തിങ്കളാഴ്‌ച, മേയ് 21, 2012

ഒഴുകിത്തീരാതെ പുഴ……



ഒരു പുഴ തിരക്കിട്ടൊഴുകുന്നുണ്ട് കടലിലേക്ക്.
കൂടെ ഒഴുകിത്തുടങ്ങിയ കരിയില
കടലെന്നു കേട്ടപ്പൊഴേ കരയിലടിഞ്ഞു.
മീനുകള്‍ പറഞ്ഞുനോക്കുന്നുണ്ട് വെറുതെ
കടലില്‍ കണ്ണീരു മാത്രമാണുള്ളതെന്ന്.
പറയുന്നത് കേള്‍ക്കില്ലെന്നറിയുമ്പോള്‍
ഒഴുക്കിനെതിരെ നീന്തിക്കിതയ്ക്കുന്നുണ്ട്
ചെകിള വിടര്‍ത്തി ചുണ്ടുകള്‍കൂര്‍പ്പിച്ച്.

ഈ പുഴയറിയാതെ കുറച്ചുദൂരെ മറ്റൊരുപുഴയും
ആ പുഴയറിയാതെ വേറെയും പുഴകളും
ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട് കടലിനെത്തേടി......
കരക്കണഞ്ഞ കരിയിലകള്‍ ചിറകുണക്കുന്നുണ്ട്
ഒഴുക്കിനെതിരെ നീന്തിത്തളര്‍ന്ന് മീനുകളും
കിതപ്പാറ്റുന്നുണ്ട്  വേരുകളില്‍ ചാരി  ഓരോകരയിലും .

പറഞ്ഞതു കേള്‍ക്കാത്തവളെന്ന് പുഴയെ
കണ്ണീരൊഴുക്കി ശകാരിച്ചുകൊണ്ടേയിരിക്കും മലകള്‍ ........
മലകളുടെ തോരാകണ്ണീര്‍ കുടിച്ച് കുടിച്ച്
പുഴകള്‍  വളര്‍ന്ന് സുന്ദരികളാവുമ്പോള്‍
വേരുകള്‍പിണച്ച് തടയാതെ തടയുകയും, കൊതിയോടെ
ചില്ലകള്‍  താഴ്ത്തി തഴുകുകയും ചെയ്യും മരങ്ങള്‍
അപ്പോഴും പുഴ ഒഴുകിക്കൊണ്ടേയിരിക്കും.

അവസാനം മീനുകളും കരിയിലകളുമില്ലാതെ
മലകളേയും മരങ്ങളേയും പുറകെവിട്ട്
കിഴക്കന്‍ തീരത്തെത്തി പുഴ നില്‍ക്കുമ്പോള്‍
ആവേശത്തോടെ ഓടിയെത്തി
കൈനീട്ടി വാരിപ്പുണരുന്നുണ്ട് കടല്‍ .
തെക്ക്ന്നും വടക്ക്ന്നും പടിഞ്ഞാറുനിന്നും
കടലിന്റെ ആയിരം കൈകളില്‍ ആയിരം പുഴകള്‍ .
പലരുചികളില്‍ നിറങ്ങളില്‍ സംസ്കാരങ്ങളില്‍
ഒഴുകിയെത്തി അവസാനം ഒന്നിച്ചൊരു കണ്ണീര്‍ക്കടല്‍ . 


വളര്‍ത്തിയെടുത്ത പവിഴപ്പുറ്റുകളെല്ലാം ഓരോന്നായി
കടലിന്റെ ആഴങ്ങളില്‍ അമര്‍ന്നടിയുമ്പോള്‍ 
മുറ്റിയമീനുകളുടെ തോറ്റങ്ങള്‍ക്കൊപ്പമാടിത്തളരുമ്പോള്‍
കടല്‍ ച്ചൊരുക്കുകള്‍ പുഴയെ തേടിയെത്തും ,കാറ്റില്‍
ഇലകളും മീനുകളും മരങ്ങളും മലകളും മണം ചുരത്തും...
രസനകളില്‍ സ്വയം ഉപ്പുചവര്‍ക്കാന്‍  തുടങ്ങുമ്പോള്‍
അലിഞ്ഞുപോയ ത്രിമാനതയുടെ വക്കുകള്‍ തിരഞ്ഞ്
പുഴ തികട്ടിയെത്തുന്ന ഓര്‍മ്മകളുടെ കരയിലേക്ക്
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഓടിക്കയറും....
അന്യത്വം മണക്കുന്ന പുഴയെ കര പുറന്തള്ളും .
ഇടയിളക്കങ്ങള്‍ മുറുകി ആഴിപ്പെരുക്കങ്ങളാവുമ്പോള്‍
കത്തിയാളുന്ന വേനല്‍ച്ചിതയില്‍ ലവണാതുരമായ
ശരീരമുപേക്ഷിച്ച് പുഴയുടെ ആത്മാവു തിരികെ നടക്കും.

ദൂരെ ശുഷ്കിച്ച മല ഗര്‍ഭങ്ങളുടെ ഗൃഹാതുരത്വം പേറി
പുഴയുടെ വരവ് നോക്കിയിരിക്കുന്നുണ്ടാവും.
പുഴയൊഴുകിപ്പോയ വരണ്ട മണല്‍ത്തിട്ടമേല്‍
കരിയുന്നുണ്ടാവും ചിറകുണങ്ങിയുണങ്ങി കരിയിലകള്‍.
വേരുകള്‍ തടഞ്ഞുവെച്ച ഇല്ലാത്ത വെള്ളത്തില്‍
പുളയുന്നുണ്ടാവും ചളിപുതച്ച് മീനുകളപ്പോഴും.
ഇനിയുമൊരാവര്‍ത്തനം വയ്യെന്നൊരു പുഴ ഓടിനടന്ന്
കറുത്ത ആകാശമാകെയപ്പോള്‍ മെഴുകി വെളുപ്പിക്കും....
എന്നിട്ടും ഒരു പുഴ വഴിതെറ്റിപ്പോയെന്നായിരിക്കാം
പഴുത്തുവീണ പച്ചിലകള്‍ കലപില പറന്നോതിയത്.. ......
നീലാകാശത്തിന്റെ  ഞൊറിമടക്കുകളിലൊളിച്ചിരുന്ന്
ആകാശഗംഗയ്ക്ക് പുഴയെ ഒറ്റിക്കൊടുത്തതാരാണെന്ന്
മൂക്കത്തുവിരല്‍ വെക്കുന്നുണ്ടാവും ഉണങ്ങിയമരച്ചില്ലകള്‍
ചുട്ടുവെന്ത നാവുനീട്ടിയണക്കുന്നുണ്ട്
ഇതൊന്നുമറിയാതെ ദാഹിച്ചുവരണ്ടൊരു ഭൂമി .......

14 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഇതൊന്നുമറിയാതെ ദാഹിച്ചുവരണ്ടൊരു ഭൂമി .......

ജന്മസുകൃതം പറഞ്ഞു...

എന്നിട്ടും ഒരു പുഴ വഴിതെറ്റിപ്പോയെന്നായിരിക്കാം
പഴുത്തുവീണ പച്ചിലകള്‍ കലപില പറന്നോതിയത്.. ......
നീലാകാശത്തിന്റെ ഞൊറിമടക്കുകളിലൊളിച്ചിരുന്ന്
ആകാശഗംഗയ്ക്ക് പുഴയെ ഒറ്റിക്കൊടുത്തതാരാണെന്ന്
മൂക്കത്തുവിരല്‍ വെക്കുന്നുണ്ടാവും ഉണങ്ങിയമരച്ചില്ലകള്‍
ചുട്ടുവെന്ത നാവുനീട്ടിയണക്കുന്നുണ്ട്
ഇതൊന്നുമറിയാതെ ദാഹിച്ചുവരണ്ടൊരു ഭൂമി .......

അല്പം നീളം തോന്നിയെങ്കിലും മടുപ്പില്ലാതെ സുഖമായി ഒഴുകി പുഴക്കൊപ്പം .

ente lokam പറഞ്ഞു...

ആരൊക്കെ തടഞ്ഞാലും പുഴയ്ക്കു
ഒഴുകിയെ ഒക്കൂ..പോയി ചേരുന്നിടം
വലിയ കണ്ണീര്‍ക്കടല്‍ എന്ന് അറിയാതെ...
ജിവിതം പോലെ തന്നെ...

മനോഹരം ആയ ആശയങ്ങള്‍ കോര്‍ത്തിണക്കി ഒരു
പുഴ പോലെ ഒഴുകുന്നു ഈ കവിത...കാലവും
പ്രണയവും ദുഖവും കഥകളും ഒന്നിച്ചു ചേര്‍ത്തു
അവസാനം ചിപ്പിക്കുള്ളിലെ മുത്ത്‌ പോലെ കണ്ടെടുക്കാന്‍
ഭൂമിയുടെ കണ്ണീരും...അത് മുത്തോ ചിപ്പിയുടെ വേദനയോ?
അഭിനന്ദനങ്ങള്‍...

മുകിൽ പറഞ്ഞു...

പുഴ പോലെ കവിത, കവിത പോലെ പുഴ.
ഒഴുകി. ഒഴുക്കിനൊപ്പം.
മനസ്സു തടഞ്ഞ വഴികളിലെ നേര്‍മ്മയും,
കൂര്‍മ്മതയും തടഞ്ഞു തടഞ്ഞു ഒഴുകി.

ശ്രീ പറഞ്ഞു...

പുഴ പോലൊഴുകുന്ന നല്ലൊരു കവിത.

നീലക്കുറിഞ്ഞി പറഞ്ഞു...

അറിയാത്തതും പറയാത്തതുമായ കഥകളുമായ് പുഴയൊഴുകുന്നു...മലകള്‍ കെഞ്ചിയാലും വേരുകള്‍ തടഞ്ഞാലും തീരങ്ങള്‍ ശാസിച്ചാലും പുഴയൊഴുകി കൊണ്ടേയിരിക്കും ..പ്രണയം പ്രാണനെ തേടും പോലെ...ആഴിയഗാധതയിലലിയും വരെ ആത്മാവില്‍ വിലയമാകും വരെ....

Unknown പറഞ്ഞു...

കടലില്‍ നിന്ന് പുഴയിലേക്ക് ഒഴുകിയ പുഴ വീണ്ടും കടലിലേക്ക് തന്നെ ....
ഇനിയൊരു ബാല്യം ബാക്കി ഉണ്ടാവുമോ എന്നാ ആശങ്കയോടെയുള്ള ഈ ഒഴുക്ക് കടലിന്റെ അഗതതയിലെകാന്നു എന്ന് അറിയാം ..പക്ഷെ ....

റിയ Raihana പറഞ്ഞു...

പുഴകള്‍ ഒഴുകി കൊണ്ടേ ഇരിക്കുന്നു ......!

വിജീഷ് കക്കാട്ട് പറഞ്ഞു...

പഴങ്കവിതയല്ല,
പുഴങ്കവിത,
പുതുകവിത....

ശ്രീനാഥന്‍ പറഞ്ഞു...

കണ്ണീർക്കടലിലേക്ക് പുഴകളെത്തുന്നത്- മലകളുടെ ശകാരങ്ങൾക്ക്, മരങ്ങളുടെ വേരുകൾക്ക് ഒന്നും തടയാനാവാതെ, അവസാനം ഒന്നിച്ചൊരു കണ്ണീര്‍ക്കടല്‍ വരെ എത്തുന്ന കവിത മനോഹ രമായി. അതിനുശേഷം വാചാലമാവേണ്ടായിരുന്നു എന്നും തോന്നുന്നു.

Admin പറഞ്ഞു...

ഒഴുക്കിനെതിരെ നീന്തിക്കിതയ്ക്കുന്നുണ്ട്
ചെകിള വിടര്‍ത്തി ചുണ്ടുകള്‍കൂര്‍പ്പിച്ച്.


കവനത്തിന്റെ മഹാനദിയില്‍ ഒഴുക്കിനെതിരെ നീന്താന്‍ കഴിയട്ടെ.. കീഴടക്കാനും, മറുകരപറ്റാനും...
ആശംസകള്‍..

yousufpa പറഞ്ഞു...

"ഇന്ന്‍ നിളയുടെ നീളം മണലെടുത്തു .
വെള്ളം ദൈവമെടുത്തു.
നാളെ എന്റെ ജീവന്‍ ദൈവമെടുക്കും.
പിന്നെ, കബന്ധം കാകന്‍ കൊത്തിവലിക്കും
വരണ്ട നദിയുടെ ശവപ്പറമ്പില്‍ .
ഇല കരിയും, കരയും
മീന്‍ പിടയും, പൊടിയും
കടലില്‍ നിറയും ഉപ്പിന്റെ പരലുകള്‍ ........
കണ്ണുനീര്‍ പരലുകള്‍ ."

കാലീകം ഓപ്പെ ..

khader patteppadam പറഞ്ഞു...

ദുര്‍മ്മേദസ് ഒഴുക്കി കളഞ്ഞാല്‍ പുഴ സുന്ദരിയാകും.

sulaiman perumukku പറഞ്ഞു...

ഇരിപ്പിടമാണ് ഇങ്ങോട്ടുള്ള വഴി കാട്ടിത്തന്നത്
ഇവിടെ കണ്ട കാഴ്ചകൾ സുന്ദരമാണ് ....ആശംസകൾ .