വെള്ളിയാഴ്‌ച, ജനുവരി 29, 2010

കരി......................


കരിഞ്ഞുപുകഞ്ഞിട്ടാവും
കരിക്കിത്ര ശാഠ്യം........!
തുടയ്ക്കുംതോറും പരന്ന്
തൊട്ടവിരലെല്ലാം കറുപ്പിച്ച്
താങ്ങിയ ചുമലെല്ലാം
അടയാളം വെച്ചങ്ങിനെ.........

എന്തെന്ന് ആരെല്ലാമോ.....
നിഴലാകാമെന്ന് വെറുതെ.
നീളാതെ കുറുകാതെ നിഴലോ!
നട്ടുച്ചയാവുമെന്ന് ആരോ.

കറുകറുത്ത കരിയില്‍
കര്‍പ്പൂരക്കുളിര്‍ചേര്‍ത്ത്
എണ്ണയില്‍ ചാലിച്ചപ്പോള്‍
വെണ്ണപോലെ മൃദു!

കറുത്തുകറുത്തിനിയതു
കണ്ണില്‍ത്തന്നെ കിടക്കട്ടെ,
കലിച്ചാലും കണ്ണീരിലൂടെ
കാണാനഴകല്ലെ..........

വ്യാഴാഴ്‌ച, ജനുവരി 21, 2010

കാല്പാടുകള്‍......


എത്ര തവണ ഞാന്‍ തുടച്ചുമാറ്റി
നിന്റെയീ കാല്പാടുകള്‍......
എന്നിട്ടും നനവുണങ്ങുമ്പോള്‍
വീണ്ടും അതെ പോലെ തെളിയുന്നു.
ഒരുപക്ഷെ അത്രയും തവണ നീ
കയറി വന്ന വഴിയാവാമിത്.
അല്ലെങ്കില്‍ ഒരുതവണയെങ്കിലും
അമര്‍ത്തിച്ചവിട്ടി നടന്നു പോയിരിക്കണം.
ഓരോ തവണ തുടച്ചുമാറുമ്പോഴും
കുതിക്കുന്ന ഹൃദയമിടിപ്പുമായി
പിന്‍വലിയുന്ന നനവിലേക്കു
ഞാന്‍ നോക്കിയിരിക്കുന്നു........
വന്നുകയറിയ കാല്‍പ്പാടുകളില്‍
ഓരെണ്ണമെങ്കിലും തിരിഞ്ഞു
നടന്നിരുന്നെങ്കില്‍.............

വ്യാഴാഴ്‌ച, ജനുവരി 14, 2010

ചില സ്വകാര്യങ്ങള്‍...............

ഗുജറത്ത് കലാപത്തിന്നുശേഷം താമസക്കാര്‍ ഒഴിഞ്ഞുപോയ ഗുല്‍ബര്‍ഗ് സൊസൈറ്റി



മൗനത്തിന്റെ
ആഴങ്ങളിലെവിടെയോ
അലഞ്ഞുനടക്കുന്നുണ്ട്
അടക്കിയ കുറെ സ്വകാര്യങ്ങള്‍..........

വഴിയിലെവിടെയോ
പതിഞ്ഞു കിടപ്പുണ്ട്
ഒപ്പമെത്താന്‍ കുതിച്ച
അതിരില്ലാ സ്നേഹം
തീര്‍ത്ത ചക്രപ്പാടുകള്‍.

മണ്ണിലെവിടെയോ
പുതഞ്ഞു കിടപ്പുണ്ട്
കാറ്റ് പറത്തിയ
തട്ടത്തിലെ അലുക്കുകള്‍
പിന്നാലെയോടിയെത്തിയ
കൊലുസിന്റെ കൊഞ്ചലുകള്‍.

ജനലഴികളിലിപ്പൊഴുമുണ്ട്
കാത്തുമടുത്തൊരു സുറുമക്കണ്ണ്.
ജനാലവിരികളിലിനിയും
മായാതെ ഒരു കുങ്കുമച്ഛവി.

തക്ബീറുകള്‍ക്കവസാനം
ചാലീസകള്‍ക്കു മുന്നില്‍
മണ്ണു തിടുക്കത്തില്‍
പറന്നു മറയ്ക്കുന്നുണ്ട്
അവയുടെ നിഴല്‍ പോലും
ആരെയും കാണിക്കില്ലെന്ന്.

പ്രാവുകള്‍ കൂട്ടത്തോടെ
ചിറകടിച്ച് പറക്കുന്നുണ്ട്
നെഞ്ചിലെ കുറുകലുകള്‍
ആരും കേള്‍ക്കരുതെന്ന്.

കാറ്റ് ആഞ്ഞു വീശുന്നുണ്ട്
നെടുവീര്‍പ്പിന്റെ ചൂട്
ആരുമറിയരുതെന്ന്.

ഉറഞ്ഞു കൂടിയ
മൗനത്തിന്റെ
ആഴങ്ങളിലെവിടെയോ
അലഞ്ഞു നടക്കുന്നുണ്ട്
അടക്കിയാലും അടങ്ങാതെ
ചില സ്വകാര്യങ്ങള്‍...............

ചൊവ്വാഴ്ച, ജനുവരി 05, 2010

തണുപ്പിലെ മഴ


തണുപ്പിലെ മഴ
ചിണുങ്ങിക്കരഞ്ഞ്
തെരുതെരെ ചാറി
തണുപ്പിന്റെ മാപിനി
വെറുതേ തിരിക്കുന്നു.

മഴനൂലിലൂടെ
കിനിഞ്ഞിറങ്ങി
ഏതോ രാഗത്തിന്റെ
ആരോഹം പോലെ
ഉച്ചസ്ഥായിയില്‍
പടര്‍ന്നുകയറി തണുപ്പ്.

വേനല്‍ നിറവില്‍
ഒളിപ്പിച്ചു വിരിയിച്ച
കുഞ്ഞുകനവിന്റെ
മരവിച്ച ജഢത്തിനുമേല്‍
പുകമഞ്ഞുരുകി
നഗ്നയായ മരച്ചില്ലയില്‍
ഇറ്റാന്‍ വിതുമ്പിയുറച്ച്
ഒരുകൊച്ചു നീര്‍ത്തുള്ളി.

നൂറ്റൊന്നാവര്‍ത്തിച്ചിട്ടും
കഥകേള്‍ക്കാതെ
മണ്ണട്ടകള്‍ മഴത്തണുപ്പില്‍
മരിച്ചുവീഴുമ്പോള്‍

ഇനിയുമൊരാവര്‍ത്തിക്കായി
ഇന്നുമൊരു മുത്തശ്ശി........

മഴക്കെന്തറിയാം
കരഞ്ഞ് കരഞ്ഞ്
തണുപ്പിന്റെ മാപിനി
തിരിക്കാനല്ലാതെ......