സ്നിഗ്ദ്ധമേതോ ഗതകാലഗാഥയില്‍
മുഗ്ദ്ധരായ് നമ്മള് മൂളവേ യുഗ്മകം
മന്ദമെങ്ങോ മുറുകുന്നൊരുതാളം
കണ്‍തിരയുന്നു മൂന്നാമതേതൊരാള്‍ ...
ഒട്ടു ചാരിയ ജലകപ്പാളിയില്‍
മുട്ടിമെല്ലെവിളിക്കയാണൊരുമഴ
എത്രനാളായ് കാത്തിരിപ്പുനമ്മള്‍
ഇക്കുസൃതിക്കു വന്ദനം പാടുവാന്‍....
എങ്ങിനെ നീ വരാതിരിക്കും നിന്റെ
ചില്ലുജാലകം തല്ലിത്തകര്‍ത്തെറിഞ്ഞ-
ത്ര ഞങ്ങള്‍ കൊതിച്ചിരിക്കാം നിന്റെ
ചിത്രമാം ജലജാലമണിയുവാന്‍....
എന്റെ പിച്ചിയും ചമ്പയും മുല്ലയും
ചൂടു മോന്തിക്കരിഞ്ഞു മടുത്തവര്‍
കൊച്ചരിപ്പല്ലു കാട്ടിച്ചിരിച്ചുനിന്‍
ചുവടിനൊപ്പമൊന്നേറ്റുപിടിക്കുന്നു...
ധരണിനിന്നുടെ ആദ്യസ്പര്‍ശത്താലേ
തൂമദഗന്ധധാരിയായ് ധൌതയായ്
ധൂസരവര്‍ണ്ണമാകെ വെടിഞ്ഞിന്നു
ദീപ്തഹര്‍ഷം ചൊരിഞ്ഞുനിന്നീടുന്നു...
മണ്ണുപാറ്റും വഴിയതുമിന്നഹോ
ഇന്നുനീ പെയ്ത ലഹരിയില്‍മുങ്ങിയോ
നല്ലുറക്കം നടിച്ച് കിടക്കയാ
ണല്ലലെല്ലാം മറന്നു മദാലസം...
ഏറെനീണ്ടോരുറക്കത്തില്‍ നിന്നുണര് -
ന്നേറെ കാലം മുടങ്ങിയ സാധകം
കാലബദ്ധമായ് തീര്‍ക്കുന്നു മത്സരിച്ചാ-
കെവറ്റിയ കുണ്ടിലെ തവളകള്‍ ....
ജീവതാളമായ് മാറിയ പാട്ടിന്റെ
ഈണമെല്ലാം മറന്നൊരുകര്‍ക്കശ
ഭാവമാണിന്ന് കേള്‍ക്കുവാന്‍ വയ്യെന്ന്
കാതുപൊത്തിയിരിക്കയാണേവരും...
കാറ്റുതാരാട്ടുമാലിന്റെ കൊമ്പിലായ്
കൂട്ടുകൂടും കലപിലക്കുരുവികള്‍
ഓര്‍ത്തിരിക്കാതെ വന്നോരതിഥിയെ
ആര്‍ദ്രചിത്തമോടേറ്റെതിരേല്‍ക്കുന്നു...
മഴചിനുചിനെ പെയ്തുതോരുംനേരം
ചിറകുണക്കുന്ന കിളികളായ് നമ്മള്‍ക്കു
മൊരുമരക്കൊമ്പിലൊന്നിച്ചിരുന്നിട്ടാ
സ്മൃതിപഥത്തിന്റെ തന്ത്രികള്‍ മീട്ടിടാം...
ബുധനാഴ്ച, ജൂലൈ 11, 2012
ഒരു മഴത്തുള്ളിക്കിലുക്കം.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
12 അഭിപ്രായങ്ങൾ:
എങ്ങിനെ നീ വരാതിരിക്കും നിന്റെ
ചില്ലുജാലകം തല്ലിത്തകര്‍ത്തെറിഞ്ഞ-
ത്ര ഞങ്ങള്‍ കൊതിച്ചിരിക്കാം നിന്റെ
ചിത്രമാം ജലജാലമണിയുവാന്‍....
ഇത് വളരെ ഇഷ്ടപ്പെട്ടു
മനോഹരം
വളരെ ഇഷ്ടമായ കവിത
ചില്ലുജാലകവാതിൽ തകർത്ത് ആദ്യമഴത്തുള്ളിയെത്തുമ്പോൾ ആദ്യത്തെ കുഞ്ഞിന്റെ മുഖദർശനഹർഷം.തളിർക്കുന്നു തൊടി,ജീവിതം. നല്ല കവിത. നല്ല താളത്തിൽ തന്നെ കവിതാമഴ.
ഹായ്! നല്ല മഴക്കവിത....ചൊല്ലാന്‍ സുഖം. എനിക്കിഷ്ടപ്പെട്ടു.
നല്ല കവിത, ചേച്ചീ...
നല്ല ഈണമുള്ള കവിത.. ഇഷ്ടമായി.
ചില്ലു മഴ ......ഒരു കുളിരിന്റെ ഓര്‍മ്മ
അപ്രതീക്ഷിതമായൊരു മഴക്കവിത..
ഇഷ്ടായി.
ഊഷരത്തിലേക്കൂര്ന്നിറങ്ങിയ ആര് ദ്രതയാണീ കവിത....വരികള്ക്കിടയിലൂടീറനണിയിച്ചു ഈ കവിത...പാടിത്തുടരുമ്പോല് കേള്‍ക്കാനായീ മഴത്തുള്ളിക്കിലുക്കം ...ഞാനും ഈ നീര് ണികളിലലിഞ്ഞ് ഹര്‍ഷപുളകിതയായ്...നല്ല വരികളിലൂടെ നല്ലൊരു അനുഭവം തന്നതിനു നന്ദി സഖി...!!!
വളരെ നല്ല കവിത.
ശരിക്കുമൊരു മഴത്തുള്ളിക്കിലുക്കം തന്നെ.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ