വെള്ളിയാഴ്‌ച, ജൂലൈ 26, 2013

സ്വപ്ന ജാലകം......



മഞ്ഞപ്പാടങ്ങള്‍ക്കിടയിലൂടെ
നടക്കുമ്പോഴാണ്
എന്നും കണ്ടുകൊണ്ടിരിക്കാനെന്ന്
അതിന്‍റെ കരയില്‍ നീയെനിക്കൊരു
വീട് വരച്ചുതന്നത്.... 


നീ വരച്ച ഔവേര്‍സിലെ പലനിറങ്ങളുള്ള
വീടായിരുന്നു ഞാന്‍ കൊതിച്ചത്.
വിളഞ്ഞ ഗോതമ്പ്പാടങ്ങളുടെ കരയില്‍
വീട്ടുമുറ്റത്ത് നീല ഐറിസ്തോട്ടവും
പൂത്തുലഞ്ഞ ബദാംമരവുമുള്ള
ഒരു മഞ്ഞവീടായിരുന്നു നിനക്കിഷ്ടം.


നമ്മുടെ സ്വീകരണമുറി
സൂര്യകാന്തിപ്പൂക്കളാല്‍ അലങ്കരിച്ചു.
ചുമപ്പു പുതച്ചത് എന്നോടുള്ള
നിന്നിലെ അത്യാസക്തിയായിരുന്നു.
മഞ്ഞ വിരിച്ചത് നമ്മുടെ സന്തോഷവും.


ചക്രവാളമില്ലാത്തൊരു വാനത്തിലേക്കെന്ന്
പാടത്ത് വിളഞ്ഞ ഗോതമ്പുമണികള്‍
തിന്നാന്‍ വന്ന കാക്കകളെ
ഞാന്‍ കല്ലെറിഞ്ഞു പറത്തിയപ്പോള്‍
ഗോവര്‍ദ്ധനെപ്പോലെ അവയ്ക്കു
നിന്നെ വിട്ട് പോകാനാവില്ലെന്ന്
നീ ഉറക്കെ ചിരിച്ചു.


വിഭ്രാന്തവിഷാദിയായ് മാറുമ്പോള്‍
നീയെന്‍റെമാറില്‍ മുഖം പൂഴ്ത്തി
എന്‍റെ വെറുമൊരു തലോടലില്‍
നീ പൂമ്പാറ്റയും ഞാന്‍ പോപ്പിപുഷ്പവുമായി.

നക്ഷത്രം പതിച്ച നീലാകാശത്തിനുകീഴെ
നിന്‍റെ മടിയില്‍ തലചായ്ച്ചുറങ്ങുമ്പോള്‍
ഒരുകീറ് ആകാശത്തിന്‍റെ കുളിരുകൊണ്ട്
നീയെന്നെ പുതപ്പിച്ചു....


നീ വരച്ച തടാകത്തിന് മുന്നിലിരുന്ന്
നിന്നോടുള്ള ഇഷ്ടത്തെ ഞാന്‍
വസന്തരാഗമായി പെയ്തപ്പോഴാണ്
എന്‍റെചുണ്ടുകളെ വായിച്ചുകൊണ്ടിരിക്കാനെന്ന്‍
നീ നിന്‍റെ ചെവിമുറിച്ച് മാറ്റിയത്...


അപ്പോഴാണ് വാന്‍ഗോഗ്
നിന്നെ ഞാന്‍ ശരിക്കും പ്രണയിച്ചുപോയത്....

ബുധനാഴ്‌ച, ജൂലൈ 17, 2013

ഉടലുകാഞ്ഞ മരം....


ഈ മനോഹരതീരത്ത് തരുമോ

കാറ്റാവണം മൂളിയത്. 
മനസ്സാണ് കേട്ടത്.. 
തൊട്ടതൊരു മരമാണ് 
ഉടലുകാഞ്ഞ മരം....

തല വെട്ടിയാണ്  
ആകാശമോഹങ്ങളെയൊതുക്കിയത്. 
ഒരിക്കല്‍
ചെമ്പക മരത്തിന്‍റെ ചുമലിലായിരുന്നു ഇടത്തെച്ചില്ല  
വലത്തെച്ചില്ലയില്‍ ഒരുമുല്ലവള്ളി  
പിണഞ്ഞുകിടന്നിരുന്നു.... 
കാറ്റു മടിയിലിരുത്തിയതിന്‍റെയും  
മഴ താളം കൊട്ടിയുറക്കിയതിന്‍റെയും 
തഴമ്പുകള്‍ക്കുമീതെ 
കമ്പികള്‍ വരിഞ്ഞുമുറുകിയത് 
ഗതിനിര്‍ണ്ണയനത്തിന്. 
വേരുകള്‍ ആഴ്ന്നിറങ്ങാതിരിക്കാനാവണം പറിച്ചുനട്ടത്. 
തമ്മില്‍ പിണയാതിരിക്കാനാവണം 
ചൂളയുടെ ചൂടുറങ്ങുന്ന ചട്ടിയിലേക്കിറക്കിവെച്ചത്. 

കഥ കഴിഞ്ഞെന്നു 
മരം ബുദ്ധനെപ്പോലെ   
നിഷ്ക്കളങ്കമായി ചിരിക്കുമ്പോള്‍ 
ചട്ടിയില്‍ തിങ്ങിയമര്‍ന്ന വേരുകള്‍  
അടര്‍ത്താനാവാതെ 
കനം വെക്കുന്നു....

ഒടുക്കം

ചില്ലകള്‍ വെട്ടിയൊതുക്കി  
നഗരം വെയിലുകാച്ചുന്ന 
ഇത്തിരി മണ്ണിലേക്ക്  
അതിസൂക്ഷ്മം
പടര്‍ത്തിയൊരുക്കിയ ഒരു മരം
പട പടാന്നു മിടിക്കുന്ന
അതിന്‍റെ ഹൃദയത്തിലേക്ക്
ആരും കാണാതെ
ആകാശം നോക്കി നീണ്ട
ഒരു കുഞ്ഞ് ചില്ലയെ ഒളിപ്പിച്ചുവെക്കുന്നു …….

തിങ്കളാഴ്‌ച, ജൂലൈ 15, 2013

രണ്ടു ദിവസമായി മണ്ണ് വല്ലാതെ വിളിക്കുന്നു.




രണ്ടു ദിവസമായി മണ്ണ് വല്ലാതെ വിളിക്കുന്നു.

കുങ്കുമപ്പൂക്കളെയും ബാണപുഷ്പങ്ങളെയും തനിച്ചാക്കി പൂക്കാലം പിന്നെ കാണാമെന്ന് പറഞ്ഞെങ്ങോട്ടോ പോയി. ഏതോ ഭാവനയില്ലാത്തവന്‍റെ ഭാവനയില്‍ വിടര്‍ന്ന പേരായ ശവംനാറിപ്പൂ എന്ന ബാണപുഷ്പത്തിനു ഇവിടുള്ളവര്‍ വിളിക്കുന്ന സദാബഹാര്‍ എന്ന പേര്‍ തന്നെയാണ് നല്ലത്. ഒരു വേഷംകെട്ടുമില്ലാതെ എന്നും എങ്ങിനെയും നിറയെ പൂത്തു ചിരിച്ചുനില്ക്കുന്ന ചെടിക്ക് ഇതിലും അനുയോജ്യമായ പേരെന്താവും.പിച്ചി പൂക്കാനുള്ള തെയ്യാറെടുപ്പിലാണ്. രജനീഗന്ധയില്‍ ഒരു പൂക്കുല പതുക്കെ തലപൊക്കി തുടങ്ങിയിരിക്കുന്നു. ഉണങ്ങിയെന്ന് കരുതിയ കോളാമ്പിച്ചെടി എന്നെ വിട്ടു പോകാന്‍ മനസ്സില്ലെന്ന് തളിര്‍ത്തതും അഡീനിയത്തിന്‍റെ അപ്പൂപ്പന്താടി വിത്തുകള്‍ പറന്നുവീണുമുളച്ചതും എന്‍റെ മാത്രം കുഞ്ഞ് സന്തോഷങ്ങള്‍.

രണ്ടു ദിവസം മുന്‍പാണ് ഒരു ഫ്രണ്ടിന് വേണ്ടി താമരവള്ളി പൊക്കാന്‍ അവളുടെ ഫ്രണ്ടിന്‍റെ ഫാം ഹൌസിലേക്ക് കൂട്ടുപോയത്. വാട്ടര്‍ പ്ലാന്‍റ്സെല്ലാം പൂത്തിട്ടുണ്ടെന്ന് പ്രലോഭിപ്പിച്ചാണ് അവളെന്നെ കൊണ്ടുപോയത്. (ഡ്രൈവനായിട്ട്) പക്ഷേ സൂര്യന്‍ നേരത്തെക്കൂട്ടി സ്ഥലം വിട്ടതിനാല്‍ പൂക്കളെല്ലാം ഉറക്കം പിടിച്ചിരുന്നു. എന്നാലും പലനിറത്തിലുള്ള താമരയും ആമ്പലും പിന്നെ പേരറിയാത്ത ഏതൊക്കെയോ ചെടികളും ഡ്രൈവ് വേയുടെ ഇരുപുറവുമുള്ള കുഞ്ഞുതോട്ടില്‍ നിറയെ കാണാനുണ്ടായിരുന്നു. പലതരത്തിലുള്ള കുങ്കുമപ്പൂക്കള്‍ (മുഴുവനും മഞ്ഞനിറമുള്ളതാദ്യമായി കാണുകയാണ്), ഫലവൃക്ഷങ്ങള്‍ പിന്നെ ഒരു ഭാഗം നിറയെ പലതരത്തിലും വലുപ്പത്തിലുമുള്ള ബോണ്‍സായികള്‍. അവിടെമുഴുവന്‍ ഞങ്ങള്‍ ചുറ്റിനടന്നു. അതിനിടയില്‍ ബോണ്‍സായ്മരം ഒരുകാര്യം പറഞ്ഞു. അതുപിന്നെ പറയാം. മറ്റൊരുഭാഗത്ത് ഡിസംബറില്‍ നടക്കാനുള്ള ഫ്ലവര്‍ ഷോവിനായി ക്രിസാന്തമങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ കണ്ട് കൊതി സഹിക്കാനാവാതെ ഞങ്ങള്‍ താമരവള്ളിയും പൊക്കി കാറില്‍കിയറിയപ്പോഴാണ് മുന്നിലൊരിലഞ്ഞി മരം നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഇലഞ്ഞിപ്പൂക്കളോട് രണ്ടുവാക്കു മിണ്ടാതെങ്ങിനെ....

പിന്നെദാപ്പോ ഇന്നലെ മറ്റൊരു ഫ്രണ്ടിന്‍റെ വീട്ടില്‍ ചെന്നപ്പോഴാണ് നാലു ബാല്‍ക്കണിയിലും വീടിനകത്തും നിറയെ ചെടികള്‍....പിന്നേ സഹിക്കാന്‍ പറ്റിയില്ല .. രാവിലെത്തന്ന ചെടികള്‍ക്കിടയിലേക്കിറങ്ങി. മണ്ണില്‍ കയ്യ് വെച്ചതും നടുവണ്ണൂരിലെ കുട്ടിക്കാലവും കളിച്ചുനടന്നിരുന്ന തൊടിയും ഓര്‍മ്മ വന്നു. മൂക്ക് എവിടെയൊക്കെയോ ഓടിനടന്ന് ആ മണ്ണിന്‍റെ മണവും തപ്പിയെടുത്തു കൊണ്ടുവന്നുതന്നു. കിളികള്‍ അത്യാവശ്യം ഉള്ളതുകാരണം പശ്ചാത്തലസംഗീതം ലൈവായി അവരേറ്റെടുത്തു.

അച്ഛന് കൃഷിയില്‍ ഒരു താല്‍പ്പര്യവുമുണ്ടായിരുന്നില്ല. അമ്മയ്ക്കാണെങ്കില്‍ അതൊരു ഭ്രാന്തായിരുന്നു. എപ്പോഴും തൊടിയില്‍ എന്തെങ്കിലും നടാനോ വിളവെടുക്കാനോ തടമെടുക്കാനോ വളമിടാനോ ഉണ്ടാകും. പണിയെടുക്കുന്നവര്‍ക്കെല്ലാം ഇഷ്ടംപോലെ വെച്ചു വിളമ്പലായിരുന്നു അമ്മയുടെ ജോലി.

സ്കൂള്‍ ഒഴിവാണെങ്കില്‍ കാക്കയ്ക്കും കൊറ്റിക്കുമൊപ്പം ഞങ്ങളും ഉണ്ടാവും മണ്ണിളകുന്നതും നോക്കി.. മണ്ണിനടിയില്‍ ശ്വാസംമുട്ടിക്കിടന്നിരുന്ന പൊട്ടിയ കളിപ്പാട്ടത്തിന്‍റെ ഒരു കുഞ്ഞ് കഷ്ണം, നിറം മങ്ങിയ ഒരു വളപ്പൊട്ട് അങ്ങിനെ പലതും കിലുങ്ങിച്ചിരിച്ചുകൊണ്ട് പുറത്തു വരും. പണ്ടെങ്ങോ കയ്യില്‍ കിട്ടിയതു മുതല്‍ നഷ്ടപ്പെട്ടതുവരെയുള്ള ഓര്‍മ്മകളുടെ ഒരു ചിമിഴായി അത് കുറച്ചുകാലം കൂടി കൂടെ കൊണ്ടുനടക്കും. ഒരിക്കല്‍ അങ്ങിനെ മണ്ണിളകി വന്ന ഒരു പാമ്പിന്‍ മുട്ട ഈര്‍ക്കില്‍ കൊണ്ട് കുത്തി നോക്കിയതും നൂലുപോലെ കുഞ്ഞുങ്ങള്‍ ഇറങ്ങിവന്നതും എല്ലാവരും പേടിച്ചോടിയതും മുട്ട പൊട്ടിച്ചതിന്നു വഴക്കു കിട്ടിയതും ഇന്നലെ നടന്നപ്പോലെ....

ഇതെഴുതുമ്പോള്‍ പുറത്തു മഴപെയ്തുകൊണ്ടിരിക്കുന്നു. മഴയും മണ്ണും ഓര്‍മ്മകളുടെ ഭണ്ഡാരമാണ്... എത്ര ആഴത്തില്‍ കുഴിച്ചുമൂടിയാലും എങ്ങിനെയെങ്കിലും തിരിച്ചുവന്ന് നിര്‍ത്തിയിടത്തുവെച്ച് വീണ്ടും തുടങ്ങും. ഞാനാണെങ്കില്‍ രാവിലെത്തൊട്ട് ആ കഥകള്‍ കേട്ട് മിഴിച്ചിരിക്കയാണ്.. അതില്‍ കുറച്ചു നിങ്ങളുമായി പങ്കുവെച്ചെന്നു മാത്രം.. ബോറടിപ്പിച്ചോ

 
 
 
 
 







 
 


 
 
 
..