വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

അവന്‍ മാത്രമാണിപ്പോള്‍ .........


നിറങ്ങളെ കുളിക്കാന്‍ വിളിച്ചപ്പോഴാണ്
അവയെല്ലാം കടലുകാണാന്‍ പോയെന്ന്‍ .......

ശൂന്യമെന്ന് മനസ്സും!


കുടഞ്ഞുനോക്കിയപ്പോള്‍

തെറിച്ചുവീണതും

അവനുമിറങ്ങിനടന്നു.


കയ്യുപിന്നില്‍ കെട്ടി

കുനിഞ്ഞ മുതുകും ചുമന്ന്‍

എടുത്തുപിടിച്ച രോമങ്ങളുമായി

പുറകിലില്ലേ നീയെന്ന്

കണ്ണു കണ്ണില്‍ തട്ടാതെ

ചുമലിന് മുകളിലൂടെ നോക്കി.


അവന്‍ തന്നെയാണ്

ഓരോ വീടുകളിലും കയറിയിറങ്ങി

അമ്മമാരെ വിളിച്ചുണര്‍ത്തിയത്.

അവന്‍ മാത്രമാണിപ്പോള്‍

അവരുടെ കണ്ണുകളിലൂടെ

നമ്മിലേക്കെത്തിനോക്കുന്നത്.


തന്റെ കുഞ്ഞുങ്ങള്‍ക്കും

അവരുടെ കുഞ്ഞുങ്ങള്‍ക്കുമായി

കരുതിവെച്ച രണ്ടുതരി മണ്ണ്

വിഷലിപ്തമാവുമെന്ന


‘ഭയം’


അവന്‍ തന്നെയാണ്

അവരെ ഒന്നിപ്പിക്കുന്നത്.

പൊടിപ്പും തൊങ്ങലും ഏച്ചുകൂട്ടി

നിങ്ങള്‍ പിരിച്ചെടുത്ത

പഴകിയ ചരടുകള്‍

തപ്പിയെടുത്തവരെ

ചേര്‍ത്തു കെട്ടുമ്പോള്‍

അതെല്ലാം പൊട്ടിച്ചെറിഞ്ഞു

അവന്റെ കൈകളാല്‍

ചേര്‍ത്തു മുറുക്കുന്നുണ്ടവരെ

ഒരൊറ്റ ചങ്ങലക്കെട്ടെന്ന്.


ഓരോ അമ്മമാര്‍ക്കും

ചെര്‍ണൊബിലിലും

ഫുക്കുഷിമയിലും വിരിഞ്ഞ

കുറസോവയുടെ സ്വപ്നങ്ങള്‍

അവന്‍ കാഴ്ചവെക്കുന്നു. 
 
അവര്‍ അവന്‍റേത് മാത്രമാവുന്നു.


കുഞ്ഞ് കുഞ്ഞ് ഭയങ്ങളെ

ഒക്കത്തെടുത്ത അമ്മമാര്‍

ഒലിച്ചിറങ്ങിയൊരു കടലായി

വെന്തുതിളച്ച് ആകാശം നിറഞ്ഞ്

പെയ്തുനിറയുന്നുണ്ട്

ലോകത്തുള്ള അമ്മമാരിലെല്ലാം.

8 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

‘ഭയം’


അവന്‍ തന്നെയാണ്

അവരെ ഒന്നിപ്പിക്കുന്നത്......

പട്ടേപ്പാടം റാംജി പറഞ്ഞു...

കുഞ്ഞ് കുഞ്ഞ് ഭയങ്ങളെ
ഒക്കത്തെടുത്ത അമ്മമാര്‍
ഒലിച്ചിറങ്ങിയൊരു കടലായി
വെന്തുതിളച്ച് ആകാശം നിറഞ്ഞ്
പെയ്തുനിറയുന്നുണ്ട്
ലോകത്തുള്ള അമ്മമാരിലെല്ലാം.

ഭയം ആരവമായ്‌ കടലായി നിറയട്ടെ.
ഇഷ്ടായി.

ശ്രീനാഥന്‍ പറഞ്ഞു...

ഭയം ഇത്രയേറെ അമ്മമാരെ കടലിലെത്തിക്കുമെന്ന് അവർ കരുതിയിരിക്കില്ല.. നന്നായിട്ടുണ്ട് വരികൾ

ഉല്ലാസ് പറഞ്ഞു...

പ്രസന്നേച്ചീ,വളരെ ഇഷ്ടമായ കവിത.വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

മുകിൽ പറഞ്ഞു...

ഭയങ്ങളെ

ഒക്കത്തെടുത്ത അമ്മമാര്‍

ഒലിച്ചിറങ്ങിയൊരു കടലായി

വെന്തുതിളച്ച് ആകാശം നിറഞ്ഞ്

പെയ്തുനിറയുന്നുണ്ട്.....

ente lokam പറഞ്ഞു...

കാലിക പ്രസക്തമായ വിഷയത്തെ
അതിന്റെ എല്ലാ ഭാവങ്ങളോടെയും
സന്നിവേശിപ്പിച്ചു...

കടലില്‍ ഇറങ്ങി കരയാന്‍ അവരെ പ്രേരിപ്പിക്കുന്നത്
ഒന്ന് മാത്രം...ഭയം...ആശംസകള്‍ ഈ
കവിതയ്ക്ക്..ഒപ്പം അമ്മമാരുടെ വേദനകള്‍
ശമിക്കട്ടെ എന്ന പ്രാര്‍ഥനയും....

Echmukutty പറഞ്ഞു...

പ്രയാണ്‍......കവിത ഭംഗിയായി.......വ്യക്തമായി പറഞ്ഞ ഈ ആകുലതകള്‍ക്ക് അഭിനന്ദനങ്ങള്‍.....

Admin പറഞ്ഞു...

കവിത നന്നായി...
ഇഷ്ടപ്പെട്ടു...