ടനായി. എന്തിനെന്നറിയാതെ കരച്ചില്‍ വരുന്നുണ്ടായിരുന്നു അയാള്‍ക്ക്

enikkum......