വ്യാഴാഴ്‌ച, മാർച്ച് 19, 2009

അഹങ്കാരം

നമ്മള്‍ പോകുന്നത്

കരയടിച്ചേല്‍പ്പിച്ച ഉപ്പ്

കണ്ണീരിലലിയിച്ച്

എണ്ണിപ്പെരുക്കി

കല്ലും പതിരും പാറ്റി

മൂക്കുചീറ്റി

മോഹാലസ്യപ്പെട്ട്

കരയുടെ കാല്‍ക്കല്‍

വീണ്കരയുന്ന

കടലിനെക്കാണാന്‍.

കടലിന്റെ ഏങ്ങലടിയുടെ

ഉയരമളക്കാന്‍.

തിരയുടെ വാച്യം കേള്‍ക്കാന്‍.

ഇരമ്പലില്‍ വ്യംഗ്യം തിരയാന്‍.

നുരച്ചു വീഴുന്ന

കക്കയും കവിടിയും

പെറുക്കാന്‍......

ശാന്തമായ കടല്‍

ആര്‍ക്കു കാണണം...

തിരയില്ലാത്ത കടല്‍

നോക്കി നമ്മള്‍ പറയും

എന്തൊരഹങ്കാരം

ഇത്ര ചങ്കൂറ്റം പാടില്ല.

17 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

തിരയില്ലാത്ത കടല്‍

നോക്കി നമ്മള്‍ പറയും ......

വല്യമ്മായി പറഞ്ഞു...

ഗള്‍ഫിലെ കടലും മറ്റൊരു പ്രവാസിയാണ്,തിരകളെയൊക്കെ ആഴങ്ങളിലൊളിപ്പിച്ച് പുറമേ ശാന്തമായിരിക്കും :)

Bindhu Unny പറഞ്ഞു...

തിരകളില്ലെങ്കില്‍ പിന്നെ ഈ കടലെന്തിന്? ഞാനതിനെ തടാകമെന്ന് വിളിക്കും.
:-)

ജ്വാല പറഞ്ഞു...

സത്യമാണ്. ശാന്തമായ മനസ്സ് എല്ലാവരും ആഗ്രഹിക്കുന്നു.പക്ഷെ
കടല് തിരയില്ലാതെ ശാന്തമാകുന്നത് ആരും ഇഷ്ടപ്പെടില്ല

പ്രയാണ്‍ പറഞ്ഞു...

വല്ല്യമ്മായി അബുദാബിയിലെ തിരയില്ലാത്ത നീലക്കടലില്‍ ഒരുപാടിറങ്ങി നടന്നിട്ടുണ്ട്.പക്ഷെ കക്ക പെറുക്കാന്‍ ജുമൈറയില്‍ വരണമായിരുന്നു.ഒരിക്കല്‍ കോര്‍ഫക്കാന്‍ വരെ പോയിട്ടുണ്ട് തിര കാണാന്‍.
ബിന്ദു അതും ശരിയാണ്.
ജ്വാല തിരയില്ലാത്ത കടലിനും അതിന്റേതായ ഭംഗിയുണ്ട്.ആഴങ്ങളിലെന്താണ് ഒളിച്ചുകിടക്കുന്നത് എന്നാര്‍ക്കും പറയാന്‍ പറ്റില്ലല്ലൊ.

കാപ്പിലാന്‍ പറഞ്ഞു...

ആഹാ ശരിയാണല്ലോ , തിരകള്‍ ഇല്ലാതെ എന്തിന് കടല്‍ ?

അതെ .. നാലാം മുന്നണിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഇന്ന് പ്രസംഗിക്കണം .എല്ലാവരും അവിടെ കാത്തിരിക്കുന്നു :)

the man to walk with പറഞ്ഞു...

shantha samudram..athra poralle?

ചിതല്‍ പറഞ്ഞു...

ശരിയാണ്..
അങ്ങനെ കണ്ടാ‍ല്‍(കണ്ടിട്ടില്ല,) പോവന്‍ പറയും

പ്രയാണ്‍ പറഞ്ഞു...

കാപ്പിലാന്‍ :
the man to walk with:
ചിതല്‍ :
അപ്പൊ എല്ലാരും പോകുന്നത് കരയുന്ന കടലിനെ ക്കാണാനാണല്ലെ.....

Typist | എഴുത്തുകാരി പറഞ്ഞു...

എനിക്കും തിരയുള്ള കടല്‍ തന്നെയാണിഷ്ടം.

വരവൂരാൻ പറഞ്ഞു...

തിരയില്ലാത്ത കടല്‍ ആര്‍ക്കു കാണണം. എന്തൊരഹങ്കാരം ഇത്ര ചങ്കൂറ്റം പാടില്ല.
കടലിനു ടെൻഷൻ വരുബോഴാണു തിരയുണ്ടാവുന്നത്‌. അല്ലാതെ അതിനു വേറെ ഒരു വഴിയുമിലല്ലോ ടെൻഷൻ തീർക്കാൻ

മനോഹരമായിരിക്കുന്നു ഈ വരികളും

പ്രയാണ്‍ പറഞ്ഞു...

typist:
വരവൂരാന്‍:
അങ്ങിനെ പുറത്തുവരട്ടെ എല്ലാരുടെയും ഉള്ളിലിരിപ്പ്.

പാവത്താൻ പറഞ്ഞു...

ഇതു സ്ത്രീപക്ഷ കവിത തന്നെ... ഒരു സംശയവുമില്ല. നിലവിളിച്ചു കരഞ്ഞു മോഹാലസ്യപ്പെടാത്ത കടലിന്റെ ഒരഹങ്കാരമേ.... ചുമ്മാതല്ല കട്ടിയുള്ള വാക്കു കൊറിച്ചു പല്ലു പോയത്‌ (അതുമിപ്പൊഴാ വായിച്ചത്‌)അതുകൊണ്ടു ഞാൻ വീണ്ടും വീണ്ടും പറയുന്നു ഇതു സ്ത്രീപക്ഷ കവിത തന്നെ... ഒരു സംശയവുമില്ല....

പ്രയാണ്‍ പറഞ്ഞു...

എന്റെ കവിത സ്ത്രീപക്ഷ കവിതയാണെന്ന് മനസ്സിലാക്കാന്‍ ഇത്ര സമയമെടുത്തോ...? പാവത്താന്‍ തന്നെ.

sushma sankar പറഞ്ഞു...

കവിതയും ഇങ്ങനെ തന്നെ വേണം, കലുഷമായിട്ട്. മികച്ച ഒരു കവിത.

ചങ്കരന്‍ പറഞ്ഞു...

കവിതയും ഇങ്ങനെ തന്നെ വേണം, കലുഷമായിട്ട്. മികച്ച ഒരു കവിത.

പ്രയാണ്‍ പറഞ്ഞു...

സുഷ്മ ശങ്കര്‍:
ചങ്കരന്‍ :
ഇന്നു രണ്ടു പേരും ഒരുമിച്ചാണല്ലൊ ഇറങ്ങിയിരിക്കുന്നത്.നന്ദി... 'കവിതയും' എന്നതിലെ വ്യംഗ്യം
മനസ്സിലായില്ലെങ്കിലും.