ചൊവ്വാഴ്ച, മാർച്ച് 29, 2011

ഒരു പെണ്ണെഴുത്ത്........?



"ഈ പെണ്ണിനെന്തിന്റെ സൂക്കേടാണപ്പാ...... "

തലയില്‍ കൈവെച്ച് മാത്വേടത്തി കലമ്പി. കുറച്ചു ദെവസായി അവര്‍ക്ക് സീതൂട്ടീടെ ചില കളികള് പിടിക്കാണ്ടായിട്ട്. കളീം ചിരീം മറന്ന് രാവിലെത്തൊട്ടുള്ള അവളുടെയീ കുത്തിരിപ്പ് കാണുമ്പോ മാത്വേടത്തിക്ക് കലികയറും.

"ങ്ങളൊന്നു കൂട്ടംകൂടാണ്ടിരിക്ക്യോ..?"

സീതൂട്ടിക്ക് ദ്വേഷ്യം വരുന്നുണ്ടായിരുന്നു. രാവിലെത്തൊട്ടിരിക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ ദെവസവും ചോരവാരുന്ന ഒരു കഷ്ണം ഇറച്ചി ഹംസക്കാനെ സോപ്പിട്ട് സംഘടിപ്പിക്കുന്നത്. അവനെ എങ്ങിനെങ്കിലുമൊന്ന് മെരുക്കിക്കോണ്ടുവരുമ്പോഴാണ് അമ്മേന്റൊരു പായ്യാരം.

"നെന്റെ കോഴിക്കുട്ട്യോളെ റാഞ്ചിക്കൊണ്ട്വോയ്യോനല്ലെ അത്....? അയിനാ നിയ്യ് തീറ്റേം ഒരുക്കി കാത്തിരിക്ക്ന്നേ.....!നെനക്ക് വട്ടന്ന്യാ ."

" ങ്ങളോടൊന്ന് മുണ്ടാണ്ടിരിക്കാന്‍ പറഞ്ഞില്ല്യേന്ന്......" സീതൂട്ടി ചീറ്റി.

മാവിന്‍കൊമ്പിലിരുന്ന് പരിസരം ശ്രദ്ധിക്കുന്ന പ്രാപ്പിടിയന്‍ അമ്മയുടെ ശബ്ദംകേട്ട് പറന്നുപോയാലോന്നായിരുന്നു അവള്‍ടെ പേടി. ഊര്‍ന്നിറങ്ങി കൊള്ളിന്മേലിരുന്ന പ്രാപ്പിടിയനെക്കണ്ട് ടൈഗര്‍ ഒന്നിളകി. പിന്നെ ഞാനൊന്നും അറിഞ്ഞില്ലെന്നപോലെ മുഖം കാലിന്നിടയില്‍ പൂഴ്ത്തി ഉറക്കംനടിച്ചു. അവന്നും ഈ നാടകം ശീലമായിരിക്കുന്നു.

മുറ്റത്ത് ഇറച്ചിക്കഷ്ണം വെച്ച് സീതൂട്ടി അന്നും അവന്നുവേണ്ടി കാത്തിരുന്നു. അവന്‍ ചെരിഞ്ഞിറങ്ങുന്നത് അവള്‍ കൗതുകത്തോടെ നോക്കിയിരുന്നു.ഇറച്ചിക്കഷ്ണത്തില്‍ ഉടക്കിയ അവന്റെ കണ്ണുകള്‍ക്ക് എന്നും സ്കൂളില്‍ പോകുമ്പോള്‍ തെരുവോരത്ത് തുടയും ചൊറിഞ്ഞ് പല്ലിടയില്‍കുത്തി തുറിച്ചുനോക്കിനില്‍ക്കാറുള്ള തല്ലുവാസൂന്റെ കണ്ണുകളോട് നല്ല സാമ്യം തോന്നി അവള്‍ക്ക്.

ആശാരിച്ചെക്കനെക്കൊണ്ടുണ്ടാക്കിച്ച കെണിയുടെ തില്ലി ഇറച്ചികൊത്തുന്ന പ്രാപ്പിടിയന്റെ കഴുത്തില്‍ അമരുന്നത് നോക്കിയിരുന്നപ്പോള്‍ സീതൂട്ടിയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു. പതിയെ പാടവീഴും മുന്‍പ് അതിന്റെ കണ്ണുകള്‍ സീതൂട്ടീടെ മുഖത്തുതന്നെ തറഞ്ഞിരുന്നിരുന്നു.
എല്ലാം കഴിയാന്‍ കാത്തിരുന്നെന്നപോലെ ടൈഗര്‍ ഒരു തിരക്കുമില്ലാതെ കുടഞ്ഞെണീറ്റൊന്നു മൂരിനിവര്‍ന്നു. ഇതൊക്കെ കണ്ടുനിന്നിരുന്ന മാത്വേടത്തി മാത്രം മൂക്കത്ത് വിരല്‍ വെച്ചു......." ഇപ്പഴത്തെ പെങ്കുട്യോള്‍ടൊരു കാര്യം....!"

13 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ചട്ടങ്ങള്‍ക്ക് പുറത്തേക്ക്.........

ശ്രീ പറഞ്ഞു...

ജീവിതത്തിലും ഇങ്ങനെയായാലേ ഇപ്പോ ജീവിയ്ക്കാനൊക്കൂ എന്നതായി അവസ്ഥ...

നികു കേച്ചേരി പറഞ്ഞു...

നല്ലൊരു നിരീക്ഷണം...നന്നായി പറഞ്ഞിരിക്കുന്നു
ആശംസകൾ.

ശ്രീനാഥന്‍ പറഞ്ഞു...

കെണിയൊരുക്കണം ഇന്നത്തെ കുട്ടികൾ, അവർക്കും ജീവിക്കണ്ടേ, ഇത്തരം മിടുക്കികൾ ഉണ്ടാവട്ടെ, പഴയ തലമുറക്ക് അതത്ര മനസ്സിലാവില്ലെന്നും ഭംഗിയായി സൂചിപ്പിച്ചു കഥ, നന്നായി. പിന്നെ, കൂട്ടംകൂടാണ്ടിരിക്ക്യോ -- പാലക്കാടു മാത്രമേ ഉള്ളെന്നായിരുന്നു എന്റെ ധാരണ.

yousufpa പറഞ്ഞു...

അവതരണത്തിൽ പ്രത്യേകതയുണ്ട്.ആശയവും ഇഷ്ടപ്പെട്ടു.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

Good One. Well narrated story.

( Sorry, No malayalam Font )

പട്ടേപ്പാടം റാംജി പറഞ്ഞു...

ചിന്തകളിലേക്ക്‌ വലിച്ചു കൊണ്ടുപോകുന്ന കഥ. കെണിയോരുക്കാതെ ജീവിക്കാന്‍ പറ്റില്ലെന്നായിരിക്കുന്നു.
കഥ നന്നായ്‌ ഇഷ്ടായ്‌.

അജ്ഞാതന്‍ പറഞ്ഞു...

പെണ്ണ് കാന്താരി തന്നെ...ചിത്രം ആശയത്തില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു...

Rare Rose പറഞ്ഞു...

കൊള്ളാട്ടോ കഥ..മിടുക്കി സീതൂട്ടി..

പ്രയാണ്‍ പറഞ്ഞു...

ശ്രീ
nikukechery
ശ്രീനാഥന്‍
യൂസുഫ്പ
ചെറുവാടി
പട്ടേപ്പാടം റാംജി
മഞ്ഞുതുള്ളി
Rare Rose
വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.കുറ്റവാളികള്‍ തന്നെ മത്സരിച്ചുജയിച്ചു ഭരണം നടത്തുന്ന (നിയമം കയ്യിലെടുക്കുന്ന ) നമ്മുടെനാട്ടില്‍ കുട്ടികള്‍ മിടുക്കികളും മിടുക്കന്‍മാരുമാവുകയെ രക്ഷയുള്ളൂ.

ശ്രീനാഥന്‍ കുട്ടംകൂടലെന്നാല്‍ കോഴിക്കോട് ഭാഗത്ത് വഴക്കുകൂടുക ഉറക്കെ സംസാരിക്കുകയെന്നൊക്കെയാണ്.

പ്രിയ വളരെ തിരഞ്ഞുകണ്ടുപിടിച്ച ഒരു ചിത്രമാണത്.പതിവുചട്ടക്കൂടില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്ന സ്ത്രീത്വം.

Unknown പറഞ്ഞു...

സംഭാഷണ സകലങ്ങള്‍ നന്നായി .......
ഒരു വേറിട്ട ചിന്ത .............

Echmukutty പറഞ്ഞു...

ഇത് ഇഷ്ടപ്പെട്ടു.
നല്ല നിരീക്ഷണം. അഭിനന്ദനങ്ങൾ.

Salini പറഞ്ഞു...

നന്നായിരിക്കുന്നു.. നല്ല ആശയം.. നല്ല അവതരണം. :) ശ്രീ പറഞ്ഞ പോലെ ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ആയാലേ ജീവിക്കാന്‍ പറ്റു. നന്നായി പറഞ്ഞു.