പകലുപോലെപരിചിതമെങ്കിലും
പതിവുതെറ്റാത്ത ശീലമൊന്നാകണം
വരവുവെക്കണം വരവുകളെന്നാവാം
വഴിതടയുമ്പോള്‍ വാതിലില്‍ കാവലാള്‍
അപരിചിതനൊരാള്‍ പുറകിലുണ്ടാമെന്ന്
വെറുതെമെല്ലെ തിരിഞ്ഞു നോക്കുന്നു ഞാന്‍
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!
പണിമുടക്കാണ് ലിഫ്റ്റവന്‍ ചൊന്നതും
പടികള്‍ കയറിത്തുടങ്ങവേയുള്ളിലായ്
പതിയെബന്ധിച്ച ധൈര്യം മടിച്ചതോ
കുതറിമാറാന്‍ വെറുതെ ശ്രമിച്ചതോ
പകുതിയില്‍ വേച്ചുപോയോരുടല്‍താങ്ങി-
യൊരുകരതലം, ആരാണിതെന്നു ഞാന്‍
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!
കൂട്ടിരിപ്പിന്‍റെ ക്ഷീണമൊരു ഭാണ്ഡമായ്
തലയിലേറ്റി നടക്കയാലാവണം
പടികള്‍ കയറി മുകളിലെത്തെയുടല്‍
അരിയതാളുപോല്‍ വാടിത്തളര്‍ന്നുതും
പൂണ്ടടക്കംപിടിച്ചൊരാ കൈകളാല്‍
ചാരുബെഞ്ചിലിരുത്തിയതാരെന്ന്…….
മുടിയിലൂടെ തഴുകിയൊതുകിയെന്‍
കവളിലൂടെ ഒഴുകിയിറങ്ങിയ
തണുതണുത്തൊരു കാറ്റിന്‍ കരങ്ങളോ
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!
ഒരു കരച്ചിലിന്‍ കൂട്ടിലേക്കെന്നപോല്‍
വെള്ളരിപ്രാക്കള്‍ ചേക്കേറുമാ വാതില്‍
മുന്നിലാരെയോ തട്ടിയോ, വീഴവേ
വീഴൊലെന്ന് ചുമര്‍ചാരിനിര്‍ത്തിയോ
കണ്‍തുറന്നുഞാന്‍ മാപ്പെന്നു ചൊല്ലവേ
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!
പാതിമാത്രം തുറന്ന വാതില്‍പ്പുറെ
മൂടിടുന്നു തൂവസ്ത്രത്തിനാല്‍ മുഖം.
തൊട്ടുമുറിയില്‍ അച്ഛന്‍റെ കാല്‍ക്കലായ്
വിറയുമുളളം കിതപ്പാറ്റിടുമ്പോഴും
തീക്ഷ്ണമാമൊരു ശീതമുറയുന്നുവോ
ആ വിരല്‍ത്തുമ്പ് തൊട്ടിടത്തൊക്കെയും!
ആരതെന്നുഞാനോര്‍ക്കുന്നു പിന്നെയും
ആരുമില്ലയെന്‍ നേര്‍ത്ത നിഴല്‍ മാത്രം!