ബുധനാഴ്‌ച, സെപ്റ്റംബർ 29, 2010

ഒരു ശിശിരകാല മോഹം...........



പങ്കുവെക്കാനിനിയൊന്നുമില്ലെന്ന്

പറന്നുപോയൊരു മനസ്സ്

തിരിഞ്ഞുനിന്ന് വിളിക്കാറുണ്ട്......

ഇനിയും വരാറായില്ലേയെന്ന്
മോഹങ്ങളിനിയുമടങ്ങിയില്ലേയെന്ന്.....

ശരിയാണല്ലോയെന്ന ഭയത്തെ

എരിയിച്ച് ഞാനവ തെളിയിക്കുന്നു

മഞ്ഞുമൂടിയ എന്റെ പ്രഭാതങ്ങളെ

പുതച്ചുറങ്ങുന്ന മഴക്കാലങ്ങളെ

വേനലില്‍തെളിയും മരീചികകളെ

നിറം ചാലിച്ചുമടുക്കാത്ത സന്ധ്യകളെ

ഇരുളില്‍ തെളിയും മിന്നാമിന്നികളെ

പിന്‍കഴുത്തിലമര്‍ന്ന നിന്റെ നിശ്വാസങ്ങളെ..............

ഇലപൊഴിച്ച് ശിശിരം വെറുതെ കൊതിപ്പിക്കുന്നു

ഇങ്ങിനെ ഇലപൊഴിഞ്ഞ് ഒന്നുമല്ലാതാവാന്‍

പിന്നെ അഗ്നിശുദ്ധിവരുത്തി

വീണ്ടും തളിര്‍ത്തു നിറയാന്‍

നമുക്കും കഴിഞ്ഞിരുന്നെങ്കില്‍..................

ചൊവ്വാഴ്ച, സെപ്റ്റംബർ 21, 2010

അനീത്തിക്കുട്ടി..............


അനീത്തിക്കുട്ടി എന്നും അങ്ങിനെയായിരുന്നു............ എപ്പോഴും എല്ലാരേക്കാളും മുന്നിലെത്തണം..........കൊച്ചുശരീരവും വെച്ച് ബാക്കിയുള്ളവരെ തോല്‍പ്പിച്ച് മുന്‍പിലെത്തി ചിരിക്കുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നു.............
തെക്കിണിത്തറയില്‍ കോടിപുതച്ചു കിടന്നിരുന്ന വല്യച്ഛന്നരികില്‍ കയ്യില്‍ കത്തിച്ച ചന്ദനത്തിരിയുമായി " അച്ഛാ........ ഒന്നു വാസനിച്ചു നോക്കു" എന്ന് മൂക്കിനുനേരെ നീട്ടിയ മൂന്നു വയസ്സുകാരിയില്‍ നിന്ന് അവള്‍ ഒരുപാട് വളര്‍ന്നു വലുതായെന്ന്..............


ഇന്ന് ഞങ്ങളെയെല്ലാം തോല്‍പ്പിച്ച് അവള്‍ വീണ്ടും ഒന്നാമതായിരിക്കുന്നു..........


കണ്ണഞ്ചിക്കുന്ന നിറങ്ങളുമായി പാറിനടന്നിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചിത്രശലഭം ചിറകുകള്‍ വെളുത്ത്നരച്ച് പറക്കാന്‍ മറന്ന് പൊടുന്നനെ മറഞ്ഞ സൂര്യന്റെ അഭാവത്തില്‍ ഇരുളുമായി പൊരുത്തപ്പെടാനാവാതെ തപ്പിത്തടയുന്നു...........



നാട്ടിലെത്തി ആദ്യം വിളിച്ചത് എഴുത്തുകാരിയെയായിരുന്നു............ തിരിച്ചുപോന്നത് അനീത്തിക്കുട്ടിയുടെ നിറകണ്ണുകളിലെ നനവിലൊരിത്തിരിയും കൊണ്ടാണ്............


പറയാതെ കയറിവരുന്ന ദുഃഖങ്ങളെ കൈനീട്ടിസ്വീകരിക്കാനും സന്തോഷങ്ങളെ ഒരു ബോണസ്സായി കരുതാനും മറ്റുള്ളവര്‍ക്കു കഴിയുന്നതും സന്തോഷം മാത്രം നല്‍കുവാനും അവനാണ് പഠിപ്പിച്ചത്. ഇന്നും ഉറക്കത്തില്‍ പോലും മനസ്സുവിഷമിക്കുമ്പോള്‍ ഞാനറിയാതെ അവന്റെ കൈതിരയും....... ഒന്നു മുറുക്കെ പിടിക്കാന്‍.

അനീത്തിക്കുട്ടി ഇപ്പോള്‍ ആരുടെ കയ്യാണാവോ മുറുകെ പിടിക്കുന്നത്................

വ്യാഴാഴ്‌ച, സെപ്റ്റംബർ 16, 2010

അടയാള വെളിച്ചങ്ങള്‍ക്കായി..............




മറ്റുള്ളവരുടെ വേഗങ്ങള്‍ക്കിടയില്‍

ഇഴഞ്ഞുനീങ്ങാന്‍ വിധിക്കപ്പെടുമ്പോള്‍

അടയാള വെളിച്ചങ്ങള്‍ക്കായി

കാത്തു കിടക്കേണ്ടിവരുമ്പോള്‍

ഇരച്ചുപെയ്യുന്ന മഴയുടെ

തായമ്പകപ്പെരുക്കങ്ങളെണ്ണി

വഴിയരുകില്‍ പെട്ടുകിടക്കേണ്ടിവരുമ്പോള്‍

കനവില്‍ വന്നു പൂവിറുത്തവര്‍ക്കായി

പൂക്കാതെ നിന്നു തളരുമ്പോള്‍

സ്വപ്നങ്ങള്‍ക്കു ചിറകുമുളക്കുന്നു.

പറക്കുന്ന വേഗങ്ങളുള്ള

അടയാളവെളിച്ചങ്ങളില്ലാത്ത

മഴകനക്കാത്ത വെയില്‍ തിളക്കാത്ത

നമ്മള്‍ നിശ്ചയിക്കുന്ന ഒരു ജീവിതം.

തിരമാലകളില്ലെങ്കില്‍ കടലെന്തിനെന്ന്

പാറക്കെട്ടുകളില്‍ തലതല്ലാനല്ലെങ്കില്‍

പുഴയൊഴുകുന്നതെന്തിനെന്ന് മറന്ന്

വെറുതെ ഇങ്ങിനെയൊക്കെ ചിന്തിക്കും!

അപ്പോഴേക്കുമൊരുപക്ഷെ

കുറഞ്ഞവേഗങ്ങള്‍ ത്വരിതമായേക്കാം

അടയാളവെളിച്ചങ്ങള്‍ കെട്ടുപോയേക്കാം

തായമ്പകപ്പെരുക്കങ്ങള്‍ പെയ്തുതീര്‍ന്നിരിക്കാം.

ആര്‍ക്കോ വേണ്ടി ഒരു പൂന്തോട്ടം തന്നെ

നിന്നില്‍ പൂത്തിരിക്കാം.

ഇനിയുമിതിലേതെങ്കിലുമൊന്ന്

തിരിച്ചുവരും വരെ നാമൊഴുകിക്കൊണ്ടിരിക്കും.

തിരിച്ചുവരുമ്പോള്‍ വീണ്ടും കൊതിച്ചുപോകും

നമ്മള്‍ നിശ്ചയിക്കുന്ന പോലെയൊരു ജീവിതം.

വ്യാഴാഴ്‌ച, സെപ്റ്റംബർ 09, 2010

അറീണോര്ണ്ടെങ്കീ പറേണം ട്ടോ.........

"എന്തേ ദേവൂട്ട്യേ നീ നൊണയണത്.............."

കയ്യിലെ പുകയില അണപ്പല്ലിനും കവിളിനുമിടലേക്ക് തിരുകിക്കൊണ്ട് കുഞ്ഞ്വാളമ്മ ചോദിച്ചു.

ഇതേ ചോദ്യം ഞാനും ഇന്നലെ ചോദിച്ചതാണല്ലൊ എന്ന് ഓര്‍ത്തപ്പോഴേക്കും ദേവൂട്ടി പറഞ്ഞു........
"ഈ കുഞ്ചാത്തോലും ഇതന്നേ ചോദിച്ചത്......"അവളുടെ കണ്ണുകളില്‍ ഒരു തീയാളിയത് ഞാന്‍ ശ്രദ്ധിച്ചു.

ദേവൂട്ടിയങ്ങിനെയാണ്.........അവളുടെ കാര്യങ്ങള്‍ ആരെങ്കിലും ചോദിച്ചാല്‍ ഹരം കേറും. പിന്നെ ചെയ്യുന്ന ജോലിയൊക്കെ മറന്ന് ഭര്‍ത്താവിനെയും സ്വന്തം ആങ്ങളമാരെയും ഉള്ള ഭാഷാപരിജ്ഞാനം വെച്ച് ചീത്ത പറയാന്‍ തുടങ്ങും. പണിനടക്കാതിരുന്നാല്‍ ഏടത്തിയമ്മയുടെ പ്രഷറ് കേറുമെന്നതിനാല്‍ ഞങ്ങള്‍ കഴിയുന്നതും ആ വിഷയം ഒഴിവാക്കാറാണ് പതിവ്.

" ദേവൂട്ടിന്നെ കുഞ്ചാത്തോല്‍ന്നൊന്നും വിളിക്കണ്ടാട്ടൊ........."ആ വിളിയെന്തോ എനിക്കിഷ്ടമല്ല.

"അതുശര്യാ....."കുഞ്ഞ്വാളമ്മ ഏറ്റുപിടിച്ചു.........." അകത്തടച്ചിരിക്ക്ണോര്യെല്ലെ
ആത്തോല്ന്ന് പറയ്യാ........ഈ കുട്ടി ലോകം മുഴുവനെ കറങ്ങീരിക്കുണു....... അതിനെ ആത്തോല്ന്നൊന്നും വിളിക്കണ്ട.."

"ഞാന്‍പ്പംന്താ വിളിക്യാ.."

"എനിക്കൊരു പേരില്ലെ.......അല്ലെങ്കീ ഏടത്തീന്ന് വിളിച്ചോളൂ......"

"ഇതേപ്പോ നന്നായ്യേ....... വല്ല്യാത്തോല് കേക്കണ്ട...."

"അതുപോട്ടെ നീയെന്താ നൊണയണേന്നു പറഞ്ഞില്ല്യാലോ...." കുഞ്ഞ്വാളമ്മ വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

"ഞാനിപ്പെന്തു നൊണയാനാ ഈ രാവിലെത്തന്നെ.......നിക്ക് റ്റെന്‍ഷനാ....."

"റ്റെന്‍ഷനോ...."

"അതേന്നേയ്.........ന്‍ക്ക് റ്റെന്‍ഷന്‍ വരുമ്പോ അറിയാണ്ടെ വന്നു പോവണതാ ആ ശബ്ദം...."

"അതെന്താപ്പൊ നെണക്കിത്ര റ്റെന്‍ഷന്‍........"

കുഞ്ഞ്വാളമ്മക്ക് കേട്ടേ അടങ്ങു. ഞാന്‍ ഏടത്തിയമ്മയെങ്ങാന്‍ വരുന്നുണ്ടോയെന്ന് നോക്കി. ദേവൂട്ടി സങ്കടക്കെട്ടഴിച്ചാല്‍
മലവെള്ളപ്പാച്ചിലുമാതിരിയാണ് ............ കുത്തൊഴുക്ക് കുറെനേരത്തേക്ക് തുടര്‍ന്നുകൊണ്ടേയിരിക്കും. ഭര്‍ത്താവിനെ വിട്ട് വീട്ടില്‍ വന്നിരിക്കുന്ന മകളും കള്ളുകുടിച്ച് ജീവിതം തുലച്ച നാരാണേട്ടനും വെള്ളപ്പാച്ചിലില്‍ ഉരുണ്ടും പെരണ്ടും ഒഴുകിക്കൊണ്ടേയിരിക്കും.

"എന്റെ മോളേയ് .. അവള് രാത്രീല് സൊപ്നം കാണ്വാണേയ്..........."

" അതെല്ലാരും കാണാറുള്ളതല്ലെ......... ഇന്നാള് രാത്രീല് ആ എടത്ത്വോറത്തമ്പലത്തിലെ ഉണ്ണിക്കണ്ണന്‍ സൊപ്നത്തില് വന്നിങ്ങനെ ചിരിക്യാ...."

"അതല്ല കുഞ്ഞ്യാളേമ്മേ ........ ഓള് കാണണത് ഗന്ധര്‍വനേം പാമ്പിനേം ഒക്ക്യാണേയ്....ക്ക് പേട്യാവ്ണ് ണ്ട്........"

"അയിന്പ്പെന്താ ചെയ്യാ ദേവൂട്ട്യേ..........."

"ആ പണിക്കരെക്കൊണ്ടൊന്നു നോക്കിച്ച്വേയ്...........ആ മാലാറമ്പിലെ........ മിടുക്കനാത്രേ...........ഗന്ധര്‍വന്റെ ബാധ അയ്യാള് ഒഴിപ്പിച്ചു.................ഇപ്പൊ കൊറച്ചീസായിട്ട് അയിനെ കാണാറില്ലാത്രെ..........പക്ഷേങ്കില് പാമ്പിനെ ഒഴിപ്പിക്കാനാ പാട്....."

"അതെന്തേ...?"

"അതിനാ പൂജ ചെയ്യണത്രേ............പണിക്കര് പറയ്യാ........... ആ സില്‍മാനടി ചെയ്ത പൂജേയ്..........."

"ന്ന്ട്ട് ദേവൂട്ടി എന്തു പറഞ്ഞു......"ഞാന്‍ ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു.

"ഞാനുണ്ടോ സമ്മതിക്ക്ണു.............ഇജ്ജമ്മത്ത് നടക്കില്ല്യാന്ന് പറഞ്ഞു..........."

" ഇന്യെന്താ ചിയ്യാന്റെ ദേവൂട്ട്യേ........" കുഞ്ഞാളമ്മേടെ വിഷമം ആത്മാര്‍ത്ഥമായിരുന്നു. അവരും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ് പണ്ട്.

" അതാപ്പം കഷ്ടായത്.......... പാമ്പുമ്മേക്കാട്ടക്ക് നാന്നൂറുറുപ്പ്യ വഴിപാടായി കൊടുത്താമതീത്രേ............. അങ്ങട് പോണോരേ തപ്പി നടക്ക്വാ.......... അറീണോര്ണ്ടെങ്കീ പറേണം ട്ടോ.........."