ചൊവ്വാഴ്ച, മാർച്ച് 24, 2009

പുതിയ ലോകം......

ഫ്ലാറ്റിന്റെ ഉയരങ്ങളിലേക്ക്
മരങ്ങള്‍ വളരാന്‍ മടിച്ചപ്പോള്‍
വില്‍പ്പനശാലയിലെ വലിയ
ചെടികളാല്‍ ‍എന്റെ വരാന്തകളിലെ
സായാഹ്നങ്ങള്‍ക്ക് തണല്‍ വിരിച്ചു.
എന്റെ നിത്യ ഹരിതവനം.....

അയല്‍പക്കത്തെ ഇരുണ്ട ജനലില്‍
ഞാന്‍ ഉറക്കം തൂങ്ങിയപ്പോള്‍
ഇളം നീല സാരി മുറിച്ച്
ഞാനെന്റെ ജനലുകള്‍ക്ക് വിരി തീര്‍ത്തു.
എന്റെ നീലാകാശം.......

കുളിമുറിയിലെ വെള്ളപ്പാച്ചിലില്‍
തോടും കുളങ്ങളും ഒഴുകിയെത്തിയപ്പോള്‍
ഒരു വെള്ളച്ചാട്ടം തന്നെ വാങ്ങി
മുറിയുടെ മൂലയില്‍ പ്രതിഷ്ഠിച്ചു.
എന്റെ പ്രണയതീരം......

സമയം വീടിനേകിയ മടുപ്പിക്കുന്ന
ഏകതാളം കേള്‍ക്കാതിരിക്കാന്‍
മുറികള്‍ മുഴുവനായും ഞാന്‍
സംഗീതം കൊണ്ട് നിറച്ചു.
എന്റെ ത്യാഗരാജോത്സവം....

ഇന്ന് കണ്ണാടിയുടെ മുന്നില്‍ ‍എനിക്ക്
എന്നെത്തന്നെ മടുത്തിരിക്കുന്നു.
എന്തു മാറ്റിവെക്കണമെന്നറിയാതെ
ഞാന്‍ എന്റെ കണ്ണട മാറ്റി വെച്ചു.
എന്റെ പുതിയ ലോകം......

22 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

എന്തു മാറ്റിവെക്കണമെന്നറിയാതെ
ഞാന്‍ എന്റെ കണ്ണട മാറ്റി വെച്ചു.
എന്റെ പുതിയ ലോകം......

ശ്രീ പറഞ്ഞു...

വളരെ നന്നായിരിയ്ക്കുന്നു, മാഷേ

ചിതല്‍ പറഞ്ഞു...

ഇന്ന് കണ്ണാടിയുടെ മുന്നില്‍ ‍എനിക്ക്
എന്നെത്തന്നെ മടുത്തിരിക്കുന്നു...

എല്ലാവര്‍ക്കും എല്ലാവരേയും മടുക്കുന്നു.
സ്വയം ഒഴികെ.
അങ്ങനെ മടുക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണ്

Bindhu Unny പറഞ്ഞു...

പുതിയ കണ്ണടയിലൂടെ നോക്കുമ്പോള്‍ ലോകം മാറിയോ?
അതോ, കണ്ണട വെച്ച മുഖം മാറിയോ?
അതുമല്ലെങ്കില്‍, ആ കണ്ണുകള്‍?
:-)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

നിത്യഹരിതവനവും നീലാകാശവും പ്രണയതീരവും എല്ലാം ഇഷ്ടപ്പെട്ടു.നല്ല വരികൾ

ചങ്കരന്‍ പറഞ്ഞു...

കവിതകള്‍ ഈ ഇടയായി പുതിയ തലങ്ങള്‍ തേടുകയാണല്ലോ :)

നല്ല കവിത ചിന്ത.

പ്രയാണ്‍ പറഞ്ഞു...

നന്ദി ശ്രീ....
ചിതല്‍... അങ്ങിനെയാണൊ..?അറിയില്ല.
ബിന്ദു .... a total change....
സ്വാഗതം കാന്താരിക്കുട്ടി.നന്ദിയുണ്ട് വന്നതിനും ഇഷ്ടമായതിന്നും.
ചങ്കരാ മാറ്റങ്ങള്‍ അനിവാര്യമാണ്.

Typist | എഴുത്തുകാരി പറഞ്ഞു...

ശരിക്കും നന്നായിട്ടുണ്ട്.

പ്രയാണ്‍ പറഞ്ഞു...

നന്ദി എഴുത്തുകാരി..

പാവത്താൻ പറഞ്ഞു...

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തൂ. കണ്ണടകൾ വേണം....
നിറമുള്ളതു വച്ചോളൂ... ലോകം വർണ്ണാഭമാകട്ടേ..
(കവിത തല തിരിച്ചു വായിച്ചു നോക്കി എഴുതിയ കമന്റാണ്‌..) :-)

പ്രയാണ്‍ പറഞ്ഞു...

അയ്യോ... പാവത്താന്റെ തല തിരിഞ്ഞോ...!

നരിക്കുന്നൻ പറഞ്ഞു...

ഫ്ലാറ്റ് ജീവിതത്തിന്റെ മടുപ്പിക്കുന്ന ദിനരാത്രങ്ങളിലേക്ക് സ്വയം കെട്ടിയുണ്ടാക്കുന്ന നമ്മുടെ സ്വകാര്യ സുഖങ്ങൾ. അവസാനം എല്ലാം മടുക്കുമ്പോൾ കീറിയെറിയാൻ സ്വന്തമാ‍യൊരു ആകാശമുണ്ടെന്ന്, വെട്ടിമാറ്റാൻ സ്വന്തമായ മരങ്ങളുണ്ടെന്ന്, മലിനമാക്കാൻ സ്വന്തമായൊരു തടാകമുണ്ടെന്ന് അഹങ്കരിക്കാനെങ്കിലും....
പക്ഷേ, വികൃതമായ മുഖത്തെ ഏത് കണ്ണാടിവെച്ചാണ് മിനുക്കിയെടുക്കുക?

നല്ല ചിന്തകൾ, നല്ല വരികൾ!

കാപ്പിലാന്‍ പറഞ്ഞു...

ഹെനിക്ക് വയ്യ .ഈയിടെയായി കവിതകള്‍ക്ക് അര്‍ത്ഥവ്യാപ്തി കൂടുകയാണല്ലോ .

കണ്ണടക്കു പകരം ആ മുഖം ഒന്ന് മാറ്റിക്കൂടെ ? തെളിമയാര്‍ന്ന നല്ല മുഖം വരട്ടെ ..നേരത്തെ കവിത എഴുതിയതുപോലെ തിരകള്‍ ഉള്ള കടല്‍ . പൊട്ടിച്ചിരിക്കുന്ന തിരമാലകള്‍ ഉള്ള കടല്‍ .

( ഞാന്‍ എന്തൊക്കെയാണ് ഈ എഴുതുന്നത്‌ ) .

ആ ആര്‍ക്കറിയാം . എന്തായാലും കവിത ഇഷ്ടപ്പെട്ടൂ :)

പ്രയാണ്‍ പറഞ്ഞു...

അല്ല നരിക്കുന്നന്‍....എന്നും കണ്ടുകൊണ്ടിരിക്കാന്‍ കലുഷിതമാവത്തൊരു നീലാകാശം എന്റെ പറവകള്‍ക്ക് വന്നിരിക്കാനൊരു കൊമ്പ് തോട്ടത്തില്‍ പൂനുള്ളാനെത്തുന്നവരെ വിലക്കാനുള്ള അവകാശം തടാകത്തിലെ മത്സ്യങ്ങള്‍ക്ക് ശ്വാസമുട്ടാതെ ജീവിക്കാന്‍ ഇത്തിരി വെള്ളം ഇത്രയൊക്കെയെ ഞാന്‍ ‍മോഹിക്കുന്നുള്ളു. ഇത്രയും വ്യാമോഹങ്ങളുണ്ടാവുമ്പോള്‍ നമ്മുടെ
ചിരി എപ്പോഴും നിലനിര്‍ത്താന്‍ വിഷമമല്ലെ കാപ്പിലാന്‍.

വരവൂരാൻ പറഞ്ഞു...

ഇളം നീല സാരി മുറിച്ച് ഞാനെന്റെ നീലാകാശം തീര്‍ത്തു. ഇതു പോലെ എല്ലാം കൂട്ടിവെച്ച്‌ നീ കവിതയുണ്ടാക്കുന്നു, മനോഹരം ഈ എഴുത്ത്‌

ശ്രീഇടമൺ പറഞ്ഞു...

വളരെ നല്ല കവിത...
ആശംസകള്‍...*

ജ്വാല പറഞ്ഞു...

ഹരിതവനം,നീലാകാശം,പ്രണയതീരം,ത്യാഗരാജോത്സവം...എത്ര മനോഹരമായി സൃഷ്ടിച്ചു..വാക്കുകളുടെ ഈ മാസ്മരികതക്കു നന്ദി

പ്രയാണ്‍ പറഞ്ഞു...

നന്ദി ....
വരവൂരാന്‍,
ശ്രീഇടമണ്‍,
ജ്വാല....വന്നതിന്നും ഇഷ്ടമായതിന്നും

Dileep പറഞ്ഞു...

നന്നായിട്ടുണ്ട്‌..നല്ല ചിന്ത :)

പാവപ്പെട്ടവൻ പറഞ്ഞു...

ഇന്ന് കണ്ണാടിയുടെ മുന്നില്‍ ‍എനിക്ക്
എന്നെത്തന്നെ മടുത്തിരിക്കുന്നു.
എന്തു മാറ്റിവെക്കണമെന്നറിയാതെ
ഞാന്‍ എന്റെ കണ്ണട മാറ്റി വെച്ചു.
എന്റെ പുതിയ ലോകം......
നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം
നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ ആശംസകള്‍

പ്രയാണ്‍ പറഞ്ഞു...

Dilee:
പാവപ്പെട്ടവന്‍ :
നന്ദി, വന്നതിന്നും അഭിപ്രായം പറഞ്ഞതിന്നും.

ചന്ദ്രകാന്തം പറഞ്ഞു...

ഹരിതം, നീലം, സര്‍‌വ്വ വര്‍ണ്ണരാജിതം പ്രണയം...
കാണാക്കാഴ്ചകളിലേല്‍ക്ക്‌ നോട്ടമെത്തിയ്ക്കാനൊരു കണ്ണട.
കുറേ ശരികള്‍ ഒന്നിച്ചു കാണാനാവുന്നുണ്ട്‌.