ചൊവ്വാഴ്ച, മാർച്ച് 24, 2009

പുതിയ ലോകം......

ഫ്ലാറ്റിന്റെ ഉയരങ്ങളിലേക്ക്
മരങ്ങള്‍ വളരാന്‍ മടിച്ചപ്പോള്‍
വില്‍പ്പനശാലയിലെ വലിയ
ചെടികളാല്‍ ‍എന്റെ വരാന്തകളിലെ
സായാഹ്നങ്ങള്‍ക്ക് തണല്‍ വിരിച്ചു.
എന്റെ നിത്യ ഹരിതവനം.....

അയല്‍പക്കത്തെ ഇരുണ്ട ജനലില്‍
ഞാന്‍ ഉറക്കം തൂങ്ങിയപ്പോള്‍
ഇളം നീല സാരി മുറിച്ച്
ഞാനെന്റെ ജനലുകള്‍ക്ക് വിരി തീര്‍ത്തു.
എന്റെ നീലാകാശം.......

കുളിമുറിയിലെ വെള്ളപ്പാച്ചിലില്‍
തോടും കുളങ്ങളും ഒഴുകിയെത്തിയപ്പോള്‍
ഒരു വെള്ളച്ചാട്ടം തന്നെ വാങ്ങി
മുറിയുടെ മൂലയില്‍ പ്രതിഷ്ഠിച്ചു.
എന്റെ പ്രണയതീരം......

സമയം വീടിനേകിയ മടുപ്പിക്കുന്ന
ഏകതാളം കേള്‍ക്കാതിരിക്കാന്‍
മുറികള്‍ മുഴുവനായും ഞാന്‍
സംഗീതം കൊണ്ട് നിറച്ചു.
എന്റെ ത്യാഗരാജോത്സവം....

ഇന്ന് കണ്ണാടിയുടെ മുന്നില്‍ ‍എനിക്ക്
എന്നെത്തന്നെ മടുത്തിരിക്കുന്നു.
എന്തു മാറ്റിവെക്കണമെന്നറിയാതെ
ഞാന്‍ എന്റെ കണ്ണട മാറ്റി വെച്ചു.
എന്റെ പുതിയ ലോകം......

വ്യാഴാഴ്‌ച, മാർച്ച് 19, 2009

അഹങ്കാരം

നമ്മള്‍ പോകുന്നത്

കരയടിച്ചേല്‍പ്പിച്ച ഉപ്പ്

കണ്ണീരിലലിയിച്ച്

എണ്ണിപ്പെരുക്കി

കല്ലും പതിരും പാറ്റി

മൂക്കുചീറ്റി

മോഹാലസ്യപ്പെട്ട്

കരയുടെ കാല്‍ക്കല്‍

വീണ്കരയുന്ന

കടലിനെക്കാണാന്‍.

കടലിന്റെ ഏങ്ങലടിയുടെ

ഉയരമളക്കാന്‍.

തിരയുടെ വാച്യം കേള്‍ക്കാന്‍.

ഇരമ്പലില്‍ വ്യംഗ്യം തിരയാന്‍.

നുരച്ചു വീഴുന്ന

കക്കയും കവിടിയും

പെറുക്കാന്‍......

ശാന്തമായ കടല്‍

ആര്‍ക്കു കാണണം...

തിരയില്ലാത്ത കടല്‍

നോക്കി നമ്മള്‍ പറയും

എന്തൊരഹങ്കാരം

ഇത്ര ചങ്കൂറ്റം പാടില്ല.

ചൊവ്വാഴ്ച, മാർച്ച് 17, 2009

മാറ്റത്തിനു വേണ്ടി


രാത്രിയില്‍ മെഴുകുതിരി കത്തിച്ച്

ഇരുട്ടിനുവേണ്ടി പ്രാര്ത്ഥിച്ചത്

വിരുന്നു വരുന്ന ഇയ്യാംപാററകളുടെ

കൂടെ നൃത്തം ചെയ്യാനായിരുന്നു .

മറ്റൊരു വിളക്ക് നിന്റെ കണ്ണുകളില്‍

കത്തുന്നത് കാണാനായിരുന്നു.

പിന്നെ കണ്ണുമടച്ചുകിടന്നു

വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം

മാറില്‍ കമിഴ്ത്തി വെച്ച് അതിലെ

കഥാപാത്രങ്ങളോടൊത്ത്

പുസ്തകത്താളുകള്‍ക്കിടയില്‍

ഊരുതെണ്ടാനിറങ്ങാനായിരുന്നു....

പണ്ട് നീലപ്പൂക്കള്‍ മാത്രം

വിരിയിച്ച ഉത്തരക്കടലാസുകളില്‍

ചോരപ്പൂക്കള്‍ വിരിയിച്ചത്

രണ്ടാമതാവാറുള്ള കൂട്ടുകാരിയെ

ഒന്നാമതാക്കിയത് എല്ലാം ഒരു

മാറ്റത്തിനു വേണ്ടിയായിരുന്നു.

ഇന്ന് നടുക്കടലില്‍ പങ്കായം

വലിച്ചെറിഞ്ഞ് ഞാനിരിക്കുന്നു.

കുത്തൊഴുക്കില്‍ പെടുമ്പോഴാണല്ലൊ

പിടിവള്ളികളെ നാം തിരിച്ചറിയുന്നത്.

ശവം തീനികളെയും.......

ശനിയാഴ്‌ച, മാർച്ച് 14, 2009

വെറുതെ ഒരു സംശയം



വായില്‍ നിന്ന് വരുന്നതെല്ലാം ചവര്‍പ്പ്
വെക്കുന്നതാണെങ്കില്‍ പുളിപ്പ്.
ഉറവിടമന്വേഷിച്ചപ്പോളാണ് പല്ലില്‍
അടികാണാത്തൊരു ഗര്‍ത്തം.
ചര്‍മ്മവിദഗ്ധന്റെ പരസ്യം പോലെ
സുന്ദരിയായ ഭാര്യ ഉത്തരേന്ത്യക്കാരി

ദന്തരോഗവിദഗ്ധ വായില്‍ കയ്യിട്ട്
കാട്ടിയതും പറഞ്ഞതും വീട്ടില്‍
വള്ളി പുള്ളി വിടാതെ തുപ്പിയപ്പോള്‍
മോന്‍ പറഞ്ഞു 'ചോക്ലെറ്റ് പ്രേമം.'
അവനു വേണ്ടി ചോക്ലെറ്റ് കൊണ്ട്
ഫ്രിഡ്ജ് നിറക്കുന്ന അമ്മ......
അവനു കിട്ടുന്നത് പകുതി മാത്രം.
'ഐസ് ക്രീം' മകള്‍ മകനെ തിരുത്തി.
ഡല്‍ഹിയുടെ എസ്സന്‍സ് റീചാര്‍ജ്
നെരൂലാസ് ഐസ്ക്രീമിലൂടെ
എന്ന മകളുടെ റിസര്‍ച്ച്
അമ്മയെ കൂട്ടു പിടിച്ചായിരുന്നല്ലൊ.
അപ്പോഴാണ് അടുത്ത വെടി....
ചത്തത് കീചകനെങ്കില്‍
കൊന്നത് ഭീമന്‍.......
കുറച്ചുദിവസമായില്ലെ
കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍
വായിലിട്ട് കൊറിക്കാന്‍ തുടങ്ങിയിട്ട്
ഒരു പല്ലല്ലെ പോയുള്ളു.......
കവിതകളുടെ ലോകത്തില്‍
''യുടെ വാലുപോലുമല്ലാത്ത ഞാന്‍...
എന്റെ ഒരു പല്ലുപോയാല്‍
കവികളുടെയും മഹാകവികളുടെയും
വായിലെല്ലാം വെപ്പുപല്ലായിരിക്കുമോ....


വ്യാഴാഴ്‌ച, മാർച്ച് 12, 2009

നിറങ്ങളില്‍ മുഖം നഷ്ടമായവര്‍







തളര്‍ത്തുന്ന കറുപ്പില്‍
തിളക്കുന്ന ചുവപ്പില്‍
തണുത്ത നീലയില്‍
തണലായ മഞ്ഞയില്‍
തളിര്‍ക്കുന്ന പച്ചയില്‍
പിന്നെയും ഏതൊക്കെയോ
ഉപനിറങ്ങളില്‍
മുഖം നഷ്ടമായവര്‍
ദേവകിയില്‍
യശോദയില്‍
രുഗ്മിണിയില്‍
രാധയില്‍
പേരറിയാത്ത ഏതോ
ഒരു ഗോപികയില്‍
സ്വന്തം സത്ത
തേടിയലഞ്ഞ്
അവസാനം
ഒരു മീരയില്‍
താദാത്മ്യം പ്രാപിച്ച്
ധാവള്ല്യത്തില്‍
തീര്‍ത്തും ന‍ഷ്ടമാകുന്നു.

ശനിയാഴ്‌ച, മാർച്ച് 07, 2009

ആത്മാര്‍പ്പണം



മുള്ളുറങ്ങുന്ന വഴിയിതെന്നവന്‍
മെല്ലെയാക്കൂ നടത്തമെന്നും
ഇന്ദ്രിയങ്ങള്‍ പരക്കെ തുറക്കുനീ
ഉള്ളതെല്ലാം അതുപോലെ കാണുവാന്‍.

കണ്ടു ഞാനോ നിറച്ചു പൂത്തുള്ളൊരു
നന്ദനം മാത്രമെങ്ങുമെങ്കിലും
മുള്ളൂറങ്ങുന്ന വഴിയിതെന്നവന്‍
മെല്ലെയാക്കൂ നടത്തമെന്നും.

പുഞ്ചിരിക്കുന്ന പൂക്കളെ മെല്ലെ
ഒന്നു തൊട്ടു തലോടി നിറുകയില്‍
കയ്യു വെച്ചും നടക്കവെ കയ് വിരല്‍
തുമ്പിലെന്തോ ഉടക്കിവലിച്ചപോല്‍.

നോവുണങ്ങാ വിര്‍ല്‍ത്തുമ്പിലൂറും
ചോര കണ്ടു തരിച്ചു ഞാന്‍ നില്‍ക്കെ
പിന്നില്‍ നിന്നും ചുമലിലമര്‍‍ന്നൊരു
കയ്യിലെന്നും കടല്‍ പോലെ സാന്ത്വനം.

മുള്ളുറങ്ങുന്ന വഴിയിതെന്നു ഞാന്‍
ചൊന്നതല്ലെ മിഴികളില്‍ പരിഭവം.
ഇന്ദ്രിയങ്ങള്‍ പരക്കെ തുറക്കുനീ
ഉള്ളതെല്ലാം അതുപോലെ കാണുവാന്‍‍.

തിങ്കളാഴ്‌ച, മാർച്ച് 02, 2009

ദില്ലി തുടുത്തിരിക്കുന്നു......


വര്‍ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വിഥികളുടെ ഓരോയിറമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.....
സുന്ദരിയുടെ
കൊതിപ്പിക്കുന്ന
ചുണ്ടുകള്‍ പോലെ
ചൂഴ്ന്നെടുത്തു വെച്ച
ഹൃദയം പോലെ
അതു ചുട്ടുകരിച്ച
കനല്‍ പോലെ
പലാശപ്പൂക്കള്‍
വഴിയോരങ്ങളിലും
ആകാശക്കാഴ്ചകളിലും.
ഇവിടെ ചിതറി
മരിച്ചവരുടെ
രക്തം പോലെ
അവരെ കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലെ
ഇങ്ങിനെ ചുകപ്പണിഞ്ഞ്
നമ്മളും കിടന്നേക്കാമെന്ന
തിരിച്ചറിവു പോലെ
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.