വ്യാഴാഴ്‌ച, ജനുവരി 31, 2013

എന്‍റെ മലയാളമേ.....



എനിക്കു നിന്‍
മഴപ്പേച്ചിന്‍
കുസൃതിവേണം,
നിന്‍റെ കടല്‍ക്കാറ്റിന്‍
കനപ്പുള്ള വിയര്‍പ്പും വേണം.
കിളിക്കൂട്ടമിളവേല്ക്കും
മരച്ചില്ലയഴിഞ്ഞാടും
നിഴല്‍ തോറ്റമൊരുക്കുന്ന
തണലും വേണം. 


കരിമ്പച്ച
പുതച്ചൊരു കാടുംവേണം,
കാടിന്‍ കഥ ചൊല്ലി
വയല്‍ തേകുമരുവിവേണം.
മലങ്കാറ്റ് വഴിതെറ്റി
കിതപ്പാറ്റും പകല്‍
ക്കൊമ്പില്‍
ഇരുള്‍ക്കൂട്ടംചേക്കേറും
വിരുത്തം വേണം.


കടല്‍പാട്ടിന്‍
താരാട്ടും
തലോടല്‍ വേണം,
തലതല്ലി ചിരിക്കുന്ന
തിരയും വേണം
അലമാല ഞൊറിഞ്ഞെത്തി
കരയെ വെണ്‍പട്ടുചാര്‍ത്തി
പതഞ്ഞേന്തി
പുണരുന്ന
നുരയും വേണം.....



ഇനിയും നിന്‍
തനിമതന്‍
ഇനിമവേണം.
ഒരുമേളപ്പെരുക്കത്തിന്‍
ചൊരുക്കും വേണം.
തിടമ്പേറ്റി ചെവിയാട്ടി
നടക്കും നിന്‍ പെരുംപൂര-
പ്പെരുമയില്‍
ഒരുമതന്‍ ഗരിമ വേണം.

വ്യാഴാഴ്‌ച, ജനുവരി 24, 2013

ചില ആവിഷ്ക്കാരങ്ങള്‍....





ഞങ്ങളുടെ നഗരം
ഇടക്കിടെ കാടുകയറും!
ശീതവാതത്തിന്‍റെ
മഞ്ഞുമണം പരത്തി
ഒരുപൊട്ട് സൂചിയിലക്കാടും,
മരുമണലിന്‍റെ
ഊഷരതയില്‍നിന്നൊളിച്ചോടി
ഒരു കളളിമുള്‍ക്കാടും,
അധിനിവേശാനന്തര
കന്യാവനങ്ങളുമപ്പോള്‍
അതിശയിപ്പിക്കുന്ന
ആത്മാവിഷ്ക്കാരത്തിന്‍റെ
ആധിക്യത്തിലാവും.

പരന്ന ഫൈബര്‍ വേസിലെ
കുഞ്ഞുവെള്ളത്തെ
ഒരുതടാകമെന്ന്
വൃഥാ മോഹിപ്പിച്ചത്
വേരുകളറ്റുപോയ
ഒരു മുളങ്കൂട്ടമാണ്.

ഉരുളന്‍ കല്ലുകള്‍
നീരൊഴുക്കിനെ സ്വപനം കണ്ടതും
മീനുകള്‍ക്കായി
പൊത്തുകളൊരുക്കി കാത്തിരുന്നതും
വെറുമൊരു
അസ്തിത്വഭ്രംശത്തിന്റെ
തുടര്‍ച്ചയാവണം.

പിന്നിലൂടെവന്നു കണ്ണുപൊത്തുന്ന
സൂര്യനെയോര്‍ത്ത്
കിഴക്കന്‍ മലയെന്നൊരു
കരിമ്പാറക്കഷ്ണം
മുഖം മിനുക്കാന്‍
ആകാശക്കണ്ണാടി തിരയുന്നുതും,

മലഞ്ചെരിവിലെന്നേതോ
പേരറിയാപ്പൂക്കള്‍
വിരിയാറായോയെന്ന്
ഓരോയിതളായി
കണ്‍മിഴിച്ചുനോക്കുന്നതും,

വെറുമൊരു തഴുകലില്‍
ഉണര്‍ന്നു പാടിയിരുന്ന
മുളന്തണ്ടിന്‍റെ ഓര്‍മ്മയില്‍
കാറ്റ് ചുറ്റിനടന്നതും,
ഒരു കരിവണ്ട്
വട്ടമിട്ടുമൂളിപ്പറന്നതും
ഒരാത്മസാല്‍ക്കരണത്തിന്‍റെ
ഭാഗമാവണം.

കോഴിപ്പൂവേയെന്നൊരു
നനുത്ത വിസ്മയം
വൂള്‍ഫ്ളവറെന്നും
എന്‍റെചെമ്പകമേ
എന്നൊരു ഗന്ധമൊഴുകി
ഹവായിയന്‍ ഫ്ലവറെന്നും
മുഖം തിരിക്കുമ്പോള്‍

കുടകിലെ നിത്യഹരിതവനം
പരിസ്ഥിതിരാഷ്ട്രീയത്തില്‍
പൂത്തുനിറയുയുന്നു;
കുമായൂണിലെ കുഞ്ഞുതടാകവും
സുവര്‍ണ്ണമരുഭൂമിയിലെ
പൊള്ളുന്ന തീനാളങ്ങളും
തൊട്ടുതൊട്ടുള്ള വേസുകളിലിരുന്ന്
മനസ്സു കോര്‍ക്കുന്നു.

കാടൊരുക്കങ്ങള്‍ക്കപ്പുറം
നഗരം  വാതില്‍തുറന്നുതരുമ്പോള്‍
പാറക്കെട്ടുകള്‍ക്കിടയിലൂടെ
കൂരിക്കായുടെ പുളിരസം ചവച്ചുതുപ്പി
പുല്ലാനിക്കാടുകള്‍ക്കിടയിലൂടെ നൂണ്ട്
മുയലിനെ പിടിച്ച്
പൊത്തുകളില്‍ പാമ്പുകളെ
കണ്ടെന്ന്നടിച്ച്
കാടൊരാഘോഷമാക്കും ഞങ്ങള്‍.

ഇത്തരം പ്രതീകസങ്കലനങ്ങളില്‍ നിന്നും
ഞങ്ങള്‍ നഗരവാസികള്‍
ഓര്‍ത്തെടുക്കുന്നത് കൈമോശം വന്ന
കാടിന്‍റെ, വെള്ളത്തിന്‍റെ,
ആകാശത്തിന്‍റെ, ഭൂമിയുടെ തന്നെ
പുനരാവിഷ്കാരമാണല്ലോ.

തിങ്കളാഴ്‌ച, ജനുവരി 21, 2013

നുരകള്‍...



എന്റെ പൂക്കാലമേ
നീയെന്നില്‍ നിറഞ്ഞുപൂക്കുക........
മുള്ളുറങ്ങുന്ന
ഇരുള്‍പ്പുറങ്ങളില്‍
നിഴല്‍ പെരുകുന്ന
ശീത തടങ്ങളില്‍
വരണ്ടുവറ്റിയ
മനപ്പാടങ്ങളില്‍
പഞ്ചകാമനയുടെ
പതിവുസഞ്ചാരമായി
എന്നും നീ വിരുന്നു പാര്‍ക്കുക....

*********

ഒരു പുഴയെ തടുത്തുനിര്‍ത്താമെന്ന വ്യാമോഹത്തില്‍
കൈനീട്ടുന്നുണ്ട് ഞാന്‍
വിരലുകള്‍ക്കിടയിലൂടെ ഓടിയിറങ്ങിയെന്നിട്ടും
പുഴ നിന്‍റെ മുന്നിലെത്തിച്ചിണുങ്ങുന്നു.
കെട്ടിനില്‍ക്കുന്നവെള്ളം ചീഞ്ഞു നാറിത്തുടങ്ങുമെന്ന്
കെട്ടഴിച്ചുവിടും നീയിടക്കിടെ .
കുടുങ്ങിക്കിടന്ന ഇലകള്‍ മുള്ളുകള്‍ മരങ്ങള്‍ ചീഞ്ഞുതുടങ്ങിയതെന്തൊക്കെയോ
കിട്ടിയ വഴികളിലൂടെ നുരച്ചും പതച്ചും
ഒഴുകിത്തുടങ്ങും പതുക്കെ....
വീണ്ടും നീകാണാതെ
വിരലുകള്‍ മുറുക്കെചേര്‍ത്തു പിടിച്ച് തടുത്തുനോക്കും ഞാന്‍.
എന്നിട്ടും
തടുത്തുനിര്‍ത്താനാവാതെ ഒരുതുള്ളി
ഇറങ്ങിയോടുന്നുണ്ടതു നിന്നോടു പറയാന്‍.

വ്യാഴാഴ്‌ച, ജനുവരി 10, 2013

But



‘The impropriety of her dressing’
That was what you were talking about!


It is natural for men
To get aroused
By a short glimpse
Of the fullness of a woman.
Was your logic !

You were worried about
The conquettish nature
Of women
Which intoxicate men!

‘Do not succumb
To temptations….’
It was the preacher in you.
‘Some matters are
Difficult to change ..
Difficult, as they are.’
You were concluding
With a sigh!

But
What about that girl?
That three year old one
Who laughed from her heart
For that chocolate
In your hand?

ബുധനാഴ്‌ച, ജനുവരി 02, 2013

'Its my fault'


Everything is your fault
They said!
Hibiscus on a jasmine vine!
You should’ve washed
These bright colours
Should’ve trimmed the petals
When it was still small.
Should’ve worn a mask to prevent
From looking left or right.
Should’ve grown to be like
Sitha, Saavithri or at the least a Meera.
It is not late.
Not too late , they said,
To burn your feathers!
And to wash out
The colours of your dreams
By restricting you!
To revolve around an axis...

ചൊവ്വാഴ്ച, ജനുവരി 01, 2013

ഒരു മരണക്കുറിപ്പ്...... ജനനസുവിശേഷവും.



ഓരോയാത്രയയപ്പും
ഓരോ ആഘോഷമാക്കാറുണ്ട്
ഞങ്ങള്‍......
യാത്രയാകുന്നവരുടെ
ഭൂതത്തില്‍നിന്നും
കല്ലും കാഞ്ഞിരവും പിഴുത്
വാക്കുകള്‍ ചിന്തേരിട്ടും
മൂര്‍ച്ചകൂട്ടിയും
ലോകസമക്ഷം
കവിതയെന്നും
കഥയെന്നും
ലേഖനമെന്നും
അടിക്കുറിപ്പുകളെഴുതും.
വെട്ടിയതും കൊന്നതും
മാറ്റുരച്ച്
കൊടുത്തതും കിട്ടിയതും
പെരുക്കിപ്പെരുപ്പിച്ച്
ആ ശ്വാസമൊടുങ്ങുന്നതിന്നും
എത്രയോമുന്‍പേ തന്നെ
ഞങ്ങള്‍ എഴുതിത്തുടങ്ങും.
അവസാനശ്വാസം കൈകള്‍കൂപ്പി
വിടപറയും മുന്‍പെ
റൂഷും ലിപ്സ്റ്റിക്കുമിട്ട്
മിനുക്കുപണികള്‍തീര്‍ത്ത്
വിലപേശിത്തുടങ്ങിയിരിക്കും
സ്വര്‍ഗ്ഗവാതില്‍
തനിയെതുറന്നുപോകുന്ന
യാത്രാമംഗളങ്ങള്‍....
ഗൃഹാതുരമായ
ഓര്‍മ്മക്കുറിപ്പുകള്‍......
.
.
.
ഇതൊന്നു കഴിഞ്ഞുകിട്ടിയിട്ടുവേണം
ഞങ്ങള്‍ക്ക് പ്രതിനായകന്‍റെ
സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍...
ആ സുവിശേഷങ്ങളെഴുതാനും....
വരാന്‍ പോകുന്നതെന്തെന്ന്
കണ്ടുതന്നെയറിയണമല്ലോ.