തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2018

ചരിത്രത്തിലൂടെ - കൊളോസിയം - Colosseum




"Colosseum is an oval shaped amphitheatre  built of limestone, tuff  a type of rock made of volcanic ash  , and  concrete. it is the largest amphitheatre ever built.."
മൈക്ക് പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളപ്പോൾ  നിരന്തരമായ ഭൂകമ്പത്തിൽപ്പെട്ട്  ഇനിയും തകരാതെ ഉയർന്നു നിൽക്കുന്ന കൊളോസിയത്തിന്റെ ചുരുക്കം ചിലതിലൊന്നായ ഒരു ഡോമിന്റെ മുൻപിലായിരുന്നു.
 "Construction Started  under the emperor vespasian in AD 72, and  his successor Titus  completed it in AD 80 .Further modifications were made during the rule of  Domitian (81–96). These three emperors are known as the  Flavian Dynasty"
സോമൻസിനൊപ്പമുള്ള യൂറോപ്പ്യൻ ടൂറിന്റെ പതിമൂന്നാമത്തെ ദിവസമായിരുന്നു അത്. ഐററിനറി യിലെ ഒമ്പതാമത്തെ രാജ്യമായ ഇറ്റലിയുടെ തലസ്ഥാനമായ (രണ്ടാം ശതകത്തിൽ റോം ലോകത്തിന്റെ തലസ്ഥാനമെന്ന അർത്ഥം വരുന്ന 'Caput Mundi ' എന്ന നിലയിൽ വ്യാപിപ്പിക്കപ്പെട്ടിരുന്നു) റോമിലെ പ്രധാന ടൂറിസ്റ്റ് അറ്റ്രാക്ഷനാണ് കൊളോസിയം. റോമിനു തൊട്ടു കിടക്കുന്ന  വിസ്തീർണ്ണം കൊണ്ട് ചെറുതും എന്നാൽ ഏറ്റവും ധനികവുമായ വത്തിക്കാൻ ആയിരുന്നു പത്താമത്തെതും അവസാനത്തേതുമായ രാജ്യം.
   AD 70 ൽ ജെറുസലേം പിടിച്ചടക്കിയപ്പോൾ വെട്ടിപ്പിടിച്ച സമ്പത്തുപയോഗിച്ച്,  അതിൽ തടവിലാക്കിയ ലക്ഷത്തിൽപരം  ജ്യൂയിഷ് തടവുകാരെ കൊണ്ടു് കഠിനമായ അടിമപ്പണി ചെയ്യിച്ച് വെസ്പ്പാസിയാൻ തുടങ്ങി വെച്ച പണി AD 80ൽ ടൈറ്റസ് അവസാനിപ്പിക്കുകയും 96 വരെ അതിന്റെ അല്ലറ ചില്ലറ മോഡിഫിക്കേഷൻസ് തുടരുകയും ചെയ്തത്രെ.
'നിങ്ങൾ ഇതിൽ അഹങ്കരിക്കുന്നുണ്ടോ?'
'നെവർ ' മൈക്കിന്റെ കണ്ണുകൾ കുറുകി വന്നു. റോമിൽ ജനിച്ചു വളർന്നവനാണത്രെ അവൻ. എ പ്യൂർ റോമൻ. കൊളോസിയത്തിനു മുൻപിൽ കളിച്ചു നടന്നിരുന്ന ഇത്രയും ടൂറിസ്റ്റുകളില്ലാത്ത ഒരു കാലം' മൈക്കിന്റെ ഓർമ്മയിലുണ്ട്.

1762ൽ 'ജിയാൻ ലോറൻസോ ബെർനിനി' ഡിസൈൻ ചെയ്ത ട്രെവി ഫൗണ്ടനു മുന്നിൽ ഇനിയും തിരിച്ചെത്താത്ത മറ്റുള്ളവരെ കാത്തുനിൽക്കമ്പോഴാണ് മൈക്കിനോട് വെറുതെയൊരു സംസാരത്തിനു തുടക്കമിട്ടത്.  അമ്മുവിന്റെ അതേ പ്രായം.
"റോം ഇഷ്ടമാണോ? ഇവിടത്തെ ജീവിതം എങ്ങിനെയുണ്ട്' എന്ന ചോദ്യത്തിനു മുന്നിൽ ഒട്ടൊന്നു മുഖം താഴ്ത്തി അവൻ പറഞ്ഞു. 'ബുദ്ധിമുട്ടാണ് ജോലി സാദ്ധ്യതകൾ കുറവാണ്. പിന്നെ ഹെൽത്ത് & എജ്യൂക്കേഷൻ ഫ്രിയാണ് എന്നതൊരു സമാധാനം. '
'ഫാമിലി' എന്ന ചോദ്യത്തിന്
'അമ്മ കൂടെയുണ്ട്' എന്നതിനൊപ്പം ധൃതിയിൽ 'മാരീടല്ല ' എന്നുകൂടിയവൻ പറഞ്ഞുവെച്ചു.
തുടക്കം മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു മൈക്കിന്റെ നീലക്കണ്ണുകളിലെ സങ്കടഭാവം. അത് ഒന്നുകൂടി തെളിഞ്ഞ് കണ്ടപ്പോൾ വെറുതെ ചോദിച്ചു പോയി
'why you are looking so sad?'
ഒന്നു കൂടി തുടുത്ത മുഖം മറയ്ക്കാൻ ശ്രമിച്ച് അവൻ പറഞ്ഞു
'ഫാമിലിയെപ്പറ്റി നിങ്ങൾ ചോദിച്ചപ്പോൾ എനിക്കെന്റെ കാമുകിയെ ഓർമ്മ വന്നു. ഞങ്ങൾ എന്നെന്നേക്കുമായി പിരിഞ്ഞിട്ടധികമായില്ല'

1349 ലെ ഭൂമി കുലുക്കത്തിലാണ് കൊളോസിയം ഈ നിലയിൽ തകർന്നത്. അവശിഷ്ടങ്ങൾ പലതും പാലസുകളും, പള്ളികളും മറ്റു കെട്ടിടങ്ങളും പണിയാനായി കയ്യേറപ്പെട്ടു. കല്ലുകൾ ഉറപ്പിക്കാനായി ഉപയോഗിച്ചിരുന്ന ബ്രോൺസ് കമ്പികൾ കല്ലു തുരന്ന് കട്ടെടുക്കപ്പെട്ടു. ചുവരുകളിലെ കല്ലുകളിൽ നമ്മുടെ കുളക്കടവിൽ കാണാറുള്ള താളിക്കുഴി പോലെ ആഴത്തിൽ തുളകൾ കാണാനുണ്ടായിരുന്നു. മൈക്ക് ആ തുളകളെപ്പറ്റി മറ്റൊരു കഥ പറഞ്ഞു. ഇടിഞ്ഞു പൊളിഞ്ഞ കൊളോസിയം പിന്നെ പക്ഷികളുടെ താവളമാവുകയും അവ തിന്നിട്ട അത്തിക്കായകളുടെ അവശിഷ്ടങ്ങൾ മുളച്ച് പൊന്തി മരങ്ങളുടെ വേരുകൾ  കല്ലുകൾ തുളച്ച് ആണ്ടിറങ്ങി വലിയ തുളകൾ രൂപപ്പെട്ടെന്നുമുള്ള മൈക്കിന്റെ കഥയും സത്യമാവാൻ സാദ്ധ്യതയുണ്ട്. പിന്നെ കുറെക്കാലം ജനങ്ങൾ കയ്യേറി താമസം തുടങ്ങി. പിന്നെയെപ്പോഴോ ചന്തയായി. ഓരോ ഡോമും കാലിച്ചന്തയെന്ന് ധാന്യപ്പുരയെന്ന് മാറ്റിയെഴുതപ്പെട്ട ത്രെ. മുകളിലേക്കുള്ള പടികൾ പലതും അടർന്നും പൊളിഞ്ഞും. മുകളിലെത്തിയപ്പോഴോ അത് മറ്റൊരു ലോകം, മറ്റൊരു കാലം, മറ്റെന്തോ ഓർമ്മകൾ.

നീറോ ചക്രവർത്തിയുടെ കാലത്ത് ഉണ്ടായ ഒരു വലിയ തീപിടുത്തത്തിൽ റോമിലെ വലിയ ജനവാസമുളള ഒരു ഭാഗം മുഴുവൻ കത്തി നശിക്കുകയും നീറോ ആ ഭാഗം സ്വന്തമായി കൈക്കലാക്കി അവിടെ തന്റെതെന്ന് ഒരു ഡോമും വലിയ ഒരു തടാകവും പണിഞ്ഞു. പുറകെ വന്ന ഫ്ലാവിയൻ ഡൈനാസ്റ്റി തടാകം നികത്തുകയും അവിടെ ഒരു ആംഫീതിയറ്ററും അനുബന്ധ കെട്ടിടങ്ങളും പണിത്  വീണ്ടും ജനങ്ങളുടെ മുൻപിൽ വെച്ചു .189 മീറ്റർ നീളവും 156 മീറ്റർ വീതിയും 48 മീറ്റർ ഉയരവുമായി ദീർഘവൃത്താകൃതിയിൽ പണിത കൊളോസിയം ആറേക്കറിൽ പരന്നു കിടക്കുന്നു. ഇന്നത് ലോകാത്ഭുതങ്ങളിലൊന്നായ ചരിത്ര സ്മാരകത്തിന്റെ പദവിയിൽ ആദരിക്കപ്പെടുന്നു. നടുവിൽ 87 മീറ്റർ നീളവും 55 മീറ്റർ വീതിയുള്ള അരീനയും അതിനു ചുറ്റിലുമായി കാഴ്ചക്കാർക്കിരിക്കാൻ കല്ലിൽ പടുത്ത ഇരിപ്പിടങ്ങളുമുണ്ടായിരുന്നു. അരീന പൊളിഞ്ഞു വിണതിനു താഴെ മേൽത്തട്ടില്ലാത്ത കുടുസു ജയിലറകളും മൃഗങ്ങളെ സൂക്ഷിച്ചിരുന്ന മുറിയും അവക്കിടയിലെ ഇടനാഴികകളും മുകളിൽ നിന്നും തുറന്നു കിടക്കുന്നു. അരികിൽ അരീനയുടെ ചെറിയൊരു ഭാഗം പ്രതിരൂപമായി  സിമന്റ് കൊണ്ട് പണിതിട്ടുണ്ട്. കൊളോസിയത്തിൽ   നൂറ്റാണ്ടുകളെ ഒരളവുവരെ  അതിജീവിച്ചത് വടക്കുഭാഗം മാത്രമാണ്.

 ആകെ തകർന്ന രൂപത്തിലാണെങ്കിലും കൊളോസിയം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് ഭയമാണ്.  അവിടെ നടന്നിരുന്ന പോരാട്ടങ്ങളും ഗ്ലാഡിയേറ്റേഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വീരശൂര പരാക്രമികളും പട്ടിണി കിടന്ന് വിശന്നവയറുമായി പാഞ്ഞെത്തുന്ന  കൂട്ടിലടച്ച ദുഷ്ടമൃഗങ്ങളും ഒക്കെ മനസ്സിലൂടെ മിന്നിമായും. ഏതെങ്കിലും ഒരിരുമ്പു വതിൽ തുറന്ന് ഒരു മൃഗമോ പോരാളിയോ നമുക്കിടയിലേക്ക് ചാടി വീഴുമ്പോഴുള്ള ആകസ്മികതയ്ക്കായി കൊതിച്ചു പോകും. 65000 പേരെ ഒന്നിച്ചിരുത്താമായിരുന്ന  ഒരു സ്പേസിലെ അന്നത്തെ ആരവങ്ങൾ നമ്മെ ഒന്നായ് വന്നു പൊതിയുന്നതായി തോന്നും.  പത്തു മിനിട്ടിനുള്ളിൽ കാണികളായ ആളുകളെല്ലാം ഒഴിഞ്ഞു പോകാൻ പാകത്തിൽ പുറത്തേക്കുള്ള വഴികൾ സജ്ജീകരിച്ചിരുന്നതായി മൈക്ക് പറഞ്ഞു. ഇതൊക്കെ കൂടാതെ വളരെ ക്രിയാത്മകമായ ചിലതും അവിടെ നടന്നിരുന്നത്രെ.  ചരിത്രങ്ങളായ യുദ്ധങ്ങളുടെ പുനരാവിഷ്ക്കാരം, കടൽക്കൊള്ളയുടെ രംഗാവിഷ്ക്കാരം , മിഥോളജിക്കൽ കഥകളുടെ നാടകാവതരണം തുടങ്ങി കലാവാസനകൾ പരിപോഷിപ്പിക്കുന്ന ഒരു തിയറ്റർ സ്പേസായും കൊളോസിയം അന്ന് പ്രവർത്തിച്ചിരുന്നത്രെ.

പലതും ക്രൂരവും പൈശാചികവുമായിരുന്ന പലതുമായിരുന്നു അവിടെ നടന്നിരുന്നതെന്നോർക്കുമ്പോൾ തന്നെ ഇത്രയധികം ജനങ്ങളെ ഒന്നിപ്പിച്ച് അവർക്കു കൂടിയെന്നോണം നിത്യേന  സോഷ്യൽ ഇവൻറ്സ് നടത്താനുള്ള ഭരണകർത്താക്കളുടെ താൽപ്പര്യത്തെ കണ്ടില്ലെന്നു നടിക്കരുത്

അവിടെയങ്ങിനെയിരുന്നപ്പോൾ പലർക്കും പല കഥകളും ഓർമ്മ വന്നു. അതിലൊന്നായിരുന്നു  'തന്റെ മുറിവുണക്കിയവനെ ഒരു സിംഹക്കുട്ടി അരീനയിൽ വെച്ച് തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിച്ച കഥ'. യജമാനനെ കണ്ട പൂച്ചക്കുട്ടിയുടെ കുറുകലഭിനയിച്ച് മൈക്കും ആ കഥ ഓർത്തെടുത്തു. മൈക്കിന്റെ അഭിപ്രായത്തിൽ  മൃഗങ്ങളുമായുള്ള മല്ലന്മാരുടെ പോരാട്ടത്തിന് സംഭാവ്യത കുറവായിരുന്നു. മനുഷ്യമാംസം പൊതുവെ മൃഗങ്ങൾ ഭക്ഷിക്കാനിഷ്ടപ്പെടുന്നില്ലാത്തതിനാൽ  പോരാട്ടത്തിനു കുറച്ചു ദിവസം മുൻപെ മനുഷ്യമാംസം മാത്രം തീറ്റയായി കൊടുത്ത് മൃഗങ്ങളെ അതിനായി  പരുവപ്പെടുത്തിയെടുക്കണമായിരുന്നുവത്രെ. അതു കൊണ്ട് അങ്ങിനെയുള്ള പോരാട്ടകഥയിൽ എത്ര കണ്ട് സത്യമുണ്ടെന്നതിൽ. സംശയമുണ്ട് എന്നായിരുന്നു മൈക്കിന്റെ അഭിപ്രായം.


ഒരു പക്ഷെ ഇത്രയും ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരു യാത്രാസന്ദർഭം ഓർത്തെടുക്കാനാവുന്നില്ല. അതു കൊണ്ടാവണം തിരിച്ചിറങ്ങുമ്പോൾ മനസ്സ് കൂടെ പോരാതെ ചരിത്രത്തിന്റെ ഏടുകളിലെവിടെയോ മടി പിടിച്ചിരുന്നത്.