ബുധനാഴ്‌ച, ജൂലൈ 04, 2012

വേഷങ്ങള്‍ ........

ഞാനന്നിളം പൈതലായിരുന്നു, നെഞ്ചില്‍
പെരുകും കിനാപ്പൂക്കളായിരുന്നു.
ഒരുവേനലുച്ചയില്‍ തിരിതാണ നിഴലുകള്‍
മെല്ലെയുണരുകയായിരുന്നു..... 

ചെറുചരല്‍ക്കല്ലിനാല്‍ ചോറൊരുക്കി  ഞങ്ങള്‍
ഒരു പ്ലാവിലകോട്ടി കറിയിളക്കി
ഒരു കരിംതേളാമെന്‍ കാമധേനു
നിറയുന്നൊരകിടുമായ് കാത്തു നിന്നു....

അയലത്തെക്കൂട്ടരോടൊത്തുചേര്‍ന്നിമ്മട്ടില്‍  
ഒരുവേനലവധി കളിച്ചുതീര്‍ക്കെ
പടരുന്ന കാറ്റിന്റെ ശീലിനൊപ്പം കേള്‍പ്പൊ-
രാര്‍പ്പുവിളികളും കൊട്ടുമെന്തെ.....

മുറ്റത്തു നെല്ലതു ചേറിപ്പാറ്റി
നില്‍ക്കുന്നപെണ്ണൊരാള്‍ ഓര്‍ത്തുചൊല്ലി
തെരുവിലെ ഉത്സവം കൊടിയേറി നേര്‍ച്ചയാം
കരടിതന്‍ വരവാണ് കൊട്ടുകേള്‍പ്പു....

കരടിയെന്നുള്ളൊരാ പേരുകേള്‍ക്കെ ഞങ്ങള്‍
കരിയില പോലെ വിറച്ചുപോയി
കൊട്ടുമുറുകിയടുത്തെത്തും മുന്‍പെ
ഞെട്ടിയെഴുന്നേറ്റു പോയൊളിച്ചു.....

ഓടിക്കിതച്ചെത്തി കരടിയപ്പോള്‍
ആകെത്തളര്‍ന്നെത്തി വാദ്യക്കാരും
കൂടെ രസംപൂണ്ട നാട്ടുകാരും ‌‌‌‌‌‌‌- കാഴ്ച
ജാലക വിരിനീക്കി ഞങ്ങള്‍ കണ്ടു....

അരിയും പണവുമായമ്മ വന്നു -സ്വയം
അറിയാതെ കൈകൂപ്പി കരടിനിന്നു
അരിയും പണവുമങ്ങേറ്റുവാങ്ങേ- നീളു
മിരുകയ്യും കൂട്ടിയനുഗ്രഹിക്കെ
പഴകിനിറം മങ്ങി കീറിത്തൂങ്ങി 
പൊടിപൂണ്ട വേഷമല്ലന്നുകണ്ടു
അഴലിന്റെ ആഴക്കയങ്ങളില്‍ തുഴയുമ്പോള്‍
പതറുന്ന ഭാവങ്ങളല്ലി കണ്ടു.....

നോവുന്ന പാദം ചവുട്ടിനീങ്ങെ നെഞ്ചിന്‍
നോവാലായുള്ളം വിതുമ്പിയെന്നോ
കാലത്തിന്‍ പാഴ്വാക്കാം വിധിയെന്ന ശാപത്തിന്‍
കാതലോര്‍ത്തുള്ളം നടുങ്ങിയെന്നോ......

14 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പത്തിരുപതുകൊല്ലം പഴക്കമുള്ള ഒരു കവിത.... ചിത്രം വരച്ചത് കെ.എസ്. സി അബുദാബിയുടെ മാഗസിന്‍ 'പ്രവാസി'ക്കുവേണ്ടി പീതന്‍.

Unknown പറഞ്ഞു...

നോവുന്ന പാദം ചവുട്ടിനീങ്ങെ നെഞ്ചിന്‍
നോവാലായുള്ളം വിതുമ്പിയെന്നോ
കാലത്തിന്‍ പാഴ്വാക്കാം വിധിയെന്ന ശാപത്തിന്‍
കാതലോര്‍ത്തുള്ളം നടുങ്ങിയെന്നോ......
ishttayi orupad

ശ്രീനാഥന്‍ പറഞ്ഞു...

പാവം കരടിവേഷം! നല്ല കവിത,കുട്ടിത്തമുള്ളത്.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

Sidheek Thozhiyoor പറഞ്ഞു...

ഒരു ജീവിത വേഷം കൂടി.

ശ്രീ പറഞ്ഞു...

മനോഹരം, ചേച്ചീ.

ആ പഴയ കാലവും ഓര്‍മ്മകളും തിരിച്ചു തന്നു. ഒപ്പം നേരില്‍ കണ്ടിട്ടില്ലാത്ത ആ കരടി വേഷവും മനസ്സില്‍ കണ്ടു.

ചന്തു നായർ പറഞ്ഞു...

നല്ല കവിതക്കെന്റെ ആശംസകൾ

Unknown പറഞ്ഞു...

കവിത പതിവ് പോലെ നന്നായിരിക്കുന്നു .......ചൊല്‍ കാഴ്ചയായിരിക്കും കൂടുതല്‍ നന്നാവുക എന്ന് തോനുന്നു
നല്ല ഈണം ഉള്ള കവിത

വിജീഷ് കക്കാട്ട് പറഞ്ഞു...

മഴയില്‍ ആരോ കരയും പോലെ...

the man to walk with പറഞ്ഞു...

അഴലിന്റെ ആഴക്കയങ്ങളില്‍ തുഴയുമ്പോള്‍
പതറുന്ന ഭാവങ്ങളല്ലി കണ്ടു.....

Best wishes

Admin പറഞ്ഞു...

കവിത വളരെ നന്നായി..
പത്തിരുപതുവര്‍ഷം പഴക്കമുണ്ടോ?

നീലക്കുറിഞ്ഞി പറഞ്ഞു...

നഷ്ടമായൊരു ബാല്യത്തിന്‍ സ്മരണകളില്‍ വേഷം കെട്ടിയാടിയ കരടിയും അമ്മയും ഭാര്യയും .....വരികളിലൂടെ ഞാന്‍ എന്നെ തന്നെ കണ്ടു...കാലം ഒരിക്കലും വരികളിലെ ചാരുത നഷ്ടപ്പെടുത്തിയില്ല ..ബാല്യ സ്മൃതികളെ പോലെ തന്നെ..നല്ല കവിതക്ക് ഭാവുകങ്ങള്‍ കൂട്ടുകാരി..

പി. വിജയകുമാർ പറഞ്ഞു...

'അഴലിന്റെ ആഴക്കയങ്ങളിൽ തുഴയുമ്പോൾ...'
നന്നായി.

Echmukutty പറഞ്ഞു...

പഴയൊരു കാലത്ത് വായിച്ച നല്ലൊരു കവിതയുടെ ഓര്‍മ്മയുണര്‍ത്തുന്ന വരികള്‍...ആ ആഹ്ലാദവും.