ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

ഞാന്‍........?


ആദ്യമായി ഞാനെന്നെ
തിരിച്ചറിഞ്ഞത്
നിന്റെ കണ്ണുകളിലാണ്....!
ജന്മങ്ങളായി ഞാനവിടെ
ഉണ്ടായിരുന്നെന്ന്
നിന്റെ കണ്ണുകളിലെ തിളക്കം.....
മറ്റുള്ളവര്‍ക്കായി
മാറിമാറിയണിഞ്ഞ
നിറക്കൂട്ടുകള്‍ എന്നില്‍നിന്ന്
പിണങ്ങിപ്പിരിയുമ്പോള്‍
അവര്‍ക്കൊപ്പമെത്താന്‍
ശരീരം പെരുപ്പിച്ച്
കിതച്ചു മടുക്കുമ്പോള്‍
ഞാനോടിയെത്തുന്നു.
നിന്റെ കണ്ണുകളില്‍
നിന്റെ നെഞ്ചിലെ ചൂടില്‍
എന്റെ മുടിയിലൂടൊഴുകുന്ന
നിന്റെ വിരലുകളില്‍
ഞാനെന്നെ തിരയുന്നു....!
നിന്റെ കണ്ണുകളിലാദ്യം കണ്ട
എനിക്കെന്നോ നഷ്ടമായ
പഴയ ദാവിണിക്കാരിയെ....

ഞായറാഴ്‌ച, ഓഗസ്റ്റ് 23, 2009

അത്തം



ചാണകം മെഴുകിയ നടുമിറ്റത്ത്
തുമ്പപ്പൂക്കളമിട്ട് നനഞ്ഞൊലിച്ച്
അത്തമിരുന്നു...അരികില്‍
ഗണപതിക്കിട്ട തേങ്ങ....
മേലടുക്കളയില്‍ അയ്യപ്പന്

അമ്മ നേര്‍ന്ന നെയ്പ്പായസം.....
ഓണം വെളുക്കണമത്രെ....
അതിനത്തം കറുക്കണം...!
ആദ്യം വന്നിട്ടും
അണിഞ്ഞിരുന്നിട്ടും
അത്തം കറുക്കണമത്രെ.....!
കാലങ്ങളായുള്ള പക്ഷഭേദം...
അത്തക്കൂറെന്ന പരിഹാസം
കറുക്കാതിരിക്കുന്നതെങ്ങിനെ...?
ഗണപതിക്കിട്ട തേങ്ങ,
അയ്യപ്പന് നെയ്പ്പായസം.
ഒറ്റപ്പൂക്കളത്തിനു നടുവിലിരുന്ന്
കണ്ണീരൊലിപ്പിച്ച് അത്തം കറുത്തു.
എത്രയായാലും തന്റെ

പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെ.....

വ്യാഴാഴ്‌ച, ഓഗസ്റ്റ് 20, 2009

പറഞ്ഞുപോയ വാക്ക്



പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍
അറിയാതെ മുറിഞ്ഞുവീണതാണാ വാക്ക്....
ഞാനതറിഞ്ഞില്ലെങ്കിലും നീ കേട്ടു.
അതു കടല്‍ പോലെ അഗാധമാണെന്നും
അതില്‍ ശ്വാസം മുട്ടിക്കുന്ന നീരാഴികളും
ഒന്നാകെ വിഴുങ്ങുന്ന സ്രാവുകളുമുണ്ടെന്നു നീ....!
എന്നാലും വെറുമൊരു വാക്കല്ലെയെന്നു ഞാന്‍.
അറിയാതെ പിറന്ന ആര്‍ക്കും വേണ്ടാത്ത
അപ്പോള്‍ത്തന്നെ ഞെരിച്ചുകൊന്ന ജഡം......
പറഞ്ഞു തീര്‍ന്നതും പറയാനിരിക്കുന്നതും
കേള്‍ക്കാന്‍ കൊതിക്കുന്നതുമായ വാക്കുകള്‍ക്കിടയില്‍
ഈ മരിച്ചുപോയ വാക്കിനെന്തു പ്രസക്തി?
വായവിട്ട വാക്കിന് മരണമില്ലെന്ന്,
വാക്ക് വാക്കായിരിക്കുമെന്ന് നിന്റെ വാശി.....
അതാണ് പണ്ടുള്ളവര്‍ പറയുന്നത്,
വാക്കെറിയുമ്പോള്‍ അളന്നെറിയണമെന്ന്.

ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2009

ശാരദ....




ഏടുത്താല്‍ പൊന്താത്ത മല ഓടിക്കയറുമ്പോള്‍ ശ്വാസം നെഞ്ചിനെ വിഴുങ്ങും പോലെ. 'ഒന്നുപതുക്കെ'
അവള്‍ ശാരദ മുകളിലേക്ക് നോക്കിയാല്‍ ആകാശം കാണാത്ത ഗര്‍ത്തം പോലെയുള്ള ഇരുട്ടുനിറഞ്ഞ ഇടവഴിയിലൂടെ കയ്യുപിടിച്ചുവലിച്ച് നിര്‍ത്താതെ ഓടി.

'ഇങ്ങിനെ ഓടുമ്പോഴാണ് അവള്‍ക്ക് മഞ്ഞക്കാമല പിടിച്ചത്....ആ ശാന്തിപ്പെണ്ണിനേയ്.....'ശാരദ പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ചയാണ് ശാന്തി മരിച്ചത്. ഒരു മിണ്ടാപ്രാണി....അവളുടെ അമ്മക്കും സംസാരശേഷി ഉണ്ടായിരുന്നില്ല. ആ അമ്മയുടെ പേര്‍ ആരും ചോദിച്ചില്ല. 'പൊട്ടത്തി'യെന്ന് ഉറക്കെവിളിച്ചാല്‍ അവര്‍ ചിരിച്ചുകൊണ്ടോടിവരുമായിരുന്നു. എന്തു പണിയും ചെയ്യും. ശാന്തി മരിച്ചപ്പോള്‍ പൊട്ടത്തി എങ്ങിനെ കരഞ്ഞിട്ടുണ്ടാവുമെന്നാണ് ഞാന്‍ ആലോചിച്ചത്. അച്ഛനാരെന്നറിയാത്ത ശാന്തി ശാരദയുടെ അച്ഛന്‍പെങ്ങളുടെ മകളായിരുന്നു.ഒരു മാസമാണവള്‍ പനിച്ചുകിടന്നത്.

ഇടവഴിക്കരുകിലെ ഗുഹപോലുള്ള ഇരുട്ടുചൂണ്ടി ശാരദ പറഞ്ഞു' അതുകണ്ടൊ..... അവിടെയെന്തൊ കണ്ടാണവള്‍ പേടിച്ചത്...അവളുടെ പ്രേതം ഇവിടെയൊക്കെയുണ്ടാവും......'

കണ്ണുകള്‍ ഇറുക്കിയടച്ച് കുത്തനെയുള്ള കയറ്റം ഓടിക്കയറിയപ്പോള്‍ ഹൃദയം പിടച്ച് പിടച്ച് താഴെവീഴുമെന്ന് തോന്നി. നല്ല ആള്‍സഞ്ചാരമുള്ള വഴിവിട്ടാണ് ശാരദ എന്നെ ഈവഴി കൊണ്ടുവന്നിരിക്കുന്നത്.
എന്റെ ഇരട്ടി വയസ്സുണ്ടായിട്ടും അവള്‍ എന്റെ കൂടെ രണ്ടാം ക്ലാസ്സിലായിരുന്നു. രാവിലെയും വൈകീട്ടും സ്കൂളിലേക്ക് എനിക്ക് കൂട്ടു വരുന്ന ജോലി അവള്‍ക്കായിരുന്നു.മടക്കയാത്രയില്‍ ഞങ്ങള്‍ കളിച്ചിരുന്ന ഊഹക്കളി ശാരദ എന്നും അവസാനിപ്പിച്ചിരുന്നത് എന്റെ അമ്മയുണ്ടാക്കിയിരുന്ന എതെങ്കിലും നാലുമണിപ്പലഹാരത്തിലായിരുന്നു.

'വാവേ....'രാവിലെ ജനലിലൂടെശാരദയുടെ ഉറക്കെയുള്ള വിളികേട്ടാണ് ഞാന്‍ ഉണര്‍ന്നത്....മേലുമുഴുവന്‍ വല്ലാത്ത വേദന തോന്നി.

'വാവക്ക് പനിയാണ് ...ഇന്ന് വര്ണില്യ' അമ്മ കടന്നു വന്നു.ശാരദയുടെ കണ്ണുകള്‍ മിന്നിയത് പനിത്തളര്‍ച്ചയിലും ഞാന്‍ കണ്ടു.

'വൈയ്യിട്ട് സ്ക്കൂളുവിട്ടുവരുമ്പൊ കീഴാര്‍നെല്ലി കൊണ്ടരട്ടെ ഞാന്‍ ....'ശാരദയുടെ ശബ്ദത്തില്‍ വല്ലാത്ത ഉത്സാഹം.

'എന്തിനാത്' പുറത്തേക്കിറങ്ങിയ അമ്മ പെട്ടന്ന് തിരിഞ്ഞുനിന്നു.

'വാവക്ക് കൊടുക്കാന്....‍'

'നീ പോയ്ക്കൊ ...ഇനി വേണ്ടപ്പൊ വിളിക്കാം...'വഴുതി വഴുതി മയക്കത്തിലേക്ക് വീഴുമ്പോഴും
ഞാനറിഞ്ഞു അമ്മയുടെ ശബ്ദത്തില്‍ പതിവില്ലാത്ത മുഴക്കം.

ബുധനാഴ്‌ച, ഓഗസ്റ്റ് 12, 2009

ശിരോലിഖിതം


നിന്‍ ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍ നീ
കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...

അലറിക്കരഞ്ഞുകൊണ്ടതു
പോല്‍കോപം കൊണ്ട്
കടലായ് കൊടുങ്കാറ്റായ്
ചിതറിതെറിച്ചു പിന്നി-
ടയില്‍തണുത്തുറഞ്ഞൊടുവില്‍
മനം വെന്ത മരു പോലചഞ്ചല
നിര്‍വീര്യയായ്നീയെന്നോ...

ഒന്നുരണ്ടല്ല ... നൂറ്റി
യെട്ടിലുമൊതുങ്ങാതി-
ന്നെണ്ണൂന്നു കബന്ധങ്ങള്‍
നിന്റെ മക്കളന്ന്യോന്ന്യം...
ഒരുവഴി ചെന്നെത്തുവാന്‍
കര്‍മ്മത്തിന്‍ഫലത്തേക്കാള്‍
ഒരുപിടി അവിലേ നല്ലൂ
എന്നല്ലോ നിനപ്പിവര്‍.....

കൊഞ്ചിച്ചു വഷളാക്കി
മക്കളെയെന്നോ
കാന്തന്‍ ചൊല്ലുന്നു കോപം
കൊണ്ടു തുടുത്ത നയനങ്ങളാല്‍.....
ഉയരുന്നൂഷ്മാവത്രെ
നിന്റെ നെഞ്ചിലെയഗ്നി
നിന്നുകത്തുകയാവാം
അതിഘോരമനുദിശം....

നിന്‍ ശിരോലിഖിതാനു
സാരമെന്‍ വസുന്ധരെ
നില്‍ക്കുന്നു നീയിന്നീ
കലിയുഗ കാണ്ഡത്തില്‍...
പണ്ടുതാന്‍ പ്രവചിതം
ഈവിധി തിരുത്താന്‍
നീ കണ്ട പ്രായശ്ചിത്തമോ
ശയന പ്രദക്ഷിണം...


ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2009

കുഞ്ഞു നൊമ്പരം .......


പണ്ടു നിന്റെ നിറകണ്ണില്‍
കടല്‍ കണ്ടവരാണു ഞങ്ങള്‍.
ഒരു മാമ്പൂ പൊട്ടിച്ചതിന്ന്
അമ്മ വഴക്കു പറഞ്ഞതും
നിന്റെ കണ്ണുകള്‍ നിറഞ്ഞതും
മനസ്സിന്റെ അടരുകളില്‍
പതഞ്ഞ് പുതഞ്ഞ്
ഒരു നോവായി ഇന്നും....!
ആര്‍ദ്രമായ ഒരു തലോടലില്‍
കടല്‍ മുഴുവന്‍ വറ്റിച്ച്
കനവു പാവാന്‍ വെറും
നിമിഷത്തിന്റെ അംശ ശേഷം....
ഇന്നു നിന്റെ നെഞ്ചുരുകി
കണ്ണീര്‍ക്കടല്‍ കവിഞ്ഞ്
പ്രളയം തീര്‍ക്കുമ്പോള്‍
നിന്റെ കണ്ണിരുപ്പുകൊണ്ട്
കടല്‍ത്തിണ്ണകള്‍ തീര്‍ത്ത്
തിരിഞ്ഞിരുന്ന് ഞങ്ങള്‍
ഞങ്ങളുടെ കനവുകള്‍ പാവാന്‍
വിളനിലങ്ങള്‍ അന്വേഷിക്കുന്നു.


ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2009

രക്ഷാബന്ധന്‍


ഇന്ന് രക്ഷാബന്ധന്‍. മണികണ്ഠത്തില്‍ ബന്ധിക്കുന്ന ഒരു നിറച്ചരടില്‍ ബന്ധങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്ന ദിവസം.അനുഷ്ടാനത്തിന് ഏകദേശം 6000 വര്‍ഷത്തിന്റെ അതായത് സിന്ധുനദിതടസംസ്കാരം നിലവില്‍ വന്ന കാലത്തിന്റെയത്ര പഴക്കമുണ്ടത്രെ.
സഹോദരീസഹോദരബന്ധത്തെ അരക്കിട്ടുറപ്പിക്കുക സഹോദരിയോടുള്ള അവന്റെ ഉത്തരവാദിത്വത്തില്‍ ഒരു തിരിച്ചറിവുണ്ടാക്കുക ഇത്രയുമാണ് ആചാരംകൊണ്ടുദ്ദേശിക്കുന്നത്.
ശ്രാവണമാസത്തിലെ പൗര്‍ണ്ണമി (ശ്രാവണപൂര്‍ണ്ണിമ) ദിവസമാണ് സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഉത്സവം കൊണ്ടാടുന്നത്. ചുവപ്പും മഞ്ഞയും സ്വര്‍ണ്ണവും കൂടിക്കലര്‍ന്ന ഒരു ചരടിനാല്‍ വിളക്കപ്പെടുന്ന ബന്ധത്തിന്റെ പവിത്രത ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താന്‍ ബന്ധനം നിഷ്ക്കര്‍ഷിക്കുന്നു.
രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പുരാണങ്ങളില്‍ ചില കഥകള്‍ ഉണ്ട്....
തന്റെ ഭക്തനായിരുന്ന മഹാബലിയുടെ രാജ്യം സംരക്ഷിക്കാനായി എത്തിയ മഹാവിഷ്ണു വൈകുണ്ഠത്തില്‍ തിരിച്ചെത്താഞ്ഞപ്പോള്‍ ലക്ഷ്മീദേവി ഒരു ബ്രാഹ്മണയുവതിയായി ബലിയുടെ അടുത്ത് അഭയം തേടുന്നു. ശ്രാവണപൂര്‍ണ്ണിമയുടെയന്ന് ബലിയുടെ കയ്യില്‍ രാഖികെട്ടിയ ലക്ഷ്മീദേവി തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തുകയും ബലി സസന്തോഷം വിഷ്ണുവിനെ വൈകുണ്ഠത്തിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു.അന്നുമുതല്‍ ആഘോഷം കൊല്ലം തോറും ആഘോഷിച്ചു വരുന്നുവത്രെ.
ഇതില്‍ അസുര രാജാവായ ബലി ഇന്ദ്രനുമായി നടത്തിയ യുദ്ധമായിരുന്നു അതെന്നും ഇന്ദ്രന്റെ പത്നി സചീദേവിക്ക് വിഷ്ണു കൊടുത്ത പവിത്രനൂല്‍ ബലിയുടെ കയ്യില്‍ കെട്ടിയതിനാല്‍ ബലി ഇന്ദ്രനെ കൊല്ലാതെ വിട്ടുവെന്നും ഒരു കഥയുണ്ട്. നമ്മുടെ ഓണവുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഒരു റിസര്‍ച്ചിനുള്ള വകയുണ്ട്.
ചരിത്ര യുദ്ധങ്ങളിലും രാഖി കടന്നുവരുന്നുണ്ട്. 300 ബി സിയില്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഭാരതത്തെ ആക്രമിച്ചപ്പോള്‍ അന്നത്തെ രാജാവായിരുന്ന പുരുവില്‍നിന്ന് ഒരുപാട് നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നു. രക്ഷാബന്ധനെപ്പറ്റി അറിയാമായിരുന്ന മഹാറാണി പുരുവിന്ന് രാഖികെട്ടുകയും പുരു അതു സ്വീകരിക്കുകയും ചെയ്തു. പിന്നീടുണ്ടായ യുദ്ധത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കൊല്ലാനുള്ള സാഹചര്യമുണ്ടായിട്ടും സഹോദരിഭര്‍ത്താവ് എന്ന പരിഗണനയില്‍ അദ്ദേഹം അതു ചെയ്യുന്നില്ല.
രജപുത്തരും മുഗളരും തമ്മിലുള്ള ബന്ധവും രക്ഷാബന്ധനിലൂടെ വളര്‍ന്ന ചരിത്രമുണ്ട്. ചിത്തോഡിലെ റാണിയായിരുന്ന വിധവയായ കര്‍ണാവതി ഗുജറാത്ത്സുല്‍ത്താനായിരുന്ന ബഹദൂര്‍ഷായില്‍നിന്ന് രക്ഷപ്പെടാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഹുമയൂണിന് രാഖി അയക്കുകയും
ഹുമയൂണ്‍ യുദ്ധത്തിലിടപെടുകയും ചെയ്തു.
രക്ഷാബന്ധന്റെ ഉത്ഭവമായി പറയാന്‍ പറ്റുന്ന മറ്റൊരു കഥ ഒരു പക്ഷെ കൃഷ്ണനും ദ്രൗപതിയും തമ്മിലുള്ളതാവും.ശിശുപാലനെ നിഗ്രഹിക്കുന്നതിന്നിടയില്‍ കൃഷ്ണന്റെ ഇടതുകയ്യില്‍നിന്നും രക്തം വാര്‍ന്നൊലിക്കാന്‍ തുടങ്ങി. ഇതുകണ്ട ദ്രൗപത് സ്വന്തം വസ്ത്രാഞ്ചലം കീറി കൃഷ്ണന്റെ മണികണ്ഠത്തില്‍ കെട്ടി രക്ത വാര്‍ച്ച നിര്‍ത്തുന്നു.സന്തുഷ്ടനായ കൃഷ്ണന്‍ ദ്രൗപതിയെ സഹോദരിയായിക്കണ്ട് ഭാവിയില്‍ അവളുടെ രക്ഷക്കായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. ബാക്കി നമുക്കറിയാമല്ലൊ....
ഇത്രയും പറഞ്ഞതില്‍നിന്നും രാഖിയുടെ ശക്തി മനസ്സിലായിട്ടുണ്ടാവുമല്ലൊ. പവിത്രമായ സ്ത്രീ പുരുഷ ബന്ധങ്ങളെ വികലമായ മനസ്സു കൊണ്ട് അളക്കുന്ന ഇന്നത്തെ കാലത്ത് ഇങ്ങിനെയൊരാചാരം പ്രാധാന്യമര്‍ഹിക്കുന്നു.നല്ല സൗഹൃദങ്ങളെ വിട്ടേക്കു.... രക്ത ബന്ധങ്ങളെ പോലും തിരിച്ചറിയാത്ത ഒരു മനസ്സുമായാണ് ഒരുവിഭാഗം നമ്മുടെയിടയില്‍ ജീവിക്കുന്നത്. കാലങ്ങളായുള്ള അനുഷ്ടാനം കൊണ്ട് ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കുറവൊന്നുമില്ലെങ്കിലും സ്ത്രീക്കെതിരെ നീങ്ങുമ്പോള്‍ കയ്യിലെ ചരട് ഒരു നിമിഷം ചിന്തിക്കാനുള്ള പ്രേരകമായെങ്കില്‍ എന്നു മാത്രം. ഗൂഗിള്‍

<a href = "http://marunadan-prayan.blogspot.com/2009/02/blog-post_01.html">

രക്തബന്ധം.......?<